Thursday, April 11, 2013

നൊവാര്‍ട്ടിസ് ഭീമന് അടിതെറ്റിയ വിധി

ദേശീയമാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു നൊവാര്‍ട്ടിസ് മരുന്നുകമ്പനിക്കെതിരായ സുപ്രീംകോടതി വിധി. "ദി ഹിന്ദു" പത്രം രണ്ടു പേജോളം വരുന്ന വാര്‍ത്തകളും വിശകലനങ്ങളുമാണ് നല്‍കിയത്. എന്നാല്‍ മലയാള മാധ്യമങ്ങള്‍ക്ക് അത് വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിച്ച പല ചാനലുകളും വിഷയമൊന്നു മാറ്റിക്കോട്ടെയെന്നായി വൈകുന്നേരം. റെക്കാര്‍ഡ്ചെയ്ത ചര്‍ച്ചതന്നെ ടെലികാസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് ഡോക്ടര്‍ ഇക്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഗണേശ് വിവാദം കത്തിവരുമ്പോള്‍ നൊവാര്‍ട്ടിസിന്റെ വിധിക്ക് പ്രൈം ടൈമില്‍ ഇടംകിട്ടാന്‍ സാധ്യത വളരെ കുറവാണ്. അച്ചടി മാധ്യമങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി.

സാധാരണഗതിയില്‍ ഒന്നാംപേജില്‍ പ്രാധാന്യത്തോടെ വാര്‍ത്തകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പത്രങ്ങളില്‍ വരെ അകംപേജില്‍ ഒതുങ്ങി കാര്യങ്ങള്‍. വിശകലനങ്ങള്‍ക്കും മുഖപ്രസംഗങ്ങള്‍ക്കുമായി പിന്നെയും കാത്തിരിക്കേണ്ടിവന്നു. നൊവാര്‍ട്ടിസിനെതിരായ വിധി ആയിരക്കണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നത് മാത്രമല്ല, മരുന്നിന്റെ കുത്തകാവകാശം ഉറപ്പുവരുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കമ്പനികള്‍ക്കുള്ള താക്കീത് കൂടിയാണ്. 1998ലാണ് നൊവാര്‍ട്ടിസ് തങ്ങളുടെ ക്യാന്‍സര്‍ മരുന്നിനുള്ള പേറ്റന്റിനായി സമീപിക്കുന്നത്. 2005ല്‍ ചെന്നൈയിലെ പേറ്റന്റ് ഓഫീസ് ഈ അപേക്ഷ തള്ളിക്കളഞ്ഞു. നിലവില്‍ മറ്റു രാജ്യങ്ങളില്‍ പേറ്റന്റ് ഉണ്ടായിരുന്ന, ഇപ്പോള്‍ കാലാവധി കഴിഞ്ഞ ഇവരുടെ രക്താര്‍ബുദ മരുന്നില്‍നിന്നും വലിയ വ്യത്യാസമൊന്നും പുതിയതാണെന്ന് അവകാശപ്പെടുന്ന മരുന്നിനില്ലെന്നും അതുകൊണ്ട് അപേക്ഷ നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു അപേക്ഷ തള്ളാന്‍ സുപ്രിം കോടതി വിധി കാരണമായി പറഞ്ഞത്. യഥാര്‍ഥത്തില്‍ പേറ്റന്റ് കുത്തകാവകാശം നല്‍കുന്ന ചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു മരുന്നിന്റെ വിലയിലുള്ള വ്യത്യാസം.

നൊവാര്‍ട്ടിസിന്റെ മരുന്നിന് ഒരു മാസത്തെ ഡോസിന് 1,20,000 രൂപ വില നല്‍കേണ്ടി വരുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന അതേ ഉള്ളടക്കമുള്ള ജനറിക് മരുന്നുകള്‍ക്ക് 8000 മുതല്‍ 12,000 രൂപ വരെ മാത്രമാണ് വില. നൊവാര്‍ട്ടിസിന്റെ വാദം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഈ കമ്പനികളുടെ ഉല്‍പ്പന്നം കമ്പോളത്തില്‍നിന്നും പിന്‍വലിക്കേണ്ടിവരും. ഇതോടെ നൊവാര്‍ട്ടിസിന്റെ മരുന്നിനെ മാത്രം ആശ്രയിക്കാന്‍ ജനം നിര്‍ബന്ധിതമാകും. ഉയര്‍ന്ന ഇടത്തരക്കാര്‍ക്ക് പോലും താങ്ങാന്‍ കഴിയാത്തവിധം ഉയര്‍ന്ന വിലയുള്ള മരുന്ന് മാത്രം വിപണിയില്‍ ലഭ്യമാകുന്ന സാഹചര്യത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. നൊവാര്‍ട്ടിസ് നല്‍കിയ ഹര്‍ജി ചെന്നൈ ഹൈക്കോടതി തള്ളി. ഇതിനെതിരായാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. പേറ്റന്റ് നിയമത്തിന്റെ 3(ഡി) വകുപ്പിന് നല്‍കിയ ശരിയായ വ്യാഖ്യാനത്തോടെ സുപ്രീംകോടതി അപ്പീലും തള്ളിക്കളഞ്ഞു.

യഥാര്‍ഥത്തില്‍ വലിയ സമരത്തിന്റെ ഉല്‍പ്പന്നമാണ് പേറ്റന്റ് നിയമത്തിലെ ഈ വകുപ്പ്. അറിവിനെ വളച്ചുകെട്ടി കുത്തകയാക്കി ലാഭം കൊയ്യുകയെന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. ഇതിനായുള്ള ഉപകരണങ്ങളാണ് പേറ്റന്റും കോപ്പിറൈറ്റും ട്രേഡ് മാര്‍ക്കും മറ്റും. ഈ കുത്തകാവകാശം സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളും ഏജന്‍സികളുമുണ്ട്. അറിവിന്റെ മണ്ഡലത്തില്‍ ട്രിപ്പ്സാണ് ഇത്തരം കാര്യങ്ങള്‍ നിര്‍വചിക്കുന്നത്. എന്നാല്‍, ഇത്തരം കരാറുകള്‍ നല്‍കുന്ന സാധ്യതകള്‍പോലും ഉപയോഗപ്പെടുത്താതെ അന്താരാഷ്ട്ര ഭീമന്മാരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന സമീപനമാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. പേറ്റന്റ് നിയമത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. എന്നാല്‍, ഒന്നാം യുപിഎ ഗവണ്‍മെന്റിന് കോണ്‍ഗ്രസിന്റെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. ലോക്സഭയുടെ അംഗബലം ഇടതുപക്ഷത്തിന്റെ നിര്‍ണായക സ്വാധീനമുള്ളതായിരുന്നു. പേറ്റന്റ് നിയമ ഭേദഗതിക്ക് എതിരായി വലിയ പോരാട്ടമാണ് ഇന്ത്യന്‍ ഇടതുപക്ഷം നടത്തിയത്.

ഉല്‍പ്പാദനരീതിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ പേറ്റന്റ് നല്‍കിയിരുന്നത്. ഒരേ ഉള്ളടക്കമുള്ള മരുന്നുതന്നെ മറ്റൊരു രീതിയിലൂടെ നിര്‍മിക്കുന്നതിനുള്ള അവകാശം കമ്പനികള്‍ക്ക് ലഭിച്ചിരുന്നു. ഇത് മരുന്നുവില നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകരമായിരുന്നു. എന്നാല്‍, ഉല്‍പ്പന്ന പേറ്റന്റ് രീതി അംഗീകരിച്ചതോടെ ഒരു രീതിയിലൂടെയും ആര്‍ക്കും ഒരേ മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വന്നു. ഉല്‍പ്പന്നത്തിനായി പേറ്റന്റ്. ഈ നിയമമാറ്റത്തോടെയാണ് ഇന്ത്യയില്‍ മരുന്നുകളുടെ വില കുതിച്ചുയര്‍ന്നത്. സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തവിധം മരുന്നുകളുടെ വില വന്‍തോതില്‍ വര്‍ധിച്ചു. പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍, പുതിയ രൂപത്തില്‍ മരുന്നിനെ അവതരിപ്പിച്ച് അത് പുതുക്കുന്ന സമ്പ്രദായവും കമ്പനികള്‍ സ്വീകരിക്കുന്നുണ്ട്. നിത്യഹരിതമായി പേറ്റന്റിനെ നിലനിര്‍ത്തുന്ന ഈ എവര്‍ഗ്രീനിങ് സമ്പ്രദായം നിയന്ത്രിക്കുന്നതിനായി ഇടതുപക്ഷം നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഉല്‍പ്പന്നമായിരുന്നു പേറ്റന്റ് നിയമത്തിലെ 3(ഡി) വകുപ്പ്. അന്ന് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചിരുന്നവര്‍ ഇപ്പോഴത്തെ വിശകലനങ്ങളില്‍ ഈ ചരിത്രം മറന്നുപോകുന്നുവെന്നത് മറ്റൊരു കാര്യം. ചിലരുടെ വാദം ഇങ്ങനെയായാല്‍ ആരും ഗവേഷണത്തിനും മറ്റും പണം ചെലവഴിക്കാന്‍ തയ്യാറാകില്ലെന്നാണ്.

യഥാര്‍ഥത്തില്‍ പേറ്റന്റ് ലഭിച്ചുകഴിഞ്ഞ് അമേരിക്കന്‍ കമ്പോളത്തില്‍നിന്നും ഒരു വര്‍ഷം ലഭിക്കുന്ന വില്‍പ്പനയിലൂടെ തന്നെ ഗവേഷണത്തിനും മറ്റും കമ്പനി ചെലവഴിച്ച പണം തിരിച്ചുലഭിക്കുന്നെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് വിദഗ്ധര്‍ പറയുന്നത്. പിന്നീട് കിട്ടുന്നതെല്ലാം ലാഭം തന്നെയാണ്. അമിതലാഭത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തെ പോലും സഹിക്കാന്‍ ഇത്തരക്കാര്‍ക്ക് ആകുന്നില്ല. ഈ വിധിയുടെ കൂടി പശ്ചാത്തലത്തില്‍ മരുന്നുവില നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തമായ ഇടപെടലുകള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയണം. അതിനു പറ്റുന്ന സാമൂഹ്യസമ്മര്‍ദം വിവിധ മേഖലകളില്‍നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്.

*
പി രാജീവ് ദേശാഭിമാനി 11 ഏപ്രില്‍ 2013

No comments: