Showing posts with label കയർ. Show all posts
Showing posts with label കയർ. Show all posts

Wednesday, February 5, 2014

കയര്‍-കശുവണ്ടി മേഖലയിലെ ദുരിതജീവിതം

ആലപ്പുഴയില്‍നിന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ച കേരളരക്ഷാമാര്‍ച്ചിനെ സ്വീകരിക്കാന്‍, പിന്നിട്ട 12 കേന്ദ്രത്തിലും വര്‍ധിച്ചതോതില്‍ തൊഴിലാളികള്‍ അണിനിരന്നു. കയര്‍, കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന ആയിരങ്ങള്‍ തങ്ങളുടെ ആശയും ആവേശവും താങ്ങുംതണലുമായ പ്രസ്ഥാനത്തിന്റെ കൊടിയുമേന്തി ഓരോ കേന്ദ്രത്തിലും ജാഥയെ വരവേല്‍ക്കാനെത്തി. ഈ രണ്ടുമേഖലയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിച്ച കാലത്ത് സര്‍ക്കാര്‍ സജീവമായി ഇടപെട്ടിരുന്നു.

ഇന്ന് സര്‍ക്കാര്‍ കയറിന്റെ പേരില്‍ പ്രചാരണവും ആഘോഷവും വിദേശസഞ്ചാരവും ധൂര്‍ത്തുമേളകളും നടത്തുന്നുണ്ട്. പക്ഷേ, ആ മേഖലയിലെ തൊഴിലാളികളുടെ ദുരിതജീവിതം കാണുന്നില്ല. കയര്‍ തൊഴിലാളികളില്‍ 10 ശതമാനത്തിനു മാത്രമാണ് ഇപ്പോള്‍ തൊഴിലുള്ളത്. 10 ലക്ഷത്തിലേറെപ്പേര്‍ ഈ രംഗത്ത് തൊഴിലെടുത്തിരുന്നു. കയര്‍ ബോര്‍ഡിന്റെ അവസാനത്തെ കണക്കെടുപ്പില്‍ ഇത് നാലുലക്ഷത്തോളമായി ചുരുങ്ങി. ഇതില്‍ 90 ശതമാനത്തിനും ഇപ്പോള്‍ തൊഴിലില്ല. വര്‍ഷം 10 കോടിയിലേറെ രൂപയുടെ വിദേശനാണ്യം രാജ്യത്തിന് സംഭാവന ചെയ്ത മേഖലയെയാണ് ഈ ദുര്‍ഗതിയിലെത്തിച്ചത്.

പിരി-ഫാക്ടറി മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറില്‍പ്പരം കയര്‍ സഹകരണസംഘങ്ങളില്‍ ബഹുഭൂരിപക്ഷവും സ്തംഭനത്തിലാണ്. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ സഹായവും നിലച്ചതോടെ സംഘങ്ങള്‍ അടച്ചിടേണ്ട അവസ്ഥയായി. തൊഴിലാളികള്‍ സ്വകാര്യമേഖലയെ ആശ്രയിക്കുന്നു. ഇത് വലിയ തൊഴില്‍ചൂഷണത്തിന് കാരണമായി. അധ്വാനഭാരം വര്‍ധിപ്പിച്ചും കൂലി കുറച്ചും മുതലാളിമാര്‍ ലാഭം കൂട്ടുകയാണ്. പ്രാകൃത തൊഴില്‍സമ്പ്രദായവും കഠിനമായ അധ്വാനവും ചുരുങ്ങിയ കൂലിയും കയര്‍വ്യവസായം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍വ്യവസായത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടിയെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലപ്പുഴയില്‍ കയര്‍യന്ത്രനിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചതാണ്. തൊണ്ടു സംഭരണത്തിന് കയര്‍ കമീഷന്‍ വ്യക്തമായ ശുപാര്‍ശ സമര്‍പ്പിച്ചതുമാണ്. അതൊന്നും യുഡിഎഫ് ഭരണത്തിന്റെ അജന്‍ഡയിലില്ല. അങ്ങനെ അവഗണനയുടെ ദുരിതം കുടിച്ചുതീര്‍ക്കുന്ന കയര്‍തൊഴിലാളികള്‍ സിപിഐ എമ്മിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. തീര്‍ച്ചയായും ആ പ്രതീക്ഷ അസ്ഥാനത്തല്ല. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ അധികാരികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനും അവ പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സിപിഐ എം മുന്നില്‍ത്തന്നെയുണ്ടാകും.

മാര്‍ച്ച് ഓച്ചിറയില്‍ വച്ചാണ് കൊല്ലം ജില്ലയിലേക്ക് കടന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു തിങ്കളാഴ്ച ആദ്യസ്വീകരണം. കൊല്ലത്ത് കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും ഇടപ്പള്ളിക്കോട്ടയിലും തുടര്‍ന്ന് കൊല്ലത്തും സ്വീകരണങ്ങള്‍. എല്ലായിടത്തും, യോഗങ്ങളിലും അവിടങ്ങളിലേക്ക് ഒഴുകിയെത്തിയ പ്രകടനങ്ങളിലും ഉണ്ടായ സ്ത്രീസാന്നിധ്യം എടുത്തുപറയേണ്ടതാണ്. അക്കൂട്ടത്തില്‍ കശുവണ്ടിത്തൊഴിലാളികളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു.

കയര്‍വ്യവസായം കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത് കശുവണ്ടിമേഖലയിലാണ്. മൂന്നുലക്ഷം തൊഴിലാളികളില്‍ 98 ശതമാനം സ്ത്രീകളാണ്. ആ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും സിപിഐ എമ്മിലാണ് അണിചേരുന്നത്. അതുകൊണ്ടുകൂടിയാകാം, അവരോട് യുഡിഎഫ് സര്‍ക്കാരിന്റെ പെരുമാറ്റം ക്രൂരമാണ്. സ്ത്രീകളുടെ വ്യവസായമെന്ന പ്രത്യേകതകൂടി കണക്കിലെടുത്താണ് ഈ രംഗത്ത് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂപീകരിച്ചത്. കശുവണ്ടി വികസന കോര്‍പറേഷന്റെ കീഴില്‍ 34 ഫാക്ടറിയും സഹകരണസ്ഥാപനമായ കാപ്പെക്സിന്റെ കീഴില്‍ പത്ത് ഫാക്ടറിയും ഉണ്ട്. ഈ സ്ഥാപനങ്ങളിലെ ഫാക്ടറികള്‍ യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാഷ്യൂ ഫാക്ടറി അക്യുസിഷന്‍ (ഭേദഗതി) നിയമം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പാസാക്കിയതാണ്. കാഷ്യൂ കോര്‍പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികള്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമൂലധനം നല്‍കുകയും ഫാക്ടറികളുടെ നവീകരണത്തിനാവശ്യമായ സാമ്പത്തികസഹായം നല്‍കുകയും ചെയ്തിരുന്നു. കാഷ്യു കോര്‍പറേഷന്‍ ഫാക്ടറികള്‍ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. പിഎഫ് വിഹിതം സ്ഥാപനം അടയ്ക്കുന്നില്ല. എട്ടുകോടി രൂപ കുടിശ്ശിക ഈടാക്കാനുള്ള നടപടികള്‍ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചു. കാപ്പെക്സിന്റെ സാമ്പത്തികസ്ഥിതി വലിയ പ്രതിസന്ധിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുടിവറുപ്പു സമ്പ്രദായം പുനരാരംഭിച്ചു. തോട്ടണ്ടി ഉല്‍പ്പാദക രാജ്യങ്ങളില്‍നിന്ന് സംസ്കരിച്ച അണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് മറ്റൊരു ഭീഷണിയാണ്.

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇപിഎഫ്, ഇഎസ്ഐ ക്ഷേമനിധി വിഹിതങ്ങള്‍ അടയ്ക്കാതിരിക്കുക, വൃത്തിഹീനമായ തൊഴില്‍ സ്ഥലങ്ങളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുക തുടങ്ങിയ നിയമനിഷേധനടപടികള്‍ തൊഴിലുടമകള്‍ സ്വീകരിച്ചാല്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. 2011ല്‍ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്ന സമയത്തുള്ള ജീവിതച്ചെലവിന്റെ ഇരട്ടിയോ അതിലധികമോ ആണ് ഇന്നത്തെ ജീവിതസ്ഥിതി. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും 10,000 രൂപയെങ്കിലും പ്രതിമാസം വരുമാനം ലഭ്യമാക്കണമെന്ന് ദേശീയതലത്തില്‍ത്തന്നെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്രയും വിവരിച്ചത് കയര്‍-കശുവണ്ടി മേഖലകളിലെ യഥാര്‍ഥപ്രശ്നങ്ങളുടെ ചെറിയ ഭാഗമേ ആകുന്നുള്ളൂ. ജീവിതം വഴിമുട്ടിനില്‍ക്കുന്ന ആ തൊഴിലാളികള്‍ കൂട്ടത്തോടെ മണിക്കൂറുകള്‍ കാത്തുനിന്ന് സിപിഐ എം മാര്‍ച്ചിനെ വരവേല്‍ക്കുമ്പോള്‍, പാര്‍ടിയെ അവര്‍ എത്രമാത്രം സ്നേഹിക്കുന്നു; വിശ്വസിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. അവരുടെ കൈകളില്‍നിന്നു ലഭിച്ച ഓരോ ഹാരവും കണ്ഠങ്ങളില്‍നിന്നുയര്‍ന്ന ഓരോ മുദ്രാവാക്യവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ അപ്രതിരോധ്യമായ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്; ഉത്തരവാദിത്തമാണ് വര്‍ധിപ്പിക്കുന്നത്.

*
പിണറായി വിജയന്‍

Saturday, April 20, 2013

കയറില്‍ ഒടുങ്ങാതിരിക്കാന്‍

ജനാധിപത്യ ഭരണകൂടങ്ങളും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും ഇല്ലാതിരുന്ന കാലത്ത് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് തൊഴിലും വരുമാനവും കണ്ടെത്തി ഉപജീവനം കഴിച്ചവരാണ് കയര്‍ത്തൊഴിലാളികള്‍. കേരളത്തിലെ 280ല്‍പ്പരം തീരദേശ വില്ലേജുകളില്‍ കയര്‍വ്യവസായത്തെ ആശ്രയിച്ചാണ് ജീവിതം കരുപ്പിടിപ്പിച്ചത്. തീരദേശ ജനങ്ങളുടെ ആകെ ജീവിതോപാധിയായി കയറും മത്സ്യവുമെ ഉണ്ടായിരുന്നുള്ളൂ. 1950കളില്‍ 10 ലക്ഷത്തോളം തൊഴിലാളികള്‍ കയര്‍ മേഖലയില്‍ പണിയെടുത്തിരുന്നു. കേരളത്തിലെ കുരുമുളക്, ഏലം, കാപ്പി, റബര്‍ എന്നിവയ്ക്കൊപ്പം 10 കോടി രൂപയുടെ കയറും കയറ്റി അയച്ചിരുന്നു. സ്വയം തൊഴില്‍ചെയ്ത് ഉപജീവനം നടത്തുകയും സര്‍ക്കാരിന് വിദേശനാണ്യം നേടിക്കൊടുക്കുകയും ചെയ്യുന്ന ഈ പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ക്ക് സര്‍ക്കാരുകളുടെ പത്ത് പൈസയുടെ സഹായം അക്കാലത്ത് ലഭ്യമായിരുന്നില്ല.

1952ലാണ് തിരു-കൊച്ചി സര്‍ക്കാര്‍ കയര്‍ സഹകരണസംഘം രൂപീകരിച്ച് നേരിയ സഹായം നല്‍കാന്‍ തുടങ്ങിയത്. അക്കാലത്തെ സംഘങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. 1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരാണ് തൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിച്ചത്. സര്‍ക്കാരുകള്‍ കയര്‍ വ്യവസായത്തെ സഹായിക്കാനെന്ന പേരില്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ചെറിയതോതില്‍ വായ്പ നല്‍കുമായിരുന്നു. ആവശ്യത്തിനുമതിയാകുന്ന തരത്തിലായിരുന്നില്ല ആ സഹായങ്ങള്‍. ഫാക്ടറി മേഖലയില്‍ കയര്‍ കോര്‍പറേഷന്‍, കയര്‍ മാറ്റിങ്സ് ഓഫ് ഇന്ത്യാ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ചു. കേരളത്തില്‍ 512 കയര്‍ സഹകരണ സംഘങ്ങള്‍ പിരിമേഖലയിലും ഫാക്ടറിമേഖലയിലുമായി രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്നു. ഇവയിലെല്ലാംകൂടി രണ്ടരലക്ഷം തൊഴിലാളികള്‍ അംഗത്വമെടുത്തിട്ടുണ്ട്. ഇവയുടെ അപ്പക്സ് സ്ഥാപനമാണ് 1979ല്‍ രൂപപ്പെട്ട കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (കയര്‍ഫെഡ്).

ഉല്‍പ്പാദനച്ചെലവിനനുസരണമായി വിലനല്‍കി വിപണനം നടത്താന്‍ കഴിയാത്തതിനാല്‍ പ്രൈമറി സംഘങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടിവന്നത്. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ സഹായം ഒന്നോ രണ്ടോ വര്‍ഷം പ്രവര്‍ത്തിപ്പിക്കാനെ തികയുകയുള്ളൂ. സഹായം കിട്ടാതെ വരുമ്പോള്‍ സംഘങ്ങള്‍ അടഞ്ഞു കിടക്കും. തൊഴിലാളികള്‍ സ്വകാര്യമേഖലയിലേക്ക് തള്ളിക്കയറും. ഇത് അധ്വാനഭാരം വര്‍ധിപ്പിക്കാനും കൂലി കുറയ്ക്കാനും അവരെ പ്രേരിപ്പിക്കും. സഹകരണമേഖലയില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ കൂലിയിലും ആനുകൂല്യങ്ങളിലും നേരിയ വര്‍ധനവു ലഭിച്ചു. അതിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദന ചെലവിനനുസരണമായ വിലനല്‍കി, കയറും കയറുല്‍പ്പന്നങ്ങളും വാങ്ങണമെന്ന് കഴിഞ്ഞ അരനൂറ്റാണ്ടായി സഹകാരികളും തൊഴിലാളി സംഘടനകളും ആവശ്യപ്പെടുകയാണ്. അത് നടപ്പാക്കിയാലെ പ്രൈമറി സംഘങ്ങള്‍ക്ക് നഷ്ടം കൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. പ്രാകൃതമായ തൊഴില്‍ സമ്പ്രദായവും കഠിനമായ അധ്വാനവും ചുരുങ്ങിയ കൂലിയും കയര്‍ത്തൊഴില്‍ അനാകര്‍ഷകമാക്കി. പുരുഷന്മാര്‍ ഈ തൊഴില്‍രംഗം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ചെറുകിട കയര്‍ ഉല്‍പ്പാദകരും കടംകൊണ്ട് നിവൃത്തിയില്ലാതെ ഉപകരണങ്ങള്‍ കണ്ട വിലയ്ക്കു വിറ്റ് തൊഴില്‍ തേടി അന്യനാടുകളിലേക്കു പോയി. വ്യവസായത്തിലെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. 2005ല്‍ കയര്‍ ബോര്‍ഡ് എടുത്ത സെന്‍സസില്‍ 4,28,433 തൊഴിലാളികളേ കേരളത്തിലെ കയര്‍വ്യവസായത്തില്‍ നിലവിലുള്ളൂവെന്ന് കണ്ടെത്തി. കാല്‍ നൂറ്റാണ്ടുമുമ്പ് കേരള സര്‍ക്കാര്‍ നിയോഗിച്ച ടാസ്ക് ഫോഴ്സ്, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും ശുപാര്‍ശചെയ്തു. എന്നാല്‍, കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഒരു റാട്ടോ, തറിയോ കണ്ടുപിടിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കണ്ടുപിടിച്ചതാകട്ടെ ഗവേഷകന്മാരോട് പുച്ഛം തോന്നുന്നവിധത്തിലുള്ളതും. അതിനുവേണ്ടി മുടക്കിയ കോടികള്‍ തുരുമ്പുപിടിച്ച് ഓരോ സൊസൈറ്റിയുടെയും ഗോഡൗണുകളില്‍ കിടപ്പുണ്ട്. പട്ടിണിക്കൂലിയെ കിട്ടുന്നുള്ളൂവെങ്കിലും തൊഴിലാളികള്‍ അവരുടെ പരമ്പരാഗത റാട്ടിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.

2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വ്യവസായത്തെ സംരക്ഷിക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഭാഗമായി തൊണ്ടിന്റെ സംഭരണം മുതല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം വരെയുള്ള എല്ലാ മേഖലകളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ വ്യവസായത്തിന്റെ ചരിത്രത്തിലാദ്യമായി വിദഗ്ധരടങ്ങുന്ന കയര്‍ കമീഷനെ നിയോഗിച്ചു. സമയബന്ധിതമായി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനും നടപടി സ്വീകരിച്ചു. കയര്‍ വ്യവസായത്തില്‍ എന്തു നവീകരണം വേണമെങ്കിലും അതിന് തമിഴ്നാടിനെ ആശ്രയിക്കുന്നതില്‍ മാറ്റം വരുത്തി, ആവശ്യമുള്ള യന്ത്രോപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കയര്‍യന്ത്രനിര്‍മാണ ഫാക്ടറി ആലപ്പുഴയില്‍ സ്ഥാപിക്കാനുള്ള കമീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സ്ഥലവും യന്ത്രങ്ങളും സജ്ജമാക്കാന്‍ 30 കോടി രൂപയും അനുവദിച്ചു. ആ സംരംഭം രണ്ടുവര്‍ഷം തികയാന്‍ പോകുമ്പോഴും പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നില്ല. കമീഷന്റെ ശുപാര്‍ശയില്‍പ്പെട്ടതാണ് ഉല്‍പ്പാദനച്ചെലവിനനുസരണമായി ഉല്‍പ്പന്നവില നിശ്ചയിക്കുക എന്നത്. ഒന്നരവര്‍ഷമായിട്ടും ഈ ശുപാര്‍ശ വെളിച്ചം കാണാതെ കിടക്കുന്നു. ഇതിന്റെ ഫലമായി സംഘങ്ങളും സ്വകാര്യ മേഖലയും ഉല്‍പ്പാദനം നിര്‍ത്തി. തമിഴ്നാട് ചകിരിയെ ആശ്രയിച്ചാണ് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നാമമാത്രമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 600 കോടി നാളികേരം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിന്റെ മൂന്നിലൊന്ന് തൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞാല്‍ തമിഴ്നാട് ചകിരിയെ ആശ്രയിക്കാതെ വര്‍ഷത്തില്‍ 240 ദിവസം നാലുലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും. തൊണ്ടു സംഭരിക്കാനുള്ള സംവിധാനം കമീഷന്‍ ശുപാര്‍ശയിലുണ്ട്. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല. ഉല്‍പ്പാദന കേന്ദ്രത്തില്‍ത്തന്നെ തൊണ്ടുസംഭരിച്ച് ചകിരിയാക്കാനുള്ള 200 മൊബൈല്‍ ഡിഫൈബറിങ് മെഷീന്‍ വിതരണംചെയ്തു. അതില്‍ വിരലിലെണ്ണാവുന്നതെ പ്രവര്‍ത്തിക്കുന്നുള്ളൂ. എന്‍സിആര്‍എംഐ എന്ന സ്ഥാപനം, വ്യവസായത്തിനാവശ്യമായ ഗവേഷണം നടത്താനും അവരുടെ കണ്ടുപിടിത്തങ്ങള്‍ വ്യവസായത്തിനുപയോഗിക്കാനുമായി സ്ഥാപിച്ചതാണ്. അവരാകട്ടെ, ഗവേഷണം നിര്‍ത്തി കയര്‍ വ്യവസായത്തിന് വകയിരുത്തുന്ന പണം ഉപയോഗിച്ച് മേളയും വിദേശസഞ്ചാര പരിപാടിയുമായി നടക്കുന്നു.

തകര്‍ച്ച നേരിടുന്ന ഒരു വ്യവസായത്തിലെ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. അത് വിസ്മരിച്ച് വ്യവസായത്തിന്റെ അന്ത്യകൂദാശ നടത്താനാണ് സര്‍ക്കാര്‍ ഒരുമ്പെടുന്നത്. ആകെ തൊഴിലാളികളില്‍ 11 ശതമാനത്തിനുമാത്രം തൊഴിലുള്ള ഗൗരവാവഹമായ അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഇതേക്കുറിച്ച് സര്‍ക്കാരിന് എന്താണ് പറയാനുള്ളത്? ഇവരുടെ ഉപജീവനത്തിന് എന്ത് ബദല്‍ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക? എന്തായാലും പട്ടിണികിടന്ന് മരിക്കാനല്ല, തൊഴിലിനും കൂലിക്കുംവേണ്ടി പൊരുതാനാണ് കയര്‍ തൊഴിലാളികള്‍ തീരുമാനിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ആരംഭിച്ച് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ജയിലിലേക്കുള്ള സമരം അതിന്റെ തുടക്കമാണ്.

*
ആനത്തലവട്ടം ആനന്ദന്‍ ദേശാഭിമാനി 20 ഏപ്രില്‍ 2013

Sunday, February 17, 2013

കയര്‍മേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍

രണ്ടു നൂറ്റാണ്ടിലേറെ കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഉപജീവനത്തിന് ആശ്രയിച്ചിരുന്നത് കയര്‍ വ്യവസായത്തെയാണ്. നാളികേരത്തിന്റെ തൊണ്ട് സുലഭമായി ലഭിച്ചിരുന്നത്, ചുറ്റുപാടുമുള്ള കായലുകളിലും തോടുകളിലും പൂഴ്ത്തി, അഴുക്കിയെടുത്ത് തല്ലി ചകിരിയാക്കി കയറും കയറുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ട് അന്‍പതുകളില്‍ പത്തുലക്ഷത്തോളം കുടുംബങ്ങളാണ് ഉപജീവനം കഴിച്ചിരുന്നത്. എഡി പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരിയും ചരിത്രകാരനുമായ മാര്‍ക്കോ പോളൊ, കൊല്ലത്ത് അങ്ങാടിയില്‍ വില്‍ക്കാന്‍ വച്ചിരുന്ന ചരക്കുകളില്‍ കയറും ഉള്‍പ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ ഉത്ഭവിച്ച ഈ വ്യവസായം ക്രമേണ ഇന്ത്യയിലെ നാളികേര സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ആസാം, ത്രിപുര എന്നിവിടങ്ങളിലേക്ക് കയര്‍ ബോര്‍ഡിന്റെ രൂപീകരണത്തിനുശേഷം വ്യാപിച്ചു. 1954-ലാണ് കയര്‍ ബോര്‍ഡ് രൂപീകൃതമാകുന്നത്. അന്ന് കേരളത്തില്‍ മാത്രമേ കയര്‍ വ്യവസായം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ബോര്‍ഡിന്റെ കൊച്ചിയിലായി.

പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി കയര്‍ തൊഴിലാളികളുടെ ശോചനീയ അവസ്ഥ പാര്‍ലമെന്റില്‍ ഉന്നയിച്ചു. കരളലിയിക്കുന്ന അവരുടെ കഥ പാര്‍ലമെന്റാകെ സാകൂതം ശ്രദ്ധിച്ചു. രാവിലെ മുതല്‍ രാത്രി വരെ പണിയെടുത്താല്‍ അന്ന് ലഭിക്കുന്ന കൂലി എട്ടണയായിരുന്നു. മറുപടി പറഞ്ഞ വ്യവസായമന്ത്രി ഖുറേഷി താന്‍ കേരളം സന്ദര്‍ശിക്കുന്നതാണെന്നും വ്യവസായത്തേയും തൊഴിലാളികളേയും രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. താമസിയാതെ ഖുറേഷി എ.കെ.ജിയോടൊപ്പം കേരളത്തിലെത്തി കയര്‍ തൊഴിലാളികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവം എ.കെ.ജി വിവരിച്ചതിങ്ങനെയാണ്: ""ഞാനും കേന്ദ്രമന്ത്രി ഖുറേഷിയും കൂടി ഒരു കയര്‍ തൊഴിലാളിയുടെ വീടിനു മുന്നിലെത്തി. കൂടെയുണ്ടായിരുന്നവര്‍ ഗൃഹനാഥനെ വിളിച്ചു. എ.കെ.ജിയും കേന്ദ്രമന്ത്രിയും വീടിനു മുന്നില്‍ നില്‍ക്കുകയാണ്, ഇറങ്ങിവരണമെന്നാവശ്യപ്പെട്ടു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഗൃഹനാഥന്‍ പുറത്തുവന്നില്ല. പുറത്തുവരാത്തതില്‍ എല്ലാവരും രോഷം പൂണ്ടുനില്‍ക്കുമ്പോള്‍, അങ്ങാടിയില്‍ പോയിരുന്ന ഭാര്യ, വീടിനു മുമ്പില്‍ നേതാക്കള്‍ നില്‍ക്കുന്ന വിവരം കേട്ടറിഞ്ഞ് ഓടിയെത്തി. അവര്‍ മുറിക്കകത്തു കയറി നിമിഷങ്ങള്‍ക്കകം ഗൃഹനാഥന്‍ കൂപ്പുകയ്യോടെ പുറത്തുവന്ന് നേതാക്കളെ വണങ്ങി. അത്ഭുതം തന്നെ! പുറത്തുവരാന്‍ വൈകിയതില്‍ രോഷംപൂണ്ട അനുയായികളോട് ""ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി നാലാളിന്റെ മുമ്പില്‍ ഇറങ്ങുമ്പോള്‍ ഉടുക്കാന്‍ ഒരു മുണ്ടേയുള്ളൂ. അവള്‍ കമ്പോളത്തില്‍ പോയപ്പോള്‍ ആ മുണ്ട് അവള്‍ ഉടുത്തു. ഞാന്‍ ഒരു കീറിയ ചാക്കുകൊണ്ട് മാനം മറച്ച് വീട്ടിനകത്തിരിക്കുകയായിരുന്നു. അവള്‍ വന്നപ്പോള്‍ ആ മുണ്ട് എനിക്ക് കിട്ടി. അവള്‍ക്കിപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല."" ഇതായിരുന്നു ഗൃഹനാഥന്റെ മറുപടി. 1950-കളിലെ കയര്‍ തൊഴിലാളികളുടെ സ്ഥിതിയായിരുന്നു ഇത്. അതേത്തുടര്‍ന്നാണ് കയര്‍ ബോര്‍ഡിന്റെ സ്ഥാപനവും കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധതും കയര്‍ വ്യവസായത്തില്‍ പതിഞ്ഞതും.

കേരളത്തിന് പ്രകൃതിദത്തമായി ലഭിച്ച കായലുകളും തോടുകളും മൂലം തൊണ്ട് ചീയിക്കാനും സുവര്‍ണ്ണ നാര് ഉല്‍പ്പാദിപ്പിക്കാനും കയറിന്റെ റാണിയെന്ന് വിശേഷിപ്പിക്കുന്നതരം കയറുകള്‍ ഉല്‍പ്പാദിപ്പിക്കാനും സാധിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അതിന് സൗകര്യമില്ലായിരുന്നു. 1980-കളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പച്ചത്തൊണ്ടില്‍നിന്നും ഉണക്കത്തൊണ്ടില്‍നിന്നും ചകിരി ഉല്‍പ്പാദിപ്പിക്കാനും ചെറിയ തോതിലെങ്കിലും യന്ത്ര റാട്ടുകള്‍ ഉപയോഗിച്ച് കയര്‍ പിരിക്കാനും അയല്‍സംസ്ഥാനങ്ങള്‍ തുടങ്ങി. ഇതിനെല്ലാം കയര്‍ ബോര്‍ഡിന്റെ പ്രോത്സാഹനം ലഭിച്ചു. കേരളത്തിലെ തൊഴിലാളികളുടെ ജോലിയിലോ കൂലിയിലോ മാറ്റം വരുത്താനുള്ള ഒരു പദ്ധതിക്കും രൂപം നല്‍കാന്‍ കഴിഞ്ഞില്ല. സമൂഹത്തിന്റെ മാറ്റത്തിനുസൃതമായ ഉല്‍പ്പാദനരീതിയോ മെച്ചപ്പെട്ട വരുമാനമോ ഉറപ്പാക്കാന്‍ ബോര്‍ഡിനോ സംസ്ഥാന ഗവണ്‍മെന്റിനോ കഴിഞ്ഞില്ല. പുരുഷന്മാരായ തൊഴിലാളികള്‍ പുതിയ മേച്ചില്‍സ്ഥലം തേടി നാടുവിട്ടു. 90 ശതമാനവും സ്ത്രീകളാണ് ഈ വ്യവസായത്തില്‍. അവര്‍ ഗതിയില്ലാതെ കയറില്‍ കുരുങ്ങി ഇവിടെ തന്നെ അര്‍ദ്ധപട്ടിണിക്കാരായി കഴിയുന്നു.

1957-ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ ഇ.എം.എസ് ഗവണ്‍മെന്റ് തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് തൊഴിലും മെച്ചപ്പെട്ട കൂലിയും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. സംഘത്തിലെ അംഗത്വത്തില്‍ 93 ശതമാനവും യഥാര്‍ത്ഥ തൊഴിലാളികളായിരിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കി. അതുവരെ വ്യവസായികളും ദന്തഡോക്ടര്‍മാരും സര്‍ക്കാര്‍ ജീവനക്കാരുമൊക്കെയായിരുന്നു തൊഴിലാളികളുടെ പേരില്‍ കയര്‍ സംഘാംഗങ്ങള്‍. മാറിമാറിവന്ന യു.ഡി.എഫ് ഗവണ്‍മെന്റുകള്‍ യാതൊരു പരിശോധനയും കൂടാതെ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും തൊഴിലാളി സംഘങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. ഇടയ്ക്കിടയ്ക്ക് അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റുകള്‍ വ്യവസായ സംരക്ഷണത്തിനും തൊഴിലാളിക്ഷേമത്തിനും ഉതകുന്ന ചില നടപടികള്‍ കൈക്കൊള്ളുന്നതുകൊണ്ടാണ് പൂര്‍ണ്ണ നാശത്തിലേക്കു പോകാതെ കയര്‍വ്യവസായം പിടിച്ചുനില്‍ക്കുന്നത്. 2006-ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് വ്യവസായ സംരക്ഷണത്തിന് ഏറെ നടപടികള്‍ സ്വീകരിച്ചു. നിലവിലുള്ള സംഘങ്ങള്‍ക്ക് പ്രവര്‍ത്തന സഹായം നല്‍കുക, സര്‍ക്കാര്‍ വായ്പകള്‍ ഓഹരിയാക്കി മാറ്റുക, ഉല്‍പ്പാദനച്ചെലവിനുസൃതമായി ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിച്ച് വാങ്ങാനുള്ള സംവിധാനം, ഫാക്ടറി മേഖലയില്‍ ക്രയവില പദ്ധതി, കാലാനുസൃതമായി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ മേജര്‍ ഫാക്ടറി സ്ഥാപിക്കുക, തൊഴിലാളികളുടെ പെന്‍ഷനും ക്ഷേമപദ്ധതികളും കാലോചിതമായി പരിഷ്കരിച്ച് പെന്‍ഷന്‍ 100 രൂപയില്‍നിന്ന് 400 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, 60 രൂപയില്‍നിന്ന് 150 രൂപയാക്കി കൂലി ഉയര്‍ത്തുക, യു.ഡി.എഫ് ഗവണ്‍മെന്റ് കുടിശ്ശികയിട്ടിരുന്ന 27 മാസത്തെ കുടിശ്ശിക തീര്‍ക്കുകയും വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഒരുമാസം പോലും കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്യുക തുടങ്ങി തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നടപടികള്‍ സ്വീകരിച്ചു. സര്‍വ്വോപരി, കയര്‍വ്യവസായം ശാസ്ത്രീയാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ച് ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കയറിന്റെ ചരിത്രത്തില്‍ ആദ്യമായി വിദഗ്ദ്ധരടങ്ങിയ ഒരു കയര്‍ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ ശുപാര്‍ശകള്‍ പരണത്തുവയ്ക്കാതെ അംഗീകരിച്ച് നടപ്പിലാക്കി തുടങ്ങുകയും ചെയ്തത്, വ്യവസായത്തില്‍ വലിയ പ്രതീക്ഷയാണുളവാക്കിയത്. നിര്‍ഭാഗ്യവശാല്‍, 2011 മേയില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു, കയര്‍മേഖല ശവപ്പറമ്പാക്കി മാറ്റുകയാണ്.

2005-ല്‍ കയര്‍ ബോര്‍ഡ് നടത്തിയ സെന്‍സസ് പ്രകാരം 3,80,095 തൊഴിലാളികളാണ് കേരളത്തില്‍ പണിയെടുക്കുന്നതെന്ന് കണ്ടെത്തി. ഉള്ള തൊഴിലാളികളുടെ എണ്ണം കുറച്ചുകാണിക്കുകയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ തൊഴിലാളികളുള്ളത്. ഇന്ന് ഈ ലേഖനം എഴുതുമ്പോള്‍ പണിയുള്ളവരുടെ സംഖ്യ നാലിലൊന്നു മാത്രം. അവര്‍ക്കുതന്നെ ആണ്ടില്‍ 100 ദിവസത്തെ ജോലി ലഭിക്കുന്നില്ല. 513 സഹകരണ സംഘങ്ങള്‍ ഉള്ളതില്‍ 100-ല്‍ താഴെ സംഘങ്ങളേ വല്ലപ്പോഴുമെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. അഞ്ചും പത്തും തൊഴിലാളികള്‍ക്കാണ് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ തന്നെ പണിയുള്ളത്. സ്വകാര്യ കയര്‍ ഉല്‍പ്പാദകരും വ്യവസായം ഉപേക്ഷിച്ച് രംഗം വിട്ടു. വരുമാന ഉറപ്പുപദ്ധതി പ്രകാരം 210 രൂപ തൊഴിലുള്ള ദിവസം കൂലി കിട്ടും. രണ്ടരലക്ഷം തൊഴിലാളികള്‍ അംഗങ്ങളായിട്ടുള്ള സഹകരണ മേഖലയില്‍ 15,345 പേര്‍ക്കാണ് പ്രയോജനം കിട്ടുന്നത്. അതിന്റെയര്‍ത്ഥം അത്രപേര്‍ക്കേ സംഘത്തില്‍ ജോലിയുള്ളൂവെന്നാണ്. സ്വകാര്യമേഖലയില്‍ വരുമാന ഉറപ്പുപദ്ധതി നടപ്പാക്കുന്നില്ല. ഫാക്ടറി മേഖലയുടെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്. സജിമോന്‍, വിശ്വംഭരന്‍ എന്നീ തൊഴിലാളികള്‍ മാസങ്ങളായി തൊഴിലില്ലാതെ കടംകയറി ആത്മഹത്യ ചെയ്തു. ഇങ്ങനെയൊരു സ്ഥിതിവിശേഷം കയറിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ നാലരക്കോടി രൂപ മുടക്കി കയര്‍ മേള നടത്തുന്നത്. നാലരയല്ല, ഒന്നരക്കോടി കൂടി മേളയ്ക്ക് കേന്ദ്രവും നല്‍കാന്‍ പോകുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിടുകയാണ്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായ ഒരു ബന്ധവുമില്ല. ഇന്ത്യയില്‍നിന്നുള്ള കയര്‍ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തിന്റേതായിരുന്നു. ഇപ്പോള്‍ സ്ഥിതിയാകെ മാറി. കഴിഞ്ഞ വര്‍ഷത്തെ (2012) കയറ്റുമതി 1052 കോടി രൂപയുടേതാണ്. ഇതില്‍ ചകിരിയും ചകിരിച്ചോറും കൂടി 425 കോടി രൂപ, പി.വി.സി ടഫ്റ്റഡ് മാറ്റ്-277 കോടി, കേള്‍ഡ് കയര്‍-31 കോടി - ഇതെല്ലാം കൂടി 713 കോടി രൂപയുണ്ട്. 1052 കോടിയില്‍ 713 കോടി രൂപയുടെ കയറ്റുമതിയില്‍ കയര്‍ തൊഴിലാളിക്ക് തൊഴില്‍ കിട്ടുന്ന മേഖല, മേള നടത്തുന്ന ഭരണാധികാരികള്‍ ബോധ്യപ്പെടുത്താമോ? ചകിരിയും ചകിരിച്ചോറും കയറ്റുമതി ചെയ്യുന്നത് തമിഴ്നാടാണ്. പി.വി.സി മാറ്റ്സ് ഉല്‍പ്പാദിപ്പിക്കുന്നത് വന്‍കിട യന്ത്രങ്ങളാണ്, തൊഴിലാളികളല്ല. 230 കോടിയുടെ കൈത്തറി തടുക്ക് കയറ്റി അയച്ചതായി കണക്ക് കാണിക്കുന്നു. അതിന് 27,656 മെട്രിക് ടണ്‍ തടുക്ക് വേണം. അത്രയും തടുക്ക് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ കഴിഞ്ഞവര്‍ഷം ഉല്‍പ്പാദിപ്പിച്ചെങ്കില്‍ ഫാക്ടറി മേഖലയില്‍ തൊഴിലില്ലായ്മ ഉണ്ടാകാനിടയില്ല. കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് 12.5 ശതമാനം ഇന്‍സെന്റീവ് ഉള്ളത് തട്ടിയെടുക്കാന്‍ ചില കയറ്റുമതിക്കാര്‍ പി.വി.സി ടഫ്റ്റഡ് മാറ്റ് കൈത്തറി തടുക്കായി കയറ്റി അയച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതിന് കൂട്ടുനിന്നത് ഈ അടുത്തകാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ചകിരിയിലും ചകിരിച്ചോറിലും രക്തചന്ദനം ഒളിപ്പിച്ചുവച്ച് കയറ്റി അയച്ചത് 500 കോടിയോളം രൂപയ്ക്ക് വരുമെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കയറ്റുമതിയുടെ ഈ കള്ളക്കണക്ക് വരച്ചുകാട്ടി കയര്‍വ്യവസായം അഭിവൃദ്ധിയില്‍ എന്ന് പെരുമ്പറയടിക്കുന്നവര്‍ സത്യത്തെ കുഴിച്ചുമൂടുകയാണ്.

യു.ഡി.എഫ് ഗവണ്‍മെന്റ് തൊഴിലാളികളോ വ്യവസായികളോ ഇല്ലാത്ത മലയോര ജില്ലയില്‍ പുതിയ കയര്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. കോന്നിയില്‍ യന്ത്രവല്‍കൃത ഫാക്ടറി 30 കോടി മുടക്കി സ്ഥാപിക്കുന്നു. 513 സംഘങ്ങള്‍ നിലവിലുള്ളത് പ്രവര്‍ത്തിപ്പിക്കുന്നതിനു പകരം പുതുതായി 120 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ആര്‍ക്കുവേണ്ടിയാണ്? തൊഴിലാളികള്‍ക്ക് വേണ്ടത് തൊഴിലാണ്, സംഘങ്ങളല്ല. ചെറുകിട കയര്‍ ഉല്‍പ്പാദകരുടെയും തൊഴിലാളികളുടെയും വ്യവസായവുമായി ബന്ധമുള്ള മുഴുവനാളുകളുടെയും പ്രതീക്ഷ നശിപ്പിച്ച് ഈ വ്യവസായം ഇനി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് വിശ്വസിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ജീവിക്കാന്‍ വേറെ വഴി തേടിക്കൊള്ളുക എന്ന സന്ദേശമാണ് സര്‍ക്കാരിന്റേത്. അത് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഭരണാധികാരികളോടും സമൂഹത്തോടും തൊഴിലാളികള്‍ക്ക് ഒന്നേ പറയാനുള്ളൂ, ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തൊഴില്‍ തരണം അല്ലെങ്കില്‍ ജീവിക്കാനുള്ള മിനിമം വേതനം (350 രൂപ) നല്‍കണം. രണ്ടിനും സര്‍ക്കാരിന് സാധ്യമല്ലെങ്കില്‍ ഈ വ്യവസായത്തില്‍നിന്ന് ഞങ്ങളെ പിരിച്ചുവിടണം. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചുരുങ്ങിയത് 2000 രൂപ പെന്‍ഷനായി നല്‍കണം. മറ്റെന്തെങ്കിലും തൊഴില്‍ തേടി ജീവിക്കാന്‍ നോക്കാം. ജനിച്ചുപോയി, മരിക്കുന്നതുവരെ ജീവിച്ചേ പറ്റൂ. കയര്‍ തൊഴിലാളികള്‍ പണിയെടുത്തകാലത്ത് ജീവിതത്തില്‍ മറ്റു മേഖലകളിലുള്ളവര്‍ ജീവിച്ചപോലെ ജീവിതസുഖം അനുഭവിച്ചവരല്ല. ചത്തതിനൊത്തു ജീവിച്ചവരാണ്. തീരദേശ താലൂക്കുകളിലെ ജനജീവിതം - ഒരു സര്‍ക്കാരിന്റേയും സഹായമില്ലാതെ - സംരക്ഷിച്ചവരാണ് അവര്‍. അവരെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്.

കേരളം 600 കോടിയില്‍പ്പരം നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമെന്നാണ് കണക്ക്. 240 കോടി നാളികേരത്തിന്റെ തൊണ്ട് സംഭരിച്ചാല്‍ നാലുലക്ഷം തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 240 ദിവസത്തെ ജോലി ഉറപ്പാക്കാം. അതിനുവേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. തൊണ്ടും ചകിരിയുമില്ലാതെ, കയറും കയറുല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കാതെ എന്ത് കയറ്റി അയച്ചാണ് കയറ്റുമതി വര്‍ദ്ധിപ്പിക്കുക? കയര്‍ സഞ്ചിയും മൊബൈല്‍ ഫോണിന് ചകിരികൊണ്ട് കവറും, കയര്‍ മാലയും കളിപ്പാട്ടങ്ങളും ചകിരി കൊണ്ട് തടിയും ഉണ്ടാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നാണ് മേളയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

നിലവില്‍ കയര്‍ പിരിച്ചും പായും തടുക്കും നെയ്ത് ജീവിക്കുന്ന കുറെ മനുഷ്യരുണ്ട്. അവരുടെ തൊഴില്‍ സംരക്ഷിക്കാനുള്ള പദ്ധതി മാത്രമാണ് സര്‍ക്കാര്‍ പണ്ഡിതന്മാരുടെ മനസ്സിലില്ലാത്തത്. ഉയര്‍ന്ന സാങ്കേതികവിദ്യ പ്രയോഗിച്ച് കയര്‍ വ്യവസായം സംരക്ഷിക്കാനോ അഭിവൃദ്ധിപ്പെടുത്താനോ തൊഴിലാളികള്‍ എതിരല്ല. തങ്ങളുടെ അധ്വാനഭാരം ലഘൂകരിക്കാനും ഇന്നത്തെ പട്ടിണിക്കൂലി വര്‍ദ്ധിപ്പിക്കാനും ഏത് സാങ്കേതികവിദ്യ നല്‍കിയാലും തൊഴിലാളി സ്വീകരിക്കും. ഇന്നത്തെ നിലയില്‍ പിരി തൊഴിലാളിക്ക് 350 രൂപയും ഫാക്ടറി തൊഴിലാളിക്ക് 500 രൂപയും കൂലിയായി നല്‍കിയാല്‍ മതി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭസമരങ്ങള്‍ തൊഴിലാളി സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 20-21 തീയതികളിലെ ദേശീയ പണിമുടക്കില്‍ കയര്‍ തൊഴിലാളികളും അണിചേരും. അതിനുശേഷം വ്യവസായവും തൊഴിലും സംരക്ഷിക്കാനുള്ള ശക്തിമത്തായ സമരങ്ങളിലേക്ക് തൊഴിലാളികള്‍ തയ്യാറെടുക്കുകയാണ്. പട്ടിണി കിടന്ന് മരിക്കാനല്ല, പൊരുതി ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

*
ആനത്തലവട്ടം ആനന്ദന്‍ ചിന്ത വാരിക

കയറിനെ ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാരാക്കിയ കാലഘട്ടം

കയര്‍മേഖലയില്‍ സമഗ്രമായ ഇടപെടല്‍ നടത്തിയ അഞ്ചാണ്ടുകളാണ് കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലഘട്ടം. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും-തൊണ്ട്, ചകിരി മുതല്‍ വിദേശ വിപണിവരെയും തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവുവരെയും എല്ലാ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ മുദ്ര പതിപ്പിച്ചു. ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തിന്റെ രണ്ടു വര്‍ഷംകൊണ്ട് കയര്‍ മേഖലയെ കൊണ്ടുചെന്നെത്തിച്ച തൊഴില്‍ തകര്‍ച്ച അതിനുമുമ്പ് 5 വര്‍ഷംകൊണ്ടാണ് കഴിഞ്ഞ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. ഒന്നരലക്ഷത്തോളംപേര്‍ പൂര്‍ണ്ണമായും മറ്റൊരു ലക്ഷത്തോളം ആളുകള്‍ ഭാഗികമായും ഉപജീവനം തേടുന്നത് കയര്‍ രംഗത്താണ്. അതുകൊണ്ടുതന്നെയാണ് പരമ്പരാഗത മേഖലയില്‍ മുന്തിയ പ്രാധാന്യം കയറിന് ലഭിക്കുന്നതും. അടച്ചുപൂട്ടപ്പെട്ട കയര്‍ സംഘങ്ങള്‍, കളംവിട്ട പിരിത്തൊഴിലാളികള്‍, ചെറുകിട ഉല്‍പാദനമേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, ഉല്‍പന്ന നിര്‍മ്മാണമേഖല പൂര്‍ണ്ണമായും ഡിപ്പോകള്‍ പിടിമുറുക്കി, തൊഴിലില്ലായ്മ പെരുകി, ആര്യാട് കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലില്ലായ്മയുടെ ഭാഗമായി ആത്മഹത്യ സംഭവിച്ചു. ഇതായിരുന്നു 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കയര്‍മേഖലയുടെ ഒരു നേര്‍ ചിത്രം. ഇതില്‍നിന്നും കയര്‍മേഖലയെ വീണ്ടെടുക്കുക എന്ന സങ്കീര്‍ണ്ണവും സുപ്രധാനവുമായ ദൗത്യം ചരിത്രപരമായിത്തന്നെ നിര്‍വ്വഹിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു.

കയര്‍മേഖലയുടെ സര്‍വ്വതല വികസനം ലക്ഷ്യംവെച്ചുകൊണ്ട് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍, ഹ്രസ്വകാല ലക്ഷ്യങ്ങള്‍, ദീര്‍ഘകാല പരിപാടികള്‍ എന്നിവ തയ്യാറാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍വകുപ്പ് പ്രവര്‍ത്തിച്ചത്. അരലക്ഷത്തിലേറെപ്പേര്‍ കയര്‍തൊഴിലാളി പെന്‍ഷന്‍-വെറും 100 രൂപ കൈപ്പറ്റുന്നവരായി ഉണ്ടായിരുന്നു. അതുതന്നെ 32 മാസം നല്‍കിയതുമില്ല. ആ കുടിശ്ശിക അടക്കം തീര്‍ത്തു നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി മറ്റൊരു പതിനായിരംപേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചിരുന്നതും പുനഃസ്ഥാപിച്ചു. 100 രൂപയായിരുന്ന പെന്‍ഷന്‍ നാലിരട്ടിവരെയായി വര്‍ദ്ധിപ്പിച്ച് 400 രൂപയാക്കി. ക്ഷേമനിധിബോര്‍ഡുവഴി നല്‍കിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നാലും അഞ്ചും മടങ്ങായി വര്‍ദ്ധിപ്പിച്ചു. ക്ഷേമാനുകൂല്യങ്ങള്‍ക്കായി 2001-2006 കാലത്ത് ചെലവാക്കിയത് വെറും 27 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അത് 90 കോടി രൂപയായി വര്‍ദ്ധിച്ചു.

2006 മുതല്‍ വിരമിച്ച കയര്‍ തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുവാനായി ചരിത്രത്തിലാദ്യമായി 13.5 കോടി രൂപയും ചെലവഴിച്ചു. അടച്ചുപൂട്ടപ്പെട്ട കയര്‍ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ പ്രത്യേക പദ്ധതി ആദ്യവര്‍ഷംതന്നെ നടപ്പിലാക്കി. ജീവനക്ഷമമായ 422 കയര്‍ സംഘങ്ങള്‍ക്ക് 18.1 കോടി രൂപ പ്രവര്‍ത്തന മൂലധന ഗ്രാന്റായി 2005-2006ല്‍ നല്‍കി. 172 സംഘങ്ങള്‍ക്ക് 5.80 കോടി രൂപ സ്ഥിര മൂലധനമായി നല്‍കി. മുന്‍കാലങ്ങളില്‍ കയര്‍ സംഘങ്ങള്‍ക്ക് എല്ലാ തുകകളും വായ്പയായി നല്‍കുന്ന രീതി മാറ്റി മുഴുവന്‍ തുകയും ഗ്രാന്റായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. കയര്‍ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കാനുണ്ടായിരുന്ന വായ്പ, പലിശയിനത്തില്‍ 50 കോടി രൂപ ഷെയറാക്കി മാറ്റി. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ കയര്‍മേഖലയില്‍ പിരികൂലി പ്രാദേശിക ഭേദമനുസരിച്ച് 40 മുതല്‍ 70 രൂപ വരെയായിരുന്നു. അത് നിരന്തരമായ ഇടപെടലുകള്‍വഴി 800 രൂപവരെയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ പേരിനുവേണ്ടി മാത്രമായി 210 രൂപയായി വര്‍ദ്ധിപ്പിച്ച് പ്രഖ്യാപിച്ചെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കിയിട്ടില്ല. കയറുല്‍പന്നങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമംവഴി കയര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി നടപ്പിലാക്കിയിരുന്ന എന്‍ഫോഴ്സ്മെന്റ് പദ്ധതികളായ കുറഞ്ഞ കയറ്റുമതിയിലെ വില ഉറപ്പാക്കല്‍ പദ്ധതിയും കുറഞ്ഞ ക്രയവില പദ്ധതിയും അവര്‍തന്നെ ഇല്ലാതാക്കി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര വിപണിക്കുവേണ്ടി സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍നിന്നും പിന്മാറിയത്. തുടര്‍ന്ന് ചെറുകിട കയറുല്‍പന്ന നിര്‍മ്മാണമേഖലയില്‍ അരാജകത്വത്തിന്റെയും വറുതിയുടെയും നാളുകളായിരുന്നു. ഡിപ്പോകളെന്ന ഓമനപ്പേരിട്ട ഇടത്തട്ടുകാര്‍ കയറ്റുമതിക്കാരുടെ ദല്ലാളുകളായി രംഗം കയ്യടക്കി. പന്തീരായിരത്തോളം ചെറുകിട ഉല്‍പാദകര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകിട്ടാതെ പലരും പുതിയ രംഗങ്ങളിലേക്ക് മാറി. ഡിപ്പോകള്‍ക്കെതിരെ തീക്ഷ്ണമായ സമരങ്ങള്‍ക്ക് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകള്‍ വേദിയായി.
കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരും കയ്യൊഴിഞ്ഞ ബാധ്യത എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. കയര്‍ ക്രയവില സ്ഥിരതാ പദ്ധതി ആവിഷ്കരിച്ചു. കയര്‍ കോര്‍പ്പറേഷനെ നടത്തിപ്പിന്റെ ഏജന്‍സിയായി ചുമതലപ്പെടുത്തി. സ്കീം നടപ്പിലാക്കാനായി 17.10 കോടി രൂപ നല്‍കി. മറ്റൊരു സ്കീംവഴി 8.56 കോടി രൂപയും നല്‍കി. 7000 ചെറുകിട ഉല്‍പാദകര്‍ ചെറുകിട ഉല്‍പാദക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായി ചേര്‍ന്ന് സ്കീമിന്റെ ഭാഗമായി. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 22 സംഘങ്ങളില്‍ പ്രവര്‍ത്തിക്കാത്ത 7 എണ്ണമടക്കം എല്ലാറ്റിനെയും സജീവമാക്കി. പുതിയതായി 22 സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ വിവേചനവും കാട്ടിയിട്ടില്ല. ഇവയ്ക്ക് ഷെയര്‍ക്യാപ്പിറ്റലായി 2 കോടിയിലേറെ രൂപ നല്‍കി. 44 ചെറുകിട ഉല്‍പാദക സഹകരണ സംഘങ്ങള്‍ സജീവമായി. കയര്‍മേഖലയുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുവാന്‍ കയര്‍ സെന്‍സസ് സംഘടിപ്പിച്ചു. ഇതുവഴി സമാഹരിച്ച വിവരങ്ങള്‍ തുടര്‍ന്നുള്ള നയ രൂപീകരണങ്ങള്‍ക്ക് സഹായകരമായി. കയര്‍മേഖലയുടെ സമഗ്രമായ പുനഃസംഘാടനത്തിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ആനത്തലവട്ടം ആനന്ദന്‍ ചെയര്‍മാനായി കയര്‍രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി കയര്‍ കമ്മീഷന്‍ രൂപീകരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടനെ സമയബന്ധിതമായി ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. കയര്‍മേഖലയുടെ ആധുനികവത്കരണത്തിനും ഉല്‍പന്ന വൈവിധ്യവത്കരണത്തിനും പുതിയ ഉപയോഗ മേഖലകള്‍ കണ്ടെത്തുന്നതിനുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കയര്‍രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സജ്ജമാക്കി. പുതിയ ആസ്ഥാന മന്ദിരവും വിവിധ ലബോറട്ടറികളും സജ്ജമാക്കി. കേരളത്തിലെ ഇതര ഗവേഷണ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഒന്നാക്കി അതിനെ വളര്‍ത്തിയെടുത്തു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കയര്‍മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുവാനായി പൊതുമേഖലയില്‍ ഫാക്ടറി സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. 20 കോടി രൂപ ഇതിനായി നല്‍കി. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കാലമേറെയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ അവരുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടി ഉദ്ഘാടനം നടത്തുവാനായി പരിപാടി തയ്യാറാക്കി എന്നാണ് അറിയുന്നത്.

കയര്‍ ജിയോടെക്സ്റ്റയിലിന് പുതിയ ഉപയോഗ മേഖലകള്‍ കണ്ടെത്തുന്നതിനായി തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. പിഡബ്ല്യുഡി മാനുവലില്‍ കയര്‍ ജിയോ ടെക്സ്റ്റയില്‍ ഒരു നിര്‍മ്മാണ സാമഗ്രിയായി ഉള്‍പ്പെടുത്തുവാനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടുപോകുവാന്‍ താല്‍പര്യം കാട്ടുന്നില്ല. തൊഴിലുറപ്പു പദ്ധതിവഴി നടപ്പിലാക്കുന്ന നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കയര്‍ ജിയോ ടെക്സ്റ്റയില്‍ ഉപയോഗിക്കുവാനായി ഗ്രാമവികസന വകുപ്പിന്റെ അംഗീകാരം വാങ്ങി. കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സ്കീംവഴി 20 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചു. ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ ലക്ഷ്യംവെച്ചുകൊണ്ട് കയര്‍ കോര്‍പ്പറേഷന്റെ ചുമതലയില്‍ 4 കോടി രൂപ ചെലവഴിച്ച് ബ്ലന്‍ഡഡ് യാണ്‍ ഫാക്ടറി, പവ്വര്‍ലൂം ഫാക്ടറി എന്നിവ സ്ഥാപിച്ചു. കയറ്റുപായ ഉപയോഗിച്ച് തറയോടുകള്‍, മറ്റ് ടൈലുകള്‍, തടി ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന കയര്‍ കോംപോസിറ്റ് ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി ഫാക്ടറിക്ക് ഫോം മാറ്റിംഗ്സിന് 10 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഗ്രാന്റായി ലഭ്യമാക്കി. നിര്‍മ്മാണം പൂര്‍ത്തിയായി 2 വര്‍ഷം കഴിഞ്ഞിട്ടും ഇത് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. കയര്‍ഫെഡിനും കയര്‍ കോര്‍പ്പറേഷനും ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപ വേറെയും നല്‍കി.

സംസ്ഥാനത്തെ കയര്‍മേഖലയുടെ പ്രതിസന്ധികളില്‍ പ്രധാനമായ ഒന്ന് അസംസ്കൃത വസ്തുവായ ചകിരിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാത്തതും അതുവഴി അന്യസംസ്ഥാനങ്ങളോടുള്ള അമിത ആശ്രിതത്വവുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്‍പാദിപ്പിക്കുന്നത് ഇന്നും കേരളമാണ്. എന്നാല്‍ ലഭിക്കുന്ന തൊണ്ടിന്റെ ചെറിയൊരുഭാഗം മാത്രമേ ചകിരി ഉല്‍പാദനത്തിന് ഉപയോഗിക്കുന്നുള്ളു.ചകിരി ഉല്‍പാദനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് എന്‍സിആര്‍എംഐയുടെ ചുമതലയില്‍ 3000 തൊണ്ടുവരെ പ്രതിദിനം തല്ലാവുന്ന മിനി ഡീഫൈബറിംഗ് യന്ത്രങ്ങള്‍ വികസിപ്പിച്ചു. കയര്‍ സംഘങ്ങള്‍ക്ക് ഇത് സൗജന്യമായും മറ്റെല്ലാ സംവിധാനങ്ങള്‍ക്കും 50% സബ്സിഡിയും നല്‍കി. ഇതിനായി 600 ലക്ഷം രൂപ എന്‍സിആര്‍എംഐ വഴി നല്‍കി. നാട്ടിന്‍പുറങ്ങളില്‍നിന്നും പരമാവധി തൊണ്ടുശേഖരിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ശേഖരിക്കുന്ന ഓരോ തൊണ്ടിനും ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. തൊണ്ടിന്റെയും ചകിരിയുടെയും കടത്തുകൂലിയില്‍ 50% വരെ സബ്സിഡി നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍, കയര്‍ സഹകരണ സംഘങ്ങള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി കയര്‍ മേഖലയില്‍ 35 കണ്‍സോര്‍ഷ്യങ്ങള്‍ തൊണ്ടു ശേഖരണത്തിനായി രൂപീകരിച്ചു. 185 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കി. കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണി വിപുലീകരണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പരമ്പരാഗത ഉല്‍പന്നങ്ങള്‍ ഫൈബര്‍മാറ്റുകള്‍, മര്‍സൂക്ക് കാര്‍പ്പറ്റുകള്‍ എന്നിവയെ ഹെറിറ്റേജ് ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചു.

പഴയ തലമുറയില്‍നിന്നും വിദഗ്ധ തൊഴിലാളികളെ പരിശീലകരായി കണ്ടെത്തി പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കി. സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് വില്‍പനശാലകള്‍ ആരംഭിച്ചു. കയറിന്റെ ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുവാനായി ആവിഷ്കരിച്ച ""ഒരു വീട്ടില്‍ ഒരു കയറുല്‍പന്നം"" പദ്ധതിക്ക് വലിയ സ്വീകാര്യത ഉണ്ടായി. പ്രാഥമിക കയര്‍ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായ കയര്‍ഫെഡ് പൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. സംഘങ്ങളുടെ കയര്‍ സംഭരണമല്ലാതെ അവര്‍ക്ക് അവകാശമില്ലാത്ത നിരവധി പദ്ധതികളിലാണവര്‍ വ്യാപരിച്ചത്. കയര്‍ഫെഡിനെ അതിന്റെ സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനായി കയര്‍ഫെഡിന്റെ പുനഃരുദ്ധാരണ പാക്കേജ് അംഗീകരിച്ചു. 15 കോടി രൂപ പ്രവര്‍ത്തനമൂലധനമായി നല്‍കി. സര്‍ക്കാരിലേക്ക് നല്‍കുവാനുണ്ടായിരുന്ന 21 കോടി രൂപയും പലിശയും ഷെയറാക്കി മാറ്റി. മറ്റ് വിവിധ പദ്ധതികള്‍ക്കായി 16 കോടി രൂപയും നല്‍കി. സംസ്ഥാന സഹകരണബാങ്കിന് നല്‍കാനുണ്ടായിരുന്ന 23 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയും തിരിച്ചടയ്ക്കാന്‍ പാക്കേജ് തയ്യാറാക്കി. പ്രത്യേക കയര്‍ യാണ്‍ഡിവിഷന്‍ ആരംഭിച്ചു. അതിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ സഹകരണ വകുപ്പ് വിറ്റഴിച്ച ലോട്ടറിയുടെ വരുമാനത്തില്‍നിന്നും നല്‍കി. കേന്ദ്ര പദ്ധതികള്‍വഴി മറ്റൊരു 15 കോടിരൂപയും നല്‍കി. കയര്‍ സഹകരണ സംഘങ്ങള്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കുമായി കയര്‍ കടാശ്വാസ പദ്ധതി ആവിഷ്കരിച്ചു. 8 കോടിരൂപയിലധികം സഹായം നല്‍കി. കയറിനെ ഒരു ദരിദ്ര ഉല്‍പന്നമായി അല്ല വിപണനം ചെയ്യേണ്ടത് എന്ന ധാരണ എല്ലാവരിലുമെത്തിച്ചു. ദരിദ്രരായ മനുഷ്യരുടെ അധ്വാനഫലമാണ് കയറും കയറുല്‍പന്നങ്ങളുമെങ്കിലും അതിനെ അന്തസുറ്റ ഒരു മികച്ച ഉല്‍പന്നമായി വിപണനം ചെയ്യണം. അല്ലാതെ തൊഴിലാളിയുടെ ദാരിദ്ര്യം വിപണനം ചെയ്യുന്നത് അവന്റെ ആത്മാഭിമാനത്തിനാണ് വ്രണമേല്‍പിക്കുന്നത്. കയര്‍തൊഴിലാളികളില്‍ വരുമാനം ഉറപ്പാക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ 20 കോടി രൂപയും കയര്‍ ഫെഡിന് നല്‍കി. ഇത് ഇനിയും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി കയറിന് പുതിയ ബ്രാന്റ് നെയിം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. "കേരള കയര്‍ - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ്ണനാര്" എന്ന് ബ്രാന്റ് നെയിം അംഗീകരിച്ചു രജിസ്റ്റര്‍ചെയ്തു. 2010 ദേശീയ കയര്‍ വര്‍ഷമായി ആചരിച്ചു. കയറിന്റെ മേന്മയും പ്രാധാന്യവും രാജ്യത്തെയാകെ ബോധ്യപ്പെടുത്തുവാന്‍ ക്യാമ്പെയിന്‍വഴി വലിയൊരളവുവരെ കഴിഞ്ഞു. കയറിന്റെ ബ്രാന്‍ഡ് ബില്‍ഡിംഗിന്റെയും അന്താരാഷ്ട്ര ആഭ്യന്തര വിപണി വിപുലീകരണത്തിന്റെയും ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കയര്‍ ഫെസ്റ്റുകള്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ചു. ആലപ്പുഴ കയര്‍ഫെസ്റ്റ്, അമ്പലപ്പുഴ ഫെസ്റ്റ്, മാരാരിക്കുളം തീരോത്സവം ഫെസ്റ്റ്, വയലാര്‍ കയര്‍ഫെസ്റ്റ്, മലബാര്‍ കയര്‍ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി 2011 ഫെബ്രുവരി മുതല്‍ ആലപ്പുഴയില്‍ അന്താരാഷ്ട്ര കയര്‍മേള കയര്‍കേരള സംഘടിപ്പിച്ചു. ഇതിനെ ഒരു വാര്‍ഷികമേളയാക്കി ആലപ്പുഴയെ കയറിന്റെയും ഇതര പ്രകൃതിദത്ത നാരിന്റെയും ഉല്‍പന്നങ്ങളുടെ ഒരു ഹബ് ആക്കി മാറ്റുകയും അതുവഴി ലോക പരവതാനി വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു ലക്ഷ്യം. ഇതിനെ വാര്‍ഷികമേളയാക്കി സംഘടിപ്പിച്ച് ലോക വ്യാവസായിക മേളകളുടെ പ്രധാന സംവിധാനമായ ഹെംടെക്സില്‍ ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കലണ്ടറുകളില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് വന്ന യുഡിഎഫ് രണ്ട് വര്‍ഷങ്ങള്‍ മേളകള്‍ സംഘടിപ്പിച്ചു വരുന്നുവെങ്കിലും അതിെന്‍റ ചില ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെട്ടു. അഞ്ചുവര്‍ഷം കൊണ്ട് മറ്റേതൊരു വ്യവസായ രംഗത്തും നടപ്പിലാക്കിയതിനേക്കാള്‍ സമഗ്രമായ പരിപാടികള്‍ കയര്‍മേഖലയില്‍ ആവിഷ്കരിക്കുവാനായി. ബജറ്റ് വിഹിതത്തിെന്‍റ കാര്യത്തലും എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകാല റിക്കാര്‍ഡ് സ്ഥാപിച്ചു. 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ കയര്‍മേഖലയില്‍ ചെലവഴിച്ചത് 104.7 കോടി രൂപ മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 300.02 കോടി രൂപ ചെലവഴിച്ചു. മറ്റൊരു 100 കോടി രൂപ അവസാന ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഈ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ മിക്കതും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

5 വര്‍ഷത്തെ, സുവര്‍ണനേട്ടങ്ങള്‍ അല്‍പബുദ്ധികളും "ഇത്തിരിവെട്ടം മാത്രം കാണുന്" ചില "അധോമുഖ വാനരരും" ചേര്‍ന്ന് ഒന്നൊന്നായി തകര്‍ക്കുകയാണ്. ഇതിെന്‍റ ഏറ്റവും പ്രകടമായ ഉദാഹരമാണ് കയര്‍ ക്രയവില സ്ഥിരതാ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-11ല്‍ പിപിഎസ്എസ് സ്കീം വഴി 78.27 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ സംഭരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചത് 43.72 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ മാത്രമാണ്. ഈ വര്‍ഷം ഇതുവരെ 45.45 കോടി രൂപയുടേതും. കയറുല്‍പന്നങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ഏകദേശം 20% വില വര്‍ദ്ധനവ് കണക്കിലെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിെന്‍റ റിക്കാര്‍ഡിന് അടുത്തെത്തണമെങ്കില്‍ 90 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ സംഘടിപ്പിക്കണം.

*
ജി സുധാകരന്‍ ചിന്ത വാരിക

കയര്‍ വ്യവസായത്തിന്റെ അസ്തമനമോ?

റിപ്പബ്ലിക് ദിനത്തില്‍ വൈക്കത്തു നിന്നാരംഭിച്ച കയര്‍ജാഥയുടെ അനുഭവങ്ങള്‍ വലിയൊരു തിരിച്ചറിവായിരുന്നു. പല പ്രദേശത്തും കയര്‍ വ്യവസായം അപ്രത്യക്ഷമായി കഴിഞ്ഞു. പറവൂരായിരുന്നു ആദ്യദിവസത്തെ ജാഥാസമാപനം. പറവൂര്‍ വണ്ണന്‍ കയറിന് പ്രസിദ്ധമായിരുന്ന പ്രദേശമാണ്. പിന്നെ, തെക്കന്‍ കേരളത്തിലേക്ക് തൊണ്ടുതല്ലു യന്ത്രങ്ങളില്‍ ചകിരി സംസ്കരിച്ചു നല്‍കുന്ന കേന്ദ്രവും. രണ്ടും ഏതാണ്ട് അപ്രത്യക്ഷമായി. പറവൂര്‍, വൈപ്പിന്‍, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഒറ്റ സമ്മേളനത്തില്‍ പര്യടനം ഒതുങ്ങി.

കൊല്ലം ജില്ലയിലെ സ്ഥിതി പരിതാപകരമാണ്. മിക്കവാറും കയര്‍ തൊഴിലാളികള്‍ കശുവണ്ടി വ്യവസായത്തിലേക്ക് ചേക്കേറിക്കഴിഞ്ഞു. മണ്‍റോത്തുരുത്തില്‍പ്പോലും ഇപ്പോള്‍ കയറിനെക്കാള്‍ കൂടുതല്‍ കശുവണ്ടിയിലാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. പിരി മേഖലയില്‍ ഏറ്റവും സംഘടിതമായ വ്യവസായവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ഉണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു. പല കയര്‍ ഗ്രാമങ്ങളിലും ഇപ്പോള്‍ കയറു പിരിക്കുന്നവര്‍ കൈവിരലിലെണ്ണാവുന്നവരേ ഉണ്ടാവൂ. കൊല്ലത്തും തിരുവനന്തപുരത്തും തൊഴിലെടുക്കുന്നവരില്‍ ചെറുപ്പക്കാരാരും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് കയര്‍ത്തൊഴിലാളികളുടെ ഏക ആശ്രയം തൊഴിലുറപ്പു തന്നെയാണ്. അഞ്ചുതെങ്ങു കയറിനു ഡിമാന്റു നഷ്ടപ്പെട്ടപ്പോഴാണ് തിരുവനന്തപുരം പിരി മേഖല തകര്‍ന്നത്. പായ നെയ്യാനാണ് നല്ല മുറുക്കമുളള ഈ നേര്‍ത്ത കയര്‍ ഉപയോഗിച്ചിരുന്നത്. ആലപ്പുഴയില്‍ ഇപ്പോള്‍ പായ നെയ്ത്ത് നാമമാത്രമായേ ഉളളൂ. കൊല്ലത്തെ മങ്ങാടന്‍ കയറും മറ്റും കാര്‍ഷികാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്ക് തമിഴ്നാട്ടിലെ യന്ത്രപ്പിരിക്കയര്‍ ആവശ്യത്തിലധികമുണ്ട്. തടുക്കു നെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്ന വൈക്കം കയര്‍ പിരിക്കുന്ന വൈക്കം, ചേര്‍ത്തല, കാര്‍ത്തികപ്പളളി മേഖലയിലാണ് കുറച്ചെങ്കിലും പണി നടക്കുന്നത്. അഞ്ഞൂറില്‍പ്പരം കയര്‍ സൊസൈറ്റികള്‍ നിലവിലുണ്ട്. അതില്‍ സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്നത് മൂന്നോ നാലോ സൊസൈറ്റികള്‍ മാത്രമാണ്. ബാക്കിയിടങ്ങളിലെല്ലാം ഏതാനും റാട്ടുകളില്‍ പിരി നടക്കുന്നു. അല്ലെങ്കില്‍ പൂട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ നല്‍കിയ യന്ത്രറാട്ടുകള്‍ തട്ടിന്‍പുറത്താണ്. അവയ്ക്ക് ഗുണമേന്മ പോരെന്നും ഉല്‍പാദനക്ഷമത പോരെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. എല്ലാ സൊസൈറ്റികള്‍ക്കും ഗണ്യമായ സ്വത്തുണ്ട്. പലതിനും ഒന്നോ രണ്ടോ ഏക്കര്‍ കണ്ണായ ഭൂമി വരും. പക്ഷേ, പ്രവര്‍ത്തനമൂലധനമില്ല. തൊഴിലാളികള്‍ക്ക് പൂര്‍ണ ആനുകൂല്യങ്ങള്‍ നല്‍കി കയര്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ നഷ്ടം വരുന്നത് സ്വാഭാവികം. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ പ്രവര്‍ത്തനമൂലധനം നഷ്ടപ്പെട്ട് പ്രതിസന്ധിയുണ്ടാകും. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ ഒരു ധനസഹായവും കയര്‍ സംഘങ്ങള്‍ക്കു നല്‍കിയിട്ടില്ല. കയര്‍ സൊസൈറ്റികള്‍ ഉണ്ടാക്കുന്ന യാണ്‍ വാങ്ങാനാണ് അപ്പെക്സ് ബോഡിയായ കയര്‍ ഫെഡിനെ നിയോഗിച്ചിരിക്കുന്നത്. 20 കോടി രൂപ കയര്‍ഫെഡിനു അനുവദിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ തുക കൈമാറിയില്ല. നല്‍കിയത് നാമമാത്രമായ തുക. അതുകൊണ്ട് സൊസൈറ്റി ഉണ്ടാക്കുന്ന കയര്‍ വാങ്ങാനുളള ത്രാണി കയര്‍ ഫെഡിനില്ലാതെയായി. കെട്ടിക്കിടന്ന കയര്‍ പല സൊസൈറ്റികളും നഷ്ടത്തിനു വില്‍ക്കേണ്ടതായിവന്നു.

ആലപ്പുഴയിലെ കയര്‍ നെയ്ത്ത് മേഖലയിലും രൂക്ഷമായ തൊഴിലില്ലായ്മയാണ്. പായ് നെയ്ത്ത് ഏതാണ്ട് അന്യം നിന്നു. 70,000 ടണ്ണിന്റെ തടുക്കു കയറ്റുമതിയില്‍ 40,000 ടണ്‍ യന്ത്രത്തറിയിലുളള ടഫ്റ്റ് മാറ്റുകളാണ്. ബാക്കി 30,000 ടണ്ണില്‍ യഥാര്‍ത്ഥത്തില്‍ കൈത്തറി എത്ര ശതമാനം വരും എന്നു സംശയമാണ്. യന്ത്രത്തടുക്കുകളെ കൈത്തറിയായി കണക്കിലെഴുതി ആനുകൂല്യം നേടുന്നുണ്ട് എന്ന ആക്ഷേപമുണ്ട്. ഏതായാലും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇവിടെയും ഇപ്പോള്‍ നടമാടുന്നത്. ചെറുകിട ഉല്‍പാദകര്‍ക്ക് കയറ്റുമതിക്കാരില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ലഭിക്കുന്നില്ല. ഇടനിലക്കാരായ ഡിപ്പോക്കാര്‍ വഴിയാണ് ഓര്‍ഡറെടുക്കുന്നത്. ഇവരാകട്ടെ, ഉല്‍പന്നങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട ക്രയവില നല്‍കാറില്ല. അതുകൊണ്ട് തൊഴിലാളികള്‍ക്ക് അംഗീകൃത കൂലിയും ലഭിക്കുന്നില്ല. ചരിത്രത്തിലൊരിക്കലും കയര്‍ വ്യവസായം ഇത്ര പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല. മുന്‍പൊക്കെ കമ്പോള ചാഞ്ചാട്ടത്തിന്റെ ഫലമായി പ്രതിസന്ധികള്‍ രൂപം കൊളളുമ്പോഴെല്ലാം ഇന്നല്ലെങ്കില്‍ നാളെ കാര്യങ്ങള്‍ സാധാരണ ഗതിയിലാകുമെന്ന് ആശിക്കാമായിരുന്നു. ഇപ്പോഴാ പ്രതീക്ഷയല്ല. പ്രകൃതിനാരുകള്‍ എന്ന നിലയില്‍ കയറിനും കയര്‍ ഉല്‍പന്നങ്ങള്‍ക്കും ആഗോളവിപണിയില്‍ ആവശ്യക്കാരുണ്ടായിരുന്നു. കൃത്രിമനാരുകളും പ്ലാസ്റ്റിക്കും മറ്റും നിഷിദ്ധമാക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാരുടെ എണ്ണം കൂടുകയേ ഉളളൂ. കേരളത്തിനു ബദലായി തമിഴ്നാട് ഒരു ഉല്‍പാദനകേന്ദ്രമായി വളര്‍ന്നുവന്നിരിക്കുന്നു എന്നത് പുതിയൊരു ഘടകമാണ്. ഓരുവെളളത്തില്‍ അഴുക്കി കറ കളഞ്ഞ് ഉണ്ടാക്കുന്ന സുവര്‍ണ നാരുകള്‍ ഇതുവരെ കേരളത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. മുന്തിയതരം കയറും കയറുല്‍പന്നങ്ങളും നിര്‍മ്മിക്കാന്‍ അത്തരം നാരുകള്‍ വേണ്ടിയിരുന്നു. എന്നാല്‍ എണ്‍പതുകള്‍ മുതല്‍ കേരളം കൂടുതല്‍ കൂടുതല്‍ ചകിരിയ്ക്കു വേണ്ടി തമിഴ്നാടിനെ ആശ്രയിച്ചു തുടങ്ങി. ഇന്ന് കേരളത്തിലെ കയറുല്‍പാദനത്തിന്റെ 75 ശതമാനവും ആശ്രയിക്കുന്നത് തമിഴ്നാടില്‍ നിന്നു വരുന്ന ചകിരിയെയാണ്. തമിഴ്നാട്ടിലെ പച്ചത്തൊണ്ടില്‍ നിന്നും ഉണ്ടാക്കുന്ന ചകിരി കഴുകി കറ കളഞ്ഞാല്‍ തല്‍ക്കാലത്തേക്ക് ഏതാണ്ട് നമ്മുടെ സുവര്‍ണനാരുപോലെയാകും. അങ്ങനെ കമ്പോളത്തില്‍ രണ്ടുതരം ചകിരിനാരുകള്‍ തമ്മില്‍ അന്തരം ഇല്ല എന്നു പറയാം. തമിഴ്നാട്ടുകാരാണെങ്കില്‍ വലിയതോതില്‍ യന്ത്രം കൊണ്ട് ചകിരി ഉല്‍പാദിപ്പിക്കുകയാണ്. ഉപ്പുവെളളം കയറാത്ത ഈ തൊണ്ടിന്റെ ചകിരിച്ചോറിന് വിദേശത്ത് നല്ല ഡിമാന്റാണ്. രണ്ടുലക്ഷം ടണ്ണിലേറെ ചകിരിച്ചോറാണ് വിദേശത്തേക്ക് അവര്‍ കയറ്റുമതി ചെയ്യുന്നത്. ഒരുലക്ഷം ടണ്ണിലേറെ ചകിരിയും അവര്‍ കയറ്റുമതി ചെയ്യുന്നു. ചൈനക്കാരാണ് ചകിരിയില്‍ നല്ലപങ്കും വാങ്ങുന്നത്. മെത്തയുണ്ടാക്കാനാണത്രേ അതുപയോഗിക്കുന്നത്. ഇവ രണ്ടും കഴിഞ്ഞ് ബാക്കിവരുന്ന ചകിരിയാണ് കേരളത്തില്‍ വില്‍ക്കുന്നത്. അതുകൊണ്ട് നമ്മുടെ വിലപേശല്‍ കഴിവ് ദുര്‍ബലമാണ്.

ഇപ്പോള്‍ പുതിയൊരു സംഭവവികാസമുണ്ടായിട്ടുണ്ട്. കയറു പിരിക്കുന്നതിന് വന്‍കിട മില്ലുകളും അവര്‍ സ്ഥാപിച്ചു തുടങ്ങി. ഈ മില്ലുകളില്‍ പിരിച്ച കയറിന് കേരളത്തിലെ കയറിനെക്കാള്‍ വില കുറവാണ്. യന്ത്രത്തടുക്ക് ഫാക്ടറികളില്‍ പകുതിയോളം കപ്പാസിറ്റി ഇപ്പോള്‍ തമിഴ്നാട്ടിനാണ്. കേരളത്തിലെ ഉല്‍പാദനം തകര്‍ന്നാലും ഇന്ത്യയില്‍ നിന്നുളള കയര്‍ - കയറുല്‍പന്നങ്ങളുടെ കയറ്റുമതി വലിയ തടസമൊന്നുമില്ലാതെ മുന്നോട്ടുപോകും. ഇതു തികച്ചും പുതിയൊരു സ്ഥിതിവിശേഷമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതിനെക്കുറിച്ചൊന്നും വേവലാതിയില്ല. കയറിന്റെ വിഹിതത്തില്‍ നിന്ന് തങ്ങള്‍ക്കെത്ര കൈക്കലാക്കാം എന്നാണ് മന്ത്രിയടക്കമുളളവരുടെ ചിന്തയെന്നാണ് അവരുടെ ചെയ്തികള്‍ തോന്നിപ്പിക്കുന്നത്. പ്രവര്‍ത്തനമൂലധനമില്ലാത്തതുകൊണ്ട് നിലവിലുളള സംഘങ്ങള്‍ മുഴുവന്‍ അടഞ്ഞു കിടക്കുമ്പോഴാണ് 130 പോക്കറ്റ് സംഘങ്ങള്‍ക്ക് രൂപം നല്‍കാന്‍ കയര്‍ മന്ത്രി തീരുമാനിച്ചിരിക്കുന്നത്. സംഘമൊന്നിന് 30 ലക്ഷം രൂപ വെച്ചു നല്‍കാനാണ് ധാരണ. ഇത്രയും പണം നിലവിലുളള സംഘങ്ങള്‍ക്കു നല്‍കിയാല്‍ അവയെ പുനരുജ്ജീവിപ്പിക്കാം. കയര്‍ വ്യവസായത്തില്‍ സംഘങ്ങള്‍ വഹിച്ചിട്ടുളള പങ്കിനെയോ അവ നഷ്ടത്തിലാകാനുളള കാരണങ്ങളെയോ കുറിച്ചൊന്നും ഒരു പിടിപാടുമില്ലാത്ത മന്ത്രി, സംഘങ്ങളുടെ പ്രതിസന്ധിയ്ക്കു കാരണം അഴിമതിയാണെന്നാണ് വിധി പ്രസ്താവിച്ചത്. എന്നിട്ട് പ്രഥമദൃഷ്ട്യാതന്നെ 39 കോടിയുടെ അഴിമതിയ്ക്ക് കളമൊരുക്കിക്കൊണ്ടിരിക്കുകയാണ്. ആലപ്പുഴയിലെ കയര്‍ ഉല്‍പന്ന വ്യവസായം ആകെ പ്രതിസന്ധിയിലിരിക്കുമ്പോഴാണ് കോന്നിയില്‍ മറ്റൊരു വ്യവസായകേന്ദ്രമുണ്ടാക്കാന്‍ അദ്ദേഹത്തിനു തിടുക്കം. അവിടെയാണത്രേ, 26 കോടിയുടെ പുതിയ യന്ത്രവത്കരണ ഫാക്ടറി വരാന്‍ പോകുന്നത്. തൊഴിലില്ലായ്മ മൂലം രണ്ടുതൊഴിലാളികള്‍ ആലപ്പുഴയില്‍ ആത്മഹത്യ ചെയ്തു. നിരാലംബമായ ആ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും മന്ത്രിയുടെ കൈയില്‍ പണമില്ല. പക്ഷേ, ആലപ്പുഴ കയര്‍മേളയുടെ പേരില്‍ എത്രകോടി ധൂര്‍ത്തടിക്കുന്നതിനും അദ്ദേഹത്തിനു മടിയില്ല. പൂട്ടിക്കിടക്കുന്ന സംഘങ്ങളില്‍നിന്നുപോലും, മന്ത്രിയുടെ ഇണ്ടാസു മൂലം, ഒരു തൊഴിലാളിക്ക് ഒരുദിവസം 250 രൂപ കൂലി നല്‍കി ബസും വാടകയ്ക്കെടുത്ത് ആലപ്പുഴ മേള വിജയിപ്പിക്കാന്‍ വരേണ്ടിവന്നു. മേല്‍പറഞ്ഞ സ്ഥിതിവിശേഷത്തിലാണ് രണ്ടും കല്‍പ്പിച്ചൊരു സമരത്തിന് കയര്‍ത്തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ ഇവയാണ്: ഒന്നുകില്‍ തൊഴില്‍ തരിക. തൊഴിലില്ലെങ്കില്‍, കൂലി തൊഴിലില്ലായ്മാ വേതനമായി തരിക. ഇതിനു രണ്ടിനും കഴിയില്ലെങ്കില്‍ 45-ാം വയസില്‍ പെന്‍ഷന്‍ വാങ്ങി പിരിഞ്ഞുപോകാന്‍ അനുവദിക്കുക. ഒന്ന്, തൊഴില്‍ നല്‍കുന്നതിന് ആവശ്യമായ ധനസഹായം തൊഴിലാളി സഹകരണസംഘങ്ങള്‍ക്കു നല്‍കണം. തൊണ്ടൊന്നിന് 50 പൈസ സബ്സിഡി പ്രഖ്യാപിക്കണം. തൊണ്ടു ശേഖരണം തൊഴിലുറപ്പില്‍പ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതിനുളള തുക സംസ്ഥാനവിഹിതമായി ഉള്‍പ്പെടുത്തണം.

പിരി മേഖലയിലെ തൊഴിലാളികള്‍ക്ക് 350 ഉം നെയ്ത്തു മേഖലയിലെ തൊഴിലാളികള്‍ക്ക് 500 ഉം രൂപ വരെ കൂലി ലഭിക്കണം. ഈ കൂലിക്ക് അനുസരിച്ചുളള വിലയ്ക്ക് കയറും കയറുല്‍പന്നങ്ങളും കയര്‍ഫെഡും കയര്‍ കോര്‍പറേഷനും സംഭരിക്കണം. കയര്‍ ഫെഡിനും കയര്‍ കോര്‍പറേഷനും വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കണം. ഇത്ര വലിയൊരു സബ്സിഡി താങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ എന്നൊരു ചോദ്യമുണ്ട്. ഇപ്പോള്‍ ഏതാണ്ട് 100 കോടി രൂപയാണ് കയര്‍ വ്യവസായത്തിനുളള വകയിരുത്തല്‍. 100 കോടി കൂടി വകയിരുത്തലുണ്ടെങ്കില്‍ ഇപ്രകാരമൊരു സ്കീം നടപ്പിലാക്കാന്‍ പറ്റും. ദ്രുതഗതിയില്‍ വളരുന്ന കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഈ ഭാരം താങ്ങാവുതേയുളളൂ. തകര്‍ന്നുകൊണ്ടിരിക്കുന്ന കയര്‍ പോലുളള വ്യവസായങ്ങള്‍ക്ക് അതിവേഗത്തില്‍ വളരുന്ന കേരള സമ്പദ്ഘടന പ്രത്യേക പരിരക്ഷ നല്‍കുക തന്നെ വേണം. രണ്ട്, മേല്‍പ്പറഞ്ഞ പ്രകാരം കയര്‍മേഖലയില്‍ പണിയെടുക്കാന്‍ സന്നദ്ധരായുളള തൊഴിലാളികള്‍ക്ക് മാസത്തില്‍ 20 ദിവസമെങ്കിലും തൊഴില്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനമായി കൂലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെട്ട ഒരു തത്ത്വമാണ് തൊഴിലില്ലായ്മാ വേതനം. ഔപചാരികമായി യാതൊരു പണിയും ഇല്ലാത്ത യുവതീയുവാക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഇതിന് അര്‍ഹത. ഭാഗികമായി മാത്രം പണി കിട്ടുന്ന മറ്റൊരു ദുര്‍ബലവിഭാഗം തൊഴിലാളികളെക്കൂടി ഈ സ്കീമിലേയ്ക്കു കൊണ്ടുവരുന്നു എന്നു കരുതിയാല്‍ മതിയാകും. മൂന്ന്, മേല്‍പറഞ്ഞ രണ്ടു കാര്യങ്ങളും സര്‍ക്കാരിനു സ്വീകാര്യമല്ലെങ്കില്‍ തൊഴിലാളികളെ 45-ാം വയസില്‍ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുകയാണ് കരണീയം. ഇന്ന് രണ്ടേകാല്‍ ലക്ഷം തൊഴിലാളികള്‍ കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്കെല്ലാവര്‍ക്കും ഈ തത്ത്വം ബാധകമായിരിക്കണം. ഇക്കാര്യവും കേരളത്തില്‍ ഭാഗികമായി പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു തത്ത്വമാണ്. കണ്ണൂര്‍ ജില്ലയിലെ ദിനേശ് ബീഡി സഹകരണസംഘത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈയൊരു നിര്‍ദ്ദേശം നടപ്പാക്കുകയുണ്ടായി. ബീഡിവലി അപ്രത്യക്ഷമായതോടെ കണ്ണൂര്‍ ദിനേശ് ബീഡി സഹകരണ സംഘവും വലിയ പ്രതിസന്ധിയിലായി. ഒരുകാലത്ത് 40,000 തൊഴിലാളികള്‍ വരെ പണിയെടുത്തിരുന്ന സ്ഥാപനമാണെന്ന് ഓര്‍ക്കണം. ജനങ്ങളുടെ ശീലത്തില്‍ മാറ്റം വന്നതോടെ ഈ വ്യവസായത്തിന് നിലനില്‍പ്പില്ലാതായി. ഈ പശ്ചാത്തലത്തിലാണ് ദിനേശ് ബീഡി സഹകരണ സംഘത്തില്‍ പണിയെടുക്കുന്ന തൊഴിലാളി 45-ാം വയസില്‍ പെന്‍ഷന്‍ പറ്റി പിരിയുന്നതിന് അനുവാദം നല്‍കിയത്.

കയര്‍ വ്യവസായത്തിന് നല്‍കേണ്ട പെന്‍ഷനെക്കുറിച്ച് കൃത്യമായ മുദ്രാവാക്യമുണ്ട്. പ്രതിമാസം ആയിരം രൂപ. 110 രൂപ കയര്‍ത്തൊഴിലാളി പെന്‍ഷനായിരുന്നത് 27 മാസം കുടിശികയാക്കി ഇറങ്ങിപ്പോയ പാരമ്പര്യമാണ് യുഡിഎഫിനുളളത്. ആ കുടിശിക തീര്‍ക്കുക മാത്രമല്ല പെന്‍ഷന്‍ 400 ആക്കി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് ഭരണം അവസാനിച്ചത്. ഈ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തും എന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരിച്ചത്. അതുകൊണ്ട് വീണ്ടുവിചാരമില്ലാത്ത എന്തോ മുദ്രാവാക്യമുയര്‍ത്തുന്നു എന്നാരും ധരിക്കേണ്ടതില്ല.

ഭീതിജനകമായ തകര്‍ച്ചയാണ് നേരിടുന്നതെങ്കിലും കയര്‍ത്തൊഴിലാളികള്‍ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രക്ഷോഭത്തിനു മുന്നില്‍ ചില പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ന് പണിയെടുക്കുന്നവരെ മാത്രമല്ല, ഈ തൊഴില്‍ വിട്ടുപോയവരും എന്നാല്‍ ക്ഷേമനിധിയില്‍ അംഗമായി തുടരുന്നവരുമായ മുഴുവന്‍പേരെയും ആകര്‍ഷിക്കുന്ന മുദ്രാവാക്യമാണ് സമരം ഉയര്‍ത്തുന്നത്. കയര്‍ തൊഴിലാളിയുടെ ഉജ്വലമായ സമരചരിത്രത്തില്‍ തിളക്കമുളള ഒരധ്യായം തന്നെയാവും വരുംനാളുകളില്‍ എഴുതപ്പെടുക.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

Friday, March 18, 2011

സമൃദ്ധം സഹകരണം

കേരളീയ സമ്പദ്ഘടനയുടെ നട്ടെല്ലായി ഇന്ന് സഹകരണ മേഖല വളര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ്. സാധാരണക്കാരന്റെയും കര്‍ഷകന്റെയും ആശ്രയകേന്ദ്രമാണ് ഇന്ന് സഹകരണപ്രസ്ഥാനം. ആശുപത്രികള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണം, നെല്ല് സംഭരണം തുടങ്ങി നിരവധി പുതിയ മേഖലയിലേക്കും സഹകരണപ്രസ്ഥാനം മുന്നേറി. അഴിമതിയും സ്വജനപക്ഷപാതവും മുച്ചൂടും തകര്‍ത്ത അവസ്ഥയില്‍നിന്നാണ് അഞ്ചുവര്‍ഷംകൊണ്ട് സഹകരണമേഖലയെ വളര്‍ച്ചയുടെ പാതയിലെത്തിച്ചത്.

2006ല്‍ സഹകരണമന്ത്രിയായി ജി സുധാകരന്‍ ചുമതലയേറ്റടുത്തപ്പോള്‍ ആദ്യം ചെയ്യേണ്ടിവന്നത് വകുപ്പിലെ ശുദ്ധികലശമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കേസുകള്‍ അന്വേഷിക്കുന്നതിന് സഹകരണ വിജിലന്‍സ് വിഭാഗംതന്നെ രൂപീകരിച്ചു. 200 വിജിലന്‍സ് കേസിനാണ് ശുപാര്‍ശചെയ്‌തത്. പല കേസുകളും കോടതിയിലെത്തി. കൊടിയ അഴിമതികളില്‍നിന്ന് വകുപ്പിനെ രക്ഷിക്കാനായതുതന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടമായി.

സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും സഹകരണ മേഖലയിലെ വായ്‌പയും നിക്ഷേപവും വര്‍ധിച്ചു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആകെ നിക്ഷേപം 20,287 കോടിയായിരുന്നത് ഇന്ന് 65,600 കോടി രൂപയാണ്. സഹകരണ നിക്ഷേപം കേരളീയം സംരംഭത്തിലൂടെ 14,200 കോടിയുടെ അധിക നിക്ഷേപമാണ് സമാഹരിച്ചത്. നിക്ഷേപത്തിന്റെ 90 ശതമാനവും വായ്‌പയായി സംസ്ഥാനത്തുതന്നെ വിതരണംചെയ്യുന്നു.

നബാര്‍ഡില്‍നിന്ന് സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം ഫണ്ടില്‍നിന്നുതന്നെ കാര്‍ഷികവായ്‌പക്ക് തുക കണ്ടെത്തി. ഒരു വര്‍ഷം 5000 കോടിയുടെ കാര്‍ഷികവായ്‌പയാണ് നല്‍കുന്നത്. നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും നാലു ശതമാനം പലിശ നിരക്കില്‍ വായ്‌പ നല്‍കി. രാജ്യത്ത് ആദ്യമായി നെല്‍കൃഷിക്ക് പലിശ രഹിത വായ്‌പ അനുവദിച്ചു. നൂറു കോടി രൂപയാണ് ഒരു വര്‍ഷം ഇങ്ങനെ വായ്‌പയായി നല്‍കുന്നത്. നിര്‍ധന യുവതികളുടെ വിവാഹത്തിനായുള്ള മംഗല്യസൂത്ര സഹകരണ സംഘം ആശ്വാസമായത് നിരവധി കുടുംബത്തിനാണ്. 4554.25 കോടിയുടെ വിദ്യാഭ്യാസവായ്‌പയും ഇ എം എസ് ഭവനപദ്ധതിക്കായി 4000 കോടി രൂപയുമാണ് സഹകരണപ്രസ്ഥാനത്തിന്റെ സംഭാവന.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സഹകരണപ്രസ്ഥാനം കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നത്. ആഘോഷവേളകളില്‍ വിപണിയില്‍ സജീവമായി ഇടപെട്ടു. പൊതുമാര്‍ക്കറ്റിനേക്കാള്‍ 80 ശതമാനംവരെ വില കുറച്ച് സാധനങ്ങള്‍ നല്‍കി. ഇതുവഴി 380 കോടിയുടെ സാമ്പത്തികനേട്ടമാണ് ജനങ്ങള്‍ക്കുണ്ടായത്. സംസ്ഥാനത്തൊട്ടാകെ ഇന്ന് 800 മെഡിക്കല്‍ സ്റോറും 222 നീതി മെഡിക്കല്‍ സ്റോറുമാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടായത്. വന്‍ നഗരങ്ങളില്‍ മെഗാ മാര്‍ക്കറ്റുകളും ചെറുനഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റോറുകളും ആരംഭിച്ചു. കുട്ടനാട്ടില്‍ 'ഒഴുകുന്ന ത്രിവേണിയും' ആരംഭിച്ചു. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍മാര്‍ക്കറ്റാണിത്.

സഹകരണമേഖലയില്‍ നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടതും ഈ കാലയളവിലാണ്. കേപ്പ് (കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍) ഇതിനോടകം ആര്‍ജിച്ച നേട്ടങ്ങള്‍ അതുല്യമാണ്. സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 12 എച്ച്ഡിസിഎം കോളേജാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് നെയ്യാര്‍ഡാമിനു സമീപമുള്ള കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കിക്‌മ എന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥാപനം ആരംഭിച്ചു. കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്ന 140 സഹകരണ ആശുപത്രിയാണ് ഈ കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വായ്‌പക്കാരന്‍ വായ്‌പാ കാലാവധിക്കുള്ളില്‍ മരിച്ചാല്‍ ഒരുലക്ഷം രൂപവരെയുള്ള ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്ന പദ്ധതി മറ്റൊരു ശ്രദ്ധേയ മുന്നേറ്റമാണ്. സഹകരണരംഗത്ത് വിവിധ മേഖലയിലുള്ള ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിച്ചു.

പ്രതീക്ഷയുടെ 'സുവര്‍ണനാര് '

തകര്‍ച്ചയുടെ വക്കിലായിരുന്ന കയര്‍മേഖലയ്‌ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം പുത്തനുണര്‍വാണ് നല്‍കിയത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്‌ക്കും ആധുനികവല്‍ക്കരണത്തിനും സഹായമാകുന്ന നിരവധി പദ്ധതി ആവിഷ്‌കരിച്ചതിലൂടെ കയര്‍മേഖലയും തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉയര്‍ന്നു. നാലുലക്ഷത്തോളംപേര്‍ പണിയെടുക്കുന്ന ഈ മേഖല ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്.

'കേരള കയര്‍ ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാര് ' എന്ന ബ്രാന്‍ഡ് നെയിം നല്‍കി കയറുല്‍പ്പന്നങ്ങളുടെ പ്രചാരണപരിപാടി ആവിഷ്‌കരിച്ചു. 'ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പ്പന്നം' എന്ന പദ്ധതി, വില്‍പ്പന വന്‍തോതില്‍ വര്‍ധിക്കാന്‍ സഹായമായി. തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയാക്കിയ മുഴുവന്‍ പെന്‍ഷനും കൊടുത്തുതീര്‍ക്കുകയും ചെയ്‌തു. കയര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡുവഴിയുള്ള എല്ലാ ആനുകൂല്യവും മൂന്നിരട്ടിയിലേറെയായി ഉയര്‍ത്തി. കയര്‍ സഹകരണസംഘങ്ങളുടെ സര്‍ക്കാരിലേക്കുള്ള വായ്‌പയും പലിശയും എന്‍സിഡിസി വായ്‌പയും പൂര്‍ണമായും ഓഹരിയാക്കി മാറ്റി. സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തനമൂലധനവും നല്‍കി.

കയര്‍ഫെഡിന്റെ ചുമതലയില്‍ പിവിസി ടഫ്റ്റഡ് ഫാക്‌ടറി, ഫോംമാറ്റിങ്സിന്റെ ചുമതലയില്‍ കോമ്പോസിറ്റ് ബോര്‍ഡ് ഫാക്‌ടറി, കയര്‍ കോര്‍പറേഷന്റെ ചുമതലയില്‍ ബ്ളണ്ടഡ് യാ ഫാക്‌ടറി, ഓട്ടോമാറ്റിക് ലൂം ഫാക്‌ടറി എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. കയര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിനുകീഴില്‍ വൃദ്ധസദനം നിര്‍മിക്കാന്‍ ഒരുകോടി രൂപ നല്‍കി. ക്ഷേമനിധിബോര്‍ഡുവഴി 50 കോടി രൂപയിലേറെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി. കയര്‍മേഖലയിലെ എല്ലാ തൊഴിലാളികളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്.

കയര്‍ കടാശ്വാസപദ്ധതിപ്രകാരം ചെറുകിട സംരംഭകര്‍ക്കും സഹകരണസംഘങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാക്കി. കയര്‍ ഉല്‍പ്പന്ന വിപണനമേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കയര്‍ ക്രയവിലസ്ഥിരത പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. ചകിരിക്ഷാമം രൂക്ഷമായപ്പോള്‍ തമിഴ്‌നാട്ടില്‍നിന്ന് ഇറക്കുമതി ചെയ്‌ത് പ്രശ്‌നം പരിഹരിച്ചു. തൊണ്ടുസംഭരണപദ്ധതിക്കായി സംഘങ്ങള്‍ രൂപീകരിക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്‌തു. എല്ലാ ഡീഫൈബറിങ് മില്ലും പ്രവര്‍ത്തനസജ്ജമാക്കുന്നതിനും നവീകരിക്കുന്നതിനും നടപടി സ്വീകരിച്ചു. പുതിയ ഡീഫൈബറിങ് മില്ലുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കി. കയര്‍രംഗത്തെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ഇന്ന് കേരളത്തിലെ ശാസ്‌ത്രസാങ്കേതിക ഗവേഷണമേഖലയിലെ പ്രമുഖ സ്ഥാപനമാണ്.

ജനവിശ്വാസം നേടിയ അര്‍പ്പണബോധം

കേരളത്തില്‍ സഹകരണമേഖലയ്‌ക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നതും അതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുമ്പോള്‍മാത്രമാണെന്ന് റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറും ഗ്രന്ഥകര്‍ത്താവുമായ പന്ന്യന്നൂര്‍ ഭാസി പറയുന്നു. ആദ്യത്തെ സഹകരണനിയമം കൊണ്ടുവന്നത് ഇ എം എസ് മന്ത്രിസഭയാണ്. സഹകരണമേഖലയ്‌ക്ക് പുത്തനുണര്‍വുണ്ടാക്കാനും ജനകീയത കൈവരിക്കാനും ഈ സര്‍ക്കാരിന് സാധിച്ചു. സഹകരണമേഖലയെ ഉടച്ചുവാര്‍ക്കാന്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അതില്‍ മന്ത്രി പൂര്‍ണമായി വിജയിക്കുകയും ചെയ്‌തു.

കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യത്തെതുടര്‍ന്ന് രാജ്യമെങ്ങും വിലക്കയറ്റം രൂക്ഷമാണ്. എന്നാല്‍, കേരളം വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചു. സഹകരണസംഘങ്ങള്‍വഴിയും നീതിസ്റോറുകള്‍വഴിയും ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ നല്‍കി ജനങ്ങളെ സര്‍ക്കാര്‍ രക്ഷിച്ചു. കര്‍ഷകര്‍ക്ക് വായ്‌പ നല്‍കുന്നതില്‍ മുമ്പെന്നത്തേക്കാളും സഹകരണമേഖല മുന്നോട്ടുപോയി.

കടക്കെണിയില്‍ കുടുങ്ങി വീര്‍പ്പുമുട്ടിയ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തെ തകര്‍ച്ചയുടെ വക്കില്‍നിന്ന് ഉയര്‍ത്തിയതില്‍ ജി സുധാകരന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. കടത്തില്‍ മുങ്ങിയ സംഘത്തിന്റെ ബാധ്യതകള്‍ കൊടുത്തുതീര്‍ത്ത് പുനരുജ്ജീവിപ്പിച്ചു. ഇത് ഇടതുഭരണത്തിലെ പൊന്‍തൂവലാണ്. മുന്‍ സര്‍ക്കാര്‍ സഹകരണപ്രസ്ഥാനങ്ങളെ തഴയുകയാണ് ചെയ്‌തത്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്‌ക്ക് ഈ സ്ഥിതിയാകെ മാറി.

സഹകരണസംഘങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസംവന്നിട്ടുണ്ട്. അതിനുള്ള തെളിവാണ് സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ വര്‍ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബ ബജറ്റ് താളം തെറ്റിക്കാതെ

കൊച്ചി: "നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാന്‍ ത്രിവേണിയാണ് ഞങ്ങളെ സഹായിക്കുന്നത്''- എറണാകുളം ഗാന്ധിനഗറിലെ ത്രിവേണി മെഗാമാര്‍ട്ടില്‍നിന്ന് കൈനിറയെ സാധനങ്ങള്‍ നിറച്ച കിറ്റുകളുമായി ഇറങ്ങവേ മലിനീകരണ നിയന്ത്രണബോര്‍ഡ് ജീവനക്കാരായ ഷൈലയും ചിത്രയും പറഞ്ഞു.

വിലവിവര പട്ടികയില്‍ ഇടയ്‌ക്കിടെ നോക്കാതെ ധൈര്യമായിസാധനങ്ങള്‍ വാങ്ങാം. തൊട്ടാല്‍ പൊള്ളുന്ന സാധനങ്ങള്‍ക്ക് 15 മുതല്‍ 20 ശതമാനംവരെ വിലക്കിഴിവുണ്ട്, ഗുണനിലവാരവും. ആധുനിക മാളുകളിലെന്നപോലെ ഇഷ്‌ടാനുസരണം സാധനം തെരഞ്ഞെടുക്കാം എന്ന സൌകര്യവുമുണ്ട്. ചിത്രയും ഷൈലയും പറഞ്ഞു.

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ പരമാവധി വിലകുറച്ച് ജനങ്ങളിലേക്കെത്തിക്കുക എന്ന കണ്‍സ്യൂമര്‍ഫെഡിന്റെ സ്വപ്‌നം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സാക്ഷ്യപത്രമാണ് ത്രിവേണി മാര്‍ക്കറ്റുകളിലെ ഉപയോക്താക്കളുടെ ജനത്തിരക്ക്. അരിയും പച്ചക്കറികളും പരിപ്പ് വര്‍ഗങ്ങളും ഗൃഹോപകരണസാധനങ്ങളും സൌന്ദര്യവര്‍ധക വസ്‌തുക്കളും തുടങ്ങി ത്രിവേണിമാര്‍ക്കറ്റില്‍ പോയിട്ട് കിട്ടിയില്ലെന്ന പരിഭവമുണ്ടാകാത്ത രീതിയില്‍ എല്ലാമുണ്ട് ത്രിവേണി മാര്‍ട്ടുകളില്‍. ഗുണനിലവാരത്തെപ്പറ്റിയുള്ള പരാതി ഉടനടി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുന്നതും ത്രിവേണിയുടെ വിജയത്തിന് സഹായകമാകുന്നു.

ത്രിവേണി ഉച്ചഭക്ഷണപദ്ധതി പ്രകാരം സ്കൂളുകളിലേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സാധനങ്ങള്‍ വിതരണംചെയ്യുന്നുണ്ട്. മുക്കിലും മൂലയിലും സഞ്ചരിച്ച് വീടുകളിലേക്കാവശ്യമുള്ള സാധനങ്ങളെത്തിക്കുന്ന മൊബൈല്‍മാര്‍ക്കറ്റുകളും കുട്ടനാടിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന ഫ്ളോട്ടിങ് ത്രിവേണിയും ചരിത്രത്തിന്റെ ഭാഗമായി. എറണാകുളം ജില്ലയില്‍ മൂന്നിടത്ത് ആരംഭിച്ച ത്രിവേണി ഹോട്ടലുകള്‍ക്ക് ആരാധകരേറെയാണ്. കേരളത്തിലെ തെരഞ്ഞെടുത്ത നീതിസ്‌റ്റോറുകളില്‍ സാധനങ്ങള്‍ 20 ശതമാനം വിലക്കിഴിവില്‍ വില്‍ക്കുന്ന നന്മ പദ്ധതികൂടി നടപ്പാകുന്നതോടെ വീട്ടമ്മമാരുടെ ഹൃദയങ്ങളില്‍ ത്രിവേണിയുടെ സ്ഥാനം ഇനിയും ഉയരും

എസ് പി സിഎസിന് പുതുജീവന്‍

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ രക്ഷപ്പെടുത്താനുള്ള നിരവധി പദ്ധതിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ നടപ്പാക്കിയത്. സഹകരണ സാമൂഹികം കേരളീയം’പദ്ധതി പ്രകാരം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കുടിശ്ശിക വിതരണംചെയ്‌തു. ഒറ്റദിവസംകൊണ്ട് 316 എഴുത്തുകാര്‍ക്ക് 40.81 ലക്ഷം രൂപയാണ് നല്‍കിയത്. പിന്നീട് 2.17 കോടി രൂപയും നല്‍കി.

2010 ഡിസംബറിനകം 500 പുസ്‌തകം പ്രസിദ്ധപ്പെടുത്താന്‍ ലക്ഷ്യമിട്ടത് 2009 ഡിസംബറില്‍ പൂര്‍ത്തിയാക്കി. 2010 ഡിസംബറോടെ 1000 പുസ്‌തകമാണ് പ്രസിദ്ധീകരിച്ചത്. ശബ്ദതാരാവലിപോലുള്ള ബൃഹദ് ഗ്രന്ഥങ്ങളുടെ പല പതിപ്പുകള്‍ ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചു. എസ് പ് സിഎസില്‍ ശമ്പളകുടിശ്ശിക തീര്‍ത്തു. 23 വര്‍ഷത്തിനുശേഷം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. 2206 സഹകരണസംഘത്തില്‍ ലൈബ്രറിയായി. കോട്ടയത്ത് എസ് പി സിഎസ് ആസ്ഥാനത്തോടനുബന്ധിച്ച് തകഴി സ്‌മാരക മന്ദിരം ഒരുകോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.


******

കടപ്പാട് : ദേശാഭിമാനി