Wednesday, April 24, 2013

ഭാരതീയ പൈതൃകം: വസ്തുനിഷ്ഠമായ പഠനം ആവശ്യം

യുക്തിവിചാരത്തിന്റെ നേരെയുള്ള വെല്ലുവിളിയാണ് ഇന്നു പരക്കെ കാണുന്നത്. ശാസ്ത്രം, ദര്‍ശനം, സംസ്‌ക്കാരം തുടങ്ങിയവയ്ക്കുള്ള പ്രസക്തി കുറഞ്ഞുവരികയും വിശ്വാസത്തിനു പ്രാധാന്യം കൂടിവരികയും ചെയ്യുന്ന കാലഘട്ടത്തില്‍ ഇങ്ങനെ സംഭവിക്കുന്നതില്‍ ആശ്ചര്യമില്ല. രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിലുണ്ടായ തിരിച്ചടിയാണ് യുക്തിരഹിതമായ ഈ അവസ്ഥ സൃഷ്ടിച്ചത്. ദേശീയ വിമോചന പ്രസ്ഥാനം വളര്‍ത്തിയ മോഹങ്ങളും സ്വപ്നങ്ങളും കരിഞ്ഞുപോയതോടെ സമൂഹമനസ്സിലുണ്ടായ ശൂന്യത ഏത് അന്ധവിശ്വസത്തെയും സ്വീകരിക്കാന്‍ തയ്യാറായി; മതചിന്തകളെപ്പോലും മാനിക്കാതെ മതമൗലികവാദ ധാരണകളെയും വിശ്വാസങ്ങളെയും സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. പുതിയൊരു പ്രത്യയശാസ്ത്രത്തിന്റെ വീറോടെയാണ് മതമൗലികവാദം കയറിവരുന്നത്. പൈതൃകത്തിനും സല്‍പാരമ്പര്യത്തിനും പുതിയ പുതിയ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടാണതു പ്രത്യക്ഷപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ ഭാരതീയ പൈതൃകത്തെ കുറിച്ച് ചിന്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പൈതൃകം എന്നു പറയുമ്പോള്‍ ഇവിടെ വിവക്ഷിക്കുന്നത് അവബോധസമ്പത്താണ്; അഥവാ ജ്ഞാനസമ്പത്താണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ നമുക്ക് ലഭിച്ച ജ്ഞാന-കര്‍മ്മ സമുച്ചയത്തിന്റെ ഫലസിദ്ധികളാണ്. ദര്‍ശനം, ധര്‍മ്മബോധം, സാഹിത്യകലാബോധം, മതബോധം, അനുഷ്ഠാനബോധം, സാമൂഹ്യബോധം, സാംസ്‌ക്കാരികബോധം തുടങ്ങിയവയെല്ലാം ഇതില്‍പെടും. ഭാരതത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ അഭിമാനകരമായൊരു പൈതൃകം നമുക്കുണ്ടെന്നു കാണാം. അതുപോലെ തന്നെ സമൂഹവികാസത്തെ പിറകോട്ട് പിടിച്ചുവലിക്കുന്നവയും വര്‍ജ്ജിക്കേണ്ടവയുമായ ആശയങ്ങളും അനുഷ്ഠാനങ്ങളും ധാരണകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഭാരതീയ പൈതൃകത്തെക്കുറിച്ചുള്ള  പരിശോധനകള്‍ ഇതിനുമുമ്പും നടന്നിട്ടുണ്ട്. സമൂഹത്തിന്റെ സാമാന്യമായ ജ്ഞാനം വര്‍ധിച്ചുവരുന്തോറും ഈ വിധമുള്ള പരിശോധനകള്‍ വീണ്ടും നടത്തുന്നതു പ്രയോജനകരമാണ്. ഇതിനുമുമ്പ് നടന്ന പരിശോധനകള്‍ ശ്രദ്ധിച്ചാല്‍ സാമാന്യമായി മൂന്ന് വ്യത്യസ്ത സമീപനങ്ങള്‍ അഥവാ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി കാണാം.

ഭാരതീയ പൈതൃകത്തെ മിക്കവാറും നിഷേധിക്കുന്ന രീതിയും കണ്ണടച്ച് ആരാധിക്കുന്ന രീതിയും വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്ന  രീതിയും ആണ് ചിന്തകന്മാര്‍ നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചത്. ഇവ മൂന്നും വസ്തുനിഷ്ഠമല്ലെന്നു പറയേണ്ടതില്ലല്ലോ. നാലായിരത്തിലധികം കൊല്ലത്തെ ചരിത്രം നമ്മുടെ രാജ്യത്തിനുണ്ടെന്നാണ് ചരിത്രപണ്ഡിതന്മാര്‍ പറയുന്നത്. ബൃഹത്തായ ഈ ചരിത്രപാരമ്പര്യത്തെ വിലയിരുത്തുമ്പോള്‍ അത്യധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പറഞ്ഞുവരുന്നത്. ഈ മൂന്നുസമീപനങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നതിനുമുമ്പ് അടിസ്ഥാനപരമായ രണ്ടു തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്നു തോന്നുന്നു. ഏകമതവും ഏക സംസ്‌ക്കാരവും ആണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ആധാരശില എന്നതാണ് ഒന്നാമത്തെ തെറ്റിദ്ധാരണ. ആത്മീയചിന്തയാണ് ഭാരതീയ ദര്‍ശനത്തിന്റെ ആധാരശിലയെന്നതാണ് രണ്ടാമത്തെ അബദ്ധധാരണ. അതോടൊപ്പം ഭൗതികാഭിവൃദ്ധിയില്‍ ഉദാസീനതയാണ് നമ്മുടെ പിതാമഹന്മാര്‍ പ്രദര്‍ശിപ്പിച്ചതെന്നും കരുതുന്നവരുണ്ട്. ഈ വികലധാരണകള്‍ ആധുനിക ഭാരതത്തില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ അവ ചര്‍ച്ചാവിഷയമാക്കേണ്ടതുമാണ്.

പ്രാചീന ഇന്ത്യയിലും മധ്യകാല ഇന്ത്യയിലും ഒന്നിലധികം മതങ്ങള്‍ അഥവാ ധര്‍മ്മങ്ങള്‍ ഉണ്ടെന്നാണ് ദാര്‍ശനിക ചരിത്രകാരന്മാര്‍ പറയുന്നത്. ഷഡ്ദര്‍ശനം എന്ന സംസ്‌കൃത ദാര്‍ശനിക പ്രയോഗം സുപ്രസിദ്ധമാണ്. അതായതു ആറ് ദര്‍ശനങ്ങള്‍ പ്രാചീന ഭാരതത്തിലുണ്ടായിരുന്നുവെന്നാണ് ബ്രാഹ്മണ പണ്ഡിതന്മാര്‍ തന്നെ സമ്മതിക്കുന്നത്. തത്ത്വശാസ്ത്രം എന്ന അര്‍ഥത്തില്‍ ദര്‍ശനം എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത് കണാദന്‍ വൈശേഷിക സൂത്രത്തിലാണ്. ഏറ്റവും പ്രാചീനമായവ സാംഖ്യവും, ലോകായതവും ബ്രാഹ്മണമതവും (യജ്ഞമതം) ആണ്. ഇവയില്‍ ഏതിനാണ് പ്രായക്കൂടുതല്‍ എന്ന് പറയാന്‍ വയ്യ. ഇതിനു പുറമേ ബുദ്ധധര്‍മ്മം (മതം) ജൈനധര്‍മ്മം (മതം) ആജീവക ധര്‍മ്മം, വൈശേഷികം, ന്യായം മീമാംസാ, യോഗം, പഞ്ചരാത്രം തുടങ്ങിയവയും ബി സി ആറാം നൂറ്റാണ്ടുമുതല്‍ ഉദയം ചെയ്തിട്ടുണ്ട്. ബുദ്ധമതം ആജീവകമതത്തെയും യജ്ഞമതത്തെയും  (ബ്രാഹ്മണമതം) എതിര്‍ക്കുമ്പോള്‍ ബ്രാഹ്മണമതവും ശ്രമണമതവും തമ്മില്‍ പരസ്പരം വിമര്‍ശിക്കയായിരുന്നു. ശ്രമണ-ബ്രാഹ്മണ വൈരുദ്ധ്യത്തെക്കുറിച്ച് സംസ്‌കൃത വ്യാകരണകുലഗുരുവായ പാണിനി ഒരു സൂത്രത്തില്‍ പറഞ്ഞതു ശ്രദ്ധേയമാണ്. ആജീവകര്‍, ബുദ്ധര്‍, ജൈനര്‍, ജടിലര്‍, വ്രാത്യര്‍ തുടങ്ങിയവരെയാണ് ശ്രമണര്‍ എന്നു വിളിച്ചത്. മഹായാന പണ്ഡിതനായ വസുബന്ധു ഒരു സാംഖ്യവാദചിന്തകനെ ചര്‍ച്ചയില്‍ തോല്‍പ്പിച്ചതിനു ചന്ദ്രഗുപ്ത മൗര്യന്‍ രണ്ടാമന്‍ അദ്ദേഹത്തിനു മൂന്നുലക്ഷം സ്വര്‍ണ നാണയം സമ്മാനം നല്‍കിയ കഥ ചരിത്രലിഖിതത്തിലുള്ളതാണ്. മഹായാനക്കാരിലെ ഒരു വിഭാഗമാണ് ആത്മീയവാദത്തിന് പ്രാചീനഭാരതത്തില്‍ ശക്തി നല്‍കിയത്. മധ്യകാലത്തിലാണെങ്കില്‍ തന്ത്രമതം വീരശൈവമതം (ബസവദര്‍ശനം) സിക്ക് തുടങ്ങിയവ ബ്രാഹ്മണമതത്തെ സ്വീകരിക്കുന്നവയല്ല.

അതുപോലെ മുസ്‌ലിം മതവും ക്രിസ്തീയമതവും മധ്യകാലത്തില്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ചുവന്നു. ഇങ്ങനെ നോക്കിയാല്‍ ഇന്ത്യ ഏകമത രാഷ്ട്രമായിരുന്നില്ല എന്ന സത്യമാണ് ചരിത്രം പ്രദാനം ചെയ്യുന്നത്. കോലാറിയന്‍ ഭാഷകളും (മുണ്ട) ആര്യന്‍ ഭാഷകളും (പ്രാകൃതം, സംസ്‌കൃതം) ദ്രാവിഡഭാഷയും (തമിഴ്) അതിപ്രാചീനകാലം മുതല്‍ ഇന്ത്യയില്‍ കാണാനുണ്ട്. ഈ ഭാഷകള്‍ ഭിന്ന സംസ്‌ക്കാരങ്ങളെയാണ് പ്രതിനിധീകരിച്ചത്. വസ്തുനിഷ്ഠമായ ചരിത്രപഠനത്തിനൊരുങ്ങിയാല്‍ ഏകത്വത്തിലെ നാനാത്വം എന്ന ചരിത്രസംജ്ഞയ്ക്ക് ഏറ്റവും നല്ല ഉദാഹരണം ഇന്ത്യയാണെന്നു കാണാം.
ഭാരതീയ ദര്‍ശനത്തിന്റെ ആധാരശില ആത്മീയചിന്ത മാത്രമാണോ എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ആത്മീയചിന്തയും ഭൗതികചിന്തയും ഭാരതീയ ദര്‍ശനത്തിന്റെ ആധാരശിലകളാണെന്നതാണ് സത്യം. ഇവ തോളോടു തോളുരുമ്മിക്കൊണ്ടാണ് വളര്‍ന്നുവന്നത്. ഈശ്വരവാദം, ബ്രഹ്മവാദം, നിരാലംബനവാദം, ബാഹ്യാര്‍ഥനിരോധവാദം, വിജ്ഞാനവാദം, ഭക്തിവാദം, വേദാന്തവാദം മുതലായ ആത്മീയചിന്തകളും സാംഖ്യവാദം, ലോകായതവാദം, വൈശേഷികവാദം, യദൃച്ഛാവാദം, സ്വഭാവവാദം, നിയതിവാദം തുടങ്ങിയ ഭൗതികവാദചിന്തകളും അതിപ്രാചീനകാലം മുതല്‍ ഉദയം ചെയ്തതായി കാണാം. ഭൂതവാദവും പരമാണുവാദവും പ്രകൃതിവാദവുമാണ് അടിസ്ഥാനപരമായ ഭൗതികചിന്തകള്‍. അതുകൊണ്ടുതന്നെ ഭൂതവാദം സ്വീകരിച്ച ലോകായതത്തെയും പ്രകൃതിവാദം സ്വീകരിച്ച സാംഖ്യത്തെയും മറ്റെല്ലാ ദര്‍ശനക്കാരും നിരന്തരം എതിര്‍ത്തതായി കാണാം. രാമായണത്തിലും ഭാരതത്തിലും ഭഗവദ്ഗീതയിലും സാംഖ്യവാദത്തെ ദീര്‍ഘമായി പരാമര്‍ശിച്ചിട്ടുണ്ട്. അദൈ്വതവാദിയായ ശങ്കരനും ബ്രഹ്മസൂത്ര ചിന്തകനായ ബാദരായണനും പ്രധാനമായി എതിര്‍ത്തത് സാംഖ്യവാദത്തെയാണെന്നത് സ്മരണീയമാണ്. സാംഖ്യവാദം ഒരു കാലത്ത് ശ്രമണവാദത്തെപ്പോലെ ഭാരതത്തിലെ പ്രധാന ദര്‍ശനശാഖയാണെന്ന കാര്യം മറക്കരുത്. വേദാന്തത്തെപ്പോലെ ഉദാത്തത സാംഖ്യവാദത്തിനും ഭാരതം കല്‍പിച്ചിട്ടുണ്ട്.

ഭൗതികാഭിവൃദ്ധിയില്‍ പ്രാചീനകാലം മുതല്‍ ഇന്ത്യ ഉദാസീനമായിരുന്നുവെന്ന കഥയും ചരിത്രത്തിനു നിരക്കുന്നതല്ല. ഋഗ്വേദം ശ്രദ്ധിച്ചുവായിച്ചാല്‍ ധാന്യങ്ങളും പശുക്കളും സന്താനങ്ങളും ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രാര്‍ഥനകളാണ് ധാരാളമായി കാണുന്നത്. ഭക്ഷണത്തെപ്പറ്റി മാത്രം മൂവായിരം തവണ ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു. മനുസ്മൃതിയുടെ രണ്ടാം അധ്യായം സമ്പല്‍സമൃദ്ധിക്കുവേണ്ടിയുള്ള കര്‍ത്തവ്യങ്ങളെക്കുറിച്ചാണ് വിസ്തരിച്ച് പ്രതിപാദിക്കുന്നത്. നൂറ് കലപ്പകള്‍ ഉപയോഗിക്കുകയും നൂറിലധികം കാളവണ്ടികള്‍ ധാന്യം മാര്‍ക്കറ്റിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ധനിക കര്‍ഷകരെക്കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ ജാതകകഥകളില്‍ കാണാം. യഥാര്‍ഥത്തില്‍ ധര്‍മ്മാര്‍ഥകാമങ്ങള്‍ എന്ന മൂന്ന് മുദ്രാവാക്യങ്ങളാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. മോക്ഷം എന്ന നാലാമത്തെ പുരുഷാര്‍ഥം ഉയര്‍ന്നുവന്നത് വളരെക്കാലം കഴിഞ്ഞശേഷമാണ്. ഗംഗാതീരം അന്ധകാരമായ വന്‍കാടുകള്‍ നിറഞ്ഞതായിരുന്നു. അവ വെട്ടി നശിപ്പിക്കുകയും തീവെച്ചു കരിച്ചു കൃഷിസ്ഥലങ്ങളാക്കി മാറ്റുകയും ചെയ്ത കഥകളാണ് ശതപഥബ്രാഹ്മണത്തില്‍ പറയുന്നത്. ഇങ്ങനെ വ്യാപകമായി കൃഷിസ്ഥലം വന്നതോടെയാണ് ഉത്തരേന്ത്യയില്‍ ഉയര്‍ന്ന സംസ്‌ക്കാരം ഉടലെടുത്തത്. ഇതെല്ലാം കാണിക്കുന്നത് ഭൗതികാഭിവൃദ്ധിക്കുവേണ്ടിയുള്ള ശ്രമങ്ങളാണ്. സന്ന്യാസം പാപിഷ്ഠമാണെന്ന് മഹാഭാരതം പറഞ്ഞത് ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍.
ഈ പശ്ചാത്തലത്തില്‍ ഭാരതീയ പൈതൃകത്തോടുള്ള സമീപനം എന്താണെന്ന പ്രശ്‌നം ഇനി പരിശോധിക്കാം. ഭാരതീയ പാരമ്പര്യത്തെ മിക്കവാറും നിഷേധിക്കുന്ന സമീപനമാണ് മധ്യകാല വേദാന്തചിന്തകരായ ബാദാരയണനും ശങ്കരാചാര്യരും മറ്റും സ്വീകരിച്ചത്. സാംഖ്യം, വൈശേഷികം, ബുദ്ധചിന്ത, ലോകായതം തുടങ്ങിയ പ്രാഥമിക ഭൗതികവാദചിന്തകളെ തികച്ചും നിഷേധിക്കുകയാണ് മേല്‍പറഞ്ഞ രണ്ടു പേരും ചെയ്തത്. ഈ ചിന്തകള്‍ വേദങ്ങളെ കുലപ്രമാണമായി കരുതുന്നില്ലെന്നും തന്മൂലം ഇവ നാസ്തികമതങ്ങളാണെന്നും ആണ് അവര്‍ കാരണം പറഞ്ഞത്. സാംഖ്യചിന്തയെ അസുരചിന്തയെന്നുവരെ പറയാന്‍ ശങ്കരാചാര്യര്‍ മടിച്ചില്ല. അതേ സന്ദര്‍ഭത്തില്‍ വിവേകാനന്ദനെ പോലുള്ളവര്‍ സാംഖ്യചിന്തയെ അത്യന്തം ആദരിക്കുകയാണ് ചെയ്തത്. സാംഖ്യമതസ്ഥാപകനായ കപിലനെക്കുറിച്ച് ദാര്‍ശനിക പിതാവെന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. മഹായാനചിന്തയിലെ ആത്മീയവാദികളും വേദാന്തികളും വര്‍ണാശ്രമധര്‍മ്മത്തെ അങ്ങേയറ്റം പ്രശംസിച്ച കഥയും വിസ്മരിക്കരുത്. മനുസ്മൃതിയെ പിന്താങ്ങുകയും ശൂദ്രര്‍ക്ക് വിജ്ഞാനത്തിന് അര്‍ഹതയില്ലെന്നു തര്‍ക്കിച്ചു പറയുകയും ചെയ്യാന്‍ ശങ്കരാചാര്യര്‍ മടിച്ചില്ലെന്ന കഥ മറക്കരുത്. കാലഹരണപ്പെട്ട ജീര്‍ണസംസ്‌ക്കാരത്തെ ആക്ഷേപിക്കാന്‍ ശങ്കരാചാര്യര്‍ മുതിര്‍ന്നില്ല.

*
എന്‍ ഇ ബാലറാം ജനയുഗം

രണ്ടാം ഭാഗം : നെല്ലും പതിരും വേര്‍തിരിച്ച് കാണുക

No comments: