Sunday, April 14, 2013

ബിജെപി ഹിന്ദുത്വ അജണ്ടയിലേക്ക്

ബിജെപിയുടെ ഉന്നതാധികാരസമിതികള്‍ മാര്‍ച്ച് 31ന് പുനഃസംഘടിപ്പിച്ചുകൊണ്ട്, 12 വൈസ് പ്രസിഡണ്ടുമാരേയും 10 ജനറല്‍സെക്രട്ടറിമാരേയും 15 സെക്രട്ടറിമാരേയും ഏഴ് ഔദ്യോഗിക വക്താക്കളെയും നിയമിച്ച അധ്യക്ഷന്‍ രാജ്നാഥ്സിങ് 12 അംഗങ്ങളടങ്ങുന്ന കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡും 19 അംഗങ്ങളടങ്ങുന്ന കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയും ഉടച്ചുവാര്‍ക്കുകയും ചെയ്തിരിക്കുന്നു. പൊതു തിരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തില്‍ സംഘടനയ്ക്കുള്ളില്‍ നടത്തിയ ഈ പുന:സംഘടനയിലൂടെ ബിജെപി നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. എന്‍ഡിഎ ഘടകകക്ഷികളില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമായി തങ്ങള്‍ പശ്ചാത്തലത്തിലേക്ക് മാറ്റിവെച്ചിരുന്ന തീവ്ര ഹിന്ദുത്വ അജണ്ട വീണ്ടും മുന്നോട്ടു കൊണ്ടുവരുന്നു എന്നതാണത്. ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന അധികാരസമിതിയായ പാര്‍ലമെന്ററി ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും തീവ്രഹിന്ദുത്വ അജണ്ടയുടെ ഭീകരമുഖമായ നരേന്ദ്രമോഡിക്ക് ലഭിച്ച സ്ഥാനവും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ലഭിച്ച അംഗീകാരവും അതാണ് കാണിക്കുന്നത്.

ബിജെപിയിലെ ഹൈന്ദവ ഫാസിസ്റ്റ് മുഖത്തിന്റെ വക്താക്കളായ നരേന്ദ്രമോഡി, ഗുജറാത്തിലെ 2002ലെ കൂട്ട നരഹത്യയില്‍ അദ്ദേഹത്തിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി അമിത്ഷാ, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി, വര്‍ഗീയവിഷം ചീറ്റുന്നതില്‍ മുന്‍പന്തിയില്‍ത്തന്നെ നില്‍ക്കുന്ന വരുണ്‍ഗാന്ധി, സ്മിതാ ഇറാനി തുടങ്ങിയവരെല്ലാം താക്കോല്‍ സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമ്പോള്‍, ബിജെപിയിലെ കടുത്ത ആര്‍എസ്എസ് ഭക്തന്മാര്‍ വീണ്ടും രംഗത്തെത്തുന്നതും അത്രതന്നെ ആര്‍എസ്എസ് ബന്ധമില്ലാത്തവര്‍ രംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതുമാണ് നാം കാണുന്നത്. ഷൊറാബുദീന്‍ ഷേക്കിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെടിവെച്ചുകൊന്നിട്ട്, ""ഒരു ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു"" എന്ന കള്ള ഏറ്റുമുട്ടല്‍ കഥ ചമച്ച കേസിലെ പ്രതിയായ മുന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ, ആ കേസിലെ പ്രധാനസാക്ഷിയായിരുന്ന തുളസീറാം പ്രജാപതി കൊല്ലപ്പെട്ട കേസിലും പ്രതിയാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണംപിടുങ്ങല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ പാര്‍ടിയുടെ ജനറല്‍സെക്രട്ടറിമാരില്‍ ഒരാളാക്കി ഉയര്‍ത്തിയ ബിജെപിയുടെ ലക്ഷ്യം എന്താണെന്ന് പറയേണ്ടതില്ലല്ലോ. ഇതേ പാര്‍ടി പ്രസിഡന്റ് രാജ്നാഥ്സിങ്തന്നെയാണ് നരേന്ദ്രമോഡിയെ മുമ്പ് പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് ഒഴിവാക്കിയതെന്നും ഇപ്പോള്‍ വീണ്ടും പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതനായതെന്നും ഓര്‍ക്കുമ്പോഴാണ്, ബിജെപിയും ആ പാര്‍ടിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസും, 1938ല്‍ ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദു രാഷ്ട്രവാദത്തിന്റെ അതേ ലൈനില്‍ത്തന്നെയാണ് നീങ്ങുന്നതെന്ന് മനസ്സിലാകുന്നത്. ബിജെപിയുടെ ഈയിടെ ചേര്‍ന്ന നാഷണല്‍ കൗണ്‍സിലിലും നാഷണല്‍ എക്സിക്യൂട്ടീവിലും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിക്കണമെന്ന മുറവിളി ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ വേണം, പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് ഒരിക്കല്‍ തഴയപ്പെട്ട മോഡിയുടെ തിരിച്ചുവരവിനെ വീക്ഷിക്കാന്‍. 1991ലെ കുപ്രസിദ്ധവും അക്രമാസക്തവുമായ രാമജന്മഭൂമി പ്രസ്ഥാനവും എല്‍ കെ അദ്വാനിയുടെ രഥയാത്രയും 1992 ഡിസംബര്‍ 6ന്റെ ബാബറിമസ്ജിദ് തകര്‍ക്കലും 2002 ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളിലെ ഗുജറാത്തിലെ വംശീയ കൂട്ടക്കൊലകളും എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്, നരേന്ദ്രമോഡിയും ഉമാഭാരതിയും മറ്റും വീണ്ടും ബിജെപി രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്, ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അശുഭസൂചകമായ സംഭവവികാസമാണ്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ ശോചനീയമാണെന്ന് കണ്ടറിഞ്ഞ കോര്‍പ്പറേറ്റുകള്‍, നരേന്ദ്രമോഡിയെ വികസനത്തിന്റെ മോഡലാക്കി ഉയര്‍ത്തിക്കാണിച്ചു തുടങ്ങിയിരിക്കുന്നതും ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കണം. ജനങ്ങളുടെ അസംതൃപ്തിയേയും സമരങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് ധനമൂലധനത്തിന് വളരാന്‍ വഴിയൊരുക്കിയ ഹിറ്റ്ലറെയും നാസിസത്തെയും 1930കളിലെ ജര്‍മ്മന്‍ സമ്പന്ന വിഭാഗം ശക്തിയായി പിന്‍താങ്ങിയപോലെ, ഇന്ത്യയിലെ കോര്‍പറേറ്റ് കുടുംബങ്ങള്‍ മോഡിയെ വികസനത്തിന്റെ റോള്‍ മോഡലാക്കി ഉയര്‍ത്തിത്തുടങ്ങിയിരിക്കുന്നു. ഫെബ്രുവരി 20, 21 തീയതികളിലെ 12 കോടിയില്‍പ്പരം തൊഴിലാളികളുടെ ഐതിഹാസികമായ രണ്ടുദിവസത്തെ പണിമുടക്കിന്റെ സന്ദേശത്തില്‍ ഭയചകിതരായ ധനമൂലധനശക്തികള്‍ക്ക്, കോണ്‍ഗ്രസിന്റേതിനേക്കാള്‍ കൂടുതല്‍ ശക്തവും ക്രൂരവുമായ മറ്റൊരു ഭരണ സംവിധാനമായിരിക്കും തങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് പ്രയോജനപ്രദം എന്ന തോന്നലുണ്ടായിരിക്കും. അതുകൊണ്ടാണ് തീവ്ര ഹിന്ദുത്വ അജണ്ടയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഹൈന്ദവ രാഷ്ട്രീയ വ്യവസ്ഥയല്ല ഇന്നത്തെ ആവശ്യമെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കം ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു ഭരണ സംവിധാനമാണ് ആവശ്യമെന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഇക്കഴിഞ്ഞ രണ്ടുദിവസത്തെ പൊതു പണിമുടക്കിലൂടെ, സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കപ്പെട്ടതിനെ തുടര്‍ന്നുള്ള 14 ദേശീയ പൊതു പണിമുടക്കുകളിലൂടെ, വ്യക്തമാക്കിയിട്ടുള്ളതാണ്. ജനങ്ങളുടെ അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ, അവരെ ഹിന്ദു വര്‍ഗീയതയുടെ അന്ധകാരത്തിലേക്ക് നയിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് ഇന്ത്യന്‍ ജനത പലതവണ വ്യക്തമാക്കിയതാണ്.

1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്ത ബിജെപിക്ക്, തൊട്ടടുത്തു നടന്ന തിരഞ്ഞെടുപ്പില്‍, ബാബറി മസ്ജിദ് നിലനിന്നിരുന്ന ഫൈസാബാദിലെ അസംബ്ലി സീറ്റും പാര്‍ലമെന്റ് സീറ്റും ലഭിച്ചില്ല എന്ന കാര്യം നാം ഓര്‍ക്കണം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയ ബിജെപി ഗവണ്‍മെന്റായിരുന്നു യുപിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1993ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഭരണം നഷ്ടപ്പെട്ടു. ആകെയുള്ള 425 സീറ്റില്‍ 1991ല്‍ അവര്‍ക്ക് 221 അസംബ്ലി സീറ്റ് ഉണ്ടായിരുന്നത് 1993ല്‍ 177 ആയി കുറഞ്ഞു. അന്നു നഷ്ടപ്പെട്ട ഭരണം പിന്നീടൊരിക്കലും അവര്‍ക്ക് യുപിയില്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല-ഇടക്കാലത്തൊരിക്കല്‍ ബിഎസ്പിയുമായി കൂട്ടുകൂടി കുറച്ചുകാലം ഭരിക്കുകയുണ്ടായെങ്കിലും. (ആ സഖ്യവും പെട്ടെന്ന് തകര്‍ന്നുപോയി) ഒറ്റയ്ക്കു ഭരിക്കാന്‍ അവര്‍ക്ക് യുപിയില്‍ 1991ല്‍ ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കില്‍, ഇന്ന് ആ സംസ്ഥാനത്ത് ബിജെപി മൂന്നാം സ്ഥാനത്തോ നാലാംസ്ഥാനത്തോ ആണ്. ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്തു മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന ബിജെപിക്ക് തുടര്‍ന്നു നടന്ന രണ്ട് അസംബ്ലി തിരഞ്ഞെടുപ്പുകളിലും ഭരണത്തിനടുത്തെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യ തിളങ്ങുന്നുവെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് 2004ല്‍ നടത്തിയ പൊതു തിരഞ്ഞെടുപ്പിലും ആ പാര്‍ടി പരാജയപ്പെട്ട കാര്യം നാം ഓര്‍ക്കണം.

വാജ്പേയി ഗവണ്‍മെന്റില്‍ എന്‍ഡിഎ സഖ്യത്തില്‍ രണ്ടു ഡസനോളം പാര്‍ടികള്‍ ഉണ്ടായിരുന്നുവെങ്കില്‍, ഇന്ന് ബിജെപിയുടെ കൂടെ വിരലില്‍ എണ്ണാവുന്ന സഖ്യകക്ഷികളേയുള്ളു. അവരില്‍ത്തന്നെ ഏറ്റവും വലിയ ജനസ്വാധീനമുള്ള ബിഹാറിലെ ജനതാദള്‍ (യു) ആ സഖ്യത്തില്‍ തീര്‍ത്തും അസംതൃപ്തമാണ്. മോഡിയെ മോഡലാക്കി ഉയര്‍ത്തിക്കാണിക്കുകയാണെങ്കില്‍, തങ്ങള്‍ സഖ്യത്തില്‍നിന്ന് വിട്ടുപോകുമെന്ന് നിതീഷ്കുമാര്‍, അസന്ദിഗ്ധമായ ഭാഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ കര്‍ണ്ണാടകത്തിലെയും ഝാര്‍ഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും മറ്റും ഭരണ റെക്കോര്‍ഡ് എത്ര അപമാനകരമാണെന്ന് പറയേണ്ടതില്ലല്ലോ. 130 കോടി ജനങ്ങളുടെ എണ്ണമറ്റ ദുരിതങ്ങളെല്ലാം വിസ്മരിച്ചുകൊണ്ട്, സാമ്പത്തിക പരിഷ്കാരങ്ങളുടെ സ്റ്റീം റോളര്‍ അവര്‍ക്കുമേല്‍ ഉരുട്ടിക്കയറ്റുന്ന കോണ്‍ഗ്രസിനെ പൊതു തിരഞ്ഞെടുപ്പില്‍ നേരിടാന്‍, തീവ്ര ഹിന്ദുത്വത്തിന്റെ തുരുമ്പിച്ച പഴഞ്ചന്‍ പരിചയാണ് ബിജെപി ഉയര്‍ത്തിക്കാണിക്കുന്നത്. ഇത് രണ്ടുമല്ല തങ്ങള്‍ക്ക് ആവശ്യമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നതാണ് ആശ്വാസകരം.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 12 ഏപ്രില്‍ 2013

No comments: