Tuesday, April 23, 2013

പൊതുപ്രവര്‍ത്തനവും പുരസ്കാരവും

എറണാകുളം ടൗണ്‍ഹാളില്‍ പ്രഥമ ടി കെ സ്മൃതി പുരസ്കാരം ഏറ്റുവാങ്ങി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുരസ്കാരം എന്ന സങ്കല്‍പ്പത്തോട് അത്ര വലിയ മമതയുള്ള വ്യക്തിയല്ല ഞാന്‍. രാഷ്ട്രീയപ്രവര്‍ത്തനമടക്കമുള്ള പൊതുപ്രവര്‍ത്തനം വ്യക്തിപരമായ സ്വീകാര്യത വര്‍ധിപ്പിച്ചെടുക്കാനോ വ്യക്തിപരമായ അംഗീകാരം നേടിയെടുക്കാനോ ഉള്ള ഒന്നാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. ആ ബോധ്യത്തില്‍നിന്നുളവാകുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുരസ്കാരം എന്ന സങ്കല്‍പ്പത്തോടുള്ള എന്റെ മമതയില്ലായ്മ.

പൊതുപ്രവര്‍ത്തനമെന്നത് എന്റെ നോട്ടത്തില്‍ പൊതുവായ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി വലിയ ഒരു കൂട്ടായ്മയുടെ ഭാഗമായിനിന്ന് തന്റേതായ പങ്കുവഹിക്കലാണ്. അത് ഏതെങ്കിലും തരത്തിലുള്ള വൈയക്തികമായ അംഗീകാരം പ്രതീക്ഷിച്ചുള്ളതല്ല. അങ്ങനെയാകാന്‍ പാടുള്ളതുമല്ല. പൊതുപ്രവര്‍ത്തനമെന്ന പ്രക്രിയക്കിടയില്‍ ഏതെങ്കിലുമൊക്കെ വ്യക്തികള്‍ക്ക് ശ്രദ്ധേയമായ ചില സവിശേഷസ്ഥാനങ്ങള്‍ ലഭിച്ചു എന്നുവരും. അത്തരം സ്ഥാനങ്ങള്‍ ലഭിക്കുന്നത് ഒരു കൂട്ടായ്മയ്ക്ക് മുന്നോട്ടുപോകാന്‍ അങ്ങനെ ചിലത് കൂടിയേ തീരൂ എന്നതുകൊണ്ടാണ്. ചില പ്രത്യേക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതലയായല്ലാതെ, വ്യക്തിപരമായി ലഭിക്കുന്ന ആദരവായി അത്തരം സ്ഥാനങ്ങളെ കാണേണ്ടതില്ല. കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെയും കൂടുതല്‍ കാര്യക്ഷമതയോടെയും കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ജനങ്ങള്‍ നല്‍കുന്ന അവസരമായാണ് അതിനെ കാണേണ്ടത്. ആ അവസരം തന്നതിന് ജനങ്ങളോട് കൃതജ്ഞത പുലര്‍ത്തുകയാണ് പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. അതല്ലാതെ, തന്റെ വ്യക്തിപരമായ നേട്ടമാണ് അതെന്ന് അഹങ്കരിക്കുകയല്ല.

വലിയ ഒരു കൂട്ടായ്മ; ആ കൂട്ടായ്മയാണ് തന്നെയും തന്റെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് എന്ന് തിരിച്ചറിയുകയും ആ കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഒന്നുമാകുമായിരുന്നില്ലെന്ന് മനസ്സിലുറപ്പിക്കുകയും അങ്ങനെ കൂടുതല്‍ വിനയാന്വിതനാവുകയുമാണ് ചെയ്യേണ്ടത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് പണ്ടേ മനസ്സിലുറച്ചുപോയിട്ടുണ്ട്. അതുകൊണ്ടാണ്, പൊതുപ്രവര്‍ത്തനത്തിന് പുരസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒട്ടൊന്ന് അമ്പരന്നുപോകുന്നത്. ആ തരത്തിലുള്ള ഒരു അമ്പരപ്പില്‍നിന്ന് പൂര്‍ണമായും മുക്തനല്ല ഞാന്‍. എങ്കിലും ഈ പുരസ്കാരം ഞാന്‍ ആദരവോടെയും വിനയത്തോടെയും സ്വീകരിക്കുകയാണ്. ഇത് സ്വീകരിക്കുന്നതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആദരണീയനായ സ. ടി കെ രാമകൃഷ്ണന്റെ പേരിലുള്ളതാണ് ഈ പുരസ്കാരം എന്നതുതന്നെയാണ്. ടി കെയുടെ പേരിലുള്ള പുരസ്കാരത്തോട് മറ്റൊരു സമീപനം കൈക്കൊണ്ടാല്‍ അത് അഹങ്കാരമായിപ്പോകും. ആ അവിവേകം ഞാന്‍ കാട്ടില്ല.

രണ്ടാമത്തെ കാരണം, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഒരു കൂട്ടായ്മയാണ്, അതല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയല്ല ഇത് നല്‍കുന്നത് എന്നതാണ്. പുരോഗമനോന്മുഖമായി ചിന്തിക്കുകയും വിപ്ലവകരമായി സമൂഹത്തില്‍ മാറ്റത്തിനുവേണ്ടി ഇടപെടുകയുംചെയ്യുന്ന ഒരു കൂട്ടായ്മയാണത്. അത്തരം കൂട്ടായ്മകള്‍ ജനകീയതയുടെ കൂട്ടായ്മകളാണ്. ജനാധിപത്യത്തില്‍ വ്യക്തിയുടെ ധര്‍മം വ്യക്തിപരമായ അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും അതിനെ ജനകീയമായ കൂട്ടായ്മയുടെ അഭിപ്രായങ്ങള്‍ക്ക് കീഴ്പ്പെടുത്തുക എന്നതുതന്നെയാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെയും പ്രൊഫ. സാനുമാഷിനെയുംപോലുള്ള ആദരണീയരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത് എന്നതും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. മൂന്നാമത്തെ കാരണം, ഈ പുരസ്കാരം ചില അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ്. സ്വാതന്ത്ര്യബോധം, ദേശാഭിമാനബോധം, ജനാധിപത്യബോധം, സോഷ്യലിസ്റ്റ് സങ്കല്‍പ്പം, മതനിരപേക്ഷതാബോധം തുടങ്ങിയവയാണത്. ഇത്തരം മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും ജീവശ്വാസംപോലെ പ്രധാനമാണ്. അത്രയ്ക്ക് വിലപ്പെട്ട മൂല്യങ്ങളെ പ്രതിനിധാനംചെയ്യുന്ന ഒരു പുരസ്കാരം ആ മൂല്യങ്ങളെ ആദരിക്കുന്ന ഏത് വ്യക്തിക്കും ഏറ്റുവാങ്ങാനേ കഴിയൂ; തിരസ്കരിക്കാന്‍ കഴിയില്ല. ഇതുകൊണ്ടൊക്കെയാണ് പൊതുവേ അവാര്‍ഡുകളില്‍ ഒരു കൗതുകവുമില്ലാത്ത ആളായിരുന്നിട്ടും ഈ പുരസ്കാരം ഞാന്‍ ഏറ്റുവാങ്ങുന്നത്. എന്റെ വ്യക്തിപരമായ കഴിവിനോ മികവിനോ ഉള്ളതെന്ന നിലയ്ക്കല്ല, മറിച്ച് എളിയതോതില്‍ പൊതുപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയപ്രവര്‍ത്തനരംഗത്തും ചിലതൊക്കെ ചെയ്യാന്‍ ശ്രമിക്കാനുള്ള അവസരം എനിക്കു തന്ന കൂട്ടായ്മയ്ക്ക്, എന്റെ പ്രസ്ഥാനത്തിന്, ലഭിക്കുന്ന അംഗീകാരമെന്ന നിലയ്ക്കാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇതു പറയുമ്പോള്‍ എന്റെ മനസ്സില്‍ ഒരുപാട് മുഖങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. പൊതുപ്രവര്‍ത്തനത്തിലേക്ക്, രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എന്നെ ആനയിച്ച ഗുരുസ്ഥാനീയര്‍. ഒപ്പം പ്രവര്‍ത്തിക്കുന്നതിനിടെ ആക്രമണങ്ങള്‍ക്ക് ഇരയായി പിടഞ്ഞുവീണ ധീരരായ രക്തസാക്ഷികള്‍. രക്തസാക്ഷികളെപ്പോലെ ആദരിക്കേണ്ട മൃതപ്രായരായ നിരവധി സഖാക്കള്‍. ത്യാഗധനരായ അവരുടെയൊക്കെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരവോടെ ഞാന്‍ ഈ പുരസ്കാരം സമര്‍പ്പിക്കുകയാണ്.

പൂവിരിച്ച പാതകളിലൂടെ നടന്നല്ല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. എതിരെ വരുന്ന കത്തിമുനകള്‍ക്കും വാള്‍മുനകള്‍ക്കും ഇടയിലൂടെതന്നെയായിരുന്നു യാത്ര. ഇടയ്ക്ക് ചിലരൊക്കെ വീണുപോയി. യാദൃച്ഛികതകൊണ്ടുമാത്രം, ഇടയ്ക്ക് വീഴാതെ ഞങ്ങളില്‍ ചിലരൊക്കെ ഇത്രത്തോളമെത്തി. നടന്നുതീര്‍ത്ത പാതകളിലേതിനേക്കാള്‍ കഠോരമാവാം ഇനിയുള്ള യാത്ര എന്നറിയാം. എങ്കിലും അചഞ്ചലമായിത്തന്നെ ഈ യാത്ര തുടരും. ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന കത്തിമുനകളെ ഭയക്കാതെതന്നെ, ഒരു തത്വത്തിലും വിട്ടുവീഴ്ച ചെയ്യാതെതന്നെ, അക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍കൂടി ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ. കൊടിയ മര്‍ദനം, ചിലപ്പോള്‍ അകാലത്തിലുള്ള മരണം ഇതൊക്കെയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാതിരുന്ന കാലത്ത് നാടിനെയും നാട്ടുകാരെയും കരുതി കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയവരാണ് ടി കെയെപ്പോലുള്ള സഖാക്കള്‍. അങ്ങനെയുള്ള ടി കെയെപ്പോലും അപകീര്‍ത്തിപ്പെടുത്താന്‍ മടികാട്ടിയിട്ടില്ലാത്ത സ്ഥാപിതതാല്‍പ്പര്യക്കാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍ എന്ന് സ. പി കൃഷ്ണപിള്ളയെ ആക്ഷേപിച്ച മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരക്കാരുടെ അധിക്ഷേപങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും പുതിയ കാലത്ത് പുതിയ വ്യക്തികള്‍ക്കെതിരെ തുടരും. അതില്‍ ചഞ്ചലപ്പെടാതെ, മനസ്സിടറാതെ മുന്നോട്ടുപോവുകതന്നെ ചെയ്യും എന്നറിയിക്കാന്‍കൂടി ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ. ആക്ഷേപങ്ങള്‍ വ്യക്തികള്‍ക്കെതിരെയാകാം, എന്നാല്‍ അതിന്റെ ആത്യന്തികമായ ലക്ഷ്യം പാര്‍ടിയെ തകര്‍ക്കലാണ്. അതറിയാവുന്നതുകൊണ്ടുതന്നെ അതിനെ നേരിട്ട് മുന്നോട്ടുപോകാന്‍ വിഷമമേതുമില്ല. എന്നുമാത്രമല്ല, ടി കെയെപ്പോലുള്ളവരുടെ സ്മരണ അവ നേരിടാന്‍ വേണ്ടതിലധികം കരുത്ത് നല്‍കുന്നുണ്ടുതാനും. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കെത്തന്നെ സാംസ്കാരിക കാര്യങ്ങളിലും ടി കെ കാട്ടിയ സവിശേഷമായ ആഭിമുഖ്യം മാതൃകാപരമാണ്.

ഒളിവിലും തെളിവിലും ജയിലിലും ഒക്കെയായി ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച ടി കെയ്ക്ക് ജയില്‍ജീവിതവും നിയമസഭാ പ്രവര്‍ത്തനവുമൊക്കെ കമ്യൂണിസ്റ്റ് ജീവിതത്തിന്റെ വ്യത്യസ്ത ഏടുകള്‍ മാത്രമായിരുന്നു. ഒളിവുജീവിതം വിഷമകരവും നിയമസഭാ ജീവിതം സുഖകരവും എന്ന വ്യത്യാസമില്ല. ജയില്‍ജീവിതം ക്ലേശകരവും മന്ത്രിസ്ഥാനം ശ്രേഷ്ഠതരവും എന്ന വ്യത്യാസമില്ല. ആ സമതുലിതമായ മനോഭാവം പുതിയ തലമുറ ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്. ടി കെയില്‍നിന്ന് പുതുതലമുറകള്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. ടി കെയുടെ ജീവിതത്തിന്റെയും അതിലെ പോരാട്ടങ്ങളുടെയും വിവിധ അധ്യായങ്ങള്‍ രാഷ്ട്രീയരംഗത്തെ പുതിയ തലമുറകള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.

ദേശീയ സ്വാതന്ത്ര്യസമരകാലത്തെ പുതിയ കാലവുമായി ഇണക്കിയ കണ്ണികളിലൊന്നായിരുന്നു ടി കെ. അത്തരം കണ്ണികളൊക്കെ അറ്റുപോകുന്ന കാലത്ത് പുതിയ തലമുറയ്ക്ക് പഴയകാലത്തിന്റെ മൂല്യവും മൂല്യബോധവും മനസ്സിലാക്കാന്‍ ഇത്തരം ജീവിതപഠനങ്ങള്‍ കൂടിയേ തീരൂ. ടി കെയുടെ ജീവിതം മുന്‍നിര്‍ത്തിയുള്ള അത്തരമൊരു സമഗ്രപഠനം തയ്യാറാക്കാന്‍ ഈ പുരസ്കാരസമിതിതന്നെ മുന്‍കൈയെടുക്കണമെന്ന ഒരു അഭ്യര്‍ഥന ഞാന്‍ മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഇന്ന് ശ്രമിക്കുന്നത് ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്നവര്‍ മാത്രമല്ല; ഒരു കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിട്ട് പിന്നീട് അതില്‍നിന്ന് ഒഴിവായവരില്‍ ചിലര്‍ കൂടിയാണ്. ആദ്യത്തെ കൂട്ടര്‍ക്ക് കിട്ടുന്നതിനേക്കാള്‍ വലിയ മാധ്യമ പരിലാളന രണ്ടാമത്തെ കൂട്ടര്‍ക്ക് കിട്ടും. ആദ്യത്തെ കൂട്ടരേക്കാള്‍ രണ്ടാമത്തെ കൂട്ടരെ ചിലര്‍ കൂടുതലായി വിശ്വസിക്കുകയും ചെയ്യും. ഇത് വേണ്ടപോലെ ഉപയോഗിക്കുന്ന ചിലരുണ്ട്. ഏതെങ്കിലും സ്ഥാനത്തുനിന്ന് ഏറെക്കാലത്തിനുശേഷം അനാരോഗ്യംകൊണ്ടോ മറ്റോ ഒരാള്‍ ഒന്ന് ഒഴിവായാലുടന്‍ ആ വ്യക്തിയെക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ എന്തെങ്കിലും പറയിക്കാമോ എന്നു നോക്കി കഴുകനെപ്പോലെ പാഞ്ഞടുക്കുന്ന മാധ്യമങ്ങളുമുണ്ട്. എന്നാല്‍, അത്തരം മാധമ്യങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയുന്ന ആളായിരുന്നില്ല ടി കെ. അത്തരം മാധ്യമങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ആളുമായിരുന്നില്ല ടി കെ.

ചെറുപ്പംമുതല്‍ക്കുള്ള വിശ്രമമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനം കാരണം പ്രമേഹരോഗം ഒരു ഘട്ടത്തില്‍ ശക്തമായി ടി കെയെ ബാധിച്ചിരുന്നു. അനാരോഗ്യംമൂലം പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസില്‍വച്ച് കേന്ദ്രകമ്മിറ്റി അംഗമെന്ന സ്ഥാനം അദ്ദേഹം ഒഴിഞ്ഞു. എന്നാല്‍, ആ അവസരമുപയോഗിച്ച് പാര്‍ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന എന്തെങ്കിലും ഒരു വാക്ക് ടി കെയെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കാന്‍പോലും ഇവിടത്തെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടായില്ല. അത്തരം അപേക്ഷയുമായി ടി കെയെ സന്ദര്‍ശിക്കാന്‍പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുമായിരുന്നില്ല. അതായിരുന്നു ടി കെ. അതാണ് കമ്യൂണിസ്റ്റുകാരന്റെ ആര്‍ജവം. ആ ആര്‍ജവം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് കേന്ദ്രകമ്മിറ്റി അംഗത്വമൊഴിഞ്ഞ ആ സഖാവിന്റെ അനുഭവസമ്പത്തും പക്വമായ ഉപദേശനിര്‍ദേശങ്ങളും തുടര്‍ന്നും ലഭിക്കാന്‍ പാകത്തില്‍ ടി കെ ക്ഷണിക്കപ്പെട്ട അംഗമായി കേന്ദ്രകമ്മിറ്റിയില്‍ തുടരണമെന്ന് നിശ്ചയിച്ചത്. അത് സന്തോഷപൂര്‍വം ടി കെ അംഗീകരിക്കുകയുമായിരുന്നു. ടി കെയുടെ ജീവിതത്തില്‍നിന്ന് പുതിയ തലമുറ മാത്രമല്ല, പഴയ തലമുറകൂടി പഠിക്കേണ്ട വിലപ്പെട്ട ഒരു പാഠം അതിലുണ്ട്. അക്കാര്യംകൂടി ഓര്‍മിപ്പിച്ചുകൊണ്ട്, ടി കെയുടെ സ്മരണയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഞാന്‍ വിനയപൂര്‍വം ഈ പുരസ്കാരം ഏറ്റുവാങ്ങുന്നു.

No comments: