Saturday, April 13, 2013

ഭീകരപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയം

മലേഗാനില്‍ 2006 സെപ്തംബര്‍ എട്ടിന് ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഹിന്ദുത്വവാദിയായ അഭിനവ് ഭരത് ആണെന്ന് ഒടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ആക്രമണത്തില്‍ 28 മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുകയും ഭീകരവിരുദ്ധ സ്‌ക്വാഡ് നിരവധി മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന് ഉത്തരവാദികള്‍ ഇന്ത്യന്‍ മുജാഹിദ്ദീനും മുസ്‌ലിം ഭീകരരായി ഇവര്‍ സങ്കല്‍പിച്ച മറ്റു ചിലരുമാണെന്നാണ് സ്‌ക്വാഡ് ആരോപിച്ചിരുന്നത്. കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മുസ്‌ലിം ചെറുപ്പക്കാര്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. മാത്രമല്ല അവരില്‍ നിന്നും ഭീഷണിപ്പെടുത്തി കുറ്റ സമ്മതപത്രവും എഴുതിവാങ്ങുകയുണ്ടായി. മാധ്യമങ്ങള്‍വഴി തികച്ചും സത്യവിരുദ്ധമായ കഥകള്‍ സുവിശേഷപ്രചരണംപോലെ തുടര്‍ച്ചയായി ഇവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഹേമന്ദ് കര്‍ക്കറെയെപ്പോലുള്ളൊരു സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് ഏറ്റെടുത്തതോടെയാണ് സത്യം പുറത്തുവരാന്‍ തുടങ്ങിയത്. സംഭവത്തില്‍ ഹിന്ദുതീവ്രവാദികളുടെ കൈകളുണ്ടെന്ന് തിരിച്ചറിഞ്ഞ കര്‍ക്കറെ അന്വേഷണം സി ബി ഐക്ക് കൈമാറി. ഇതിനിടയില്‍ മുംബൈ ഭീകരാക്രമണത്തില്‍ കര്‍ക്കറെ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടു.

അതിനുശേഷം സി ബി ഐ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചുവടുപിടിച്ച് മുസ്‌ലിം യുവാക്കളെ വീണ്ടും പീഡിപ്പിക്കാന്‍ തുടങ്ങി. ഹൈദരാബാദില്‍ നടന്ന മെക്കാമസ്ജിദ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വാമി അസീമാനന്ദാണ് പിന്നീട് മലേഗ സ്‌ഫോടനവുമായി ഹിന്ദുതീവ്രവാദികള്‍ക്കുള്ള ബന്ധത്തിന്റെ സൂചന നല്‍കിയത്. മലേഗ സ്‌ഫോടനത്തില്‍ മാത്രമല്ല അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനം, സംജൂദ എക്‌സ്പ്രസിനുനേരെയുള്ള ആക്രമണം തുടങ്ങി പല സംഭവങ്ങളിലും ഹിന്ദുതീവ്രവാദികള്‍ക്കുള്ള ബന്ധത്തെപ്പറ്റി അസീമാനന്ദ മൊഴിനല്‍കി. ഇതോടെയാണ് മലേഗ സ്‌ഫോടന കേസ് അന്വേഷണം ദേശീയസുരക്ഷ ഏജന്‍സിക്ക് കൈമാറിയത്.

രാജേന്ദ്ര പഹേല്‍വാന്‍ അഥവാ സമന്ദര്‍, ധന്‍സിംഗ്, മനോഹര്‍, അമിത് ചൗഹാന്‍ എന്നീ നാലു ഹിന്ദുത്വവാദി പ്രവര്‍ത്തകരാണ് മലേഗാനില്‍ ബോംബു സ്ഥാപിച്ചതെന്ന് ഏജന്‍സി കണ്ടെത്തി. സുനില്‍ജോഷി, സന്ദീപ് ഡാങ്കേ, രാംജി കലസംഗ്ര എന്നീ മൂന്നു പ്രവര്‍ത്തകര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരകരാണെന്ന് തെളിയിക്കാനും ഏജന്‍സിക്ക് കഴിഞ്ഞു. ഇതില്‍ സുനില്‍ ജോഷി എന്ന ആര്‍ എസ് എസിന്റെ മുഖ്യപ്രചാരകനെ 2007 ല്‍ സ്വന്തം ആള്‍ക്കാര്‍തന്നെ കൊലചെയ്തിരുന്നു. മെയ് 30ന് മുമ്പ് മലേഗ കേസിന്റെ കുറ്റപത്രം എന്‍ ഐ എ  സമര്‍പ്പിക്കും. അതിനുശേഷമായിരിക്കും ഭീകരപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്ന രാഷ്ട്രീയക്കളി പൂര്‍ണമായി പുറത്തുവരിക. കാവിഭീകരവാദികളുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ സി ബി ഐ, എ ടി എസ് എന്നിവര്‍ കള്ളക്കേസില്‍ കുടുക്കി കഴിഞ്ഞ ഏഴുവര്‍ഷമായി ജയിലില്‍ കഴിയുന്ന മുസ്‌ലിംയുവാക്കള്‍ക്ക് മോചനം ലഭിക്കും.

ഭീകരപ്രവര്‍ത്തനം സംബന്ധിച്ച എല്ലാ വിഷയങ്ങളും പുനരവലോകനം ചെയ്യേണ്ട സമയമാണിത്. പ്രസിഡന്റ് ബുഷിന്റെ ഭരണകാലത്ത് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം അവരുടെ സൈനിക സാമ്പത്തികശക്തിക്കെതിരായ ഒന്നാണെന്നാണ് ബുഷ് അവകാശപ്പെട്ടത്. എന്നാല്‍ ഇതൊരു പുതിയ സംഭവവികാസമോ അമേരിക്ക അവകാശപ്പെടുന്നപോലുള്ള ഒരാക്രമണമോ അല്ലെന്ന് സി പി ഐ നിരന്തരം പറഞ്ഞിരുന്നു. ബുഷിന്റെ അവകാശവാദത്തോട് അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി എടുത്ത നിലപാടില്‍ നിന്നാണ് പുതിയൊരു ശൈലി ഉടലെടുത്തത്. അതായത് എല്ലാ മുസ്‌ലിങ്ങളും ഭീകരവാദികളല്ല, എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിങ്ങളാണ് എന്ന് അതിനുശേഷം ഈ ഒരു സിദ്ധാന്തം മനസില്‍വെച്ചാണ് ആഭ്യന്തരമന്ത്രാലയവും അന്വേഷണ ഏജന്‍സികളും പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എയും ഇതേനയം തുടര്‍ന്നു. ഇതിനുപുറമെ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസമുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെയുള്ള നീക്കവും ആരംഭിച്ചു. നിയമജ്ഞര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ പ്രഫഷണലുകളായ മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസുകള്‍ ചുമത്തി ഭീകരപ്രവര്‍ത്തകരായി ചിത്രീകരിച്ചു. കുറ്റപത്രം നല്‍കാന്‍ പൊലീസ് പരാജയപ്പെട്ട കേസുകളില്‍ ഇവര്‍ പലരും വിട്ടയക്കപ്പെട്ടു. എങ്കിലും നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ ഏഴും പത്തും വര്‍ഷങ്ങളായി ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്.

*
ജനയുഗം

1 comment:

Aneesh chandran said...

ഇലക്ഷന്‍ അല്ലെ വരുന്നേ....ഇനി പലതും തെളിയും