Wednesday, April 17, 2013

ഒഞ്ചിയത്ത് സംഭവിക്കുന്നത്

ഒഞ്ചിയത്തിനടുത്ത് വള്ളിക്കാട്ട് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിടത്ത് നിര്‍മിച്ച സ്തൂപം തകര്‍ത്തത് സിപിഐ എം നേതാക്കളുടെ അറിവോടെയാണെന്ന് ആദ്യം പരസ്യമായി പറഞ്ഞത് ചന്ദ്രശേഖരന്റെ വിധവ കെ കെ രമയാണ്. രാത്രിയുടെ മറവില്‍ സ്തൂപം തകര്‍ക്കപ്പെട്ട വിവരം ആദ്യം പൊലീസിനെ അറിയിക്കുന്നത് ആര്‍എംപി സെക്രട്ടറി വേണുവാണ്. സ്തൂപം തകര്‍ത്തത് സിപിഐ എം പ്രവര്‍ത്തകരാണെന്ന് പൊലീസിന് മൊഴിനല്‍കിയത് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രധാന സാക്ഷിയാക്കിയ ആര്‍എംപി പ്രവര്‍ത്തകന്‍ മനേഷാണ്. പൊലീസാകട്ടെ, വിഷുദിവസം അര്‍ധരാത്രി വള്ളിക്കാട് സ്വദേശികളായ സന്ദീപ്, അശ്വിന്‍ എന്നിവരുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വസ്ത്രംപോലും മാറ്റാന്‍ അനുവദിക്കാതെ പിടിച്ചുകൊണ്ടുപോയി. പിറ്റേന്ന് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ""ടി പി സ്മാരക സ്തൂപം തകര്‍ത്തു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍"" എന്നായിരുന്നു.

ആര്‍എംപി നേതാക്കളുടെ വാക്കുകള്‍ വെള്ളംചേര്‍ക്കാതെ വിഴുങ്ങിയ പൊലീസ്, സിപിഐ എമ്മിനെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ രണ്ടുപേരെ പിടിച്ച് കസ്റ്റഡിയില്‍ വയ്ക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. അത് മുന്‍നിര്‍ത്തി രമയും വേണുവും പ്രതിഷേധ പ്രകടനം നയിച്ചു. സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണം; സംഘര്‍ഷം. ഒടുവില്‍ പൊലീസ് നേരത്തെ പിടിച്ച രണ്ടുപേരെ വിട്ടയക്കുന്നു. ആര്‍എംപിക്കാര്‍ അഴിഞ്ഞാടിയതും മാധ്യമങ്ങളിലൂടെ ഉറഞ്ഞുതുള്ളിയതും മിച്ചം. രണ്ടു ദിവസത്തിനകം സംസ്ഥാന പാതയില്‍ പുതിയ സ്തൂപം ഉയരുന്നു. പൊലീസ് അതിന് മൂകസാക്ഷിയാകുന്നു. വടകര താലൂക്കിന്റെ ഒരു കൊച്ചുപ്രദേശത്ത് ഒതുങ്ങുന്ന ആര്‍എംപി എന്ന "യഥാര്‍ഥ വിപ്ലവപ്പാര്‍ടി" ആ മേഖലയിലെ പൊലീസിനെ ഭരിക്കുന്നു; ഭരണകൂടത്തിന്റെ എല്ലാ മര്‍ദന സംവിധാനങ്ങളും സ്വേച്ഛാനുസൃതം ചലിപ്പിക്കുന്നു. മാധ്യമ പരിലാളനയില്‍ ആര്‍എംപിയുടെ അതിക്രമങ്ങള്‍ "ഇരയുടെ പ്രതികരണ"ങ്ങളായി മഹത്വവല്‍ക്കരിക്കപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഒഞ്ചിയത്ത് എന്ത് നടക്കുന്നു എന്നതിന്റെ ഏകദേശചിത്രം ഈ സംഭവത്തിന്റെ സൂക്ഷ്മവായനയില്‍നിന്ന് കിട്ടും.

"തവളകള്‍" എന്നാണ് ആര്‍എംപിയെ സൈബര്‍ സ്പെയ്സില്‍ വിളിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന കിണര്‍മാത്രമാണ് ലോകം എന്ന് ധരിച്ചുവശായവര്‍. അതിനപ്പുറം ഒരു വലിയ ലോകമുണ്ടെന്നവര്‍ക്കറിയില്ല. കിണറ്റിനകത്തെ ഒച്ചവയ്പ് സ്വന്തം കണ്ഠത്തില്‍നിന്നുയരുന്ന ഇടിനാദമായി സങ്കല്‍പ്പിച്ച് അവര്‍ പുളകിതരാകുന്നു. ആ പുളകംകൊണ്ട് നേട്ടമുണ്ടാകുന്ന ചിലരുണ്ട്. ഒന്നാമത്തെ കൂട്ടര്‍ യുഡിഎഫാണ്. വടകര ലോക്സഭാ മണ്ഡലത്തില്‍ ആര്‍എംപിയുടെ സാഹായംകൊണ്ട് നിലനിന്നു പോകാമെന്ന് ധരിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖം അവിടെ തെളിഞ്ഞുകാണാം. സിപിഐ എമ്മിനെ വാടകഗുണ്ടകളെക്കൊണ്ട് മര്‍ദിപ്പിക്കുന്നതില്‍ സായുജ്യമടയുന്ന വലതുപക്ഷ രാഷ്ട്രീയ-മാധ്യമക്കൂട്ടുകെട്ടിനെയും കാണാം. രണ്ടാമത്തെ കൂട്ടര്‍ സിപിഐ എമ്മിന്റെ തളര്‍ച്ച കൊതിക്കുന്ന ഒറ്റുകാരും നയവ്യതിയാനക്കാരും ഇത്തിള്‍ക്കണ്ണികളും അടങ്ങുന്ന നിരയാണ്. സ്വയം ഇടതുപക്ഷമെന്ന് വിളിച്ച് അവര്‍ വലതുപക്ഷത്തിന് പാദസേവ ചെയ്യുന്നു. സൂര്യനുതാഴെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഹേതു സിപിഐ എമ്മാണെന്നും അതിനെ തകര്‍ത്താല്‍ നാട് രക്ഷപ്പെടുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഈ രണ്ടുകൂട്ടരുടെയും (വലതുപക്ഷ-മാര്‍ക്സിസ്റ്റ് വിരുദ്ധ ദ്വന്ദ്വത്തിന്റെ) അഴിഞ്ഞാട്ടമാണ് ചെറിയ ഇടവേളയ്ക്കുശേഷം ഒഞ്ചിയം മേഖലയില്‍ വീണ്ടും കാണുന്നത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികം വരികയാണ്. ഒഞ്ചിയത്ത് ആര്‍എംപിയുടെ ഗ്രാഫ് ഒരുകൊല്ലംകൊണ്ട് അരയിഞ്ച് ഉയര്‍ന്നിട്ടില്ല- വല്ലാതെ താഴോട്ട് പതിച്ചിട്ടേയുള്ളൂ. ഏപ്രില്‍ ഇരുപത്തഞ്ചുമുതല്‍ മെയ് നാലുവരെ നീളുന്ന ദിനാചരണ പരിപാടി തീരുമാനിച്ചെങ്കിലും ചലനം എവിടെയുമില്ല. പഴയതുപോലെ ആളുകള്‍ ഇറങ്ങുന്നില്ല. മാധ്യമങ്ങള്‍ എഴുതിയാല്‍ പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാം- ഒഞ്ചിയം മേഖലയിലുള്ള സാധാരണക്കാരുടെ മനസ്സ് അപ്പാടെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് പറിച്ചെടുക്കുക അസാധ്യമാണ്. വ്യാജമായി ഉയര്‍ത്തിവിട്ട വികാരാവേശത്തിന്റെയും വെറുപ്പിന്റെയും പുകമറ മായുമ്പോള്‍ ജനങ്ങള്‍ക്ക് വസ്തുനിഷ്ഠമായി പ്രതികരിക്കേണ്ടിവരും. ഒഞ്ചിയത്തെ മുന്‍നിര്‍ത്തി ലോകത്താകെ സിപിഐ എം വിരുദ്ധ പ്രചാരണം നടത്തിയപ്പോള്‍, ഉപതെരഞ്ഞെടുപ്പില്‍ വടകര മുനിസിപ്പാലിറ്റിയിലെ ചീനംവീട് വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു സൂചനയായിരുന്നു. ആര്‍എംപിയും "ഇടതുപക്ഷ ഏകോപനസമിതി" എന്ന പേരില്‍ ആര്‍എംപിയെ ഹൈജാക്ക് ചെയ്ത ഒരുകൂട്ടവും വലതുപക്ഷ-മാധ്യമ സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ചതിന്റെ ചെറിയ അംശംപോലും ഫലപ്രാപ്തി ഉണ്ടാകാത്തത് അവരെ അസ്വാസ്ഥ്യത്തിലേക്ക് നയിക്കുമെന്നത് സ്വാഭാവികം. ആ അസ്വാസ്ഥ്യമാണ് പ്രകടമായിത്തന്നെ പരിഹാസ്യമായ നാടകങ്ങളിലേക്ക് അവരെ തള്ളിവിടുന്നത്.

ചന്ദ്രശേഖരന്‍ കേസിന്റെ ഇന്നത്തെ അവസ്ഥ ഇന്നലെവരെ നടത്തിയ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ്. വിചാരണവേളയില്‍ കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നു. ന്യായാധിപന് പ്രോസിക്യൂഷനെ കുറ്റപ്പെടുത്തേണ്ടിവരുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി പരസ്യവേദിയില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയും കൊല്ലപ്പെട്ട ദുരനുഭവം ഇന്ത്യയ്ക്കുണ്ട്. അവയേക്കാളൊക്കെ വലുതായി ചന്ദ്രശേഖരന്‍വധം മാധ്യമങ്ങളും വലതുപക്ഷവും കൊണ്ടാടിയത് സിപിഐ എമ്മിനെ ആക്രമിക്കാനുള്ള വടിയായി അതിനെ ദുരുപയോഗിക്കാം എന്ന് കരുതിയാണ്. അത്തരം ആക്രമണം അസാധാരണമാംവിധം അരങ്ങേറുകയുംചെയ്തു. ഒടുവില്‍ കേസിലെ ആരോപണങ്ങളുടെ നെല്ലുംപതിരും തിരിഞ്ഞുവരുമ്പോള്‍, സിപിഐ എമ്മിനെതിരായ പ്രചാരണങ്ങളൊന്നും തെളിയുന്നില്ല. സിപിഐ എമ്മിനെ ആക്രമിക്കാന്‍ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെത്തന്നെ ആരോപണങ്ങള്‍ക്കിരയാക്കി. ആര്‍എംപിയുടെയും ഇടതുപക്ഷ ഏകോപന സമിതിയുടെയും നേതാക്കള്‍ പിണറായി വിജയനെതിരെ തുപ്പിയ വിഷവാക്കുകള്‍ക്ക് കൈയും കണക്കുമില്ല. ഇടവേളയില്ലാതെ നടന്ന ആ പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പിണറായി "ഒന്നാം പ്രതി" എന്നുവരെ പറഞ്ഞുവച്ചു.

എല്ലാറ്റിനുമൊടുവില്‍ പിണറായി വിജയനെ കൊല്ലാന്‍ ഒഞ്ചിയത്തിന്റെ അടുത്ത പ്രദേശമായ വളയത്തുനിന്ന് ഒരാള്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. ഒരുകൊല്ലത്തോളം നീണ്ട പിണറായിവിരുദ്ധ പ്രചാരണത്തിന്റെ പരിസമാപ്തി അദ്ദേഹത്തിന്റെ ജീവന്‍ എടുത്തുതന്നെയാവണമെന്ന തീരുമാനത്തില്‍നിന്നുരുത്തിരിഞ്ഞ ഗൂഢാലോചനയും ശ്രമവും. അവിടെയും ആര്‍എംപി ബന്ധം മറനീക്കി പുറത്തുവരുന്നു. ആര്‍എംപിയുടെ ചില പ്രധാനികളുമായുള്ള കുറ്റവാളിയുടെ കുടുംബബന്ധവും വടകരയിലെ താമസവും അതൊന്നും അന്വേഷിക്കാത്ത പൊലീസിന്റെ പൊട്ടന്‍കളിയും. എല്ലാംകൊണ്ടും ഇനി രക്ഷയില്ല എന്ന സ്ഥിതിയിലെത്തിയ ആര്‍എംപിയുടെ പരാക്രമമാണ് വിഷുദിവസം കണ്ടത്.

എല്ലാം മുന്‍കൂട്ടി ഉറപ്പിച്ച നാടകംപോലെയായിരുന്നു. റോഡരികില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിടത്തെ പൈപ്പ് സ്തൂപത്തിന് രാത്രി ആക്രമണമുണ്ടാകുന്നു; നേരം വെളുത്തപ്പോള്‍ ആര്‍എംപിക്കാര്‍ തെരുവിലിറങ്ങുന്നു. അവര്‍ വിളിച്ച മുദ്രാവാക്യം സിപിഐ എമ്മിനെതിരാണ്. സ്തൂപം തകര്‍ക്കലും സിപിഐ എമ്മുമായി ഏതെങ്കിലും വിധേന ബന്ധപ്പെടുത്താനുള്ള സൂചനകളില്ലാതിരുന്നിട്ടും മുഷ്ടി ചുരുട്ടി താളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുനേരെ ആക്രോശം; അതിന് ഏതാനും ദൃശ്യമാധ്യമങ്ങളുടെ ആവേശത്തോടെയുളള ഇടപെടലും. വള്ളിക്കാട്ട് ടി പി ചന്ദ്രശേഖരന്‍ സ്മാരക സ്തൂപം തകര്‍ത്തു: രണ്ട് സിപിഐ എംകാര്‍ കസ്റ്റഡിയില്‍ എന്ന വാര്‍ത്ത കണ്ടാല്‍ മറ്റൊന്നും സംശയിക്കേണ്ടതായില്ല. തകര്‍ക്കപ്പെട്ടത് ആര്‍എംപിയുടെ പരമപ്രധാന സ്തൂപം-തകര്‍ത്തത് മാര്‍ക്സിസ്റ്റുകാര്‍. പിന്നെ കല്ലെറിഞ്ഞാല്‍ മതി. പി കൃഷ്ണപിള്ളയുടെയും കേളു ഏട്ടന്റെയും പേരിലുള്ള ഓഫീസുകള്‍ തകര്‍ക്കാന്‍ "യഥാര്‍ഥ ഇടതുപക്ഷമായ" ആര്‍എംപിക്ക് "അവകാശ"മായി. പൈപ്പില്‍ മണല്‍നിറച്ച സ്തൂപത്തിന്റെ തലയ്ക്ക് പരിക്കേറ്റാല്‍ എന്തൊക്കെ ചെയ്തുകൂട്ടാമെന്ന് ആര്‍എംപിക്ക് അറിയാം.

സാധാരണ നിലയില്‍ ഒഞ്ചിയം മേഖലയില്‍ സിപിഐ എം ആക്രമണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവസരം ലഭിക്കുന്നതല്ല. കഴിഞ്ഞ മെയ് നാലിന് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം സിപിഐ എം പ്രവര്‍ത്തകരും ഓഫീസുകളും ആര്‍എംപിക്കാരാല്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകളല്ലാതെ തിരിച്ചുള്ളത് എവിടെയും വന്നിട്ടില്ല. അത് സിപിഐ എമ്മിന് തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല. മറിച്ച്, ഒരു പ്രദേശമാകെ സംഘര്‍ഷഭൂമിയാക്കി ജനങ്ങളുടെ ജീവിതം അരക്ഷിതമാക്കുന്നതിനോടുള്ള വിപ്രതിപത്തിമൂലമാണ്. ജനങ്ങളോടും നാടിനോടുമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തംകൊണ്ടാണ്. സംഘടിതമായ ആക്രമണങ്ങളെയും നുണപ്രചാരണങ്ങളെയും സിപിഐ എം സമചിത്തതയോടെ, പ്രകോപനങ്ങള്‍ക്ക് വശംവദമാകാതെയാണ് നേരിടുന്നതെന്ന് ചുരുക്കം.

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറയുന്നു: ""സ്തൂപം തകര്‍ത്തു എന്നാരോപിച്ച് വള്ളിക്കാട് രക്തസാക്ഷി സ്മാരക മന്ദിരത്തിനെതിരെ വീണ്ടും ആര്‍എംപി അക്രമം നടത്തി. വെള്ളികുളങ്ങര സിപിഐ എം ബ്രാഞ്ച് ഓഫീസിനെതിരായും അക്രമം നടന്നു. കേളുഏട്ടന്‍ സ്മാരകമായ എളങ്ങോളി ബ്രാഞ്ച് ഓഫീസ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഓര്‍ക്കാട്ടേരിയിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്തു. ഒഞ്ചിയത്ത് പി പി ഗോപാലന്‍ പഠനകേന്ദ്രത്തിനു നേരെയും അക്രമമുണ്ടായി. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ഉദയന്‍ മാസ്റ്ററെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സമാധാന സംഭാഷണം നടന്നതിന് ശേഷവും ഒഞ്ചിയം അമ്പലപ്പറമ്പ് പുളിയുള്ളതില്‍ രവിയുടെയും ആയാട്ട് സജീവന്റെയും കട തീവച്ച് നശിപ്പിച്ചു. പൊലീസിന്റെ നിലപാട് അക്രമസംഭവങ്ങളെ തടയുന്നതിന് പകരം ക്രിമിനലുകള്‍ക്ക് ആഴിഞ്ഞാടാന്‍ അവസരമാവുകയാണ്. സ്തൂപം തകര്‍ത്ത സംഭവമുള്‍പ്പെടെ എല്ലാ അക്രമസംഭവങ്ങളും നീതിപൂര്‍വകമായ അന്വേഷണത്തിന് വിധേയമാക്കണം.""

ഒഞ്ചിയത്തിന്റെ പല ഭാഗങ്ങളിലും വിഷുത്തലേന്നുവരെ പൊലീസ് കാവലും പട്രോളിങ്ങുമുണ്ടായിരുന്നു. ആ കാവല്‍ പിന്‍വലിച്ചതിന്റെ പിറ്റേന്നാണ് സ്തൂപം തകര്‍ക്കലും തീവയ്പുമുണ്ടായത്. മേഖലയില്‍ ആര്‍ക്കൊക്കെ കാവല്‍വേണം; പൊലീസ് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ആര്‍എംപി നേതൃത്വമാണ്. മാര്‍ച്ച് 27ന് വള്ളിക്കാട്ടെ വാസുസ്മാരക മന്ദിരം ആര്‍എംപിക്കാര്‍ തകര്‍ത്തപ്പോള്‍, കുഴപ്പം കുത്തിപ്പൊക്കാന്‍ ആര്‍എംപിക്കാര്‍തന്നെ ചന്ദ്രശേഖരന്‍സ്തൂപം തകര്‍ക്കുമെന്ന ആശങ്ക സിപിഐ എം നേതാക്കള്‍ പൊലീസിനെ അറിയിച്ചതാണ്. അത്തരത്തിലൊരു നീക്കത്തിന്റെ സൂചന നേരത്തെ ഉണ്ടായിരുന്നു. ആ പശ്ചാത്തലത്തില്‍ സ്തൂപത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സ്തൂപം തകര്‍ത്തതിന്റെ തലേന്നാണ് കാവല്‍ പിന്‍വലിച്ചത്. എന്തിനായിരുന്നു അത് എന്നുപറയേണ്ടത് പൊലീസാണ്. പുറത്തറിയുന്നതും കൊണ്ടാടപ്പെടുന്നതുമല്ല യഥാര്‍ഥ ഒഞ്ചിയം.
(അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 17 ഏപ്രില്‍ 2013

രണ്ടാം ഭാഗം - ആര്‍.എം.പി എന്ന ട്രോജന്‍ കുതിര

No comments: