Sunday, December 30, 2012

ഇവരുടെ ജീവന് വിലയില്ലേ?

മാര്‍ച്ച് രണ്ടിനാണ് 17 ഇന്ത്യന്‍ പൗരന്മാര്‍ ജോലിക്കാരായുള്ള എംടി റോയല്‍ ഗ്രേസ് എന്ന ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒമാന്‍ തീരത്തുവച്ച് റാഞ്ചിയത്. ബന്ദികളാക്കപ്പെട്ടവരില്‍ അഞ്ചു മലയാളികളും ഉള്‍പ്പെടുന്നു. ഇവരുടെ മോചനത്തിന് കൊള്ളക്കാര്‍ ആദ്യം ഒമ്പത് മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടെങ്കില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 1.7 മില്യണ്‍ ഡോളറാണ്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ബന്ദികളാക്കപ്പെട്ട മലയാളികളുടെ വീട്ടില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍സന്ദേശങ്ങള്‍ ഭീതിജനകമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട ഈ ചെറുപ്പക്കാര്‍ തീര്‍ത്തും നിരപരാധികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ പൗരന്മാരെന്ന നിലയ്ക്ക് ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം അപലപനീയമാണ്.

ബന്ദികളുടെ മോചനത്തിന് അവരുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊന്നും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിരവധി നിവേദനം നല്‍കി. പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കി. സെക്രട്ടറിയറ്റ് നടയില്‍ ഉപവാസം നടത്തി. കേരള മുഖ്യമന്ത്രിയുടെ മുന്നില്‍ നിരവധിതവണ പ്രശ്നമുന്നയിച്ചു. അദ്ദേഹം ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഒന്നും ഫലംകാണാത്ത അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ബന്ദികളെ വധിക്കുമെന്ന അന്ത്യശാസനം കഴിഞ്ഞദിവസം കടല്‍ക്കൊള്ളക്കാര്‍ മുഴക്കി. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ഒരാളും ഇനിയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത സകലമനുഷ്യരെയും അസ്വസ്ഥമാക്കുന്ന ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചുവരുന്ന നിലപാട് സാമാന്യനീതിക്ക് നിരക്കുന്നതല്ല.

ഈ അവസ്ഥ മറ്റൊരു രാജ്യത്തെ പൗരനാണ് സംഭവിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും ഫലമെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന സംഭവമാണ് ഹെന്‍റിക്ക ലെക്സി കാട്ടിത്തരുന്ന പാഠം. ഈ എണ്ണക്കപ്പലില്‍ സുരക്ഷാജോലിയിലായിരുന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ കടലില്‍വച്ച് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നു. അവര്‍ കേരളത്തിലെ ജയിലിലായപ്പോള്‍ കുറ്റക്കാരായിരുന്നിട്ടും തങ്ങളുടെ പൗരന്മാരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ എപ്രകാരമാണ് സഹായിച്ചതെന്ന് നാം കണ്ടു. ഇറ്റലിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി അവര്‍ക്ക് എല്ലാ സുരക്ഷയും പ്രത്യേക താമസസൗകര്യങ്ങളുമടക്കം ഏര്‍പ്പെടുത്തി. ഇതിനെല്ലാം നേതൃത്വം നല്‍കാന്‍ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുരയും കോണ്‍സല്‍ ജനറല്‍ ജിയാം പൗലോ കുട്ടീലിയോയും എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിച്ച് മടങ്ങിയെത്താന്‍ ഹൈക്കോടതി ഉപാധികളോടെ അനുവാദം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ചോര നീരാക്കി പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയോളം കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളില്‍പ്പെട്ട ഒരു മലയാളി അറബിനാടുകളില്‍ എവിടെയെങ്കിലും മരിച്ചാല്‍ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കാന്‍ നാം പെടുന്ന പാട് ഓര്‍ത്തുനോക്കാവുന്നതാണ്. എയര്‍ ഇന്ത്യപോലും ഭീകരവാദികളോടെന്നപോലെയാണ് അവരോട് പെരുമാറുന്നത്.

പുകള്‍പെറ്റ ജനാധിപത്യസംവിധാനത്തിന്റെ ഗരിമയെപ്പറ്റി നാം ഊറ്റംകൊള്ളുമെങ്കിലും ആ സംവിധാനം ഇവിടത്തെ സാധാരണക്കാരായ മനുഷ്യന് നല്‍കുന്ന സുരക്ഷയും സേവനവും എത്ര അളവിലുണ്ടെന്നത്് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ടവരില്‍ ഭരണാധികാരികളുടെയോ പൗരപ്രമുഖരുടെയോ മക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാരുകള്‍ ഇത്ര നിസ്സംഗത കാട്ടുമായിരുന്നോ എന്ന ബന്ദികളുടെ രക്ഷിതാക്കളുടെ ഹൃദയഭേദകമായ ചോദ്യത്തോട് മുഖംതിരിച്ചിട്ട് കാര്യമില്ല. തോക്കിന്‍മുനയില്‍ ജീവനുവേണ്ടി യാചിക്കുന്ന അഞ്ചു മലയാളികളടക്കമുള്ള ബന്ദികളുടെ മോചനത്തിനും കരഞ്ഞുകണ്ണീര് വറ്റി മരിച്ചുജീവിക്കുന്ന അവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേ മതിയാകൂ.

*
മുല്ലക്കര രത്നാകരന്‍

No comments: