Thursday, April 18, 2013

വഴിതെറ്റിയ കോണ്‍ഗ്രസ് രാഷ്ട്രീയം

കോണ്‍ഗ്രസിന് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആരെ ഉയര്‍ത്തിക്കാട്ടാനും സ്വാതന്ത്ര്യമുണ്ട്. ജീവിതത്തിലുടനീളം രാഷ്ട്രീയത്തെ പുച്ഛത്തോടെമാത്രം വീക്ഷിച്ചുപോന്ന ഒരു ഉദ്യോഗസ്ഥ പ്രമുഖനെ- ഡോ. മന്‍മോഹന്‍സിങ്ങിനെ- ദീര്‍ഘകാലം പ്രധാനമന്ത്രിസ്ഥാനത്തു വാഴിച്ച ആ പാര്‍ടി ഇപ്പോള്‍ രാഷ്ട്രീയത്തെ കുട്ടിക്കളിയായിമാത്രം കാണുന്ന, എല്ലാ അര്‍ഥത്തിലും തീര്‍ത്തും അപക്വമതിയായ ഒരാളെ- രാഹുല്‍ഗാന്ധിയെ- ഉയര്‍ത്തിക്കാട്ടുന്നു. "അടുത്തത് മന്‍മോഹന്‍സിങ് അല്ല, രാഹുല്‍ഗാന്ധി"യെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുമ്പോള്‍ രാഷ്ട്രീയം അറിയുന്ന ആരും ചോദിച്ചുപോവും; ഈ പാര്‍ടിക്ക് ഇത്തരക്കാരെമാത്രമേ കിട്ടുകയുള്ളോ?

വിദ്യാര്‍ഥികള്‍ അടക്കം തെരുവിലിറങ്ങിയ സ്വാതന്ത്ര്യസമരത്തിന്റെ അവസാനനാളുകളില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍നിന്ന് മുഖംതിരിച്ച് പഠനമുറിയില്‍ കേന്ദ്രീകരിച്ച മന്‍മോഹന്‍സിങ്ങിനെ പിന്നീട് കണ്ടത് സാമ്രാജ്യത്വതാല്‍പ്പര്യങ്ങളുടെ അന്താരാഷ്ട്ര നിര്‍വഹണ ഏജന്‍സിയുടെ ഉദ്യോഗസ്ഥനായാണ്. പിന്നീട് ലളിത് നാരായണ്‍ മിശ്ര വിദേശ വ്യാപാരമന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി ഇന്ത്യയിലേക്കുകൊണ്ടുവന്ന അദ്ദേഹം ഇവിടെ തന്റെ "ബ്യൂറോക്രാറ്റിക് കരിയര്‍" ശക്തിപ്പെടുത്തിപ്പോന്നു. ഒടുവില്‍ ഇന്ത്യയെത്തന്നെ വിദേശ വ്യാപാരത്തിനുവയ്ക്കുന്ന ധനമന്ത്രിയായി. പിന്നെ പ്രധാനമന്ത്രിയും. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ഥ്യങ്ങളോ രാഷ്ട്രീയ സവിശേഷതകളോ ജീവിതപ്രശ്നങ്ങളോ മനസിലാക്കാന്‍ ഒരിക്കലും മനസ്സുകാട്ടിയിട്ടില്ലാത്ത ഇത്തരക്കാരനായ ഒരാളെത്തന്നെ വേണമായിരുന്നു കോണ്‍ഗ്രസിന്. വിദേശനയവും സാമ്പത്തികനയവുമെല്ലാം സാമ്രാജ്യത്വത്തിനനുകൂലമായി നടപ്പാക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസ് തന്നെ തീരുമാനിച്ച സ്ഥിതിക്ക് ഇന്ത്യയേക്കാളുപരി സാമ്രാജ്യത്വത്തെ അറിയുന്നയാള്‍തന്നെയാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് യോഗ്യന്‍. അത്തരമൊരു പുതുരാഷ്ട്രീയ സംസ്കാരത്തിന്റെ നിര്‍വാഹകന്‍ എന്ന നിലയ്ക്കുമാത്രം പ്രധാനമന്ത്രിയെ കാണുന്ന പാര്‍ടിയായി കോണ്‍ഗ്രസ് മാറി ഇടക്കാലത്ത്. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു അരാഷ്ട്രീയക്കാരന്‍ പ്രധാനമന്ത്രിസ്ഥാനത്തു വന്നു.

പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തിരുന്ന നീണ്ടകാലയളവിലെപ്പോഴെങ്കിലും പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാഷ്ട്രീയ ദിശ നിര്‍ണയിക്കുന്നതരത്തിലുള്ള ഒരു പ്രസ്താവനയും ഉണ്ടായിക്കണ്ടില്ല. രാഷ്ട്രീയം പറയാത്ത ഈ പ്രധാനമന്ത്രി അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ സൈനിക പങ്കാളിയാക്കി; ലോകമുതലാളിത്തത്തിന്റെ കമ്പോളമാക്കി; കോണ്‍ഗ്രസിന്റെ നയപ്രകാരംതന്നെ!

ഇന്ത്യ എന്തെന്ന് അറിയാതിരിക്കുക, ജനങ്ങളുടെ നാഡിമിടിപ്പ് എങ്ങനെ എന്നതറിയാതിരിക്കുക തുടങ്ങിയവയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാവാനുള്ള യോഗ്യത എന്നത് കോണ്‍ഗ്രസില്‍ വീണ്ടും സ്ഥിരീകരിക്കപ്പെടുകയാണ്. "മടിച്ചുനില്‍ക്കുന്ന ആള്‍" എന്ന പരിവേഷമാണ് രാഹുല്‍ഗാന്ധിക്ക് പല ദേശീയപത്രങ്ങളും ചാര്‍ത്തിക്കൊടുക്കുന്നതെങ്കിലും അത്ര മടിയൊന്നും ഉള്ളയാളല്ല താന്‍ എന്ന് വൈസ്പ്രസിഡന്റുസ്ഥാനം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ഗാന്ധി തെളിയിച്ചിട്ടുണ്ട്. ആ രാഹുല്‍ഗാന്ധിയെയാണ് തങ്ങള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയെന്ന് ഈ ആഴ്ച ഒരു അഭിമുഖത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നു: "മടി" എന്നത് ഒരു പരിവേഷംമാത്രമാണെന്ന് വ്യക്തം. രാഹുലിന്റെ യോഗ്യത വിശദീകരിക്കേണ്ടതില്ല. ഉത്തര്‍പ്രദേശിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്റെ "ഇമേജാ"ണ് കോണ്‍ഗ്രസിന്റെ മൂലധനം എന്നുള്ള മട്ടില്‍ നേരിട്ടുചെന്ന് പ്രചാരണത്തിന്റെ ചുക്കാന്‍പിടിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കഥ എന്തായി എന്നത് സമീപകാല ചരിത്രം.

അപക്വതയുടെ മൂര്‍ത്തീഭാവമായ ആ മനുഷ്യന്‍ കഴിഞ്ഞദിവസം കേരളത്തിലെത്തി കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ കേരളീയര്‍ കണ്ടു. സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ടവരെയാകെ വിയര്‍പ്പിച്ച് തെക്കോട്ടെന്നുപറഞ്ഞ് വടക്കോട്ടുപോകുന്ന രീതി. വടക്കോട്ട് അല്‍പ്പം പോയിട്ട് പൊടുന്നനെ പടിഞ്ഞാട്ട് തിരിയുന്ന രീതി. ആറിടത്ത് ഡിസിസി യോഗം വിളിപ്പിച്ചിട്ട് അവിടേക്കെങ്ങുംപോകാതെ വേറൊരു വഴിക്ക്. അധികാരവികേന്ദ്രീകരണം പഠിക്കാനെന്നുപറഞ്ഞ് കിലയില്‍ ചെന്നിട്ട് അവിടെ അല്‍പ്പനേരമൊന്ന് മുഖം കാണിച്ചിട്ട് സദ്യയുണ്ട് വേറൊരു വഴിക്ക്. കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ചെന്നുകയറിയിട്ട് പിസിസി പ്രസിഡന്റിനെയും ഡിസിസി പ്രസിഡന്റിനെയും അടച്ചിട്ട വാതിലിനുപുറത്തുനിര്‍ത്തി അകത്ത് ചര്‍ച്ച. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനുതന്നെ നിശ്ചയമില്ല. സംഘടനാതലത്തില്‍ ഉയരാന്‍ അഭിരുചിപരീക്ഷയും ഇന്റര്‍വ്യൂവും വഴി യോഗ്യത നിശ്ചയിച്ച ഇദ്ദേഹത്തിന് രാഷ്ട്രീയപ്രവര്‍ത്തനമെന്നത് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന് നിശ്ചയമില്ല എന്നത് വ്യക്തം. ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കല്‍, അവരുടെ വിശ്വാസം നേടല്‍, സേവന സന്നദ്ധത, പൊതുജനസ്വീകാര്യത, പ്രവര്‍ത്തനപരിചയം, നേതൃശേഷി തുടങ്ങിയവയൊന്നുമല്ല, മറിച്ച് അഭിരുചി പരീക്ഷ പാസാകലാണ് കോണ്‍ഗ്രസ് നേതാവാകാനുള്ള വഴി എന്നുകണ്ടെത്തിയ ഇദ്ദേഹത്തിന്റെ "ഇന്ത്യയെ കണ്ടെത്തല്‍" ഏതു വിധത്തിലാവുമെന്നത് ഗണിച്ചെടുക്കേണ്ട കാര്യമില്ല. ഇന്ത്യ എന്തെന്നറിയാതെ, ജനങ്ങള്‍ എങ്ങനെയെന്നറിയാതെ, സംഘടനാപ്രവര്‍ത്തനം എന്തെന്നറിയാതെ അപക്വതകളുടെ പരമ്പരകള്‍ അവതരിപ്പിക്കുന്ന ഇദ്ദേഹത്തെത്തന്നെ വേണം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കാന്‍! അരാഷ്ട്രീയവല്‍ക്കരണം തുടരാന്‍ അതേക്കാള്‍ നല്ലതായി മറ്റെന്തുണ്ട്? ഏതായാലും, ഈ കഥാപാത്രത്തിന്റെ പ്രകടനം കേരളത്തില്‍തന്നെ ഉണ്ടായതു നന്നായി. ആളെ നേരിട്ടു മനസിലാക്കാന്‍ കേരളീയര്‍ക്ക് ഒരു അവസരമായല്ലോ.

കൂട്ടപ്പട്ടിണി മരണത്തിലേക്ക് ഇന്ത്യന്‍ കാര്‍ഷികമേഖല നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ "ഇന്ത്യ തിളങ്ങുന്നു" എന്ന മുദ്രാവാക്യവുമായി ജനങ്ങളിലേക്കിറങ്ങിയ എന്‍ഡിഎ ഇന്ത്യയെ അറിയായ്ക എന്നതിന്റെ ക്ലാസിക് ഉദാഹരണമായിനിന്ന കഥ മറക്കാറായിട്ടില്ല. ഇന്ത്യയെ അറിയാമായിരുന്നുവെങ്കില്‍ അന്ന് എന്‍ഡിഎ അത്തരമൊരു മുദ്രാവാക്യം മുമ്പോട്ടുവയ്ക്കുമായിരുന്നില്ലല്ലോ. ഇന്ത്യ എന്നാല്‍ "ഹിന്ദു" ആണെന്ന് കരുതുന്ന ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരുക്കിക്കെട്ടിയിറക്കാന്‍ അവര്‍ നടത്തുന്ന ശ്രമവും ഇന്ത്യ എന്നാല്‍ പട്ടണപരിഷ്കാരങ്ങളാണെന്നു കരുതുന്ന ഒരാളെ ഒരുക്കിയെടുക്കുന്ന കോണ്‍ഗ്രസിന്റെ ശ്രമവും ഇന്ത്യയുടെ യാഥാര്‍ഥ്യമറിയുന്ന ജനകോടികള്‍ അപഹാസ്യമായ കലാപരിപാടിയായേ കാണൂ എന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 18 ഏപ്രില്‍ 2013

No comments: