Sunday, April 28, 2013

ഫാല്‍കെ ഫാക്ടറി

ഭ്രാന്തമായ സാഹസങ്ങളില്‍ നിന്നാണ് സിനിമയുടെ ജനനം. നൂറ് വര്‍ഷം മുമ്പും ഇപ്പോഴും. ഇരുട്ടില്‍ വലിച്ചുകെട്ടിയ കീറത്തുണിയിലെ ചിത്രങ്ങള്‍ ചലിക്കുന്നതെങ്ങനെയെന്ന ജിജ്ഞാസക്ക് പിന്നാലെ ഇറങ്ങിതിരിച്ച് ഇച്ഛാശക്തികൊണ്ട് പടവെട്ടി ഇന്ത്യന്‍ സിനിമയുടെ പിതാവായിമാറിയ ധുണ്ഡിരാജ് ഗോവിന്ദ ഫാല്‍കെയുടേത് സിനിമയെ വെല്ലുന്ന ജീവിതമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം പരേഷ് മൊകാഷിയെന്ന സാഹസികന്‍ ഫാല്‍കെ സിനിമ എടുത്തതിനെ കുറിച്ച് സിനിമ എടുത്തതും ഭ്രാന്തമായ ഒരു സപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.

മറാത്തി നാടക സംവിധായകനും നടനുമായ പരേഷിന് ഒരു ദിവസം സിനിമ എടുക്കണമെന്ന കലശലായ മോഹം തോന്നി. ബാപു വതാവെ രചിച്ച ദാദ സാഹിബ് ഫാല്‍കെയുടെ ജീവചരിത്രം വായിക്കുമ്പോഴായിരുന്നു അത്. നാലുമണിക്കൂര്‍ കൊണ്ട് 200 പേജുള്ള പുസ്തകം വായിച്ചു തീര്‍ത്തു. ഇന്ത്യന്‍ സിനിമയുടെ പിതാവിനെ കുറിച്ചുള്ള ആദ്യ ചലച്ചിതം ഒരുക്കുമെന്ന് ശപഥം ചെയ്തു. (""അപ്പോള്‍ ഫാല്‍കെയും കഥാപാത്രങ്ങളും എനിക്കു ചുറ്റും നടക്കുന്നുണ്ടായിരുന്നു""-പരേഷിന്റെ വാക്കുകള്‍)

താരങ്ങളും പാട്ടുമില്ലാത്ത മറാത്തി സിനിമയുടെ തിരക്കഥയുമായി പരേഷ് മൂന്ന് വര്‍ഷം തെണ്ടി നടന്നു. ഒടുവില്‍ സ്വന്തമായി പടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിന് ആദ്യമായി മുംബൈയിലെ കുടുംബവീട് പണയം വച്ചു. സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചൊന്നും ധാരണ ഇല്ലാതെ, എന്താണ് തനിക്ക് വേണ്ടതെന്ന ഒറ്റ ബോധ്യത്താല്‍ സംവിധാനം ആരംഭിച്ചു. 2009ല്‍ പുറത്തിറങ്ങിയ "ഹരിശ്ചന്ദ്രാചി ഫാക്ടറി" മറാത്തി അന്നോളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രമായി. നാലുകോടി രൂപയായിരുന്നു മുടക്ക്മുതല്‍. ഇന്ത്യയുടെ അക്കൊല്ലത്തെ ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച സിനിമ സാംക്രമികമായ ഒരുതരം വശ്യശക്തിയോടെ പ്രേക്ഷകരെ കീഴ്പ്പെടുത്തി. കേരളത്തില്‍ നിന്നും ജോണ്‍എബ്രഹാം പുരസ്കാരവും അരവിന്ദന്‍ പുരസ്കാരവും നേടിയ ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തിലും നേട്ടങ്ങള്‍ സ്വന്തമാക്കി. ഫാല്‍കെയെ പോലെ നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലാക്കി ഒന്നുമില്ലായ്മയില്‍ നിന്നും ആദ്യസിനിമയൊരുക്കിയ പരേഷിന്റെ കഥ പ്രമുഖ എഴുത്തുകാരി രശ്മി ബന്‍സാല്‍ "കണക്ട് ദി ഡോട്ട്സ"് എന്ന പുസ്തകത്തില്‍ ഒരു അധ്യായമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍സിനിമയുടെ പിതാവിനെ അല്ല, ഇന്ത്യന്‍ സിനിമ ജനിച്ച കുടുംബത്തെയാണ് "ഹരിശ്ചന്ദ്രാചി ഫാക്ടറി" സരസമായി കാട്ടിത്തരുന്നത്. ഫാല്‍കെയുടെ നേട്ടത്തിന്റെ ഔന്നത്യം വെളിപ്പെടുത്തുന്ന നര്‍മ്മചിത്രം, പരിധിയില്ലാതെ ഭര്‍ത്താവിനെ പിന്തുണച്ച സരസ്വതി ഫാല്‍കെയെയും പുത്തന്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ പകച്ചുപോയ കൊളോണിയല്‍കാലത്തെ ഇന്ത്യന്‍ സാമൂഹിക ജീവിതത്തേയും രേഖപ്പെടുത്തുന്നുണ്ട്, ഒപ്പം സിനിമക്ക് വേണ്ടി ഫാല്‍കെ കാട്ടിയ സാഹസത്തേയും.

ഫ്ളാഷ്ബാക്ക്


ആദ്യഭാര്യയും കുഞ്ഞും പ്ലേഗ് പിടിച്ച് മരിച്ചതോടെ ആകെ അറിയാവുന്ന ഫോട്ടോഗ്രാഫി പണി ഉപേക്ഷിച്ചാണ് ഗുജറാത്തിലെ ഗോദ്രയില്‍ നിന്നും ഫാല്‍കെ മഹാരാഷ്ട്രയിലേക്ക് മടങ്ങിയത്. ബറോഡയിലെ കലാഭവനില്‍ ചിത്രരചന പഠിച്ചിരുന്നെങ്കിലും പിന്നീട് ഉപജീവനമാര്‍ഗമായത് ഒരു ജര്‍മ്മന്‍കാരനില്‍ നിന്ന് പഠിച്ച മാജിക് ആയിരുന്നു. പിന്നീട് കുറേകാലം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ്മാനായി. മടുപ്പു തോന്നിയപ്പോള്‍ ആ ജോലി വിട്ട് പണം കടംവാങ്ങി പ്രിന്റിങ്പ്രസ് ആരംഭിച്ചു. (രാജാരവിവര്‍മയുടെ ചിത്രങ്ങളുടെ പ്രിന്റുകളില്‍ പലതിലും അക്കാലത്ത് ഫാല്‍കെയുടെ കൈപതിഞ്ഞിട്ടുണ്ട്) പ്രിന്റ്ങ് സാങ്കേതികവിദ്യ കൂടുതല്‍ വശത്താക്കാന്‍ ജര്‍മ്മനിയിലേക്ക് കപ്പല്‍ കയറി. മടങ്ങിയെത്തിയപ്പോഴേക്കും പ്രിന്റിങ്ങിലുള്ള താല്‍പര്യവും നശിച്ചു. മക്കളുമൊത്ത് മാജിക് പ്രകടനവുമായി വീണ്ടും തെരുവിലേക്ക്. പുതിയ പ്രസ് തുടങ്ങാന്‍ പണം കടംകൊടുക്കാന്‍ പുറകേ നടക്കുന്ന പലിശക്കാരനെ പറ്റിച്ച് മാജിക് വേദിയില്‍ നിന്നും മൂത്തമകനൊടൊപ്പം ഇറങ്ങിയോടവേയാണ് ഫാല്‍കെയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടായത്. അന്ന് അവര്‍ ഓടിച്ചെന്നു കയറിയത് ചലിക്കുന്ന ചിത്രം അഥവാ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്കാണ്. പരേഷിന്റെ സിനിമ ഇവിടെയാണ് തുടങ്ങുന്നത്. ഫാല്‍കെ സിനിമകള്‍ ഒരുക്കിയ 1911 മുതല്‍ 1914 വരെയുള്ള കാലഘട്ടമാണ് സിനിമ പറയുന്നത്.
 
ഹരിശ്ചന്ദ്രന്റെ ഫാക്ടറി


"ലൈഫ് ഓഫ് ക്രൈസ്റ്റ്" എന്ന വിദേശ നിശബ്ദചിത്രം കുടുംബസമേതം കണ്ടിറങ്ങുമ്പോഴാണ് ഭ്രാന്തമായ ആ എടുത്തുചാട്ടത്തിന് ഫാല്‍ക്കെ തുനിഞ്ഞത്. സ്വന്തമായി സിനിമ എടുക്കണം. ഗുണദോഷിച്ച് തിരുത്താന്‍ മെനക്കെടാതെ ഭാര്യ സരസ്വതിയും മക്കളും അതിനൊപ്പംകൂടി. വാടകവീട്ടിലെ അലമാരിയും ചെമ്പുപാത്രങ്ങളും അടക്കം വിറ്റ് ഇംഗ്ലീഷ് സിനിമാ പുസ്തകങ്ങള്‍ വാങ്ങി പഠിച്ചു. സരസ്വതിയുടെ കുടുക്കയിലെ പണമെല്ലാം തീരുംവരെ വിദേശികളുടെ തിയേറ്ററില്‍ പോയി ചലന ചിത്രങ്ങള്‍ കണ്ട് കണ്ട് കണ്ണ് ചുമന്ന് തുടുത്തു. എന്നിട്ടും ഇരിക്കപ്പൊറുതിയില്ലാതെ, ഗര്‍ഭിണിയായ സരസ്വതിയെയും മക്കളെയും ഒറ്റയ്ക്കാക്കി കടംവാങ്ങിയ പണവുമായി അയാള്‍ ലണ്ടനിലേക്ക് കപ്പല്‍ കയറി. മൂന്നാമത്തെ കുഞ്ഞിന് ആറുമാസമായപ്പോള്‍ തിരിച്ചെത്തിയഅയാള്‍ക്കൊപ്പം വില്യംസണ്‍ മൂവി ക്യാമറയും ഉണ്ടായിരുന്നു.

വള്ളിച്ചെടി വളരുന്നതും പൂവിരിയുന്നതും ചിത്രീകരിച്ച് ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണിച്ച് അത്ഭുതപ്പെടുത്തി. ക്യാമറയിലൂടെ നോക്കിയാല്‍ അന്ധരാകുമെന്ന് വിശ്വസിച്ചവര്‍വരെ കാഴ്ചക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. വീട്ടുജോലിക്കിടെ സരസ്വതിയും ക്യാമറ ചലിപ്പിക്കാനും ഫിലിം ഡെവലപ് ചെയ്യാനും കൂടി. "സരസ്വതിയുടെ പണ്ടം വിറ്റിട്ടും പണം തികയാതെ വന്നപ്പോള്‍ സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി പണയം വച്ച് "രാജഹരിശ്ചന്ദ്ര" സിനിമ നിര്‍മിക്കാനുള്ള പണം കണ്ടെത്തി.

ഹരിശ്ചന്ദ്രപത്നി താരാമതിയെ സരസ്വതി അവതരിപ്പിക്കണം എന്നായിരുന്നു ഫാല്‍കെയുടെ ആഗ്രഹം. സിനിമാക്കാര്‍ക്കെല്ലാംവെച്ചുവിളിമ്പുകയും തുണിയലക്കുകയും ചെയ്ത ശേഷം ക്യാമറ ചലിപ്പിക്കണം, ഫിലിം ഡെവലപ് ചെയ്യണം ഇതിനിടയില്‍ അഭിനയിക്കുന്നതെങ്ങനെ എന്നായിരുന്നു സരസ്വതിയുടെ പ്രതികരണം. സ്ത്രീകഥാപാത്രങ്ങളെ സ്ത്രീകള്‍ തന്നെ അവതരിപ്പിക്കണം എന്ന നിര്‍ബന്ധബുദ്ധി ഉള്ളതിനാല്‍ നടികളെ തേടി ഫാല്‍കെ വേശ്യാലയങ്ങള്‍ തോറും കയറി ഇറങ്ങി. സിനിമാഭിനയം അന്ന് വേശ്യാവൃത്തിയേക്കാള്‍ മോശമായി കരുപ്പെട്ടതിനാല്‍ ആ പിടിവാശി ഫാല്‍കെക്ക് ഒഴിവാക്കേണ്ടി വന്നു. പെണ്ണായി അഭിനയിക്കാം അച്ഛന്‍ ജീവിച്ചിരിക്കുന്നതിനാല്‍ മീശവടിക്കാനാകില്ല എന്നായിരുന്നു ചില അഭിനേതാക്കളുടെ നിലപാട്. മൂത്ത മകല്‍ ബാലചന്ദ്രനായിരുന്നു ഹരിശ്ചന്ദ്ര രാജാവിന്റെ പുത്രനായി വേഷമിട്ടത്. ഷൂട്ടിങ്ങിനിടെ അപകടമുണ്ടായി ബാലചന്ദ്രന്‍ ബോധരഹിതനായി.

ഹരിശ്ചന്ദ്ര രാജാവ് മകനെ പട്ടടയില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ അന്ന് ചിത്രീകരിക്കേണ്ടതുണ്ട്. അബോധാവസ്ഥയിലുള്ള മകനെ വച്ച് തന്നെ ഫാല്‍കെ ആ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നത് പരേഷിന്റെ സിനിമയിലെ ദീപ്ത മുഹൂര്‍ത്തമാണ്.

കട്ട് ടു പരേഷ്

""ശാസ്ത്രബോധമുള്ള മനസിന്റെ ഉടമയായ പുരോഗമനവാദിയായിരുന്നു ഫാല്‍കെ. സ്ത്രീകള്‍ക്ക് വീട്ടിനുള്ളില്‍ പോലും വിലക്കുകള്‍ നിലനിന്ന കാലത്ത് അദ്ദേഹം ഭാര്യയെ അഭിനയിക്കാന്‍ ക്ഷണിച്ചു. അറിവു തേടാനായി വിദേശത്ത് പോയി. ഭ്രാന്തമായ സാഹസത്തിനു മുതിരുമ്പോള്‍ എല്ലാവരേയും പോലെ എന്റെ കുടുംബത്തിന് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചു ഭയന്നില്ല. അങ്ങനെ ചിന്തിച്ചാല്‍ സിനിമാ പിടിത്തം മതിയാക്കി വീട്ടിലിരുന്നേനെ. ഫാല്‍കെ അങ്ങനെ ചെയ്തില്ല എന്നാണ് ചരിത്രം പറയുന്നത്.

പ്രതിസന്ധികളെ സ്വതസിദ്ധമായ നര്‍മബോധം കൊണ്ട് നേരിട്ടു. സിനിമയില്‍ ജോലിക്ക് വന്നാല്‍ പെണ്ണുകിട്ടില്ലെന്ന് ചിലര്‍ ഭയന്നപ്പോള്‍, ഷൂട്ടിങ്ങ് ജോലിക്ക് പകരം ഹരിശ്ചന്ദ്ര ഫാക്ടറയില്‍ ജോലിയുണ്ടെന്ന് പറയാന്‍ നിര്‍ദേശം നല്‍കിയാണ് ഫാല്‍കെ പ്രശ്നം പരിഹരിച്ചത്."" "രാജഹരിശ്ചന്ദ്ര"യുടെ വിജയത്തോടെ എട്ടുചിത്രങ്ങള്‍കൂടി അദ്ദേഹം ഒരുക്കി. സിനിമയില്‍ ഫാല്‍കെ ഒരുക്കിയ സ്പെഷ്യല്‍ എഫക്ട്സ് സാങ്കേതിക വിദ്യ അദ്ദേഹത്തെ സിനിമ പഠിപ്പിച്ച വിദേശികളെ പോലും ഞെട്ടിക്കുന്നതായിരുന്നു. ലണ്ടനില്‍ സിനിമ സംവിധാനം ചെയ്യാന്‍ ആയിരം പൗണ്ട് വീതം വാഗ്ദാനം ചെയ്തിട്ടും ഫാല്‍കെ വഴങ്ങിയില്ല. ഇന്ത്യയില്‍ സിനിമ എന്ന വ്യവസായം സൃഷ്ടിക്കുകയായിരുന്നു ഫാല്‍കെയുടെ ലക്ഷ്യം. "രാജഹരിചന്ദ്ര" 1912ല്‍ പൂര്‍ത്തിയാക്കിയെങ്കിലും 1913 മെയ് മൂന്നിനാണ് സിനിമ മുംബൈയില്‍ കൊറോണേഷന്‍ സിനിമാസില്‍ റിലീസ് ചെയ്യുന്നത്. അത് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടന ദിവസമായി.

ഒരു വര്‍ഷം മുമ്പ് "പുണ്ഡലിക്” എന്ന ഇന്ത്യന്‍ സിനിമ റിലീസ് ചെയ്തെങ്കിലും അത് നാടകത്തിന്റെ ചിത്രീകരണമായതിനാല്‍ സിനിമ എന്ന ഗണത്തില്‍പെടുത്തിയിട്ടില്ല. മാത്രമല്ല ബ്രട്ടീഷ് ഛായാഗ്രഹന്മാരായിരുന്നു "പുണ്ഡലിക്" പകര്‍ത്തിയത്. ക്ലൈമാക്സ് ഇന്ത്യന്‍ സിനിമയുടെ തുടക്കകാരനായെങ്കിലും സാങ്കേതികവിദ്യയുടെ കുതിച്ചൊഴുക്കില്‍ സ്വയം കാലഹരണപ്പെടുമെന്ന് തോന്നിയപ്പോഴാണ് ഫാല്‍കെ സിനിമ ഉപേക്ഷിച്ചത്. സിനിമയില്‍ ശബ്ദം എത്തിയപ്പോഴേക്കും നിശബ്ദ ചിത്രങ്ങളുമായി തിയേറ്ററുകളില്‍ പിടിച്ചു നില്‍ക്കാന്‍ ഫാല്‍കെക്കായില്ല. നിശബ്ദചിത്രങ്ങളില്‍ ചിലതിന് ശബ്ദം നല്‍കി പുനരാവിഷ്കരിച്ചെങ്കിലും ക്രമേണ ഫാല്‍കെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. "ഹരിശ്ചന്ദ്രാചി ഫാക്ടറി" നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും നാലുകോടി മുടക്കിയതിന്റെ ക്ഷീണത്തില്‍ നിന്ന് പരേഷ് കരകയറി വരുന്നതേയുള്ളു.

""ഒരു മറാത്തി ചിത്രത്തിന് നാലുകോടിയോളം പണമിറക്കുന്നത് ശരിക്കും ഭ്രാന്തായിരുന്നു. ആ പണമെല്ലാം തിരിച്ചുകിട്ടിയെന്ന് പറയാനികില്ല. ഒന്നിനു പത്തായി തിരിച്ചുപിടിക്കാനല്ല ഞാന്‍ പണമിറക്കിയത്. എനിക്ക് സിനിമ ഉണ്ടാക്കണമായിരുന്നു. രണ്ടാമതൊരു ചിത്രമൊരുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രതിസന്ധികളെ ഫാല്‍കെയെ പോലെ ചിരിച്ചുകൊണ്ട് നേരിടാനുള്ള ശ്രമത്തിലാണ് ഞാന്‍.""-പരേഷ് പറയുന്നു.

*
ഗിരീഷ് ബാലകൃഷ്ണന്‍ ദേശാഭിമാനി

No comments: