Monday, April 29, 2013

കേരളത്തിന്റെ വികസനദിശ

നവലിബറല്‍ മാറ്റങ്ങളുടെ സ്വാധീനം കേരളത്തില്‍ വലിയതോതില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. റിസ്ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ പണം ഒഴുകിവരും എന്നൊരു നിലയുണ്ടായി. ഇതോടെ ജനകീയ ഇടപെടല്‍  എന്നത് അപ്രസക്തമായി. എല്ലാം കച്ചവടരീതിയില്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്നതും അംഗീകരിക്കപ്പെട്ടു. ഈ നിലപാടിന്റെ പ്രധാന ഇരകളായി കേരളത്തിലെ ഭൂമിയും മനുഷ്യാധ്വാനവും മാറിയിരിക്കുന്നു. തികച്ചും അശാസ്ത്രീയമായ ഭൂവിനിയോഗരീതിയാണ് കേരളത്തിലുള്ളത്. ഭൂമി ഇന്ന് ഊഹക്കച്ചവട ഉപാധിയാണ്. അതിന്റെ വില നിര്‍ണയത്തില്‍ ഉല്‍പ്പാദനത്തിന് ഒരു പങ്കുമില്ലെന്നായി മാറി.

കേരളത്തില്‍ "ചങ്ങാത്ത മുതലാളിത്ത"ത്തിന്റെ പിടിമുറുക്കം ശക്തമായിരിക്കുന്നതും ഭൂമിയിലാണ്. ഊഹക്കച്ചവടക്കാരും ബ്രോക്കര്‍മാരും വിവിധതരം ഏജന്റുമാരും സാമ്പത്തിക ക്രയവിക്രയത്തെ നിയന്ത്രിക്കുന്ന നിലയും ശക്തിപ്പെട്ടു. ഈ സാഹചര്യം സമൂഹത്തില്‍ വലിയതോതിലുള്ള മാഫിയാവല്‍ക്കരണത്തിനും പരിധിവിട്ട ക്രിമിനലീകരണത്തിനും ഇടയാക്കി. ഉല്‍പ്പാദനം നടക്കാതെതന്നെ കൈ നിറയെ വരുമാനം കിട്ടണമെങ്കില്‍ കമ്പോളത്തെ പൂര്‍ണമായും സ്വതന്ത്രമാക്കി, ധനകമ്പോളത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന യുക്തിക്ക് ഇപ്പോള്‍ മുന്‍തൂക്കം കിട്ടിയിരിക്കുന്നു. പണം കൈയില്‍ കുമിഞ്ഞുകൂടിയതോടെ പ്രശ്നപരിഹാരങ്ങള്‍ വ്യക്തിപരമാകാമെന്നതിലും ഊന്നല്‍വന്നു. ഇതിന്റെ ഫലമായി, വിദ്യാഭ്യാസം, ആരോഗ്യം, പരിസരം എന്നീ രംഗങ്ങളിലെ പ്രശ്നങ്ങളെല്ലാം സാമൂഹ്യമായി പരിഹാരം കണ്ടെത്തുന്നതിന് പകരം വ്യക്ത്യധിഷ്ഠിത പരിഹാരം കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ഉദാഹരണമായി ആയുസ്സ് വര്‍ധിപ്പിക്കുന്നതോടൊപ്പംതന്നെ, ആയുസ്സ് വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടുകയും വേണ്ടതില്ലേ? എന്നാല്‍, അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ പൊതു ആരോഗ്യരംഗത്തെ രൂപപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടുകയാണ് ചെയ്തത്. പകരം പരിഹാരം വ്യക്തിപരമായി മാറി. അങ്ങനെ പണക്കാര്‍ക്ക് സ്വാശ്രയസ്ഥാപനങ്ങളും നക്ഷത്ര ആശുപത്രികളും ഉണ്ടായി. ദരിദ്രര്‍ക്കാകട്ടെ, ആവശ്യത്തിനനുസരിച്ച് പൊതുസംവിധാനങ്ങള്‍ വളര്‍ന്നതുമില്ല.

വിദ്യാഭ്യാസരംഗത്തെയും അവസ്ഥയും ഇതുതന്നെയാണ്. മറ്റൊരു സജീവപ്രശ്നം മാലിന്യസംസ്കരണത്തിന്റേതാണ്. മാലിന്യക്കൂമ്പാരങ്ങള്‍ നിത്യകാഴ്ചയായി. വ്യക്തികളും വീടുകളും ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ പരിഹരിക്കുന്നത് സമൂഹത്തിന്റെ അല്ലെങ്കില്‍ പൊതുസംവിധാനത്തിന്റെ ബാധ്യതയായി എല്ലാവരും കണക്കാക്കുകയാണ്. തദ്ദേശീയമായ മനുഷ്യ- പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക- വ്യവസായ ഉല്‍പ്പാദന പ്രവൃത്തികള്‍ക്ക് പകരം വിദേശപണത്തിലൂന്നിയതും വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്നതുമായ പശ്ചാത്തലവികസനത്തിന്റെ പേരിലാണ് സംസ്ഥാനം ഇന്ന് ഊറ്റം കൊള്ളുന്നത്. സര്‍ക്കാരിന്റെ കൈവശം പണം ഇല്ലെന്നും പറയുന്നു. കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസ ആരോഗ്യസേവനങ്ങള്‍ എന്നിവ ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കണം എന്നു വാദിക്കുമ്പോള്‍ത്തന്നെ, ആയിരക്കണക്കിന് രൂപ വിനോദത്തിനും ആഡംബരത്തിനും ചെലവാക്കാന്‍ മടിയില്ലാത്ത ഉയര്‍ന്ന വരുമാനക്കാരില്‍നിന്ന് അടിസ്ഥാനസേവനങ്ങള്‍ക്ക് ന്യായമായ പ്രതിഫലം വാങ്ങുന്നതില്‍ തെറ്റുണ്ടോ? ഇന്ന് 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നതായും അവര്‍ പ്രതിവര്‍ഷം 14,000 കോടി രൂപയിലധികം തുക നാട്ടിലേക്ക് കൊണ്ടുപോകുന്നതായും കണക്കാക്കുന്നു. രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഓരോവര്‍ഷവും കേരളത്തില്‍ കൂടിവരികയാണെന്ന് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 2013ല്‍ തയ്യാറാക്കിയ പഠനം കാണിക്കുന്നു. പുതിയ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട് പകുതിയോളം (48 ശതമാനം) നഗരവാസികളാണ്. നഗരങ്ങളില്‍ ഇത്രയും വലിയൊരു കേന്ദ്രീകരണം ഇത്രയും വേഗത്തില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് സൗകര്യങ്ങള്‍ ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. യാന്ത്രിക നഗരവല്‍ക്കരണം കേരളത്തിലെ ജനജീവിതത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. മാലിന്യസംസ്കരണം, ഗതാഗതം, പാര്‍പ്പിടം, കുടിവള്ളം, റോഡപകടം എന്നീ രംഗങ്ങളിലൊക്കെ പുതിയ പ്രതിസന്ധികള്‍ രൂപപ്പെട്ടു. കുന്നിടിച്ചും വയല്‍ നികത്തിയും കാട് വെട്ടിയും ഖനനം നടത്തിയുമുള്ള "വളര്‍ച്ച"യ്ക്കു നല്‍കേണ്ടിവന്ന വിലയാണ് യഥാര്‍ഥത്തില്‍ ഇന്നത്തെ ജലക്ഷാമം. വെള്ളം കിട്ടാത്ത പ്രദേശം എങ്ങനെയാണ് വാസയോഗ്യമായ പ്രദേശമായി തുടരുന്നത്? കുടിവെള്ള വിതരണത്തിന് സ്വകാര്യ കമ്പനി രൂപീകരിച്ച് പരിഹരിക്കാവുന്നതാണോ കേരളം ഇന്ന് നേരിടുന്ന ജലപ്രശ്നം?

സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമായതോടെ, പത്തും പന്ത്രണ്ടും ക്ലാസുകള്‍ പാസാകുന്നവര്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോകാന്‍ കഴിയാത്തവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസമുണ്ടെങ്കിലും, മെച്ചപ്പെട്ട വരുമാനം ലഭിക്കാവുന്ന തൊഴില്‍വിരുതില്ല. ഇത് യുവാക്കളില്‍ നല്ലൊരു ഭാഗത്തിന്റെ അധ്വാനശേഷിയെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയാതാക്കുന്നു. ഈ അധ്വാനശേഷിയെ സംസ്ഥാന പുരോഗതിക്കു തന്നെ ഒരു സമ്പത്താക്കി മാറ്റുന്നതെങ്ങനെയെന്നത് കേരളം നേരിടുന്ന ഒരു വെല്ലുവിളിയായി കാണണം. ഭരണനിര്‍വഹണമാണ് ചര്‍ച്ചചെയ്യേണ്ട മറ്റൊരു കാര്യം. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ രംഗത്ത് ധാരാളം ജനാനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണെങ്കിലും ഇനിയും എത്രയോ മാറ്റങ്ങള്‍ ഭരണരംഗത്ത് അനിവാര്യമാണ്. ഒരു അടിത്തറ എന്ന നിലയില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇനിയും നടത്തേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം അധികാരവികേന്ദ്രീകരണമല്ലതാനും. അതേസമയം, വികസനപ്രക്രിയയിലെ ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കാന്‍ പ്രാദേശിക ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുകവഴി കഴിയുമെന്നതാണ് നമ്മുടെ അനുഭവം.

സഹകരണമേഖല എന്നത് സ്വതന്ത്ര കമ്പോളത്തിനെതിരെയുള്ള ശക്തമായൊരു പ്രതിരോധായുധമാണ്. എന്നാല്‍, കാലഘട്ടം ആവശ്യപ്പെടുന്ന ഈ സാധ്യതയ്ക്കൊത്ത് ഉയരാന്‍ കേരളത്തില്‍ ഇന്നുള്ള സഹകരണപ്രസ്ഥാനത്തിന് കഴിയുന്നുണ്ടോ? സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദനപ്രക്രിയയെ ചലിപ്പിക്കുന്ന ചാലകശക്തിയായി മാറുകയല്ലേ വേണ്ടത്? വികസനത്തിലെ മാനുഷികപരിഗണനകള്‍ വലിയൊരു പരിധിവരെ തന്നെ ഇല്ലാതായിരിക്കുന്നു. കമ്പോളാധിഷ്ഠിത തന്ത്രങ്ങള്‍ പൂര്‍വാധികം ശക്തിപ്പെട്ടു. എന്നാല്‍, ജനങ്ങളില്‍ നല്ലൊരു ഭാഗവും ആഗ്രഹിക്കുന്നത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനമാതൃക പുനഃസ്ഥാപിക്കാനാണ്. എന്നാല്‍, മാധ്യമങ്ങള്‍ കൂടി കമ്പോളത്തിന് അനുകൂലമാകുന്ന അവസ്ഥ ജനങ്ങളുടെ ചിന്തയും ജീവിതാനുഭവവും പരസ്പരം പൊരുത്തമില്ലാത്തതാക്കുന്നു. വികസനത്തിന്റെ അര്‍ഥശാസ്ത്രവും ജനപക്ഷരാഷ്ട്രീയവും മൂര്‍ത്തമായ കേരളീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുനരാവിഷ്കരിക്കുന്നതിനുള്ള ശ്രമമാകണം എല്ലാവരുടെയും ഭാഗത്തു നിന്ന് ഉണ്ടായിവരേണ്ടത്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി 29 ഏപ്രില്‍ 2013

No comments: