Monday, April 29, 2013

സിബിഐ അഴിമതിക്ക് കാവലോ

സിബിഐയുടെ യജമാനന്മാര്‍ സര്‍ക്കാരാണെന്ന് ഉറപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുതലേന്ന് സിബിഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുവരുത്തിയ നടപടി. പ്രധാനമന്ത്രിയുടെ ചുമതലയിലുള്ള പേഴ്സണല്‍വകുപ്പിന്റെ സഹമന്ത്രി വി നാരായണസ്വാമിയാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ വിളിച്ചുവരുത്തി സത്യവാങ്മൂലത്തിന്റെ വിശദാംശം തിരക്കിയത്. സര്‍ക്കാരിന് ഹിതകരമായതുമാത്രം എഴുതിക്കൊടുക്കുക; അത് കൊടുക്കുന്നതിനുമുമ്പ് സര്‍ക്കാരിലെ ഉന്നതങ്ങളെ കാണിച്ച് അനുമതി വാങ്ങുക; തൃപ്തികരമല്ലെങ്കില്‍ മാറ്റിയെഴുതുക- ഇതൊക്കെയാണ് നടക്കുന്നത്. പിന്നെന്തിന് ഇങ്ങനെയൊരു കേന്ദ്ര അന്വേഷണ ഏജന്‍സി എന്ന ചോദ്യം സ്വാഭാവികമാണ്.

പ്രധാനമന്ത്രിയും സര്‍ക്കാരും തീരുമാനിക്കുന്നതിന് അനുസരിച്ച് കോടതിക്ക് റിപ്പോര്‍ട്ടുണ്ടാക്കിക്കൊടുക്കാന്‍ ഏതാനും ഗുമസ്തന്മാര്‍ പോരേ? കേന്ദ്ര അന്വേഷണ ഏജന്‍സി എന്ന പേരും നല്‍കി, ഖജനാവിന്റെ കോടികള്‍ തുലച്ച് രാജ്യത്താകെ ഓഫീസും സംവിധാനങ്ങളുമൊരുക്കി സിബിഐയെ തീറ്റിപ്പോറ്റേണ്ടതുണ്ടോ? രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന അധ്യായമാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതിലെ പടുകൂറ്റന്‍ അഴിമതി. അതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മറ്റ് വന്‍ അഴിമതികളിലെല്ലാമെന്നപോലെ ഭരണാധികാരികളാണ്. 2ജി സ്പെക്ട്രം വിറ്റും എണ്ണസമ്പത്ത് കൊള്ളയടിച്ചും വിവിധ ഖനനാനുമതികളിലൂടെയും പണം കുന്നുകൂട്ടുന്നതിന്റെ കണക്കുകള്‍ ഇന്ത്യയെ അഴിമതിരാജ്യങ്ങളുടെ ലോകപട്ടികയില്‍ "അസൂയാവഹമായ" സ്ഥാനത്താണ് ഉയര്‍ത്തിയിരിക്കുന്നത്.

കല്‍ക്കരി കുംഭകോണക്കേസ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ചൊവ്വാഴ്ചയാണ് പരിഗണിക്കുക. കേസ് പരിഗണിക്കെ, സുപ്രീംകോടതി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ കേന്ദ്രമന്ത്രിയുമായി പങ്കുവച്ചിട്ടുണ്ടെന്ന് സിബിഐക്ക് സമ്മതിക്കേണ്ടിവന്നത്. സ്വതന്ത്രമായല്ല അന്വേഷണം നടക്കുന്നതെന്ന് ആ "കുറ്റസമ്മത"ത്തിലൂടെ സിബിഐതന്നെ സമ്മതിച്ചു. സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തി അന്വേഷണവിവരം ആരാഞ്ഞതെന്തിനെന്ന് തൃപ്തികരമായി വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്കും മന്ത്രി നാരായണസ്വാമിക്കും കഴിഞ്ഞിട്ടില്ല. കേസ് കോടതിയിലായതുകൊണ്ട് "ഒന്നും പറയുന്നില്ല" എന്നാണ് മന്‍മോഹന്‍സിങ്ങിന്റെ നിലപാട്- ആരുടെയും രാജിയില്ല എന്നും. കോര്‍പറേറ്റ്- യുപിഎ കൂട്ടുകെട്ട് നടത്തുന്ന ബഹുലക്ഷം കോടികളുടെ അഴിമതിക്ക് കാവല്‍നില്‍ക്കുന്ന തലത്തിലേക്ക് സിബിഐയെ അധഃപതിപ്പിച്ചതിന്റെ ദയനീയചിത്രമാണിത്. കോര്‍പറേറ്റുകളും വന്‍ ബിസിനസുകാരുമടങ്ങിയ ലോബി ഭരണത്തിന്റെ എല്ലാ തലങ്ങളിലും പിടിമുറുക്കിയിരിക്കുന്നു. അത്യാഗ്രഹികളായ കോര്‍പറേറ്റുകളും ഊഹക്കച്ചവടക്കാരും അഴിമതിക്കാരായ അധികാരിവര്‍ഗവും തങ്ങളുടെ സുരക്ഷാസേനയെ എന്നപോലെ സിബിഐയെ ഉപയോഗിക്കുകയാണ്.

നവഉദാരവല്‍ക്കരണക്രമത്തില്‍ മൂലധനം കുന്നുകൂട്ടാനുള്ള മാര്‍ഗമായി അഴിമതിയെ മാറ്റിയതിന്റെ പ്രതിഫലനമാണിത്. സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അഴിമതിയുടെ താങ്ങുകൊണ്ടാണെന്ന് വരുമ്പോള്‍, പൊലീസിനെയും പട്ടാളത്തെയും രഹസ്യാന്വേഷകരെയുമെല്ലാം അഴിമതിസംരക്ഷണ സേനയാക്കി മാറ്റാനുള്ള നീക്കമാണുണ്ടാകുന്നത്. പ്രതിരോധ ഇടപാടുകളില്‍ ശതകോടികളുടെ ക്രമക്കേടും കൊള്ളയും നടന്നു എന്നറിഞ്ഞിട്ടും അതിന് ഉത്തരവാദികളായ വന്‍തോക്കുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തത് ഇതിന്റെ മറ്റൊരു വശമാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത യുപിഎ സഖ്യത്തിന് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നിരവധി ഘട്ടങ്ങളില്‍ സിബിഐയെ ആവശ്യമായി വന്നു. ഘടകകക്ഷികളെ നിലയ്ക്കുനിര്‍ത്താനും പ്രതിപക്ഷത്തെ പീഡിപ്പിക്കാനും സിബിഐ കേസുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ഉപജാപങ്ങളിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍, സിബിഐയുടെ വിശ്വാസ്യതയും വ്യക്തിത്വവും ആര്‍ജവവും ചോര്‍ന്നുപോകുന്നത് യുപിഎ നേതൃത്വത്തെ അലട്ടുന്ന വിഷയമേ ആയില്ല. ആ സാഹചര്യത്തിന്റെ മറവുപറ്റി, സിബിഐയിലെ ചില ഉന്നതോദ്യോഗസ്ഥര്‍തന്നെ സങ്കുചിത താല്‍പ്പര്യക്കാരായ രാഷ്ട്രീയനേതാക്കളുടെ പാവകളായി കേസുകള്‍ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന നിലവന്നു. വമ്പന്‍ അഴിമതികള്‍ക്ക് കാരണക്കാരായ വന്‍കിട ബിസിനസ്- രാഷ്ട്രീയ നേതൃത്വ കൂട്ടുകെട്ടാണ് ഇതിലൂടെ മുതലെടുപ്പ് നടത്തിയത്. സിബിഐയെ അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുംവിധം ദുരുപയോഗിച്ചതിന്റെ ഏറ്റവും ലജ്ജാകരമായ അധ്യായമാണ് കല്‍ക്കരി കുംഭകോണത്തിലേത്. അഴിമതി നടത്തുന്നവര്‍തന്നെ അന്വേഷണറിപ്പോര്‍ട്ടും രൂപീകരിക്കുന്നത് സിബിഐക്കുമേല്‍മാത്രമല്ല, നീതിന്യായവ്യവസ്ഥയ്ക്കുമേല്‍തന്നെയാണ് അപമാനഭാരം കയറ്റിവയ്ക്കുന്നത്. ഈ പ്രവണത ജനങ്ങളുടെ നിശിതമായ പരിശോധനയ്ക്ക് വിധേയമായേ തീരൂ

*
ദേശാഭിമാനി മുഖപ്രസംഗം 29 ഏപ്രില്‍ 2013

No comments: