Thursday, April 18, 2013

വ്യാജചികിത്സക്ക് 15 ലക്ഷം നഷ്ടപരിഹാരം

രോഗശാന്തി വാഗ്ദാനംചെയ്യുന്ന പരസ്യം നല്‍കി ചികിത്സ നടത്തി രോഗിയെ കുഴപ്പത്തിലാക്കിയ വ്യാജഡോക്ടര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ഉപഭോക്തൃ കേസായി ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍വരെ എത്തിയ കേസില്‍ കമീഷന്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നഷ്ടപരിഹാരം നിശ്ചയിച്ചാണ് സുപ്രിംകോടതി കേസില്‍ വിധിപറഞ്ഞത്.

ഭന്‍വാര്‍ കന്‍വറാണ് കേസിലെ പരാതിക്കാരി. ഹിന്ദി ദിനപത്രമായ "ജനസത്ത"യിലെ പരസ്യംകണ്ടാണ് ഭന്‍വാര്‍ ഡോ. ആര്‍ കെ ഗുപ്തയെ കണ്ടത്. അപസ്മാരം ചികിത്സിച്ച് മാറ്റുമെന്നായിരുന്നു പരസ്യത്തില്‍ "ഡോക്ടറുടെ" വാഗ്ദാനം. കന്‍വാറിന്റെ മകന്‍ പ്രശാന്തിന് അപ്പോള്‍ ആറുമാസംപ്രായമുണ്ടായിരുന്നു. പനിക്കൊപ്പം അപസ്മാരമുണ്ടാകുന്ന പ്രശ്നവും നേരിട്ടിരുന്നു. ആദ്യം ഗുപ്തയ്ക്ക് രോഗവിവരം കാട്ടി കത്തെഴുതി. പിന്നീട് ക്ലിനിക്കില്‍ കാണിച്ചു. 2150 രൂപ വാങ്ങി ഒരു കൊല്ലത്തേക്ക് മരുന്നുനല്‍കി ഗുപ്ത അവരെ യാത്രയാക്കി. 1994ലാണ് ചികിത്സ തുടങ്ങിയത്. തുടങ്ങുമ്പോള്‍ പനി വരുമ്പോള്‍ മാത്രം അപസ്മാരംവന്നിരുന്ന പ്രശാന്തിന് പിന്നീട് ഇടക്കിടെ അപസ്മാരമുണ്ടായി. ആയുര്‍വേദമായതിനാല്‍ മരുന്നു പതുക്കെയേ ബാധിക്കൂ എന്നും അതുകൊണ്ട് ക്ഷമിച്ചാല്‍ മതിയെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.

"95ല്‍ വീണ്ടും പ്രശാന്തുമായി ഭന്‍വാര്‍ ഗുപ്തയെ കാണാന്‍പോയി. ഇക്കുറി 1500 രൂപ വാങ്ങി പുതിയ ഗുളികകള്‍ നല്‍കി. ഇടയ്ക്ക് അസുഖംകൂടുന്നതായി അറിയിച്ചതോടെ വേറെ മരുന്ന് അയച്ചുകൊടുത്തു.

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സയ്ക്കിടയിലാണ് ഗുപ്തയുടെ പരസ്യം കണ്ട് ഭന്‍വാര്‍ പുതിയ ചികിത്സ പരീക്ഷിച്ചത്. എന്നാല്‍ ഗുപ്തയുടെ ചികിത്സയില്‍ രോഗംകുറയാതെ വന്നപ്പോള്‍ ആദ്യംകണ്ടിരുന്ന ഡോക്ടറെ വീണ്ടുംകണ്ടു. പ്രശാന്തിന്റെ സ്ഥിതി മോശമാണെന്നും ചികിത്സിച്ച് മാറ്റാനാകില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതിനിടെ ഗര്‍ഭിണിയായിരുന്ന ഭന്‍വാര്‍ മകന്റെ അസുഖംമൂലം ഗര്‍ഭഛിദ്രം നടത്തി.

ഈ ഘട്ടത്തിലാണ് ഗുപ്തയുടെ ചികിത്സയെപ്പറ്റി ഭന്‍വാറും കുടുംബവും അന്വേഷണംനടത്തിയത്. ആയുര്‍വേദ ചികിത്സയാണെന്ന് അവകാശപ്പെട്ട് ഗുപ്ത ആദ്യം നല്‍കിയിരുന്നത് സെല്‍ജിന്‍ എന്ന ഗുളികയാണെന്ന് കണ്ടെത്തി. ഇത് കുട്ടികള്‍ക്ക് നല്‍കി കൂടാത്ത മരുന്നാണ്. മറ്റ് മരുന്നുകളും അലോപ്പതി മരുന്നുകളായിരുന്നു. തുടര്‍ന്നാണ് 20 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭന്‍വാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉപഭോക്ൃത കോടതിയില്‍ ഹാജരായ ഡോ. ഗുപ്ത ആരോപണങ്ങള്‍ നിഷേധിച്ചു. സെല്‍ജിന്‍ എന്ന മരുന്ന് കൊടിത്തിട്ടില്ലെന്നും കൊടുത്തത് ഫീനോ ബാര്‍ബിറ്റാള്‍, വഫേറ തുടങ്ങിയ മരുന്നുകളാണെന്നും വാദിച്ചു. ഇവയൊക്കെ ഒരേ സമയം ആയുര്‍വേദ മരുന്നും അലോപ്പതി മരുന്നുമാണെന്ന വാദവും ഗുപ്ത ഉയര്‍ത്തി. ശരിക്ക് മരുന്നുകൊടുക്കാത്തതുകൊണ്ടും തന്റെ മരുന്നിനൊപ്പം മറ്റ് മരുന്നുകള്‍ കഴിച്ചതിനാലുമാണ് പ്രശാന്തിന്റെ രോഗം കുഴപ്പത്തിലായതെന്നും ഗുപ്ത അവകാശപ്പെട്ടു. യുപി സര്‍ക്കാരിന്റെ ഒരു ഉത്തരവനുസരിച്ച് തനിക്ക് അലോപ്പതി മരുന്ന് കുറിയ്ക്കാമെന്നും ഗുപ്ത വാദിച്ചു. ദേശീയ ഉപഭോക്തൃ കമീഷന്‍ മരുന്നുകള്‍ ലാബിലയച്ച് പരിശോധിച്ചു. ഒന്നൊഴികെ എല്ലാം അലോപ്പതി മരുന്നുകളാണെന്ന് സ്ഥിരീകരിച്ചു. എല്ലാ രേഖകളും പരിശോധിച്ച ദേശീയ കമീഷന്‍ ഗുപ്ത കുറ്റക്കാരനാണെന്ന് കണ്ടു. തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യം നല്‍കി ചികിത്സ നടത്തിയ ഗുപ്ത ന്യായരഹിതമായ (unfair trade pratice)  വാണിജ്യരീതി യാണ് സ്വീകരിച്ചതെന്ന് ദേശീയ കമീഷന്‍ വിധിച്ചു. എന്നാല്‍ യുപി സര്‍ക്കാരിന്റെ ഒരു ഉത്തരവ് അനുസരിച്ച് ഗുപ്തയ്ക്ക് അലോപ്പതി മരുന്നു കുറിക്കാന്‍ തടസ്സമില്ലെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു.

അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച കമീഷന്‍ പക്ഷേ, ഇതില്‍ രണ്ടരലക്ഷം രൂപ കണ്‍സ്യൂമര്‍ ലീഗല്‍ എയ്ഡ് ഫണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഈ വിധിക്കെതിരെയാണ് ഭന്‍വാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നുമാത്രമല്ല അലോപ്പതി മരുന്നു കുറിയ്ക്കാനുള്ള ഗുപ്തയുടെ അവകാശത്തെയും ഹര്‍ജിയില്‍ ചോദ്യംചെയ്തു. യുപി സര്‍ക്കാരിന്റെ ആരോഗ്യവിദ്യാഭ്യാസ സെക്രട്ടറി 2009ല്‍ ഇറക്കിയ സര്‍ക്കുലര്‍ ആധാരമാക്കിയാണ് ഗുപ്തയ്ക്ക് അലോപ്പതി മരുന്നു കുറിയ്ക്കാമെന്ന് ദേശീയ കമീഷന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ കേസിലെ ചികിത്സ കാലം 1994മുതല്‍ "97വരെയാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അന്ന് 2003ലെ ഉത്തരവ് ബാധകമാകില്ല. ആ ഉത്തരവ് പോലും മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്കാണ് ബാധകം. ഗുപ്തയ്ക്ക് രജിസ്ട്രേഷന്‍ ഉള്ളതായി തെളിവില്ല. രജിസ്ട്രേഷന്‍ നമ്പറും കാണിച്ചിട്ടില്ല. അതുകൊണ്ട് ഉത്തരവ് എന്തായാലും ബാധകമാകില്ല. അലോപ്പതിമരുന്ന് നല്‍കാന്‍ ഗുപ്തയ്ക്ക് അവകാശമില്ല - സുപ്രിംകോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം നിശ്ചയിച്ചതിലും ദേശീയ കമീഷന് വീഴ്ചപറ്റി. തെറ്റായ പരസ്യവും അന്യായമായ ചികിത്സാ രീതിയും വ്യാജമായ അവകാശവാദങ്ങളും ഉന്നയിച്ച ഗുപ്ത പ്രശാന്തിനും അമ്മയ്ക്കും കഷ്ട നഷ്ടമുണ്ടാക്കിയെന്ന് വ്യകതമാക്കി. അവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. പകുതി തുക ലീഗല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പറഞ്ഞതിന് കമീഷന്‍ കാരണമൊന്നും കാണിക്കുന്നില്ല. അതുകൊണ്ട് ആ ഉത്തരവ് റദ്ദാക്കുകയാണെന്ന് സുപ്രിംകോടതി വിധിയില്‍ പറഞ്ഞു. നഷ്ടപരിഹാരം 15 ലക്ഷം രൂപയായി ഉയര്‍ത്തുകയാണ്. മൂന്നു മാസത്തിനകം ഈ തുക നല്‍കുകയും വേണം. ജ. ജി എസ് സിംഘ്വി, സുധാംശു ജ്യോതി മുഖോപാധ്യായയും ഉള്‍പ്പെട്ട ബഞ്ച് വിധിയില്‍ പറഞ്ഞു. 2013 ഏപ്രില്‍ അഞ്ചിനായിരുന്നു വിധി.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി

No comments: