Friday, December 28, 2012

സബ്സിഡിത്തുക ബാങ്ക് വഴി - അനുഭവ പാഠം

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും മുന്നിലുള്ള പ്രധാന തടസ്സം സബ്സിഡികളാണെന്ന തെന്‍റ തലതിരിഞ്ഞ വാദം വീണ്ടും ആവര്‍ത്തിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ, മറ്റ് പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസവളങ്ങള്‍ തുടങ്ങിയവയുടെമേലുള്ള സബ്സിഡികള്‍ എടുത്തുകളയണം എന്ന് ശഠിക്കുകയാണ്. ഡിസംബര്‍ 15ന് ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ ""ഫിക്കി""യുടെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍, സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം തെന്‍റ നയം വീണ്ടും വ്യക്തമാക്കിയത്. സാധാരണക്കാരുടെയോ പാവങ്ങളുടെയോ ഒരു യോഗത്തിലും പ്രസംഗിയ്ക്കാന്‍ സന്നദ്ധത കാണിയ്ക്കാറില്ലാത്ത മന്‍മോഹന്‍സിങ്, വ്യവസായ പ്രമുഖന്മാരുടെ യോഗത്തില്‍ പ്രസംഗിച്ചത് ആലോചനാമൃതം തന്നെ.

സ്വകാര്യവിപണി വാഴ്ച നടത്തുന്ന രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാര്‍ക്ക് ഒട്ടൊക്കെ ആശ്വാസം നല്‍കുന്നതിനുവേണ്ടിയാണ് ഗവണ്‍മെന്‍റ് അത്യാവശ്യ സാധനങ്ങള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് അത്യാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നത് ജനസംഖ്യയില്‍ 77 ശതമാനവും പാവങ്ങളായ രാജ്യത്തെ സര്‍ക്കാരിെന്‍റ പ്രാഥമികമായ ചുമതലയുമാണ്. റേഷന്‍കടകളിലൂടെയും ന്യായവില ഷോപ്പുകളിലൂടെയും അങ്ങിനെ സബ്സിഡി വിലയ്ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുമ്പോള്‍ അതുവഴി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും കഴിയും. എന്നാല്‍ അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് വിപത്താണെന്ന് വാദിക്കുന്ന പ്രധാനമന്ത്രി, പട്ടിണികിടക്കുന്ന കോടിക്കണക്കിന് പാവങ്ങളാണ് രാജ്യത്തിന്റെ ആസ്തി എന്നാണോ വിവക്ഷിക്കുന്നത് എന്ന് അറിഞ്ഞുകൂട. അതെന്തായാലും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍, സബ്സിഡിത്തുക പണമായി നല്‍കുന്നതിനായി കൈക്കൊള്ളുന്ന നടപടികള്‍, റേഷന്‍ പദ്ധതികളെ തന്നെ തകര്‍ക്കുകയാണെന്ന് കാണാവുന്നതാണ്.

രാജ്യത്തെ 51 ജില്ലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സബ്സിഡിത്തുക ബാങ്കുകളിലൂടെ പണമായി നല്‍കുമെന്നും തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും അത് നടപ്പാക്കുമെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍, ആ നീക്കവുമായി മുന്നോട്ടുപോകുമ്പോള്‍, ജനങ്ങള്‍ക്ക് അത്യാവശ്യമായ മണ്ണെണ്ണ സബ്സിഡിയായി നല്‍കിയിരുന്നത് കഴിഞ്ഞവര്‍ഷം നിര്‍ത്തലാക്കി, സബ്സിഡിത്തുക പണമായി നല്‍കുന്നതിനുള്ള പൈലറ്റ് പദ്ധതി ഏതാനും ജില്ലകളില്‍ നടപ്പാക്കിയതിെന്‍റ അനുഭവം ഓര്‍ക്കുന്നത് നല്ലതാണ്. രാജസ്താനിലെ ഒരു ജില്ലയില്‍ ടൈംസ് ഓഫ് ഇന്ത്യ (ഡിസംബര്‍ 2) നടത്തിയ പഠനം, ഈ പരിഷ്കാരം പരാജയമാണെന്ന് കാണിക്കുന്നു. കേരളത്തില്‍ രണ്ട് ജില്ലകളില്‍ പദ്ധതി നടക്കാക്കാന്‍ ഉദ്ദേശിച്ചെങ്കിലും വ്യാപകമായി ഉയര്‍ന്ന എതിര്‍പ്പ് കാരണം ഉപേക്ഷിക്കുകയാണുണ്ടായത്. രാജസ്താനിലെ ആള്‍വാര്‍ ജില്ലയില്‍ ജില്ലാ അധികാരികളും കേന്ദ്ര എണ്ണ മന്ത്രാലയവും സംസ്ഥാന ഗവണ്‍മെന്‍റും ചേര്‍ന്നാണ് മണ്ണെണ്ണയുടെ സബ്സിഡി പണമായി ഉപഭോക്താവിന് നല്‍കുന്ന പൈലറ്റ് പരിപാടി 2011 ഡിസംബറില്‍ ആരംഭിച്ചത്. കാര്‍ഡ് ഉടമകള്‍ക്ക് അവര്‍ പ്രതിമാസം വാങ്ങുന്ന മണ്ണെണ്ണയില്‍ മൂന്ന് ലിറ്റര്‍ വീതം ലിറ്ററിന് 15.25 രൂപയ്ക്ക് ന്യായവില ഷോപ്പുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്നു. (പൊതുവിപണിയില്‍ 49.10 രൂപ വിലയുള്ളപ്പോഴാണിത്).

ഈ സമ്പ്രദായം നിര്‍ത്തി, അതിനുപകരം കാര്‍ഡുടമകള്‍ ലിറ്ററിന് 49.10 രൂപ വില രൊക്കം കൊടുത്ത് ന്യായവില ഷോപ്പുകളില്‍ നിന്ന് 3 ലിറ്റര്‍ മണ്ണെണ്ണ കൈപ്പറ്റുക, പിന്നീട് അവരുടെ അക്കൗണ്ടുകളിലേക്ക് വിലയിലുള്ള വ്യത്യാസത്തിന് തുല്യമായ തുക സര്‍ക്കാര്‍ നിക്ഷേപിക്കുക എന്നതായിരുന്നു പരിഷ്കരിച്ച നടപടി. മുമ്മൂന്ന് മാസം കൂടുമ്പോള്‍ ഇങ്ങനെ സര്‍ക്കാര്‍ അവരുടെ അക്കൗണ്ടുകളില്‍ സബ്സിഡിത്തുക നിക്ഷേപിയ്ക്കണം എന്നാണ് വ്യവസ്ഥ. കൊല്ലം ഒന്നു കഴിഞ്ഞു. ജില്ലയിലെ ബാങ്കുകളുടെ ശാഖകള്‍, ജില്ലാ ഭരണാധികാരികള്‍, ന്യായവില ഷോപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവയെല്ലാം കൂടി സമന്വയിച്ച് ചെയ്താല്‍ മാത്രം നടപ്പാക്കാന്‍ കഴിയുന്ന ഈ പദ്ധതി തികഞ്ഞ പരാജയമാണെന്നാണ് രാജസ്താനിലെ അനുഭവം. സംസ്ഥാനത്തിലെ ആള്‍വാര്‍ ജില്ലയിലെ (ഹരിയാന സംസ്ഥാനത്തോട് തൊട്ടുകിടക്കുന്ന) കോട്കാസിം എന്ന ബ്ലോക്കിലെ 25000 കുടുംബങ്ങളില്‍ നടത്തിയ പഠനം അതാണ് കാണിക്കുന്നത്. സര്‍ക്കാരിെന്‍റ പൈലറ്റ് പദ്ധതിയനുസരിച്ച് ഇവിടെയുള്ള കാര്‍ഡുടമകള്‍ 45.75 രൂപയ്ക്ക് ലഭിച്ചിരുന്ന 3 ലിറ്റര്‍ വീതം മണ്ണെണ്ണ 147.30 രൂപയ്ക്ക് വാങ്ങിച്ചു. കടം വാങ്ങിയും മറ്റുമാണ് തല്‍ക്കാലം രൂപ സംഘടിപ്പിച്ചത്. അധികം കൊടുത്തത് 101.55 രൂപ. ഒരു വര്‍ഷംകൊണ്ട് 1218.60 രൂപ ഈ ഇനത്തില്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും അധികച്ചെലവ് വന്നു. ഇത് മുമ്മൂന്ന് മാസം കൂടുമ്പോള്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരും എന്നാണ് വ്യവസ്ഥ. അതിനായി എല്ലാവരും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. തൊട്ടടുത്ത് ബാങ്ക് ബ്രാഞ്ച് ഇല്ലാത്തവര്‍ ആറും ഏഴും കിലോമീറ്റര്‍ യാത്ര ചെയ്താണ് അക്കൗണ്ട് തുടങ്ങിയത്. സീറോ ബാലന്‍സ് അക്കൗണ്ട് എന്ന വ്യവസ്ഥ അന്ന് നടപ്പായിട്ടില്ല. മിനിമം 500 രൂപ ബാലന്‍സ് വേണം. പിന്നെ ബാക്കി നൂലാമാലകളും. അതെല്ലാം പാലിച്ച്, തുടങ്ങിയ അക്കൗണ്ടിലേക്ക് പണം വരും, വരും എന്നു കരുതിയവര്‍ക്ക് നിരാശ മാത്രം ബാക്കി. ചുരുക്കം ചിലര്‍ക്കേ തുക ലഭിച്ചുള്ളൂ. അതും ആദ്യത്തെ (മൂന്നു മാസത്തെ) ഗഡു മാത്രം. പിന്നീടുള്ള മൂന്നു ഗഡു ലഭിച്ചതേയില്ല. ലഭിച്ചവര്‍ക്കു തന്നെ, പലതവണ ന്യായവില ഷോപ്പിലും ജില്ലാ സപ്ലൈ വകുപ്പ് ഓഫീസിലും ബാങ്ക് ബ്രാഞ്ചിലും ചെന്ന് അന്വേഷിച്ചിട്ട്, ഒടുവിലാണ് ലഭിച്ചത്. കാരണം ന്യായവില ഷോപ്പുകാര്‍ മണ്ണെണ്ണ നല്‍കിയതിെന്‍റ വിശദവിവരങ്ങള്‍ ജില്ലാ അധികൃതരെ അറിയിച്ച്, അവരത് സംസ്ഥാന അധികൃതരെ അറിയിച്ച്, അത് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തില്‍ അറിയിച്ച്, തിരിച്ചും ഇതുപോലുള്ള കടമ്പകളെല്ലാം കടന്നുവേണം പണം ലഭ്യമാകാന്‍.

സബ്സിഡിത്തുകയുടെ കാര്യമെന്തായി എന്ന് ""ദരിദ്രവാസികള്‍"" ചെന്നന്വേഷിയ്ക്കുമ്പോള്‍ ജില്ലാ അധികൃതരുടെയും ബാങ്ക് അധികൃതരുടെയും പെരുമാറ്റം വളരെ മോശമായിരുന്നു. അതുകാരണം മിക്കവരും അന്വേഷിയ്ക്കാന്‍ പോകാതായി. കോട്കാസിം ബ്ലോക്കിലെ 10 ശതമാനം കാര്‍ഡുടമകള്‍ക്കുപോലും ഒന്നാം ഗഡു കിട്ടിയില്ല. 4 ഗഡുക്കളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. കടം വാങ്ങി 147.30 രൂപ മാസം തോറും സംഘടിപ്പിക്കേണ്ട ബുദ്ധിമുട്ടു കാരണം മിക്കവരും ഈ ഏര്‍പ്പാടിന് പോകാതായി. വിറകും ചാണകവരടിയും ഇലകളുംകൊണ്ട് അടുപ്പ് കത്തിയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി, മണ്ണെണ്ണ വിളക്കിനുപകരം മെഴുകുതിരിയാക്കി. ഫലമോ? ആ ബ്ലോക്കിലെ മണ്ണെണ്ണയുടെ ഉപഭോഗം 70 ശതമാനം കണ്ടു കുറഞ്ഞു. മണ്ണെണ്ണ ആവശ്യമില്ലാഞ്ഞിട്ടല്ല, വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട്. ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സബ്സിഡി ബാങ്കുവഴി വിതരണം ചെയ്താലും ഫലം ഇതില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരിക്കുകയില്ല. നിലവില്‍ കിലോയ്ക്ക് ഒരു രൂപയ്ക്ക് 25 കിലോ വെച്ച് ലഭിക്കുന്ന റേഷനരി, മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങാന്‍ പാവപ്പെട്ട റേഷന്‍ കാര്‍ഡുടമ 25 രൂപയ്ക്കുപകരം, ഏറ്റവും ചുരുങ്ങിയത് 500 രൂപയെങ്കിലും മുടക്കേണ്ടിവരും. ഫലത്തില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാവുക. സബ്സിഡിത്തുക പണമായി നല്‍കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിെന്‍റ ആവശ്യവും അതുതന്നെയാണ്.

സബ്സിഡി നിര്‍ത്തലാക്കണം എന്നദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിെന്‍റ ഉദ്ദേശവും അതുതന്നെ. ഝാര്‍ഖണ്ഡില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കുള്ള കൂലി, ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തികൊണ്ട്, വിതരണം ചെയ്യുന്നതിനുള്ള പൈലറ്റ് പദ്ധതിയാണ് 2011 ഡിസംബറില്‍ രാംഗഢ്, റാഞ്ചി എന്നീ രണ്ട് ജില്ലകളില്‍ ആരംഭിച്ചത്. മറ്റ് ചില ക്ഷേമ പെന്‍ഷനുകള്‍ പിന്നീട് ബാങ്കു വഴിയാക്കാം എന്നും തീരുമാനിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതിക്കുള്ള (ങഏചഞഋഏഅ) കൂലി മുമ്പ് വിതരണം ചെയ്തിരുന്നത് പോസ്റ്റ് ഓഫീസ് വഴിയാണ്. രാംഗഢിലെ രണ്ടു പഞ്ചായത്തുകളിലും റാഞ്ചിയിലെ മൂന്നു പഞ്ചായത്തുകളിലും ""ഹിന്ദു"" ലേഖകന്‍ നടത്തിയ സര്‍വേ (ഹിന്ദു, ഡിസംബര്‍ 15, 2012) കാണിക്കുന്നത്, ഈ പരിപാടി തികഞ്ഞ പരാജയമാണെന്നാണ്.

ഈ പരിപാടിയനുസരിച്ച് കൂലി ലഭിയ്ക്കണമെങ്കില്‍ തൊഴിലാളിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിരിക്കണം. പിന്നീട് ഈ കാര്‍ഡ് കാണിച്ച് ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ (കണ്ണിന്റെ കൃഷ്ണമണി, കയ്യിലെ വിരലുകളുടെ രേഖകള്‍, മുഖത്തിന്റെ ഫോട്ടോ തുടങ്ങിയവ) ബാങ്കിലെ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യണം. ഓരോ തവണ കൂലി വിതരണം ചെയ്യുമ്പോഴും ബാങ്കിലെ ഉദ്യോഗസ്ഥന്‍ (അഥവാ ബാങ്ക് അധികാരപ്പെടുത്തിയ ഏജന്‍റ് - ബാങ്കിങ്ങ് കറസ്പോണ്ടന്‍റ്) ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ബാങ്കിെന്‍റ കമ്പ്യൂട്ടറിലെ വിവരങ്ങളും ഒത്തുനോക്കി, ഒന്നു തന്നെയാണെന്ന് പരിശോധിച്ച് ബോധ്യപ്പെടണം. എന്നിട്ടേ കൂലി കൊടുക്കൂ. ഇല്ലെങ്കില്‍ കൂലി തല്‍ക്കാലം നിഷേധിയ്ക്കപ്പെടും. പിന്നീട് ഈ വിവരങ്ങളെല്ലാം കാണിച്ച് ""മേലോട്ടെഴുതി"" അംഗീകാരം വാങ്ങിച്ച്, പഴയപോലെ പോസ്റ്റ് ഓഫീസ് വഴി കൂലി വിതരണം ചെയ്യും. ഇത്രയൊക്കെ നൂലാമാലകള്‍, അഴിമതി തടയാനെന്ന പേരില്‍, ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇനി അതിെന്‍റ നടത്തിപ്പ് നോക്കാം. രാംഗഢ് ജില്ലയിലെ രാംഗഢ് ബ്ലോക്കിലെ രണ്ട് പഞ്ചായത്തുകളാണ് സര്‍വേയ്ക്ക് വിധേയമാക്കപ്പെട്ടത്. ഈ രണ്ട് പഞ്ചായത്തുകളില്‍ 63,000ല്‍ അധികം ആളുകളാണ് ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവരില്‍ 4791 പേരാണ് തൊഴിലുറപ്പു പദ്ധതിയിന്‍കീഴില്‍ തൊഴില്‍ ലഭിക്കുന്നവരായി രജിസ്റ്ററില്‍ ഉള്ളത്. അവര്‍ക്ക് തൊഴിലുറപ്പു പദ്ധതിയുടെ ""സജീവ"" കാര്‍ഡുമുണ്ട്. അവരില്‍ 469 പേര്‍ക്കു മാത്രമാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കൂലി വിതരണം വഴി കൂലി ലഭിച്ചത്. അതായത് 10 ശതമാനത്തില്‍ താഴെ പേര്‍ മാത്രം. റാഞ്ചി ജില്ലയിലാകട്ടെ, മൂന്ന് പഞ്ചായത്തുകള്‍ സര്‍വേയ്ക്ക് വിധേയമാക്കപ്പെട്ടതില്‍ 8231 പേരാണ് തൊഴിലുറപ്പു പദ്ധതിയനുസരിച്ചുള്ള ""സജീവ"" കാര്‍ഡുള്ളവര്‍. അവരില്‍ വെറും 162 പേര്‍ക്കാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിക്കൊണ്ട് കൂലി ലഭിച്ചത്. അതായത് വെറും രണ്ടു ശതമാനം പേര്‍ക്കുമാത്രം. ബാക്കിയെല്ലാവര്‍ക്കും ഇപ്പോഴും പഴയപോലെ പോസ്റ്റ് ഓഫീസ് വഴി തന്നെ. ആധാര്‍ കാര്‍ഡും തൊഴിലുറപ്പ് കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉള്ളവര്‍ക്കു (മൂന്നുംകൂടി) മാത്രമേ ബാങ്ക് വഴി കൂലി ലഭിക്കൂ. അതിനുതന്നെ, ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങളും ബാങ്കിലെ കമ്പ്യൂട്ടറിലെ വിവരങ്ങളും ഒത്തുനോക്കി, ""മാച്ച്"" ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ കൈവിരലിലെ രേഖകള്‍ മിക്കപ്പോഴും തെളിയുകയില്ല. ചെളിയും മറ്റും പറ്റിയിരിക്കും. അല്ലെങ്കില്‍ ഉരഞ്ഞു മാഞ്ഞിരിക്കും. പലതവണ ഉരച്ചു കഴുകി വൃത്തിയാക്കിയാലും രേഖകള്‍ തെളിയുകയില്ല. ""ഹിന്ദു"" ലേഖകന്‍ സന്ദര്‍ശിച്ച ഒരു കേന്ദ്രത്തില്‍ ഏഴു തൊഴിലാളികളാണ് കൂലിക്കുവേണ്ടി അപ്പോള്‍ ക്യൂ നിന്നിരുന്നത്. അവരില്‍ നാലുപേരുടെ ബയോ മെട്രിക് വിവരങ്ങള്‍ മാച്ചു ചെയ്യുന്നതായി കണ്ടു. അവര്‍ക്ക് കൂലി ലഭിച്ചു. രണ്ടുപേരുടെ കാര്യത്തില്‍ കമ്പ്യൂട്ടറില്‍ തുടരെത്തുടരെ ""എറര്‍"" (തെറ്റ്) എന്നു കാണിച്ചു. അവര്‍ക്ക് കൂലി ലഭിച്ചില്ല. ഏഴാമത്തെ തൊഴിലാളിയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഇല്ലേയില്ല. അയാളുടെ കൂലി പിന്നീട് എപ്പോഴെങ്കിലും പോസ്റ്റ് ഓഫീസ് വഴി വരും. രാംഗഢ്, റാഞ്ചി എന്നീ ജില്ലകളില്‍ സര്‍വേയ്ക്ക് വിധേയമാക്കപ്പെട്ട അഞ്ച് പഞ്ചായത്തുകളിലെ അക്കൗണ്ടുള്ള തൊഴിലാളികളെല്ലാം ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. എല്ലാവര്‍ക്കും ബാങ്കിലെത്തി കൂലി വാങ്ങാന്‍ കഴിയില്ല. അതിനാല്‍ ബാങ്ക് അധികാരപ്പെടുത്തിയ ഏജന്‍റ് (ബാങ്കിങ്ങ് കറസ്പോണ്ടന്‍റ്) പഞ്ചായത്ത് ഓഫീസിലെത്തി ബാങ്കിനുവേണ്ടി കൂലി വിതരണം ചെയ്യുന്നു. അയാള്‍ വരുന്ന സമയത്ത് കറന്‍റില്ലെങ്കില്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ കിട്ടുന്നില്ലെങ്കില്‍, കൂലിയും കിട്ടില്ല!

ഇങ്ങനെയുള്ള ബാങ്കിങ്ങ് കറസ്പോണ്ടന്‍റ് എന്ന ഏജന്‍റിനെ നിയമിക്കുന്നതിനുള്ള ചുമതല, യുണൈറ്റഡ് ടെലകോംസ് എന്ന സ്വകാര്യ സ്ഥാപനത്തിന് ബാങ്ക് ഓഫ് ഇന്ത്യ ഔട്ട്സോഴ്സ് ചെയ്തുകൊടുത്തിരിക്കുകയാണ്. അയാള്‍ ബാങ്കിെന്‍റ സ്റ്റാഫ് അല്ലെന്നര്‍ഥം. സഞ്ചരിക്കുന്ന എടിഎമ്മും കമ്പ്യൂട്ടറുമായി ഗ്രാമങ്ങളിലെത്തുന്ന ഇയാളാണ് കൂലി വിതരണം ചെയ്യുന്നത്. ബാങ്കില്‍നിന്ന് എടുത്ത പണവുമായി അയാള്‍ മുങ്ങിയാല്‍ ബാങ്കിനൊന്നും ചെയ്യാന്‍ കഴിയില്ല. നാട്ടിന്‍പുറങ്ങളില്‍ ആരെങ്കിലും അയാളെ ആക്രമിച്ച് പണം തട്ടിയാലും രക്ഷയില്ല. അയാളുടെ സുരക്ഷിതത്വം, സേവനമനോഭാവം, വിശ്വസ്തത എന്നിവയൊക്കെ പ്രശ്നമാണ്. അയാള്‍ക്ക് ലഭിക്കുന്ന ശമ്പളം മാസത്തില്‍ 2100 രൂപ മാത്രം. അതുപോലും അഞ്ചാറ് മാസമായി ലഭിയ്ക്കാത്ത ബാങ്ക് കറസ്പോണ്ടന്‍റുമാരുണ്ട്. പ്രതിഷേധിച്ചാല്‍ പിരിച്ചുവിടുകയും ചെയ്യും! അത്ര ദയനീയമാണ് പണം വിതരണം ചെയ്യുന്നവരുടെ സ്ഥിതി.

ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി നാളില്‍ ഝാര്‍ഖണ്ഡിലെ ചീഫ് സെക്രട്ടറി നേരിട്ടെത്തി പണം വിതരണത്തിന്റെ ഉദ്ഘാടനം നടത്തിയ കഥ രസാവഹമാണ്. 45 ഗുണഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്യാനായിരുന്നു ഉദ്ദേശം. എന്നാല്‍, വലിയ ആര്‍ഭാടത്തോടെ ചടങ്ങ് ആരംഭിച്ചപ്പോള്‍ കമ്പ്യൂട്ടറില്‍ കൈവിരലടയാളവും മറ്റും തെളിഞ്ഞു കണ്ടത് ഒമ്പതുപേരുടെ കാര്യത്തില്‍ മാത്രമാണ്. റേഷന്‍വിതരണം പോലെ നിലവിലുള്ള ജനക്ഷേമ പദ്ധതികളില്‍ അഴിമതിയും വെട്ടിപ്പും നടക്കുന്നുണ്ടെങ്കില്‍, അത് തടയുന്നതിന് കര്‍ശനമായ നടപടി കൈക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം, അവ തകര്‍ത്ത്, പുതിയ സങ്കീര്‍ണമായ സംവിധാനം വേണ്ടത്ര ആലോചന കൂടാതെ, ധൃതിപിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുകയല്ല. റേഷന്‍ സബ്സിഡിത്തുക പണമായി നല്‍കുന്നതിലൂടെ, മണ്ണെണ്ണ വിതരണത്തില്‍ കണ്ടപോലെ, പാവപ്പെട്ടവന് അരി കിട്ടാതാവുകയും സബ്സിഡി എന്ന സമ്പ്രദായം തന്നെ അട്ടിമറിയ്ക്കപ്പെടുകയും ആണുണ്ടാവുക. അതുതന്നെയാണ് മന്‍മോഹന്‍സിങ്ങിെന്‍റ ഗൂഢലക്ഷ്യവും. കൂട്ടത്തില്‍ കുറെ പേര്‍ക്ക് 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കുറെ പണം നേരിട്ടുകൊടുത്താല്‍, അതിെന്‍റ പേരില്‍ വോട്ടു തട്ടുകയും ചെയ്യാം.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത പുതുവത്സര പതിപ്പ്

No comments: