Friday, December 14, 2012

കാറ്റുപോയ വികസനബലൂണ്‍

സ്വന്തം പാര്‍ടിയിലെ കടുത്ത ശത്രുക്കള്‍കൂടി നരേന്ദ്ര മോഡിയുടെ മേധാവിത്വം അംഗീകരിച്ചിരിക്കുന്നു. മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ സുഷമ സ്വരാജ് പ്രകടിപ്പിച്ച ആഗ്രഹം ഇതിന് തെളിവാണ്. "അനുകരണീയമായ ഗുജറാത്ത് മാതൃക സൃഷ്ടിച്ച വികസനായകന്‍" എന്നാണ് വംശഹത്യയുടെ തീനാളങ്ങള്‍ അലോസരപ്പെടുത്താത്ത മനസ്സുകള്‍ അയാള്‍ക്ക് നല്‍കിയ പുതിയ വിളിപ്പേര്. എന്നാല്‍, ഈ വികസനമാതൃക തികഞ്ഞ പൊള്ളത്തരമാണെന്നും ജനവിരുദ്ധമാണെന്നതുമാണ് യാഥാര്‍ഥ്യം. ഈ വസ്തുത അക്കമിട്ടുനിരത്തുന്ന ആധികാരിക പഠനം പുറത്തിറങ്ങാന്‍ പോകുകയാണ്. ജെഎന്‍യുവിലെ അധ്യാപകനും ചിന്തകനുമായ അതുല്‍സുദിന്റെ നേതൃത്വത്തില്‍ പത്തോളം ഗവേഷകര്‍ ഔദ്യോഗികവിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉള്‍ക്കൊള്ളിച്ചു നടത്തുന്ന വിശകലനങ്ങളടങ്ങിയ "പോവര്‍ട്ടി എമിഡ്സ്റ്റ് പ്രോസ്പരിറ്റി: എസയ്സ് ഓണ്‍ ദ ട്രാജക്ടറി ഓഫ് ഡെവലപ്മെന്റ് ഇന്‍ ഗുജറാത്ത്" എന്ന ആകാര്‍ പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന സമാഹാരം മോഡിത്തത്തിന്റെ തനിനിറം വ്യക്തമാക്കുന്നു.

സാമൂഹ്യസമത്വം, വിദ്യാഭ്യാസം, ആരോഗ്യരംഗം, സമനീതിയും സമാധാനവും തുടങ്ങി സാമൂഹ്യവളര്‍ച്ചയെ അടയാളപ്പെടുത്തുന്ന മൂര്‍ത്തമായ സൂചികകളെ അടിസ്ഥാനമാക്കിയാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മാതൃകയെ ഇവിടെ ഗവേഷകര്‍ തുറന്നുകാട്ടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്തിനൊപ്പം മുന്നേറുന്ന തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി ഗുജറാത്തിനെ താരതമ്യം ചെയ്താണ് "മോഡിസം" എന്ന മാതൃക തട്ടിപ്പാണെന്ന് ഇവര്‍ അക്കമിട്ടു തെളിയിക്കുന്നത്. അതായത്, ഉയര്‍ന്ന വളര്‍ച്ചാനിരക്കും ദേശീയ വരുമാനത്തിലേക്ക് നല്‍കുന്ന വലിയ സംഭാവനയും സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ച അടയാളപ്പെടുത്തുന്നില്ലെന്നും മറിച്ച്, ചെറിയ ന്യൂനപക്ഷത്തിന് വന്നുചേരുന്ന വന്‍ സൗഭാഗ്യങ്ങളാണ് പ്രതിനിധാനം ചെയ്യുന്നതെന്നുമുള്ള യാഥാര്‍ഥ്യമാണ് ഇവിടെ ഒന്നുകൂടി വ്യക്തമാകുന്നത്. ഈ പഠനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഗുജറാത്തിന്റെ "നേട്ടങ്ങളെ" മുന്‍വിധിയോടെ നിരാകരിക്കുന്നില്ല എന്നതാണ്. ഉദാഹരണമായി തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളേക്കാള്‍ ഗുജറാത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടുതല്‍ സന്തുലിതമാണ്. അതായത് കാര്‍ഷിക-വ്യാവസായിക-സേവനമേഖലകള്‍ ഒരേപോലെ വളര്‍ച്ച രേഖപ്പെടുത്തുന്നു എന്നുസാരം. എന്നാല്‍, ഇതിന്റെ ഗുണം മുമ്പ് ഉദ്ധരിച്ച സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞതോതിലാണ് ജനങ്ങളിലെത്തുന്നത് എന്നിടത്താണ് മോഡിയുടെ വികസനമാതൃകയുടെ തനിനിറം വ്യക്തമാകുന്നത്.

തൊഴിലവസരങ്ങള്‍

ദേശീയ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് 1993-04, 2004-05 കാലഘട്ടത്തില്‍ ഗുജറാത്തില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ 2.69 ശതമാനം കണ്ട് വര്‍ഷാവര്‍ഷം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മോഡിയുടെ കാലത്ത് ഈ വളര്‍ച്ചാനിരക്ക് കുറയുകയും മഹാരാഷ്ട്രയുടെ പിറകില്‍ പോകുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്‍ സാമ്പത്തികവളര്‍ച്ച നേടിയിട്ടും സംസ്ഥാനത്തിലെ ഗ്രാമീണ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു. ഇതിനു കാരണം മോഡി പ്രോത്സാഹിപ്പിക്കുന്ന നാണ്യവിളകളുടെ കൃഷിക്ക് വന്‍ ചെലവ് ആവശ്യമായി വരികയും ഇത് സാധാരണ കര്‍ഷകര്‍ക്ക് താങ്ങാന്‍ പറ്റാതെ വരികയും ചെയ്തു എന്നതാണ്. കൂടാതെ വന്‍കിട കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടിക്രമങ്ങള്‍ മൂലം പാവപ്പെട്ട ചെറുകിട കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമി ലഭിക്കാതെയും വരുന്നു. എന്നാല്‍, ഈ ഗുരുതരാവസ്ഥയെ ഒരു പരിധിവരെ ലഘൂകരിക്കുന്നത് സേവനമേഖല പ്രധാനം ചെയ്യുന്ന തൊഴിലവസരങ്ങളാണ്. ഇവ താല്‍ക്കാലികവും കുറഞ്ഞ വേതനമുള്ളതും തികച്ചും അസ്ഥിരവുമായതിനാല്‍ വേണ്ട ഫലം ചെയ്യുന്നുമില്ല. ഉല്‍പ്പാദനരംഗത്ത് തൊഴിലവസരങ്ങളുടെ വളര്‍ച്ചാനിരക്ക് ഗുജറാത്തില്‍ പോയ മൂന്നു ദശാബ്ദമായി മുരടിച്ചുനില്‍ക്കുകയാണ്. എന്നാല്‍, ഈ രംഗത്തുണ്ടായ നിക്ഷേപമാകട്ടെ ഇക്കാലത്തിനിടയില്‍ പല മടങ്ങാണ് വര്‍ധിച്ചത്. അതായത് മോഡിപക്ഷം കൊട്ടിഘോഷിക്കുന്ന വന്‍നിക്ഷേപങ്ങള്‍ ആനുപാതികമായി തൊഴിലവസരങ്ങളായി മാറുന്നില്ല. പിന്നെ ഈ നിക്ഷേപങ്ങള്‍ കൊണ്ട് നാടിനും നാട്ടുകാര്‍ക്കും എന്തുഗുണം. നഷ്ടങ്ങള്‍ ഒരുപാടുണ്ടുതാനും. കാരണം നിക്ഷേപകര്‍ക്കായി വന്‍തോതില്‍ സൗജന്യങ്ങളാണ് സംസ്ഥാന ഖജനാവില്‍ നിന്നു നല്‍കുന്നത്. ഒപ്പം കുടിയൊഴിപ്പിക്കലുകളും. 2000 തൊട്ട് 2008 വരെ തമിഴ്നാടിനേക്കാളും മഹാരാഷ്ട്രയേക്കാളും വിദേശനിക്ഷേപം നടന്നത് ഗുജറാത്തിലാണ്. എന്നാല്‍, ഏകാധിപതികള്‍ വാഴാത്ത ആ രണ്ടു സംസ്ഥാനവും തൊഴിലവസരം സൃഷ്ടിക്കുന്ന കാര്യത്തില്‍ ഗുജറാത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഉല്‍പ്പാദനരംഗത്തെ കൂലിയും ഗുജറാത്തില്‍ വളരെ കുറവാണ്. 2000-10ല്‍ കൂലിനിരക്കിലുണ്ടായ വര്‍ധന 1.5 ശതമാനം മാത്രം. ഇക്കാലയളവില്‍ ദേശീയതലത്തില്‍ കൂലിനിരക്കിലുണ്ടായ വര്‍ധന 3.7 ശതമാനമാണ്. ഇങ്ങനെ കുറഞ്ഞ കൂലിനിരക്കിനു കാരണം കരാറുപണിക്കാരുടെ വന്‍വര്‍ധനയാണ്. 2001-08ല്‍ കരാറുപണിക്കാരുടെ അംഗസംഖ്യ 19 ശതമാനത്തില്‍ നിന്ന് 34 ശതമാനം ആയാണ് വര്‍ധിച്ചത്. ഇതിന്റെ ഗുണം ലഭിച്ചത് തൊഴില്‍ദാതാക്കള്‍ക്കാണ്. ആനുകൂല്യങ്ങളില്ലാത്ത, കൂലി കുറവായ കരാറുപണിക്കാരെ കൊണ്ട് ചെലവുകുറഞ്ഞ രീതിയില്‍ ഉല്‍പ്പാദനം നടത്താന്‍ പറ്റിയതിനാല്‍ ഉല്‍പ്പാദനരംഗം വന്‍ലാഭവും വന്‍നിക്ഷേപവും ഓരോ വര്‍ഷവുമുണ്ടാക്കുന്നു. അതനുസരിച്ച് ദേശീയവരുമാനത്തില്‍ ഗുജറാത്തിന്റെ സംഭാവനയും കൂടുന്നു. അതിനുപുറത്ത് മോഡി വീമ്പിളക്കുമ്പോള്‍ പാവം ഗുജറാത്തിയും ശരാശരി ഇന്ത്യക്കാരനും പന്തം കണ്ട പെരുച്ചാഴി കണക്കെ സ്തംഭിച്ചുനില്‍ക്കുന്നു. 2009-10ല്‍ സ്ഥിരം ജോലികളില്‍ പട്ടികവര്‍ഗക്കാരുടെ ശതമാനം 1993-94ലെ ഏഴു ശതമാനത്തില്‍ മുരടിച്ചുനില്‍ക്കുകയാണ്. പ്രസ്തുത കാലയളവില്‍ സ്ഥിരം ജോലികളില്‍ മുസ്ലിം പങ്കാളിത്തമാകട്ടെ 15 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി കുറഞ്ഞു. അതായത് മുസ്ലിങ്ങള്‍ മാത്രമല്ല പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും മോഡിയുടെ വികസന സങ്കല്‍പ്പങ്ങളില്‍പ്പെടുന്നില്ല എന്നര്‍ഥം.

ഗ്രാമീണ ദാരിദ്ര്യവും ഉപഭോഗവും

ഗ്രാമീണ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ സാമ്പത്തികവളര്‍ച്ചയില്‍ മുന്നിട്ടുനില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്ത് പിന്നിലാണ്. മഹാരാഷ്ട്രയേക്കാളും തമിഴ്നാടിനേക്കാളും കൂടുതല്‍ ഗ്രാമീണര്‍ സംസ്ഥാനത്ത് ദാരിദ്ര്യത്തിന്റെ കെടുതിക്ക് ഇരയാകുന്നുണ്ട്. ഗ്രാമീണമേഖലയിലെ ഉപഭോഗത്തിന്റെ കാര്യത്തിലും ദേശീയ ശരാശരിയില്‍ താഴെയാണ് ഗുജറാത്തിന്റെ അവസ്ഥ. 1993ല്‍ ആപേക്ഷികമായി ഈ രംഗത്ത് ഗുജറാത്ത് മുന്നിലായിരുന്നു. എന്നാല്‍, മോഡിയുഗത്തില്‍ ആ നേട്ടവും ഒലിച്ചുപോയി.

വിദ്യാഭ്യാസവും ആരോഗ്യരംഗവും

ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ തട്ടിച്ചുനോക്കുമ്പോള്‍ സാമൂഹ്യവളര്‍ച്ചയുടെ പ്രധാന അളവുകോലുകളിലൊന്നായ സാക്ഷരതാനിരക്കിന്റെ വര്‍ധനയില്‍ ഗുജറാത്തില്‍ ആക്കം കുറവാണ്. 15 മുന്‍നിര സംസ്ഥാനങ്ങളില്‍ സാക്ഷരതാനിരക്കിന്റെ കാര്യത്തില്‍ ആറുവര്‍ഷം മുമ്പ് ഗുജറാത്തിന് അഞ്ചാംസ്ഥാനമുണ്ടായിരുന്നു. ഇന്നത് ഏഴാണ്. ശിശുമരണനിരക്കിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്താണ് സംസ്ഥാനം. ഈ രംഗത്ത് ഗ്രാമ-നഗര വ്യത്യാസം കഴിഞ്ഞ ദശകത്തിലുടനീളം ഒരു മാറ്റവുമില്ലാതെ നില്‍ക്കുകയാണ്. രണ്ടു വസ്തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. ഒന്നാമതായി മോഡിയുടെ കീഴില്‍ ഗുജറാത്തില്‍ ഉണ്ടായെന്നു പറയപ്പെടുന്ന വികസനം ഒരു ചെറിയ ന്യൂനപക്ഷത്തിന്റേതാണ്. മോഡിയെപ്പോലെ സര്‍വാധിപത്യസ്വഭാവം കാണിക്കാത്ത ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സര്‍ക്കാരുകള്‍ വിവിധ മുഖ്യമന്ത്രിമാരുടെ കീഴില്‍ ഇതേ വികസനമാതൃക കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പാക്കിയിട്ടുണ്ട്. ഭരണമാറ്റവും രാഷ്ട്രീയ അനിശ്ചിതത്വവുമൊന്നും അതിനു തടസ്സമായില്ല. മാത്രമല്ല, സമ്പന്നരുടെ വളര്‍ച്ചയിലൂടെ അധികരിച്ച സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം സാധാരണക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാക്കി മാറ്റുന്നതില്‍ ഗുജറാത്തൊഴികെയുള്ള സംസ്ഥാനങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് മോഡിയുടെ വികസനമാതൃക എന്നാല്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണാണ് എന്നതാണ്. മാത്രവുമല്ല, ചരിത്രത്തിലുടനീളം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഒരു പ്രദേശമാണ് ഗുജറാത്ത്. അല്ലാതെ ഇന്ന് ഗുജറാത്തിനുണ്ടെന്ന് പറയപ്പെടുന്ന സമൃദ്ധി മോഡിയുടെ സൃഷ്ടിയല്ല. മറിച്ച് ആ സമൃദ്ധിയുടെ പങ്കാളികളാകുന്നതില്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അവസരം നിഷേധിക്കുകയാണ്. രണ്ടാമതായി, സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍നിന്ന് സാമൂഹ്യമേഖലയ്ക്കുവേണ്ടി ചെലവഴിക്കുന്ന പങ്ക് ഗുജറാത്തില്‍ ദേശീയ ശരാശരിയിലും താഴെയാണ്. അതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി വളരുമ്പോഴും ജനങ്ങള്‍ ദരിദ്രരാകുന്നത്.

*
മുഹമ്മദ് ഫക്രുദീന്‍ അലി

No comments: