Wednesday, April 24, 2013

മരിക്കാത്ത ഓര്‍മകള്‍

1938 ഡിസംബര്‍ 18ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 24-ാം പേജില്‍ ആറു കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പി, ചങ്ങമ്പുഴ, എന്‍ വി കൃഷ്ണവാര്യര്‍ എന്നിവരുടെ കവിതകള്‍ക്കൊപ്പം തുല്യപ്രാധാന്യത്തില്‍ ചേര്‍ത്തിട്ടുള്ള ഒരു കവിതയുണ്ട്. "ഏകാന്തതയില്‍" എന്നാണതിന്റെ പേര്. കവിയുടെ പേര് എബ്രഹാം എം മാടമാക്കല്‍. പിയുടെ കവിത തുടങ്ങുന്നത്

""ഹാ! മന്ദമരും മദീയവിവേകവും/
ഹേമന്തരാത്രിയും ഹന്ത!
പുലര്‍ന്നുപോയ്!"" എന്ന വിഷാദശ്രുതിയിലാണ്. ചങ്ങമ്പുഴയുടെ കവിത,

""വിരസത കലരുമിപ്പരിഭവംമൂലം/
വെറുതേ നീയെന്തിനെന്‍ പരിസരം മൂടി?""

എന്ന നൊമ്പരം കലര്‍ന്നൊരു ചോദ്യത്തോടുകൂടി ആരംഭിക്കുന്നു. എന്‍ വിയുടെ "ചതുര്‍ത്ഥിചന്ദ്രന്‍" എന്ന കവിതയില്‍ അന്നും ഒരു വൃത്താന്തത്തിന്റെ ആഖ്യാനമാണുള്ളത്. ഓലക്കുടയും ചൂടി, അല്‍പ്പം മുമ്പുപെയ്ത മഴയുടെ നനവാര്‍ന്ന പുല്‍ത്തകിടിയില്‍കൂടി ക്ഷേത്രപ്രദക്ഷിണം നടത്തുന്നതിനിടയില്‍ ചതുര്‍ത്ഥീചന്ദ്രനുദിച്ചുയരുന്നതുകണ്ട് കവി, അന്ധവിശ്വാസം അവഗണിച്ച് നോക്കിനിന്നുപോകുന്നു. എന്‍ വിയുടെ ആദ്യകാലത്തെ കവിതയിലും കേവല ഭാവഗീതത്തിന്റെ സ്വച്ഛന്ദലയമല്ല ഉള്ളത്. എന്നാല്‍, പില്‍ക്കാലത്ത് മലയാള കവിതയില്‍ സ്വന്തം ഇരിപ്പിടം നേടിയ ഈ മൂന്നു കവികളുടെ അതേ നിരയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നാം കാണുന്ന എബ്രഹാം എം മാടമാക്കല്‍ എന്ന കവിയുടെ കവിത ഉദാരസ്വരത്തിലാലപിക്കുന്ന ഒരു ഗീതമാണ്. ""മാനവ ഭാവനാതീതമായ് മിന്നിടു മാനന്ദപൂരിതമാകുമാകാശമേ! വന്ദനമാദിമദ്ധ്യാന്ത വിഹീനമാം നന്ദനാരാമമേ! സത്യ കേദാരമേ!"" ജീവിതവാടിയില്‍ ശാന്തി പുലരുന്നൊരു പുതിയ കാലത്തിനുവേണ്ടി പാടുവാനാശിക്കുന്ന ഒരു "കൊച്ചുപറവ"യാണ് താനെന്നും, എന്നാല്‍ "പങ്കിലമാനസരായ മനുഷ്യര്‍" തന്നെ വെടിവച്ചു കൊന്നേക്കാമെന്നും, അതിനു മുമ്പ് ""സുന്ദരോദാരസത്സൗഹൃദാരാമമായ ആകാശത്തെ"" നോക്കി താന്‍ പാടുകയാണെന്നും കവി പറയുന്നു.

ഒരേ ആഴ്ചപ്പതിപ്പിന്റെ ഒരേ ലക്കത്തിന്റെ ഒരേ പുറത്തുവന്ന ഈ നാലു കവിതകളെപ്പറ്റി ഇവിടെപ്പറഞ്ഞത്, എബ്രഹാം മാടമാക്കല്‍ കവിതാസപര്യ തുടങ്ങുന്ന കാലത്ത് എത്ര വലിയ ഭാവിക്കുടമയാകുമെന്ന് വായനക്കാരില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു എന്നു കാണിക്കാനാണ്. കാവ്യഭാഷ ചങ്ങമ്പുഴയോടും പിയോടുമടുത്ത് നിന്നിരുന്നുവെങ്കിലും താന്‍ സ്വപ്നം കാണുന്ന ശാന്തി പുലരുന്നൊരു ലോകത്തിനു വേണ്ടി ഒരു പറവയെപ്പോലെ "ബലി" കഴിക്കപ്പെട്ടേക്കാമെന്ന ഒരു പൂര്‍വധാരണ അദ്ദേഹത്തില്‍ മുകുളീകൃതമായിരുന്നു എന്നതിന് ഈ കവിത സാക്ഷ്യം വഹിക്കുന്നു. മൗനിയായ ഇടപ്പള്ളിക്കും വാചാലനായ ചങ്ങമ്പുഴയ്ക്കും മിതവാക്കായ വൈലോപ്പിള്ളിക്കുമൊപ്പം അവരുടെ ഒരു പ്രിയപ്പെട്ട അനുജനെപ്പോലെ ഒപ്പം നടന്ന മാടമാക്കല്‍ എറണാകുളത്തുനിന്ന് കലൂര്‍ക്ക് കൈവീശി നടന്ന ആ കാലത്തെപ്പറ്റിയും മറ്റും ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകാന്‍ ഹൃദയം നിയോഗിച്ചുകൊണ്ടിരിക്കെ, നിയമബിരുദമോ, നേവിയിലെ ഉദ്യോഗമോ ഒക്കെ നിസ്സാരമായിക്കണ്ട എബ്രഹാം മാടമാക്കല്‍ തന്റെ നടക്കാവ,് ആ ജ്യേഷ്ഠസുഹൃദ്കവികളുടേതില്‍നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞു. ആ കാലത്ത് അദ്ദേഹത്തോടൊപ്പം വിദ്യാര്‍ഥിരംഗത്തും മറ്റും പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് മന്ത്രിമാര്‍വരെയായിട്ടുണ്ട്. എബ്രഹാമിന് വൈലോപ്പിള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ""ഹൃദയനിമന്ത്രിതസത്യ"" ത്തോടായിരുന്നു ആഭിമുഖ്യം. നഷ്ടപ്പെട്ട വിദ്യാഭ്യാസം ഉറക്കൊഴിഞ്ഞിരുന്നുള്ള വിശ്വസാഹിത്യ പാരായണത്തിലൂടെ വീണ്ടെടുത്തു. കുറെക്കാലം കൊച്ചിയില്‍ നിന്നു പുറത്തുവന്നിരുന്ന "കേരള പത്രിക" സാഹിത്യവാരികയുടെ പത്രാധിപരായി. ചെറിയ തോതിലാണെങ്കിലും, പുതിയ എഴുത്തുകാരെ വിവേചനാപൂര്‍വം കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന നിയോഗം നിറവേറാനും, അതില്‍ അത്യാനന്ദമനുഭവിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

തിരുവിതാംകൂര്‍ ഭാഗത്ത് അത്ര പ്രചാരമൊന്നുമില്ലാതിരുന്ന കേരള പത്രികയില്‍ ഞാനൊരു പതിവെഴുത്തുകാരനായതിനുത്തരവാദി എബ്രഹാം മാടമാക്കലാണ്. 1949ലെ കേരള പുരോഗമന സാഹിത്യ സമ്മേളനത്തില്‍ സമ്മാനാര്‍ഹമായ എന്റെ കവിത കേരള പത്രികയില്‍ പ്രസിദ്ധപ്പെടുത്താനാഗ്രഹിക്കുന്നു എന്നദ്ദേഹം എനിക്കെഴുതി. വയലാറില്‍ നിന്നാണെന്റെ മേല്‍വിലാസം വാങ്ങിയത്. എന്റെ മറുപടിയെത്തും മുമ്പുതന്നെ, ആ കവിത ചേര്‍ത്തിരുന്ന "ജയകേരളം" വാരികയില്‍ നിന്നദ്ദേഹമത് "കേരള പത്രിക"യിലേക്കെടുത്തു ചേര്‍ത്തു കഴിഞ്ഞിരുന്നു. അതിനു രണ്ടുവര്‍ഷം മുമ്പ് മുണ്ടശ്ശേരി മാസ്റ്റര്‍ മംഗളോദയത്തില്‍ എന്റെ കവിത പ്രസിദ്ധീകരിച്ചിട്ട് എനിക്കയച്ച കാര്‍ഡ് കോളേജിലെ ലെറ്റര്‍ ബോര്‍ഡില്‍ കണ്ടപ്പോഴുണ്ടായ അനുഭവം ആവര്‍ത്തിച്ചതുപോലെ തോന്നി. പിന്നെ, എത്രയെത്ര കത്തുകള്‍! കവിത ചേര്‍ത്ത കേരള പത്രികാ ലക്കങ്ങള്‍!

എറണാകുളത്ത് ചില സാഹിത്യ സമ്മേളനങ്ങളിലേക്കുള്ള ക്ഷണങ്ങള്‍! ബോട്ടുജട്ടിയിലെ ബഷീറിന്റെ ബുക്സ്റ്റാളിലുള്ള സംഗമങ്ങള്‍! അവയിലൂടെയെല്ലാം അതിവേഗം വളര്‍ന്ന ഒരു സൗഹൃദം ഓര്‍ക്കാപ്പുറത്ത് മരണമെന്ന കോമാളി വന്നു തകര്‍ത്തുകളഞ്ഞു. ഇന്ന്, അദ്ദേഹത്തിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍, നാം അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍, പുതിയ തലമുറയ്ക്ക് പലതും അവിശ്വസനീയമായി തോന്നാം. കാവ്യോപാസനയ്ക്കായിമാത്രം ജീവിതം ഉഴിഞ്ഞുവച്ചിരുന്നുവെങ്കില്‍ ഇന്ന് പിക്കും ചങ്ങമ്പുഴയ്ക്കുമൊപ്പം കവിതാസാഹിത്യചരിത്രത്തില്‍ അദ്ദേഹത്തിന് ഉന്നതമായൊരു സ്ഥാനമലങ്കരിക്കാന്‍ കഴിഞ്ഞേനെ. കാരണം, "കേട്ടഗാനം മധുര"മായിരുന്നു; അപ്പോള്‍ കേള്‍ക്കാനിരുന്നതും, കേള്‍ക്കാതെപോയതും "മധുരതര"മാകുമായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരാഗ്നിയില്‍ സ്വയമാഹുതിചെയ്ത അദ്ദേഹം, തന്റെ ഉറച്ച നിലപാടുകളില്‍ ഊന്നി നില്‍ക്കാനാണ് ആഗ്രഹിച്ചത്. പില്‍ക്കാലത്ത് കേരള രാഷ്ട്രീയരംഗത്തും ഭരണരംഗത്തും തിളങ്ങിയവര്‍ക്കൊപ്പം അദ്ദേഹവും ജീവിതത്തിന്റെ നല്ലനാളുകള്‍ വിയ്യൂര്‍ ജയിലില്‍ ഹോമിച്ചു. ജയിലിലും പുസ്തകങ്ങളിലൂടെ അറിവിന്റെ ചക്രവാളങ്ങളിലേക്ക് സ്വച്ഛന്ദം പറന്നുപോകാന്‍ ഇഷ്ടപ്പെട്ടു.

മാക്സിം ഗോര്‍ക്കിയുടെ "അമ്മ" എന്ന നോവലിനേക്കാള്‍, അദ്ദേഹത്തിന്റെ കഥകളാണ് ശ്രേഷ്ഠമെന്ന് ജയിലില്‍വച്ച് എബ്രഹാം ധീരമായി സ്വന്തം അഭിപ്രായം പറഞ്ഞതിനെപ്പറ്റി സി അച്യുതമേനോന്‍ അനുസ്മരിക്കുന്നു. എന്റെ വിദ്യാര്‍ഥികാലത്ത് പുരോഗമനാശയക്കാരായ ചെറുപ്പക്കാര്‍ക്ക് "അമ്മ" എന്ന പുസ്തകം ബൈബിള്‍പോലെയായിരുന്നു. എബ്രഹാം സ്വന്തം ഉത്തമബോധ്യത്തിനനുസരിച്ച് ഒഴുക്കിനെതിരെയും നീന്താന്‍ മടിക്കാത്ത ബുദ്ധിജീവിയായിരുന്നു. ഒരുവേള, ആദര്‍ശരാഷ്ട്രീയവും പ്രായോഗികരാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഉച്ചസ്ഥായിയില്‍വച്ച് മൗനത്തിലാണ്ടുപോയ ഒരു ഉദാത്തസംഗീതമായിരുന്നു എബ്രഹാം മാടമാക്കലിന്റെ ജീവിതം. ധൈഷണികമായ സത്യസന്ധത, "മര്‍ത്ത്യന്‍ ജയിക്കണം" എന്ന അദമ്യമായ അഭിവാഞ്ഛ, പിന്‍തലമുറയോടുള്ള അളവറ്റ സ്നേഹം, സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ മാതൃകയായിത്തീര്‍ന്ന വൈദഗ്ധ്യം- ഇതെല്ലാം ഒത്തുചേര്‍ന്ന ആ വലിയ മനുഷ്യനെ ശരിക്കും മനസ്സിലാക്കാന്‍ പുതിയ തലമുറയ്ക്ക് കഴിഞ്ഞെങ്കില്‍ എന്നാശിക്കുന്നു. അന്വേഷിച്ചുവന്ന് പ്രോത്സാഹനം നല്‍കിയ ആ ജ്യേഷ്ഠസുഹൃത്തിന്റെ സ്മരണയ്ക്കു മുന്നില്‍ എന്റെ ഈ തുടുത്ത പനിനീര്‍പുഷ്പം കൂടി.

*
ഒ എന്‍ വി കുറുപ്പ് ദേശാഭിമാനി 24 ഏപ്രില്‍ 2013

No comments: