Friday, December 28, 2012

പൊതുവിതരണം തകരുന്നതെന്തുകൊണ്ട്?

പൊതുവിതരണം നിലനില്‍ക്കുന്നത് സമ്പദ്വ്യവസ്ഥയുടെ നിലപാടുകളെ ആശ്രയിച്ചാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പൊതുവിതരണത്തെ നിലനിര്‍ത്തുന്നതല്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. പൊതുവിതരണം എന്ന ആശയം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് സബ്സിഡി നല്‍കിക്കൊണ്ടുമാത്രമാണ്. കൊയ്ത്തുകാലത്ത് നല്ല വിലകൊടുത്ത് ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് ഗോഡൗണുകളില്‍ സൂക്ഷിക്കും. ഈ ഇടപെടലുകളിലൂടെ കര്‍ഷകര്‍ക്ക് മാന്യമായ വില ലഭിക്കും. കൃഷി നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്. അത്തരത്തില്‍ നല്ല വിലയ്ക്ക് ഭക്ഷ്യധാന്യം ശേഖരിച്ചത് വിലകുറച്ച് റേഷന്‍കടകളിലെത്തുവാന്‍ നല്ല രീതിയില്‍ സബ്സിഡി നല്‍കണം. ഇത്തരത്തില്‍ രണ്ടുരീതിയിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാകുമ്പോഴാണ് കൃഷിയും പൊതുവിതരണവും നിലനില്‍ക്കുക.

ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ പൊതു കമ്പോളം അമിത ചൂഷണം നടത്തുവാന്‍ കഴിയാത്ത ഒരു സ്ഥിതിയിലെത്തും. ഈ സാഹചര്യത്തില്‍ അമിതമായ വിലക്കയറ്റം ഉണ്ടാകുകയില്ല. വിലക്കയറ്റം ഇല്ലാത്തതും വിലകുറച്ച് ഭക്ഷണം കിട്ടുന്നതുമായ ഒരു അവസ്ഥയില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിക്കുകയും മൊത്തം ഡിമാന്റ് ഉയരുകയും ചെയ്യും. കമ്പോളത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് മേല്‍പറഞ്ഞ ഘടകങ്ങള്‍ കളമൊരുക്കും. അതിലൂടെ ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുവാനുള്ള പശ്ചാത്തലം സൃഷ്ടിക്കപ്പെടും. ഒരു രാജ്യത്തിന്റെ ആഭ്യന്തര വിപണിയേയും വിഭവങ്ങളേയും സമ്പത്തിനേയും പരമാവധി ആശ്രയിച്ചുകൊണ്ട് സൂക്ഷ്മ-സ്ഥൂല സാമ്പത്തിക തലങ്ങളെ പരസ്പര പൂരകമാക്കി നിര്‍ത്തുകയും ക്രമാനുഗതമായ വളര്‍ച്ചയുണ്ടാക്കുന്നതുമാണ് സ്വാശ്രയ സമ്പദ്വ്യവസ്ഥയുടെ ലക്ഷണം. ഈ സ്വാശ്രയ സങ്കല്‍പത്തിലാണ് പൊതുവിതരണം നിലനില്‍ക്കുക.

1991ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നവലിബറല്‍ നയങ്ങള്‍ മേല്‍പറഞ്ഞ ഇടപെടലുകളില്‍നിന്ന് സര്‍ക്കാരിനെ വിലക്കുന്നതാണ്. പൊതുവിതരണവും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന സമ്പദ്വ്യവസ്ഥ കെയ്ന്‍സിന്റെ സാമ്പത്തികനയമാണ് തുടരുക. പക്ഷേ നവലിബറല്‍ നയങ്ങള്‍ ആഡംസ്മിത്തിന്റെയും ഫ്രീഡ്മാന്റേയും സാമ്പത്തിക സിദ്ധാന്തങ്ങള്‍ തുടരുന്നതാണ്. സര്‍ക്കാര്‍ എല്ലാ മേഖലയില്‍നിന്നും പിന്‍വാങ്ങുകയും തുടര്‍ന്നുണ്ടാകുന്ന ശൂന്യതയിലേക്ക് ധനമൂലധനം കടന്നുവരുന്നതുമാണ് നവലിബറല്‍ നയം. ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന സ്വതന്ത്ര കമ്പോളത്തില്‍ ധനമൂലധനമാണ് വിഹരിക്കുന്നത്. ഈ മൂലധനത്തിന് മനുഷ്യന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ല എന്നതാണ് പ്രധാന പ്രശ്നം. ധനമൂലധനത്തിന് ജീവിതപ്രശ്നങ്ങളല്ല മറിച്ച് ഊഹക്കച്ചവടമാണ് മുഖ്യ വിഷയം. പണമുണ്ടാക്കുവാനല്ലാതെ പണിയും ഭക്ഷണവും കൊടുക്കുന്നതിന് ധനമൂലധനത്തിന് ഉദ്ദേശമില്ല. ഉദാഹരണമായി താഴെപ്പറയുന്ന വിഷയം എടുക്കാം. രാജ്യത്തിന്റെ എഫ്സിഐ ഗോഡൗണുകളില്‍ 6.32 കോടി ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കപ്പെട്ടിരിക്കുന്നു. ഇതുപയോഗിച്ച് 400 ഗ്രാം വീതം ഭക്ഷ്യധാന്യം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാന്‍ കഴിയും. പക്ഷേ പ്രതിശീര്‍ഷ ഭക്ഷ്യധാന്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വൈരുദ്ധ്യം കണ്ട സുപ്രീംകോടതി കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അനുസരിച്ചില്ല എന്നു മാത്രമല്ല കയറ്റുമതിചെയ്ത് ഭക്ഷണശേഖരത്തിന്റെ അളവ് കുറയ്ക്കുവാന്‍ തീരുമാനമെടുത്തു. എന്തുകൊണ്ട് ഈ വൈരുദ്ധ്യമുണ്ടായി?

കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം റേഷന്‍ കടയിലെത്തുവാന്‍ സബ്സിഡി നല്‍കണം. പക്ഷേ സബ്സിഡി നല്‍കുവാന്‍ നവലിബറല്‍ നയം സമ്മതിക്കില്ല. ഭക്ഷ്യധാന്യം ഇല്ലാത്തതല്ല, സബ്സിഡി നല്‍കാന്‍ പാടില്ല എന്നതാണ് ഭക്ഷ്യപ്രശ്നമുണ്ടാകുവാന്‍ കാരണം. മുളങ്കുന്നത്തുകാവിലെ എഫ്സിഐ ഗോഡൗണില്‍ 50,000 ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കുവാന്‍ കഴിയും. ഇപ്പോള്‍ 49,000 ടണ്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ 30,000 ടണ്ണിലധികം താഴേക്ക് വിതരണംചെയ്യപ്പെടുന്നില്ല. ബാക്കിവരുന്ന ഭക്ഷ്യധാന്യം ഗോഡൗണില്‍ ശേഖരിക്കപ്പെടുമ്പോള്‍ അവ കേടുവരും. അതുകൊണ്ട് 1,594 ടണ്‍ അരി മണ്ണിനടിയില്‍ കുഴിച്ചുമൂടേണ്ടി വന്നു. 5,000 ടണ്‍ അരി കേട്വന്ന് അവിടെ കുഴിച്ചുമൂടാന്‍വേണ്ടി കുന്നുകൂട്ടിയിരിക്കുന്നു. ഭക്ഷ്യധാന്യം ഇല്ലാത്തതല്ല മറിച്ച് നയമാണ് പ്രശ്നമെന്ന് മനസ്സിലാക്കുവാന്‍ മേല്‍ ഉദാഹരണം മാത്രം മതി. യുഡിഎഫ് സംസ്ഥാന സര്‍ക്കാര്‍ നവലിബറല്‍ നയം തുടരുന്നു എന്നതുകൊണ്ടാണ് കേരളത്തിലും പൊതുവിതരണം തകരാറാകുന്നത്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ ബദല്‍ സാമ്പത്തികനയം നടപ്പിലാക്കിയതുകൊണ്ടാണ് 2006-2011ല്‍ പൊതുവിതരണം കൂടുതല്‍ ശക്തമായത്. ബദല്‍ സാമ്പത്തികനയത്തിന്റെ കേന്ദ്ര കാഴ്ചപ്പാടുതന്നെ സര്‍ക്കാര്‍ ഇടപെടണം എന്നതാണ്. ധനക്കമ്മി കുറയ്ക്കണമെന്ന നവലിബറല്‍ സാമ്പത്തികനയത്തിന്റെ ആശയത്തെയും ഇടതുപക്ഷ ബദല്‍ നിരാകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് ഭരണ നേട്ടങ്ങളെ വിലയിരുത്തേണ്ടത്. പൊതുവിതരണത്തില്‍ ഭക്ഷ്യസിവില്‍സപ്ലൈസ് കോര്‍പ്പറേഷനും സപ്ലൈകോയും കൂടുതല്‍ വിപണിയില്‍ ഇടപെടുകകൂടി ചെയ്യണമെന്ന കാഴ്ചപ്പാട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബജറ്റില്‍ ഉണ്ടായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം. ഇതു കൂടാതെ സഹകരണ സ്ഥാപനങ്ങളെകൊണ്ടുകൂടി പൊതുവിപണിയില്‍ ഇടപെടുവിക്കുവാന്‍ എല്‍ഡിഎഫ് ശ്രമിച്ചു. അതായത് കേന്ദ്രസര്‍ക്കാര്‍ എത്ര ശതമാനം സബ്സിഡി കുറയ്ക്കുന്നുവോ അത്രയും തുക സിവില്‍സപ്ലൈസ്, സഹകരണ വകുപ്പുകളിലൂടെ പൊതുവിപണിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചതാണ് പ്രധാന ഘടകം . കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുന്ന സബ് സിഡിയുടെ കുറവ് വിപണിയില്‍ അനുഭവപ്പെടാതിരിക്കുവാനുള്ള കാരണം മേല്‍പറഞ്ഞതാണ്.

ഭക്ഷ്യവസ്തുക്കളുടെ വില വല്ലാതെ വര്‍ദ്ധിക്കാതിരിക്കുവാനുള്ള കാരണവും ഇതുതന്നെ. യുഡിഎഫ് ഈ ഇടപെടല്‍ നടത്തുന്നില്ല എന്നതിനാല്‍ കേന്ദ്രം കുറയ്ക്കുന്ന സബ്സിഡി വിപണിയില്‍ പ്രതിഫലിക്കുന്നു എന്നതാണ് വിലക്കയറ്റത്തിന്റെ ഒരു കാരണം. അതുതന്നെയാണ് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ തകര്‍ച്ചയുടേയും കാരണം. ഇതോടൊപ്പം പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവ്, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, ആസിയാന്‍ കരാര്‍ നടപ്പിലാക്കല്‍, ഇറക്കുമതിചുങ്കം വെട്ടിക്കുറയ്ക്കല്‍, ഊഹക്കച്ചവടം, അവധിവ്യാപാരം, വിദേശ മൂലധന നിക്ഷേപം എന്നിവയെല്ലാം വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം നവലിബറല്‍ നയത്തിലൂടെ സംജാതമായിരിക്കുന്ന പ്രശ്നങ്ങളാണ്. ചുരുക്കത്തില്‍ ഭക്ഷ്യധാന്യത്തിന്റെ കുറവല്ല പ്രശ്നം എന്ന് ബോധ്യമാകുന്നു. ഇടതുപക്ഷ ബദല്‍ ബജറ്റിങ് നയത്തിലൂടെ പൊതുവിതരണം ശക്തമാക്കുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതിലൂടെ, ഇടതുപക്ഷ ബദല്‍ നയത്തിന് മാത്രമേ പൊതുവിതരണത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയൂ എന്ന് വ്യക്തമാകുന്നു.

ഇന്ത്യയടക്കം അവികസിത വികസ്വര രാജ്യങ്ങളിലെല്ലാം സംജാതമായിട്ടുള്ള പ്രശ്നമാണ് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം. ഫുഡ് ആന്റ്അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) കണക്കനുസരിച്ച് ലോക കമ്പോളത്തില്‍ കഴിഞ്ഞ 35 വര്‍ഷക്കാലം ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ നിന്ന ഭക്ഷ്യവില 2007ല്‍ എത്തിയപ്പോള്‍ ക്രമാതീതമായി ഉയര്‍ന്നു. തുടര്‍ന്ന് വന്‍തോതില്‍ അസ്ഥിരമാകുകയും ചെയ്തു. 2007ല്‍ ഭക്ഷ്യവില സൂചിക 130 പോയിന്റുകള്‍ ഉയര്‍ന്നു. 2011ല്‍ അത് 238 പോയിന്റായി ഉയര്‍ന്നു. ഇനിയും ഉയരുന്നു. ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യം സബ്സിഡി നല്‍കി ജനങ്ങളിലെത്തിക്കുന്നില്ല എന്ന പ്രശ്നംപോലെതന്നെ ഭീകരമാണ് ധാന്യത്തില്‍നിന്ന് ബയോഡീസല്‍ ഉല്‍പാദിപ്പിക്കുന്നു എന്നത്. 2007നുശേഷം ഭക്ഷണവസ്തുക്കള്‍ ഡീസല്‍ ഉണ്ടാക്കുവാന്‍ കൂടുതല്‍ ഉപയോഗിച്ചുവരുന്നു. ഈ പ്രശ്നം ദിവസവും കൂടിക്കൂടി വരുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ ഭക്ഷ്യപ്രശ്നം അതിരൂക്ഷമായി മാറും എന്നതോര്‍ക്കണം. ഭീകരമായ ഭക്ഷ്യക്ഷാമം ലോകത്തെ തുറിച്ചുനോക്കുന്നു. ഭക്ഷ്യധാന്യം ഭക്ഷണത്തിനാണെന്നും അതിന് സബ്സിഡി നല്‍കി പാവപ്പെട്ട ജനങ്ങളിലെത്തിക്കണമെന്ന് ചിന്തിക്കുന്ന സാമ്പത്തികനയം ഉണ്ടാകണം.

വിലക്കയറ്റം നിയന്ത്രിക്കുവാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ സിവില്‍സപ്ലൈസിന് നല്‍കിയ തുകകളുടെ വ്യത്യാസം ശ്രദ്ധിക്കണം. 2009-10ല്‍ നല്‍കിയത് 83 കോടി രൂപ 2011-12ല്‍ നല്‍കിയത് 50 കോടി രൂപ. 2009-10ന്റെ വില സൂചികയെക്കാള്‍ 25 ശതമാനം 2011-2012ല്‍ വര്‍ദ്ധിച്ചു എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 83 കോടി രൂപ 2009-2010ല്‍ നല്‍കുമ്പോഴുണ്ടായ നേട്ടമുണ്ടാകുവാന്‍ 105 കോടി രൂപയെങ്കിലും നല്‍കണമായിരുന്നു. പക്ഷേ നല്‍കിയത് കേവലം 50 കോടി രൂപ മാത്രം. സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലും കുറയുന്നു. ചുരുക്കത്തില്‍ അഖിലേന്ത്യാ സാമ്പത്തികനയത്തിന്റെ അതേ കളരിയില്‍ കേരളവും ""വികസ""ത്തിനായി ശ്രമിക്കുന്നു എന്ന പ്രശ്നം കേരള ജനത തിരിച്ചറിയേണ്ടിയിരിക്കുന്നു.

*
പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ചിന്ത പുതുവത്സര പതിപ്പ്

No comments: