Tuesday, April 9, 2013

ഗാർഹിക പീഡനം: ശ്രദ്ധയില്‍പെടുന്നവര്‍ക്കും വിവരം നല്‍കാം

പീഡനം നടക്കുന്നതായി അറിയാവുന്ന ആര്‍ക്കും വിവരം നല്‍കാന്‍ വ്യവസ്ഥയുള്ളതാണ് ഗാര്‍ഹിക പീഡനങ്ങള്‍ തടയാനുള്ള പ്രത്യേക നിയമം. ഇങ്ങനെ വിവരം നല്‍കുന്ന ആള്‍ക്ക് ഇതിന്റെ പേരില്‍ എന്തെങ്കിലും ബാധ്യത ഉണ്ടാകില്ലെന്നും നിയമം വ്യക്തമാക്കുന്നു. എങ്ങനെയും പരാതികള്‍ നിയമത്തിനുമുന്നിലെത്താനാണ് ഇത്തരത്തിലൊരു വ്യവസ്ഥ ചേര്‍ത്തിരിക്കുന്നത്.

ഭാര്യയെ തല്ലുന്നത് അവകാശമായി കരുതുന്നവര്‍ കുറയുന്നില്ല. ഭര്‍ത്താവിന്റെ ആക്രമണത്തിനിരയായ സ്ത്രീ പരാതിപ്പെട്ടാല്‍ ചട്ടിയില്‍ മുട്ടാനുള്ള കലത്തിന്റെ അവകാശത്തെപ്പറ്റി പറയുന്ന മന്ത്രിമാരും അവശേഷിക്കുന്നു. എന്നാല്‍, ഗാര്‍ഹിക പീഡനം നിയമത്തിന് മുന്നില്‍ കളിതമാശയല്ല; ക്രിമിനല്‍ കുറ്റമാണ്. ശ്രദ്ധയില്‍പ്പെടുന്നവര്‍ക്കുപോലും അധികൃതര്‍ക്ക് വിവരം കൈമാറാവുന്ന കുറ്റം. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005)) തന്നെ ഇന്നുണ്ട്.

ഗാര്‍ഹിക പീഡനം നടക്കുന്നതായി അറിയാവുന്ന ആര്‍ക്കും വിവരം നല്‍കാമെന്ന് നാലാം വകുപ്പിലാണ് പറയുന്നത്. ഇങ്ങനെ വിവരം നല്‍കുന്ന ആള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബാധ്യത ഇതിന്റെ പേരില്‍ ഉണ്ടാകില്ലെന്നും നിയമം വ്യക്തമാക്കുന്നു. ഇത് സാധാരണ നിയമങ്ങളിലുള്ള വ്യവസ്ഥയല്ല. എങ്ങനെയും പരാതികള്‍ നിയമത്തിന് മുന്നിലെത്താനാണ് ഇത്തരത്തിലൊരു വ്യവസ്ഥ ചേര്‍ത്തിരിക്കുന്നത്. ഒരു സ്ത്രീ വീട്ടില്‍ അക്രമത്തിനിരയായി എന്ന വിവരം കിട്ടിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ എന്തുചെയ്യണമെന്നും നിയമം പറയുന്നു. ഗാര്‍ഹിക പീഡന നിയമപ്രകാരം ഇരയ്ക്ക് ലഭിക്കാവുന്ന നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് അവരുടെ ഉത്തരവാദിത്തമായും നിയമം ചൂണ്ടിക്കാട്ടുന്നു (അഞ്ചാം വകുപ്പ്).

സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാനഭഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26നാണ് പ്രാബല്യത്തില്‍ വന്നത്. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ് നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായി കൂടിയാണ് നിയമം നിലവില്‍ വന്നത്.

പങ്കാളിയായ ഭഭര്‍ത്താവില്‍നിന്നും അവരുടെ ബന്ധുക്കളില്‍നിന്നും സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. ഭഎന്നാല്‍, ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. ഭസ്ത്രീ പരാതി നല്‍കിയാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ കേസെടുക്കാന്‍ നിയമം പഴുത് നല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി.2005ലെ നിയമത്തില്‍ \'ബന്ധു\'എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാനഭഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും. പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടം ഉണ്ടാക്കുന്ന ഏത് പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ശാരീരിക പീഡനം ആകാം.

ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും. നാണം കെടുത്തല്‍, കളിയാക്കി പേരുവിളിക്കല്‍, കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍, പരാതിക്കാരിക്ക് താല്‍പ്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും. പരാതിക്കാരിക്ക് അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും.

ഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും. നിയമം സംബന്ധിച്ച എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥന്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.

ഗാര്‍ഹിക പീഡനത്തിന് ഇരയാകപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥന്‍. കഴിവതും ഒരു സ്ത്രീയെ തന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥ പദവിയില്‍ നിയോഗിച്ചിട്ടുണ്ട്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്ക്്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റ്റര്‍ചെയ്യാം.

വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം. പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നു മുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു.

ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്.

കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതി ഉത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പൊലീസിന് അറസ്റ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാല സംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരുവര്‍ഷംവരെ നീളാവുന്ന തടവും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയും ശിക്ഷയായി ലഭിക്കാം.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: