Friday, December 14, 2012

സഹകരണബാങ്കുകളുടെ അടിവേരിളക്കുന്നു

രാജ്യത്തിനു തന്നെ മാതൃകയാണ് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല. ഇത്രയേറെ അംഗീകാരവും വിശ്വാസ്യതയും നേടിയ ഈ പ്രസ്ഥാനത്തെ ബാഹ്യശക്തികളുടെ പ്രേരണയാല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. എന്നാല്‍, ജില്ലാ സഹകരണബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിന്റെയും ഭരണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍.

കേരളത്തില്‍ 13,500 ലധികം സഹകരണസംഘങ്ങള്‍ സഹകരണ രജിസ്ട്രാറുടെ കീഴിലും 12,000 ലധികം സഹകരണസംഘങ്ങള്‍ വ്യവസായ വകുപ്പിന് കീഴിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍ വായ്പാ സഹകരണസംഘങ്ങള്‍ക്കുപുറമെ മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍, പട്ടികജാതി-പട്ടിക വര്‍ഗം, വനിത, മത്സ്യം, കയര്‍, കൈത്തറി, പാല്‍ തുടങ്ങി നിരവധി മേഖലകളില്‍ സഹകരണ സംഘങ്ങളുണ്ട്. ഇവയ്ക്കെല്ലാം അവരുടേതായ ഫെഡറല്‍ സംവിധാനങ്ങളുമുണ്ട്. ഉദാഹരണമായി, മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്ക് മാര്‍ക്കറ്റ് ഫെഡ്, കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡ്, മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് മത്സ്യഫെഡ്, വനിത സംഘങ്ങള്‍ക്ക് വനിതാഫെഡ്, കയര്‍ സംഘങ്ങള്‍ക്ക് കയര്‍ഫെഡ്, കൈത്തറി സംഘങ്ങള്‍ക്ക് ഹാന്‍ടെക്സ്, പാല്‍ സംഘങ്ങള്‍ക്ക് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്നിവ. ഈ ഫെഡറേഷനെയെല്ലാം നിയന്ത്രിക്കുന്നത് അവയുടെ പ്രാഥമിക സംഘങ്ങളാണ്. അതുപോലെ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്കുള്ള ഫെഡറല്‍ സംവിധാനംമാത്രമാണ് ജില്ലാ സഹകരണബാങ്കും സംസ്ഥാന സഹകരണബാങ്കും. ന്യായമായും ഇതിന്റെ നിയന്ത്രണാവകാശം പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ജനാധിപത്യവല്‍ക്കരണം എന്ന പേരുപറഞ്ഞ് കടലാസ് സംഘങ്ങളുള്‍പ്പെടെ നാനാവിധ സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കി ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ അധികാരത്തിലും അവകാശത്തിലുമുള്ള കടന്നുകയറ്റമായേ കാണാനാകൂ.

2008 ലെ സഹകരണ സംഘം (ഭേദഗതി) നിയമം നിലവില്‍വരുന്നതുവരെയുള്ള മറ്റു സഹകരണ സംഘങ്ങള്‍ക്കുമാത്രം ജില്ലാ ബാങ്കുകളില്‍ വോട്ടവകാശം നല്‍കുന്ന ഇപ്പോഴത്തെ സഹകരണ ഭേദഗതി എത്രമാത്രം യുക്തിസഹമാണ്? 2008 മുതല്‍ 2012 വരെ രജിസ്റ്റര്‍ചെയ്ത നൂറുകണക്കിന് സഹകരണ സംഘങ്ങളെ വോട്ടവകാശത്തില്‍നിന്ന് ഒഴിവാക്കിയുള്ള "സഹകരണ മേഖലയിലെ ജനാധിപത്യ പുനഃസ്ഥാപനം" ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ ഉദ്ദേശിച്ചുമാത്രമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇത് സാമാന്യ ജനത്തിന്റെ നീതിബോധത്തിന് ഉള്‍ക്കൊള്ളാനാവില്ല. മുകളില്‍ സൂചിപ്പിച്ച 25500 സഹകരണസംഘങ്ങളില്‍ വളരെയധികം സംഘങ്ങള്‍ കടലാസ് സംഘങ്ങളും പ്രവര്‍ത്തനരഹിതസംഘങ്ങളുമാണ്. കേരളസര്‍ക്കാര്‍ 2012ല്‍ പുറത്തിറക്കിയ ഇക്കണോമിക് റിവ്യൂ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഭരണസമിതിപോലും നിലവിലില്ലാത്ത ഇത്തരം സംഘങ്ങളെ പുനരുജ്ജീവിപ്പിച്ച് വോട്ടവകാശം നല്‍കി സര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാരെക്കൊണ്ട് വോട്ട് രേഖപ്പെടുത്തി ജില്ലാ ബാങ്ക്ഭരണം കൈയടക്കുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. മാത്രമല്ല, ജില്ലാ സഹകരണബാങ്കുകളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിലുള്ളപ്പോള്‍ അംഗത്വം നല്‍കിയ സംഘങ്ങള്‍ക്കൊന്നുംതന്നെ വോട്ടവകാശം നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധി ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തവുമാണ്. 2012ലെ സഹകരണ നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം 2008ലെ സഹകരണ ഭേദഗതിക്ക് മുമ്പ് പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാബാങ്കില്‍ അടച്ചിരുന്ന ഓഹരി മൂലധനം എത്രയാണോ അത്രമാത്രം തുക മതി സംഘങ്ങള്‍ക്ക് അംഗത്വം തിരിച്ചു കിട്ടുന്നതിനും വോട്ടവകാശം വിനിയോഗിക്കുന്നതിനും. ജില്ലാ സഹകരണ ബാങ്കുകളില്‍ നബാര്‍ഡ്- റിസര്‍വ്ബാങ്ക് നിര്‍ദേശപ്രകാരമുള്ള മൂലധന പര്യാപ്തതയ്ക്കാണ് സംഘങ്ങള്‍ അടയ്ക്കേണ്ട ഓഹരിമൂലധനത്തില്‍ വര്‍ധന വരുത്തിയത്. അല്ലാതെ ഒരു തരത്തിലുള്ള രാഷ്ട്രീയ താല്‍പ്പര്യവും മുന്‍നിര്‍ത്തിയല്ല. സംഘങ്ങള്‍ അടയ്ക്കേണ്ട മിനിമം ഓഹരി മൂലധനത്തെ ഓര്‍ഡിനന്‍സിലൂടെ ഇളവുചെയ്യുന്നത് ജില്ലാ ബാങ്കുകളുടെ സാമ്പത്തിക നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2001-06 കാലഘട്ടത്തില്‍ ജില്ലാസഹകരണബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും അധികാരം പിടിച്ചെടുത്തത് ഇത്തരത്തില്‍ തന്നെയാണ്. അക്കാലയളവില്‍ ഈ ഭരണസമിതികളില്‍ കയറിക്കൂടിയവരുടെ വഴിവിട്ട ഇടപെടലുകള്‍മൂലം ബാങ്കുകളില്‍ നിന്ന് കടലാസ് സംഘങ്ങള്‍ക്കും പ്രവര്‍ത്തനരഹിത സംഘങ്ങള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും വായ്പയായി നല്‍കിയ കോടിക്കണക്കിന് രൂപ കിട്ടാക്കടമായി മാറി. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍മാത്രമേ 2012ലെ നിയമഭേദഗതികൊണ്ട് സാധിക്കുകയുള്ളൂ.

ഓര്‍ഡിനന്‍സിലൂടെ ജില്ലാബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒരുവര്‍ഷം തികയാന്‍ നാളുകള്‍മാത്രമാണ് അവശേഷിക്കുന്നത്. ലഭ്യമായ വിവരം അനുസരിച്ച് ഇക്കാലയളവില്‍ ജില്ലാ ബാങ്കുകളില്‍ നിലനിന്നത് അനിശ്ചിതാവസ്ഥയും ഭരണരാഹിത്യവുമാണ്. പല ജില്ലാ ബാങ്കുകളും വീണ്ടും നഷ്ടത്തിലേക്ക് പോകുമെന്നാണ് അറിയുന്നത്. നബാര്‍ഡും റിസര്‍വ് ബാങ്കും കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ സഹകരണമേഖലയില്‍ അന്തഃച്ഛിദ്രങ്ങളുണ്ടാക്കുന്നത് ഒട്ടും ആശാസ്യമല്ല. ഇക്കാര്യങ്ങളെല്ലാം സത്യസന്ധമായി വിലയിരുത്തി ജില്ലാസഹകരണബാങ്കുകളുടെയും സംസ്ഥാനസഹകരണ ബാങ്കുകളുടെയും ഭരണം പിടിച്ചെടുക്കുക എന്ന ഉദ്യമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറാന്‍ തയ്യാറാകണം.

*
എം മെഹബൂബ് (സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റാണ് ലേഖകന്‍)

No comments: