Sunday, April 28, 2013

തീവ്രവാദ പ്രവര്‍ത്തനത്തിന് അറുതി വരുത്തണം

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് തീവ്രവാദപ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയ ക്യാമ്പില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവം ജനങ്ങള്‍ക്കിടയില്‍ ഭയാശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. മഞ്ഞുമലയുടെ ഒരു ചെറിയ അറ്റം മാത്രമാണിത്. നാറാത്തെ ക്യാമ്പില്‍നിന്ന് 21 തീവ്രവാദികളെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചിരിക്കുകയാണ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കാഴ്ചവസ്തുക്കളല്ല. സ്വന്തം നാട്ടുകാരെ കൊലപ്പെടുത്താനും മുറിവേല്‍പ്പിക്കാനുമുള്ളതാണെന്ന് വ്യക്തം. സ്ഥലത്തുനിന്ന് ഓടിയൊളിച്ച കമറുദീന്‍ എന്ന ആളുടെ വീട്ടില്‍ തെരച്ചില്‍ നടത്തി വീണ്ടും നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് സാധിച്ചു. വാടകയ്ക്ക് കൊടുത്ത ഒരു വീട്ടില്‍ സ്വന്തമായി ഉപയോഗിക്കാന്‍ മാറ്റിവച്ച മുറിയില്‍നിന്നാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. പോപ്പുലര്‍ ഫ്രണ്ട്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നീ സംഘടനകളുടെ പ്രവര്‍ത്തകരില്‍നിന്നാണ് ആയുധം പിടിച്ചെടുത്തത്. തീവ്രവാദികള്‍ ഒരേ പേരിലല്ല അറിയപ്പെടുക. എന്‍ഡിഎഫ് (ദേശീയ വികസന മുന്നണി), എസ്ഡിപിഐ, പിഎഫ്ഐ എന്നീ വിവിധ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഫലത്തില്‍ എല്ലാം ഒന്നുതന്നെയാണ്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍, ഹിന്ദുമുന്നണി, വിശ്വഹിന്ദു പരിഷത്ത് ഇതിന്റെയൊക്കെ രാഷ്ട്രീയമുഖമായ ബിജെപി എന്നിവ സംഘപരിവാര്‍ എന്ന പേരിലാണറിയപ്പെടുന്നത്. പല പേരുകളില്‍ അറിയപ്പെടുക എന്നത് തീവ്രവാദി ഫാസിസ്റ്റ് സംഘടനകളുടെ സമ്പ്രദായമാണ്. മുസ്ലിം തീവ്രവാദസംഘടനകളും ഹിന്ദു തീവ്രവാദ സംഘടനകളും ഒരുപോലെ ജനങ്ങളുടെ സൈ്വരജീവിതത്തിന് കടുത്ത ഭീഷണിയാണ.് അതുകൊണ്ടുതന്നെ ഇത്തരം ഭീകരവാദ തീവ്രവാദസംഘടനകളെ ദേശദ്രോഹസംഘടനകളായിത്തന്നെ കാണേണ്ടതുണ്ട്. അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇത്തരം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നുള്ളിക്കളയാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയും വേണം.

തീവ്രവാദപ്രവര്‍ത്തകരുടെ ആയുധ പരിശീലനത്തിന്റെ പല രൂപങ്ങളും ഇതിനകം പുറത്തുവന്നു. ഇക്കൂട്ടരെല്ലാം പരമരഹസ്യമായിട്ടാണ് ആയുധപരിശീലനം നടത്തിവരുന്നത്. മലപ്പുറം ജില്ലയില്‍ വിപുലമായ ഒരു ക്യാമ്പ് പ്രവര്‍ത്തനം നടത്തുന്നതായി എല്ലാവര്‍ക്കും വിവരമുള്ളതാണ്. പൊലീസധികാരികള്‍ക്ക് ഈ ആയുധ പരിശീലനകേന്ദ്രത്തില്‍ കടന്നുചെല്ലാന്‍പോലും ഭയമാണെന്നാണ് പറയുന്നത്. ക്യാമ്പിന്റെ വിവരം അറിയുന്നവര്‍തന്നെ ഭയംമൂലം പുറത്തുപറയാന്‍ ഭയപ്പെടുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആയുധപരിശീലനം ആരംഭിക്കുന്നത് മൃഗങ്ങളെ വെട്ടിയാണ്. റോഡരികില്‍ ഓടിപ്പോകുന്ന നായ്ക്കളെ ബൈക്കില്‍ സഞ്ചരിച്ച് വാളുകൊണ്ട് വെട്ടി പരിശീലനം നടത്തുന്ന വിവരം ഇതിനകം പുറത്തുവന്നു. ഇവരുടെ പരിശീലനകേന്ദ്രം സ്വന്തക്കാര്‍ക്കറിയാനുള്ള ചില സൂത്രവാക്കുകള്‍ എഴുതി കമ്പിക്കാലിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന രീതി തുടരുന്നുണ്ട് എന്നാണറിയുന്നത്. കമ്പിവേലി എന്നെഴുതി അതില്‍ ഫോണ്‍ നമ്പരും രേഖപ്പെടുത്തിയതായി കാണാം. ഇത്രയധികം കമ്പിവേലിയുടെ ആവശ്യം നാട്ടിലില്ലെന്ന് ആര്‍ക്കും മനസിലാക്കാവുന്നതാണ്. ഇത്തരം സൂചനകളെല്ലാം സംശയത്തിന് ബലം നല്‍കുന്നതാണ്. എന്ത് ക്രൂരതയും കാണിക്കാന്‍ മടിയില്ലാത്ത മനുഷ്യത്വമില്ലാത്ത മനസ്സ് സൃഷ്ടിച്ചെടുത്താണ് പരിശീലനം പൂര്‍ത്തിയാക്കുന്നത്. സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം ഇത്തരം പരിശീലനകേന്ദ്രത്തിനു നേരെ കണ്ണടയ്ക്കുന്നതായാണ് കാണുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ആയുധപരിശീലനത്തിനും പഠനക്ലാസിനും സൗകര്യം ലഭിക്കുന്നു. പഠനക്ലാസ് എന്നത് തീവ്രവാദപ്രവര്‍ത്തനം നടത്താനുള്ള പഠനമാണ്.

പോപ്പുലര്‍ ഫ്രണ്ടുകാരുടെ രഹസ്യകേന്ദ്രങ്ങളില്‍ രണ്ടുമൂന്നു ദിവസമായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ മാരകായുധങ്ങളുമായി പിടികൂടിയതില്‍ അതിന്റെ നേതൃത്വത്തിന് പ്രയാസമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, അവരുടെ ന്യായവാദം അതിവിചിത്രമാണ്. ആരോഗ്യസംരക്ഷണത്തിനുള്ള വ്യായാമമാണ് ക്യാമ്പില്‍ നടക്കുന്നതെന്നാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരുമ്പുദണ്ഡും വാളും ബോംബും കഠാരിയും മറ്റും യോഗപരിശീലനകേന്ദ്രത്തില്‍ ഉപയോഗിക്കാനുള്ളതാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ആളുണ്ടാകുമെന്ന് കരുതാനുള്ള മൗഢ്യം തീവ്രവാദികള്‍ക്കുണ്ടാകാനിടയില്ല. ആയുധങ്ങളോടെ പിടിയിലായപ്പോള്‍ എന്തുപറയണമെന്നറിയാതെ പരുങ്ങുകയാണ്.

ഇതേ എസ്ഡിപിഐക്കാരാണല്ലോ പള്ളിയില്‍ പോയി പ്രാര്‍ഥിച്ച് തിരിച്ചുവരികയായിരുന്ന കോളേജധ്യാപകന്റെ കൈവെട്ടി കാട്ടിലെറിഞ്ഞത്. വാഹനം തടഞ്ഞ് പുറത്തിറക്കിയാണ് നടുറോഡിലിട്ട് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ ചോദ്യം പ്രവാചകനിന്ദയാണെന്ന് വ്യാഖ്യാനിച്ചാണ് അധ്യാപകനെതിരെ കൊലപാതകശ്രമം നടത്തിയത്. പ്രവാചകനിന്ദയ്ക്ക് കൈപ്പത്തിവെട്ടലാണ് മതംകല്‍പ്പിക്കുന്ന ശിക്ഷ എന്നാണ് പ്രചരിപ്പിച്ചത്. കൈപ്പത്തി വെട്ടി മാറ്റിയ ക്രിമിനലുകളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കിയതിന് വീടുവീടാന്തരം കയറി വര്‍ഗീയപ്രചാരണം നടത്തുകയുംചെയ്തു. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും കൂടപ്പിറപ്പുകളാണ്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദപ്രവര്‍ത്തനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ പിന്‍തുണ ലഭിക്കുന്നു എന്നതാണ് ഗൗരവമായ വിഷയം. നാറാത്തുനിന്ന് പിടികൂടിയ തീവ്രവാദികള്‍ക്ക് ബംഗളൂരുവില്‍ നടന്ന സ്ഫോടനവുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിംലിഗ് ഇത്തരം തീവ്രവാദികളെ സംരക്ഷിക്കുന്നതായ ആക്ഷേപം വ്യാപകമായി നിലവിലുള്ളതാണ്. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മുസ്ലിംലീഗും തീവ്രവാദികളും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നത്. നാദാപുരം മേഖലയിലെ ബോംബു നിര്‍മാണ ഫാക്ടറിയില്‍ ബോംബു സ്ഫോടനം നടന്നപ്പോള്‍ അഞ്ച് മുസ്ലിം ലീഗ് ചെറുപ്പക്കാരാണ് മരിച്ചത്. തുടര്‍ന്നും അവിടെ ബോംബുസ്ഫോടനം നടന്നു. കാസര്‍കോട് ജില്ലയിലും ഇത്തരം സംഭവങ്ങളുണ്ടായി. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെപ്പറിയുള്ള അന്വേഷണം എവിടെയും എത്താതെ വഴിമുട്ടിപ്പോകുകയാണ്. നാദാപുരത്ത് ഒരു പള്ളിയില്‍നിന്ന് ബോംബ് ശേഖരം കണ്ടെത്തിയതിനു പോലും തെളിവില്ലാതെപോയി. തീവ്രവാദികള്‍ക്കുള്ള ഭരണസ്വാധീനമാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നാറാത്തെ ആയുധശേഖരവും ആയുധപരിശീലനവും രാജ്യദ്രോഹപ്രവര്‍ത്തനവും കാണാന്‍. ഇക്കൂട്ടര്‍ക്ക് വിദേശബന്ധമുണ്ടെന്ന സംശയവും ബലപ്പെട്ടു വരുന്നുണ്ട്. അതുകൊണ്ടുതന്നെ പൊലീസ് ശുപാര്‍ശചെയ്തതിനനുസൃതം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ട വിഷയമായി ഇതിനെ കാണണം. ഈ വിഷയം വളര്‍ന്നാല്‍ നാട് നശിക്കും. നമ്മുടെ നാട് രക്ഷപ്പെടണമെങ്കില്‍ ഈ വിഷവൃക്ഷം പിഴുതെറിയണം. അതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി തീവ്രവാദപ്രവര്‍ത്തനത്തിനെതിരെ അണിനിരക്കണം. തീവ്രവാദികളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുകയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 27 ഏപ്രില്‍ 2013

No comments: