Saturday, April 20, 2013

വികസനത്തിന് ആരാണ് തടസ്സം?

കെപിസിസി പ്രസിഡന്റ് കേരളം ചുറ്റുന്നത് വികസനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. വികസനത്തിനാരാണ് തടസ്സം നില്‍ക്കുന്നതെന്ന് തുറന്നു പറയണം. വിഴിഞ്ഞംപദ്ധതി പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങല തീര്‍ത്തത് ഭരണമുന്നണിയല്ല. ചങ്ങലയുടെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് പന്ന്യന്‍ രവീന്ദ്രനുമാണ് കണ്ണിചേര്‍ന്നത്. വിഴിഞ്ഞംപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനാരാണ് തടസ്സമെന്ന് ചെന്നിത്തല തുറന്നു പറയണം. ദീര്‍ഘകാലമായി പറഞ്ഞുകേള്‍ക്കുന്ന സ്മാര്‍ട്ട്സിറ്റിക്ക് യുഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാറായിട്ടും തുടക്കം കുറിച്ചിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറിയുടെ നിലയെന്തായി? കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം എവിടെയെത്തി? കാലതാമസത്തിനാരാണ് കാരണക്കാര്‍? യുഡിഎഫ് ഭരണത്തിലാണ് സുരക്ഷിതത്വം നഷ്ടപ്പെട്ടത്. കേരളത്തിലെ സ്ത്രീപീഡനത്തിന്റെ കണക്കും മോഷണം, പിടിച്ചുപറി, വീട് കൊള്ള, കൊലപാതകം എന്നിവയുടെ എണ്ണവും വ്യാപ്തിയുമൊക്കെ ചോദ്യത്തിനുത്തരമായി കേരള നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്. അതിവിടെ ആവര്‍ത്തിക്കുന്നില്ല. യുഡിഎഫ് ഭരണത്തിന്‍കീഴിലെ ക്രമസമാധാനനിലയുടെ വ്യക്തമായ ചിത്രം ആ കണക്കുകളില്‍നിന്ന് കിട്ടും.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഇന്ത്യയിലെ സ്വര്‍ഗമാക്കി മാറ്റാന്‍ നമുക്ക് കഴിയുമായിരുന്നു എന്നാണ് ചെന്നിത്തല അവകാശപ്പെടുന്നത്. നമുക്ക് എന്ന പ്രയോഗത്തിലൂടെ അദ്ദേഹം സ്വയം കുറ്റം ഏറ്റുപാടുകയാണ്. ഇത് ഉള്ളുതുറന്ന കുറ്റസമ്മതമാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, അടുത്തവാചകം മറ്റുള്ളവരുടെ ചുമലില്‍ കെട്ടിയേല്‍പ്പിച്ച് സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ്. "ആധുനികീകരണത്തെ അകാരണമായി എതിര്‍ക്കുന്ന ചില രാഷ്ട്രീയ കക്ഷികളുടെ നടപടികളും വികസനത്തിന്റെ ചിറകുവിരിച്ചുയരുന്നതില്‍നിന്ന് നമ്മെ പിന്നോട്ടു വലിച്ചു" എന്നാണ് മാതൃഭൂമി ലേഖനത്തില്‍ പറയുന്നത്. ആധുനികീകരണം എന്ന പ്രയോഗം നവ ഉദാരവല്‍ക്കരണനയത്തെയാണ് പരാമര്‍ശിക്കുന്നതെങ്കില്‍ ആ നയത്തെ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു എന്നതാണ് വസ്തുത. നവ ഉദാരവല്‍ക്കരണനയമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ തകര്‍ച്ചയിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ നാടിനെ നശിപ്പിക്കുന്ന ആ നയത്തെ ശക്തിയുക്തം ഇനിയും എതിര്‍ക്കുമെന്നതില്‍ സംശയംവേണ്ട. "കേരളത്തിലുള്ളവര്‍ക്കും കേരളത്തിലേക്ക് വരുന്നവര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടണം. ആ ലക്ഷ്യം മുന്നില്‍കണ്ടുള്ള അര്‍ഥപൂര്‍ണവും ശുഭാപ്തിവിശ്വാസത്തോടെയുള്ളതുമായ ഒരു സംവാദത്തിനും ഈ കേരളയാത്ര അവസരമൊരുക്കും" എന്നും അദ്ദേഹം പറയുന്നു. സംവാദമാണ് ചെന്നിത്തലയുടെ ലക്ഷ്യമെങ്കില്‍ അതില്‍ വിരോധമില്ല. ആരോഗ്യകരമായ സംവാദം വളര്‍ച്ചയ്ക്ക് വഴിതെളിക്കും.

കെപിസിസി പ്രസിഡന്റ് പറഞ്ഞതില്‍നിന്ന് തികച്ചും വ്യത്യസ്തമായ സ്വരത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഈ യാത്ര ഇടതു നിഷേധാത്മകത തുറന്നുകാട്ടാനാണെന്നാണ് ജാഥ ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍പോലും യോജിപ്പില്ലാതെയാണ് കെപിസിസി പ്രസിഡന്റ് യാത്ര ആരംഭിച്ചത്. ചെന്നിത്തല കുറ്റപ്പെടുത്തുന്നത് ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെയാണ്. ""സ്ത്രീകള്‍ സുരക്ഷിതരല്ലാതാകുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിച്ചുവരുന്നു. പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. സാമുദായികമായ അകല്‍ച്ച മുമ്പില്ലാത്തവിധം സംജാതമാകുന്നു. അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മാഫിയാ പ്രവര്‍ത്തനങ്ങള്‍ എന്നിവ പെരുകുന്നു. ഏത് പ്രശ്നവും ഊതിവീര്‍പ്പിക്കാനുള്ള ശ്രമം നിരന്തരം നടക്കുന്നു. ഈ മാറ്റങ്ങള്‍ ഒരുവശത്ത് സാമൂഹിക ഭദ്രതയ്ക്ക് ക്ഷതമേല്‍പ്പിക്കുമ്പോള്‍ മറുവശത്ത് മദ്യപാനം, ആത്മഹത്യ തുടങ്ങിയവ വര്‍ധിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു. കേരളീയ സമൂഹത്തിന്റെ മുഖഛായ അടുത്തകാലത്തായി പാടേ മാറിയിരിക്കുന്നു എന്നുതന്നെ പറയേണ്ട അവസ്ഥയാണ്. കൈമോശം വന്ന മൂല്യങ്ങള്‍ നമുക്ക് തിരിച്ചുകൊണ്ടുവന്നേ തീരൂ.

കേരളത്തിലുള്ളവര്‍ക്കും കേരളത്തിലേക്ക് വരുന്നവര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടണം"" എന്നാണ് ചെന്നിത്തല തന്റെ യാത്രാലക്ഷ്യത്തെപ്പറ്റി വിശദീകരിക്കുന്നത്. ഇതിലൊന്നും പ്രതിപക്ഷമില്ല. ഭരണം നടത്തുന്നവരെയാണുദ്ദേശിക്കുന്നതെന്ന് ഓരോ വാക്കും വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തെരുവില്‍ ഏറ്റുമുട്ടി കൈകാലുകളും എല്ലും പല്ലും തകര്‍ക്കുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. യുഡിഎഫ് ഭരണത്തെ നയിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസാണ് തെരുവില്‍ ഏറ്റുമുട്ടുന്നത്. ആ പാര്‍ടിക്കകത്തെ ജനാധിപത്യ പ്രക്രിയയാണ് കേരള ജനത കാണുന്നത്. മുന്നണിയിലെ ഓരോ പാര്‍ടിക്കകത്തും പാര്‍ടികള്‍ തമ്മിലും വഴക്കും വക്കാണവുമാണ്. ഭരണത്തില്‍ ഒരു കാര്യമേ നടക്കുന്നുള്ളൂ. കത്തുന്ന പുരയില്‍നിന്ന് വലിച്ച കൊള്ളി ലാഭമെന്നു കരുതിയുള്ള നഗ്നമായ അഴിമതി. വികസനപദ്ധതികള്‍ അട്ടിമറിക്കപ്പെടാനുള്ള അടിസ്ഥാന കാര്യം അതാണ്; പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ടല്ല. പ്രതിപക്ഷത്തെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ ലക്ഷ്യമാക്കി കള്ളക്കേസ് കെട്ടിച്ചമച്ച് നേതാക്കളെ ജയിലിലടയ്ക്കാനും മര്‍ദിച്ചൊതുക്കാനുമാണ് ശ്രമം.

മണി പ്രസംഗിച്ചാല്‍ ജയിലറ. കെ സുധാകരന്‍ പ്രസംഗിച്ചാല്‍ പൂമാല. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. കുടിവെള്ളം കിട്ടാനില്ല. കുടിവെള്ള വിതരണംപോലും സ്വകാര്യവല്‍ക്കരിച്ച് കുത്തകകള്‍ക്ക് പണം വാരിക്കൂട്ടാന്‍ അവസരമൊരുക്കുന്നു. അതിലും അഴിമതിതന്നെ ലക്ഷ്യം. കൊച്ചി മെട്രോ തുടങ്ങാന്‍ കഴിയാതിരുന്നതിന്റെ കാരണവും അതുതന്നെ. ആയിരം കോടിയുടെ അഴിമതിയിലാണ് കണ്ണ്. ഇതൊന്നും മൂടിവയ്ക്കാന്‍ ജാഥകൊണ്ടു കഴിയില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം ജനങ്ങള്‍ക്ക് മടുത്തു. ഈ ദുര്‍ഭരണം അവസാനിച്ചു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താതെ ഭരണനേട്ടം വിശദീകരിക്കുകയാണ് ഭരണമുന്നണി നേതാവ് ചെയ്യേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 20 ഏപ്രില്‍ 2013

No comments: