Tuesday, April 30, 2013

ലജ്ജിച്ചു തലതാഴ്ത്തേണ്ട മാധ്യമശൈലി

മാധ്യമരംഗം അഴിമതിയുടെ പിടിയിലമരുന്നത് അപൂര്‍വതയല്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി പ്രചാരകന്റെയും ഉപജാപകന്റെയും വേഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതുമുതല്‍, പണംവാങ്ങി വാര്‍ത്തയെഴുതാന്‍ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാകുന്നതുവരെയുള്ള വിവരങ്ങള്‍ വേണ്ടതിലധികം വന്നുകഴിഞ്ഞു. വായിക്കുകയും കാണുകയും കേള്‍ക്കുകയുംചെയ്യുന്ന വാര്‍ത്തകള്‍ക്കുപിന്നിലെ ചരടുകള്‍ പത്രമുടമയുടെ താല്‍പ്പര്യങ്ങള്‍ പരിശോധിച്ചുമാത്രം കണ്ടെത്താനാകില്ലെന്നു വന്നിരിക്കുന്നു. ഉടമയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങളുമുണ്ടാവുകയാണ്. മാധ്യമ സിന്‍ഡിക്കറ്റ് എന്ന വിശേഷണം ലഭിച്ച അത്തരമൊരു കൂട്ടായ്മ തലസ്ഥാനത്ത് പ്രവര്‍ത്തിച്ചത് ഇന്ന് ആരും നിഷേധിക്കുന്ന വിഷയമല്ല. സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയെ തകര്‍ക്കാനുള്ളതായിരുന്നു ആ സിന്‍ഡിക്കറ്റ്. പാര്‍ടിയിലെ ചിലര്‍ നല്ലതെന്നും ചിലര്‍ മോശമെന്നും സ്ഥാപിക്കാന്‍ അതിവിദഗ്ധമായി കഥകള്‍ രചിക്കുകയും സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയും ഒടുവില്‍ പാര്‍ടിയെ തകര്‍ത്തുകളയാമെന്ന വ്യാമോഹത്തില്‍വരെ എത്തുകയുംചെയ്ത ആ സിന്‍ഡിക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നാട്ടിലുണ്ട്. ഇടയ്ക്കിടെ, കല്‍പ്പിത കഥകളുമായി അവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ അവരുടെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍, ഈ കെട്ട മാധ്യമപ്രവര്‍ത്തനരീതിയും സ്വീകാര്യമാവുകയായിരുന്നു.

അധികാരത്തിന്റെ ഇടനാഴികളിലും അധികാരികളുടെ അടുക്കളകളിലും താവളമടിച്ച് ദല്ലാള്‍പണിയെടുത്ത് സമ്പാദിച്ചുകൂട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ നല്ല കാഴ്ചയല്ല. അധികാരികള്‍ക്കുവേണ്ടി മാത്രമല്ല, പണവും സൗജന്യങ്ങളും നല്‍കുന്ന ആര്‍ക്കുവേണ്ടിയും മുട്ടിലിഴയാന്‍ തയ്യാറുള്ള ചിലരും മാധ്യമസമൂഹത്തിലുണ്ട് എന്നാണ് കഴിഞ്ഞദിവസം വന്ന ഒരു വാര്‍ത്തയില്‍ തെളിയുന്നത്. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേരളത്തിന്റെ രേഖകള്‍ തമിഴ്നാടിന് ചോര്‍ത്തി നല്‍കിയത് സംബന്ധിച്ച അന്വേഷണത്തില്‍ തലസ്ഥാനത്തെ ഏതാനും മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം രഹസ്യാന്വേഷകര്‍ കണ്ടെത്തി എന്നാണ് ആ വാര്‍ത്ത. തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മലയാളിയായ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണന്‍ കേരളത്തിന്റെ സെക്രട്ടറിയറ്റില്‍ സൈ്വരവിഹാരം നടത്തി വിവരങ്ങള്‍ ചോര്‍ത്തുന്നു. അയാളെ സഹായിക്കാനും അയാളില്‍നിന്ന് സഹായംപറ്റാനും മന്ത്രിമാര്‍മുതല്‍ താഴെക്കിടയിലുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍വരെ തയ്യാറാകുന്നു. അക്കൂട്ടത്തില്‍ മൂന്ന് പ്രമുഖ പത്രങ്ങളിലേതുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുമായും ബന്ധമുണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് തമിഴ്നാട്ടിലേക്കുള്ള വിനോദയാത്ര, കുട്ടികളുടെ കോളേജ് അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം ചെയ്യുന്നു- ഇത്രയും വിവരങ്ങളാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിന്റെ രഹസ്യറിപ്പോര്‍ട്ട് ഉദ്ധരിച്ച് വന്ന വാര്‍ത്ത.

ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുതന്നെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗണേഷ്കുമാര്‍, അനൂപ് ജേക്കബ് തുടങ്ങിയ മന്ത്രിമാര്‍ വിവാദ ഉദ്യോഗസ്ഥനില്‍നിന്ന് സൗജന്യം പറ്റിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മേധാവി പറയുന്നത്. അതിനര്‍ഥം, പട്ടികയില്‍ കൂടുതല്‍ മന്ത്രിമാരുണ്ടെന്നാണ്. അന്യസംസ്ഥാനത്തിനുവേണ്ടി ലോബിയിങ് നടത്തുന്ന ഒരാളുടെ സഹായം പറ്റുന്നവരാണ് കേരളത്തിലെ മന്ത്രിമാര്‍ എന്ന ആരോപണം ഇന്റലിജന്‍സ് മേധാവിതന്നെ ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് നിസ്സാരമായി തള്ളിക്കളയാനോ അവഗണിക്കാനോ ആകില്ല. ഒന്നുകില്‍ തന്റെ മന്ത്രിസഭയിലുള്ള അത്തരക്കാരെ കണ്ടെത്തി നിയമത്തിന്റെ കൈയിലേല്‍പ്പിക്കണം. കൂടുതല്‍ അന്വേഷണം നടത്തി എല്ലാ കള്ളനാണയങ്ങളെയും പുറത്തുകൊണ്ടുവരണം. അതിനു തയ്യാറല്ലെങ്കില്‍ ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് തെറ്റാണെന്നു പ്രഖ്യാപിച്ച് നടപടിയെടുക്കണം. ഇത് രണ്ടും ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമെന്നു കരുതാനാകില്ല. മറിച്ച്, ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആയുധമാക്കി തന്റെ മന്ത്രിസഭയിലെ ചിലരെ വരുതിക്ക് നിര്‍ത്താനും ബ്ലാക്ക്മെയില്‍ചെയ്ത് കാര്യം നേടാനുമാണ് സാധ്യത- അതാണനുഭവം. ഇത്തരം ഘട്ടങ്ങളില്‍ വസ്തുതകള്‍ ജനങ്ങള്‍ക്കുമുന്നിലെത്തിച്ച് ജനാധിപത്യത്തിന് കവചംതീര്‍ക്കുക മാധ്യമങ്ങളാണ് എന്നാണ് പൊതുധാരണ. ഇവിടെ, സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരേക്കാളും ഉദ്യോഗസ്ഥ വൃന്ദത്തേക്കാളും താണ അനുഭവങ്ങളാണ് മാധ്യമങ്ങളില്‍നിന്നുണ്ടാകുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍തന്നെ കൈക്കൂലിയെന്നുതന്നെ പറയാവുന്ന സൗജന്യങ്ങള്‍പറ്റി, കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായ വാര്‍ത്തകളെഴുതുകയും പ്രചാരണം നടത്തുകയും ചെയ്യുന്നെങ്കില്‍, ഈ ദുഷിച്ച ഇടപാടുകളിലെ മാധ്യമപങ്കാളിത്തം ഊഹിക്കാവുന്നതിനേക്കാള്‍ അപ്പുറമാണ് എന്ന് തീര്‍ച്ചയാക്കാം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ചെയ്തികള്‍ മൂടിവച്ച് കാശുമാറാനുള്ള ദല്ലാള്‍പണിയായി മാധ്യമപ്രവര്‍ത്തനം മാറിക്കൂടാ.

അഴിമതിക്കാരായ മന്ത്രിമാരില്‍നിന്നുള്ളതിനേക്കാള്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് മ്ലേച്ഛമായ ഈ മാധ്യമപ്രവര്‍ത്തനത്തില്‍നിന്നുയരുന്നത്. ഇത്തരക്കാരുടെ ഇടപാടുകളാകെ കണ്ടെത്തി നിയമത്തിന്റെ പിടിയിലേക്ക് അവരെ വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ക്കൊപ്പം മാധ്യമസമൂഹവും ഉണരണം. മാധ്യമസ്വാതന്ത്ര്യ ധ്വംസനമുണ്ടാകുമ്പോള്‍ സടകുടഞ്ഞെണീക്കാറുള്ള മാധ്യമ പ്രവര്‍ത്തക സംഘടനകള്‍, ഇത്തരം അനാശാസ്യ സ്വാധീനങ്ങള്‍മൂലം മാധ്യമങ്ങളുടെ വിശ്വാസ്യതയാകെ തകരുന്നതിനെക്കുറിച്ചും ഗൗരവമായി പരിശോധിക്കണം. ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകള്‍ കണ്ട് കണ്ണുമഞ്ഞളിച്ച് സ്വന്തം തലച്ചോറ് അവര്‍ക്കുവേണ്ടി വാടകയ്ക്കുകൊടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വദേശാഭിമാനിയുടെയും കേസരിയുടെയും ഈ നാട്ടില്‍ സുഖിമാന്മാരായി ജീവിക്കുന്നുവല്ലോ എന്നോര്‍ത്ത് ഒരോ കേരളീയനും ലജ്ജിക്കേണ്ട സമയമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 30 ഏപ്രില്‍ 2013

No comments: