Thursday, April 25, 2013

ഇടതുപക്ഷവും കോണ്‍ഗ്രസും: പ്രകാശ് കാരാട്ട്

ഒരു വര്‍ഷത്തിനകം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് നിര്‍ദേശങ്ങളും ഊഹാപോഹങ്ങളും പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരമൊരു വീക്ഷണമാണ് കേന്ദ്ര പ്രവാസിമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി കഴിഞ്ഞമാസം പ്രകടിപ്പിച്ചത്. വ്യക്തിപരമായി താന്‍ കോണ്‍ഗ്രസ്- ഇടതുപക്ഷ ധാരണ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ എ കെ ആന്റണിയോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനു മുമ്പ് അത്തരമൊരു സഖ്യത്തിന്റെ സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ പോരടിക്കുമ്പോള്‍ അത്തരമൊരു സഖ്യത്തിന് സാധ്യതയില്ലെന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും രാജ്യത്തിന്റെ വിശാല താല്‍പ്പര്യത്തിനായി കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും സഹകരിക്കാവുന്ന മേഖലകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോഡി ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകുമെന്നും ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ കടുത്ത വര്‍ഗീയ അജന്‍ഡയാണ് അദ്ദേഹം പ്രതിനിധാനംചെയ്യുന്നതെന്നും അതിനാല്‍ സിപിഐ എമ്മും ഇടതുപക്ഷവും കോണ്‍ഗ്രസുമായി സഹകരിക്കുന്നതാണ് നല്ലതെന്നുമാണ് മറ്റൊരു അഭിപ്രായം. അതുവഴി നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യത തടയണമെന്നുമാണ് ഇവരുടെ അഭിപ്രായം.

ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള സഖ്യമെന്ന നിര്‍ദേശം എന്തുകൊണ്ട് പ്രായോഗികമല്ലെന്ന് വിശദീകരിക്കേണ്ടതുണ്ട്. അതോടൊപ്പം ഇത് രാജ്യത്തിന്റെ താല്‍പ്പര്യത്തിന് അനുകൂലമാണോ അല്ലയോ എന്നും വിശദീകരിക്കണം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലാവധിയുടെ അവസാന വര്‍ഷത്തിലേക്ക് നീങ്ങവെ, രാജ്യത്തിന് ഒരു ദുരന്തമാണ് ഈ സര്‍ക്കാര്‍ എന്ന് പറയേണ്ടിയിരിക്കുന്നു. വിലക്കയറ്റം, കൃഷിക്കാരുടെ ദുരിതപൂര്‍ണ ജീവിതം, വര്‍ധിക്കുന്ന തൊഴിലില്ലായ്മ, അഴിമതി ഉള്‍പ്പെടെ ദുര്‍ഭരണത്തിന്റെ റെക്കോഡുകള്‍ ഏറെയാണ്. എന്നാലിതൊന്നും സര്‍ക്കാരിന്റെ ചിന്താഗതികളെ ഒരു തരത്തിലും സ്വാധീനിച്ചില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും വന്‍കിട ബിസിനസുകാരെയും വിദേശ മൂലധനത്തെയും ആകര്‍ഷിക്കാനുള്ള വഴികള്‍ തേടുകയാണ്. നരേന്ദ്രമോഡി കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനായി മാറിയതോടെ ഇന്ത്യയിലെയും വിദേശത്തെയും മൂലധനശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തങ്ങളും അതീവ തല്‍പ്പരരാണ് എന്ന് തെളിയിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആറുമാസത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇത് തെളിയിക്കാനാകും. എ കെ ആന്റണിയും വയലാര്‍ രവിയും അംഗങ്ങളായ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചു; ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സ്വകാര്യ ബാങ്കുകള്‍ തുറക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ചു; നികുതിവെട്ടിപ്പ് തടയുന്നതിനുള്ള ഗാര്‍ ചട്ടങ്ങള്‍ മരവിപ്പിച്ചു; കര്‍ഷകര്‍ക്കുള്ള രാസവള സബ്സിഡി വെട്ടിക്കുറയ്ക്കുകയും പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം എടുത്തുകളയുകയുംചെയ്തു; ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തുന്നതിനും പ്രതിരോധ രംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വാദിക്കുന്നു. യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട എതാനും നവഉദാരവല്‍ക്കരണ നയങ്ങളാണ് മേല്‍പ്പറഞ്ഞത്. സിപിഐ എമ്മും ഇടതുപക്ഷവും ഈ നടപടികളെ ശക്തമായി എതിര്‍ക്കുകയാണ്.

അഴിമതിയുടെ കാര്യമെടുത്താല്‍ യുപിഎ സര്‍ക്കാര്‍ അതില്‍ മുങ്ങിത്താണിരിക്കുകയാണ്. വന്‍ അഴിമതികളായ 2ജി സ്പെക്ട്രം,കല്‍ക്കരിപ്പാടങ്ങള്‍ എന്നിവയില്‍ നാം കണ്ടത് അഴിമതി മൂടിവയ്ക്കാനും കുറ്റക്കാരെ രക്ഷിക്കാനുമുള്ള ശ്രമമാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ജെപിസി ചെയര്‍മാന്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ അഴിമതിയില്‍നിന്ന് എ രാജയെ ഒഴിച്ച് എല്ലാവരെയും ഒഴിവാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ സ്വതന്ത്ര ചേരിചേരാ വിദേശനയം അട്ടിമറിക്കുന്ന ഒമ്പതുവര്‍ഷത്തെ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നടപടികള്‍ കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണിയെയും വയലാര്‍ രവിയെയും വേവലാതിപ്പെടുത്തേണ്ടതാണ്. ഇന്ന് ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ കാണുന്നത് അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യകക്ഷിയായാണ്. സിറിയയില്‍ ആഭ്യന്തരയുദ്ധത്തിനും അതുവഴി ഭരണമാറ്റത്തിനും ലക്ഷ്യമിട്ട വിദേശ ഇടപെടലിനെതിരെ വ്യക്തവും ശക്തവുമായ നയം സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ല? എന്തുകൊണ്ടാണ് അമേരിക്കയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചത്? അമേരിക്കന്‍ പ്രതിഷേധത്തെതുടര്‍ന്ന് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകപൈപ്പ്ലൈന്‍ പദ്ധതി എന്തുകൊണ്ടാണ് ഉപേക്ഷിച്ചത്? അമേരിക്കയുമായുള്ള സൈനിക സഖ്യവും ഇസ്രയേലില്‍നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതും ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണോ? രാജ്യതാല്‍പ്പര്യവുമായി ബന്ധപ്പെട്ട നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷം തീര്‍ച്ചയായും സഹകരിക്കണമെന്നാണ് എ കെ ആന്റണി പറയുന്നത്. എന്നാല്‍, മേല്‍പ്പറഞ്ഞ നയങ്ങള്‍ രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതാണോ? വിദേശ സൂപ്പര്‍മാര്‍ക്കറ്റുകളുടെ രംഗപ്രവേശത്തോടെ രാജ്യത്തെ ലക്ഷക്കണക്കായ ചില്ലറവില്‍പ്പനക്കാരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്ന നയത്തെ സിപിഐ എമ്മിന് പിന്തുണയ്ക്കാനാവില്ല. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ബാങ്ക് ദേശസാല്‍ക്കരണം അട്ടിമറിച്ച് കോര്‍പറേറ്റുകളെയും റിയല്‍ എസ്റ്റേറ്റുകാരെയും ഈ രംഗത്തേക്ക് കൊണ്ടുവരുന്ന നയത്തെയും ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ല. അമേരിക്കന്‍ അനുകൂല വിദേശ നയത്തെയും അനുകൂലിക്കാനാവില്ല. വന്‍കിട മുതലാളിമാരുടെയും അതിസമ്പന്നരുടെയും വിദേശ മൂലധനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളുമായി ഒരു തരത്തിലും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും സന്ധിയാവാന്‍ കഴിയില്ല.

അപ്പോള്‍, നരേന്ദ്രമോഡിക്കും ബിജെപിക്കുമെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പറയേണ്ടതുണ്ട്. നവ ഉദാരവല്‍ക്കരണ അജന്‍ഡ കോണ്‍ഗ്രസിനെയും യുപിഎയേക്കാളും നന്നായി തനിക്ക് നടപ്പാക്കാന്‍ കഴിയുമെന്നാണ് മോഡി അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലെ പ്രധാന ആശയം. ചേമ്പേഴ്സ് ഓഫ് കോമേഴ്സുകളില്‍ നടത്തിയ പ്രസംഗത്തില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണമെന്ന ലക്ഷ്യത്തെക്കുറിച്ചാണ് മോഡി സംസാരിച്ചത്. ട്രെയിനുകള്‍പോലും സ്വകാര്യ കമ്പനികളാണ് ഓടിക്കുകയെന്ന് മോഡി പറഞ്ഞു. ഗുജറാത്ത് മോഡല്‍ വികസനമെന്നതിന്റെ അര്‍ഥമിതാണ്. വന്‍കിട ബിസിനസുകാരുടെ കാതുകളില്‍ ഇത് സംഗീതമായി ശ്രവിക്കപ്പെടും.

നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി വര്‍ധിക്കുന്ന തൊഴിലില്ലായ്മയും, ജീവനോപാധികളുടെ നാശവും, വര്‍ധിക്കുന്ന അസമത്വവുമാണ് ഹിന്ദുത്വ അജന്‍ഡയ്ക്കും നിലനില്‍ക്കാന്‍ അവസരമൊരുക്കുന്നത്. വര്‍ഗീയ ഭീഷണിയെ ഫലപ്രദമായി നേരിടണമെങ്കില്‍ അതോടൊപ്പം നവ ഉദാരവല്‍ക്കരണ നയത്തിനെതിരെയും പൊരുതണം. സിപിഐ എമ്മിന് പറയാനുള്ളത് ഇതാണ്. ഈ കാരണംകൊണ്ടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ പോരാടണമെന്ന് സിപിഐ എം പറയുന്നത്. നവഉദാരവല്‍ക്കരണ നയം രാജ്യത്തെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. അത് സാമ്പത്തിക-സാമൂഹ്യ- രാഷ്ട്രീയ മേഖലകളില്‍ പ്രതിഫലിക്കാനും തുടങ്ങിയിട്ടുണ്ട്. ഈ പ്രശ്നങ്ങളുടെ ഭാഗമായതുകൊണ്ടുതന്നെ കോണ്‍ഗ്രസിനും ബിജെപിക്കും ഇതിന് പരിഹാരം കാണാനാകില്ല. ഭരണവര്‍ഗ സമവായത്തെ എതിര്‍ത്ത് തോല്‍പ്പിക്കുകയും ബദല്‍നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ബദല്‍ കെടിപ്പടുക്കുകയെന്നുമുള്ള വിഷമകരമായ കടമയാണ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നിര്‍വഹിക്കാനുള്ളത്. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വളര്‍ത്തിക്കൊണ്ടുവരുന്ന ബദല്‍വേദിക്ക് ചുറ്റും എല്ലാ വിഭാഗം ജനാധിപത്യ-മതനിരപേക്ഷ ശക്തികളെയും അണിനിരത്തുകയും വേണം. ആന്റണിയെയും വയലാര്‍ രവിയെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആത്മപരിശോധനന നടത്താന്‍ തയ്യാറാകണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിന് എതിരായ നയങ്ങളുടെയും നവഉദാരവല്‍ക്കരണത്തിന്റെയും ഏജന്‍സിയായി പാര്‍ടി മാറണമെന്നാണോ ഇവര്‍ അഭിപ്രായപ്പെടുന്നത്? ഇത്തരമൊരു അവസ്ഥയില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനായി ഇവര്‍ പ്രവര്‍ത്തിക്കുമോ

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 25 ഏപ്രില്‍ 2013

No comments: