Wednesday, April 17, 2013

സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണവും കേരളത്തിന്റെ സമ്പദ്ഘടനയും

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ""നിതാഖാത്ത്"" സമ്പ്രദായം കര്‍ശനമാക്കാനുള്ള നടപടികള്‍ ഗള്‍ഫ് മലയാളികളിലാകെ അരക്ഷിതത്വവും ഭീതിയും പടര്‍ത്തിയിരിക്കുകയാണ്. സൗദി ഭരണകൂടത്തിന്റെ കണക്കനുസരിച്ച് നിതാഖാത്ത് വ്യവസ്ഥകള്‍ നടപ്പില്‍ വരുന്നതോടെ 20 ലക്ഷം വിദേശികള്‍ ആ രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരും. അതില്‍ വലിയൊരു ശതമാനം മലയാളികള്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 8 ലക്ഷം മലയാളികള്‍ സൗദി അറേബ്യയില്‍ പണിയെടുക്കുന്നുണ്ട്. നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് പത്തില്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശി നിര്‍ബന്ധമാണ്. അങ്ങനെയാകുമ്പോള്‍ മലയാളികളായ വിദേശ തൊഴിലാളികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. മലയാളികളില്‍ ഭൂരിപക്ഷവും സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരും അത്തരം സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരുമാണ്.

സൗദി അറേബ്യ ലോകത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന രാജ്യമാണ്. ആഗോള എണ്ണ കുത്തകകളുടെ താല്‍പര്യമനുസരിച്ച് ഭരണം നടത്തുന്ന സൗദി രാജകുടുംബത്തിന്റെ സ്വേച്ഛാധിപത്യ വ്യവസ്ഥക്കെതിരെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും രോഷവും പ്രതിഷേധവും സ്ഫോടനാത്മകമായൊരു അവസ്ഥയിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോ ഡോളര്‍ സമ്പദ്ഘടനയുടെ സമൃദ്ധിയില്‍ ജനങ്ങളെയും സ്വന്തം നാടിനെയും മറന്നുജീവിക്കുന്ന സുഖലോലുപരായ രാജകുടുംബാംഗങ്ങള്‍ക്കും ഭരണവര്‍ഗങ്ങള്‍ക്കും എതിരായ വികാരം സൗദിയിലുടനീളം വളര്‍ന്നുവരുന്നുണ്ട്. നാടിന്റെ വിഭവങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും അടിയറ വയ്ക്കുന്നതിനെതിരായി പല തലങ്ങളില്‍ സ്വദേശികളുടെ പ്രക്ഷോഭജനകമായ കൂട്ടായ്മകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രൂപംപ്രാപിച്ചു വരുന്നതായി സൂചനകളുണ്ടായിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ സൗദി അറേബ്യയുടെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും അനാവരണംചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നുവെന്ന കുറ്റംചുമത്തി സമീപകാലത്ത് സൗദി ഇന്റലിജന്‍സ് വിഭാഗം നിരവധി ചെറുപ്പക്കാരെ അറസ്റ്റുചെയ്ത് ശിക്ഷാവിധികള്‍ക്ക് വിധേയമാക്കിയിരുന്നു. സൗദി അറേബ്യയിലെ ജനങ്ങളെയാകെ പട്ടിണിയിലേക്കും തൊഴില്‍രാഹിത്യത്തിലേക്കും തള്ളിവിടുന്ന അഴിമതിക്കാര്‍ക്കെതിരെ കിങ് ഖാലിദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത്. അന്‍പതോളം പെണ്‍കുട്ടികള്‍ ഈ പ്രക്ഷോഭത്തില്‍ മരണമടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളെപ്പോലെ സൗദിയിലും അറബ്വസന്തം പൊട്ടിപ്പുറപ്പെട്ടതായി പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. കിങ് ഖാലിദ് സര്‍വകലാശാല സംഭവത്തിന് ശേഷം തായ്ബ, മെയ്നിങ്, താബൂക്ക് സര്‍വകലാശാലകളിലും സമരം പടര്‍ന്നിരുന്നു. അതിഭീകരമായി ഈ മുന്നേറ്റങ്ങളെയെല്ലാം സൗദി ഭരണകൂടം അടിച്ചമര്‍ത്തുകയായിരുന്നു. വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെട്ട യുവാക്കളുടെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും അടക്കിപ്പിടിച്ച അമര്‍ഷം സ്ഫോടാനാത്മകമായി വളര്‍ന്നുവന്നതിന്റെ പ്രതിഫലനങ്ങളാണിതെല്ലാം.

സൗദി അറേബ്യയില്‍ നിതാഖാത്ത് സമ്പ്രദായം കര്‍ശനമാകുന്നതിന്റെ ആഭ്യന്തരമായ രാഷ്ട്രീയ പശ്ചാത്തലം സൂചിപ്പിക്കാനാണ് അവിടെ വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളെക്കുറിച്ച് ആമുഖമായി വിശദീകരിച്ചത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഈ ലേഖനത്തില്‍ കടക്കുന്നില്ല. തീര്‍ച്ചയായും സ്വദേശികളായ സൗദി പൗരന്മാരില്‍ വലിയൊരു വിഭാഗം തൊഴില്‍ മേഖലകളില്‍നിന്നു നിരന്തരമായി പുറന്തള്ളപ്പെടുന്ന സാഹചര്യം സൗദി അറേബ്യയിലുണ്ട്. ഇത് വംശീയമായ ചേരിതിരിവുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വരെ കാരണവുമായി തീരുന്നുണ്ട്. ഏതൊരു രാജ്യത്തിന്റെയും പ്രാഥമികമായ ചുമതലയാണ് അവിടുത്തെ പൗരന്മാരുടെ ക്ഷേമവും തൊഴിലെടുത്ത് ജീവിക്കുവാനുള്ള അവസരവും ഉറപ്പ് വരുത്തുകയെന്നത്. സൗദി അറേബ്യയില്‍ വളര്‍ന്നുവരുന്ന ജനകീയ വികാരങ്ങളുടെ കൂടി സമ്മര്‍ദത്തിലാണ് നിതാഖാത്ത് സമ്പ്രദായം നടപ്പിലാക്കുവാന്‍ അവിടുത്തെ ഭരണാധികാരികള്‍ നിര്‍ബന്ധിതമായത്. സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാനും അവരെ സംരക്ഷിക്കുവാനുമായി സൗദി സര്‍ക്കാര്‍ എടുത്തിരിക്കുന്ന നടപടികളില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല. സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തുവാന്‍ അന്താരാഷ്ട്ര തത്വങ്ങളോ വ്യവസ്ഥകളോ നമ്മെ അനുവദിക്കുന്നുമില്ല. സൗദിയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് മലയാളികള്‍ അരക്ഷിതത്വത്തിലായി കഴിഞ്ഞിരിക്കുകയാണെന്നാണ് അവിടെനിന്നുള്ള വാര്‍ത്തകളും വിവരങ്ങളും വ്യക്തമാക്കുന്നത്. പത്തില്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശി എന്ന വ്യവസ്ഥ നടപ്പാക്കാനുള്ള കാലാവധി നീട്ടിക്കൊടുത്തിരുന്നു. ആ നീട്ടിക്കൊടുത്ത അവധിദിനം മാര്‍ച്ച് 27ന് അവസാനിച്ചതോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. ഇക്കാര്യങ്ങളെല്ലാം നേരത്തെ അറിവുണ്ടായിട്ടും കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും യാതൊരുവിധ സുരക്ഷാനടപടികളും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ഇപ്പോഴും കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്. സൗദി സര്‍ക്കാര്‍ ആ രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതുപോലെ ഇന്ത്യാഗവണ്‍മെന്റും സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത കാണിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തങ്ങള്‍ക്ക് അങ്ങനെയൊരു ഉത്തരവാദിത്വമുണ്ടെന്ന കാര്യംപോലും മറന്ന മട്ടിലാണ് സംസാരിക്കുന്നത്. ഗള്‍ഫ് മലയാളികളുടെ ക്ലേശപൂര്‍ണമായ അവസ്ഥക്കെതിരെ നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നതോടെ മന്ത്രിമാരും യുഡിഎഫ് നേതാക്കളും അത്ര വലിയ പ്രശ്നമൊന്നും സൗദിയിലെ മലയാളികള്‍ക്കില്ലെന്ന് വരുത്തി തങ്ങളുടെ കുറ്റകരമായ അനാസ്ഥക്ക് ന്യായീകരണം ചമയ്ക്കുകയാണ്. ഭൂപരിഷ്കരണ നടപടി കഴിഞ്ഞാല്‍ കേരളസമൂഹത്തെ പുരോഗതിയിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്കും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ജീവിത ഗുണനിലവാരം മലയാളിക്ക് കൈവരിക്കുവാന്‍ കഴിഞ്ഞത് ഭൂപരിഷ്കരണവും സാമൂഹ്യസുരക്ഷാപദ്ധതികളും അതിലേക്ക് നയിച്ച അവകാശസമരങ്ങളുമെന്നപോലെ ഗള്‍ഫ് കുടിയേറ്റവുമാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവേണ്ട ആവശ്യമില്ല. പൗരാണികകാലം മുതല്‍ അറബ് ലോകവുമായി സാമൂഹികവും സാംസ്കാരികവുമായി ബന്ധം പുലര്‍ത്തുന്നവരാണ് കേരള ജനത. വിശേഷിച്ച് മലബാറും അതിന്റെ തലസ്ഥാനമായ കോഴിക്കോടും ചിരപുരാതനമായ വാണിജ്യബന്ധമാണ് അറബ് ലോകവുമായി പുലര്‍ത്തിപ്പോന്നത്. എന്നും മലയാളിസമൂഹം അറബ്ലോകത്തെ സംഭവവികാസങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നവരാണ്.

മധ്യപൂര്‍വേഷ്യയിലെ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിയും സമ്പദ്ഘടനയും ഈ കൊച്ചു കേരളവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. മനുഷ്യന്റെ സാമൂഹ്യവികാസ ചരിത്രത്തില്‍ അറിവിന്റെയും ശാസ്ത്രത്തിന്റെയും മഹാസംഭാവനകളിലൂടെ ലോകഗതിയെ പ്രകാശമാനമാക്കിയത് അറബ് ജനതയായിരുന്നു. മധ്യധരണ്യാഴിയുടെയും അറബിക്കടലിന്റെയും തീരങ്ങളോട് ചേര്‍ന്നുകിടക്കുന്ന ഏഷ്യയുടെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും സംഗമഭൂമിയാണ് മധ്യപൗരസ്ത്യദേശം. അതിന്റെ ദര്‍ശനവും വിജ്ഞാനവും സമ്പത്തും കവര്‍ന്നെടുത്താണ് യൂറോപ്പ് ലോകാധിപത്യത്തിലേക്ക് ഉയര്‍ന്നത്. പശ്ചിമേഷ്യയും മധ്യേഷ്യയും ആഫ്രിക്കയും ഉള്‍പ്പെടുന്ന മധ്യപൂര്‍വദേശത്ത് എണ്ണ കണ്ടെത്തിയതോടെയാണ് ഈ പ്രദേശം സാമ്രാജ്യത്വ കിടമത്സരങ്ങളുടെയും അധിനിവേശ തന്ത്രങ്ങളുടെയും പരീക്ഷണഭൂമിയായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ എണ്ണയും മറ്റു ധാതുക്കളും ഖനനം ചെയ്യാനുള്ള അവകാശം സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കൈവശപ്പെടുത്തി. ലോകസമ്പദ്ഘടനയുടെ ജീവരക്തമായ എണ്ണയാണ് അറബ് ലോകത്തിന്റെ സൗഭാഗ്യവും ദുരന്തവുമെന്നതാണ് വൈരുധ്യാത്മകമായൊരു സത്യം. 1970ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തി പ്രാപിച്ച പെട്രോഡോളര്‍ സമ്പദ്ഘടനയാണ് മലയാളികളുടെ വന്‍തോതിലുള്ള ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് വഴിവച്ചത്.

1950 കളില്‍ മധ്യകേരളത്തില്‍നിന്നുള്ള അഭ്യസ്തവിദ്യരായ ഒരു വിഭാഗം യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയുണ്ടായി. അതിനുമുമ്പ് മലയാളികള്‍ സിലോണിലേക്കും മലേഷ്യയിലേക്കും കുടിയേറ്റം നടത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന എല്ലാ കുടിയേറ്റങ്ങളില്‍നിന്നും സവിശേഷ പ്രാധാന്യമുള്ളതായിരുന്നു ഗള്‍ഫ് കുടിയേറ്റം. സാര്‍വദേശീയ തലത്തിലുണ്ടായ ചില മാറ്റങ്ങള്‍ കേരളത്തില്‍നിന്നുള്ള പ്രവാസി കുടിയേറ്റത്തിന് സവിശേഷ മാനം നല്‍കി. ഒപെക് സംഘടനയുടെ രൂപീകരണവും അസ്തിത്വവും എണ്ണയുടെ വില മൂന്നിരട്ടിയിലധികമായി കൂടുന്നതിന് സാഹചര്യമൊരുക്കി. ഈ എണ്ണ വരുമാനം അറബ് നാടുകളില്‍ വമ്പിച്ച വികസന സാധ്യതയ്ക്കാണ് വഴിതുറന്നത്. ഈയൊരു സാധ്യതയാണ് വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റത്തിന് മലയാളികള്‍ക്ക് അവസരമൊരുക്കിയത്. 1981 ആകുമ്പോഴേക്കും കേരളത്തിലെ തൊഴില്‍സേനയുടെ 5 ശതമാനം ഗള്‍ഫ് നാടുകളിലെത്തപ്പെട്ടു. ഇത് രണ്ടായിരമാകുമ്പോഴേക്കും 10 ശതമാനത്തിലധികമായി. കേരള സമ്പദ്ഘടനയുടെ ജീവരക്തമായി പ്രവര്‍ത്തിക്കുന്നത് ഇന്ന് ഗള്‍ഫ് വരുമാനമാണ്. മലയാളിയുടെ ജീവിതനിലവാരത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് പിറകില്‍ ഗള്‍ഫ് പണം നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മലയാളിയുടെ പാര്‍പ്പിട സ്വപ്നങ്ങളില്‍ മണിസൗധങ്ങള്‍ തീര്‍ക്കുന്നത് ഗള്‍ഫുകാരന്റെ ചോരനീരാക്കി സമ്പാദിച്ചു കൊണ്ടുവരുന്ന പണമാണ്. ദുര്‍ഭിക്ഷതയുടെ കരാളദിനങ്ങളില്‍നിന്ന് മലയാളി മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുടെ നാളുകളിലേക്ക് നീങ്ങിയത് ഗള്‍ഫുകാരന്റെ കൈപിടിച്ചാണ്. ഗള്‍ഫ് മലയാളിയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഗണിക്കപ്പെടാത്ത ജീവിതത്തിന് മുകളിലാണ് നമ്മള്‍ വര്‍ണങ്ങളുടെ മായക്കാഴ്ചകള്‍ സൃഷ്ടിച്ചത്. ഗള്‍ഫ് പണത്തിന്റെ ബലത്തിലാണ് മലയാളി ഗന്ധങ്ങളുടെ വസന്തം ഒരുക്കി നാശത്തിന്റെയും ജീര്‍ണതയുടെയും ആഗോളവല്‍ക്കരണകാലത്തെ അതിജീവിക്കുവാന്‍ ശ്രമിക്കുന്നതും.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി വന്‍തോതിലുള്ള തൊഴില്‍നഷ്ടമാണ് ഗള്‍ഫ് രാജ്യങ്ങളിലുണ്ടാക്കിയത്. ഇതിന്റെ ഫലമായി വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു. ജോലി നഷ്ടപ്പെടാത്ത പലര്‍ക്കും വലിയതോതിലുള്ള വേതന വെട്ടിക്കുറവിനെയാണ് നേരിടേണ്ടിവന്നത്. ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കകത്തും ഗള്‍ഫ് പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കിന് വലിയ തടസ്സമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പ്രതികൂലാവസ്ഥ വ്യാപിക്കുമ്പോഴും ഗള്‍ഫ് വരുമാനം മന്ദീഭവിച്ചില്ലെന്നത് നമ്മുടെ സമ്പദ്ഘടനയെ സംബന്ധിച്ചെടുത്തോളം അങ്ങേയറ്റം ശുഭോദര്‍ക്കമായ കാര്യമാണ്. 2012ല്‍ കേരളത്തിലെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2,20,489 കോടി രൂപയായിരുന്നു. ഇതില്‍ 62,708 കോടി പ്രവാസി മലയാളികളുടേതാണ്. കഴിഞ്ഞ വര്‍ഷം ഇത് 45,937 കോടിയായിരുന്നു. ഈ കണക്കുകള്‍ ആവര്‍ത്തിച്ചു വ്യക്തമാകുന്നത് കേരള സമ്പദ്ഘടനക്ക് പ്രവാസികള്‍ നല്‍കുന്ന വിലപിടിച്ച സേവനത്തെയാണ്. പൊതു ഖജനാവിലേക്കുള്ള വിദേശ നാണ്യശേഖരത്തെ വര്‍ധിപ്പിക്കുന്ന പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. അവര്‍ക്കുവേണ്ടി സമഗ്രമായൊരു കുടിയേറ്റ നിയമം, ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ വിമാനങ്ങളും കുറഞ്ഞ യാത്രാനിരക്കും പുനരധിവാസം, അവര്‍ അയയ്ക്കുന്ന പണം പ്രത്യുല്‍പാദനപരമായ മേഖലകളിലേക്ക് സമാഹരിച്ച് ഉപയോഗിക്കുന്ന സംരംഭങ്ങള്‍, പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പദ്ധതികള്‍ തുടങ്ങി എത്രയോ കാര്യങ്ങള്‍ പ്രഖ്യാപനങ്ങളായി അവശേഷിക്കുകയാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നവരെ അര്‍ഹമായ രീതിയില്‍ പരിഗണിക്കുന്നില്ലെന്നത് പോകട്ടെ അത്യന്തം നിന്ദ്യമായ അവഗണനകളാണ് സര്‍ക്കാര്‍ അവരോട് കാണിച്ചുകൊണ്ടിരിക്കുന്നത്. ഒരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുകയാണ്. ഗള്‍ഫുകാരന്‍ കടുത്ത ചൂടിലും തണുപ്പിലും കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണമെല്ലാം ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ചരക്കുവിപണിയിലൂടെ ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ സമാഹരണ പ്രക്രിയയിലേക്ക് ഉദ്ഗ്രഥിച്ചെടുക്കുകയാണ്. ഗള്‍ഫ് പണത്തിന്റെ കുത്തിയൊഴുക്ക് മറ്റു ഘടകങ്ങളോടൊപ്പം കേരളത്തെ ഒരു ഉപഭോഗ സമൂഹമായി പരിവര്‍ത്തനപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും പ്രധാന സംഭാവന നല്‍കിയ അറബ് നാടുകളില്‍ പണിയെടുക്കുന്നവരുടെ അമൂല്യമായ സേവനങ്ങളെ ഭരണാധികാരികള്‍ വിലമതിക്കുന്നില്ല. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന കേരളത്തിന്റെ വ്യാപാരകമ്മി നികത്തപ്പെടുന്നത് ഗള്‍ഫ് പണം കൊണ്ടാണ്. എന്നിട്ടും കെ എം മാണി അവതരിപ്പിച്ച 2013-14 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രവാസിക്ഷേമത്തിനായി ഒരു പദ്ധതിയുമുണ്ടായില്ല. ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നവരെയും അവിടെനിന്നെത്തുന്ന പണത്തെ ആശ്രയിച്ച് ജീവിക്കുന്നവരെയും ഒഴിച്ചുനിര്‍ത്തിക്കൊണ്ടൊരു കേരളീയ വികസനചിന്തയും സാധ്യമല്ല. കേരളത്തിന്റെ സമ്പദ്ഘടനയെയും മലയാളിയുടെ ജീവിതത്തെയും നിര്‍ണയിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയും നിരുത്തരവാദിത്വവും തികഞ്ഞ രാജ്യദ്രോഹ നടപടിയായിട്ട് മാത്രമേ കാണാന്‍ കഴിയൂ. ഇന്ത്യക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയാണ് സൗദിയിലെ സ്വദേശിവല്‍ക്കരണം സൃഷ്ടിക്കുക എന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നിട്ടും ഗൗരവപൂര്‍വം പരിഗണിക്കുവാനോ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാകാതിരുന്ന ഭരണാധികാരികളെ രാജ്യദ്രോഹികളെന്നല്ലാതെ എന്താണ് വിളിക്കുക. സ്വന്തം രാജ്യത്തെ പൗരന്മാരോടും കൂറും ബാധ്യതയും പുലര്‍ത്താത്തവര്‍ രാജ്യദ്രോഹികളല്ലാതെ മറ്റെന്താണ്. അറിഞ്ഞോ അറിയാതെയോ നിയമങ്ങള്‍ ലംഘിച്ച് കെണിയില്‍പ്പെടുന്ന നിരവധി പേരുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍. വ്യക്തികളും ഏജന്‍സികളും നല്‍കുന്ന വിസയില്‍ അറബ് നാടുകളിലെത്തി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന എത്രയോ പേരുണ്ട്. പ്രലോഭനങ്ങളിലും കപട വാഗ്ദാനങ്ങളിലും കുടുങ്ങി വിദേശരാജ്യത്തിലെത്തപ്പെട്ടവരെ നാട്ടിലെത്തിക്കുവാന്‍ ഇന്ത്യന്‍ എംബസികള്‍ ശ്രദ്ധിക്കാറില്ല. സ്പോണ്‍സര്‍മാരുടെ തട്ടിപ്പിനും ക്രൂരതക്കുമിരയായി നരകിക്കുന്ന സ്വന്തം നാട്ടുകാരായ പൗരന്മാരെ സംരക്ഷിക്കുവാനുള ബാധ്യത നയതന്ത്രപരമായൊരു ഉത്തരവാദിത്വമായി കാണാത്തവരാണ് ഇന്ത്യന്‍ എംബസികളിലേയും കോണ്‍സുലേറ്റുകളിലെയും ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ഗള്‍ഫില്‍ തൊഴിലെടുക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എംബസികള്‍ ശ്രദ്ധ ചെലുത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നുമില്ല. തൊഴില്‍പരമായ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ എംബസികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പ്രസ്താവന ഇറക്കുന്നതല്ലാതെ ഇപ്പോഴും എംബസികളിലും കോണ്‍സുലേറ്റുകളിലും പ്രവാസികള്‍ക്ക്പ്രാപ്യമല്ലാത്ത അവസ്ഥയാണ് തുടരുന്നത്. പ്രഖ്യാപനങ്ങളല്ലാതെ തങ്ങളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ ഒരു ഗവണ്‍മെന്റുണ്ടെന്ന ആശ്വാസം പോലുമില്ലാത്ത ആശങ്കകളാണ് പ്രവാസികളെ ഭരിക്കുന്നത്. കരളുരുകി കഴിയേണ്ട ഗതികേടിലാണവര്‍. ഇടതുപക്ഷ സര്‍ക്കാറുകളുടെ ഇടപെടലുകളുടെ ഫലമായി സാമൂഹ്യസേവന മേഖലകളില്‍ കേരളം ഏറെ മുന്നോട്ടുപോയി. പൊതുവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ഉയര്‍ച്ചയുണ്ടായപ്പോഴും കാര്‍ഷിക വ്യവസായമേഖലകള്‍ മുരടിച്ചുപോയത് മൂലം കേരളത്തില്‍ കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. ആഗോളവല്‍ക്കരണം ഈ അവസ്ഥയെ കൂടുതല്‍ തീക്ഷ്ണമാക്കി. അറബ് നാടുകളില്‍ പുതുതായി ഉയര്‍ന്നുവന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മലയാളി സമൂഹം ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചത്.

20 ലക്ഷത്തോളം മലയാളികള്‍ അറബ് നാടുകളില്‍ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നുണ്ട്. സിഡിഎസ് പഠനമനുസരിച്ച് 2004ല്‍ 18.4 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതായി കണക്കാക്കുന്നു. 1999ല്‍ ഇത് 13.6 ലക്ഷം പേരായിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കേരളത്തില്‍ 100 വീടുകളെടുത്താല്‍ 27 ലധികം പേര്‍ ഗള്‍ഫ് മലയാളികളാണ്. ഓരോ വര്‍ഷവും ഏതാണ്ട് 9 ലക്ഷം പേര്‍ വിവിധ കാരണങ്ങളാല്‍ മടങ്ങിവരുന്നുണ്ട്. മൊത്തം ഗള്‍ഫ് വരുമാനം കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദന മൂല്യത്തിന്റെ നാലില്‍ ഒന്നോളം വരും. ഇത് കേരളത്തിനുള്ള കേന്ദ്ര ബജറ്റ് വിഹിതത്തേക്കാളും 7 ഇരട്ടിയാണ്. സമ്പദ്ഘടനയില്‍ ഗള്‍ഫ് മലയാളിയുടെ അധ്വാനത്തിന്റെ വിലയായി എത്തുന്ന ഡ്രാഫ്ടുകളുടെ മൂല്യം എത്ര വലുതാണെന്നാണ് ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണം മലയാളിയുടെ ഗള്‍ഫ് സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നതും കേരളീയ സമ്പദ്ഘടനക്ക് വലിയ ആഘാതമേല്‍പിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ മറികടക്കുവാനാവശ്യമായ നയതന്ത്രപരമായ ഇടപെടലുകളും ദീര്‍ഘവീക്ഷണത്തോടെയുള്ള പുനരധിവാസ പദ്ധതികളുമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

കേന്ദ്രത്തിന് കത്തെഴുതി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രിയും സൗദിയിലെ സംഭവവികാസങ്ങളെ ലഘൂകരിച്ചവതരിപ്പിച്ച് കണ്ണടച്ചിരുട്ടാക്കുന്ന കേന്ദ്രമന്ത്രിമാരും കേരളത്തിന്റെ സമ്പദ്ഘടനക്കും ജനജീവിതത്തിനും നേരെ ഉയര്‍ന്നുവരുന്ന ഭീഷണികളെ നേരിടാന്‍ വിസമ്മതിക്കുകയാണ്. നിരുത്തരവാദപരമായ ഇത്തരം നിലപാടുകള്‍ ഉപേക്ഷിച്ച് ഗള്‍ഫ് മലയാളിയെ സംരക്ഷിക്കുവാനുള്ള ആത്മാര്‍ഥമായ നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കണം. സൗദിയിലാരംഭിച്ച നിതാഖാത്ത് സമ്പ്രദായം ഗള്‍ഫ് രാജ്യങ്ങളിലാകെ ത്വരിതഗതിയിലാവുന്ന സ്വദേശിവല്‍ക്കരണത്തിന്റെ സൂചനയാണ്. സൗദിക്ക് പിറകെ കുവൈത്ത് തൊഴില്‍ മന്ത്രാലയവും സ്വദേശികള്‍ക്ക് സംവരണമേര്‍പ്പെടുത്തുവാനുള്ള നയപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

No comments: