Thursday, April 18, 2013

പുതുകഥയുടെ ഫ്രീസിങ്

കഥയുടെ കലയില്‍ ഒരു വഴിമാറിനടപ്പ് സാധ്യമാക്കിയ കഥാകൃത്താണ് സന്തോഷ് ഏച്ചിക്കാനം. കഥയുടെ കലാസൃഷ്ടിയില്‍ ദാര്‍ശനികമായ സൂചനകള്‍ നിരവധിയുണ്ട്. കഥാകൃത്തും ബാഹ്യലോകവുമായുള്ള ഭിന്നിപ്പുകളെയും ചേര്‍ന്നിരിപ്പുകളെയും എല്ലാ കഥകളിലും ചര്‍ച്ചയ്ക്ക് വിഷയമാകുന്നുണ്ട്. ചെറ്റയായ സാമൂഹിക ജീവിതങ്ങളുടെയും സമ്പന്നമായ ഓര്‍മകളുടെയും ഖണ്ഡങ്ങളാണ് സന്തോഷിന് കഥയെഴുത്ത്. വികാരങ്ങളുടെ അമിതഭോഗങ്ങളോ പ്രണയധ്യാനങ്ങളോ ഈ കഥാകൃത്തിന്റെ വിഷയങ്ങളല്ല. മറിച്ച് സമൂഹത്തിന്റെ വിശുദ്ധരോഗങ്ങളാണ് കഥയെഴുത്തിനുള്ള വഴി തുറക്കുന്നത്. ""കഥാപാത്രങ്ങളും പങ്കെടുത്തവരും"", ""ഒരു ചിത്രകഥയിലെ നായാട്ടുകാര്‍"", ""കൊമാല"", ""ഒറ്റവാതില്‍"", ""കഥകള്‍ സന്തോഷ് ഏച്ചിക്കാനം"" എന്നീ കഥാസമാഹാരങ്ങള്‍ മാത്രംമതി ഈ കഥാകൃത്തിനെ അടയാളപ്പെടുത്താന്‍. എഴുത്തിന്റെ അതിഭീമമായ ക്രിയാതലങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ഈ അഭിമുഖവും.

? പുതുകഥാസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു 

മലയാളകഥയില്‍ കേരളീയജീവിതത്തെ അടുത്തറിയുകയും ആഴത്തില്‍ നിരീക്ഷിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന ധാരാളം കഥകളുണ്ടാവുന്നുണ്ട്. ഇന്ന് കവിതയെക്കാളും കൂടുതല്‍ വായിക്കപ്പെടുന്നത് കഥയാണ്. അതിന്റെ ഏറ്റവും ചെറിയ സ്പന്ദനങ്ങള്‍വരെ വായനക്കാരെ പിടിച്ചെടുക്കുന്നുണ്ട്. ഇലക്ട്രോണിക് മീഡിയയില്‍ കവിത ശക്തമെന്നു തോന്നുമ്പോഴും വളരെ ചെറിയ ഒരായുസ്സിനുശേഷം വാല്‍നക്ഷത്രങ്ങളെപ്പോലെ പൊലിഞ്ഞുപോകുന്നതാണ് ഇ-രചനകള്‍. വളരെക്കുറച്ച് കഥകളേ ഉണ്ടാവുന്നുള്ളു. വളരെ കുറച്ചുപേരെ കഥകളെഴുതുന്നുള്ളു. ക്വാണ്ടിറ്റി കുറഞ്ഞെങ്കിലും പക്ഷേ ക്വാളിറ്റി കൂടുതലാണ്.

?"സദാചാരം" ഇന്നൊരു വിശുദ്ധ ജ്ഞാനമല്ല. സദാചാര ക്രിയകള്‍ക്കുവേണ്ടി പ്രായോഗിക ജീവിതത്തില്‍ ഇടപെടുകയും എഴുത്തിലേക്കുവരുമ്പോള്‍ സദാചാരം എന്ന തത്വത്തിന് വിപരീതമായി എഴുത്തിനെ ഉപയോഗിക്കുകയും ചെയ്യുന്ന നമ്മുടെ കഥാകാരികളുടെ നിലപാടുകളെക്കുറിച്ച് എന്തുതോന്നുന്നു


പുതുകഥയുടെ കലയ്ക്ക് വ്യത്യസ്തമായൊരു സൗന്ദര്യശാസ്ത്ര വ്യവസ്ഥയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധവിക്കുട്ടി ശരീരസംബന്ധിയായ കഥകളെഴുതിയിട്ടുണ്ട്. അവ പ്രതിഷേധത്തിന്റെ ശബ്ദങ്ങളായിരുന്നു. മലയാളത്തിലെ മികച്ച കഥകളില്‍ ഒന്നാണ് സിതാരയുടെ "അഗ്നി". ഒരു പെണ്ണിന്റെ ശരീരത്തിന്റെ ആവിഷ്കാരത്തോടൊപ്പം ആത്മാവിന്റെ ആവിഷ്കാരംകൂടി നടപ്പില്‍വരുത്തുന്ന കഥയാണിത്. അപ്പോള്‍ ശരീരത്തിന്റെ ആവിഷ്കാരം എന്നത് ആത്മാവിന്റെ ആവിഷ്കാരം കൂടിയായി മാറുന്നു. അഗ്നി എന്ന കഥയുടെ പ്രമേയം ശ്രദ്ധിക്കുക - പെണ്‍കുട്ടിയെ മൂന്നുനാലുപേര്‍ സ്ഥിരമായി ബലാത്സംഗം ചെയ്യുന്നു. പിറ്റേ ദിവസം പെണ്‍കുട്ടി ഒരുവനെ വിളിച്ചുപറയുന്നു. നീയാണ് ഗംഭീരമായിട്ട് ചെയ്തുതന്നത്. അതിലൂടെ അവന്‍ രതിക്കപ്പുറമുള്ള ഒരു സ്നേഹത്തിലേക്ക് വളരുന്നു. സെക്സിന് അപ്പുറം പ്രണയമാണ്. ഇതൊരു ലൈംഗികകഥയല്ല. ഇവിടെ സദാചാരത്തിനുവേണ്ടി പ്രത്യക്ഷമായി വാദിക്കുന്നില്ല. പിന്നെ മാധവിക്കുട്ടിയുടെ കാലഘട്ടമല്ലിത്. മാധവിക്കുട്ടി ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിളനിലം ഉണ്ടാക്കി. ലളിതാംബിക അന്തര്‍ജനം സ്ത്രീയുടെ മനസ്സിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതി. മാധവിക്കുട്ടി ശാരീരികമായ സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതി. സാറാ ജോസഫിനെപ്പോലെയുള്ളവര്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

?സന്തോഷിന്റെ കഥാക്ഷരങ്ങള്‍ക്ക് മനുഷ്യരൂപം ഉള്ളതായി പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇത് കഥയുടെ ഒരു പുതിയ ഡിസൈനായി നിര്‍വചിക്കാനാവുമോ


ഞാന്‍ കുറച്ചു കഥകളേ എഴുതിയിട്ടുള്ളു. ഓരോന്നും വ്യത്യസ്തമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. സ്പെഷ്യല്‍ ഇഷ്യൂസില്‍ എഴുതാന്‍ വേണ്ടിയൊന്നും ഞാനെഴുതാറില്ല. ഒരു വര്‍ഷം മൂന്നോ നാലോ കഥകളേ എഴുതാറുള്ളു. സമൂഹത്തെ അടയാളപ്പെടുത്താനാണ് ഞാന്‍ എഴുതുന്നത്. ജീവിക്കുന്ന കാലത്തിന്റെ സംഭവങ്ങളെയും പ്രശ്നങ്ങളെയും കൃത്യമായി ആവിഷ്കരിക്കാന്‍ പറ്റുമെങ്കില്‍ മാത്രമേ ഞാന്‍ എഴുതാറുള്ളു. ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തല്‍ എളുപ്പപ്പണിയല്ല, വളരെ വലിയ നിരീക്ഷണബുദ്ധിയുടെ ഔട്ട്പ്രൊഡക്ടാണത്. അതാണ് കഥാക്ഷരങ്ങള്‍ക്ക് മനുഷ്യരൂപം നല്‍കുന്നത്.

?താങ്കളുടെ കഥയുടെ രാഷ്ട്രീയം വ്യക്തമാക്കാമോ

ഞാന്‍ പ്രണയകഥകള്‍ അധികം എഴുതിയിട്ടില്ല. എന്റെ എല്ലാ കഥകള്‍ക്കുപിന്നിലും കൃത്യം പൊളിറ്റിക്സ് ഉണ്ട്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക കഥകള്‍ക്കും ഒരു പുതിയ ക്രാഫ്റ്റും ഇമേജസും പുതിയ രീതികളും നടപ്പില്‍ വരുത്താറുണ്ട്. ഭയങ്കരമായ എന്റര്‍ടെയ്ന്‍മെന്റിന്റെ ലോകത്താണ് നാം. ഒരുപാട് എന്റര്‍ടെയ്ന്‍മെന്റില്‍ ഒന്നാണ് കഥ. അത്തരത്തില്‍ കൂടുതല്‍ ഊര്‍ജം ഇന്‍വെസ്റ്റ് ചെയ്യേണ്ടുന്ന സാഹിത്യരൂപമാണ് കഥ. എല്ലാവര്‍ക്കും രസകരമായ രീതിയില്‍ എഴുതുക. ഒരു വിശ്വമാനവിക പൊളിറ്റിക്സ് ഉണ്ടായിരിക്കുക. ഇതൊക്കെ ഒരു കഥാകൃത്തിന്റെ അജന്‍ഡയും ലക്ഷ്യവുമാണ്. എന്റെ "ഉഭയജീവിതം" എന്ന കഥപോലും കൃത്യമായ പൊളിറ്റിക്സിന്റെയും പരിസ്ഥിതിയുടെയും ഫിലോസഫിയുടെയുമൊക്കെ സമ്മിശ്ര ഉല്‍പ്പന്നമാണ്.

?നിലനില്‍ക്കുന്ന സാഹിത്യലോകത്തെയും (എഴുത്തിനെയും വായനയെയും) ഒക്കെ വായനക്കാര്‍ സംശയദൃഷ്ടിയോടെ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പ്രതിസന്ധികളെ എങ്ങനെ വിലയിരുത്തുന്നു

ചേതന്‍ ഭഗതിന്റെ രചനകള്‍ ഒറ്റ വായനയ്ക്കുള്ള സംഭവങ്ങള്‍ മാത്രമാണ്. അവ മധുരതരമായ ഒരു ഇക്കിളി മാത്രമാണ്. ഉന്നതമായ മധ്യവര്‍ഗത്തെയോ കീഴാള വര്‍ഗത്തെയോ ആവിഷ്കരിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. ഐടി മേഖലയെ മാത്രം ലക്ഷ്യംവയ്ക്കുന്ന സിനിമകളുണ്ടാകുന്നു. ചേതന്‍ ഭഗതിനെ വായിച്ചില്ലെങ്കില്‍ മോശമാണെന്ന രീതിയില്‍ എല്ലാവരും വായിക്കുന്നു. ഇന്ത്യയുടെ ജീവിതത്തെ ഒരു തരിപോലും അതില്‍ ആവിഷ്കരിച്ചിട്ടില്ല. അതില്‍ നമ്മുടെ സാഹിത്യവും നമ്മുടെ രാഷ്ട്രീയവുമൊന്നുമില്ല. ഞാന്‍ ഉള്‍പ്പെടുന്ന എഴുത്തുകാര്‍ കാശിനുവേണ്ടി എഴുതാറില്ല. എം മുകുന്ദന്‍ തന്റെ ചിക്കാഗോ യാത്രയെക്കുറിച്ചെഴുതിയപ്പോള്‍ അതില്‍ ഒരു അനുഭവം രേഖപ്പെടുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഒരു എഴുത്തുകാരന് വിദേശത്തുള്ള മാര്‍ക്കറ്റിനെക്കുറിച്ചുള്ളതാണത് - ഒരു കോണ്‍ഫറന്‍സില്‍ ഒരു യുവ എഴുത്തുകാരനെ കാണാനെത്തുന്നത് ആയിരം പേരാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് കാണാന്‍വരുന്നത്. പതിനഞ്ചുലക്ഷം രൂപയാണ് ഈ ചെറുപ്പക്കാരന് ഒറ്റ സിറ്റിങ്ങിലെ വരുമാനം. ജനങ്ങള്‍ ഇന്ന് വാക്കുകളെയും ശരീരത്തെയും കച്ചവടവല്‍ക്കരിക്കുന്നു. ഇവിടെ എഴുത്തുകാരന്‍ വായനക്കാരന്റെയുള്ളില്‍ ഇന്‍ജെക്ട് ചെയ്യുന്നത് ഇന്റര്‍ ആക്ടിവിറ്റിയാണ് ഇന്റര്‍ പാസിവിറ്റിയല്ല. പുസ്തകലോകം ഒരു വന്‍വിപണിയാണ്. പൗലോ കൊയ്ലോ ഇപ്പോള്‍ എഴുതാറില്ല. ആകെ നന്നായി എഴുതിയത് ആല്‍ക്കെമിസ്റ്റ് മാത്രമാണ്. അയാള്‍ എഴുതുന്നത് വിഡ്ഢിത്തങ്ങളും മണ്ടത്തരങ്ങളുമാണ്. ഇവിടുത്തെ വനിതാ-ഗൃഹലക്ഷ്മി എഴുത്തുകളുടെ സ്റ്റാന്‍ഡേര്‍ഡ് പോലുമില്ല പൗലോ കൊയ്ലോയ്ക്ക്. ഇന്ന് മലയാളിയുടെ ഹിസ്റ്റീരിയയാണ് പൗലോ കൊയ്ലോ. ഈ എഴുത്തുകാരന്റെ സ്വഭാവത്തെ മാര്‍ക്കറ്റ് ചെയ്യുകയാണ് നമ്മുടെ പൊതുലക്ഷ്യം. ഈ എഴുത്തുകൊണ്ട് പത്തുപൈസ വരുമാനമുണ്ടാക്കുകയാണ് നമ്മളില്‍ പലരുടെയും ആഗ്രഹംപോലും. ഇത്തരം പ്രതിസന്ധികളെ എഴുത്തിലൂടെ മറികടക്കാനാണ് ഞാനുള്‍പ്പെടുന്ന പുതുതലമുറ ശ്രമിക്കുന്നത്.

?ഒന്നിലധികം ചേരുവകളുടെ ഉല്‍പ്പന്നമാണ് സിനിമ. ഇന്ന് പക്ഷേ കഥയെഴുത്തില്‍നിന്ന് സിനിമയിലേക്കും സിനിമയില്‍നിന്ന് കഥയിലേക്കുമുള്ള സഞ്ചാരങ്ങള്‍ അതിസാധാരണമായ രീതിയായി പുരോഗമിക്കുന്നു. സന്തോഷ്് എന്ന കഥാകാരനും അത്തരത്തില്‍ ഇടപെടുന്നുണ്ട്. സിനിമാസാഹിത്യവും കഥാസാഹിത്യവും തമ്മില്‍ ഏറ്റുമുട്ടുന്നത് എവിടെയാണ്

കഥാസാഹിത്യത്തിന് ഒരു ത്രിമാനതലമാണുള്ളത്. എഴുത്തുകാരന്‍, അയാളുടെ പേന, അയാളുടെ ആത്മാവ്. ഈ മൂന്നു തലങ്ങളുടെ സംഗമവേദിയില്‍ വച്ച് സംഭവിക്കുന്ന പരിണാമമാണ് കഥാസാഹിത്യം. സിനിമ ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ്. വ്യക്തിയുടെ സൃഷ്ടിയല്ല. കഥയില്‍ ഞാനാണ് കിങ്. ഒരു സംവിധായകന്‍ ഒരു റഫറിയെപ്പോലെയാണ്. ഒരു സര്‍ഗാത്മകമായ സംവിധാനം നടന്റെ കഴിവ്, സംവിധാനത്തിന്റെ മികവ്, സ്ക്രിപ്റ്റിന്റെ പൂര്‍ണത, അഭിനയത്തിന്റെ തികവ്, സംഗീതത്തിന്റെ അകമ്പടി ഒക്കെ ചേരുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ്. എല്ലാ സാങ്കേതികരൂപങ്ങളും കൂടിച്ചേരുമ്പോഴാണ് സിനിമ പൂര്‍ണമാകുന്നത്. അവിടെ സാമ്പത്തിക സ്രോതസ്സ് ഉണ്ടാകുന്നു. സിനിമയില്‍ പല അഭിരുചികള്‍ ഉണ്ടാകുന്നു. പ്രൊഡ്യൂസറിന്റെ അഭിരുചികള്‍ക്ക് ചിലപ്പോള്‍ മേല്‍ക്കോയ്മ ഏറുന്നു. ചില നേരങ്ങളില്‍ പത്രക്കാരന്റെ സ്വാതന്ത്ര്യത്തേക്കാള്‍ പത്രമുതലാളിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ക്കോയ്മ കിട്ടുന്നതുപോലെ തന്നെയാണ് സിനിമയിലും. റൈറ്റര്‍ ഓരോ സംവിധായകന്റെയും ഇഷ്ടമനുസരിച്ച് മാറേണ്ടിവരുന്നു. സിനിമയ്ക്ക് ഒരുപാട് അസ്വാതന്ത്ര്യമുണ്ട്. അപ്പോള്‍തന്നെ ഇതിനുള്ളില്‍നിന്നുകൊണ്ട് പറയാനുള്ളത് പറയാന്‍ സാധിക്കും. സിനിമയ്ക്ക് വളരെ ചെറിയ കാര്യങ്ങള്‍പോലും വളരെ ശക്തമായി ജനങ്ങളിലെത്തിക്കാന്‍ സാധിക്കും. സിനിമ ഒരിക്കലും സത്യമല്ല. എഴുത്തുതന്നെയാണ് ഏറ്റവും ശക്തവും സത്യവും.

? ഇന്നത്തെ എഴുത്തുകാരന് വായനശീലം ഇല്ലായെന്നാണ് പറയപ്പെടുന്നത്. വായിക്കാതെ എഴുതുന്നത് അപകടം പിടിച്ച പണിയല്ലേ.

പണ്ട് ലൈബ്രറിയില്‍നിന്നാണ് പുസ്തകം ബോറോ  ചെയ്തിരുന്നത്. അന്ന് പുസ്തകത്തിന്റെ അവയിലബിലിറ്റി അങ്ങനെയായിരുന്നു. ഇന്നത്തെ സാമ്പത്തികമുന്നേറ്റം അനുസരിച്ച് ഹോം ലൈബ്രറികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെയുള്ള വായന ശക്തിപ്പെട്ടിട്ടുണ്ട്. വായന കുറഞ്ഞുപോയിട്ടില്ല. പുസ്തകം ഇഷ്ടംപോലെ വിറ്റുപോകുന്നുണ്ട്. ഇതൊക്കെ പറയുമ്പോള്‍തന്നെ പുതിയ തലമുറ ബുദ്ധിയുടെ കാര്യത്തിലും വായനയുടെ കാര്യത്തിലും പിന്നോട്ടുപോയിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്റെ മുന്‍തലമുറയിലെ എഴുത്തുകാരായ സേതുവും മുകുന്ദനും എന്‍ പ്രഭാകരനെയുമൊക്കെപ്പോലെ പുതിയ തലമുറ ആഴത്തില്‍ വായിക്കുന്നില്ല. അവര്‍ക്ക് അനേകം പുസ്തകങ്ങളില്‍നിന്ന് ലഭിച്ചത് ഇന്ന് ഒരു ദൃശ്യത്തില്‍നിന്നും കിട്ടാം. എഴുത്തുകാരന്‍ ഒറേഷ്യസ്  റീഡര്‍ ആകണമെന്നില്ല. ഇതൊരു വര്‍ഗാത്മക പ്രവര്‍ത്തനമാണ്. എപ്പോഴും നോവലുകളും കഥകളും കവിതകളും വായിക്കണമെന്നില്ല. ജാതിയെയും മതത്തെയും ചരിത്രത്തെയും ഒക്കെക്കുറിച്ചുള്ള വായനകളും മറുസൈഡില്‍ പ്രബലപ്പെടുന്നുണ്ട്. ഇന്നത്തെ വായനയ്ക്ക് തെരഞ്ഞെടുപ്പിന്റെ വ്യത്യസ്തതയുണ്ട്. എന്നിരുന്നാലും മുന്‍തലമുറ വായിച്ചത്ര പുതിയ തലമുറ വായിക്കുന്നില്ല.

? ലോകസാഹിത്യത്തെ ഇറക്കുമതിചെയ്യുന്ന ഒരു വമ്പന്‍ മാര്‍ക്കറ്റാണ് ഇന്ന് കേരളം എന്നൊരു പരാമര്‍ശമുണ്ട്. ലോകസാഹിത്യത്തിന്റെ ഇത്തരം ഇറക്കുമതി മലയാളസാഹിത്യത്തെ തമസ്കരിക്കലല്ലേ.

യോസയെക്കുറിച്ചും പൗലോ കൊയ്ലോയെക്കുറിച്ചുമുള്ള എഴുത്തുകളും പഠനങ്ങളുമാണ് മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉറൂബിനെ വായിക്കാത്തവരുണ്ട്. ലോകസാഹിത്യത്തിലെ ചവര്‍സാധനങ്ങളുടെ ട്രാന്‍സ്ലേഷന്‍ വന്നിട്ടുണ്ട്. ലോകസാഹിത്യത്തെക്കുറിച്ചോ മലയാളസാഹിത്യത്തെക്കുറിച്ചോ വിവരമില്ലാത്തവരാണ് നമ്മുടെ ട്രാന്‍സ്ലേറ്റേഴ്സ്. ബന്യാമിന്റെ "ആടുജീവിതം" നല്ല രചനയാണ്. സാറാ ജോസഫിന്റെ കൃതികള്‍ അത്തരത്തില്‍ ഇവിടെ ട്രീറ്റ് ചെയ്യപ്പെടുന്നില്ല. മലയാളിയുടെ ഏങ്കോണിച്ച സ്വഭാവങ്ങള്‍ വിദേശസാഹിത്യത്തെ ഗംഭീരമായി വിറ്റഴിക്കാന്‍ പ്രചോദനമാവുകയും നമ്മുടെ നല്ല രചനകളെ തമസ്കരിക്കുകയും ചെയ്യുന്നുണ്ട്. ഏത് ചവറും എടുത്തുവായിക്കുന്ന മലയാളി ഇവിടുത്തെ പ്രാദേശിക കാഴ്ചകളും രാഷ്ട്രീയ ഉന്നതിയുമുള്ള എന്‍ പ്രഭാകരന്റെ ""തീയ്യൂര്‍ രേഖകള്‍"" വായിച്ചിട്ടുണ്ടാവില്ല. മുകുന്ദന്റെ കാലഘട്ടത്തിലും യൂറോപ്യന്‍ സാഹിത്യത്തിലേക്ക് നമ്മുടെ കണ്ണുകള്‍ തിരിച്ചുവച്ചിരിക്കുകയായിരുന്നു. കാഫ്ക, കമ്യു, യോനസ്കെ അങ്ങനെ എത്രയോ പേരില്‍... അന്ന് ഇംഗ്ലീഷില്‍ തിരിച്ചുവച്ചു. ഇന്ന് മലയാളത്തില്‍ തിരിച്ചുവയ്ക്കുന്നു.

? വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് നമ്മുടെ മലയാള കഥകള്‍ (നോവല്‍/കവിത) വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ഇതു പണ്ടത്തെക്കാള്‍ സജീവവുമാണ്. ഇത്തരം പ്ലെയ്സ്മെന്റുകള്‍  മലയാളകഥ അര്‍ഹിക്കുന്നുണ്ടോ.

കമ്യൂണിക്കേഷന്റെ  വിപ്ലവകരമായ മാറ്റമാണിത്. ഇതൊരു ഗുണപരമായ കാര്യമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൊക്കെ വരുന്ന കഥകള്‍ ഉടനെതന്നെ ഹിന്ദിയിലും തമിഴിലും ഒക്കെ വരുന്നുണ്ട്. മീന കന്ദസ്വാമിയുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ വരുന്നുണ്ട്. മലയാള കഥയുടെ തമിഴ്/മറാഠി പതിപ്പുകള്‍ വരുന്നുണ്ട്. സ്ഥലകാലങ്ങളുടെ മൂര്‍ത്തമായ സാഹചര്യങ്ങളില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നതുപോലെതന്നെയാണ് കഥയുടെ പ്രാദേശിക പരിസരങ്ങളും അന്യഭാഷ (ഇന്ത്യയിലെ) കളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

? ഏറ്റവും നന്നായി താങ്കളുടെ കഥകളെ വിലയിരുത്തിയത് പി കെ രാജശേഖരനാണല്ലോ. താങ്കളുടെ കഥകളുടെ പ്രചാരണത്തിന് ഒരു നിരൂപകന്‍ ആവശ്യമുള്ളതായി തോന്നിയിട്ടുണ്ടോ.

കുറച്ചുപേരെ നിരൂപണരംഗത്ത് നിലനില്‍ക്കുന്നുള്ളു. നല്ല രീതിയില്‍ നിരൂപണം ചെയ്യുന്നവര്‍ ഇന്നില്ല. കെ പി അപ്പനെപ്പോലെയുള്ള നിരൂപകര്‍ ആധുനികകാലത്തെ എഴുത്തുകാരെക്കുറിച്ച് ആഴമായി പഠിച്ചിട്ടുണ്ട്. ഇന്ന് പുതിയകാലത്തെ എഴുത്തുകാരെ പഠിക്കാന്‍ നിരൂപകരില്ല. സത്യസന്ധതയില്ലാത്ത നിരൂപണമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ വായനക്കാരന്‍ നിരൂപകനെ തള്ളിക്കളഞ്ഞു. നിരൂപകര്‍ക്ക് രണ്ട് പ്രശ്നങ്ങളാണുള്ളത്. ഒന്ന്: എഴുത്തുകാരനും വായനക്കാരനുമിടയില്‍ ഉള്ള വന്‍മതില്‍ ദുരീകരിക്കുന്നതിനുപകരം അടിച്ചേല്‍പ്പിക്കലായി. രണ്ട്: എഴുത്തുകാരനും വായനക്കാരനും ഇടയിലുള്ള ഈ മതിലിനെ പൊളിച്ചുകളയണം. മാത്രമല്ല പൊളിറ്റിക്കല്‍ ഗ്രഡ്ജ് മാറ്റാനും ചോദ്യം ചെയ്യാനുമൊക്കെയാണ് ഇന്ന് വിമര്‍ശനസാഹിത്യത്തെ ഉപയോഗിക്കുന്നത്. ഇന്‍ഹിബിഷനുകളില്ലാതെ കൈകോര്‍ത്തു നടക്കുന്ന പഴയ സംസ്കാരം ഉണ്ടാവുകയാണ് പ്രധാനം. പിന്നെ പി കെ രാജശേഖരന്‍ എന്റെ കഥകളെ സത്യസന്ധമായി വിലയിരുത്തിയതില്‍ സന്തോഷം തോന്നുന്നു.

? ""കഥകള്‍/സന്തോഷ് ഏച്ചിക്കാനം"" എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ വിലയിരുത്തലുകള്‍ ലഭിച്ചുതുടങ്ങിയോ.

ഇത് എന്റെ എഴുത്തിലെ ഗുണപരമായ ഒരു സംഭവമാണ്. ഓരോ കാലത്തും ഓരോ രീതിയാണ്. എന്റെ കഥകള്‍ വായനക്കാരന് ഒരുമിച്ചു കിട്ടുമ്പോള്‍ അതൊരു ഉപകാരമാണ്. വിറ്റുപോകുമ്പോള്‍ എഴുത്തുകാരനും അതിന്റെ സാമ്പത്തികനേട്ടം ഉണ്ടാകുന്നു. അതുപോലെ ഇതൊരു പ്രചോദനമാണ്. ജീവിക്കുന്ന കാലഘട്ടത്തെ സത്യസന്ധമായി ആവിഷ്കരിക്കാനുള്ള ആര്‍ജവം ഉണ്ടാവുക എന്ന പ്രാര്‍ഥന കൂടിയുണ്ട്. വായനക്കാരുടെ വിലയിരുത്തലുകള്‍ എന്നതിനേക്കാള്‍ ജീവിക്കുന്ന കാലഘട്ടത്തെ മറികടക്കുന്ന കഥകളാണ് ഇവയെന്ന് എനിക്കുതന്നെ തോന്നിയിട്ടുണ്ട്. തുര്‍ഗുനോവിന്റെ നോവല്‍ വായിച്ചാല്‍ അതിലെ കഥാപാത്രങ്ങള്‍ ഇന്നത്തെ കഥാപാത്രങ്ങള്‍ തന്നെയാണ് എന്ന് തോന്നും. ഒരു മനുഷ്യലോകത്തിന്റെ കഥകള്‍ പറഞ്ഞാല്‍ അത് എല്ലാക്കാലത്തിന്റെയും കഥയായിരിക്കും. ആ രീതിയില്‍ എന്റെ കഥകളും സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു.

*
സന്തോഷ് ഏച്ചിക്കാനം/സുനില്‍ സി ഇ ദേശാഭിമാനി വാരിക

No comments: