Friday, April 19, 2013

സ്ഫോടനത്തിന്റെ രാഷ്ട്രീയം

ഇടവിട്ടിടവിട്ട് പല ഭാഗങ്ങളിലായി നടക്കുന്ന സ്ഫോടന പരമ്പരകളിലൂടെ ഇന്ത്യ ലോകരംഗത്ത് ഒരു അരക്ഷിത രാഷ്ട്രത്തിന്റെ മുഖച്ഛായയുമായി നില്‍ക്കുന്ന അവസ്ഥയിലാവുകയാണ്. ആശങ്കാജനകമാണ് ഈ സ്ഥിതി. ഉറപ്പുനല്‍കാനാകാത്ത സുരക്ഷാസംവിധാനം, മുന്‍കൂട്ടി കണ്ടെത്താനാകാത്ത ഇന്റലിജന്‍സ് സംവിധാനം, കുറ്റവാളികളെ പിടികൂടി ശിക്ഷിപ്പിക്കാന്‍ കഴിയാത്ത പ്രോസിക്യൂഷന്‍ സംവിധാനം തുടങ്ങിയവയൊക്കെ വിരല്‍ചൂണ്ടുന്നത് ഭീകരപ്രവര്‍ത്തനങ്ങളെ ഉന്മൂലനംചെയ്യാന്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതായ ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ വീഴ്ചകളിലേക്കുകൂടിയാണ്. ബംഗളൂരുവിലെ മല്ലേശ്വരത്ത് കഴിഞ്ഞദിവസം നടന്ന സ്ഫോടനമെങ്കിലും ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

ഭീകരപ്രവര്‍ത്തന നിവാരണ കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളെയാകെ ഏകോപിപ്പിച്ചും ജാഗ്രതപ്പെടുത്തിയും ഉള്ള ഒരു നീക്കത്തിനായി ആലോചിക്കുകപോലും ചെയ്യാത്ത ഭരണാധികാരികള്‍ ഈ സ്ഫോടന പശ്ചാത്തലത്തിലും കണ്ണുതുറക്കുമെന്ന് കരുതാന്‍ ന്യായമില്ല. ഭീകരപ്രവര്‍ത്തന നിരോധന നിയമം മുതല്‍ ഭീകരത നേരിടാനുള്ള നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിവരെയുണ്ട്. എന്നിട്ടും പല ഘട്ടങ്ങളിലായി പലയിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ക്ക് കഴിയുന്നു. ഒന്നും മുന്‍കൂട്ടി കാണാനോ തടയാനോ ആര്‍ക്കും കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് അറുതിവരുത്തിയേ പറ്റൂ. സ്ഫോടനം നടന്നാല്‍ വേണ്ടത് നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണമാണ്. എന്നാല്‍, ഇന്ത്യയില്‍ പലയിടത്തും അതല്ല നടക്കുന്നത്. എവിടെ സ്ഫോടനമുണ്ടായാലും സൂചനകള്‍ക്കുപോലും കാത്തുനില്‍ക്കാതെ ഇന്നകൂട്ടരാണ് അത് നടത്തിയതെന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനത്തെ സ്ഥിരീകരിക്കാന്‍ തക്കവിധമുള്ള അന്വേഷണങ്ങളേ പിന്നീടുള്ളൂ. ഇത് സത്യത്തെ തകിടം മറിക്കുന്നതെങ്ങനെയെന്ന് അജ്മീര്‍, സംഝോത, മക്കാമസ്ജിദ്, മലേഗാവ് സംഭവങ്ങളിലടക്കം നാം കണ്ടു. പക്ഷേ, ഇപ്പോഴും രീതി പഴയതുതന്നെ. 1992ന് മുമ്പത്തെ ഇന്ത്യ, 92നു ശേഷമുള്ള ഇന്ത്യ എന്ന് കാലത്തില്‍, ചരിത്രത്തില്‍ ഒരു വിഭജനമുണ്ടായതായി ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഒരര്‍ഥത്തില്‍ അതു ശരിയാണ്. ഇന്ത്യയുടെ ഏതുഭാഗത്തും ആര്‍ക്കും സുരക്ഷിതരായി സഞ്ചരിക്കാവുന്ന ഇന്ത്യയായിരുന്നു 92 വരെ. ജീവഭയത്തോടെയല്ലാതെ ആര്‍ക്കും ഇന്ത്യയുടെ ഒരു ഭാഗത്തേക്കും പോകാനാവാത്ത ഇന്ത്യയായി അതിനുശേഷം. ഇന്ത്യയില്‍ വര്‍ഗീയവാദത്തിനും ഭീകരവാദത്തിനും കൂടുതല്‍ വേരുപടര്‍ത്താന്‍ കഴിഞ്ഞത് ബാബറിമസ്ജിദ് തകര്‍ത്ത സംഭവത്തോടെയാണെന്നത് ചരിത്രസത്യമാണ്. പാര്‍ലമെന്റിന്റെയും ജുഡീഷ്യറിയുടെയും ദേശീയ വികസനസമിതിയുടെയും ഒക്കെ വിലക്കുണ്ടായിട്ടും ബാബറിമസ്ജിദ് തകര്‍ക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിതന്നെ നിഷ്ക്രിയത്വത്തിലൂടെ ആ വിധ്വംസക പ്രവൃത്തിക്ക് പച്ചക്കൊടി കാട്ടുകയുംചെയ്തു. ബാബറിമസ്ജിദ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ അന്താരാഷ്ട്ര പ്രതീകമായിരുന്നു. അത് തകര്‍ത്തതാരൊക്കെയെന്നതും, അത് തകര്‍ന്നുവീണപ്പോള്‍ ആഹ്ലാദാരവം മുഴക്കിയതാരൊക്കെയെന്നതും ഒക്കെ ജനങ്ങളാകെ കണ്ടതാണ്. അതിനുശേഷം രണ്ട് പതിറ്റാണ്ടു കഴിഞ്ഞു. ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടോ? ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചവരെയും ചെങ്കോട്ട സ്ഫോടനം നടത്തിയവരെയും ലജ്പത് നഗര്‍ പൊട്ടിത്തെറിയുണ്ടാക്കിയവരെയും ഒക്കെ ശിക്ഷിച്ചു. എന്നാല്‍, അതിനൊക്കെ എത്രയോ മുമ്പുനടന്ന ഈ സംഭവത്തില്‍ ആര് ശിക്ഷയനുഭവിച്ചു?

ശിക്ഷ ഒഴിവാക്കാന്‍ സമയപരിധി തീരുംവരെ അപ്പീല്‍ കൊടുക്കാതിരുന്നതിന് സുപ്രീംകോടതിയുടെ ശാസന ഏറ്റുവാങ്ങുകപോലുംചെയ്തു കേന്ദ്രം. മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ ബാല്‍താക്കറെയെ കുറ്റക്കാരനായി കണ്ടെത്തി. അയാള്‍ എന്തെങ്കിലും ശിക്ഷയനുഭവിച്ചോ? ഇത്തരം ഇരട്ടത്താപ്പുകള്‍ സര്‍ക്കാര്‍തന്നെ നടപ്പാക്കുമ്പോള്‍ വര്‍ഗീയഭീകരവാദികള്‍ തങ്ങള്‍ക്ക് സ്വാധീനം പടര്‍ത്താനുള്ള അവസരമായിക്കൂടിയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതോര്‍ക്കണം. കൃത്യമായും നിഷ്പക്ഷമായ നീതിനിര്‍വഹണം ഉറപ്പുവരുത്തി അത്തരം പഴുതുകള്‍ അടയ്ക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം. അതു ചെയ്യാത്തത് ഭീകരപ്രവര്‍ത്തനം പടരുന്നതിന് വഴിമരുന്നിട്ടുകൊടുക്കലാണ്. പക്ഷേ, എന്തിന്റെ പേരിലായാലും ഭീകരപ്രവര്‍ത്തനം അനുവദിച്ചുകൂടാ. ഒന്നുംതന്നെ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിന് ന്യായീകരണമായിക്കൂടാ. ആ നിലയ്ക്ക് നടപടികള്‍ നീങ്ങണം. അത്തരം നടപടികള്‍ കൈക്കൊള്ളാന്‍ ധാര്‍മികമായ ഉള്‍ക്കരുത്തുണ്ടാവണമെങ്കില്‍ ഭരണാധികാരികള്‍ ഇരട്ടത്താപ്പുകാരല്ലാതാവണം; അക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമാവുന്ന തരത്തിലാവുകയും വേണം. ഭീകരതയെ മതവുമായി തുല്യപ്പെടുത്തേണ്ടതില്ല. ഭീകരവാദികള്‍ക്ക് ഒരു മതമേയുള്ളൂ; അത് ഭീകരപ്രവര്‍ത്തനമെന്ന മതമാണ്. ചിലയിടങ്ങളില്‍ ഇന്ത്യന്‍ മുജാഹിദീന്‍പോലുള്ള ഇസ്ലാമിക ഭീകരസംഘടനകളാണ് സ്ഫോടനം നടത്തിയതെങ്കില്‍ മെക്കാമസ്ജിദിലും അജ്മീറിലും മലേഗാവിലും സംഝോതയിലുമൊക്കെ ഹിന്ദുത്വ ഭീകരസംഘടനകളാണ് അത് ചെയ്തത്. അതുകൊണ്ടുതന്നെ അന്വേഷണത്തിന് മുന്‍വിധി വേണ്ടാ.

കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു സമയമാണ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭമുണ്ടാക്കാന്‍ തക്കവിധം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കമാണോ ഇതിനുപിന്നിലുള്ളതെന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. ഉത്തരവാദികളെ ആദ്യമേ പ്രഖ്യാപിച്ച് അന്വേഷണം നടത്തുകയല്ല, മറിച്ച് അന്വേഷണത്തിലൂടെ ഉത്തരവാദികളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരികയാണാവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പുചൂടില്‍ പരസ്പര ആരോപണങ്ങള്‍ക്കുള്ള അവസരമായി അവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ കര്‍ണാടക സ്ഫോടനത്തെ ഉപയോഗിക്കുന്നതിന്റെ സൂചനകളാണിപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്; ആപല്‍ക്കരവുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 19 ഏപ്രില്‍ 2013

No comments: