Monday, December 17, 2012

മനുഷ്യാവകാശം ചവിട്ടിമെതിക്കുന്നു

മനുഷ്യാവകാശം നിഷേധിക്കുന്നതില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ മാതൃകയാണോ നമ്മുടെ രാജ്യം സ്വീകരിക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് അടുത്തകാലത്ത് ഉണ്ടാകുന്നത്. നമ്മുടെ ഭരണഘടനയില്‍ മനുഷ്യാവകാശത്തിന്റെ മഹത്വം ഊന്നിപ്പറയുന്നുണ്ട്. എന്നാല്‍, അതേ അവകാശം നിഷേധിക്കാനുള്ള പഴുതുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതാണ് ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥ. ജയപ്രകാശ് നാരായണനെ ഉള്‍പ്പെടെ അറസ്റ്റ്ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ചത് അടിയന്തരാവസ്ഥയിലാണ്. ഉപപ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് നേതാക്കളെ അന്യായമായി ജയിലിലടച്ചു. സിപിഐ എം നേതാക്കളെ കൂട്ടത്തോടെ മിസ ഉപയോഗിച്ച് അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. ആറുമാസം കൂടുമ്പോള്‍ മിസ തടവുകാരെപ്പറ്റി ഒരു പരിശോധനയെന്ന പ്രഹസനമുണ്ട്. ഒരാളെ അറസ്റ്റ്ചെയ്ത് ജയിലില്‍ തുടര്‍ന്നു പാര്‍പ്പിക്കേണ്ടത് രാജ്യരക്ഷയ്ക്കാവശ്യമാണെന്ന് കാണുന്നതുകൊണ്ട് തടവുകാലം ആറുമാസത്തേക്കുകൂടി നീട്ടുന്നുവെന്നൊരറിയിപ്പ് മാത്രം തടവുകാരന് നല്‍കിയാല്‍ മതി. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കല്‍പ്പനയനുസരിച്ചാണല്ലോ പരമാധികാര രാഷ്ട്രമായ ഇറാഖിന്റെ ഭരണാധികാരി സദ്ദാംഹുസൈനെ പട്ടാളശക്തി ഉപയോഗിച്ച് അറസ്റ്റ്ചെയ്ത് തടവില്‍ പാര്‍പ്പിച്ച് തൂക്കിക്കൊന്നത്. നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരെ അതിക്രൂരമായി കൊലപ്പെടുത്തിയ ചരിത്രമാണ് അമേരിക്കയുടെത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ സര്‍ക്കാര്‍ എന്ന് ജനാധിപത്യ ഭരണക്രമത്തിന് ഓമനപ്പേരിട്ട എബ്രഹാം ലിങ്കന് ജന്മംനല്‍കിയതും അതേ അമേരിക്കതന്നെ. പക്ഷേ, ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണമല്ല, സമ്പന്നര്‍ക്കായുള്ള ഭരണമാണ് അവിടെ നാം കാണുന്നത്.
 
ഇന്ത്യയില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം പലപ്പോഴും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കിവരുന്നത്. 2001 സെപ്തംബര്‍ 11ന്റെ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരെയുള്ള ആഗോളയുദ്ധം പ്രഖ്യാപിച്ചത് അമേരിക്കയാണ്. അതിന്റെ മറവിലാണ് അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനികാക്രമണം സംഘടിപ്പിച്ചത്. ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയെ കൊന്നതും ജനാധിപത്യം സംരക്ഷിക്കാനാണെന്നാണ് വിശദീകരണം. കാപട്യം കൈമുതലാക്കിയ ഭരണാധികാരികളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ കാണൂ. ഇന്ത്യയിലും തീവ്രവാദികള്‍ക്കെതിരായ നടപടി തുടര്‍ന്നുവരികയാണ്. എന്നാല്‍, യഥാര്‍ഥ തീവ്രവാദികള്‍ക്കെതിരായല്ല പലപ്പോഴും നടപടി സ്വീകരിക്കുന്നത്. തീവ്രവാദികള്‍ ആരാണെന്ന് സങ്കല്‍പ്പിച്ചുള്ള നടപടിയാണ് സ്വീകരിക്കുന്നത്. എല്ലാം മുസ്ലിങ്ങളും തീവ്രവാദികളല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണെന്നാണ് ബുഷ് പരസ്യമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനമനുസരിച്ചാണ് ലോക പ്രശസ്തരായ പ്രമുഖ വ്യക്തികളെ പേരുനോക്കി അമേരിക്കയിലെ വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തി അപമാനിച്ചത്. അമേരിക്കന്‍ മാതൃക സ്വീകരിച്ച ഇന്ത്യയിലും മലെഗാവ് സ്ഫോടനം, മെക്കാമസ്ജിദ് സ്ഫോടനം എന്നീ സംഭവങ്ങളുണ്ടായപ്പോള്‍ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടച്ചു. ആര്‍എസ്എസ്, ബജ്രംഗ്ദള്‍, ബിജെപി തീവ്രവാദികളാണ് ബോംബ്സ്ഫോടനം നടത്തിയതെന്ന് പിന്നീട് തെളിഞ്ഞു. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലടച്ചതെന്നും തടവില്‍ കഴിയുന്നവര്‍ നിരപരാധികളാണെന്നും ബോധ്യപ്പെട്ടിട്ടും അവരെ ജയില്‍മോചിതരാക്കിയില്ല. ഒന്നോ രണ്ടോ സംഭവങ്ങളിലല്ല, നിരവധി സംഭവങ്ങളില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി മനസിലാക്കാം. ജാമിയാമിലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ 16 കേസുകള്‍ ഗവേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റി ഇത് പരിശോധിക്കുകയും മതന്യൂനപക്ഷത്തില്‍പ്പെട്ട യുവാക്കളെ അന്യായമായി തടവില്‍വയ്ക്കുന്ന മനുഷ്യാവകാശ ലംഘനപ്രശ്നം ഗൗരവമായിത്തന്നെ കണക്കിലെടുത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കണമെന്നും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം ജനറല്‍സെക്രട്ടറി രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ കണ്ട് വിവരം ധരിപ്പിച്ചത്. 14 വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവന്ന മുസ്ലിം ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള പീഡിതര്‍ പ്രകാശിനൊപ്പമുണ്ടായിരുന്നു. ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനംപോലും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്നത് യാദൃച്ഛികമായി കാണാന്‍ കഴിയുന്നതല്ല.

കേരളത്തില്‍ അറിയപ്പെടുന്ന ഒരു മതനേതാവാണല്ലോ അബ്ദുള്‍നാസര്‍ മഅ്ദനി. ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരില്‍ പ്രസംഗമണ്ഡപത്തിനടുത്ത് ബോംബ്വച്ച സംഭവമുണ്ടായി. അമ്പത്തൊമ്പതോളം പേര്‍ മരിക്കാനിടയായ സംഭവം അത്യന്തം അപലപനീയമാണെന്നതില്‍ സംശയമില്ല. മഅ്ദനിയെ ഇതുമായി ബന്ധപ്പെടുത്തി സംശയത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. ഏഴുവര്‍ഷത്തിനുശേഷം മഅ്ദനി നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചു. താന്‍ പഴയ വ്യക്തിയല്ല, പുതിയ ആളാണെന്ന് പുറത്തുവന്നശേഷം മഅ്ദനി പരസ്യമായി പറഞ്ഞു. തീവ്രവാദം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, മറ്റുചില സംഭവങ്ങളില്‍ പങ്കുണ്ടെന്ന് പറഞ്ഞ് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ്ചെയ്തു. മഅ്ദനി മുസ്ലിം തീവ്രവാദപരമായ പ്രസംഗം നടത്തിയിരുന്നുവെന്നത് ശരിയാണ്. എന്നാല്‍, തെറ്റുതിരുത്തിയ ഒരാളെ വീണ്ടും അറസ്റ്റ്ചെയ്ത് ജയിലിലടച്ചത് ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ പൊലീസാണ്. ജാമ്യം നല്‍കാതെ മഅ്ദനിയെ വീണ്ടും അനിശ്ചിതമായി തടവില്‍ പീഡിപ്പിക്കുകയാണ്. ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനി നിരവധി രോഗത്താല്‍ വിഷമിക്കുകയാണ്. ചികിത്സാസൗകര്യം അനുവദിക്കുന്നില്ല. ഒരിക്കല്‍ തീവ്രവാദിയായി മുദ്രകുത്തിയാല്‍ പിന്നീടൊരിക്കലും മോചനമില്ല എന്ന നിലവന്നാല്‍ അത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കലാണ്; നഗ്നമായ മനുഷ്യാവകാശലംഘനമാണ്. ഇതനുവദിച്ചുകൂടാ. മഅ്ദനിയുടെ മനുഷ്യാവകാശം സംരക്ഷിക്കുകതന്നെ വേണം. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കാം. എന്നാല്‍, മനുഷ്യാവകാശം മഅ്ദനിക്ക് നിഷേധിച്ചുകൂടാ. ഈ വിഷയത്തില്‍ മനുഷ്യസ്നേഹികളായ മുഴുവന്‍പേരും പ്രതിഷേധസ്വരം ഉയര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നീതിന്യായ കോടതിയുടെ സമീപനത്തിലും മാറ്റം വരേണ്ടതുണ്ട്. പീഡിതരായ വ്യക്തികള്‍ക്ക് ആശ്രയിക്കാനുള്ളത് കോടതികളെയാണെന്നത് ഓര്‍ക്കേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 17 ഡിസംബര്‍ 2012

No comments: