Monday, December 24, 2012

അതിര്‍ത്തികള്‍ക്ക് ഇനി വിശ്രമിക്കാം

ആകാശ നീലയില്‍ ജ്വലിച്ചുനിന്ന കാഴ്ചയ്ക്ക് പേരായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇനി ക്രിക്കറ്റിലെ കടുംചായക്കൂട്ടുകളില്‍ സച്ചിനില്ല. കാല്‍നൂറ്റാണ്ടിനടുത്ത് നില്‍ക്കുന്ന ഏകദിന കരിയറിന് വിട. ഒടുവില്‍ സച്ചിനില്ലാത്ത ഒരു ക്രിക്കറ്റ് ലോകം.... ""എന്നെ പിന്തുണച്ചവര്‍ക്കും സ്നേഹിച്ചവര്‍ക്കും നന്ദി, വരാനിരിക്കുന്നത് 2015 ലോകകപ്പാണ്. അതിനുള്ള തയ്യാറെടുപ്പുകള്‍ ടീം തുടങ്ങേണ്ടിയിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും""- ടീമിനുവേണ്ടിമാത്രം കളിക്കുകയും പ്രയത്നിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇങ്ങനെയെ തന്റെ വിരമിക്കല്‍ വേളയില്‍ പറയാനാകുകയുള്ളൂ.

ഐസ്ബാഗ് പുറകില്‍ കെട്ടിയും 39-ാം വയസ്സിലും മണിക്കൂറുകളോം പരിശീലനത്തിന് ചെലവഴിച്ചും വിസ്മയിപ്പിച്ച സച്ചിന്. കളി തുടങ്ങിയ പാകിസ്ഥാനെതിരെതന്നെ കളിച്ചാണ് സച്ചിന്‍ഏകദിന കളത്തില്‍നിന്ന് മറയുന്നത്. വേണമെങ്കില്‍ പാകിസ്ഥാനെതിരെ ഒന്നുകൂടി കളിക്കാമായിരുന്നു. സൗരവ് ഗാംഗുലി പറഞ്ഞതുപോലെ, സച്ചിനോട് അരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. വിവിയന്‍ റിച്ചാര്‍ഡ്സിന്റെ വാക്കുകളില്‍ സച്ചിനോട് കളിനിര്‍ത്താന്‍ പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്നിട്ടും അദ്ദേഹം കളിനിര്‍ത്തി. ഇന്ത്യയുടെ ക്രിക്കറ്റ് മുഖമാണ് സച്ചിന്‍. കുറിയ ശരീരത്തില്‍ നിറയെ റണ്ണൊളിപ്പിച്ചുവച്ച മഹാമേരു. ഏകദിനത്തില്‍ സച്ചിനെ കടന്നല്ലാതെ ഇനി ഒരു റെക്കോഡും പിറക്കില്ല. അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല സച്ചിന്റെ ഏകദിന കരിയര്‍ തുടക്കം. ആദ്യമത്സരം 16-ാം വയസ്സില്‍ പാകിസ്ഥാനെതിരെ 1989 ഡിസംബര്‍ 18ന്. ഗുജ്റന്‍വാലയില്‍ വസീം അക്രമും ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസുമൊക്കെ ആ കൗമാരക്കാരനെ വേഗതകൊണ്ട്, സ്വിങ്കൊണ്ട് കീഴ്പ്പെടുത്തി. തൊട്ടുമുമ്പ് സിയാല്‍ക്കോട്ടില്‍ നടന്ന ടെസ്റ്റില്‍ ബൗണ്‍സര്‍കൊണ്ട് തന്റെ മൂക്ക് ചതച്ച വഖാറാണ് സച്ചിനെ കൂടുതല്‍ വിഷമിപ്പിച്ചത്. 16 ഓവര്‍ ആയി ചുരുക്കിയ ആ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ സച്ചിന് രണ്ടു പന്തിന്റെ ആയുസേ ഉണ്ടായുള്ളൂ. റണ്ണൊന്നുമെടുക്കാതെ വഖാറിന്റെ പന്തില്‍ പുറത്ത്. ഒമ്പതു മത്സരംവരെ കാത്തിരിക്കേണ്ടിവന്നു ആദ്യ അരസെഞ്ചുറിക്ക്. ആദ്യമായി ഓപ്പണറായി ഇറങ്ങിയ മത്സരം. ഓക്ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ. ഇന്നത്തെ ട്വന്റി-20യെക്കാള്‍ വിസ്ഫോടനമായിരുന്നു അത്. 49 പന്തില്‍ 82 റണ്‍!.

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതിനുപിന്നില്‍ സച്ചിന്‍തന്നെ പറഞ്ഞ ഒരു അനുഭവമുണ്ട്. ""ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനോടും കോച്ച് അജിത് വഡേക്കറോടും ഞാന്‍ അപേക്ഷിച്ചു. ഒരു അവസരം എനിക്കു തരൂ, ആദ്യ 15 ഓവര്‍ അടിച്ചുനിരപ്പാക്കാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അത് കളത്തില്‍ തെളിയിക്കും. ഇതില്‍ തോറ്റാല്‍ ഒരിക്കലും ഞാന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വരില്ല""- ഓക്ലാന്‍ഡിലെ ആ ഇന്നിങ്സ്കൊണ്ട് സച്ചിന്‍ തെളിയിച്ചു, വെറുതെ ഒന്നും പറയാറില്ലെന്ന്. വാക്കിനപ്പുറം ബാറ്റുകൊണ്ടാണ് തന്റെ മറുപടിയെന്ന്. എന്നാലും ഏകദിനത്തിലെ കന്നിസെഞ്ചുറിക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു. 79-ാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അത് പിറന്നു. 110 റണ്‍. 1994 സെപ്തംബര്‍ ഒമ്പതിന്. അപ്പോഴേക്കും ടെസ്റ്റില്‍ ഏഴു സെഞ്ചുറികള്‍ ഈ മുംബൈക്കാരന്‍ അടിച്ചുകൂട്ടി. തുടര്‍ന്നുള്ളത്, വില്ലോത്തടിയില്‍നിന്ന് റണ്ണിന്റെ കുത്തൊഴുക്കായിരുന്നു. സെഞ്ചുറികള്‍ ഒന്നൊന്നായി വിരിഞ്ഞു. ആ വര്‍ഷംതന്നെ രണ്ട് ഏകദിന സെഞ്ചുറികൂടി. 1996ല്‍ അത് പൂര്‍ണ പ്രഭാവം ചൊരിഞ്ഞു. കതിനവെടികള്‍പോലെ ആറെണ്ണം. 1998ല്‍ ഒമ്പതെണ്ണം. 1998ല്‍ ഷാര്‍ജാ കപ്പില്‍ ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടു ഗംഭീര സെഞ്ചുറികള്‍ ആരാധകരുടെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍പ്പുണ്ട്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പൊടിക്കാറ്റില്‍ ഷെയ്ന്‍ വോണെന്ന ലെഗ് സ്പിന്നറുടെ ആത്മവിശ്വാസം തകര്‍ത്ത സിക്സറുകള്‍...

1999 ലോകകപ്പില്‍ അച്ഛന്റെ വിയോഗം കഴിഞ്ഞ് കെനിയക്കെതിരെ സെഞ്ചുറിനേടിയ സച്ചിന്റെ ആത്മാര്‍പ്പണം എന്തിന് പകരംവയ്ക്കും. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 75 പന്തില്‍ 98 റണ്‍ നേടിയ സുന്ദരമായ ഇന്നിങ്സ്. 2010 ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 200 റണ്‍. 2011 ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം നേടിയശേഷം സഹതാരങ്ങളുടെ ചുമലിലേറിയുളള വലംവയ്ക്കല്‍, ഒടുവില്‍... 2012ലെ ഏഷ്യാ കപ്പില്‍ കാത്തിരുന്ന 100-ാം സെഞ്ചുറി ബംഗ്ലാദേശിനെതിരെ. ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യത്തിനുപിന്നില്‍ സച്ചിനല്ലെന്ന് ആര്‍ക്ക് പറയാനാകും. കുട്ടികള്‍മുതല്‍ വൃദ്ധന്മാര്‍വരെ സച്ചിനെന്ന വികാരത്തില്‍ സമന്മാരാണ്. കളികൊണ്ടുമാത്രമല്ല സച്ചിന്‍ ഇന്ത്യയുടെ മനസ്സ് കീഴടക്കിയത്, വ്യക്തിത്വംകൊണ്ടും നന്മകൊണ്ടുമാണ്. റണ്‍കൊടുമുടികള്‍ കയറുമ്പോള്‍ ഒരിക്കല്‍പ്പോലും അഹങ്കരിച്ചിട്ടില്ല സച്ചിന്‍, വിമര്‍ശകര്‍ കൂരമ്പെയ്യുമ്പോഴും മറുത്തൊരു വാക്ക് ഉതിര്‍ന്നിട്ടില്ല. ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ വിക്കറ്റിന് ചുറ്റുംനിന്ന് തെറിപറയുമ്പോള്‍ ഒരിക്കല്‍പ്പോലും പൊട്ടിത്തെറിച്ചിട്ടില്ല സച്ചിന്‍, എതിരാളിയെ വെല്ലുവിളിച്ചില്ല, ആക്ഷേപിച്ചില്ല, പരിഹസിച്ചില്ല... മറുപടികള്‍ ബാറ്റിലായിരുന്നു. ഇന്നുവരെ നാണക്കേടുണ്ടാക്കുന്ന ഒരു വിവാദത്തിലും ആ മനുഷ്യന്‍ അകപ്പെട്ടിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ വിജയമായിരുന്നില്ല. ഒരു നല്ല ക്യാപ്റ്റനാകാന്‍ ശാന്തനായ സച്ചിന് ഒരിക്കലും കഴിയുമായിരുന്നില്ല.

സ്വന്തം ഇന്നിങ്സുകള്‍കൊണ്ട് ഒരു ടീമിനെയാകെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ചരിത്രമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ വിസ്മയത്തിന്. കോഴക്കളിയില്‍ നാറിയപ്പോള്‍ സച്ചിനെമാത്രം വെറുക്കാന്‍ കഴിയുന്നില്ലല്ലോ എന്നായിരുന്നു വിലാപം. റേഡിയോ കമന്ററികളില്‍ എത്രതവണ സച്ചിനെന്ന പേര് നുര പടര്‍ത്തിയിട്ടുണ്ട്. ടിവിയില്‍ അദ്ദേഹത്തിന്റെ പദചലനങ്ങള്‍ എത്ര തവണ ആവേശിച്ചിരിക്കുന്നു. ഫ്രണ്ട് ഫുട്ടില്‍ ഊന്നിയുള്ള സുന്ദരമായ സ്ട്രെയിറ്റ് ഡ്രൈവുകള്‍, ചേതോഹരമായ അപ്പര്‍ കട്ടുകള്‍, സച്ചിന്‍ തനിമയുള്ള ഹുക്ക് ഷോട്ട്, സ്ക്വയര്‍ കട്ടുകളിലെ വൈവിധ്യം... ഇതില്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീക്കെതിരെ ആദ്യമായി സച്ചിന്‍ പുറത്തെടുത്ത അപ്പര്‍ കട്ട് ഒരുകാലത്ത് ഫാസ്റ്റ് ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു. അസാമാന്യ ശാരീരിക സന്തുലനവും മെയ്വഴക്കവും കണ്ണും പദചലനങ്ങളുമുള്ള എത്രയോ മനോഹര ഷോട്ടുകള്‍. ഇനിയെല്ലാം റീപ്ലേകള്‍. സച്ചിന്‍ അറിയുന്നുണ്ടോ? താനില്ലാത്ത ഏകദിന ക്രിക്കറ്റ്ലോകം ഇനി എത്ര ശുഷ്കമായിരിക്കുമെന്ന്...

*
കടപ്പാട്: ദേശാഭിമാനി 24 ഡിസംബര്‍ 2012

No comments: