Thursday, December 6, 2012

കോര്‍പറേറ്റുകള്‍ക്കായി നിയമനിര്‍മാണവും

ഉപഭോക്തൃ തര്‍ക്കപരിഹാര സമിതികളില്‍ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാകുന്നത് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നതായി വാര്‍ത്തവന്നു. ഉപഭോക്താവിന് നേരിട്ട് തര്‍ക്കപരിഹാര സമിതികളില്‍ ഹാജരാകുന്നതിനും തര്‍ക്കം വേഗം പരിഹരിക്കുന്നതിനും തദ്വാരാ ഉപഭോക്താവിന് സാമ്പത്തികബാധ്യത ഒഴിവാക്കാനും ലക്ഷ്യമിട്ടാണത്രേ ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി പരിഗണിക്കുന്നത്. കേന്ദ്ര ഭക്ഷ്യ- പൊതു വിതരണ മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രമുഖ ഉപഭോക്തൃ സംഘടനയായ കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ തര്‍ക്ക പരിഹാരസമിതികളില്‍ അഭിഭാഷകരുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് പ്രത്യേക പ്രമേയം പാസാക്കി എന്നും വാര്‍ത്ത. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കുമത്രേ.

പൊതുവിതരണരംഗത്തുനിന്ന് അതിവേഗം പിന്നോട്ടു പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപഭോക്താവിനോട് പെട്ടെന്നുതോന്നിയ അനുകമ്പ സാമാന്യബുദ്ധിക്ക് നിരക്കുന്നില്ല. ചില്ലറ വില്‍പ്പനമേഖലകൂടി വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുത്തപ്പോള്‍ രാജ്യത്തെ ഉല്‍പ്പാദന- സംഭരണ- വിതരണ മേഖലയാകെ സ്വദേശിയും വിദേശിയുമായ കോര്‍പറേറ്റുകളുടെ പിടിയിലമര്‍ന്നു. ഉറുമ്പുകടിയുടെ ശല്യംപോലുമില്ലാതെ സുഗമമായി ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്നതിന് കോര്‍പറേറ്റുകളെ സഹായിക്കുന്ന തരത്തിലുള്ള ഭേദഗതികളാണ് കുറെ കാലമായി ഇന്ത്യന്‍ നിയമസംഹിതയില്‍ ഉണ്ടാകുന്നത്. വാങ്ങുന്ന സാധനങ്ങളുടെ വില, അളവ്, ഗുണം, ശുദ്ധി, നിലവാരം, കാര്യക്ഷമത എന്നീ ആറ് അവകാശങ്ങളാണ് ഉപഭോക്താവിനുള്ളത്. ജീവന്‍രക്ഷാ മരുന്നുകള്‍, ഭക്ഷ്യസാധനങ്ങള്‍, ഇന്ധനങ്ങള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാധനങ്ങളുടെ കാര്യത്തില്‍ മേല്‍പറഞ്ഞ ആറ് അവകാശങ്ങളും നഗ്നമായി ലംഘിക്കപ്പെടുന്നു.

എണ്ണക്കമ്പനികള്‍ക്ക് നഷ്ടമാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അവയുടെ ബാലന്‍സ് ഷീറ്റില്‍ ലാഭം വര്‍ധിക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളുടെ ചേരുവകകളില്‍ കൃതൃമം കാട്ടി കൊള്ളവില ഈടാക്കുന്നു. വിലക്കയറ്റം തടയാന്‍ തന്റെ കൈയില്‍ മാന്ത്രികവടിയില്ലെന്നും, ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനങ്ങള്‍ക്കും സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ലെന്നും പറയുന്നവര്‍ കുത്തക കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ സബ്സിഡികളും ഇളവുകളും നല്‍കുന്നു. നികുതിവെട്ടിപ്പ് സുഗമമാക്കുന്നതിന് ഗാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നു. കൊള്ളലാഭം ജന്മാവകാശമാക്കിയ കോര്‍പറേറ്റ് മൂലധനത്തിന്റെ സുഗമമായ കുത്തൊഴുക്കിന് ചെറിയ തടസ്സമെങ്കിലുമുണ്ടാക്കാവുന്ന എല്ലാറ്റിനെയും വെട്ടിമാറ്റി രാജവീഥിയൊരുക്കുന്നു. ഈയൊരു കാഴ്ചപ്പാടില്‍ വേണം പുതിയ നിയമഭേദഗതിക്കുള്ള നീക്കത്തെയും കാണാന്‍. കേന്ദ്ര ഉപഭോക്തൃ തര്‍ക്കനിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് തര്‍ക്കപരിഹാര ഫോറങ്ങളും കമീഷനുകളും രൂപവല്‍ക്കരിച്ചത്.

ഒരു ഉപഭോക്താവിന് താന്‍ വാങ്ങുന്ന സാധനത്തിന്റെ വില, ഗുണം, നിലവാരം, അളവ്, ശുദ്ധി, കാര്യക്ഷമത എന്നിവയില്‍ ലംഘനമുണ്ടാക്കിയിട്ടുണ്ടോ എന്നതാണ് തര്‍ക്കവിഷയം. ചുരുക്കത്തില്‍ ഒരു ഉപഭോക്താവിനുളള നിയാമനുസൃത അവകാശങ്ങളില്‍ ലംഘനമുണ്ടോ എന്ന് നിയമത്തിന്റെ അളവുകോല്‍വച്ച് പരിശോധിച്ച് തീരുമാനിക്കുകയെന്ന നിയമവൃത്തി (ഖൗറശരശമഹ ുൃീരലൈ) ആണ്, പ്രസ്തുത സമിതികളില്‍ നടക്കുന്നത്. നിയമസാക്ഷരത പോയിട്ട് ശരാശരി സാക്ഷരതപോലും ഇല്ലാത്ത ഉപഭോക്താവെന്ന പാവം, പ്രസ്തുത സമിതികളുടെ മുമ്പില്‍ ചെന്ന് കരഞ്ഞുപറഞ്ഞാല്‍ മനസ്സലിഞ്ഞ് വിധികര്‍ത്താക്കള്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ദബുദ്ധികള്‍പോലും വിശ്വസിക്കില്ല. നിയമത്തിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും സസൂക്ഷ്മം പരിശോധിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. ചുരുക്കത്തില്‍ ഉപഭോക്താവിന്റെ പരാതി നിയമത്തിന്റെ ചട്ടക്കൂടില്‍നിന്ന് അവതരിപ്പിച്ചാലേ പരിഹാരം കിട്ടുകയുള്ളൂ എന്നര്‍ഥം. നിയമവാഴ്ച ഉറപ്പുവരുത്തുകയെന്നതാണ് ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനം. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സാമ്രാജ്യത്വ മുദ്രാവാക്യം ജനാധിപത്യവ്യവസ്ഥയ്ക്ക് യോജിച്ചതല്ല. ഒരു വലിയ പാത്രത്തില്‍ വച്ചിരിക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാരായി ശക്തരും അശക്തരുമായ ഒരുകൂട്ടം ഉണ്ടെങ്കില്‍ എല്ലാപേരെയും വരിയായി നിര്‍ത്തി നില്‍ക്കുന്നവരുടെ എണ്ണവും പാത്രത്തിലെ ഭക്ഷണത്തിന്റെ അളവും നോക്കി വിളമ്പുകയെന്നതാണ് നീതി. ഒരു സമൂഹത്തില്‍ ഇതു നടപ്പാകണമെങ്കില്‍ സാമൂഹ്യനീതിയിലധിഷ്ഠിതമായ ഭരണനേതൃത്വവും നിയമവാഴ്ചയുമാണ് ആവശ്യം. ദ്വന്ദ്വയുദ്ധത്തില്‍ ഒരാളിന്റെ കൈയില്‍ തേച്ചുമിനുക്കിയ ആയുധമുണ്ടാവുകയും മറ്റേയാളില്‍നിന്ന് ആയുധം പിടിച്ചുവാങ്ങുകയും ചെയ്താല്‍ ഫലമെന്തായിരിക്കും? ആയുധധാരിയും നിരായുധനും തമ്മിലുളള പോരാട്ടത്തില്‍ സാമാന്യനീതിയുണ്ടാകുമോ? ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയുടെ മുന്നില്‍ ഹാജരായി കേസ് നടത്തുന്നതില്‍നിന്ന് അഭിഭാഷകരെ ഒഴിവാക്കിയാല്‍ സംഭവിക്കുന്നതെന്താണ്? ഉല്‍പ്പാദകരും വിതരണക്കാരും സേവനദാതാക്കളും ലാഭേച്ഛയുളള കോര്‍പറേറ്റുകളായി മാറിയ ഒരു വ്യവസ്ഥിതിയില്‍ നിയമപരിജ്ഞാനവും കച്ചവടതന്ത്രങ്ങളും അവതരണശേഷിയുമുള്ള എക്സിക്യൂട്ടീവുകള്‍ കമ്പനികള്‍ക്കുവേണ്ടി മേല്‍പറഞ്ഞ സമിതികളുടെ മുന്നില്‍ ഹാജരാകുന്നതിന് നിയമതടസ്സമില്ല. അവരുടെ മുന്നില്‍ ആരുടെയെങ്കിലും സഹായത്താല്‍ ഒരു തുണ്ടു കടലാസില്‍ എഴുതിയ പരാതി തൊഴുകൈയില്‍ കൂട്ടിപ്പിടിച്ച് വണങ്ങിനിന്ന് കരയുന്ന പാവം ഉപഭോക്താവിന്റെ അവസ്ഥ എന്തായിരിക്കും?

വിചാരണവേളയില്‍ അഭിഭാഷകന്റെ സേവനം തേടാന്‍ കഴിവില്ലാത്ത കുറ്റാരോപിതന് സൗജന്യ നിയമസഹായം നല്‍കാനുള്ള നിര്‍ബന്ധിത കടമ കോടതികളില്‍ നിക്ഷിപ്തമായ ഒരു നീതിവ്യവസ്ഥയാണ് നമുക്കുള്ളത്. പൗരന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉപഭോക്തൃ നിയമം കൈകാര്യംചെയ്യുന്ന ഒരു വേദിയില്‍നിന്ന് അഭിഭാഷക സാന്നിധ്യം നിയമംമൂലം ഒഴിവാക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടേണ്ടതുതന്നെ. ഉപഭോക്തൃ തര്‍ക്കപരിഹാര സമിതികളില്‍ ഹാജരാക്കുന്നതില്‍നിന്ന് അഭിഭാഷകരെ നിര്‍ബന്ധിച്ച് ഒഴിവാക്കുന്നത് നിയമസഹായം തേടാനുളള ഒരു വ്യക്തിയുടെ അവകാശത്തിന്റെ ലംഘനമാണ്.

വൈദ്യശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്ത രോഗിക്ക് ഒരു ഡോക്ടറുടെ സേവനം തേടാനുളള അതേ അവകാശമാണ് നിയമകാര്യത്തില്‍ വ്യക്തിക്ക് അഭിഭാഷകന്റെ സേവനം തേടാനുള്ള അവകാശവും. ഈ അവകാശത്തെ നിയമംമൂലം നിഷേധിക്കുക എന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കും ഭരണഘടനാ തത്വങ്ങള്‍ക്കും ചേര്‍ന്നതല്ല. ഉല്‍പ്പാദന- സംഭരണ- വിതരണ പ്രക്രിയയും സേവനദാനവും നിര്‍വഹിക്കുന്നത് കമ്പനികളോ സ്ഥാപനങ്ങളോ ആണ്. സംസാരിക്കാന്‍ കഴിയാത്ത നിയമവ്യക്തി  ആണ് കമ്പനി അല്ലെങ്കില്‍ സ്ഥാപനം. ഈ പഴുതുപയോഗിച്ച് മികവുറ്റ ഒരു വ്യക്തിയെ തര്‍ക്കപരിഹാരസമിതികളുടെ മുന്നില്‍ തങ്ങള്‍ക്കുവേണ്ടി ഹാജരാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും. അവര്‍ ഭംഗിയായി കേസ് അവതരിപ്പിക്കും. നിയമവും ചട്ടങ്ങളും നടപടിക്രമങ്ങളും അറിയാത്ത സാധാരണക്കാരന്റെ പരിവേദനം പരിഹരിക്കപ്പെടാതെ പോകും.

അര്‍ജുനുവേണ്ടി കള്ളക്കണ്ണീരൊഴുക്കി കര്‍ണന്റെ കവചകുണ്ഡലങ്ങള്‍ തട്ടിയെടുത്ത കുന്തിയുടെ റോളിലാണ് കേന്ദ്രസര്‍ക്കാര്‍. വര്‍ധിതവീര്യത്തോടെ നില്‍ക്കുന്ന അര്‍ജുനായി കോര്‍പറേറ്റ് കുത്തകകളും നിരായുധനും നിസ്സഹായനുമായ കര്‍ണനായി പാവം ഉപഭോക്താവും. അഡ്വക്കറ്റ് ആക്ടിന്റെ 30-ാം വകുപ്പ് കോടതികളിലും നിയമ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന ഏതൊരു സമിതിക്കു മുന്നിലും തന്റെ കക്ഷിക്കുവേണ്ടി ഹാജരാകാന്‍ അഭിഭാഷകന് അവകാശവും അധികാരവും നല്‍കുന്നു. ഉപഭോക്തൃ തര്‍ക്കപരിഹാരനിയമത്തില്‍ വരാന്‍പോകുന്ന ഭേദഗതി അഭിഭാഷകനിയമത്തിന്റെ 30-ാം വകുപ്പിന്റെ ലംഘനമാണ്. നിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷക സമൂഹത്തെയാകെ അവഹേളിക്കുകയാണ്.

*
അഡ്വ. ആനാവൂര്‍ വേലായുധന്‍നായര്‍ ദേശാഭിമാനി

No comments: