Saturday, April 20, 2013

ജെ പി സി ക്ലീന്‍ശീട്ട്: യുപിഎയുടെ മരണക്കുരുക്ക്

പി സി ചാക്കോ ചെയര്‍മാനായ സംയുക്ത പാര്‍ലമെന്ററി സമിതി പ്രധാനമന്ത്രിയേയും ധനമന്ത്രി പി ചിദംബരത്തെയും കുറ്റവിമുക്തരാക്കി കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. യു പി എയിലെ ഘടകകക്ഷിയും തമ്മില്‍ ചെറിയ പാര്‍ട്ടിയുമായ എ ഐ എ ഡി എം കെ യുടെ ഒരു മന്ത്രി പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവത്രേ! ടെലികോം മന്ത്രി രാജ കാര്യങ്ങള്‍ മറച്ചുവെച്ചാണ് 2 ജി സ്‌പെക്ട്രം ലേലം നടത്തിയതെന്നാണ് ജെ പി സി യുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതായാണ് സി എ ജി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സി എ ജിയുടെ കണക്ക് അതിശയോക്തി നിറഞ്ഞതാണെന്നും ജെ പി സി വിലയിരുത്തി.

രാജ്യത്തെ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരാളുണ്ടായാല്‍ ഇതൊക്കെ ഇവിടെ നടക്കുമെന്ന് ജെ പി സി സമ്മതിച്ചല്ലോ? അതുതന്നെ ധാരാളം. പക്ഷേ ജെ പി സി പോലുള്ള ഒരു സമിതി നടത്തുന്ന കണ്ടെത്തല്‍ രാജ്യം ഗൗരവത്തോടെ കാണേണ്ടതാണ്. ഇനി ഏതൊക്കെ കാര്യങ്ങളില്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടാകും? രാജ്യരക്ഷയടക്കമുള്ള തന്ത്രപ്രധാനമായ ഭരണകാര്യങ്ങള്‍ക്ക് ഉത്തരവാദിയായ പ്രധാനമന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് രാജ്യം ഗൗരവമായി കാണണം. ആ സത്യം വിളിച്ചുപറഞ്ഞത് ഏതെങ്കിലും അണ്ടനോ അടകോടനോ അല്ല, സംയുക്ത പാര്‍ലമെന്ററി സമിതിയാണ്. ഈ വിലയിരുത്തല്‍ തന്നെ ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കണം. സി എ ജിയുടെ വെളിപ്പെടുത്തല്‍ അതിശയോക്തി കലര്‍ന്നതാണെങ്കില്‍പോലും ഒരു രൂപയുടെ അഴിമതി നടന്നാലും അത് അഴിമതിയല്ലേ? പൊതുഖജനാവില്‍ നിന്ന് ചോരുന്ന തുകയെക്കുറിച്ച് ജെ പി സി തര്‍ക്കം ഉന്നയിക്കുന്നതിലെ യുക്തിഹീനത ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. സി എ ജി കൊട്ടിഘോഷിച്ചതുപോലെ അഴിമതിയൊന്നും നടന്നില്ലെങ്കിലും ചെറുതായി ചിലതു നടന്നു എന്ന് പരോക്ഷമായി ജെ പി സി സമ്മതിച്ചു കഴിഞ്ഞു. ഇനി ഈ പാപഭാരം ഇറക്കിവെയ്ക്കാന്‍ ഒരു ചുമലാണ് അവര്‍ക്കാവശ്യം. അങ്ങനെയാണ് ആ നറുക്ക് ടെലികോം മന്ത്രി രാജയുടെ ചുമലില്‍ പതിച്ചത്. എഴുത്തുകാരന്‍ ആനന്ദിന്റെ 'ഗോവര്‍ധനന്റെ യാത്ര'യിലെ ഗോവര്‍ധനനാണ് രാജ ഇപ്പോള്‍ - മതിലിടിഞ്ഞ് വീണ് ആട് ചത്തതിന്റെ പരാതിയുമായി ഉടമ രാജാവിനെ സമീപിച്ചപ്പോള്‍ ശിക്ഷ നടപ്പിലാക്കാന്‍ ശാഠ്യമുള്ള രാജാവ് അന്വേഷണത്തിനുത്തരവിട്ടു. അന്വേഷണത്തിനുവന്ന രാജാവിന്റെ 'ജെ പി സി' ചോദ്യം ചെയ്യലില്‍ കണ്ടെത്തിയത് വിചിത്രമായ കാര്യമാണ്. മതില്‍ കെട്ടിയ മേസ്ത്രിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു കുറ്റം മതിലിന് സിമന്റും മണലും കുഴച്ചയാളുടേതാണെന്ന്. അയാള്‍ പറഞ്ഞു കുറ്റം അവ കുഴയ്ക്കാന്‍ വെള്ളമൊഴിച്ചുകൊടുത്ത സ്ത്രീയുടേതാണെന്ന്. സ്ത്രീയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു കുറ്റം കല്ലുകെട്ടുകാരന്റേതാണെന്ന്. കല്ലുകെട്ടുകാരന്‍ പറഞ്ഞു എന്റെ ശ്രദ്ധതിരിച്ചുവിട്ട കോത്‌വാളിന്റേതാണ് കുറ്റമെന്ന്. കൊലക്കയറുമായി കിങ്കരന്മാര്‍ വന്നപ്പോള്‍ കുരുക്ക് കോത്‌വാളിന്റെ കഴുത്തിന് പാകമാകുന്നില്ല. ശിക്ഷയെന്നത് പ്രഹസനമാണെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടന്നേ പറ്റൂ. അപ്പോഴാണ് ഗോവര്‍ധന്‍ എന്ന വഴിപോക്കന്‍ അതുവഴി വന്നത്. നോക്കുമ്പോള്‍ കുരുക്ക് ഗോവര്‍ധന്റെ കഴുത്തിന് പാകം. ഗോവര്‍ധന്‍ തടവറയിലായി. എന്ന് പറഞ്ഞതുപോലെ അഴിമതി ആരോപണം പുറത്തായതോടെ, യു പി എയ്ക്ക് രക്ഷപ്പെടാന്‍ പഴുതില്ലെന്ന് മനസ്സിലായതോടെ അവര്‍ക്കൊരു പ്രതിയെ വേണം. ടെലികോം വകുപ്പുമന്ത്രി രാജയും രാജയ്ക്ക് മാനസിക പിന്തുണ നല്‍കിയതിന് കനിമൊഴിയും പിന്നെ കണ്ടാലറിയുന്ന ചിലരുമൊക്കെ പ്രതികളായി. അവര്‍ ഗോവര്‍ധനെപ്പോലെ നിരപരാധികളല്ലെന്നു മാത്രം

ഇത്ര നാണംകെട്ട ഒരു കേന്ദ്രഭരണം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. എവിടുന്ന് ചാടിയാലും പൂച്ച നാലുകാലില്‍ വീഴുമെന്ന് പറഞ്ഞതുപോലെ എല്ലാ അഴിമതിക്കഥകളില്‍ നിന്നും സാങ്കേതികതയുടെ പഴുതുപയോഗിച്ച് മന്ത്രിമാര്‍ തല്‍ക്കാലം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഐക്യമുന്നണി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഭരണനേട്ടത്തില്‍ മാത്രമല്ല കോട്ടത്തിലുമുണ്ട്. പ്രധാനമന്ത്രി കൂടി അറിയാതെ അവിടെ ഒന്നും നടക്കില്ല, നടക്കാന്‍ പാടില്ല. സാങ്കേതികമായി ജെ പി സിക്ക് ഏത് കരടു റിപ്പോര്‍ട്ടും നല്‍കാം. പക്ഷേ ധാര്‍മ്മികത എന്നൊന്നുണ്ടായിരുന്നെങ്കില്‍ എന്നേ പ്രധാനമന്ത്രി രാജിവെച്ചൊഴിയണമായിരുന്നു.

കോടികളുടെ ഉത്തരവാദിത്വമുള്ള ടെലികോം ലേലങ്ങളൊക്കെ ഒരു മന്ത്രി ഒറ്റയ്ക്ക് കൈകാര്യം ചെയ്തു എന്നൊക്കെ പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. ഒന്നും രണ്ടുമല്ല അഴിമതി ആരോപണങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ടെട്രാ ഇടപാട്, യുദ്ധവിമാന അഴിമതി, ആയുധ ഇടപാട് അഴിമതി തുടങ്ങി തന്ത്രപ്രധാന മേഖലകളിലടക്കം ഇന്ത്യയുടെ സമസ്ത മേഖലകളിലും അഴിമതി തിമിര്‍ത്താടുകയാണ്.

ഒരു പ്രധാനമന്ത്രി നേരിട്ട് അഴിമതി ആരോപണങ്ങളില്‍ പെടുക എന്നത് നിസ്സാരകാര്യമല്ല. പ്രധാനമന്ത്രിയെ രക്ഷിക്കേണ്ടത് യു പി എ യുടെ രാഷ്ട്രീയ ആവശ്യമാണ്. എന്നാല്‍ ജനങ്ങളുടെ വിചാരണക്കോടതിയില്‍ പ്രധാനമന്ത്രി മാത്രമല്ല യു പി എ കൂടി നിലം പരിശാകുമ്പോള്‍ ഈ വക്രബുദ്ധിയൊന്നും സഹായത്തിനെത്തില്ല. അഴിമതിയില്‍കൂടി ഉണ്ടാക്കിയ കോടികളും രക്ഷിക്കാനെത്തില്ല. അവിടെ ജനങ്ങളായിരിക്കും വിധികര്‍ത്താക്കള്‍. നിങ്ങള്‍ തുടരെതുടരെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന പാവം ജനങ്ങള്‍.

*
ജനയുഗം മുഖപ്രസംഗം 20 ഏപ്രില്‍ 2013

No comments: