Saturday, April 20, 2013

കയറില്‍ ഒടുങ്ങാതിരിക്കാന്‍

ജനാധിപത്യ ഭരണകൂടങ്ങളും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും ഇല്ലാതിരുന്ന കാലത്ത് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് തൊഴിലും വരുമാനവും കണ്ടെത്തി ഉപജീവനം കഴിച്ചവരാണ് കയര്‍ത്തൊഴിലാളികള്‍. കേരളത്തിലെ 280ല്‍പ്പരം തീരദേശ വില്ലേജുകളില്‍ കയര്‍വ്യവസായത്തെ ആശ്രയിച്ചാണ് ജീവിതം കരുപ്പിടിപ്പിച്ചത്. തീരദേശ ജനങ്ങളുടെ ആകെ ജീവിതോപാധിയായി കയറും മത്സ്യവുമെ ഉണ്ടായിരുന്നുള്ളൂ. 1950കളില്‍ 10 ലക്ഷത്തോളം തൊഴിലാളികള്‍ കയര്‍ മേഖലയില്‍ പണിയെടുത്തിരുന്നു. കേരളത്തിലെ കുരുമുളക്, ഏലം, കാപ്പി, റബര്‍ എന്നിവയ്ക്കൊപ്പം 10 കോടി രൂപയുടെ കയറും കയറ്റി അയച്ചിരുന്നു. സ്വയം തൊഴില്‍ചെയ്ത് ഉപജീവനം നടത്തുകയും സര്‍ക്കാരിന് വിദേശനാണ്യം നേടിക്കൊടുക്കുകയും ചെയ്യുന്ന ഈ പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ക്ക് സര്‍ക്കാരുകളുടെ പത്ത് പൈസയുടെ സഹായം അക്കാലത്ത് ലഭ്യമായിരുന്നില്ല.

1952ലാണ് തിരു-കൊച്ചി സര്‍ക്കാര്‍ കയര്‍ സഹകരണസംഘം രൂപീകരിച്ച് നേരിയ സഹായം നല്‍കാന്‍ തുടങ്ങിയത്. അക്കാലത്തെ സംഘങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. 1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരാണ് തൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിച്ചത്. സര്‍ക്കാരുകള്‍ കയര്‍ വ്യവസായത്തെ സഹായിക്കാനെന്ന പേരില്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ചെറിയതോതില്‍ വായ്പ നല്‍കുമായിരുന്നു. ആവശ്യത്തിനുമതിയാകുന്ന തരത്തിലായിരുന്നില്ല ആ സഹായങ്ങള്‍. ഫാക്ടറി മേഖലയില്‍ കയര്‍ കോര്‍പറേഷന്‍, കയര്‍ മാറ്റിങ്സ് ഓഫ് ഇന്ത്യാ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ചു. കേരളത്തില്‍ 512 കയര്‍ സഹകരണ സംഘങ്ങള്‍ പിരിമേഖലയിലും ഫാക്ടറിമേഖലയിലുമായി രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്നു. ഇവയിലെല്ലാംകൂടി രണ്ടരലക്ഷം തൊഴിലാളികള്‍ അംഗത്വമെടുത്തിട്ടുണ്ട്. ഇവയുടെ അപ്പക്സ് സ്ഥാപനമാണ് 1979ല്‍ രൂപപ്പെട്ട കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (കയര്‍ഫെഡ്).

ഉല്‍പ്പാദനച്ചെലവിനനുസരണമായി വിലനല്‍കി വിപണനം നടത്താന്‍ കഴിയാത്തതിനാല്‍ പ്രൈമറി സംഘങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടിവന്നത്. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ സഹായം ഒന്നോ രണ്ടോ വര്‍ഷം പ്രവര്‍ത്തിപ്പിക്കാനെ തികയുകയുള്ളൂ. സഹായം കിട്ടാതെ വരുമ്പോള്‍ സംഘങ്ങള്‍ അടഞ്ഞു കിടക്കും. തൊഴിലാളികള്‍ സ്വകാര്യമേഖലയിലേക്ക് തള്ളിക്കയറും. ഇത് അധ്വാനഭാരം വര്‍ധിപ്പിക്കാനും കൂലി കുറയ്ക്കാനും അവരെ പ്രേരിപ്പിക്കും. സഹകരണമേഖലയില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ കൂലിയിലും ആനുകൂല്യങ്ങളിലും നേരിയ വര്‍ധനവു ലഭിച്ചു. അതിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദന ചെലവിനനുസരണമായ വിലനല്‍കി, കയറും കയറുല്‍പ്പന്നങ്ങളും വാങ്ങണമെന്ന് കഴിഞ്ഞ അരനൂറ്റാണ്ടായി സഹകാരികളും തൊഴിലാളി സംഘടനകളും ആവശ്യപ്പെടുകയാണ്. അത് നടപ്പാക്കിയാലെ പ്രൈമറി സംഘങ്ങള്‍ക്ക് നഷ്ടം കൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. പ്രാകൃതമായ തൊഴില്‍ സമ്പ്രദായവും കഠിനമായ അധ്വാനവും ചുരുങ്ങിയ കൂലിയും കയര്‍ത്തൊഴില്‍ അനാകര്‍ഷകമാക്കി. പുരുഷന്മാര്‍ ഈ തൊഴില്‍രംഗം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ചെറുകിട കയര്‍ ഉല്‍പ്പാദകരും കടംകൊണ്ട് നിവൃത്തിയില്ലാതെ ഉപകരണങ്ങള്‍ കണ്ട വിലയ്ക്കു വിറ്റ് തൊഴില്‍ തേടി അന്യനാടുകളിലേക്കു പോയി. വ്യവസായത്തിലെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. 2005ല്‍ കയര്‍ ബോര്‍ഡ് എടുത്ത സെന്‍സസില്‍ 4,28,433 തൊഴിലാളികളേ കേരളത്തിലെ കയര്‍വ്യവസായത്തില്‍ നിലവിലുള്ളൂവെന്ന് കണ്ടെത്തി. കാല്‍ നൂറ്റാണ്ടുമുമ്പ് കേരള സര്‍ക്കാര്‍ നിയോഗിച്ച ടാസ്ക് ഫോഴ്സ്, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും ശുപാര്‍ശചെയ്തു. എന്നാല്‍, കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഒരു റാട്ടോ, തറിയോ കണ്ടുപിടിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കണ്ടുപിടിച്ചതാകട്ടെ ഗവേഷകന്മാരോട് പുച്ഛം തോന്നുന്നവിധത്തിലുള്ളതും. അതിനുവേണ്ടി മുടക്കിയ കോടികള്‍ തുരുമ്പുപിടിച്ച് ഓരോ സൊസൈറ്റിയുടെയും ഗോഡൗണുകളില്‍ കിടപ്പുണ്ട്. പട്ടിണിക്കൂലിയെ കിട്ടുന്നുള്ളൂവെങ്കിലും തൊഴിലാളികള്‍ അവരുടെ പരമ്പരാഗത റാട്ടിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.

2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വ്യവസായത്തെ സംരക്ഷിക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഭാഗമായി തൊണ്ടിന്റെ സംഭരണം മുതല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം വരെയുള്ള എല്ലാ മേഖലകളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ വ്യവസായത്തിന്റെ ചരിത്രത്തിലാദ്യമായി വിദഗ്ധരടങ്ങുന്ന കയര്‍ കമീഷനെ നിയോഗിച്ചു. സമയബന്ധിതമായി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനും നടപടി സ്വീകരിച്ചു. കയര്‍ വ്യവസായത്തില്‍ എന്തു നവീകരണം വേണമെങ്കിലും അതിന് തമിഴ്നാടിനെ ആശ്രയിക്കുന്നതില്‍ മാറ്റം വരുത്തി, ആവശ്യമുള്ള യന്ത്രോപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കയര്‍യന്ത്രനിര്‍മാണ ഫാക്ടറി ആലപ്പുഴയില്‍ സ്ഥാപിക്കാനുള്ള കമീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സ്ഥലവും യന്ത്രങ്ങളും സജ്ജമാക്കാന്‍ 30 കോടി രൂപയും അനുവദിച്ചു. ആ സംരംഭം രണ്ടുവര്‍ഷം തികയാന്‍ പോകുമ്പോഴും പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നില്ല. കമീഷന്റെ ശുപാര്‍ശയില്‍പ്പെട്ടതാണ് ഉല്‍പ്പാദനച്ചെലവിനനുസരണമായി ഉല്‍പ്പന്നവില നിശ്ചയിക്കുക എന്നത്. ഒന്നരവര്‍ഷമായിട്ടും ഈ ശുപാര്‍ശ വെളിച്ചം കാണാതെ കിടക്കുന്നു. ഇതിന്റെ ഫലമായി സംഘങ്ങളും സ്വകാര്യ മേഖലയും ഉല്‍പ്പാദനം നിര്‍ത്തി. തമിഴ്നാട് ചകിരിയെ ആശ്രയിച്ചാണ് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നാമമാത്രമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 600 കോടി നാളികേരം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിന്റെ മൂന്നിലൊന്ന് തൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞാല്‍ തമിഴ്നാട് ചകിരിയെ ആശ്രയിക്കാതെ വര്‍ഷത്തില്‍ 240 ദിവസം നാലുലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും. തൊണ്ടു സംഭരിക്കാനുള്ള സംവിധാനം കമീഷന്‍ ശുപാര്‍ശയിലുണ്ട്. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല. ഉല്‍പ്പാദന കേന്ദ്രത്തില്‍ത്തന്നെ തൊണ്ടുസംഭരിച്ച് ചകിരിയാക്കാനുള്ള 200 മൊബൈല്‍ ഡിഫൈബറിങ് മെഷീന്‍ വിതരണംചെയ്തു. അതില്‍ വിരലിലെണ്ണാവുന്നതെ പ്രവര്‍ത്തിക്കുന്നുള്ളൂ. എന്‍സിആര്‍എംഐ എന്ന സ്ഥാപനം, വ്യവസായത്തിനാവശ്യമായ ഗവേഷണം നടത്താനും അവരുടെ കണ്ടുപിടിത്തങ്ങള്‍ വ്യവസായത്തിനുപയോഗിക്കാനുമായി സ്ഥാപിച്ചതാണ്. അവരാകട്ടെ, ഗവേഷണം നിര്‍ത്തി കയര്‍ വ്യവസായത്തിന് വകയിരുത്തുന്ന പണം ഉപയോഗിച്ച് മേളയും വിദേശസഞ്ചാര പരിപാടിയുമായി നടക്കുന്നു.

തകര്‍ച്ച നേരിടുന്ന ഒരു വ്യവസായത്തിലെ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. അത് വിസ്മരിച്ച് വ്യവസായത്തിന്റെ അന്ത്യകൂദാശ നടത്താനാണ് സര്‍ക്കാര്‍ ഒരുമ്പെടുന്നത്. ആകെ തൊഴിലാളികളില്‍ 11 ശതമാനത്തിനുമാത്രം തൊഴിലുള്ള ഗൗരവാവഹമായ അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഇതേക്കുറിച്ച് സര്‍ക്കാരിന് എന്താണ് പറയാനുള്ളത്? ഇവരുടെ ഉപജീവനത്തിന് എന്ത് ബദല്‍ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക? എന്തായാലും പട്ടിണികിടന്ന് മരിക്കാനല്ല, തൊഴിലിനും കൂലിക്കുംവേണ്ടി പൊരുതാനാണ് കയര്‍ തൊഴിലാളികള്‍ തീരുമാനിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ആരംഭിച്ച് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ജയിലിലേക്കുള്ള സമരം അതിന്റെ തുടക്കമാണ്.

*
ആനത്തലവട്ടം ആനന്ദന്‍ ദേശാഭിമാനി 20 ഏപ്രില്‍ 2013

No comments: