Wednesday, October 31, 2012

ഒരു സംഘവിചാരകന്റെ മതിഭ്രമങ്ങള്‍

 2012 സെപ്തംബര്‍ 30ന്റെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച "കേരളം കാത്തിരിക്കുന്ന സൗഹൃദം" എന്ന ലേഖനം ഒരു സംഘവിചാരകന്റെ സ്കീസോഫ്രീനിക്കായ ചിന്തകളെയാണ് അവതരിപ്പിക്കുന്നത്. സ്കിസോഫ്രീനിക് എന്നത് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത വിചാരഭ്രമങ്ങളില്‍ വ്യക്തികള്‍ അകപ്പെട്ടുപോകുന്ന മനോരോഗമാണല്ലോ. അയഥാര്‍ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ലോകത്ത് എല്ലാ കാലത്തും ഫാസിസ്റ്റ് സംഘടനകള്‍ അവരുടെ അജന്‍ഡകള്‍ നടപ്പാക്കിയിട്ടുള്ളത്. കേസരി ലേഖനം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംഘടിത നേതൃത്വമായ സിപിഐ എമ്മില്‍നിന്ന് ന്യൂനപക്ഷ മതവിശ്വാസികളെ അകറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നുവേണം കരുതാന്‍.    

യുഡിഎഫിന്റെ മാഫിയാവല്‍ക്കരണ നയങ്ങളും ഭരണരംഗത്ത് ലീഗ് പുലര്‍ത്തുന്ന സ്വാധീനവും പൊതുസമൂഹത്തിനകത്ത് വലിയ പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം കേസരി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നത് യാദൃച്ഛികമല്ലല്ലോ. അഞ്ചാം മന്ത്രി വിവാദം മുതല്‍ ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗംവരെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ സമുദായവല്‍ക്കരണത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും അനഭിലഷണീയമായ പ്രവണതകള്‍ക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. യുഡിഎഫ് നയങ്ങള്‍ക്കും ഭരണരംഗത്തെ മാഫിയാവല്‍ക്കരണത്തിനുമെതിരെ ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ ഗതിതിരിച്ചുവിടാനാണ് ചില സാമുദായിക സംഘടനകളും സംഘപരിവാറും ഇപ്പോള്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകള്‍ ആഗ്രഹിക്കുന്നതുമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ പരസ്പരം എതിര്‍ത്തും സഹായിച്ചുമാണല്ലോ സ്വയം വളരുന്നത്. മുസ്ലിംലീഗിനെതിരെ ഹിന്ദുലീഗ് രൂപീകരണ പ്രഖ്യാപനംവരെ നടന്നിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചുവന്നതെന്നത് സംഘപരിവാറിന്റെ ദുഷ്ടലക്ഷ്യങ്ങളെ കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്. എന്‍ആര്‍ഐ മേലങ്കിയണിഞ്ഞ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കോര്‍പറേറ്റ് മൂലധനശക്തികള്‍ക്കുമെതിരെ കേരളത്തില്‍ വളര്‍ന്നുവരുന്ന ബഹുജനമുന്നേറ്റങ്ങളെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് കേസരി ലേഖനവും. "കേരളം കാത്തിരിക്കുന്ന സൗഹൃദ"മെന്ന ലേഖനം സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതും, വിചിത്ര വാദങ്ങളിലൂടെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത അവസരവാദപരവും വഞ്ചനാപരവുമായ നിലപാടുകള്‍ പ്രക്ഷേപിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ പറ്റുമോ എന്ന കുത്സിതമായ പരീക്ഷണവുമാണ്. ഭൗതികയാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത വിചാരഭ്രമങ്ങളിലേക്ക് പൊതുസമൂഹത്തെ തള്ളിവിടാന്‍ കഴിയുമോ എന്ന വൃത്തികെട്ട ഫാസിസ്റ്റ് തന്ത്രമാണ് ഈ ലേഖനത്തില്‍ ഒളിഞ്ഞുകിടക്കുന്നത്. ഒരു പക്ഷേ, സിപിഐ എമ്മിനെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണയുദ്ധത്തിന്റെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട മാധ്യമതന്ത്രങ്ങളുടെ ഭാഗമാകാം ഈ കേസരി ലേഖനവും. കേസരി വാരികയില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്ന ഉടനെ എല്ലാ കോര്‍പറേറ്റ് ചാനലുകളും അത് വിവാദമാക്കുവാനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചുനോക്കിയല്ലോ. ഒരു നുണ എല്ലാവരും ഒന്നിച്ചാവര്‍ത്തിച്ച് സത്യമാക്കിയെടുക്കുവാനുള്ള ഗീബല്‍സിയന്‍ തന്ത്രം. സിപിഐ എമ്മിനെയും സംഘപരിവാറിനെയും നന്നായറിയാവുന്ന കേരളീയ സമൂഹത്തിനുള്ളില്‍ ഇത്തരം വേലകളൊന്നും അത്രയെളുപ്പം വിലപ്പോവില്ലെന്നത് വേറെകാര്യം.    

 എങ്കിലും ഒരു സംഘവിചാരകന്റെ സ്കിസോഫ്രീനിക്കായ ഇംഗിതങ്ങള്‍ പുലമ്പുന്ന ഇത്തരമൊരു ലേഖനത്തിന്റെ ലക്ഷ്യത്തെയും സാമൂഹ്യ, രാഷ്ട്രീയ വിവക്ഷകളെയും പുരോഗമന ശക്തികള്‍ ഗൗരവാവഹമായിത്തന്നെ കാണേണ്ടതുണ്ട്. സാമൂഹ്യശാസ്ത്രത്തില്‍ അയഥാര്‍ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യപ്രതീതി സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രീതിശാസ്ത്രം ആഴത്തിലുള്ള അവലോകനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. തങ്ങളുടെ പ്രതിലോമപരമായ ഇംഗിതങ്ങള്‍ക്കനുസൃതമായി സാമൂഹ്യ രാഷ്ട്രീയസംഭവങ്ങളെ വ്യാഖ്യാനിക്കുവാനും പ്രചാരണയുദ്ധമാക്കി മാറ്റുവാനുമുള്ള ഫാസിസ്റ്റ് സംഘടനകളുടെ പ്രത്യയശാസ്ത്ര പദ്ധതി ഇറ്റലിയിലെയും ജര്‍മനിയിലെയും രക്തപങ്കിലമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ വിശകലനം ചെയ്തിട്ടുണ്ട്.    

 നുണകളെയും അയഥാര്‍ഥമായ കാര്യങ്ങളെയും സത്യമാണെന്നുവരുത്തുന്ന ഫാസിസ്റ്റ് രീതി മാത്രമല്ല അത് സ്വീകരിക്കപ്പെടുന്ന ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രവും വില്യം റീഹിനെപ്പോലുള്ളവര്‍ ഗഹനമായിത്തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പ്രതിലോമകരമായ ഒരു സാമൂഹ്യവ്യവസ്ഥക്കകത്ത് എങ്ങനെയാണ് ഫാസിസ്റ്റുകള്‍ ചരിത്രനിരപേക്ഷവും ലളിതയുക്തിയില്‍ അധിഷ്ഠിതവുമായ വാദമുഖങ്ങളിലൂടെ ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ച് തങ്ങളുടെ പ്രതിലോമപരമായ ആശയങ്ങളുടെ പ്രചാരകരും അനുയായികളുമാക്കിതീര്‍ക്കുന്നതെന്ന് അധീശത്വത്തെയും പ്രത്യശാസ്ത്രത്തെയുംകുറിച്ചുള്ള തന്റെ അപഗ്രഥനങ്ങളിലൂടെ ഗ്രാംഷി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളെ അവരുടെ ചരിത്രബോധത്തില്‍നിന്നും രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്നും, നാനാവിധമായ പ്രചാരവേലകളിലൂടെയും പ്രത്യയശാസ്ത്ര യുദ്ധങ്ങളിലൂടെയും അന്യവല്‍ക്കരിക്കാനാണ് വലതുപക്ഷശക്തികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസത്തിന്റെ ചരിത്രവും രീതിയും ലോകത്തെല്ലായിടത്തും ഇത് തന്നെയാണ്. ഇന്ത്യയിലും കേരളത്തിലും ആര്‍എസ്എസ് ഇതേതന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. കേസരി ലേഖനം മലയാളി മധ്യവര്‍ഗവിഭാഗങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വര്‍ധിച്ചുവരുന്ന മുസ്ലിംഭീകരതയെ നേരിടാന്‍ സിപിഐ എമ്മും ആര്‍എസ്എസും ഒന്നിക്കണമെന്നാണല്ലോ! ഈയൊരു നിലപാടിന് സാധൂകരണം തേടിക്കൊണ്ട് ലേഖകന്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളെല്ലാം ശുദ്ധ അസംബന്ധവും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കുറുന്യായങ്ങളും മാത്രമാണ്. ആര്‍എസ്എസിനെയും സിപിഐ എമ്മിനെയും ശത്രുതയില്‍ നിര്‍ത്തുന്ന സാമൂഹ്യസാഹചര്യം സാവധാനത്തില്‍ കേരളത്തില്‍ ഇല്ലാതായിക്കഴിഞ്ഞുവെന്നും, ഇനി ഇരുകൂട്ടരും മുസ്ലിം ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനുള്ള സന്ദര്‍ഭമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നുമാണ് ലേഖകന്‍ വൃഥാ വാദിച്ചുനോക്കുന്നത്. കടുത്ത മുസ്ലിം വിരോധത്തിന്റെ, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അജന്‍ഡ കേരളത്തില്‍ സിപിഐ എമ്മിന്റെ ചെലവില്‍ നടപ്പാക്കുവാന്‍ പറ്റുമോ എന്നാണ് ഈ സംഘവിചാരകന്‍ ഇത്തരമൊരു ലേഖനത്തിലൂടെ ശ്രമിച്ചുനോക്കുന്നത്.

 സംഘപരിവാറിന്റെ ആദര്‍ശമെന്നത് ചതിയും വഞ്ചനയും സ്വാര്‍ഥ ബുദ്ധിയും ഭീരുത്വവുമെല്ലാം ചേര്‍ന്ന കാപട്യവും കരണംമറിച്ചിലുകളുമാണല്ലോ. ആധുനിക കേരളനിര്‍മിതിയുടെ ചരിത്രത്തെയാകെ നിര്‍ണയിച്ച മഹാപ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടിയും സിപിഐ എമ്മും. മലയാളിയുടെ സ്വാഭാവികമായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും തടസ്സംനിന്ന ഭൗതിക ഉല്‍പാദന ബന്ധങ്ങളോടും വ്യവസ്ഥയോടും ഏറ്റുമുട്ടിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേറുറപ്പിച്ചത്. സംഘപരിവാറിന്റെ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയത്തിന് എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്ന മാനവികതയുടെ മഹാ ആശയങ്ങളെ പിന്‍പറ്റിയാണ് സിപിഐ എം കേരളത്തിലെ ജനങ്ങളുടെ നേതൃത്വമായി മാറിയത്. അത് ആര്‍എസ്എസ് പ്രതിനിധീകരിക്കുന്ന ഭരണവര്‍ഗ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ആര്‍എസ്എസും സിപിഐ എമ്മും ത്യാഗധനരായ പ്രവര്‍ത്തകരുള്ള സംഘടനകളാണെന്നും അവര്‍ ഒന്നിച്ചുകഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ലേഖകന്റെ നിരീക്ഷണങ്ങള്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ വാക്കുകളെയാണ് ഓര്‍മിപ്പിക്കുന്നത്. വാര്‍ധയിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ ഗാന്ധിജിക്കുമുമ്പില്‍ ആര്‍എസ്എസുകാരുടെ സേവനോത്സുകതയെക്കുറിച്ച് സംസാരിച്ചവര്‍ക്ക് ഗാന്ധി നല്‍കിയ മറുപടി ഹിറ്റ്ലറുടെ ബ്രൗണ്‍ ഷേര്‍ട്ട്സ് എന്ന ഫാസിസ്റ്റ് സംഘടനയിലെ പ്രവര്‍ത്തകരും വലിയ സേവനോത്സുകത കാണിച്ചിരുന്നുവെന്നാണ്. സിപിഐ എമ്മിന്റെ ജനകീയ ചരിത്രത്തെ ആര്‍എസ്എസിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് ചരിത്രവുമായി സമീകരിക്കുന്നവരുടെ താല്‍പര്യമെന്താണെന്ന് കാര്യവിവരമുള്ളവര്‍ക്കെല്ലാം മനസ്സിലാകും.

ആര്‍എസ്എസിന്റെയും ഹിന്ദുത്വവാദികളുടെയും ചരിത്രമെന്താണ്? ജാതി ജന്മിത്വത്തിന്റെ പ്രത്യയശാസ്ത്രമായ വര്‍ണാശ്രമധര്‍മങ്ങളെ പുല്‍കി പരോഗതിക്ക് വേണ്ടിയുള്ള എല്ലാ മനുഷ്യപ്രയത്നങ്ങളെയും എതിര്‍ത്തുപോന്ന നിന്ദ്യമായ ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള എന്ത് ത്യാഗത്തിന്റെ ചരിത്രമാണ് ആര്‍എസ്എസിനുള്ളത്? അയിത്തോച്ചാടനത്തിനും കീഴാളരുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഒരു സമരമുഖത്തും ആര്‍എസ്എസ് ഉണ്ടായിരുന്നില്ലല്ലോ. സവര്‍ണാധികാരത്തെയും മനുസ്മൃതിയെയും താലോലിച്ചും സാധൂകരിച്ചും നടന്നവരാണല്ലോ സംഘപരിവാര്‍ ബുദ്ധിജീവികള്‍. ഭൂമിക്കും കൂലിക്കുംവേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ സമരമുഖങ്ങളിലെല്ലാം ഹിന്ദുത്വവാദികള്‍ മറുഭാഗത്തായിരുന്നല്ലോ. ആര്‍എസ്എസിന്റെ സാമൂഹ്യഅടിസ്ഥാനം വന്‍കിട ജന്മിമാരും മുതലാളിമാരും ഉയര്‍ന്ന മധ്യവര്‍ഗങ്ങളും ആണല്ലോ. അതിന്റെ നയനിര്‍ണയം നടത്തുന്നത് ബഹുരാഷ്ട്ര കുത്തകകളും അവരുടെ ഇന്ത്യന്‍ ശിങ്കിടികളുമാണ്. സാമ്രാജ്യത്വവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും അതിന്റെ ഗതി മുസ്ലിം വിരുദ്ധതയിലേക്ക് തിരിച്ചുവിടുകയും ചെയ്ത അപമാനകരമായ ആര്‍എസ്എസിന്റെ ചരിത്ര പാരമ്പര്യത്തെയാകെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടാണ് കേസരി ലേഖനത്തില്‍ സിപിഐ എമ്മിന്റെ ചരിത്രവുമായി ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റായി സമീകരിക്കുന്നത്. സിപിഐ എമ്മും ആര്‍എസ്എസും ത്യാഗപൂര്‍ണമായ ചരിത്രമുള്ള, അഗ്നിപരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെട്ട സംഘടനകളാണെന്നും അവ തമ്മില്‍ കഴിഞ്ഞ കാലങ്ങളില്‍ എന്തെല്ലാം പ്രത്യയശാസ്ത്ര ഭിന്നതകളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ത്തമാന കേരളം ഈ സംഘടനകളുടെ സൗഹൃദം ആഗ്രഹിക്കുന്നുവെന്നാണ് ലേഖകന്‍ തലകുത്തിനിന്ന് വാദിക്കുന്നത്.

ലളിതയുക്തികളിലൂടെ ഈ രണ്ട് സംഘടനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിനുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുന്നു എന്ന് സമര്‍ഥിക്കുവാനുള്ള ലേഖകന്റെ വാദങ്ങള്‍ സംഘപരിവാറിന്റെ അവസരവാദത്തെയും ആത്മവഞ്ചനയെയും സ്വയം തുറന്നുകാട്ടിത്തരുന്നുണ്ട്. അപര മതസമൂഹങ്ങളോടുള്ള തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തെയും രാജ്യദ്രോഹപരമായ സ്വന്തം പാരമ്പര്യത്തെയും മറച്ചുപിടിക്കുവാനുള്ള കൗശലപൂര്‍വമായ ശ്രമങ്ങളാണ് ഈ ലേഖനത്തിലുടനീളമുള്ളത്. ആര്‍എസ്എസും സിപിഐ എമ്മും തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ ലഘൂകരിച്ച് അവതരിപ്പിക്കുന്ന ലേഖകന്‍ രാജ്യദ്രോഹപരവും മാനവികതക്കെതിരുമായ ഒരു പ്രത്യശാസ്ത്ര പദ്ധതിയെ വെള്ളപൂശി മലയാളികളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചുനോക്കുന്നത്. എന്താണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനം? ഫ്രഞ്ച് ചരിത്രകാരനായ മോറോ ബ്ലാഷ് പറഞ്ഞിട്ടുള്ളത്. "വര്‍ത്തമാനകാലത്തെ തെറ്റിദ്ധാരണകള്‍ ഭൂതകാലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ അനിവാര്യ ഫലമായിരിക്കും". ഇത് ആര്‍എസ്എസിനെ സംബന്ധിച്ച് പൂര്‍ണമായും ബാധകമായിട്ടുള്ളതാണ്. റൊമീള ഥാപ്പര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഭൂതകാലത്തിന്റെ മതപരമായ വ്യാഖ്യാനത്തിലാണ്, ഹൈന്ദവവല്‍കൃതമായ ചരിത്രത്തിലാണ് ആര്‍എസ്എസ് അതിന്റെ പ്രത്യശാസ്ത്രപരമായ ന്യായയുക്തതയും അടിസ്ഥാനവും കണ്ടെത്തുന്നത്. ചരിത്രത്തിന്റെ തപസ്യയില്‍ ഒട്ടും പരിശീലനമില്ലാത്തവരും അതുമൂലം അതിന്റെ രീതികളോട് സംവേദനക്ഷമതയില്ലാത്തവരും നിര്‍മിച്ച ചരിത്രപരമായ അടിസ്ഥാനങ്ങളില്ലാത്ത ജല്‍പ്പനങ്ങളാണ് ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രവാദമെന്നത്.

ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ ഗാന്ധിജിയുടെ ദേശീയതാ സങ്കല്‍പ്പങ്ങളോട് സാമ്യപ്പെടുത്തുവാന്‍പോലും മടിയില്ലാത്ത ആത്മവഞ്ചനാപരവും കപടവുമായ നിലപാടുകളാണ് ലേഖനംനിറയെ. ഗോള്‍വാര്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ അത്ര കാര്യമാക്കേണ്ടെന്ന ഉപദേശവും ലേഖനത്തിലുണ്ടല്ലോ. അപരാധപൂര്‍ണമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെ മറച്ചുപിടിക്കുന്ന കൗശലപൂര്‍വമായ അഭ്യാസങ്ങളാണ് ലേഖകന്‍ കാട്ടിക്കൂട്ടിയിരിക്കുന്നത്. ഹിറ്റ്ലറില്‍നിന്നും അദ്ദേഹത്തിന്റെ ആത്മകഥയായ മെയ്ന്‍കാഫില്‍നിന്നും ആവേശംകൊണ്ടാണല്ലോ ഗോള്‍വാര്‍ക്കര്‍ ഇങ്ങനെ എഴുതിയത്. "ഇന്ന് ലോകം ശ്രദ്ധിക്കുന്ന രാഷ്ട്രമാണ് ജര്‍മനി. ഈ രാഷ്ട്രം ലക്ഷണമൊത്ത ദൃഷ്ടാന്തമാണ്. വംശത്തിന്റെയും സംസ്കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്തുവാന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ജര്‍മനി സെമിറ്റിക്ക് വിഭാഗക്കാരെ - ജൂതന്മാരെ-പുറത്താക്കി. വംശാഭിമാനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാവുന്നത്. അടിസ്ഥാനപരമായിതന്നെ വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒന്നായി വര്‍ത്തിക്കുവാന്‍ കഴിയില്ലെന്ന വസ്തുതയാണ് ജര്‍മനി കാണിച്ചുതരുന്നത്. ഹിന്ദുസ്ഥാന് ഇതില്‍നിന്ന് നല്ലൊരു പാഠം പഠിക്കുവാനുണ്ട്". വിചാരധാരയെ അടിസ്ഥാന ഗ്രന്ഥമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഗുജറാത്ത് വംശഹത്യയിലൂടെ ഗോള്‍വാള്‍ക്കറിസത്തിന്റെ ഭീകരമായ പ്രയോഗമാണ് നടത്തിയത്.

ലേഖകന്‍ ഗുജറാത്ത് സംഭവങ്ങളെ ഗൗരവമായി എടുക്കേണ്ടെന്നും അതിനെ പെരുപ്പിച്ച് കാട്ടേണ്ടെന്നുമാണല്ലോ എഴുതി വച്ചിരിക്കുന്നത്. മോഡിയുടെ വംശഹത്യയെ മാത്രമല്ല കോണ്‍ഗ്രസ് കാപാലികര്‍ 1984ല്‍ സിക്കുകാര്‍ക്ക് നേരെ നടത്തിയ കൂട്ടക്കൊലയെയും പിന്തുണച്ച ചരിത്രമാണല്ലോ ആര്‍എസ്എസിന് ഉള്ളത്. ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ സിക്കുകാരെ കൂട്ടക്കൊല ചെയ്യുവാന്‍ ഹിന്ദുവര്‍ഗീയ വികാരം ഉണര്‍ത്തിയെടുത്തത് ആര്‍എസ്എസിന്റെ സഹായത്തോടുകൂടിയായിരുന്നല്ലോ. 1984 ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് രാജീവ്ഗാന്ധിക്കാണല്ലോ പരസ്യമായി വോട്ട് പിടിച്ചത്! ഇപ്പോഴും നുണപ്രചാരണത്തിനും ഇരട്ടനാക്കുകൊണ്ടുള്ള സംസാരത്തിലും കാപട്യത്തിലുമാണ് ആര്‍എസ്എസ് ബുദ്ധിജീവികള്‍ അഭിരമിക്കുന്നത്. ഹിന്ദു വര്‍ഗീയത വളര്‍ത്തുവാന്‍ ഏത് വൃത്തികെട്ട വേഷവും കെട്ടാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. ഇവരുടെ ആദര്‍ശമെന്നതുതന്നെ ആത്മവഞ്ചനയും ഇരട്ടനാക്കുകൊണ്ടുള്ള വാചകമടിയുമല്ലാതെ മറ്റൊന്നുമല്ല.

ഹിന്ദുത്വവാദത്തിന്റെ ചരിത്രം തന്നെ അധികാരത്തിനും താല്‍ക്കാലിക ലാഭത്തിനും വേണ്ടി ഏത് വൃത്തികെട്ട വേഷവും കെട്ടിയാടിയിട്ടുള്ളതാണ്. ക്വിറ്റ് ഇന്ത്യാ സമരം, 62ലെ ഇന്തോ -ചൈനായുദ്ധം എന്നിവയിലെടുത്ത നിലപാടുകള്‍ കമ്യൂണിസ്റ്റുകാരെ ദേശീയ ധാരയില്‍നിന്ന് അകറ്റിയെന്ന പതിവ് ആക്ഷേപവും ഉയര്‍ത്തുന്ന ലേഖകന്‍ ആര്‍എസ്എസിന്റെ ദേശീയ വിരുദ്ധപാരമ്പര്യത്തെ ഇപ്പോഴും താലോലിക്കുക തന്നെയാണ്. 1925ലാണല്ലോ ആര്‍എസ്എസ് രൂപീകരിക്കുന്നത്. 1947വരെയുള്ള ബ്രിട്ടീഷ് ആധിപത്യകാലത്ത്, ഇന്ത്യന്‍ ജനതയാകെ ദേശാഭിമാന ബോധത്താല്‍ പ്രചോദിതരായി സാമ്ര്യാജ്യത്വ വിരുദ്ധ സമരപാതയില്‍ കുതിച്ചെത്തിയിരുന്നു. കൊളോണിയല്‍ സമരചരിത്രത്തിന്റെ സമരാഗ്നിയില്‍ രാജ്യമാകെ ജ്വലിച്ചുനിന്ന ആ കാലത്ത് ആര്‍എസ്എസ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ധര്‍ണാസമരംപോലും നടത്തിയിട്ടില്ല. ഓരോ സ്വാതന്ത്ര്യസമരമുന്നേറ്റത്തെയും ഹിന്ദു-മുസ്ലിം ലഹളകളഴിച്ചുവിട്ട് ശിഥിലീകരിക്കുകയെന്ന ബ്രിട്ടീഷ് അജന്‍ഡയുടെ നിര്‍വാഹകരായിരുന്നു അവര്‍.

ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ ഇന്റലിജന്‍സ് വിഭാഗങ്ങളും എങ്ങനെയാണ് ആര്‍എസ്എസിനെ കണ്ടിരുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് പൊളിറ്റിക്കല്‍ ഇന്റലിജന്റ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന ബവറിജിന്റെ റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിനെ ബ്രിട്ടീഷ് വാഴ്ചക്കാവശ്യമായ സംഘടനയായാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കണ്ടിരുന്നത്. 1948ല്‍ ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡക്ക് ഭീഷണിയാണെന്ന് വന്നപ്പോഴാണല്ലോ മഹാത്മ ഗാന്ധിയെ അവര്‍ വധിച്ചത്. ലേഖകന്‍ "അച്ഛന്‍ പത്തായത്തിലില്ലെന്ന്" പറയുന്നതുപോലെ ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ദയനീയമായി വാദിക്കുന്നുണ്ടല്ലോ. നാഥുറാം വിനായക് ഗോഡ്സേ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ സന്തത സഹചാരിയായിരുന്നു. ഇന്ത്യാവിഭജനത്തെതുടര്‍ന്ന് ഹിന്ദു മുസ്ലിം കലാപങ്ങള്‍ ആളിക്കത്തിയപ്പോള്‍ അത് ഇല്ലാതാക്കുവാന്‍ ഗാന്ധി നടത്തിയ ശ്രമങ്ങള്‍ ആര്‍എസ്എസിനെ പ്രകോപിപ്പിച്ചു എന്നതാണ് സത്യം. ഗാന്ധിവധം ആര്‍എസ്എസിനെതിരായി ജനവികാരമുയര്‍ത്തിയപ്പോളാണ് ഗോഡ്സേ ഹിന്ദു മഹാസഭക്കാരനാണെന്ന് പറഞ്ഞ് ആര്‍എസ്എസ് കൈകഴുകിയത്.

ബാബറി മസ്ജിദ് തകര്‍ത്തതിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്നിട്ടുള്ളതുമായ വര്‍ഗീയ കലാപങ്ങളിലും ആര്‍എസ്എസിന്റെ പങ്ക് സുവ്യക്തമായിരുന്നു. ലിബാര്‍ഹാന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകവൃത്തികളിലേക്കും നരഹത്യകളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്. 1969 ലെ അഹമ്മദാബാദ് കലാപം അന്വേഷിച്ച ജസ്റ്റിസ് ജഗ്മോഹന്‍ റെഡ്ഡി കമീഷനും 1970 ലെ ഭീവണ്ടി കലാപമന്വേഷിച്ച ജസ്റ്റിസ് ഡി പി മദന്‍ കമീഷനും ഇങ്ങ് കേരളത്തില്‍ 1971 ലെ തലശ്ശേരി കലാപമന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷനും 82ലെ കന്യാകുമാരി കലാപമന്വേഷിച്ച ജസ്റ്റിസ് വേണുഗോപാലന്‍ കമീഷനുമെല്ലാം ആര്‍എസ്എസിന്റെ വര്‍ഗീയ കലാപങ്ങളിലുള്ള പങ്ക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആര്‍എസ്എസ് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ചില കമീഷനുകള്‍ വിശദമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. മാലേഗാവ്, സംഝോത എക്സ്പ്രസ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം തുടങ്ങിയവയെല്ലാം സംഘപരിവാര്‍ ആസൂത്രണം ചെയ്ത വന്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള നീചമായ ഗൂഢാലോചനകളായിരുന്നല്ലോ.

കേസരി ലേഖകന്‍ കേരളത്തില്‍ ആര്‍എസ്എസും സിപിഐ എമ്മും അടുക്കുകയാണ് എന്ന് കാണിക്കുവാന്‍ വസ്തുതകളുമായി ബന്ധമില്ലാത്ത ചില സംഭവങ്ങള്‍ ലേഖനത്തില്‍ ഉദാഹരിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ ആര്‍എസ്എസ്-സിപിഐ എം പ്രവര്‍ത്തകര്‍ തമ്മില്‍ വ്യത്യാസം പോലുമില്ലാതായിരിക്കുന്നു എന്നാണ് ലേഖകന്‍ തട്ടിവിടുന്നത്. മൂത്ത സ്കിസോഫ്രീനിയ ബാധിതര്‍ക്കേ ഇങ്ങനെയൊക്കെ വിളിച്ചുപറയാന്‍ കഴിയൂ. കൂത്തുപറമ്പില്‍ അടിയറപ്പാറ മദ്രസയെച്ചൊല്ലി നടന്ന പ്രശ്നത്തില്‍ സിപിഐ എമ്മും ആര്‍എസ്എസും ഹിന്ദു കുടുംബവേദി രൂപീകരിച്ച് രൂക്ഷമായ പ്രക്ഷോഭം തന്നെ നടത്തിയെന്നാണ് ലേഖകന്‍ വച്ചുകാച്ചുന്നത്. മദ്രസകള്‍ മതപഠനങ്ങള്‍ക്കുള്ള പാഠശാലകളാണല്ലോ. അടിയറ പാറയിലെ മദ്രസയെ നിസ്കാരകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് ആ പ്രദേശത്തുണ്ടായ തര്‍ക്കത്തെ വര്‍ഗീയവല്‍ക്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തിയ കുത്സിതനീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തത് സിപിഐ എമ്മായിരുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഹിന്ദു കുടുംബവേദിയുമായി സിപിഐ എമ്മിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. 14 വര്‍ഷത്തെ തര്‍ക്കചരിത്രമുള്ള അടിയറപ്പാറ മദ്രസ പ്രശ്നത്തെ സമുദായസൗഹൃദം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ ഉറച്ച നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.    

 സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെ കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പി ജയരാജന്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്നു. തലയും വാലുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നാണ് ആര്‍എസ്എസുകാര്‍ കരുതുന്നത്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൊലചെയ്യപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ലീഗുകാരുടെയും ബിജെപിക്കാരുടെയും വീടുകളില്‍ മരണംപോലുള്ള ദുരന്തങ്ങളുണ്ടാവുമ്പോള്‍ പാര്‍ടി നേതാക്കള്‍ സന്ദര്‍ശിക്കുന്നത് പതിവ് രീതിയാണ്. ഇതില്‍ രാഷ്ട്രീയം കണ്ടെത്തുന്ന കേസരി ലേഖകന്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത തന്റെ മനോവിലാസങ്ങള്‍ക്ക് വെറുതെ അടിസ്ഥാനമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു മനോരോഗലക്ഷണമാകാം.    

പയ്യന്നൂരിലെ ലീഗ് - യുഡിഎഫ് ഗുണ്ടകള്‍ തകര്‍ത്ത ഏരിയാകമ്മിറ്റി ഓഫീസ് ബിജെപി ജില്ലാ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിലും ഒരു അസ്വാഭാവികതയുമില്ല. അടിയന്തരാവസ്ഥയില്‍ സിപിഐ എം പ്രവര്‍ത്തകരെപ്പോലെ ജയിലിലും ഒളിവിലും കഴിയേണ്ടിവന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നാണ് ലേഖകന്‍ പറഞ്ഞുവയ്ക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ നിരന്തരം പോരാടി രക്തസാക്ഷികളെ സംഭാവനചെയ്ത പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നെല്ലാം ലേഖകന്‍ എന്തടിസ്ഥാനത്തിലാണ് വീരവാദം മുഴക്കുന്നത്. അടിയന്തരാവസ്ഥയെ ആദ്യം എതിര്‍ത്തുപോന്ന ആര്‍എസ്എസ് മേധാവി ജയിലില്‍നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തിലൂടെ 20 ഇന പരിപാടിക്കും 5 ഇന പരിപാടിക്കും പിന്തുണ നല്‍കുകയായിരുന്നല്ലോ.    

നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സുദീര്‍ഘമായ സമരചരിത്രമുള്ള അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവും സിപിഐ എമ്മും. വ്യത്യസ്ത മത സമൂഹങ്ങളും ജാതികളും ഗോത്രവിഭാഗങ്ങളും ഭാഷാസമൂഹങ്ങളുമുള്ള ഇന്ത്യയില്‍ കറകളഞ്ഞ മതനിരപേക്ഷ നിലപാടുകളും ഫെഡറല്‍ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. സിപിഐ എമ്മിന്റെ സമരോജ്വലവും ത്യാഗനിര്‍ഭരവുമായ ചരിത്രം കറകളഞ്ഞ മതനിരപേക്ഷനിലപാടുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രംകൂടിയാണ്. അതിനെ കളങ്കപ്പെടുത്താമെന്ന് ഹിറ്റ്ലറുടെ ജാരസന്തതികളും വലതുപക്ഷ രാഷ്ട്രീയക്കാരും വ്യാമോഹിക്കേണ്ടതില്ല.


*****

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് :ദേശാഭിമാനി വാരിക

സ്ത്രീകളോട് കോണ്‍ഗ്രസ് പെരുമാറുന്ന വിധം

കേന്ദ്രമന്ത്രി ശശി തരൂരിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശത്തിരക്ക് വിമാനത്താവളത്തില്‍ ഉന്തും തള്ളുംവരെ എത്തിയെന്നും മന്ത്രിയും ഭാര്യ സുനന്ദ പുഷ്കറും തിക്കില്‍ നന്നേ വിഷമിച്ചുവെന്നും "മലയാളമനോരമ" എഴുതുന്നു. വിവാദങ്ങള്‍ക്കു വിട എന്ന ഉറപ്പാണ് വിമാനമിറങ്ങുമ്പോള്‍ കേന്ദ്രമന്ത്രിക്കു നല്‍കാനുണ്ടായതെങ്കിലും തിക്കിത്തിരക്കിയ പ്രവര്‍ത്തകര്‍ അതു സമ്മതിക്കുന്ന മട്ടിലായിരുന്നില്ല എന്നും പറയുന്ന മനോരമ, അതു പരിധികടക്കുന്ന സ്ഥിതിവരെ എത്തിയെങ്കിലും അതൊന്നും ആവേശകരമായ വരവേല്‍പ്പിന്റെ ശോഭ കുറച്ചില്ല എന്നാണ് ആശ്വസിക്കുന്നത്. "പുറത്തേക്കു വന്നതോടെ ആവേശം പാരമ്യത്തിലായി. മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഷാളുകളും കിരീടവുമൊക്കെ തരൂരിന്റെ മേലേക്ക് പറന്നുവീണു. കുറെനേരം കേന്ദ്രമന്ത്രി അന്തരീക്ഷത്തില്‍ത്തന്നെ നിന്നു.

കാറിനടുത്തേക്ക് അദ്ദേഹത്തിനു വരാന്‍പോലും കഴിഞ്ഞില്ല. സുനന്ദയും ഈ ബഹളത്തില്‍പ്പെട്ടു. തരൂരിന്റെ സ്റ്റാഫില്‍പ്പെട്ടവര്‍ വലയം തീര്‍ത്ത് അവരെ കാറിനടുത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു" എന്നുകൂടി ചൊവ്വാഴ്ച മനോരമ എഴുതിയിരിക്കുന്നു. ആവേശമല്ലാതെ അസാധാരണത്വമൊന്നും അവരുടെ കണ്ണില്‍പ്പെട്ടില്ല; അഥവാ പെട്ടുവെങ്കില്‍ തട്ടിമാറ്റി. സത്യപ്രതിജ്ഞ ചെയ്തയുടന്‍ കേരളത്തിലേക്ക് കുടുംബസമേതം തിരിച്ച മന്ത്രി കോണ്‍ഗ്രസുകാരുടെ നടുവില്‍ പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനോരമയുടെ വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകില്ല. മുഖ്യധാരയില്‍ മത്സരിക്കുന്ന വാര്‍ത്താ ചാനലുകള്‍ കണ്ടാലും എന്തുനടന്നു എന്ന് തിട്ടപ്പെടുത്താനാകില്ല. ഭര്‍ത്താവിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുനന്ദ പുഷ്കറിന് തെണ്ടികളേ, പട്ടികളേ എന്ന് വിളിക്കേണ്ടിവന്നു. ആഭാസകരമായ ആക്രമണം സഹിക്കാനാകാതെ ഒരു ഖദര്‍ധാരിയുടെ കരണത്തടിക്കേണ്ടിവന്നു. കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരും തിക്കിത്തിരക്കിയെത്തിയതിന്റെ ആവേശം സ്വന്തം ശരീരത്തിലേക്ക് പതിച്ചപ്പോള്‍ ഒച്ചവച്ചും നിലവിളിച്ചും രക്ഷപ്പെടാന്‍ നോക്കിയ സുനന്ദ എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസുകാരന്റെ കരണത്തടിച്ചത്. ആ അടികൊണ്ടും അടങ്ങാതെ വെറിപൂണ്ട ഖദര്‍സംഘം അതിക്രമം തുടര്‍ന്നപ്പോള്‍ ഏതാനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സുനന്ദയുടെ രക്ഷയ്ക്കെത്തിയത്. ഏറ്റവും പ്രയാസകരമായത് അനുഭവിച്ചറിഞ്ഞ അവര്‍ പിന്നെ, ഡിസിസിയുടെ സ്വീകരണ പരിപാടിയിലേക്ക് എത്തിനോക്കാന്‍പോലും തയ്യാറാകാതെ വീടണയുകയായിരുന്നു.

ഖദര്‍വസ്ത്രമിട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയന്ത്രിക്കുന്ന പൊലീസ് സംഘം ഇതെല്ലാം നോക്കിനില്‍ക്കുകയായിരുന്നു എന്നത് മറ്റൊരു വശമാണ്. ഭൃത്യന്മാരായാണ് കോണ്‍ഗ്രസുകാര്‍ പൊലീസിനെ കാണുന്നത്. യജമാനന്റെ അതിക്രമത്തിന് ചൂട്ടുപിടിക്കുന്നതാണ് ഭൃത്യന്റെ ജോലിയെന്ന് ധരിച്ചിട്ടാകണം സുനന്ദ അപമാനിക്കപ്പെടുന്നത് പൊലീസ് നോക്കിനിന്നത്. കോണ്‍ഗ്രസിന് ഇത് പുതിയ അനുഭവമല്ല. നയന സാഹ്നി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ചാരിത്ര്യം സംശയിച്ച് തന്തൂരി അടുപ്പിലിട്ട് കൊന്നത് യൂത്ത് കോണ്‍ഗ്രസിന്റെതന്നെ സമുന്നതനായ നേതാവുകൂടിയായിരുന്ന ഭര്‍ത്താവ് സുശീല്‍ ശര്‍മ ആയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാകാര്യം നോക്കാന്‍ വന്ന അംബിക സോണി അപമാനിക്കപ്പെട്ടതും അനുയായികള്‍ ശരീരത്തില്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ കാണിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ചതും ഈ കേരളത്തിലാണ്്. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി കാണുന്ന അധമ സംസ്കാരം കോണ്‍ഗ്രസ് എന്ന പാര്‍ടിയെ അടിമുടി ഗ്രസിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന ആക്രമണങ്ങളുടെ ഭാഗംതന്നെയാണിതും. സ്ത്രീയുടെ ശരീരത്തെ ഉപഭോഗവസ്തുവായിമാത്രം കാണുന്നവര്‍ക്ക് അതിനപ്പുറം കാണാന്‍ ശേഷിയില്ല. ഇന്ത്യയിലാകെയും കേരളത്തില്‍ വിശേഷിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഈ കൂട്ട അതിക്രമങ്ങളെ ചേര്‍ത്തുവായിക്കണം. സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടംതട്ടുന്ന വാച്യമോ വ്യംഗ്യമോ ആയ പെരുമാറ്റംപോലും ഐപിസി 509 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെ കോണ്‍ഗ്രസിനെ സ്ത്രീവിരുദ്ധ കുറ്റവാളികളുടെ കൂടാരമായേ കാണാനാകൂ. അവരാണ് രാജ്യം ഭരിക്കുന്നത്.

ഒരു മന്ത്രിയുടെ കുടുംബത്തിന് പൊതുവേദിയില്‍ ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍, ആ ആഭാസന്മാര്‍ ഭരിക്കുന്ന നാടിന്റെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ത്രീകള്‍ ബഹുമുഖ വെല്ലുവിളിയാണ് നേരിടുന്നത്. ചൂഷിതയായി, വര്‍ഗ വിവേചനത്തിനിരയായി, പൗരാവകാശങ്ങളില്‍ രണ്ടാംതരക്കാരിയായി, ആഗോളവല്‍ക്കരണത്തിന്റെ കെടുതിയും വര്‍ഗീയതയുടെയും വംശീയ അസ്പൃശ്യതയുടെയും കൊടിയ പീഡനങ്ങളും ഏറ്റുവാങ്ങി, തൊഴിലിടങ്ങളില്‍ പിച്ചിച്ചീന്തപ്പെട്ട് സ്ത്രീജീവിതം കൂരിരുട്ടിലാഴുമ്പോള്‍ അവശേഷിക്കുന്ന വെളിച്ചവും തല്ലിക്കെടുത്തുകയാണ് ഭരണവര്‍ഗ രാഷ്ട്രീയം. അതിന്റെ പ്രയോഗമാണ് സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളായി നാമിന്ന് കാണുന്നത്. പിഞ്ചുപെണ്‍കുട്ടികള്‍പോലും ബലാത്സംഗംചെയ്യപ്പെടുന്ന, സ്ത്രീയുടെമേല്‍ കാമാര്‍ത്തിയുടെ ആയിരം കണ്ണുകള്‍ ഒരുമിച്ച് പതിയുന്ന, ഒളിഞ്ഞുനോട്ടക്കാരും സദാചാര പൊലീസും അരങ്ങുവാഴുന്ന ഇന്നത്തെ അവസ്ഥയ്ക്ക് സ്ത്രീവിരുദ്ധമായ ബൂര്‍ഷ്വാ രാഷ്ട്രീയമാണുത്തരവാദി. അതിന്റെ പതാകാവാഹകരില്‍നിന്ന് സ്ത്രീക്ക് മാന്യതയോ നീതിയോ മര്യാദയോ ലഭിക്കില്ല. സ്ത്രീകള്‍ക്കുനേരെ ആഭാസകരമായി ഓങ്ങുന്ന കൈകള്‍ തച്ചുതകര്‍ക്കുകയും ചൊരിയുന്ന അസഭ്യത്തിന്റെ മുഖംപൊളിക്കുകയും ചെയ്യുന്നതിനൊപ്പം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ; അതിന്റെ അതിജീവന തന്ത്രമായ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തലാണ് അനിവാര്യം. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ത്തന്നെയാണ് കരിനിഴല്‍വീഴ്ത്തുന്നത് എന്ന തിരിച്ചറിവ്, വലതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകയേന്തുന്നവരെയും ഈ സമരത്തിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ കര്‍ശനമായി തടയാനുള്ള നിയമനിര്‍മാണത്തിനൊപ്പം സമൂഹത്തില്‍ ആധിപത്യം നേടുന്ന സ്ത്രീവിരുദ്ധ മൂല്യങ്ങള്‍ക്കെതിരായ ആശയസമരവും ശക്തമാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ദേശീയ ദിനാചരണം ഈ സന്ദേശമാണ് ഉയര്‍ത്തിപ്പിടിച്ചത്.

പൊതുവിദ്യാലയങ്ങള്‍ക്കെതിരെ വിധിയെഴുതുമ്പോള്‍

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്നതുമായ വിധിപ്രഖ്യാപനമാണ് സിബിഎസ്ഇ- ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം നല്‍കുന്നതു സംബന്ധിച്ച് കഴിഞ്ഞമാസം ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍- എയ്ഡഡ് മേഖലകളിലായി കേരള സിലബസില്‍ അധ്യയനം നടത്തുന്ന വിദ്യാലയങ്ങള്‍, സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളുടെ അത്ര നിലവാരമുള്ളവയല്ലെന്നും കൂടുതല്‍ ബുദ്ധിശാലികളും പ്രതിഭാശാലികളുമായ കുട്ടികള്‍ സിബിഎസ്ഇ-ഐസിഎസ്ഇ സ്ഥാപനങ്ങളില്‍ പഠിക്കുമ്പോള്‍, വൈഭവം കുറഞ്ഞ കുട്ടികളാണ് കേരളാ സിലബസ് സ്കൂളില്‍ ചേരുന്നതെന്നും കോടതി പരാമര്‍ശിക്കുന്നു. സിബിഎസ്ഇ- ഐസിഎസ്ഇ സിലബസുള്ള വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ പരിമിതവും നിയന്ത്രിതവുമായ അവസരംമാത്രമേ ലഭ്യമാവുന്നുള്ളൂവെന്നതിനാല്‍ ഇത്തരം കൂടുതല്‍ വിദ്യാലയങ്ങള്‍ വേണമെന്ന മുറവിളി ന്യായമാണെന്ന് കോടതി നിരീക്ഷിക്കുന്നു.

2007 ജൂണ്‍ 13ന് സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അംഗീകാരത്തിന് അപേക്ഷിക്കാനുള്ള അവസരം അഞ്ച് വടക്കന്‍ ജില്ലകളിലായി പരിമിതപ്പെടുത്തി. ഇതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പ്രത്യേകാനുമതി ഹര്‍ജി സര്‍ക്കാരിന്റെ വിശദീകരണത്തെതുടര്‍ന്ന് അനുവദിക്കപ്പെട്ടില്ല. 2011ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സിബിഎസ്ഇ - ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് ചുരുങ്ങിയത് മൂന്ന് ഏക്കര്‍ ഭൂമി വേണമെന്നും 300 വിദ്യാര്‍ഥികള്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥവച്ചു. സര്‍ക്കാര്‍ ഉത്തരവിലെ ഈ വ്യവസ്ഥകളെല്ലാം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദുചെയ്തു. സ്വാശ്രയ- സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം നല്‍കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടത് അതതു പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യകത മാത്രമാണെന്ന് കോടതി നിരീക്ഷിക്കുന്നു. സ്കൂള്‍ നിലനില്‍ക്കുന്ന പ്രദേശം, സ്കൂളിന്റെ സ്വഭാവം, നിലവാരം, വിദ്യാര്‍ഥികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കാതെ മൂന്ന് ഏക്കര്‍ ഭൂമി വേണമെന്ന് നിഷ്കര്‍ഷിക്കുന്നത് വിവേചനപരവും അമിതാധികാര പ്രയോഗവുമാണെന്നാണ് കോടതിഭാഷ്യം. സ്ഥലവ്യവസ്ഥ നിര്‍ബന്ധമാക്കിയാല്‍ പുതിയ സ്കൂളുകള്‍ തുടങ്ങുന്നതിന് തടസ്സമാവുകയും നിലവിലുള്ള സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ ലഭ്യമാവാതെ പോവുകയും ചെയ്യും.

സര്‍ക്കാര്‍ യുക്തിസഹവും പ്രായോഗികവും യാഥാര്‍ഥ്യപൂര്‍ണവുമായ നിലപാട് സ്വീകരിച്ച് പുതിയ സംരംഭകരെ ആകര്‍ഷിക്കണമെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സെന്റിന് അഞ്ചുലക്ഷം മുതല്‍ 20 ലക്ഷം വരെ നിലവിലുള്ള കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള സ്ഥല ലഭ്യതാവ്യവസ്ഥ അപ്രായോഗികമാണെന്നാണ് കോടതി നിരീക്ഷണം. അതുകൊണ്ട് സിബിഎസ്ഇ അഫിലിയേഷന്‍ വ്യവസ്ഥയില്‍ പറയുന്നതുപോലെ ഒരേക്കര്‍മുതല്‍ രണ്ടേക്കര്‍വരെ സൗകര്യപ്രദമായി ഭൂമി ലഭ്യമായ സ്ഥലത്ത് ബഹുനില കെട്ടിടം പണിത് ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പരിസ്ഥിതി മലിനീകരണം, ശബ്ദശല്യം എന്നിവ കൂടാതെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് അവസരമൊരുക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് ആരംഭിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം തേടാന്‍ ചുരുങ്ങിയത് മൂന്ന് ഏക്കര്‍ സ്ഥലംവേണമെന്ന മാനദണ്ഡം കോടതി അസാധുവായി പ്രഖ്യാപിച്ചു. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന കേരളസര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. ഇത് സര്‍ക്കാരിന്റെ അധികാര പരിധിക്കു പുറത്താണെന്നും സിബിഎസ്ഇ-ഐസിഎസ്ഇ വ്യവസ്ഥയനുസരിച്ചുള്ള വിഷയങ്ങള്‍ക്കുപുറമെ മറ്റൊരു വിഷയം ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക വാദങ്ങളില്ലെന്ന് കോടതി നിരീക്ഷിക്കുകയുംചെയ്തു. അഫിലിയേഷന്‍ ഘട്ടത്തില്‍ പ്രാഥമിക വിദ്യാലയത്തില്‍ ചുരുങ്ങിയത് 300 കുട്ടികള്‍ വേണമെന്ന കേരളസര്‍ക്കാര്‍ വ്യവസ്ഥ സിബിഎസ്ഇ നിയമാവലിക്ക് വിരുദ്ധമാണെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. മാനേജ്മെന്റിന് ലഭ്യമാകുന്ന കുട്ടികളുടെ എണ്ണത്തിന്റെ അനുപാതം അനുസരിച്ചുള്ള ഡിവിഷനുകള്‍ ആരംഭിച്ച് ആ കുട്ടികള്‍ ആറാംതരത്തില്‍ എത്തുമ്പോള്‍ അഫിലിയേഷന് അപേക്ഷിച്ചാല്‍ മതിയെന്നും അപ്പോള്‍ 180 കുട്ടികള്‍ മതിയാവുമെന്നും കോടതി നിര്‍ദേശിക്കുന്നു. 10-ാം ക്ലാസിലെത്തുമ്പോള്‍മാത്രം 300 എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. വിദ്യാര്‍ഥികള്‍ക്ക് യുഐഡി നിര്‍ബന്ധമാക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടേതിന് സമാനമായ വേതനവ്യവസ്ഥ ഏര്‍പ്പെടുത്തേണ്ടതുണ്ടെങ്കിലും വിദ്യാര്‍ഥികളിലും മാനേജ്മെന്റിലും അമിതഭാരം ഏല്‍പ്പിച്ച് സ്കൂളുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിവിശേഷം ഉണ്ടാക്കരുതെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ പുനരാലോചന വേണം. സിബിഎസ്ഇ വിദ്യാലയങ്ങള്‍ ഇല്ലാതാക്കി നിലവാരം കുറഞ്ഞ സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനിടയാക്കുന്ന തരത്തിലാവരുത് വേതന വര്‍ധന. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ ചെലവ് സര്‍ക്കാരോ തദ്ദേശസ്ഥാപനങ്ങളോ ഏറ്റെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളെക്കുറിച്ച് സര്‍ക്കാരിനുള്ള ഉല്‍ക്കണ്ഠ സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളോടുമുണ്ടാവണം. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം നല്‍കുമ്പോള്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളുടെ ലഭ്യത പരിഗണിക്കേണ്ടതില്ലെന്നും സമീപത്തെ സിബിഎസ്ഇ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെയും നിലനില്‍പ്പിനെയും ബാധിക്കാതെ നോക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ നിലവാരമുള്ളതാക്കാന്‍ അവയില്‍ സിബിഎസ്ഇ-ഐസിഎസ്ഇ വിഭാഗത്തിന് പ്രവര്‍ത്തന സാധ്യത ഒരുക്കണമെന്നും ഗ്രാമങ്ങളിലെല്ലാം വ്യാപകമായ തോതില്‍ സ്വകാര്യ-സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുകയുമാണ് ചെയ്യേണ്ടതെന്നും വിധിപ്രസ്താവത്തിലൂടെ കോടതി നിര്‍ദേശിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ നിലവാരം, പഠിക്കുന്ന കുട്ടികളുടെ ബുദ്ധിശക്തി, ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളുടെ മികവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തുന്ന നിരീക്ഷണങ്ങള്‍ വസ്തുതകളുമായി ബന്ധമില്ലാത്തതും ഏകപക്ഷീയവും സ്വാശ്രയ-സ്വകാര്യ വിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതുമാണ്. അനുമതിപ്പത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ കോടതി നിരീക്ഷണങ്ങള്‍ മുന്‍വിധികളോടെയും വരേണ്യപക്ഷപാതിത്വത്തോടുകൂടിയവയുമാണ്.

കേരളത്തിലങ്ങോളമിങ്ങോളം സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന കോടതി പൊതുവിദ്യാലയങ്ങളുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നതിനെ അപഹസിക്കുകയുംചെയ്യുന്നു. കേരളത്തിലെ സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ റദ്ദാക്കുകയും പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സിബിഎസ്ഇ-ഐസിഎസ്ഇ വിഭാഗം ആരംഭിച്ച് ആകര്‍ഷകമാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തതിലൂടെ കോടതി മാതൃഭാഷാപഠനം നിരുത്സാഹപ്പെടുത്തുകയാണ്. കേരളത്തിന്റെ സാമൂഹികരംഗത്തു വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ കോടതിവിധിക്കെതിരെ ശക്തമായ ബഹുജനാഭിപ്രായമുയരണം. കോടതി വിധി റദ്ദാക്കുന്നതിന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണം.


*****

എം ഷാജഹാന്‍
 

(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tuesday, October 30, 2012

കല്‍ക്കരി ബ്ലോക്കുകളുടെ വീതംവെപ്പ്

കല്‍ക്കരി നിക്ഷേപമുള്ള കല്‍ക്കരിബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് വിട്ടു നല്‍കിയതില്‍ നിരവധി പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിലൊന്ന് മാത്രമേ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളൂ - അതായത് കല്‍ക്കരിബ്ലോക്കുകള്‍ അനുവദിച്ചത് ലേലം ചെയ്തിട്ടല്ല എന്നതിനാല്‍ ഖജനാവിനുണ്ടായ നഷ്ടമാണത്.

അവഗണിയ്ക്കപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ്, നമുക്ക് ആദ്യം ഈ പ്രശ്നം തന്നെ ചര്‍ച്ച ചെയ്യാം. അങ്ങനെ നഷ്ടമുണ്ടായിട്ടുണ്ട് എന്നത് വളരെ വ്യക്തമായ ഒരു വസ്തുതയാണ്. അതിനാല്‍ കോണ്‍ഗ്രസ് പാര്‍ടി അത് നിഷേധിക്കുന്നതിനെ, ജനങ്ങളുടെ ബുദ്ധിശക്തിയെ അപമാനിക്കുന്നതായി മാത്രമേ കാണാന്‍ കഴിയൂ. കല്‍ക്കരി നിക്ഷേപമുള്ള പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന്റെഉദ്ദേശ്യം, അവര്‍ക്ക് കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തുക എന്നതു തന്നെയാണല്ലോ. അങ്ങനെ കൊടുത്തിരുന്നില്ലെങ്കില്‍, തങ്ങള്‍ക്ക് ആവശ്യമുള്ള കല്‍ക്കരി അവര്‍ക്ക് മറ്റു മാര്‍ഗങ്ങളിലൂടെ വാങ്ങേണ്ടിവരുമായിരുന്നു - ഉദാഹരണത്തിന് കോള്‍ ഇന്ത്യാ ലിമിറ്റഡില്‍നിന്ന്, കോള്‍ ഇന്ത്യ നിശ്ചയിക്കുന്ന വിലയ്ക്ക്. സ്വകാര്യ കമ്പനികള്‍ കല്‍ക്കരിപ്പാടങ്ങളില്‍നിന്ന് കല്‍ക്കരി കുഴിച്ചെടുത്തിരുന്നുവെങ്കില്‍ ഒരു യൂണിറ്റിന് വരുമായിരുന്ന ഉല്‍പാദനച്ചെലവ്, കോള്‍ ഇന്ത്യയില്‍നിന്ന് കല്‍ക്കരി വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുമായിരുന്ന വിലയേക്കാള്‍ കുറവായിരുന്നു എന്നിരിയ്ക്കട്ടെ. അങ്ങനെ വരുമ്പോള്‍ കോള്‍ ഇന്ത്യയ്ക്ക് ലാഭം ഉണ്ടാകുമായിരുന്നു. ഇങ്ങനെ കോള്‍ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്ന ലാഭം, സ്വകാര്യ കമ്പനികള്‍ കല്‍ക്കരി കുഴിച്ചെടുത്തിരുന്നുവെങ്കില്‍ അവര്‍ക്കാണ് (സ്വകാര്യ കമ്പനികള്‍ക്ക്) ലഭിയ്ക്കുമായിരുന്നത്. ചുരുക്കത്തില്‍ പൊതുമേഖലയില്‍നിന്ന്, കല്‍ക്കരി നിക്ഷേപമുള്ള ബ്ലോക്കുകള്‍ കൈവശംവെച്ചു കൊണ്ടിരിക്കുന്ന പ്രത്യേകാവകാശമുള്ള വേണ്ടപ്പെട്ട സ്വകാര്യ കമ്പനികളിലേക്ക് വിഭവങ്ങളുടെ കൈമാറ്റം സംഭവിക്കുന്നു. സാങ്കല്‍പികമായ ഒരു ബദല്‍ തിരക്കഥയുമായി താരതമ്യപ്പെടുത്തിക്കൊണ്ടു മാത്രമേ ഇവിടെയുണ്ടായ നഷ്ടം കണക്കാക്കാന്‍ കഴിയൂ എന്നതിനാല്‍ (ഇതുമായി യഥാര്‍ത്ഥത്തിലുള്ള തിരക്കഥ അതായത് മുകളില്‍പ്പറഞ്ഞ ഉദാഹരണത്തില്‍ കല്‍ക്കരിബ്ലോക്കുകള്‍ ഇല്ലായിരുന്നുവെങ്കില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍നിന്ന് കല്‍ക്കരി വാങ്ങുന്നത്, താരതമ്യപ്പെടുത്തണം). യഥാര്‍ത്ഥത്തിലുള്ള നഷ്ടത്തിന്റെ അളവിനെ സംബന്ധിച്ചിടത്തോളം കുറച്ചൊക്കെ അഭിപ്രായവ്യത്യാസമുണ്ടായെന്നു വരാം. എന്നാല്‍ ഇതിനര്‍ഥം നഷ്ടമുണ്ടായിട്ടില്ല എന്നല്ല.

കോളനിഭരണകാലത്ത് ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് "സമ്പത്തിന്റെഒഴുക്ക്" ഉണ്ടായെങ്കിലും അതിന്റെ അളവ് എത്രയാണെന്നതു സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാമെന്നതുപോലെത്തന്നെയാണിത്. എന്നാല്‍ അവിടെയും സമ്പത്തിന്റെ ഒഴുക്ക് എന്ന യാഥാര്‍ത്ഥ്യം നിഷേധിയ്ക്കപ്പെടുന്നില്ലല്ലോ. അതുപോലെ, നഷ്ടത്തിന്റെകണക്കിനെച്ചൊല്ലിയുള്ള അഭ്യാസത്തിന്റെമറവില്‍, ഖജനാവിനുണ്ടായ നഷ്ടം എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടരുത്. വഴിതിരിച്ചുവിടാനുള്ള തന്ത്രം പാര്‍ലമെന്‍റില്‍ മന്‍മോഹന്‍സിങ് നടത്തിയ പ്രസ്താവനയില്‍ "നഷ്ടം ഒന്നുമുണ്ടായിട്ടില്ല" എന്ന അവകാശവാദമുന്നയിയ്ക്കാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വം ശ്രമിക്കുന്ന അവസരത്തില്‍ത്തന്നെ, പ്രശ്നം വഴിതിരിച്ചുവിടുന്നതിന് നിരവധി കുരുട്ടുവേലകള്‍ നടത്തുന്നുണ്ടുതാനും. പ്രശ്നത്തെ പുകമറയ്ക്കുള്ളിലാക്കുകയും സിഎജി റിപ്പോര്‍ട്ടിനുനേരെ ചെളിവാരി എറിയുകയും ആണ് അതിന്റെലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെവാദമുഖങ്ങള്‍ തികച്ചും വഞ്ചനാപരമാണ്.

ഉദാഹരണത്തിന് "ഖനത്തിെന്‍റയും ഖനിജങ്ങളുടെയും വികസനത്തിനും നിയന്ത്രണത്തിനുമുള്ള ബില്ലി"ന്റെഅടിസ്ഥാനത്തില്‍ കല്‍ക്കരി ഖനത്തില്‍നിന്നുള്ള ലാഭത്തിന്മേല്‍ ഖനി ഉടമകള്‍ 26 ശതമാനം ലാഭനികുതി അടയ്ക്കുന്നുണ്ട് എന്ന വസ്തുത സിഎജി കണക്കിലെടുത്തിട്ടില്ല എന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. പ്രാദേശിക വികസനത്തിനുവേണ്ടി ഉപയോഗിക്കുന്നതിനാണ് ഈ നികുതി. എന്നാല്‍ പല കാരണങ്ങളാലും ഈ വാദം പിശകാണ്.

ഒന്നാമത് ഈ ബില്ലിപ്പോഴും പാര്‍ലമെന്‍റിനുമുന്നിലാണ്; ആകാശത്തില്‍ പറക്കുന്ന പക്ഷിയെപ്പോലെയാണത്. അത് കണക്കിലെടുക്കാത്തതിന് സിഎജിയെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.

രണ്ടാമത്, ഖനത്തില്‍നിന്നു ലഭിച്ച ലാഭത്തിന്റെ26 ശതമാനം നികുതിയായി പിരിയ്ക്കുന്നുണ്ടെങ്കില്‍ത്തന്നെ, കല്‍ക്കരിനിക്ഷേപമുള്ള പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതിനുപിന്നിലുള്ള യുക്തിക്ക് എന്തെങ്കിലും അര്‍ഥമുണ്ടാകണമെങ്കില്‍, ഈ സ്വകാര്യകമ്പനികള്‍ ഒരു ലാഭവും ഉണ്ടാക്കിയിട്ടില്ല എന്നുവരണം. സ്വകാര്യകമ്പനികള്‍ കല്‍ക്കരി ബ്ലോക്കുകളില്‍നിന്ന് ലാഭമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നതു ശരിയാണെങ്കില്‍, അവര്‍ക്ക് ബ്ലോക്കുകള്‍ അനുവദിച്ചത് അനാവശ്യമായ ഒരു സമ്മാനദാനമായിരുന്നു; അതിനാല്‍ അതുകൊണ്ടുതന്നെ അത് ഖജനാവിന് നഷ്ടമുണ്ടാക്കലായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കല്‍ക്കരിനിക്ഷേപമുള്ള ബ്ലോക്കുകളില്‍നിന്ന് ഖനം വഴി ലഭിയ്ക്കുന്ന ലാഭം മുഴുവനും നികുതിയായി വസൂലാക്കണം; ലാഭത്തിന്റെ26 ശതമാനം മാത്രം നികുതിയായി പിരിച്ചാല്‍ പോര. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത് ഖജനാവിന് നഷ്ടം തന്നെയാണ്.

മൂന്നാമത്, കല്‍ക്കരി നിക്ഷേപമുള്ള ബ്ലോക്കുകളുടെ കാര്യത്തില്‍, കല്‍ക്കരിയുല്‍പാദനത്തില്‍ നിന്നുണ്ടാകുന്ന ലാഭം എത്രയാണ് എന്ന് കണ്ടെത്തുന്നതു തന്നെ വിഷമം പിടിച്ച കാര്യമാണ്; കാരണം "വിലക്കൈമാറ്റം"  പോലുള്ള, പല മാര്‍ഗങ്ങളും അവലംബിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഉദാഹരണത്തിന്, ഒരേ കമ്പനിയ്ക്കുള്ളില്‍ തന്നെയുള്ള പരസ്പര വില്‍പനയുടെ ഫലമായി കല്‍ക്കരിയില്‍നിന്ന് ലഭിക്കുന്ന ലാഭം, മറ്റ് ചിലതില്‍നിന്നുള്ള ലാഭമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയും. അതിനാല്‍ കല്‍ക്കരിയില്‍നിന്നുള്ള ലാഭത്തിന്റെ26 ശതമാനം ഖജനാവിലേക്ക് പിടിയ്ക്കുന്നത് കൂടുതല്‍ വിഷമകരമായിത്തീരുന്നു.

നാലാമത്, നിര്‍ദിഷ്ടമായ 26 ശതമാനം നികുതിയെപ്പറ്റി മന്‍മോഹന്‍സിങ് സൂചിപ്പിക്കുന്നുണ്ടെങ്കില്‍പോലും അതിനര്‍ഥം, കണക്കാക്കപ്പെട്ട നഷ്ടത്തിന്റെഅളവിനെ, അദ്ദേഹം എതിര്‍ക്കുന്നുവെന്നാണ് - നഷ്ടം സംഭവിച്ചുവെന്ന വസ്തുതയെ എതിര്‍ക്കുന്നില്ലെങ്കിലും. എന്നാല്‍ നഷ്ടം സംഭവിച്ചുവെന്ന വസ്തുത അംഗീകരിക്കുന്നതിന് അദ്ദേഹം വേണ്ടത്ര ആര്‍ജവം കാണിക്കുന്നുമില്ല. കല്‍ക്കരിബ്ലോക്കുകള്‍ അനുവദിച്ചതുവഴി ഖജനാവിന് നഷ്ടമുണ്ടായി എന്നു മാത്രമല്ല, ഇങ്ങനെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നത് ലേലം വഴിയായിരുന്നുവെങ്കില്‍ ഈ നഷ്ടം കുറച്ചുകൊണ്ടുവരാന്‍ കഴിയുമായിരുന്നു എന്നതും അതുപോലെത്തന്നെ വ്യക്തമാണ്. ഏതൊരു ആസ്തിയുടെയും വില ഈ ആസ്തി കൈവശംവെയ്ക്കുന്നതുകൊണ്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്ന, പ്രതീക്ഷിത വരുമാനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഊഹക്കച്ചവടത്തിന്റെഅഭാവത്തില്‍, ഒരു ആസ്തിയുടെ വില, യുക്തമായ പലിശനിരക്കും കൂടിച്ചേര്‍ന്ന അതിന്റെ മൊത്തം വരുമാനത്തിന് തുല്യമാണ്. കല്‍ക്കരി നിക്ഷേപമുള്ള ബ്ലോക്കുകള്‍ കൈവശംവയ്ക്കുന്നതുകൊണ്ട്, എന്തെങ്കിലും ലാഭം ഉറപ്പാക്കപ്പെടുന്നുണ്ടെങ്കില്‍ (അങ്ങനെ ഉണ്ടെന്ന് നമുക്കറിയാം) ലേലത്തില്‍നിന്ന് ലാഭം ലഭിക്കുമെന്നത് സംശയാതീതമാണ്. കല്‍ക്കരിബ്ലോക്കുകള്‍ സൗജന്യമായി നല്‍കപ്പെടുന്നതുകൊണ്ട് ഉണ്ടാകുന്ന വരുമാന നഷ്ടം, ബ്ലോക്കുകള്‍ ലേലം ചെയ്ത് വിറ്റിരുന്നുവെങ്കില്‍ നികത്താമായിരുന്നുവെന്നാണ് ഇതിന്നര്‍ഥം.

ലേലത്തിന്റെമാര്‍ഗത്തിലെ പ്രശ്നങ്ങള്‍ എന്നാല്‍ ഖജനാവിന് ഉണ്ടാകുമായിരുന്ന നഷ്ടം ബ്ലോക്കുകള്‍ ലേലം ചെയ്ത് വിറ്റിരുന്നുവെങ്കില്‍, നികത്താന്‍ കഴിയുമായിരുന്നു എന്ന് കരുതുന്നത് അബദ്ധമാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഭാവിയില്‍ ഉണ്ടാകാവുന്ന വരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ആശ്രയിച്ചാണ് ലേലത്തുക നില്‍ക്കുന്നത്. 2004 വരെ, കല്‍ക്കരിയുടെ വില ടണ്ണിന് 25 - 30 ഡോളര്‍ എന്ന നിരക്കിലായിരുന്നു. അതേ അവസരത്തില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെഉല്‍പാദനച്ചെലവ് ടണ്ണിന് ഏതാണ്ട് 30 ഡോളറും ആയിരുന്നു. ഈ കാലഘട്ടത്തില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്  വലിയ നഷ്ടം സഹിക്കേണ്ടതായിവന്നിരുന്നു. എന്നാല്‍ 2004നുശേഷം, കല്‍ക്കരിയുടെ വിലയില്‍ വമ്പിച്ച വര്‍ധനയുണ്ടായി. അതിനു പല കാരണങ്ങളും ഉണ്ടായിരുന്നു - ചൈനയുടെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതടക്കം. 2008 ജൂലൈ മാസത്തില്‍ വില ടണ്ണിന് 180 ഡോളര്‍ വരെയെത്തി. പിന്നീടത് കുറഞ്ഞ്, ഇന്നത്തെ വിലയായ ടണ്ണിന് 100 - 105 ഡോളര്‍ എന്ന നിലവാരത്തിലെത്തി. ലേലം എന്ന ആശയം ആദ്യം മുന്നോട്ടുവെച്ച 2004ല്‍ നടന്ന ഒരു ലേലത്തില്‍ പങ്കെടുത്തവര്‍, ഭാവിയില്‍ ഉണ്ടാകാനിടയുള്ള വില വര്‍ധനയുടെ അളവിനെ കുറച്ചു കണക്കാക്കുമായിരുന്നതുകൊണ്ട്, ലേല വില പോലും, ഭാവിയിലുണ്ടാകാമായിരുന്ന ലാഭത്തിന്റെ ഒഴുക്കിനെ വേണ്ടത്ര പൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ടാകുമായിരുന്നില്ല; അതിനാല്‍ സ്വകാര്യകമ്പനികള്‍ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍നിന്ന് കല്‍ക്കരി വാങ്ങുന്നതിനുപകരം അവരുടെ സ്വന്തം ബ്ലോക്കുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഖജനാവിന് യഥാര്‍ത്ഥത്തില്‍ ഉണ്ടാകുമായിരുന്ന നഷ്ടത്തെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടാകുമായിരുന്നില്ല. അതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട, ഏതാനും വേണ്ടപ്പെട്ട സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിഖനികള്‍ കൈമാറുന്നതിനേക്കാള്‍ എത്രയോ നല്ലത് ലേലത്തിന്റെമാര്‍ഗം തന്നെയായിരുന്നുവെന്ന് ഇതില്‍നിന്ന് ലഭിക്കുന്നു.

എന്നാല്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നതുവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം മുഴുവനും, ലേലത്തിന്റെവഴിയിലൂടെ നികത്താന്‍ കഴിയുമായിരുന്നില്ല. പ്രതീക്ഷിയ്ക്കപ്പെട്ട ലാഭത്തിന്റെഒഴുക്കിനെയാണ് ലേല വില ആശ്രയിക്കുന്നത്. അതേ അവസരത്തില്‍ യഥാര്‍ഥത്തിലുള്ള ലാഭത്തിന്റെഒഴുക്കിനെയാണ് ഖജനാവിനുണ്ടാകുന്ന നഷ്ടം ആശ്രയിക്കുന്നത് എന്നതാണ് ഇതിന് കാരണം. യഥാര്‍ഥത്തിലുള്ള ലാഭത്തിന്റെ ഒഴുക്ക്, പ്രതീക്ഷിയ്ക്കപ്പെട്ട ലാഭത്തിന്റെ ഒഴുക്കിനേക്കാള്‍ എത്രയോ കൂടുതലാകുന്ന സ്ഥിതിയില്‍, ഖജനാവിനുണ്ടാകുന്ന യഥാര്‍ഥ നഷ്ടം, ലേല സംഖ്യകൊണ്ട് നികത്താന്‍ കഴിയുമായിരുന്നതിനേക്കാള്‍ എത്രയോ കൂടുതലായിത്തീരുന്നു.

പ്രശ്നത്തിന്റെ മര്‍മ്മസ്ഥാനം

ഇത് നമ്മെ, പ്രശ്നത്തിന്റെമര്‍മ്മസ്ഥാനത്ത് കൊണ്ടെത്തിക്കുന്നു. ഇവിടെ കല്‍ക്കരിയുടെ സ്റ്റോക്കും ഒഴുക്കും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഓരോ വര്‍ഷവും വിവിധ സ്വകാര്യകമ്പനികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കല്‍ക്കരിയെയാണ് ഒഴുക്ക് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ആവശ്യമായ കല്‍ക്കരി ലഭിക്കും എന്ന് ഉറപ്പ് ലഭിച്ചിട്ടുള്ള സ്വകാര്യകമ്പനികള്‍ക്ക്, ശരിക്കും കല്‍ക്കരിയുടെ ഒഴുക്ക് ലഭിക്കുക തന്നെ വേണം. എന്നാല്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്ന ഗവണ്‍മെന്‍റ്, അവര്‍ക്ക് വേണ്ടത്ര കല്‍ക്കരിയുടെ ഒഴുക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് അതിനുപുറമെ അവര്‍ക്ക് അനുവദിച്ച ബ്ലോക്കുകളിലെ മുഴുവന്‍ കല്‍ക്കരിശേഖരത്തിന്റെയും നിയന്ത്രണാവകാശം കൂടി അവര്‍ക്ക് നല്‍കുന്നു. അതായത് മുഴുവന്‍ സ്റ്റോക്കിന്റെയും മേലുള്ള നിയന്ത്രണാവകാശം. വര്‍ഷംതോറും വേണ്ടത്ര കല്‍ക്കരി(കല്‍ക്കരിയുടെ ഒഴുക്ക്) ലഭ്യമാക്കണം എന്ന് മാത്രമാണ് ഈ കമ്പനികളുടെ ആവശ്യമെങ്കിലും (ഈ ആവശ്യം ന്യായമാണെന്ന് നമുക്ക് തല്‍ക്കാലം അനുമാനിക്കാം). അതിനുപകരം ഉള്ള സ്റ്റോക്ക് മുഴുവന്‍ അവര്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല.

ഇത് മറ്റൊരു വിധത്തില്‍ പറയാം. കല്‍ക്കരി ഉപയോഗിക്കുന്ന ചില പ്രത്യേക മേഖലയിലെ കമ്പനികള്‍ക്ക് കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തണമെന്നും അങ്ങനെ ചെയ്യുന്നതുതന്നെ നിശ്ചിത വിലയ്ക്ക് ആയിരിക്കണമെന്നും ഗവണ്‍മെന്‍റിന് ഉദ്ദേശമുണ്ടായിരുന്നുവെന്നിരിയ്ക്കട്ടെ. (കല്‍ക്കരിയെപ്പോലെയുള്ള ഒരു പശ്ചാത്തല സാമഗ്രി ഉറപ്പായും നിശ്ചിതമായ ഒരു വിലയ്ക്ക് നല്‍കുന്നതിന് എന്തെങ്കിലും അര്‍ഥമുണ്ടാകണമെങ്കില്‍, ഇത്തരം കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന അന്തിമ ഉല്‍പന്നങ്ങളുടെ വിലയുടെ മേല്‍ അതിന് ആനുപാതികമായ നിയന്ത്രണം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയും വേണം) അങ്ങനെയാണെങ്കില്‍ ഗവണ്‍മെന്‍റ് ചെയ്യേണ്ടിയിരുന്നത്, ഇത്തരം കമ്പനികളും കോള്‍ ഇന്ത്യാ ലിമിറ്റഡും തമ്മില്‍ സപ്ലൈ കരാറുകള്‍ ഉണ്ടാക്കുന്നതിനും ആ കരാറുകളില്‍ കല്‍ക്കരി ലഭ്യതയുടെ അളവും വിലയും ഉറപ്പുവരുത്തുന്നതിനും സാഹചര്യമൊരുക്കുകയായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കല്‍ക്കരി പ്രധാനമായും ഉപയോഗിക്കുന്ന സ്വകാര്യകമ്പനികള്‍ക്ക് വേണ്ടത്ര കല്‍ക്കരി ലഭ്യത ഉറപ്പുവരുത്താനും (കല്‍ക്കരി ബ്ലോക്കുകള്‍ അവര്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതുകൊണ്ട് എന്താണോ ഉദ്ദേശിയ്ക്കപ്പെട്ടിരുന്നത്, ആ ഉദ്ദേശം നിറവേറ്റാനും) കല്‍ക്കരിശേഖരത്തിന്റെ മേലുള്ള നിയന്ത്രണം പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ(അതുവഴി ഗവണ്‍മെന്‍റിന്റെ തന്നെ) കയ്യില്‍ത്തന്നെ നിലനിര്‍ത്താനും കഴിയുമായിരുന്നു.

കല്‍ക്കരിശേഖരത്തിനുമേലുള്ള നിയന്ത്രണം ഗവണ്‍മെന്‍റിന്റെകയ്യില്‍ നിലനിര്‍ത്തുന്നതുവഴി, ഈ കല്‍ക്കരി എങ്ങനെ ഉപയോഗിക്കണമെന്നും ഏതുനിരക്കില്‍ വില്‍ക്കണമെന്നും ഗവണ്‍മെന്‍റിന് തീരുമാനിയ്ക്കാന്‍ കഴിയുമായിരുന്നു - അതായത് കല്‍ക്കരി ഉല്‍പന്നത്തിന്റെ ഒഴുക്ക് ഏതവസരത്തിലും ഗവണ്‍മെന്‍റിന് നിശ്ചയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികളെ ഏല്‍പിച്ചുകൊടുക്കുന്നുവെന്നതിന്നര്‍ഥം, അവര്‍ ഏറിക്കവിഞ്ഞാല്‍ അവരുടെ ആവശ്യം നിര്‍വഹിക്കുന്നതിന് വേണ്ടത്ര കല്‍ക്കരി ഉല്‍പാദിപ്പിയ്ക്കും. എന്നാല്‍ അതിനേക്കാള്‍ ഒട്ടും അധികം ഉല്‍പാദിപ്പിയ്ക്കുകയുണ്ടാവില്ല എന്നാണ്; രാജ്യത്ത് കല്‍ക്കരിക്ഷാമം ഉണ്ടാകുമ്പോള്‍പോലും (അതാണല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്) അവര്‍ ഒട്ടും അധികം ഉല്‍പാദിപ്പിയ്ക്കുകയുണ്ടാവില്ല എന്നാണ്. ചുരുക്കത്തില്‍, ദേശീയ ആവശ്യത്തിന്റെ തോതനുസരിച്ച് കല്‍ക്കരി ലഭ്യമാക്കുക എന്ന അവസ്ഥയില്‍നിന്ന് സ്ഥാപനപരമായിത്തന്നെ വേര്‍പ്പെടുത്തപ്പെട്ട സംവിധാനത്തിലേക്ക് കല്‍ക്കരി ഉല്‍പാദനം മാറ്റപ്പെടുന്നതിന് തുല്യമാണിത്.

യഥാര്‍ത്ഥത്തില്‍ മന്‍മോഹന്‍സിങ് പാര്‍ലമെന്‍റിലെ തന്റെപ്രസ്താവനയില്‍ അംഗീകരിക്കുന്നപോലെ, കല്‍ക്കരിബ്ലോക്കുകള്‍ കൈവശംവെയ്ക്കുന്ന പല കമ്പനികളും ഖനനം നടത്തുന്നില്ലല്ലോ. കല്‍ക്കരിശേഖരമുള്ള ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് അവരുടെ ഇഷ്ടംപോലെ ഉപയോഗിക്കാന്‍ ഏല്‍പിച്ചുകൊടുത്തതുകാരണം ആഭ്യന്തര ഉല്‍പാദനം കുറഞ്ഞിരിയ്ക്കുന്ന അവസരത്തില്‍ത്തന്നെ, വളരെ കൂടിയ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടിവരിക എന്ന വിരോധാഭാസം നിറഞ്ഞ അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു. കല്‍ക്കരി യഥാര്‍ത്ഥത്തില്‍ കുഴിച്ചെടുക്കുന്നുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, കല്‍ക്കരിശേഖരം സ്വകാര്യകമ്പനികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നത്, ഏതൊരവസരത്തിലും, കുത്തകകളെ പോഷിപ്പിയ്ക്കല്‍ തന്നെയാണ്. ഒരു നൂറ്റാണ്ടുമുമ്പ് ലെനിന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളപോലെ, ഖനിജ പദാര്‍ഥങ്ങളുടെ ശേഖരം കയ്യടക്കുകയും അതുവഴി അതു കയ്യടക്കാന്‍ ശ്രമിച്ചേയ്ക്കാവുന്ന മറ്റ് പ്രതിയോഗികളെ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നത്, എക്കാലത്തും കുത്തകാധിപത്യം ഉറപ്പിക്കുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായിരുന്നു. ഇത്തരം ശേഖരം ഏറെ കാലത്തേക്ക് യഥാര്‍ഥത്തില്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ത്തന്നെയും അവ കയ്യടക്കുന്നതിനുവേണ്ടി കുത്തകമുതലാളിമാര്‍ പലപ്പോഴും എത്ര പണം വേണമെങ്കിലും ചെലവാക്കും. കാരണം തങ്ങളുടെ അന്തിമ ഉല്‍പന്നങ്ങളില്‍ അവര്‍ക്ക് കുത്തകാധിപത്യം ലഭിക്കുന്നതിന് അത് സഹായകമായിത്തീരുന്നു. കല്‍ക്കരിബ്ലോക്കുകളുടെ ലേലവില ഖണ്ഡിതമായിരിക്കണം; കല്‍ക്കരി ഉല്‍പാദനം മൊത്തത്തില്‍ എടുക്കുമ്പോള്‍ ലാഭം പൂജ്യമാണെങ്കില്‍ത്തന്നെയും ലേലവില ഖണ്ഡിതമായിരിക്കണം എന്നു പറയുന്നതിനുള്ള മറ്റൊരു കാരണം കൂടിയാണിത്.

കല്‍ക്കരിനിക്ഷേപങ്ങളുടെ മേലുള്ള കുത്തക നിയന്ത്രണാധികാരം സ്വന്തമാക്കിവെയ്ക്കുന്നതിനും പ്രതിയോഗികളെ ഒഴിവാക്കുന്നതിനും ഉള്ള പ്രത്യേകാവകാശം വേണ്ടപ്പെട്ട സ്വകാര്യകമ്പനികള്‍ക്ക് നല്‍കപ്പെട്ടത് പൂര്‍ണമായും സൗജന്യമായിട്ടാണ് എന്ന അബദ്ധമാണ് ഇന്ത്യയില്‍ സംഭവിച്ചത്. നഷ്ടം രാഷ്ട്രത്തിന് ചുരുക്കത്തില്‍, പ്രശ്നം ആരംഭിച്ചത് 2004ല്‍ അല്ല; മറിച്ച് 1993ല്‍ ആണ്; കല്‍ക്കരിനിക്ഷേപമുള്ള ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് ഏല്‍പിച്ചു കൊടുക്കുക എന്ന നയം നടപ്പാക്കിയ 1993ല്‍ത്തന്നെയാണ്. ആവശ്യമായത്ര കല്‍ക്കരി (സപ്ലൈയുടെ ഒഴുക്ക്) ലഭ്യമാക്കുന്നതിന്റെപേരിലാണ് അന്നത് നടപ്പിലാക്കിയത്. എന്നാല്‍ അതുവഴി കല്‍ക്കരി സ്റ്റോക്ക് മുഴുവന്‍ അവരെ ഏല്‍പിച്ചുകൊടുത്തു - അതായത് കല്‍ക്കരിശേഖരം മുഴുവന്‍ സൗജന്യമായി കൈമാറി.

കല്‍ക്കരിയുടെ വികസനം പൊതുമേഖലയില്‍ നടപ്പാക്കണം എന്ന ആശയം 1956ലെ രണ്ടാം വ്യവസായ നയപ്രമേയത്തിലാണ് ആവിഷ്കരിക്കപ്പെട്ടത്. അതാകട്ടെ, ഇന്ത്യന്‍ ഭരണഘടനയിലെ, രാഷ്ട്രനയങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശകതത്വങ്ങളോടാണ് ബന്ധപ്പെട്ടു കിടക്കുന്നത്. നെഹ്റുവിന്റെനയങ്ങളുടെ ഒരു അവിഭാജ്യഘടകമായിരുന്നു അത്. ഉപയോഗിച്ചാല്‍ തീരുന്ന വിഭവങ്ങളുടെ സാമൂഹ്യമായ ഉപയോഗം പൂര്‍ണമായും ആസൂത്രണം ചെയ്യപ്പെടണമെന്നും അവയുടെ നിയന്ത്രണം രാഷ്ട്രത്തില്‍ നിക്ഷിപ്തമായിരിക്കണം എന്നും ഉള്ള പ്രാഥമിക തത്വത്തിന് അനുസരിച്ചുള്ളതാണത്. ആ തത്വത്തില്‍നിന്നുള്ള പിറകോട്ടുപോക്ക്, രണ്ടാം വ്യവസായ നയപ്രമേയത്തില്‍ ആദരപൂര്‍വം ആവിഷ്കരിച്ച ദര്‍ശനം ഉപേക്ഷിയ്ക്കല്‍, നിര്‍ദേശകതത്വങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യകമ്പനികളെ ഏല്‍പിച്ചു കൊടുക്കുന്നതുവഴി ഭരണഘടനയ്ക്കുമേല്‍ ഉണ്ടാകുന്ന ആഘാതം 1993ല്‍ നവലിബറലിസത്തോടൊപ്പം തന്നെ വന്നതാണ്. അതെന്തായാലും, നവലിബറലിസം ഭരണഘടനയോടുള്ള വഞ്ചന മാത്രമല്ല, നവലിബറലിസത്തിന്റെതന്നെ അവകാശവാദങ്ങളോടുള്ള വഞ്ചന കൂടിയാണ്. എല്ലാ സംരംഭകര്‍ക്കും തുല്യമായ അവസരം ഉറപ്പാക്കിക്കൊണ്ട് മല്‍സരത്തിനുള്ള സാഹചര്യമുണ്ടാക്കുന്നു എന്നാണ് അന്ന് അവകാശപ്പെടുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ചെയ്യുന്നതാകട്ടെ, നാം നേരത്തെ കണ്ടപോലെ, മറ്റുള്ളവരെ ഒഴിവാക്കിക്കൊണ്ട്, ഏതാനും പേരുടെ കുത്തകാധിപത്യം സ്ഥാപിയ്ക്കലാണ്. ഖജനാവിനുണ്ടാകുന്ന നഷ്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, രാഷ്ട്രത്തിനുണ്ടാകുന്ന കൂടുതല്‍ വലിയ ഈ നഷ്ടം നാം കാണാതിരുന്നു കൂടാ.

*****

പ്രഭാത് പട്നായിക്, കടപ്പാട് : ചിന്ത വാരിക

അതിക്രമങ്ങള്‍ക്കെതിരെ പോരാടുക

ഒരു രാജ്യത്തിന്റെ അന്തസ്സും വളര്‍ച്ചയും വിലയിരുത്തുമ്പോള്‍ സ്ത്രീസമൂഹത്തോടുള്ള അതിന്റെ സമീപനം പ്രകടമായ മാനദണ്ഡമാകണം. മനുഷ്യരില്‍ പകുതി വരുന്ന സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍, അവഗണിക്കപ്പെടുമ്പോള്‍, ഒരു സ്വാതന്ത്ര്യവും പൂര്‍ണമാകുന്നില്ല. ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ നാണം കെടുന്നത്, ഭീതിദമായി വര്‍ധിച്ചുവരുന്ന പട്ടിണിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുംമൂലമാണ്. പട്ടിണിയുടെ സാന്ദ്രത കൂടുന്നതിനുസരിച്ച് ദരിദ്രരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ 70 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണ്.

മുതലാളിത്തവും ഫ്യൂഡലിസവും തമ്മില്‍ കൈകോര്‍ത്തുള്ള ഇന്ത്യന്‍ ഭരണക്രമത്തില്‍ ഒരേ സമയം ഫ്യൂഡല്‍ അനാചാരങ്ങളുടെയും മുതലാളിത്ത ചരക്കുവല്‍ക്കരണത്തിന്റെയും ദോഷഫലങ്ങള്‍ സ്ത്രീസമൂഹത്തെ ഭീകരമായി ബാധിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ ഇപ്പോഴും ഫ്യൂഡല്‍ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നു. വര്‍ണഭേദങ്ങള്‍ സമൂഹത്തെ ഭരിക്കുന്നു. ജാതി പഞ്ചായത്ത് നിശ്ചയിക്കുന്ന ദണ്ഡനീതികള്‍ താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കേണ്ടിവരുന്നു. ജാത്യാഭിമാന കൊലപാതകങ്ങളും ബലാല്‍ക്കാരവും നിത്യസംഭവമാകുന്നു. ജാതിമാറി വിവാഹംചെയ്തതിന് മനോജ്, ബബ്ലി എന്നീ ദമ്പതികളെ തെരുവില്‍ വെട്ടിക്കൊന്നത് അടുത്ത കാലത്താണ്. ഖൈര്‍ ലാഞ്ചിയില്‍ ഒരു ദളിത് കുടുംബത്തിലെ അമ്മയെയും മകളെയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ മുഴുവന്‍ കൊന്നുകളയുകയും ചെയ്ത സംഭവം ഇന്ത്യയെ നടുക്കിയതാണ്. യുപിയിലെ വൈശാലി ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളെയും (കര്‍ഷക തൊഴിലാളികള്‍) ഭൂമിയുടെ ഉടമസ്ഥനായ ജന്മി നിരന്തരം ബലാല്‍സംഗംചെയ്യുന്നതായി വാര്‍ത്ത വന്നു. ഉത്തര്‍പ്രദേശിലെ ഒരു അധ്യാപിക ഭൂസ്വാമിക്ക് വഴങ്ങിയില്ലെന്ന് പറഞ്ഞ് ജാതിപഞ്ചായത്ത് ചേര്‍ന്ന് അവര്‍ക്ക് ശിക്ഷ വിധിച്ചു. പരസ്യമായി ജനക്കൂട്ടത്തിന് മുന്നില്‍വച്ച് നാല് ഗുണ്ടകള്‍ അവരെ ബലാല്‍സംഗം ചെയ്യണമെന്നായിരുന്നു ശിക്ഷ. അധ്യാപികയെ പരസ്യവിചാരണ ചെയ്യാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുകയും അധ്യാപികയുടെ ഭര്‍ത്താവും നാട്ടുകാരില്‍ ചിലരും പ്രതിഷേധത്തില്‍ പങ്കാളിയാവുകയുംചെയ്തതോടെ ശിക്ഷ മാറ്റിവച്ചു. അധ്യാപിക പിന്നീട് കോടതിയെ സമീപിച്ചു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും വേരോട്ടമുള്ള സ്ഥലങ്ങളില്‍മാത്രമേ ഇങ്ങനെ പ്രതിഷേധിക്കാന്‍ കഴിയുന്നുള്ളൂ. സ്ത്രീകളെ വസ്ത്രാക്ഷേപംചെയ്ത് തെരുവില്‍ നടത്തിക്കുക, ബലമായി പിടിച്ചുവച്ച് മലം തീറ്റിക്കുക തുടങ്ങിയ ശിക്ഷാവിധികള്‍ ഗ്രാമങ്ങളില്‍ സര്‍വസാധാരണമാണ്. ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീവേട്ട നടക്കാറുണ്ട്. കാലാവസ്ഥ കെടുതികളും പകര്‍ച്ചവ്യാധികളും ഗ്രാമത്തിലെ ചില സ്ത്രീകളുടെ ദോഷം കാരണം ഉണ്ടാവുന്നതാണെന്ന് സ്ഥാപിക്കുകയും സ്ത്രീകളെ ജീവനോടെ ചുട്ടുകൊന്ന് ദൈവങ്ങളെ പ്രീതിപ്പെടുത്തുകയുംചെയ്യുന്ന ദുരാചാരമാണ് ഇത്. ഹരിയാനയില്‍ കൂട്ടബലാല്‍സംഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുവഹത്തിയില്‍ 19 വയസ്സുള്ള നവവധുവിനെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ട അതിക്രമത്തിന് വിധേയരാക്കി. അതില്‍ ഒരു പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യചെയ്തു. രോഹ്തക്കില്‍ ഭര്‍ത്താവും സഹോദരനും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു. യുപി, മധ്യപ്രദേശ്, ഒഡിഷ, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ ചില ഉദാഹരണങ്ങള്‍മാത്രമാണ് ചൂണ്ടിക്കാട്ടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ കടുത്ത അതിക്രമങ്ങള്‍ക്ക് പാത്രമാകുന്നുണ്ട്. മഹാരാഷ്ട്രയില്‍ തന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കട വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു സ്ത്രീയെ ശരീരത്തിലൂടെ ട്രാക്ടര്‍ ഓടിച്ചുകയറ്റി കൊന്നു. പ്രതി സ്ഥലത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാവായിരുന്നു. കര്‍ണാടകത്തിലും തമിഴ്നാട്ടിലുമെല്ലാം അതിക്രമങ്ങള്‍ പെരുകുന്നുണ്ട്. തമിഴ്നാട്ടില്‍ അയിത്തമതില്‍ പോലുള്ള ജാത്യാചാരങ്ങള്‍ നിലനില്‍ക്കുന്നു.

ഇന്ത്യയുടെ പ്രധാനപ്പെട്ട വന്‍നഗരങ്ങളെല്ലാം സ്ത്രീകള്‍ക്ക് ഭീതിയുടെ കേന്ദ്രങ്ങളായി മാറി. ചേരികളില്‍ സ്ത്രീകള്‍ നരകതുല്യമായ ജീവിതം തള്ളിനീക്കുകയാണ്. രാജ്യത്ത് നടക്കുന്ന മൊത്തം സ്ത്രീപീഡനങ്ങളുടെ 31.8 ശതമാനം ഡല്‍ഹി നഗരത്തിലാണ് നടക്കുന്നത്. ഇതില്‍ 14 ശതമാനം ബലാല്‍സംഗങ്ങള്‍ ആണത്രെ. ഡല്‍ഹി കഴിഞ്ഞാല്‍ ബംഗളൂരുവിലാണ് അതിക്രമങ്ങള്‍ കൂടുതല്‍. ജയ്പുരും തൊട്ടുപിറകിലുണ്ട്. സംസ്ഥാനങ്ങളില്‍ ഡല്‍ഹി, യുപി കഴിഞ്ഞാല്‍ തൊട്ടടുത്ത് ആന്ധ്രപ്രദേശാണ്. ആന്ധ്രയില്‍ കഴിഞ്ഞ വര്‍ഷം 1899 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേവരെ സ്ത്രീപീഡനങ്ങള്‍ ഏറ്റവും കുറവായിരുന്ന പശ്ചിമബംഗാളിന്റെ ചിത്രം മാറിക്കൊണ്ടിരിക്കുകയാണ്. ദേശീയ വനിതാ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ബംഗാളില്‍ സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചു എന്നാണ്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയാവുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി ബംഗാള്‍ മാറി. കൊല്‍ക്കത്ത നഗരത്തില്‍ ഒരു വീട്ടമ്മ കൂട്ട അതിക്രമത്തിന് ഇരയായപ്പോള്‍ പരാതി സ്വീകരിക്കാന്‍പോലും മമത അനുവദിച്ചില്ല. തന്നെ കരിതേച്ചു കാണിക്കാന്‍ കെട്ടിച്ചമച്ച കഥയാണെന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ കുറെയേറെ ഉള്‍ക്കൊണ്ട കേരളത്തിലും സ്ത്രീകളോടുള്ള സമീപനം ലജ്ജാകരമാണ്. മുതലാളിത്ത ഉപഭോഗസംസ്കാരം ഏറ്റവും കൂടുതല്‍ പിടികൂടുന്നത് കേരളീയ സമൂഹത്തെയാണ.് പെണ്‍കുട്ടികള്‍ കച്ചവടവസ്തുക്കളായി മാറുന്നു. പറവൂര്‍, കോതമംഗലം കേസുകള്‍ ബന്ധുക്കള്‍തന്നെ പണത്തിനുവേണ്ടി പെണ്‍കുട്ടികളെ വില്‍പ്പന നടത്തിയതാണ്. എല്‍ഡിഎഫ് ഭരണകാലത്ത് പട്ടാനൂരില്‍ ഇതുപോലൊരു സംഭവമുണ്ടായി. ആഭ്യന്തരവകുപ്പും പൊലീസും നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി. ഒരാഴ്ചക്കുള്ളില്‍ കേസ് കോടതിയിലെത്തിച്ചു. ജാമ്യം നേടാന്‍ അവസരം കൊടുക്കാതെ 12 പ്രതികളെയും ശിക്ഷയ്ക്ക് വിധേയരാക്കി. എന്നാല്‍, യുഡിഎഫ് ഭരണകാലത്ത്, മുന്‍പും ഇപ്പോഴും ഇത്തരം കേസുകളിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേസന്വേഷണം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കപ്പെടുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു. സൂര്യനെല്ലി, കിളിരൂര്‍, ഐസ്ക്രീം പാര്‍ലര്‍, പറവൂര്‍, കോതമംഗലം, വൈപ്പിന്‍ കേസുകള്‍ ഉദാഹരണമാണ്. പെണ്‍വാണിഭഭ സംഘങ്ങള്‍ അടുത്ത കാലത്തായി വീണ്ടും പല്ലിളിച്ച് തലപൊക്കിത്തുടങ്ങി. യുഡിഎഫിന്റെ കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്ത് സ്ത്രീപീഡനങ്ങള്‍ മൂന്ന് ഇരട്ടിയായി വര്‍ധിച്ചുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിലെ ആദിവാസി സ്ത്രീകളില്‍ 50 ശതമാനംപേരും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. വിവാഹ വാഗ്ദാനം നല്‍കിയും പണം നല്‍കിയും പാവപ്പെട്ട സ്ത്രീകളെ വഞ്ചിക്കുകയാണ്. അവിവാഹിത അമ്മമാരുടെ എണ്ണം പെരുകുകയാണ്. സ്ത്രീകളുടെ ഈ ദുരവസ്ഥ സാമൂഹ്യവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിത്തരാജ്യമായ അമേരിക്കയില്‍ ലൈംഗിക അരാജകത്വം പെരുകിവരുന്നതായി കണ്ടിട്ടുണ്ട്. അതേസമയം സോഷ്യലിസ്റ്റ് ആസൂത്രണ പ്രക്രിയ നടപ്പാക്കുന്ന രാജ്യങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് വര്‍ധിക്കുകയും കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നതായും സൂചനയുണ്ട്. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുകയും സാമൂഹ്യാധ്വാന മേഖലയില്‍ സ്ത്രീകളെ വിന്യസിക്കുകയുംചെയ്തപ്പോള്‍ സ്ത്രീപദവിയില്‍ വലിയ മാറ്റമുണ്ടായി. സ്ത്രീപീഡനങ്ങള്‍ക്കെതിരായ സമരം വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കേണ്ടത് പൊരുതുന്ന സ്ത്രീസമൂഹത്തിന് അനുപേക്ഷണീയമായ കാര്യമാണ്.


*****

കെ കെ ശൈലജ

അരക്ഷിതമാകുന്ന ഇന്ത്യന്‍ സ്ത്രീത്വം

ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന കവി പ്രയോഗത്തിന് ദേശ- ഭാഷാന്തരങ്ങളുടെ വ്യത്യാസമില്ല. ഈ കവിപ്രയോഗം ഇന്നും അന്വര്‍ഥമായി നില്‍ക്കുന്നു. ഓരോ ഭാരതീയസ്ത്രീയും തന്റെ മാനത്തിന് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്നു. പക്ഷേ, സ്വന്തം മാനം കാക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ ഇന്ന് അനുഭവിക്കുന്ന യാതനകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമങ്ങളുടെ അവസാനിക്കാത്ത കഥകളുമായാണ് ഓരോ പ്രഭാതവും നമ്മെ വരവേല്‍ക്കുന്നത്.

പുരുഷാധിപത്യ മൂല്യബോധത്തിന്റെ ധാരണകളും അധികാര ബന്ധങ്ങളുമെല്ലാം നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ സാംസ്കാരികാധിനിവേശത്തില്‍പ്പെട്ട് അനുദിനം വഷളാകുന്നു. അരാജകത്വവും മൃഗീയതയും കുറ്റവാസനയും പെരുകുന്നു. ഇതിന് ഇരയാകുന്ന ഭാരതീയസ്ത്രീത്വം കടുത്ത അരക്ഷിതാവസ്ഥയിലാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന രാജ്യമെന്ന തൂവല്‍ നമുക്ക് അവകാശപ്പെട്ടതായി. 2011ലെ ഔദ്യോഗിക കണക്കു പ്രകാരം രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ദിവസം ഒരു ബലാത്സംഗ കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലാകട്ടെ, പ്രതിദിനം രണ്ട് ബലാത്സംഗ കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹരിയാനയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത 19 പെണ്‍കുട്ടികളാണ് വേട്ടയാടപ്പെട്ടത്. ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ യുപിഎ ചെയര്‍പെഴ്സണ്‍ സോണിയ ഗാന്ധി സന്ദര്‍ശിച്ചത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. എന്നാല്‍, സോണിയ ഗാന്ധി തിരിച്ച് ദില്ലിയില്‍ എത്തുന്നതിനുമുമ്പ് ആ പെണ്‍കുട്ടി അപമാനഭാരം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത വന്നു. പടിഞ്ഞാറന്‍ ബംഗാളില്‍ മമത ബാനര്‍ജി അധികാരമേറ്റശേഷം പെണ്‍കുട്ടികളും സ്ത്രീകളും മാനഭംഗത്തിന് ഇരയായ ഒട്ടേറെ കഥകളാണ് പുറത്തുവരുന്നത്. മുന്‍ ഇടതുഭരണകാലത്ത് സുരക്ഷിതരായിരുന്ന സ്ത്രീസമൂഹം തൃണമൂല്‍ഭരണത്തില്‍ എത്രത്തോളം അരക്ഷിതരായിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വാര്‍ത്തകള്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഈ അതിക്രമങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം സാക്ഷരകേരളത്തിലെ സ്ഥിതിയെന്തെന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാകുന്ന സംസ്ഥാനമായി കേരളം മാറിയെന്നാണ് നാഷണല്‍ ക്രൈംബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009-10, 2010-11 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി പീഡനക്കേസാണ് 2011-12ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യ ആറുമാസം പിന്നിടുമ്പോള്‍ത്തന്നെ ഈ കണക്ക് മറികടന്നു. ഇത് സൂചിപ്പിക്കുന്നത് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ കാട്ടുന്ന വീഴ്ചയാണ്.

സ്ത്രീപീഡന കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ 60 ശതമാനവും വീടിനകത്തുതന്നെ നടക്കുന്നവയാണെന്ന് ഒരു സര്‍വേ വ്യക്തമാക്കുന്നു. കുണ്ടറയിലെ 13 വയസ്സുകാരി പ്രസവിച്ച സംഭവം ഏവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചു. രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തിന് ഇരയായ ഈ പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ നമ്മുടെ മനഃസാക്ഷിയെ മരവിപ്പിക്കും. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നടന്ന സമാനമായ ക്രൂരതയും ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല. അനാഥമന്ദിരം, ജൂവനൈല്‍ ഹോം എന്നീ സ്ഥാപനങ്ങള്‍ പലതും ലൈംഗികചൂഷണത്തിന്റെ കേന്ദ്രങ്ങളാണ്. ജൂവനൈല്‍ ഹോമില്‍നിന്ന് പീഡനം സഹിക്കവയ്യാതെ കുട്ടികള്‍ ചാടിപ്പോകുന്നു. കണ്ണൂര്‍ ജില്ലയിലെ ഒരു ഓര്‍ഫനേജില്‍ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ പീഡിപ്പിക്കപ്പെട്ടു. നിയമം നടപ്പാക്കുകയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യേണ്ട പൊലീസുകാര്‍തന്നെ പ്രതികളാകുന്ന സംഭവങ്ങളും വിരളമല്ല.

തൃശൂരിലെ ഒരു വീട്ടമ്മയ്ക്ക് ബസില്‍ നേരിടേണ്ടിവന്ന അപമാനം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല. വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയതോ, ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും. യാത്രക്കാര്‍ കൈയോടെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ആ മാന്യനെ രക്ഷിക്കാനാണ് പൊലീസ് മേധാവികള്‍ ശ്രമിച്ചത്. സ്കൂളുകളും മദ്രസകളും ഹോസ്റ്റലുകളും ഇന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളാണെന്നു പറയാന്‍ കഴിയില്ല. ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്നു. കായികരംഗത്ത് കേരളത്തിലെ വനിതകള്‍ കൈവരിച്ച നേട്ടം അഭിമാനകരമാണ്. ആ മേഖലയില്‍നിന്ന് ഒറ്റപ്പെട്ടതാണെങ്കിലും വന്നുകൊണ്ടിരിക്കുന്ന പീഡനവാര്‍ത്തകള്‍ ഗൗരവപൂര്‍വം കണക്കിലെടുത്ത് വനിതാ താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമപാലകരായ വനിതാ പൊലീസുകാര്‍ക്കുപോലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഒരു വനിതാ പൊലീസ് ഓഫീസര്‍ക്ക് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവം അവര്‍ നേരിട്ട് പറഞ്ഞത് കേട്ട് സ്തബ്ധയായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. രാത്രിയാത്രകള്‍ സ്ത്രീകള്‍ക്ക് പീഡനപര്‍വമാണ്. സൗമ്യവധം കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇത്രയെല്ലാം ക്രൂരമായ പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയരാകുമ്പോഴും കുറ്റവാളികളല്ല പലപ്പോഴും വിമര്‍ശവിധേയര്‍. സ്ത്രീകളെ കുറ്റവാളികളാക്കി ചിത്രീകരിക്കാന്‍ ചിലര്‍ പാടുപെടുന്നത് കാണാന്‍ കഴിയും. ജയഗീത സംഭവത്തില്‍ അത് നാം കണ്ടതാണ്. പെണ്‍കുഞ്ഞിനെ ജനിക്കാന്‍പോലും അനുവദിക്കാതെ ഭ്രൂണഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യ. പെണ്‍കുട്ടികളോടുള്ള സമീപനത്തില്‍ ഇപ്പോഴും വലിയ മാറ്റം വന്നതായി കാണുന്നില്ല. പിഎന്‍ഡിറ്റി ആക്ട് പാസാക്കിയതും മറ്റും കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രേരകമായിട്ടില്ല.

ശാസ്ത്രനേട്ടങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നു എന്നുമാത്രമല്ല, അത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. അസമിലെ ഗുവാഹത്തിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി അപമാനിച്ച ഇരുപതോളം ദുശാസനന്മാരുടെ വിക്രിയകള്‍ പൊലീസുകാരടക്കം നോക്കിനിന്നു. അസമിലും മണിപ്പുരിലും സുരക്ഷാസേനയില്‍നിന്ന് സ്ത്രീകള്‍ ഏല്‍ക്കേണ്ടിവന്ന പീഡനം അതിരുവിട്ടപ്പോഴാണ് ഇറോം ശര്‍മിള എന്ന ധീരവനിത പോരാട്ടം ആരംഭിച്ചത്. സായുധ സേനയില്‍നിന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നത് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമായിട്ടില്ല.

ഹരിയാനയില്‍ ഒരു മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ചെറിയ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിന് വിധേയരായിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് "ഇറുകിയ വസ്ത്രം ധരിക്കുന്നതുകൊണ്ടാണ്" ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. അത് പറഞ്ഞതിന്റെ അടുത്ത ദിവസമാണ് മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. ബിഎസ്പിയുടെ ഒരു എംപി പറഞ്ഞത് സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് സെല്‍ഫോണ്‍ ഉപയോഗം കൊണ്ടാണെന്നും അതിനാല്‍ ഇനി സ്ത്രീകള്‍ക്ക് സെല്‍ഫോണ്‍ നല്‍കരുതെന്നുമാണ്. രക്ഷകരാകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നും അധികാരികളില്‍നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സ്ത്രീസമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതാണ്.

സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും മൗലികാവകാശങ്ങളും പിച്ചിച്ചീന്തിയെറിയപ്പെടുന്ന ഒരു സാമൂഹ്യസാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ചെറിയ കാലയളവിനുള്ളില്‍ എത്രയെത്ര ദുരന്തങ്ങള്‍ക്ക് ഈ കേരളംതന്നെ സാക്ഷ്യംവഹിച്ചു. നമ്മുടെ സമൂഹം ഇതിനെതിരെ ഉണര്‍ന്നെഴുന്നേറ്റേ മതിയാകൂ. ഇനി ഒരു സൂര്യനെല്ലി ആവര്‍ത്തിക്കാതിരിക്കാന്‍, കിളിരൂരും കവിയൂരും പറവൂരും ആവര്‍ത്തിക്കാതിരിക്കാന്‍, ഇനി ഒരു സൗമ്യ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ജാഗ്രതയോടെ കരുതിയിരിക്കാം, ഒരുമിച്ചു കൈകോര്‍ക്കാം.


*****

പി കെ ശ്രീമതി

കോര്‍പറേറ്റ് പ്രീണനത്തിന്റെ പുനഃസംഘടന

യുപിഎ സര്‍ക്കാരിന്റെ വികൃതമായ മുഖം മിനുക്കിയെടുക്കാമെന്ന വ്യാമോഹത്തോടെ നടത്തിയ വൃഥാശ്രമമെന്നല്ലാതെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ വിശേഷിപ്പിക്കാനാവില്ല. കേന്ദ്രമന്ത്രിസഭയുടെയും കോണ്‍ഗ്രസിന്റെയും താല്‍പ്പര്യത്തിനുവേണ്ടിയുള്ള അഴിച്ചുപണിയായിമാത്രം പുനഃസംഘടനയെ ചുരുക്കിക്കണ്ടാല്‍ തെറ്റി. കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും നിര്‍ണായകമായി സ്വാധീനിക്കുന്ന വന്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം. അവര്‍ക്ക് ഇഷ്ടമില്ലാത്ത മന്ത്രിമാരെ മാറ്റണം. ചില സംസ്ഥാനങ്ങളിലെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം. കുറഞ്ഞത് ഈ ലക്ഷ്യങ്ങളോടെയാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രണ്ടാഴ്ച വിശ്രമമില്ലാതെ ഹോംവര്‍ക്ക് ചെയ്ത് പുനഃസംഘടന സാധ്യമാക്കിയത്. പുനഃസംഘടനയിലൂടെ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും നല്‍കുന്ന സന്ദേശം വ്യക്തമാണ്. ജനങ്ങള്‍ എത്രയൊക്കെ എതിര്‍ത്താലും തങ്ങളുടെ ജനദ്രോഹനടപടികളും അഴിമതിയും തുടരുമെന്നതാണ് ആ സന്ദേശം.

അഴിമതി ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റവും സംരക്ഷണവും നല്‍കി. അഴിമതി ആരോപണത്തിന് വിധേയനായ സല്‍മാന്‍ ഖുര്‍ഷിദിനെ നിയമമന്ത്രിയെന്ന നിലയില്‍നിന്ന് ഉയര്‍ത്തി വിദേശമന്ത്രിയാക്കി. കല്‍ക്കരി ഇടപാടില്‍ അഴിമതി ആരോപണം നേരിടുന്ന മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനെ കല്‍ക്കരിവകുപ്പില്‍ത്തന്നെ തുടരാന്‍ അനുവദിച്ചു. 2ജി ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നു. ധനവകുപ്പിലേക്ക് വീണ്ടും മടങ്ങിയെത്തിയ ചിദംബരത്തെയും തൊട്ടില്ല. ആരെയൊക്കെയാണ് പുനഃസംഘടനയിലൂടെ ശിക്ഷിച്ചത്. പ്രധാന ശിക്ഷ ലഭിച്ചത് പെട്രോളിയം- പ്രകൃതിവാതക മന്ത്രിയായിരുന്ന എസ് ജയ്പാല്‍റെഡ്ഡിക്കാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കാനും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കാനുമൊക്കെ കാര്യമായി പ്രവര്‍ത്തിച്ചയാളാണ് ജയ്പാല്‍ഡ്ഡെിയും. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയകാര്യത്തില്‍ റിലയന്‍സിന് അനുകൂലമായി പ്രവര്‍ത്തിച്ചില്ല എന്നതാണ് ജയ്പാല്‍റെഡ്ഡിക്ക് വിനയായത്. ജയ്പാല്‍റെഡ്ഡിയെ റിലയന്‍സ് സമ്മര്‍ദം ചെലുത്തിയാണ് മാറ്റിയത്. പകരം വീരപ്പ മൊയ്ലിക്ക് പെട്രോളിയം പ്രകൃതിവാതകവകുപ്പ് നല്‍കി. യുപിഎ സര്‍ക്കാരിന്റെ രീതി അതാണ്. ജനങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങില്ല, കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് എളുപ്പം വഴങ്ങും.

അമേരിക്കയുടെയും വികസിത മുതലാളിത്ത രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ്ങിന് കൂട്ടുനിന്ന മന്ത്രിമാരെയൊക്കെ പുനഃസംഘടനയില്‍ സംരക്ഷിച്ചു. വാണിജ്യവകുപ്പ് ആനന്ദ് ശര്‍മയില്‍നിന്ന് മാറ്റിയെന്ന് കേട്ടതാണ്. എന്നാല്‍, മന്‍മോഹന്‍സിങ് ഇടപെട്ട് ആനന്ദ് ശര്‍മയെ നിലനിര്‍ത്തി. ധനമേഖലയില്‍ അത്യന്തം അപകടകരമായ പരിഷ്കാര നടപടികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പി ചിദംബരത്തിനും നിരവധി ആരോപണങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും മന്ത്രിസഭയില്‍ പൂര്‍ണ സംരക്ഷണം നല്‍കി. അമേരിക്കയുടെയും ലോകസാമ്പത്തിക സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ലോകത്തിന്റെയും താല്‍പ്പര്യങ്ങളാണ് ചിദംബരം സംരക്ഷിക്കുന്നത്. അതിനാല്‍ ചിദംബരത്തെ തൊടാനാവില്ല. കോര്‍പറേറ്റ് മേഖലയുടെ സ്വന്തം പ്രതിനിധിതന്നെ ഇപ്പോള്‍ മന്ത്രിസഭയിലുണ്ട്. രാജസ്ഥാനിലെ ജോധ്പുരില്‍ രാജകുടുംബത്തില്‍ ജനിച്ച് ഹിമാചലിലെ കാംഗ്ര രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ചന്ദ്രേഷ്കുമാരി ഖടോജ്. നിരവധി വന്‍ വ്യവസായസ്ഥാപനങ്ങളുടെ നിയന്ത്രണമുള്ള ഇവര്‍ രാജ്യത്തിന്റെ സാംസ്കാരികമന്ത്രിയായാണ് എത്തിയത്.


ജനങ്ങളുടെ വിശ്വാസം നേടാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുമാണ് പുനഃസംഘടനയെന്നു തോന്നുന്നില്ല. ജനങ്ങള്‍ക്ക് ഹാനികരമായ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വിലക്കയറ്റം രൂക്ഷമാക്കുന്നു. ജനങ്ങളുടെ ജീവിതമാര്‍ഗങ്ങള്‍ തകര്‍ക്കുന്ന പരിഷ്കാരങ്ങളും പരിപാടികളും തുടരുന്നു. ചില്ലറവില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. യുപിഎക്കുള്ളില്‍നിന്നുപോലും ശക്തമായ പ്രതിഷേധമുയര്‍ന്നു. ഘടകകക്ഷികള്‍ ഇതിന്റെ പേരില്‍ വിട്ടുപോയി. അതൊന്നും സര്‍ക്കാരിനെ അലട്ടുന്നില്ല. ജനദ്രോഹനടപടികളും പരിഷ്കാരങ്ങളും പിന്‍വലിച്ച് ജനങ്ങളുടെ വിശ്വാസം നേടാമെന്ന രാഷ്ട്രീയബോധമല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. ജനങ്ങളുടെ വിശ്വാസവും പിന്തുണയുമില്ലെങ്കിലും വേണ്ടില്ല, അമേരിക്കയുടെയും കോര്‍പറേറ്റ് ശക്തികളുടെയും വാത്സല്യം കിട്ടിയാല്‍ മതിയെന്നാണ് മന്‍മോഹന്‍സിങ്ങിന്റെയും സോണിയയുടെയും മനസ്സിലിരുപ്പ്. നിരവധി യുവാക്കള്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കിയെന്നതാണ് അവകാശവാദം. അത് എതിര്‍ക്കപ്പെടേണ്ടതല്ല. ജനങ്ങള്‍ക്ക് എന്ത് സ്ഥാനമാണ് യുപിഎ സര്‍ക്കാര്‍ നല്‍കുന്നത്? ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് നല്‍കുന്നത്?

ഈ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. ചില സംസ്ഥാനങ്ങളിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുനഃസംഘടനയില്‍ ചില കസര്‍ത്തുകള്‍ കാട്ടിയിട്ടുണ്ട്. യുപിഎ വിട്ടുപോയ തൃണമൂല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ മമത ബാനര്‍ജിയുടെ പ്രധാന രാഷ്ട്രീയശത്രുക്കളായ ദീപ ദാസ്മുന്‍ഷിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും സഹമന്ത്രിമാരാക്കി. തെലങ്കാന പ്രശ്നത്തിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വെല്ലുവിളിയിലും തളര്‍ന്നുനില്‍ക്കുന്ന ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസിനെ ഉഷാറാക്കാന്‍ അവിടെനിന്നുള്ള അഞ്ച് എംപിമാരെക്കൂടി മന്ത്രിമാരാക്കി; ആകെ 11 മന്ത്രിമാര്‍. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നത് ഇപ്പോഴാണ്. രണ്ട് ക്യാബിനറ്റ് മന്ത്രിമാരടക്കം എട്ടു മന്ത്രിമാര്‍. ഒന്നരവര്‍ഷംകൂടിയേ യുപിഎ സര്‍ക്കാരിന് ബാക്കിയുള്ളൂ. ഇത് അവസാന പുനഃസംഘടനയാണെന്നും മന്‍മോഹന്‍സിങ് പറയുന്നു. കേന്ദ്രമന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഈ പുനഃസംഘടനകൊണ്ട് കഴിയുമെന്ന് കോണ്‍ഗ്രസും മന്‍മോഹന്‍സിങ്ങും വിശ്വസിക്കുന്നു.

ജനവിശ്വാസം രൂപപ്പെടുന്നത് ജനങ്ങളുടെ ജീവിതാനുഭവങ്ങളില്‍നിന്നാണ്. ജനങ്ങളെ അപ്പാടെ അവഗണിക്കുകയും ദുരിതത്തിലാഴ്ത്തുകയും മൂലധനശക്തികള്‍ക്ക് അടിപണിയുകയും ചെയ്യുന്ന യുപിഎ സര്‍ക്കാരിനെയാണ് രാജ്യം കാണുന്നത്. ഈ കാഴ്ച മറയ്ക്കാനൊന്നും പുനഃസംഘടനകൊണ്ട് കഴിയില്ല. എന്താണ് നയപരിപാടികള്‍ എന്നതുതന്നെയാണ് പ്രധാനം. ജനങ്ങളുടെ ജീവിതത്തെ സഹായിക്കുംവിധത്തില്‍, രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ നയപരിപാടികള്‍ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ മാറ്റും. എത്ര കൊടികെട്ടിയ ഏകാധിപതികള്‍ക്കും ജനങ്ങള്‍ നല്‍കിയിട്ടുള്ള പാഠം ഇതാണ്. ഈ പാഠം പഠിക്കാതെയുള്ള ചെപ്പടിവിദ്യകള്‍ കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയും.


*****

ദേശാഭിമാനി മുഖപ്രസംഗം 30-10-12

Sunday, October 28, 2012

അമേരിക്കയുടെ ഇസ്ലാമോഫോബിയ

അമേരിക്കയില്‍ വിമാനമിറങ്ങുന്നവര്‍ മുസ്ലിം നാമധാരികളാണെങ്കില്‍ അവര്‍ പ്രത്യേകമായ നിരീക്ഷണത്തിലായിരിക്കും. വന്നിറങ്ങുന്നവര്‍ എത്ര പ്രാധാന്യമുള്ളവരാണെങ്കിലും അമേരിക്ക ശത്രു വിനെയെന്ന മട്ടിലാണ് അവരെ നോക്കുന്നത്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരെയും ലോക പ്രശസ്തരായ കലാകാരന്‍മാരെയും മുസ്ലിം നാമ ധാരികളായിപ്പോയി എന്ന ഒറ്റ കാരണത്താല്‍ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗം പ്രത്യേകമായ പരിശോധനക്ക് വിധേയമാക്കും. ഇന്ത്യയിലെ പല പ്രശസ്തരായ വ്യക്തികള്‍ക്കും ഇത്തരം തിക്താനുഭവമുണ്ടായിട്ടുണ്ട്. മാനഹാനി ഭയന്ന് ആരെയും അറിയിക്കാതെ പോരുന്നവരുമുണ്ട്. ഓരോ മുസ്ലിമും അമേരിക്കയെ ലക്ഷ്യം വച്ചിരിക്കുകയാണെന്ന ഫോബിയയാണ് അവിടത്തെ ഭരണസംവിധാനത്തിനുള്ളത്. ആ ഫോബിയ ജനങ്ങളിലേക്ക് പടര്‍ത്തുന്നതിന് ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യും. അതോടൊപ്പം ശക്തമായ ഇസ്ലാമികവിരുദ്ധ പ്രചാരവേലക്കും ഭരണകൂടം പലതരത്തില്‍ പിന്തുണ നല്‍കുകയും ചെയ്യും. ഇതിനായി കലയെയും സാഹിത്യത്തെയുമെല്ലാം ദുരുപയോഗപ്പെടുത്തും.
 
ഈ ചിന്താപദ്ധതിയില്‍തന്നെ ഉരുത്തിരിഞ്ഞ ഒന്നാണ് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന "ഇന്നസന്‍സ് ഓഫ് ഇസ്ലാം" എന്ന സിനിമ. പ്രവാചകന്റെ യഥാര്‍ഥ ജീവിതമെന്ന മട്ടില്‍ മോശമായി ചിത്രീകരിക്കുന്ന സിനിമയും ട്രെയിലറും അതിവേഗത്തിലാണ് യൂട്യൂബ് വഴി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിയത്. ഇത് വലിയ രോഷമാണ് ഇസ്ലാമിക വിശ്വാസികളില്‍ സൃഷ്ടിച്ചത്. എന്നാല്‍, തങ്ങളുടെ രാജ്യം എല്ലാ തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും അനുവദിക്കുന്നതാണെന്നും അതുകൊണ്ട് ഒരു തരത്തിലുള്ള ഇടപെടലും സാധ്യമല്ലെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വീകരിച്ചത്. തങ്ങളുടെ രാജ്യത്ത് നിലവിലുള്ള എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കാ നാണ് ഇസ്ലാം തങ്ങളെ ലക്ഷ്യമാക്കുന്നതെന്ന പഴയ പ്രസിഡന്റ്് ജോര്‍ജ് ബുഷിന്റെ വാക്കുകളുടെ തനിയാവര്‍ത്തനമാണ് ഒബാമയുടെ വാക്കുകളില്‍ തെളിഞ്ഞത്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യമെന്നുള്ളത് ഒരു രാജ്യത്തും അതിരുകളില്ലാത്ത പരമമായ സ്വാതന്ത്ര്യമല്ല. പൗരാവകാശങ്ങ ളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതനിന്ദ നടത്താനോ വംശീയമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിനോ ആര്‍ക്കും അവകാശമില്ല. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്ലാമിക നിന്ദയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് അമേരിക്ക ചെയ്തത്. ഇതിനു മുമ്പ് ഡാനിഷ് വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണും വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്ന രൂപത്തില്‍ അത് പുനഃപ്രസിദ്ധീകരിക്കുകയാണ് ഫ്രാന്‍സിലേയും സ്പെയിനിലേയും മാസികകള്‍ ചെയ്തത്. അത് തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉത്തമോദാഹരണമായി ഫ്രാന്‍സിലെ ഭരണാധികാരികളും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, അത്രയും വിശാലമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യത്ത് എന്തുകൊണ്ടാണ് സ്കൂള്‍ കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിച്ചതെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയും ചെയ്തു.

തട്ടവും ബുര്‍ഖയും ധരിക്കുന്നതിനുള്ള അവകാശത്തെ നിയമപരമായി നിരോധിക്കുന്നത് ഏതു സ്വാതന്ത്ര്യത്തിന്റെ പേരിലാണ്? പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമവും, അത് ധരിക്കുന്നതിനുള്ള സ്വാഭാവിക അവകാശത്തെ നിയമപരമായി നിരോധിക്കുന്നതും കുറ്റകരമാണ്. അമേരിക്കയുടെ ഇസ്ലാമിക വിരുദ്ധ മനോഭാവം അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുതന്നെ യാണ് കിടക്കുന്നത്. അതിനായി ഇസ്ലാമിന്റെ പേരിലുള്ള ഏതു ഭീകരവാദ സംഘടനയെ യും പിന്തുണയ്ക്കുന്നതിന് ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി അമേരിക്ക എല്ലാ സഹായവും നല്‍കി വളര്‍ത്തിയെടുത്തതാണ് താലിബാന്‍. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രിയപ്പെട്ടവനായിരുന്ന ഒസാമ പിന്നീട് എങ്ങനെയാണ് ശത്രുവായി മാറിയതെന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, അത്തരം പാഠങ്ങളില്‍നിന്നും അമേരിക്ക ഒന്നും പഠിക്കില്ലെന്നതിന്റെ ഏറ്റവും മികച്ച ഉദാഹര ണമാണ് ലിബിയയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജെ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിന്റെ കൊലപാതകം.
 
പാലുകൊടുത്തു വളര്‍ത്തിയവരുടെ ആയുധങ്ങള്‍ തനിക്കുനേരെ തിരിയുന്നതു കണ്ട് അതിന്റെ നയതന്ത്രവശങ്ങള്‍ ആലോചിക്കുന്നതിനുപോലും ക്രിസ്റ്റഫറിന് സമയം കിട്ടിയില്ല. ലിബിയയിലെ ഗദ്ദാഫി ഭരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടി അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സംഘട നകളെ വരെ പ്രോത്സാഹിപ്പിക്കുകയും എല്ലാ വിധത്തിലുള്ള സഹായം നല്‍കുകയും ചെയ്തത് അമേരിക്കയാണ്. ഇത്തരം സംഘട നകളുടെ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്നതില്‍ മുഖ്യ ചുമതല വഹിച്ച ലെയ്സണ്‍ ഓഫീസറായിരുന്നു ക്രിസ്റ്റഫര്‍. ഒടുവില്‍ അവര്‍തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു. ചരിത്രത്തിന്റെ രസകരമായ പ്രതികാരം. വിവിധ രാജ്യങ്ങളിലെ തെര ഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് ഏതു തരത്തിലുള്ള സംഘടനകളെയും പിന്തുണയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന മട്ടിലാണ് അമേരിക്ക നില കൊള്ളുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിറിയ. അഫ്ഗാനിസ്ഥാനിലെയും ഇപ്പോള്‍ ലിബിയയിലേയും അനുഭവങ്ങള്‍ ഒരു തരത്തിലും അവരെ അലോസരപ്പെടുത്തുന്നില്ല. സിറിയയില്‍ കഴിഞ്ഞ സെപ്തംബര്‍ 26നു മാത്രം 350 പേരാണ് കൊല്ലപ്പെട്ടത്. അത് സിറിയയില്‍നിന്ന് അയല്‍ രാജ്യമായ ഇറാക്കിലേക്കും പടരുന്നുണ്ട്.

ഒരു ദിവസം മാത്രം ഇറാക്കില്‍ 29 ബോംബാക്രമണങ്ങളാണ് വിവിധ നഗരങ്ങളിലുണ്ടായത്. അമേരിക്ക അധിനിവേശത്തിലൂടെ സ്ഥാപിച്ച സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല അവിടത്തെ സാഹചര്യം. ഈ സര്‍ക്കാര്‍ ഇപ്പോള്‍ പല പ്രശ്നങ്ങളിലും അമേരിക്കയുമായി തര്‍ക്കത്തിലാണ്. കഴിഞ്ഞ നാലുമാസത്തിനുളളില്‍ മുപ്പതിനായിരത്തിലധികമാളുകളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി തുര്‍ക്കിയിലും ജോര്‍ദാനിലുമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ഖത്തറിലൂടെയും തുര്‍ക്കിയിലൂടെയും പണവും ആയുധവും നല്‍കി കലാപകാരികളെ സഹായിക്കുന്നത് അമേരിക്കയാണ്. സിറിയയില്‍ കലാപം പടര്‍ത്തുന്നതില്‍ വിജയിച്ച അമേരിക്ക അതിനായി അല്‍ഖ്വയ്ദ പോലുള്ള സംഘങ്ങളെ വരെ ഉപയോഗിക്കുന്നു. അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ സംഘടനകള്‍ക്ക് സിറിയയില്‍ അവരുടെ സഹായം തേടുന്നതിന് മടിയില്ലെന്നതും ശ്രദ്ധേയം. ഇസ്ലാമിക വിരുദ്ധ സിനിമ ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയവര്‍ ലോകബാങ്കിനും ഐഎംഎഫിനുമെതിരെ മുദ്രാവാക്യം വിളിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമ്പ ത്തികനയത്തിനെതിരായ അമര്‍ഷ ത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. യഥാര്‍ഥ ബദല്‍ മുന്നോട്ടുവയ്ക്കുന്നതിന് എത്രമാത്രം കഴിയുന്നുവെന്ന ചോദ്യമാണ് ചരിത്രത്തിന്റെ ഗതിയെ വ്യക്തമാക്കുന്ന ഉത്തരത്തിലേക്ക് നയിക്കുന്നത്.

*
 പി രാജീവ് ദേശാഭിമാനി

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല

പ്രബുദ്ധതയിലും ജീവിതനിലവാരത്തിലും കേരളത്തെ ലോകത്തിന്റെതന്നെ മുന്‍നിരയില്‍ എത്തിച്ചത് മലയാളിയുടെ സംഘടിത പോരാട്ടങ്ങളും അതിന് നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളുമാണ്. അതില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ളത്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെയുമെല്ലാം വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം നിര്‍ണായക പങ്കുവഹിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തിലെ സുപ്രധാന കണ്ണിയായിരുന്നു ഈ പ്രസ്ഥാനം.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞം ആരംഭിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് ആ രംഗത്തെ പ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഗ്രന്ഥശാലാ സംഘം നേടി. രണ്ട് നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുണ്ട് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്. ജനകീയ പ്രസ്ഥാനങ്ങളുടെ മുന്‍കൈയോടൊപ്പം ഗ്രന്ഥശാലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഭരണാധികാരികളുടെ സഹായവും ഉണ്ടായതുകൊണ്ടാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക വേദിയായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ന്നത്. ഈ മഹല്‍സേവനത്തിന് വില കല്‍പ്പിക്കുന്ന സമീപനമല്ല സങ്കുചിത രാഷ്ട്രീയ വീക്ഷണം വച്ചുപുലര്‍ത്തുന്ന വലതുപക്ഷ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ ഗ്രാന്റുകള്‍ നിഷേധിച്ച് ഇതിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ പലപ്പോഴും അവര്‍ ശ്രമിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവവും കവര്‍ന്നെടുക്കപ്പെട്ടു. ഒന്നര പതിറ്റാണ്ടിലേറെ വേണ്ടിവന്നു അത് വീണ്ടെടുക്കാന്‍. 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരും മുന്‍ഗാമികളുടെ പാതതന്നെയാണ് പിന്‍തുടരുന്നത്. സ്വയംഭരണ സ്ഥാപനമായ ലൈബ്രറി കൗണ്‍സിലിന്റെ നിയമാധിഷ്ഠിത അധികാരങ്ങളില്‍ കടന്നുകയറി ദൈനംദിന ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കൗണ്‍സിലിന് പ്രത്യേക സഹായമായി പ്രഖ്യാപിച്ച ഒരു കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇല്ലാതായി. കേന്ദ്രാവിഷ്കൃത പദ്ധതിയായ രാജാറാം മോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ സര്‍ക്കാരിനു വേണ്ടി രണ്ടുവര്‍ഷമായി കൗണ്‍സില്‍ അടച്ച രണ്ടു കോടി രൂപ തിരിച്ചു നല്‍കിയിട്ടില്ല. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതി- പദ്ധതിയിതര ഗ്രാന്റുകളായി 15.5 കോടി രൂപ ലൈബ്രറി കൗണ്‍സിലിന് വകയിരുത്തിയിരുന്നെങ്കിലും ഏഴുമാസം പിന്നിടാറായിട്ടും അതിന്റെ ഒരു ഗഡുപോലും അനുവദിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് യഥാസമയം അപേക്ഷകള്‍ സമര്‍പ്പിച്ചുവെങ്കിലും അകാരണമായി ഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നു. ഇതുമൂലം ലൈബ്രറികള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും നല്‍കാന്‍ കഴിയുന്നില്ല. ലൈബ്രറി സെസ് ഇനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍വഴി ലഭിച്ച തുക ഉപയോഗിച്ചാണ് ഇതുവരെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിച്ചത്. അത് തീര്‍ന്നതോടെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങി. നിത്യച്ചെലവുകള്‍ക്ക് വകയില്ലാതെ കൗണ്‍സില്‍ പ്രവര്‍ത്തനം പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍മ പരിപാടിയില്‍ ഉള്‍പ്പെട്ട ജയില്‍, ജുവനൈല്‍ ഹോം, ഹോസ്പിറ്റല്‍, ഓര്‍ഫനേജ്, മോഡല്‍ വില്ലേജ്, അക്കാദമിക്, ഹെര്‍മിറ്റേജ് ലൈബ്രറി പദ്ധതികള്‍ക്ക് ഭരണാനുമതിയും ഫണ്ടും ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം തുക ലാപ്സാകാനാണ് സാധ്യത. ഇതുമൂലം അടുത്ത വര്‍ഷം ഈ പദ്ധതികള്‍ക്ക് ആസൂത്രണ കമീഷന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യും. പബ്ലിക് ലൈബ്രറീസ് ആക്ട് സെക്ഷന്‍ 48 അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചുമത്തുന്ന കെട്ടിട നികുതിയുടെയോ വസ്തു നികുതിയുടെയോ മേല്‍ ഒരു രൂപയ്ക്ക് 5 പൈസ തോതില്‍ സര്‍ചാര്‍ജായി ലൈബ്രറി സെസ് ലൈബ്രറി കൗണ്‍സിലിന് നല്‍കാന്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പരിമിതമായ ഗ്രാന്റിന്റെ വരവുകൊണ്ടുമാത്രം ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം തുടര്‍ന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലൈബ്രറി സെസ് തുക ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജീവശ്വാസമായി തീരുന്നുണ്ട്. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള ശ്രമമാണ് പി ടി തോമസ് എംപി അധ്യക്ഷനായ, സാംസ്കാരിക നയം ആവിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ. ലൈബ്രറി സെസിലെ ലൈബ്രറി കൗണ്‍സിലിനുള്ള വിഹിതം ഒരു ശതമാനമാക്കി കുറയ്ക്കണമെന്നാണ് ഈ കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സാംസ്കാരിക പ്രവര്‍ത്തകരും ഗ്രന്ഥശാലാ പ്രവര്‍ത്തകരും നിയമസഭാ സാമാജികരും നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ദൂരക്കാഴ്ചയോടെ നടപ്പാക്കിയ ഒരു നിയമത്തെ നിര്‍ദയം അട്ടിമറിക്കാനും ജനകീയ പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ഹീനമായ ശ്രമമാണ് ഇത്. ഇത് കേരളത്തിലെ പുസ്തക പ്രസാധന മേഖലയെയും ആനുകാലിക പ്രസിദ്ധീകരണ മേഖലയെയും തളര്‍ത്തും.

കേരളത്തിലെ ഗ്രന്ഥശാലകള്‍ സംസ്ഥാനത്തെ പുസ്തക വിപണിയില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് ഏകദേശം ഇരുപത് കോടി രൂപയാണ്. സര്‍ക്കാര്‍ ഗ്രാന്റ് അപര്യാപ്തമായ അവസ്ഥയില്‍ ലൈബ്രറി സെസ് കൂടി പരിമിതപ്പെടുന്നതോടെ ഗ്രന്ഥശാലകളുടെ പുസ്തക ഗ്രാന്റ് ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും. ദിനപത്രങ്ങളും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങുന്നതിനുള്ള ഗ്രന്ഥശാലകളുടെ പ്രാപ്തി ദുര്‍ബലമാകും. സാംസ്കാരിക നയരൂപീകരണ സമിതിയുടെ കരടിലെ നിര്‍ദേശങ്ങളിലൊന്നായ, സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി സാംസ്കാരിക ഉപദേശക സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനത്തെ ഗ്രന്ഥശാലകളിലും അവയില്‍നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുത്തുവന്ന താലൂക്ക്- ജില്ല- സംസ്ഥാന ഭരണ സംവിധാനങ്ങളിലും ഇടതുപക്ഷത്തിനുള്ള മേല്‍ക്കൈയാണ് ഈ പകപോക്കലിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിലെ ഒന്നാമത്തെ പാര്‍ടി ആയതിനും അവര്‍ വായനശാലകളും ഗ്രന്ഥശാലകളും അടക്കമുള്ള സാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നതിനും അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മഹത്തായ ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഭാവമെങ്കില്‍ ഇതിനായി ജീവിതം ഉഴിഞ്ഞുവച്ച പതിനായിരക്കണക്കായ പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കില്ലെന്നും കേരളീയ സമൂഹം കേവലം കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്നുമുള്ള പാഠം സമീപകാലാനുഭവങ്ങളില്‍ നിന്ന് സംസ്ഥാന ഭരണാധികാരികള്‍ പഠിച്ചാല്‍ നന്ന്.

*
ദേശാഭിമാനി മുഖപ്രസംഗം

Friday, October 26, 2012

പ്രവാചകനിന്ദയുടെ മാനങ്ങള്‍

പ്രകോപനങ്ങള്‍ അര്‍ഹിക്കുന്നത് അവഗണന മാത്രമാണ്. വിശ്വാസികള്‍ പ്രകോപിതരാവുന്നില്ല എന്നുകണ്ടാല്‍ പിന്നെ അത്തരം പണിയെടുക്കാന്‍ ആളുണ്ടാവില്ല


പല രാജ്യങ്ങളില്‍ പ്രതിഷേധത്തിനും തര്‍ക്കത്തിനും വഴിവെച്ച 'മുസ്‌ലിങ്ങളുടെ നിരപരാധിത്വം' (ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്: 2012) എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട അനേകലക്ഷം ആളുകളില്‍ ഞാനും പെടും. ആ ഭാഗംവെച്ച് തന്നെ സിനിമ ദുരുദ്ദേശ്യപൂര്‍വം ഉണ്ടാക്കിയതാണ് എന്ന് ഏത് പൊട്ടനും മനസ്സിലാവും. മുഹമ്മദ് നബിയെ നിന്ദിക്കുന്നതിലൂടെ മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുക; സമുദായങ്ങള്‍ തമ്മില്‍ കലഹം ഉണ്ടാക്കുക എന്നതുതന്നെയാണ് ഉദ്ദേശ്യം.

ചെറിയൊരു വിഭാഗം വിശ്വാസികള്‍ പ്രകോപിതരായി. ആ കൂട്ടത്തില്‍ ഒരു വിഭാഗമാണ് ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതിയെ കൊന്നുകളഞ്ഞത്; മറ്റൊരു വിഭാഗമാണ് പാകിസ്താനില്‍ അക്രമാസക്തമായി ജാഥ നടത്തി നിരവധി മരണത്തിന് ഇടയാക്കിയത്.

അങ്ങനെ ഹാലിളകിയതിലൂടെ അവര്‍ സിനിമയെ സഹായിച്ചു. ''മുസ്‌ലിങ്ങള്‍ മതവികാരത്തിന്റെ പേരില്‍ എന്തക്രമവും കാണിക്കാന്‍ മടിക്കാത്ത ക്രൂരന്മാരാണ്'' എന്ന സിനിമയുടെ തെറ്റായ സന്ദേശം ശരിയാവാന്‍ സാധ്യതയുണ്ട് എന്ന തോന്നലുണ്ടാക്കി.

ഈ സിനിമക്കാരനെപ്പോലെ മനോവൈകൃതമുള്ള ആളുകള്‍ ഇടയ്ക്ക് നബിയെ നിന്ദിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കും; അല്ലെങ്കില്‍ ഖുര്‍ആന്‍ കത്തിക്കും; അതുമല്ലെങ്കില്‍ പ്രകോപനമുണ്ടാക്കുന്ന വേറെ വല്ലതും ചെയ്യും. അവയൊക്കെ അര്‍ഹിക്കുന്നത് അവഗണന മാത്രമാണ്; പ്രതിഷേധം പോലുമല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് വേണം. വിശ്വാസികള്‍ പ്രകോപിതരാവുന്നില്ല എന്നുകണ്ടാല്‍ പിന്നെ അത്തരം പണിയെടുക്കാന്‍ ആളുണ്ടാവില്ല.

ഒരു കാര്‍ട്ടൂണിസ്റ്റോ സിനിമക്കാരനോ വിചാരിച്ചാല്‍ മുഹമ്മദ് നബിയെ അവമാനിക്കാന്‍ സാധിക്കുകയില്ല; മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള ഉന്നതമായസ്ഥാനം നഷ്ടപ്പെടുത്താനാവുകയില്ല. ഈ ഉറപ്പുള്ള ആരും ഇങ്ങനെ വിരോധംകൊണ്ട് കത്തിക്കാളുകയില്ല.

ഒന്നാലോചിച്ചുനോക്കൂ: അമേരിക്കയിലെ ഒരു മുസ്‌ലിംവിരോധി സിനിമയുണ്ടാക്കിയതിന് പാകിസ്താനില്‍ മുസ്‌ലിങ്ങള്‍ പരസ്​പരം വെട്ടിക്കൊല്ലുന്നതെന്തിനാണ്? അതുകൊണ്ട് പ്രവാചകനോ മതത്തിനോ ദോഷമല്ലാതെ ഗുണം വല്ലതുമുണ്ടോ? സിനിമ നബിക്ക് ദുഷ്‌പ്പേരുണ്ടാക്കി എന്നാണെങ്കില്‍ ഈ അക്രമങ്ങള്‍ ആ ദുഷ്‌പ്പേര് ഇല്ലാതാക്കുമോ? സല്‍പ്പേര് ഉണ്ടാക്കിക്കൊടുക്കുമോ? ഇത് പ്രവാചകന് പുതിയ ദുഷ്‌പ്പേരുണ്ടാക്കും. കഷ്ടം! വെറുപ്പ് ഉത്പാദിപ്പിക്കുന്ന ആ സിനിമയും അക്രമം ഉത്പാദിപ്പിക്കുന്ന ഈ പ്രതിഷേധവും പ്രവാചകന് ചീത്തപ്പേരുണ്ടാക്കുക എന്ന ഒറ്റപ്പണിയാണ് രണ്ടു വഴിക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.

സല്‍മാന്‍ റുഷ്ദിയുടെ 'പൈശാചികപദ്യങ്ങള്‍' (സാത്താനിക് വേഴ്‌സസ്: 1988) എന്ന നോവലിന് ലോകശ്രദ്ധ നേടിക്കൊടുത്തതും കോടിക്കണക്കിന് കോപ്പികളുടെ പ്രചാരം ഉണ്ടാക്കിക്കൊടുത്തതും അനവധി നാടുകളില്‍ ഉയര്‍ന്ന വന്‍പ്രതിഷേധമാണ്. റുഷ്ദിക്ക് മരണം വിധിച്ചുകൊണ്ട് ഇറാനികളുടെ ആത്മീയനേതാവ് ആയത്തുല്ലാ ഖുമൈനി പുറപ്പെടുവിച്ച മതവിധി (ഫത്‌വ: 14 ഫിബ്രവരി 1989) അത് ആളിക്കത്താന്‍ കാരണമായി. ഇന്ത്യയും പാകിസ്താനുമടക്കം എത്രയോ രാജ്യങ്ങളില്‍ അക്രമം മുറ്റിയ വന്റാലികള്‍ നടന്നു. എത്രയോ മനുഷ്യജീവന്‍ നഷ്ടമായി; എത്രയോ കോടി രൂപയുടെ സ്വത്ത് നശിച്ചു. ഇതുകൊണ്ടൊക്കെ എന്താണ് ഫലം എന്ന് ആലോചിച്ചില്ല. പില്‍ക്കാലത്ത് ആലോചിച്ചുവോ? കണക്കില്ലാത്ത പേരും പണവും കിട്ടി എന്നല്ലാതെ റുഷ്ദിക്ക് വല്ല ദോഷവും ഉണ്ടായോ? ഇസ്‌ലാമികസംസ്‌കാരത്തിനും മുഹമ്മദ് നബിക്കും അതുകൊണ്ട് ഉണ്ടായത് സല്‍ക്കീര്‍ത്തിയോ ദുഷ്‌ക്കീര്‍ത്തിയോ?

ആ ചരിത്രത്തില്‍നിന്ന് മതത്തിന്റെ പേരില്‍ വികാരംകൊള്ളുന്ന കൂട്ടര്‍ കാര്യമായൊന്നും പഠിച്ചില്ല എന്ന് ഇപ്പോഴത്തെ സിനിമാബഹളം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

വികാരമല്ല, വിവേകമാണ് മതം.

ഇപ്പറഞ്ഞതിലേക്ക് സമീപകാല ചരിത്രത്തില്‍നിന്ന് ഒരനുഭവം:

കുറച്ചുകാലം അഫ്ഗാനിസ്താനില്‍ വാഴ്ചകൊണ്ടിരുന്ന താലിബാന്‍ എന്ന ഭീകരസംഘം അവിടെ ബാമിയാന്‍ കുന്നുകളില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ബുദ്ധപ്രതിമകള്‍ ഡയനാമിറ്റ് വെച്ച് തകര്‍ത്തു (2001). ആലോചിച്ച്, പദ്ധതി തയ്യാറാക്കി, മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആ നശീകരണം ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയിലെ തീവ്രവാദികള്‍ ബാബ്‌റിപള്ളി തകര്‍ത്തതു (1992) പോലുള്ള ഹീനകൃത്യമാണ്. സാമുദായികകലാപം ഉണ്ടാക്കാനുള്ള പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യ, ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക മുതലായ അനേകം രാജ്യങ്ങളില്‍ അധിവസിച്ചുവരുന്ന കോടിക്കണക്കായ ബുദ്ധമതവിശ്വാസികളില്‍ ഒരാള്‍പോലും അതിനെതിരായി ഒരക്രമവും പ്രവര്‍ത്തിക്കുകയുണ്ടായില്ല. ഒരു മുസ്‌ലിമിന്റെ സ്റ്റേഷനറിപ്പീടികപോലും ഒരു രാജ്യത്തും ഒരു ബുദ്ധമതക്കാരനും എറിഞ്ഞു തകര്‍ത്തില്ല! ആ പ്രതിമയാണ് ബുദ്ധന്‍ എന്നാണ് താലിബാന്‍ വിചാരിച്ചത്. ബുദ്ധന്‍ പ്രതിമയല്ല എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കറിയാമായിരുന്നു. പ്രകോപനമുണ്ടാക്കുന്നതില്‍ താലിബാന്‍ പരാജയപ്പെട്ടത് ബുദ്ധമതക്കാരുടെ വിവേകം കൊണ്ടാണ്. അങ്ങനെ താലിബാന്‍ തോല്‍ക്കുകയും ബുദ്ധന്റെ മൗനമന്ദഹാസം വിജയിക്കുകയും ചെയ്തു!


***

ഇത്തരം പ്രതിഷേധങ്ങളില്‍, ഭാഗ്യവശാല്‍, കേരളത്തില്‍ അക്രമങ്ങളൊന്നും പതിവില്ല. യോഗം, ലേഖനം, പ്രകടനം മുതലായവ മാത്രമേ ഉണ്ടാകാറുള്ളൂ. ഇപ്പോഴും അതേ ഉണ്ടായുള്ളൂ. അതിനിടയില്‍ ഉയര്‍ന്നുകേട്ട ''സിനിമ നിരോധിക്കണം'', ''അതിന്റെ ചില ഭാഗങ്ങള്‍ കാണിക്കുന്ന യൂട്യൂബ് നിരോധിക്കണം'' തുടങ്ങിയ പതിവ് ആവശ്യങ്ങള്‍ നമുക്ക് അവഗണിക്കാം എന്നുവെക്കുക.

അക്രമം പാടില്ലെന്നുപറഞ്ഞ സമുദായനേതാക്കന്മാരും മതപണ്ഡിതന്മാരും പത്രാധിപന്മാരും ഉന്നയിച്ച ഒരാവശ്യം പ്രവാചകനിന്ദ, മതനിന്ദ തുടങ്ങിയവ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും അത് ചെയ്യുന്നവരെ നിയമവ്യവസ്ഥയുടെ മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നും ആണ്.

വളരെ ലളിതം എന്ന് തോന്നാനിടയുള്ള ഈ നിലപാട് സങ്കീര്‍ണമാണ്. പ്രവാചകനിന്ദ, മതനിന്ദ മുതലായവ നിര്‍വചിക്കുന്നതും മനസ്സിലാക്കുന്നതും അത്ര എളുപ്പമല്ല. കാര്യം തിരിയാന്‍ സഹായിക്കുന്ന ഒരൊറ്റ ഉദാഹരണം പറയാം-

കേരളത്തിലെ സുന്നിമുസ്‌ലിങ്ങളില്‍ ഒരു വിഭാഗം മുഹമ്മദ് നബിയുടെ തിരുമുടി സ്ഥാപിക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലയില്‍ വലിയൊരു പള്ളി പണിയാന്‍ പോവുകയാണ്.

ആ 'മുടിപ്പള്ളി' അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കും എന്ന് ചില രാഷ്ട്രീയ നേതാക്കന്മാര്‍ വിമര്‍ശിച്ചപ്പോള്‍ 'പ്രവാചകനിന്ദ' എന്ന് ആക്ഷേപിക്കപ്പെട്ടു.

സുന്നികളിലെ തന്നെ മറ്റൊരു വിഭാഗം മുടി വ്യാജമാണ് എന്നും അത് സ്ഥാപിക്കുന്നതിലൂടെ പ്രവാചകന്‍ നിന്ദിക്കപ്പെടുകയാണ് എന്നും വാദിക്കുന്നു.

മുജാഹിദ് വിഭാഗം വാദിക്കുന്നു: മുടി പ്രവാചകന്റേതാണെങ്കില്‍ത്തന്നെ സ്ഥാപിക്കരുത്; അത്തരം തിരുശേഷിപ്പുകള്‍ പുണ്യവസ്തുക്കളാക്കുന്നത് പ്രവാചകന്‍ എതിര്‍ത്ത ബിംബാരാധനയ്ക്ക് മുസ്‌ലിങ്ങള്‍ക്കിടയില്‍ സ്ഥാനം നല്‍കും. അത് പ്രവാചകനിന്ദയാണ്.

ഇതില്‍ ആരാണ് പ്രവാചകനെ നിന്ദിക്കുന്നത് എന്ന് എങ്ങനെ തീര്‍പ്പാക്കും? ഒരു കൂട്ടരുടെ വന്ദനമാണ് വേറെ കൂട്ടരുടെ നിന്ദനം! ഇതിലൊന്നും സര്‍ക്കാറിനോ കോടതിക്കോ വിധികല്പിക്കാന്‍ ആവുകയില്ല. എല്ലാ അഭിപ്രായഭേദങ്ങളെയും ഒരേപോലെ പുലരാന്‍ വിടുക എന്നതുമാത്രമേ ജനാധിപത്യവ്യവസ്ഥയ്ക്ക് സാധ്യമാവുകയുള്ളൂ.

***

ആര്‍ക്കും മനസ്സിലാവുന്നപോലെ, താലിബാന്റെ ആ പ്രതിമാനശീകരണം പ്രവാചകനെയും ഇസ്‌ലാംമതത്തെയം നിന്ദിക്കുന്ന പ്രവൃത്തിയാണ്. അന്യമതസ്ഥരുടെ ആരാധനാരീതികളെ പുച്ഛിക്കരുത് എന്നും അവരുടെ ആരാധനാലയങ്ങളെ മാനിക്കണം എന്നും പഠിപ്പിക്കുന്ന ഖുര്‍ആന്റെ പേരിലാണ് അത് ചെയ്തത് എന്നതുതന്നെ കാരണം. ഈ മതനിന്ദയ്‌ക്കെതിരായി കേരളത്തിലെ വിശ്വാസികള്‍ വല്ലതും ചെയ്തിരുന്നുവോ?

ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കിയ താലിബാന്‍ കാലത്ത് (സപ്തംബര്‍ 1996- ഒക്ടോബര്‍ 2001) അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് വിദ്യയും തൊഴിലും സാമൂഹികജീവിതവും എല്ലാം നിഷേധിച്ചു. അതൊക്കെ 'അനിസ്‌ലാമികം' ആണ് എന്നായിരുന്നു ആ ഭീകരഭരണകൂടത്തിന്റെ വിധി. 'വായിക്കുക' എന്നു പറഞ്ഞുകൊണ്ടാണ് ഖുര്‍ആന്‍ ആരംഭിക്കുന്നത്. ''വിദ്യ അഭ്യസിക്കല്‍ നിര്‍ബന്ധമാണ്'' എന്ന് വിധിച്ചേടത്ത് ഖുര്‍ആന്‍ ആണ്‍ പെണ്‍ഭേദം കല്പിച്ചിട്ടില്ല. യുദ്ധയാത്രയില്‍പ്പോലും ഭാര്യ ആയിശാബീവിയെ മുഹമ്മദ് നബി ഒപ്പം കൂട്ടിയിരുന്നു. ഇതൊക്കെയായിട്ടും ഈ മതനിന്ദയ്‌ക്കെതിരില്‍ പ്രതിഷേധിക്കാന്‍ നമ്മുടെ നാട്ടില്‍ വിശ്വാസികളുണ്ടായില്ല!

ഏറ്റവും പുതിയ അനുഭവം നോക്കൂ - പാകിസ്താനിലെ പഴയ സാംസ്‌കാരികകേന്ദ്രമായ സ്വാത് താഴ്‌വാരത്തിലെ സ്ത്രീവിദ്യാലയങ്ങള്‍ താലിബാന്‍ ബോംബിട്ട് തകര്‍ത്തു. ഇപ്പോള്‍ സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി നടക്കുന്ന പൗരാവകാശശ്രമങ്ങളെ പിന്തുണച്ച് ബ്ലോഗും ഡയറിയും എഴുതിയ മലാല യൂസഫ് സായി എന്ന പെണ്‍കുട്ടിയുടെ തല താലിബാന്‍ വെടിവെച്ച് തകര്‍ത്തിരിക്കുന്നു. ബ്രിട്ടനിലെ ചികിത്സാലയത്തില്‍ സ്വന്തം ജീവനുവേണ്ടി പിടയുകയാണ് പതിന്നാല് വയസ്സുമാത്രം പ്രായമുള്ള ആ പാവം പെണ്‍കുട്ടി...

ആരുടെ മതമാണ് ഇസ്‌ലാം? താലിബാന്റെയോ, മലാലയുടെയോ?

സ്ത്രീവിദ്യാഭ്യാസത്തെ ഹറാമാക്കിയതിലൂടെയും സ്ത്രീവിദ്യാലയങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിലൂടെയും മലാലയെ വെടിവെച്ചതിലൂടെയും താലിബാന്‍ ആവിഷ്‌കരിച്ച 'മതനിന്ദ' എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ വിശ്വാസികളെ ഇളക്കിമറിക്കാത്തത്?

തമാശതന്നെ, താലിബ്' എന്ന അറബിവാക്കിന് വിദ്യാര്‍ഥി' എന്നാണര്‍ഥം. തുര്‍ക്കി ഭാഷയിലെ ബഹുവചനപ്രത്യയം കൂട്ടിച്ചേര്‍ത്താണ് 'വിദ്യാര്‍ഥികള്‍' എന്ന അര്‍ഥത്തില്‍ 'താലിബാന്‍' എന്ന് പ്രയോഗിക്കുന്നത്. വനിതാവിദ്യാഭ്യാസത്തെ നിരോധിക്കുന്ന സംഘം എങ്ങനെയാണാവോ 'വിദ്യാര്‍ഥികളാ'വുക?

അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റ് വാഴ്ച (1979)യെ ആയുധംകൊണ്ട് തുരത്തുന്നതിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടി അമേരിക്കയുടെ മുന്‍കൈയില്‍ ആരംഭിച്ച 'മതപാഠശാലകള്‍' ഉത്പാദിപ്പിച്ച ഭീകരവാദികളാണ് താലിബാന്‍. അവര്‍ ഇസ്‌ലാം മതം പഠിച്ചത് ഖുര്‍ആനില്‍നിന്നോ നബിചര്യയില്‍നിന്നോ അല്ല; അമേരിക്കയില്‍ നിന്നാണ്. യാഥാസ്ഥിതികതയും മരണസന്നദ്ധതയും ഹിംസയും ഇസ്‌ലാമികജിഹാദിന്റെ പേരില്‍ അവരെ പഠിപ്പിച്ചെങ്കില്‍ മാത്രമേ അന്ന് അമേരിക്കയുടെ കാര്യം നടക്കുമായിരുന്നുള്ളൂ. അതു നടന്നു. എന്തു ചെയ്യാം, മൂന്നു പതിറ്റാണ്ടായിട്ടും താലിബാന്റെ ആ കലി ഇറങ്ങിയിട്ടില്ല.

മതഭീകരവാദിക്ക് മറ്റെന്തു മനസ്സിലായാലും മതം മനസ്സിലാവുകയില്ല.


*****

എം.എന്‍. കാരശ്ശേരി , കടപ്പാട് : മാതൃഭൂമി

Thursday, October 25, 2012

മെട്രോ റെയില്‍ അഴിമതി ഖനിയോ?

 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതി പാളത്തില്‍ കയറുംമുമ്പേ അതിനു പിന്നില്‍ ചിറകുവിരിച്ച അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവരികയാണ്. കേന്ദ്ര-സംസ്ഥാന ഭരണനേതൃത്വവും ഉന്നത ഐഎഎസ് ലോബിയും ഉദ്യോഗസ്ഥവൃന്ദവും കൈകോര്‍ത്ത് ബൃഹത്തായ ഒരു പദ്ധതിയുടെ പിന്നാമ്പുറത്ത് അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ആസൂത്രണം ചെയ്ത ഗൂഢപദ്ധതികളാണ് ഇതിനകം വെളിപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് രാജ്യം ആദരവോടെ കാണുന്ന ടെക്നോക്രാറ്റ് ഇ ശ്രീധരനെതിരെ ടോം ജോസ് എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എഴുതിയ അപമാനകരമായ കത്ത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി സ്ഥാനത്തു നിന്ന് പുറത്തുപോകേണ്ടി വന്ന ഒരു ഉദ്യോഗസ്ഥന്റെ വഴിവിട്ട രോഷപ്രകടനമായി ഇതിനെ കാണാനാകില്ല. കെഎംആര്‍എല്ലിന്റെ എംഡി സ്ഥാനത്തിരിക്കെ കേന്ദ്ര- സംസ്ഥാന ഭരണനേതൃത്വത്തിനു വേണ്ടി ചെയ്തുവന്ന കങ്കാണി പ്പണിയുടെ തുടര്‍ച്ച തന്നെയാണ് ഇത്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചി നഗരത്തിന് ഒരുപരിധിവരെ ആശ്വാസമാകുന്ന മെട്രോ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. 2005ല്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ 2012 വരെ കാത്തിരിക്കേണ്ടിവന്നു. അപ്പോഴേക്കും പദ്ധതിച്ചെലവ് 2000 കോടിയില്‍ നിന്ന് 5146 കോടിയായി ഉയര്‍ന്നതല്ലാതെ മെച്ചമൊന്നുമുണ്ടായില്ല. നിരവധി കടമ്പ കടന്ന് ജൂലൈ മൂന്നിന് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ സെപ്തംബര്‍ 13നു പ്രധാനമന്ത്രി നിര്‍വഹിച്ചു. അതിനുശേഷം ഒന്നരമാസം കടന്നുപോയിട്ടും മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഒരു കല്ല് പോലും എടുത്തുവയ്ക്കാനായിട്ടില്ലെന്നത് യാദൃശ്ചികമല്ല. ഇതിനിടെ, മെട്രോ നിര്‍മാണം വൈകുന്ന ഓരോ ദിവസവും 40 ലക്ഷം രൂപ നഷ്ടപ്പെടുന്നുവെന്ന് ഇ ശ്രീധരന്‍ ഓര്‍മിപ്പിച്ചു.

നാണയപ്പെരുപ്പത്തിന്റെയും ഡോളര്‍ വില നിലവാരത്തിന്റെയും പുതിയ നിരക്കനുസരിച്ച് മെട്രോ വൈകുന്നതിലൂടെയുണ്ടാകുന്ന പ്രതിദിന നഷ്ടം 60-65 ലക്ഷമായി ഉയര്‍ന്നതായും അടുത്തിടെ ഇ ശ്രീധരന്‍ പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ഡിഎംആര്‍സി തയ്യാറാക്കി സമര്‍പ്പിച്ച കരട് ധാരണാപത്രം എത്രയും വേഗം ഒപ്പിടണമെന്ന് അദ്ദേഹം അടിക്കടി ആവശ്യപ്പെട്ടു. കരാര്‍ ഒപ്പിട്ടാല്‍ ഒരാഴ്ചയ്ക്കകം നിര്‍മാണം തുടങ്ങുമെന്നും നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്നിട്ടും അതിനുള്ള നടപടികളെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മാത്രം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെട്രോക്ക് കേന്ദ്രാനുമതി വൈകിപ്പിച്ച യുഡിഎഫ്, തങ്ങള്‍ അധികാരത്തിലെത്തിയ ശേഷവും പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കി മെട്രോ നിര്‍മാണം ഏറ്റെടുക്കാനായിരുന്നു നീക്കം. നിര്‍മിച്ച് കൈമാറുന്ന വ്യവസ്ഥയില്‍ പദ്ധതിയൊന്നാകെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ലോകത്തെ തന്നെ ഒരേയൊരു സ്ഥാപനമായ ഡിഎംആര്‍സി കൊച്ചി മെട്രോയില്‍ ഉള്‍പ്പെടുന്നത്, തങ്ങള്‍ ഉന്നമിടുന്ന അവിഹിത സാമ്പത്തിക ഇടപാടുകള്‍ക്ക് തടസ്സമാകുമെന്ന് ഇവര്‍ക്കറിയാം. ഡിഎംആര്‍സി ഒഴിവായാല്‍ പദ്ധതി ചെലവിന്റെ മുക്കാല്‍ പങ്കും വിനിയോഗിക്കേണ്ടിവരുന്ന വിദേശ പര്‍ച്ചേസിലൂടെയും സ്വകാര്യ കമ്പനികള്‍ക്ക് വീതംവയ്ക്കുന്ന കരാര്‍ ജോലിയിലൂടെയും കൈവരുന്നത് ശതകോടികളുടെ കമീഷനാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടോം ജോസിനെ എംഡി സ്ഥാനത്ത് അവരോധിച്ച് 2011 ആഗസ്തില്‍ കെഎംആര്‍എല്‍ രൂപീകരിച്ചതോടെ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള ഈ ഗൂഢനീക്കത്തിനു തുടക്കമായി.

കെഎംആര്‍എല്‍ അക്കൗണ്ടുകള്‍ കൊല്ലത്തെ പുതുതലമുറ ബാങ്കില്‍ നിക്ഷേപിച്ച് ടോം ജോസ് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന പ്രതിനിധികള്‍ മാത്രം ഉള്‍പ്പെട്ട കെഎംആര്‍എല്ലിന്റെ കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന മൂന്നാമത് യോഗത്തിലായിരുന്നു ഡിഎംആര്‍സിക്കെതിരായ ആദ്യനീക്കം. പദ്ധതിക്ക് ആവശ്യമായ ജപ്പാന്‍ വായ്പ ലഭിക്കാന്‍ ആഗോള ടെന്‍ഡര്‍ വേണമെന്നായിരുന്നു ബോര്‍ഡ് തീരുമാനം. ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്ത് കൈക്കൊണ്ട യോഗതീരുമാനപ്രകാരം ആഗോള ടെന്‍ഡറില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ടോം ജോസ് ഇ ശ്രീധരന് കത്തയച്ചത് വിവാദമായി. ഡിഎംആര്‍സി ഉണ്ടെങ്കില്‍ വായ്പ നല്‍കാമെന്ന് ജപ്പാന്‍ ഏജന്‍സിയായ ജൈക്ക ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ഇതിനിടെ, മന്ത്രിസഭയിലെ അധികാര വടംവലിയില്‍ ടോം ജോസിന് എംഡി സ്ഥാനം തെറിച്ചു. പുതിയ എംഡിയായി ആര്യാടന്‍ മുഹമ്മദിന്റെ കീഴിലുള്ള ഊര്‍ജ വകുപ്പിലെ ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു. തൊട്ടുപിന്നാലെ കേന്ദ്ര വിജിലന്‍സ് കമീഷന്റെ 2006ലെ ഉത്തരവ് ഉയര്‍ത്തിപ്പിടിച്ച് ഡിഎംആര്‍സിക്കെതിരെ വീണ്ടും കെഎംആര്‍എല്‍ രംഗത്തുവന്നു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കരാറിന് വിജിലന്‍സ് ഉത്തരവ് തടസ്സമല്ലെന്ന തീര്‍പ്പുണ്ടായതോടെ ആ നീക്കത്തിന്റെയും മുനയൊടിഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ 15ന് ഡിഎംആര്‍സിയുടെ ബോര്‍ഡ് യോഗം ചേര്‍ന്നതും ഡല്‍ഹിക്ക് പുറത്ത് നിര്‍മാണമേറ്റെടുക്കുന്നതിന് തടസ്സവാദങ്ങള്‍ ഉന്നയിച്ചതും. മെട്രോ നിര്‍മാണം അഴിമതിയില്ലാതെ, സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനും ഡിഎംആര്‍സിയും പദ്ധതിയില്‍ വേണമെന്നാണ് കേരളം കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന അച്ചുതണ്ട് പദ്ധതിയെ അടിമുടി അഴിമതിയില്‍ മുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും പ്രതിപക്ഷകക്ഷികളും ശക്തമായി പ്രതിരോധിക്കുന്നത്.

ഡിഎംആര്‍സിക്കും ശ്രീധരനും ലഭിക്കുന്ന ജനപിന്തുണ ഭയന്നു മാത്രമാണ് അവരെ ഒഴിവാക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടാത്തത്. പകരം ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള ഒളിപ്പോര്‍ തുടരുന്നു. ഡിഎംആര്‍സി തന്നെ മെട്രോ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗങ്ങളില്‍ തീരുമാനിച്ചതിന്റെ ഉത്തരവ് ഇറക്കാതിരുന്നതും കെഎംആര്‍എല്‍ ബോര്‍ഡിന്റെ രണ്ടു യോഗത്തിലും സംസ്ഥാന പ്രതിനിധികള്‍ മന്ത്രിസഭാ തീരുമാനം ശക്തമായി ഉന്നയിക്കാതിരുന്നതും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളിയാണ് കാണിക്കുന്നത്. ശ്രീധരന്‍ തന്നെ മെട്രോ നിര്‍മിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടൊപ്പമാണ് മെട്രോ നിര്‍മാണ ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറിയെയും ടോം ജോസിനെയും വിദേശത്തേക്ക് അയച്ചത്.

സ്വകാര്യ കരാറുകാരെ കണ്ടെത്താന്‍ മെട്രോ പദ്ധതി എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചതും ഏറ്റവുമൊടുവില്‍ മെട്രോയുടെ ചുമതലകളൊന്നുമില്ലാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൊണ്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ള കത്ത് ഡിഎംആര്‍സിക്ക് അയച്ചതും ഇതേ ലക്ഷ്യത്തോടെ തന്നെ. പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ ബുധനാഴ്ച, ഇ ശ്രീധരനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും മെട്രോയുടെ ചുമതല ഡിഎംആര്‍സിക്കും ഇ ശ്രീധരനുമാണെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രസ്താവനകള്‍ ആത്മാര്‍ഥമാണെങ്കില്‍ അടിയന്തരമായി കെഎംആര്‍എല്‍ ബോര്‍ഡ് വിളിച്ചുചേര്‍ക്കുകയും ഡിഎംആര്‍സി മെട്രോ നിര്‍മാണം ഏറ്റെടുക്കണമെന്ന് ബോര്‍ഡ് യോഗം തീരുമാനമെടുക്കുകയുമാണ് വേണ്ടത്. കെഎംആര്‍എല്ലിന്റെ കൂടി ചെയര്‍മാനായ സുധീര്‍കൃഷ്ണ അധ്യക്ഷനായി നവംബര്‍ 15നു ചേരുന്ന ഡിഎംആര്‍സി യോഗത്തെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയുമാണ് ചെയ്യേണ്ടത്.


*****

ദേശാഭിമാനി മുഖപ്രസംഗം 25-10-2012

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം: പിണറായി

ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന, ഭരണഘടനാവിരുദ്ധമായ ദേവസ്വം ഓര്‍ഡിനന്‍സില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിക്ക് കളമൊരുക്കുന്നതും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഓര്‍ഡിനന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. നിയമഭേദഗതിക്ക് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണറെ പ്രതിപക്ഷം കാണുന്ന കാര്യം എല്‍ഡിഎഫ് ആലോചിച്ച് തീരുമാനിക്കും.

ദേവസ്വം ബോര്‍ഡിലേക്ക് എസ്സി, എസ്ടി വിഭാഗത്തില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശത്തിന് നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ ഈശ്വരവിശ്വാസിയാണെന്ന സത്യവാങ്മൂലം നല്‍കണമെന്ന നിയമഭേദഗതിയാണ് ഓര്‍ഡിനന്‍സില്‍. ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ സംവരണം വേണ്ടെന്നുവച്ചു. ജീവനക്കാരെ പിഎസ്സി മുഖേന തെരഞ്ഞെടുക്കാനുള്ള നിയമഭേദഗതിയും റദ്ദാക്കുന്നു. ഇതെല്ലാം തെറ്റായ നടപടികളാണ്. ഭരണഘടനയുടെ 188-ാം വകുപ്പുപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയെടുത്തോ നിയമസഭാംഗമാകാം. ഭരണഘടന നല്‍കിയ ഈ അവകാശത്തെ മറ്റൊരു നിയമംവഴി ഭേദഗതിചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്.

1999ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരായ നടപടിയാണിത്. വോട്ടുചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസിയാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തണമെന്നില്ലെന്നാണ് അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് വിധി. എന്നാല്‍, ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈശ്വരവിശ്വാസികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി, വഖഫ് കമ്മിറ്റി തുടങ്ങിയവയിലേക്കെല്ലാമുള്ള പ്രതിനിധികളെ നിയമസഭാംഗങ്ങള്‍ കൂട്ടായി തെരഞ്ഞെടുക്കുന്നുണ്ട്. അതിലൊന്നും കാണാത്ത മട്ടില്‍ ഹിന്ദുമതവിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഈശ്വരവിശ്വാസിയായാല്‍ മാത്രമേ ഹിന്ദുവാകൂ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. "ചാര്‍വാക" സിദ്ധാന്തക്കാരടക്കം നിരീശ്വരവാദികളായ വിഭാഗങ്ങളെ പുരാതനകാലംമുതല്‍ ഹിന്ദുമതത്തില്‍ കാണാം. ഇതൊന്നും മനസ്സിലാക്കാതെയും ഭരണഘടനയെ മാനിക്കാതെയും ഹൈക്കോടതി വിധി മറികടന്നും തെറ്റായ ഒരു നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിന് ആരാണ് ഉപദേശം നല്‍കിയത്? രാഷ്ട്രീയലാഭത്തിനായി നിയമത്തെയും ആശയസംഹിതയെയും തെറ്റായി വ്യാഖ്യാനിക്കരുതെന്ന് പിണറായി ഓര്‍മിപ്പിച്ചു. ക്ഷേത്രത്തില്‍ പോകുന്നവരില്‍ മഹാഭൂരിപക്ഷം സ്ത്രീകളാണ്. അതു പരിഗണിച്ചാണ് ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.

വിവിധ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്ന കാലഘട്ടത്തിലുള്ള സ്ത്രീ പ്രാതിനിധ്യംപോലും വേണ്ടെന്നുവച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണ്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വംബോര്‍ഡുകളിലേക്കുള്ള ഭരണവിഭാഗം ജീവനക്കാരുടെ നിയമനങ്ങള്‍ പിഎസ്സിക്കുവിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇനി പിഎസ്സിക്ക് നിയമന നടപടികളിലേക്ക് കടന്നാല്‍ മതി. ഈ ഘട്ടത്തിലാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് കൊണ്ടുവരുന്നത്. ഇത് ദുരുദ്ദേശപരമാണ്. യോഗ്യരായ അഭ്യസ്തവിദ്യര്‍ക്ക് മിടുക്കിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ നിയമനം കിട്ടുന്നതിനെ അട്ടിമറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഈ ഓര്‍ഡിനന്‍സിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും അതിശക്തമായ പ്രതിഷേധം ഉയരണം. ഓര്‍ഡിനന്‍സില്‍നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Wednesday, October 24, 2012

അതെ, ഞങ്ങള്‍ മലാലയാണ്

ഞങ്ങള്‍ മലാലയാണ്, ഞങ്ങള്‍ പഠിക്കും... ഈ യുദ്ധത്തില്‍ ഞങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല, വിജയിക്കുകതന്നെ ചെയ്യും... അതെ, ഞങ്ങള്‍ മലാലയാണ്- പെണ്‍കുട്ടികള്‍ പ്രഖ്യാപിക്കുന്നു. ജാതി- മത- വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ ലോകം അതേറ്റുചൊല്ലുന്നു; അവളുടെ തിരിച്ചുവരവിനായി കാത്തിരുന്നു. ഇന്ന് ലോകം മലാല യൂസുഫ്സായ്ക്കൊപ്പമാണ്. പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ മിംഗോറ പ്രദേശത്ത് ജീവിക്കുന്ന 14 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി- മലാല യൂസുഫ്സായ്. ബ്രിട്ടനിലെ ബിര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെമാത്രം അവശേഷിക്കുന്ന ഒരു ജീവന്‍, കഴുത്തിലും തലയോട്ടിയിലും തറച്ച വെടിയുണ്ടകളെ അതിജീവിക്കാന്‍ മല്ലിടുന്ന ഒരു ശരീരം, മരണത്തിനു മുന്നില്‍പോലും കീഴടങ്ങാത്ത മനസ്സ്....

ആകാശത്തിന്റെ അനന്തതയോളം സ്വപ്നങ്ങളും ആഴിയുടെ അഗാധതയോളം ആഗ്രഹങ്ങളുമുള്ളവള്‍. 2009 വരെ താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്നു സ്വാത് താഴ്വര. ഗ്രാമവീഥികളില്‍ നിരനിരയായി തൂക്കിയിട്ട പൊലീസുകാരുടെ കഴുത്തറ്റ ശിരസ്സുകള്‍ കണികണ്ടുണര്‍ന്നിരുന്ന ആ നാട്ടില്‍, മനുഷ്യര്‍ക്ക,് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സ്വപ്നം കാണാനുള്ള അവകാശംപോലും നിഷേധിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ടിവി, സംഗീതം തുടങ്ങിയ വിനോദങ്ങളും നിരോധിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ ദിനംപ്രതി ബോംബുവച്ച് തകര്‍ത്തു. അസ്വാതന്ത്ര്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തങ്ങളെ തളച്ചിടുന്നവര്‍ക്കെതിരെ, അറിയുവാനുള്ള തന്റെയും കൂട്ടുകാരുടെയും അവകാശം നിഷേധിക്കുന്നവര്‍ക്കെതിരെ മലാലയുടെ കുഞ്ഞുമനസ്സില്‍ പ്രതിഷേധം ഉയര്‍ന്നു. സ്വന്തമായി ബ്ലോഗ് നിര്‍മിച്ച് ഗുല്‍മക്കായി എന്ന തൂലികാനാമത്തില്‍, ഉറുദുഭഭാഷയില്‍ സ്വാത്തിലെ സ്ഥിതി ഡയറിയുടെ രൂപത്തില്‍ എഴുതി തുടങ്ങ- പോകാന്‍ കഴിയാത്ത ഉല്ലാസയാത്രകളെക്കുറിച്ച്, കൂട്ടുകാരികള്‍ വരാതെയാകുന്ന തന്റെ വിദ്യാലയത്തെയും അതിന്റെ അടച്ചുപൂട്ടലിനെയും കുറിച്ച്, വെടിയൊച്ചകള്‍ നിലയ്ക്കാത്ത ഇരുണ്ട രാത്രികളെക്കുറിച്ച്, താലിബാന്റെ കാടത്ത ഭരണത്തെക്കുറിച്ച്, ഒപ്പം സ്വാതന്ത്ര്യത്തിന്റെ പൊന്‍പ്രഭ വീഴുന്ന താഴ്വരയെയും കൂട്ടുകാരോടൊപ്പം പഠിക്കാന്‍ പോകുന്ന നല്ല ദിനങ്ങളെന്ന പ്രതീക്ഷയെയും കുറിച്ച്. തീവ്രവാദികള്‍ വിദ്യാഭ്യാസം നിഷേധിച്ച ഈ പതിനൊന്നുകാരിയുടെ അനുഭവങ്ങള്‍ 2009 മുതല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡയറിയുടെ ഇംഗ്ലീഷ് പരിഭാഷയും ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ക്ലാസ് ഡിസ്മിസ്ഡ് എന്ന പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് മലാലയുടെ അനുഭവം ഡോക്യുമെന്ററികളാക്കി ലോകത്തിനു മുന്നിലവതരിപ്പിച്ചു. ഇതോടെ രാജ്യാന്തരസമൂഹം സ്വാത്തിലെ മതഭീകരതയ്ക്കെതിരെ രംഗത്തുവന്നു.

പാക് ജനതയെ, ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന്, പാകിസ്ഥാന്‍സര്‍ക്കാര്‍ താലിബാന്‍ശക്തികളെ കീഴടക്കി സ്വാത് പ്രദേശം പിടിച്ചെടുത്തു. മലാലയും കൂട്ടുകാരികളും വീണ്ടും സ്കൂളില്‍ പോയിത്തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച്, തീവ്രവാദത്തെക്കുറിച്ച് ലോകമാകെ ഒരു പതിനൊന്നുവയസ്സുകാരിയിലൂടെ ചര്‍ച്ചചെയ്തു. തന്റെ ജനതയെ, സഹജീവികളെ സേവിക്കാന്‍, സഹായിക്കാന്‍ മലാല രംഗത്തിറങ്ങി. മലാലയെ അന്താരാഷ്ട്ര ബാലസമാധാന പുരസ്കാരത്തിനായി നാമനിര്‍ദേശംചെയ്തു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ സമാധാന പുരസ്കാരം നല്‍കി അവളെ ആദരിച്ചു. മലാലയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയില്‍, രാജ്യമാകെ സ്ത്രീകളുടെ/ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെല്ലാം താലിബാന്‍ അസ്വസ്ഥരായിരുന്നു. ഗുല്‍മക്കായി ആരെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്റെ ഹിറ്റ്ലിസ്റ്റിലേക്ക് അവള്‍ എത്തി. ഒടുവില്‍ 2012 ഒക്ടോബര്‍ 9 ന് പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് തിരിച്ചുവരികയായിരുന്ന മലാലയ്ക്കും കൂട്ടുകാര്‍ക്കും നേരെ താലിബാന്‍ വെടിയുതിര്‍ത്തു. തലയോട്ടി തകര്‍ത്തതും കഴുത്തില്‍ തുളച്ചുകയറിയതുമായ രണ്ടു വെടിയുണ്ട ശരീരത്തില്‍നിന്ന് നീക്കംചെയ്തെങ്കിലും, അവള്‍ ഇനിയും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.

അശ്ലീലതയുടെ- എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരധ്യായം എന്ന് അവളെ താലിബാന്‍ വിശേഷിപ്പിക്കുന്നു, ഇതുകൊണ്ട് മരിച്ചില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ കൊന്നൊടുക്കുമെന്ന ഭീഷണിയും മുഴക്കി. പക്ഷേ, ഞങ്ങളുടെ മക്കളെ തിരിച്ചു തരൂ എന്ന് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുകയാണ് പാകിസ്ഥാന്‍ ജനത. അധികാരവര്‍ഗവും, ജാതി- മതക്കോമരങ്ങളും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നെന്ന വസ്തുതയ്ക്ക് വിദ്യാഭ്യാസചരിത്രത്തോളംതന്നെ പഴക്കമുണ്ട്. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളില്‍ ശ്രദ്ധേയമായ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലത്ത്, സകല മേഖലകളിലും അറിവ് നേടിയ ഉച്ചിലയെ പണ്ഡിതസഭ പരീക്ഷിച്ചു. ഏറ്റവും വലിയ വേദനയേത് എന്ന ചോദ്യത്തിന് പ്രസവവേദനയെന്ന് ഉച്ചില ഉത്തരം നല്‍കിയപ്പോള്‍ കല്യാണം കഴിയാത്ത നീയെങ്ങനെ ആ വേദനയറിഞ്ഞു എന്നായി ജാതിക്കോമരങ്ങള്‍. അഭിസാരികയായി മുദ്രകുത്തപ്പെട്ട ഉച്ചില ആത്മഹത്യ ചെയ്തു എന്ന് ഐതിഹ്യം. സ്ഥലവും കാലവും പശ്ചാത്തലവും മാറിയെങ്കിലും ആവര്‍ത്തിക്കുന്നത് ഒന്നുതന്നെ. അന്ന് വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിച്ചില്ല, ഇന്ന് വിദ്യാഭ്യാസം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് വധശിക്ഷ വിധിക്കപ്പെടുന്നു. ഉച്ചിലയുടെ ജീവിതമെടുത്തവരുടെ പിന്‍മുറക്കാര്‍, മലാലയ്ക്ക് മരണശിക്ഷ വിധിച്ചവരുടെ ഇന്ത്യന്‍ പതിപ്പുകള്‍ നവോത്ഥാനം ഉഴുതുമറിച്ച ഇന്നത്തെ നമ്മുടെ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നത് നാം ജാഗ്രതയോടെ കാണണം. പുരോഗമന ചിന്താഗതിക്കാരിയായി, കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്ന പേരില്‍ താലിബാന്‍ മോഡല്‍ അക്രമത്തിനിരകളായ ഖദീജത്ത് സുഹൈലയെപ്പോലുള്ള ഇരകള്‍ നമ്മുടെ നാട്ടിലുണ്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹികാവകാശങ്ങള്‍ നിഷേധിക്കുന്ന ശക്തികള്‍ മലാലയുടെ ഈ വാക്കുകള്‍ ഓര്‍ക്കുക. കെട്ടിത്തൂക്കിയ ശവശരീരങ്ങള്‍ ഞാന്‍ കാണുന്നുണ്ട്, അവര്‍ എന്നെയും കൊല്ലാന്‍ വന്നേക്കും... പക്ഷേ ഞാനവരോടു പറയും, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്... വിദ്യാഭ്യാസം ഞങ്ങളുടെ അടിസ്ഥാന അവകാശമാണ്... വിദ്യാലയത്തിന്റെ പടി ചവിട്ടുന്നത് സ്വപ്നം കാണാന്‍പോലും കഴിയാത്ത കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് മലാല ആ ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയത്. ലോകത്തിലെ കുഞ്ഞുങ്ങളുടെ കലര്‍പ്പില്ലാത്ത സ്വപ്നം, സ്നേഹം, അവള്‍ക്ക് കൂട്ടായി എന്നുമുണ്ടാകും. ലോകത്തോടൊപ്പം കേരളവും പ്രഖ്യാപിക്കുന്നു. "അതെ, ഞങ്ങള്‍ മലാലയാണ്."

*****

പി ജെ അഭിജിത്