Thursday, April 18, 2013

നരേന്ദ്രമോഡി: എന്‍ ഡി എയിലും ബി ജെ പിയിലും ഭിന്നതരൂക്ഷം

നരേന്ദ്രമോഡി, ഒരുപറ്റം അതിസമ്പന്നരും കോര്‍പ്പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന അച്ചടി ദൃശ്യമാധ്യമങ്ങളും ആഘോഷിക്കും പോലെ, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആവുമോ? അതേപ്പറ്റി അനുദിനം ഉയര്‍ന്നുവരുന്ന വാര്‍ത്തകളും വിവാദങ്ങളും അത്തരമൊരു സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. 2002 ലെ ഗുജറാത്ത് വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയെ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നതിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നരേന്ദ്രമോഡി പ്രചരണം നടത്തുന്നതിനെ പരസ്യമായി എതിര്‍ത്ത നിതീഷ്‌കുമാര്‍ അതില്‍ വിജയിച്ചു. തുടര്‍ന്നും മോഡിയെ എന്‍ ഡി എ പ്രധാനമന്ത്രിയാക്കുന്നതിനെ എതിര്‍ത്തു പോന്നിരുന്ന നിതീഷ് കഴിഞ്ഞ ദിവസങ്ങളില്‍ അപ്രതിരോധ്യമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. മോഡിയെ മുന്നണിയുടെ നേതാവാക്കുകയെന്നാല്‍ ജനതാദള്‍ (യു) എന്‍ ഡി എക്കു പുറത്തേക്കെന്ന സന്ദേശം അസന്നിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. ജെ ഡി (യു) ജനറല്‍ സെക്രട്ടറി കെ സി ത്യാഗിയും നിതീഷിന്റെ നിലപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

ജനതാദള്‍ (യു) പ്രസിഡന്റ് ശരദ് യാദവിന് നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പൊന്നുമില്ലെന്നത് വ്യക്തം. എന്നാല്‍ പാര്‍ട്ടിയിലും പാര്‍ട്ടിക്ക് ജനകീയ അടിത്തറ അവകാശപ്പെടാവുന്ന ബിഹാറിലും യാദവിന് വലിയ സ്വാധീനമൊന്നും അവകാശപ്പെടാനാവില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കും നിതീഷിനും ഒപ്പം നീങ്ങുകയെ യാദവിന് വഴിയുള്ളൂ. മാത്രമല്ല, നിതീഷിന്റെ നിലപാടും തുറന്ന എതിര്‍പ്പും എന്‍ ഡി എയിലെ ഇതരഘടകകക്ഷികളെയും സ്വാധീനിക്കും.

സംഘടനാപരമായും ആശയപരമായും പ്രവര്‍ത്തനശൈലിയിലും എന്‍ ഡി എ മുന്നണിയില്‍ ബി ജെ പിയോടും സംഘ്പരിവാറിനോടും ഏറെ അടുത്തു നില്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേന. എന്‍  ഡി എയുടെ നിര്‍ദിഷ്ട പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെപ്പറ്റി ഇതിനകം ശിവസേന വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയുടെ മുഖപത്രം 'സാംന' യുടെ മുഖപ്രസംഗം മോഡിയെപ്പറ്റി പറയുന്നത് എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമെന്നാണ്. പുതിയ ലോക്‌സഭയില്‍ മോഡിയുടെ സ്ഥാനാര്‍ഥിത്വം 10-15 സീറ്റുകള്‍ നേടിത്തന്നേക്കും. എന്നാല്‍ അക്കാരണം കൊണ്ടുതന്നെ 20-25 സീറ്റുകള്‍ കൈവിട്ടുപോകാനുള്ള സാധ്യതയും സാംന തളളിക്കളയുന്നില്ല.

ജനതാദളി(യു)ന്റെ പരസ്യമായ നിലപാടും ശിവസേന നല്‍കുന്ന സൂചനകളും വിരല്‍ ചൂണ്ടുന്നത് എന്‍ ഡി എയുടെ കെട്ടുറപ്പ് നേരിടുന്ന വെല്ലുവിളികളിലേക്കാണ്. നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വശ്രമം ഈ രണ്ടു പാര്‍ട്ടികളെ മാത്രമല്ല ചൊടിപ്പിക്കുന്നത്. ബി ജെ പി ദേശീയ കൗണ്‍സിലിലും എക്‌സിക്യൂട്ടീവിലുമൊക്കെ ഉയര്‍ന്നുകേട്ട കാതടപ്പിക്കുന്ന മുദ്രാവാക്യ വിളികള്‍ക്കും മോഡി സ്തുതികള്‍ക്കുമപ്പുറം പാര്‍ട്ടി ഉന്നതങ്ങളില്‍ എതിര്‍പ്പും അസ്വസ്ഥതകളും മറനീക്കി പുറത്തുവരുന്നു.

അവസരത്തിനൊത്ത് ഉയര്‍ന്ന് ബി ജെ പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ ആസ്വദിക്കുന്ന പ്രാമാണ്യത്തിലേക്കുയര്‍ത്തുന്നതില്‍ മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. രാമജന്മ ഭൂമിയുടെ പേരില്‍ വര്‍ഗീയ വികാരം ഉയര്‍ത്തിവിട്ട് ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചവരെയുള്ള സംഭവ പരമ്പരകളില്‍ നെടുനായകത്വം വഹിച്ചത് അദ്വാനി തന്നെ. 2009 ലെ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഒന്നുകൊണ്ട് ജീവിത സായാഹ്നത്തിലേക്ക് വിരക്തനായി നടന്നു നീങ്ങുന്ന വന്ദ്യവയോദികനായി നിരീക്ഷകലോകം അദ്ദേഹത്തെ എഴുതിത്തള്ളുന്നില്ല. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷം തിരിച്ചറിഞ്ഞ് പൊതുസമൂഹത്തിന് കൂടുതല്‍ സ്വീകാര്യമായ നിലപാടുകളിലേക്ക് മാറാനും അദ്വാനി വിമുഖത കാട്ടുന്നില്ല.

ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവിനായി അദ്വാനി തയാറാക്കിയതും പൂര്‍ണമായി വായിച്ചവതരിപ്പിക്കാന്‍ കഴിയാതിരുന്നതുമായ പ്രസംഗം ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 'മത നിരപേക്ഷതയോടുള്ള ബി ജെ പിയുടെ പ്രതിബദ്ധത പുനരവതരിപ്പിക്കേണ്ടതിനെ'പ്പറ്റിയാണ് ആ പ്രസംഗം ഊന്നിപ്പറയുന്നത്. ബി ജെ പി ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് വിജയ് ഗോയല്‍, മുന്‍ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹ, വിനയ് കത്യാര്‍, യശ്വന്ത് സിന്‍ഹ തുടങ്ങിയ പല പ്രമുഖരും ഇതിനകം അദ്വാനിക്കായി പരസ്യമായി രംഗത്തുണ്ട്. എന്‍ ഡി എ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നിഷ്പക്ഷതയും നിശബ്ദതയും പാലിക്കുന്ന പലരും മറനീക്കി പുറത്തുവരാന്‍ തയ്യാറായേക്കും.

സഖ്യകക്ഷിയായ ജനതാദള്‍ (യു) ഉയര്‍ത്തുന്ന വെല്ലുവിളി തന്നെയാണ് മോഡിയുടെ പ്രധാനമന്ത്രിപദ മോഹത്തിനും ബി ജെ പിയുടെ അധികാരം തിരിച്ചുപിടിക്കാമെന്ന ദിവാസ്വപ്‌നത്തിനും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജനതാദളി(യു)നെപ്പോലെ ഒരു സഖ്യകക്ഷി നിലവിലുള്ള ബാന്ധവം അവസാനിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. ആശയപരമായ ഐക്യം ഏതുമില്ലാത്ത സാഹചര്യത്തില്‍ ബിഹാറില്‍ ഭരണം നിലനിര്‍ത്തുക തന്നെയായിരിക്കും അവരുടെ മുന്‍ഗണന. ബിഹാറിന് പ്രത്യേക സാമ്പത്തിക പദവി, ഖനനരംഗത്ത് സംസ്ഥാനത്തിന് കൂടുതല്‍ അവകാശങ്ങള്‍  എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അധികാരമത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യു പി എക്കും കോണ്‍ഗ്രസിനും വിരോധമൊന്നും ഉണ്ടാകേണ്ട കാര്യമില്ല. അങ്ങനെ വന്നാല്‍ മുന്നണി ബന്ധങ്ങളില്‍ പുനരാലോചനയും പുനക്രമീകരണവും വഴി മുന്നണി രാഷ്ട്രീയത്തിന്റെ ചിത്രംതന്നെ മാറും.

ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ നിഴലില്‍ നിന്നും ഇനിയും വിമോചിതനാകാത്ത മോഡിയുടെ പേരില്‍ എന്‍ ഡി എയെ തന്നെ ബലികഴിച്ച് ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ബി ജെ പി സന്നദ്ധമാവുമോ? അത്തരം ആത്മഹത്യാപരമായ സാഹസത്തിന് ബി ജെ പി തയാറാവില്ലെന്ന വിലയിരുത്തലിനാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്‍തൂക്കം നല്‍കുന്നത്.

*
രാജാജി മാത്യു തോമസ് ജനയുഗം

No comments: