Wednesday, October 31, 2012

ഒരു സംഘവിചാരകന്റെ മതിഭ്രമങ്ങള്‍

 2012 സെപ്തംബര്‍ 30ന്റെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച "കേരളം കാത്തിരിക്കുന്ന സൗഹൃദം" എന്ന ലേഖനം ഒരു സംഘവിചാരകന്റെ സ്കീസോഫ്രീനിക്കായ ചിന്തകളെയാണ് അവതരിപ്പിക്കുന്നത്. സ്കിസോഫ്രീനിക് എന്നത് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത വിചാരഭ്രമങ്ങളില്‍ വ്യക്തികള്‍ അകപ്പെട്ടുപോകുന്ന മനോരോഗമാണല്ലോ. അയഥാര്‍ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ലോകത്ത് എല്ലാ കാലത്തും ഫാസിസ്റ്റ് സംഘടനകള്‍ അവരുടെ അജന്‍ഡകള്‍ നടപ്പാക്കിയിട്ടുള്ളത്. കേസരി ലേഖനം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംഘടിത നേതൃത്വമായ സിപിഐ എമ്മില്‍നിന്ന് ന്യൂനപക്ഷ മതവിശ്വാസികളെ അകറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നുവേണം കരുതാന്‍.    

യുഡിഎഫിന്റെ മാഫിയാവല്‍ക്കരണ നയങ്ങളും ഭരണരംഗത്ത് ലീഗ് പുലര്‍ത്തുന്ന സ്വാധീനവും പൊതുസമൂഹത്തിനകത്ത് വലിയ പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം കേസരി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നത് യാദൃച്ഛികമല്ലല്ലോ. അഞ്ചാം മന്ത്രി വിവാദം മുതല്‍ ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗംവരെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ സമുദായവല്‍ക്കരണത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും അനഭിലഷണീയമായ പ്രവണതകള്‍ക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. യുഡിഎഫ് നയങ്ങള്‍ക്കും ഭരണരംഗത്തെ മാഫിയാവല്‍ക്കരണത്തിനുമെതിരെ ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ ഗതിതിരിച്ചുവിടാനാണ് ചില സാമുദായിക സംഘടനകളും സംഘപരിവാറും ഇപ്പോള്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകള്‍ ആഗ്രഹിക്കുന്നതുമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ പരസ്പരം എതിര്‍ത്തും സഹായിച്ചുമാണല്ലോ സ്വയം വളരുന്നത്. മുസ്ലിംലീഗിനെതിരെ ഹിന്ദുലീഗ് രൂപീകരണ പ്രഖ്യാപനംവരെ നടന്നിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചുവന്നതെന്നത് സംഘപരിവാറിന്റെ ദുഷ്ടലക്ഷ്യങ്ങളെ കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്. എന്‍ആര്‍ഐ മേലങ്കിയണിഞ്ഞ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കോര്‍പറേറ്റ് മൂലധനശക്തികള്‍ക്കുമെതിരെ കേരളത്തില്‍ വളര്‍ന്നുവരുന്ന ബഹുജനമുന്നേറ്റങ്ങളെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് കേസരി ലേഖനവും. "കേരളം കാത്തിരിക്കുന്ന സൗഹൃദ"മെന്ന ലേഖനം സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതും, വിചിത്ര വാദങ്ങളിലൂടെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത അവസരവാദപരവും വഞ്ചനാപരവുമായ നിലപാടുകള്‍ പ്രക്ഷേപിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ പറ്റുമോ എന്ന കുത്സിതമായ പരീക്ഷണവുമാണ്. ഭൗതികയാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത വിചാരഭ്രമങ്ങളിലേക്ക് പൊതുസമൂഹത്തെ തള്ളിവിടാന്‍ കഴിയുമോ എന്ന വൃത്തികെട്ട ഫാസിസ്റ്റ് തന്ത്രമാണ് ഈ ലേഖനത്തില്‍ ഒളിഞ്ഞുകിടക്കുന്നത്. ഒരു പക്ഷേ, സിപിഐ എമ്മിനെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണയുദ്ധത്തിന്റെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട മാധ്യമതന്ത്രങ്ങളുടെ ഭാഗമാകാം ഈ കേസരി ലേഖനവും. കേസരി വാരികയില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്ന ഉടനെ എല്ലാ കോര്‍പറേറ്റ് ചാനലുകളും അത് വിവാദമാക്കുവാനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചുനോക്കിയല്ലോ. ഒരു നുണ എല്ലാവരും ഒന്നിച്ചാവര്‍ത്തിച്ച് സത്യമാക്കിയെടുക്കുവാനുള്ള ഗീബല്‍സിയന്‍ തന്ത്രം. സിപിഐ എമ്മിനെയും സംഘപരിവാറിനെയും നന്നായറിയാവുന്ന കേരളീയ സമൂഹത്തിനുള്ളില്‍ ഇത്തരം വേലകളൊന്നും അത്രയെളുപ്പം വിലപ്പോവില്ലെന്നത് വേറെകാര്യം.    

 എങ്കിലും ഒരു സംഘവിചാരകന്റെ സ്കിസോഫ്രീനിക്കായ ഇംഗിതങ്ങള്‍ പുലമ്പുന്ന ഇത്തരമൊരു ലേഖനത്തിന്റെ ലക്ഷ്യത്തെയും സാമൂഹ്യ, രാഷ്ട്രീയ വിവക്ഷകളെയും പുരോഗമന ശക്തികള്‍ ഗൗരവാവഹമായിത്തന്നെ കാണേണ്ടതുണ്ട്. സാമൂഹ്യശാസ്ത്രത്തില്‍ അയഥാര്‍ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യപ്രതീതി സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രീതിശാസ്ത്രം ആഴത്തിലുള്ള അവലോകനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. തങ്ങളുടെ പ്രതിലോമപരമായ ഇംഗിതങ്ങള്‍ക്കനുസൃതമായി സാമൂഹ്യ രാഷ്ട്രീയസംഭവങ്ങളെ വ്യാഖ്യാനിക്കുവാനും പ്രചാരണയുദ്ധമാക്കി മാറ്റുവാനുമുള്ള ഫാസിസ്റ്റ് സംഘടനകളുടെ പ്രത്യയശാസ്ത്ര പദ്ധതി ഇറ്റലിയിലെയും ജര്‍മനിയിലെയും രക്തപങ്കിലമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ വിശകലനം ചെയ്തിട്ടുണ്ട്.    

 നുണകളെയും അയഥാര്‍ഥമായ കാര്യങ്ങളെയും സത്യമാണെന്നുവരുത്തുന്ന ഫാസിസ്റ്റ് രീതി മാത്രമല്ല അത് സ്വീകരിക്കപ്പെടുന്ന ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രവും വില്യം റീഹിനെപ്പോലുള്ളവര്‍ ഗഹനമായിത്തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പ്രതിലോമകരമായ ഒരു സാമൂഹ്യവ്യവസ്ഥക്കകത്ത് എങ്ങനെയാണ് ഫാസിസ്റ്റുകള്‍ ചരിത്രനിരപേക്ഷവും ലളിതയുക്തിയില്‍ അധിഷ്ഠിതവുമായ വാദമുഖങ്ങളിലൂടെ ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ച് തങ്ങളുടെ പ്രതിലോമപരമായ ആശയങ്ങളുടെ പ്രചാരകരും അനുയായികളുമാക്കിതീര്‍ക്കുന്നതെന്ന് അധീശത്വത്തെയും പ്രത്യശാസ്ത്രത്തെയുംകുറിച്ചുള്ള തന്റെ അപഗ്രഥനങ്ങളിലൂടെ ഗ്രാംഷി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളെ അവരുടെ ചരിത്രബോധത്തില്‍നിന്നും രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്നും, നാനാവിധമായ പ്രചാരവേലകളിലൂടെയും പ്രത്യയശാസ്ത്ര യുദ്ധങ്ങളിലൂടെയും അന്യവല്‍ക്കരിക്കാനാണ് വലതുപക്ഷശക്തികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസത്തിന്റെ ചരിത്രവും രീതിയും ലോകത്തെല്ലായിടത്തും ഇത് തന്നെയാണ്. ഇന്ത്യയിലും കേരളത്തിലും ആര്‍എസ്എസ് ഇതേതന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. കേസരി ലേഖനം മലയാളി മധ്യവര്‍ഗവിഭാഗങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വര്‍ധിച്ചുവരുന്ന മുസ്ലിംഭീകരതയെ നേരിടാന്‍ സിപിഐ എമ്മും ആര്‍എസ്എസും ഒന്നിക്കണമെന്നാണല്ലോ! ഈയൊരു നിലപാടിന് സാധൂകരണം തേടിക്കൊണ്ട് ലേഖകന്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളെല്ലാം ശുദ്ധ അസംബന്ധവും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കുറുന്യായങ്ങളും മാത്രമാണ്. ആര്‍എസ്എസിനെയും സിപിഐ എമ്മിനെയും ശത്രുതയില്‍ നിര്‍ത്തുന്ന സാമൂഹ്യസാഹചര്യം സാവധാനത്തില്‍ കേരളത്തില്‍ ഇല്ലാതായിക്കഴിഞ്ഞുവെന്നും, ഇനി ഇരുകൂട്ടരും മുസ്ലിം ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനുള്ള സന്ദര്‍ഭമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നുമാണ് ലേഖകന്‍ വൃഥാ വാദിച്ചുനോക്കുന്നത്. കടുത്ത മുസ്ലിം വിരോധത്തിന്റെ, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അജന്‍ഡ കേരളത്തില്‍ സിപിഐ എമ്മിന്റെ ചെലവില്‍ നടപ്പാക്കുവാന്‍ പറ്റുമോ എന്നാണ് ഈ സംഘവിചാരകന്‍ ഇത്തരമൊരു ലേഖനത്തിലൂടെ ശ്രമിച്ചുനോക്കുന്നത്.

 സംഘപരിവാറിന്റെ ആദര്‍ശമെന്നത് ചതിയും വഞ്ചനയും സ്വാര്‍ഥ ബുദ്ധിയും ഭീരുത്വവുമെല്ലാം ചേര്‍ന്ന കാപട്യവും കരണംമറിച്ചിലുകളുമാണല്ലോ. ആധുനിക കേരളനിര്‍മിതിയുടെ ചരിത്രത്തെയാകെ നിര്‍ണയിച്ച മഹാപ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടിയും സിപിഐ എമ്മും. മലയാളിയുടെ സ്വാഭാവികമായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും തടസ്സംനിന്ന ഭൗതിക ഉല്‍പാദന ബന്ധങ്ങളോടും വ്യവസ്ഥയോടും ഏറ്റുമുട്ടിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേറുറപ്പിച്ചത്. സംഘപരിവാറിന്റെ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയത്തിന് എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്ന മാനവികതയുടെ മഹാ ആശയങ്ങളെ പിന്‍പറ്റിയാണ് സിപിഐ എം കേരളത്തിലെ ജനങ്ങളുടെ നേതൃത്വമായി മാറിയത്. അത് ആര്‍എസ്എസ് പ്രതിനിധീകരിക്കുന്ന ഭരണവര്‍ഗ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ആര്‍എസ്എസും സിപിഐ എമ്മും ത്യാഗധനരായ പ്രവര്‍ത്തകരുള്ള സംഘടനകളാണെന്നും അവര്‍ ഒന്നിച്ചുകഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ലേഖകന്റെ നിരീക്ഷണങ്ങള്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ വാക്കുകളെയാണ് ഓര്‍മിപ്പിക്കുന്നത്. വാര്‍ധയിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ ഗാന്ധിജിക്കുമുമ്പില്‍ ആര്‍എസ്എസുകാരുടെ സേവനോത്സുകതയെക്കുറിച്ച് സംസാരിച്ചവര്‍ക്ക് ഗാന്ധി നല്‍കിയ മറുപടി ഹിറ്റ്ലറുടെ ബ്രൗണ്‍ ഷേര്‍ട്ട്സ് എന്ന ഫാസിസ്റ്റ് സംഘടനയിലെ പ്രവര്‍ത്തകരും വലിയ സേവനോത്സുകത കാണിച്ചിരുന്നുവെന്നാണ്. സിപിഐ എമ്മിന്റെ ജനകീയ ചരിത്രത്തെ ആര്‍എസ്എസിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് ചരിത്രവുമായി സമീകരിക്കുന്നവരുടെ താല്‍പര്യമെന്താണെന്ന് കാര്യവിവരമുള്ളവര്‍ക്കെല്ലാം മനസ്സിലാകും.

ആര്‍എസ്എസിന്റെയും ഹിന്ദുത്വവാദികളുടെയും ചരിത്രമെന്താണ്? ജാതി ജന്മിത്വത്തിന്റെ പ്രത്യയശാസ്ത്രമായ വര്‍ണാശ്രമധര്‍മങ്ങളെ പുല്‍കി പരോഗതിക്ക് വേണ്ടിയുള്ള എല്ലാ മനുഷ്യപ്രയത്നങ്ങളെയും എതിര്‍ത്തുപോന്ന നിന്ദ്യമായ ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള എന്ത് ത്യാഗത്തിന്റെ ചരിത്രമാണ് ആര്‍എസ്എസിനുള്ളത്? അയിത്തോച്ചാടനത്തിനും കീഴാളരുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഒരു സമരമുഖത്തും ആര്‍എസ്എസ് ഉണ്ടായിരുന്നില്ലല്ലോ. സവര്‍ണാധികാരത്തെയും മനുസ്മൃതിയെയും താലോലിച്ചും സാധൂകരിച്ചും നടന്നവരാണല്ലോ സംഘപരിവാര്‍ ബുദ്ധിജീവികള്‍. ഭൂമിക്കും കൂലിക്കുംവേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ സമരമുഖങ്ങളിലെല്ലാം ഹിന്ദുത്വവാദികള്‍ മറുഭാഗത്തായിരുന്നല്ലോ. ആര്‍എസ്എസിന്റെ സാമൂഹ്യഅടിസ്ഥാനം വന്‍കിട ജന്മിമാരും മുതലാളിമാരും ഉയര്‍ന്ന മധ്യവര്‍ഗങ്ങളും ആണല്ലോ. അതിന്റെ നയനിര്‍ണയം നടത്തുന്നത് ബഹുരാഷ്ട്ര കുത്തകകളും അവരുടെ ഇന്ത്യന്‍ ശിങ്കിടികളുമാണ്. സാമ്രാജ്യത്വവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും അതിന്റെ ഗതി മുസ്ലിം വിരുദ്ധതയിലേക്ക് തിരിച്ചുവിടുകയും ചെയ്ത അപമാനകരമായ ആര്‍എസ്എസിന്റെ ചരിത്ര പാരമ്പര്യത്തെയാകെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടാണ് കേസരി ലേഖനത്തില്‍ സിപിഐ എമ്മിന്റെ ചരിത്രവുമായി ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റായി സമീകരിക്കുന്നത്. സിപിഐ എമ്മും ആര്‍എസ്എസും ത്യാഗപൂര്‍ണമായ ചരിത്രമുള്ള, അഗ്നിപരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെട്ട സംഘടനകളാണെന്നും അവ തമ്മില്‍ കഴിഞ്ഞ കാലങ്ങളില്‍ എന്തെല്ലാം പ്രത്യയശാസ്ത്ര ഭിന്നതകളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ത്തമാന കേരളം ഈ സംഘടനകളുടെ സൗഹൃദം ആഗ്രഹിക്കുന്നുവെന്നാണ് ലേഖകന്‍ തലകുത്തിനിന്ന് വാദിക്കുന്നത്.

ലളിതയുക്തികളിലൂടെ ഈ രണ്ട് സംഘടനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിനുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുന്നു എന്ന് സമര്‍ഥിക്കുവാനുള്ള ലേഖകന്റെ വാദങ്ങള്‍ സംഘപരിവാറിന്റെ അവസരവാദത്തെയും ആത്മവഞ്ചനയെയും സ്വയം തുറന്നുകാട്ടിത്തരുന്നുണ്ട്. അപര മതസമൂഹങ്ങളോടുള്ള തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തെയും രാജ്യദ്രോഹപരമായ സ്വന്തം പാരമ്പര്യത്തെയും മറച്ചുപിടിക്കുവാനുള്ള കൗശലപൂര്‍വമായ ശ്രമങ്ങളാണ് ഈ ലേഖനത്തിലുടനീളമുള്ളത്. ആര്‍എസ്എസും സിപിഐ എമ്മും തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ ലഘൂകരിച്ച് അവതരിപ്പിക്കുന്ന ലേഖകന്‍ രാജ്യദ്രോഹപരവും മാനവികതക്കെതിരുമായ ഒരു പ്രത്യശാസ്ത്ര പദ്ധതിയെ വെള്ളപൂശി മലയാളികളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചുനോക്കുന്നത്. എന്താണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനം? ഫ്രഞ്ച് ചരിത്രകാരനായ മോറോ ബ്ലാഷ് പറഞ്ഞിട്ടുള്ളത്. "വര്‍ത്തമാനകാലത്തെ തെറ്റിദ്ധാരണകള്‍ ഭൂതകാലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ അനിവാര്യ ഫലമായിരിക്കും". ഇത് ആര്‍എസ്എസിനെ സംബന്ധിച്ച് പൂര്‍ണമായും ബാധകമായിട്ടുള്ളതാണ്. റൊമീള ഥാപ്പര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഭൂതകാലത്തിന്റെ മതപരമായ വ്യാഖ്യാനത്തിലാണ്, ഹൈന്ദവവല്‍കൃതമായ ചരിത്രത്തിലാണ് ആര്‍എസ്എസ് അതിന്റെ പ്രത്യശാസ്ത്രപരമായ ന്യായയുക്തതയും അടിസ്ഥാനവും കണ്ടെത്തുന്നത്. ചരിത്രത്തിന്റെ തപസ്യയില്‍ ഒട്ടും പരിശീലനമില്ലാത്തവരും അതുമൂലം അതിന്റെ രീതികളോട് സംവേദനക്ഷമതയില്ലാത്തവരും നിര്‍മിച്ച ചരിത്രപരമായ അടിസ്ഥാനങ്ങളില്ലാത്ത ജല്‍പ്പനങ്ങളാണ് ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രവാദമെന്നത്.

ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ ഗാന്ധിജിയുടെ ദേശീയതാ സങ്കല്‍പ്പങ്ങളോട് സാമ്യപ്പെടുത്തുവാന്‍പോലും മടിയില്ലാത്ത ആത്മവഞ്ചനാപരവും കപടവുമായ നിലപാടുകളാണ് ലേഖനംനിറയെ. ഗോള്‍വാര്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ അത്ര കാര്യമാക്കേണ്ടെന്ന ഉപദേശവും ലേഖനത്തിലുണ്ടല്ലോ. അപരാധപൂര്‍ണമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെ മറച്ചുപിടിക്കുന്ന കൗശലപൂര്‍വമായ അഭ്യാസങ്ങളാണ് ലേഖകന്‍ കാട്ടിക്കൂട്ടിയിരിക്കുന്നത്. ഹിറ്റ്ലറില്‍നിന്നും അദ്ദേഹത്തിന്റെ ആത്മകഥയായ മെയ്ന്‍കാഫില്‍നിന്നും ആവേശംകൊണ്ടാണല്ലോ ഗോള്‍വാര്‍ക്കര്‍ ഇങ്ങനെ എഴുതിയത്. "ഇന്ന് ലോകം ശ്രദ്ധിക്കുന്ന രാഷ്ട്രമാണ് ജര്‍മനി. ഈ രാഷ്ട്രം ലക്ഷണമൊത്ത ദൃഷ്ടാന്തമാണ്. വംശത്തിന്റെയും സംസ്കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്തുവാന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ജര്‍മനി സെമിറ്റിക്ക് വിഭാഗക്കാരെ - ജൂതന്മാരെ-പുറത്താക്കി. വംശാഭിമാനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാവുന്നത്. അടിസ്ഥാനപരമായിതന്നെ വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒന്നായി വര്‍ത്തിക്കുവാന്‍ കഴിയില്ലെന്ന വസ്തുതയാണ് ജര്‍മനി കാണിച്ചുതരുന്നത്. ഹിന്ദുസ്ഥാന് ഇതില്‍നിന്ന് നല്ലൊരു പാഠം പഠിക്കുവാനുണ്ട്". വിചാരധാരയെ അടിസ്ഥാന ഗ്രന്ഥമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഗുജറാത്ത് വംശഹത്യയിലൂടെ ഗോള്‍വാള്‍ക്കറിസത്തിന്റെ ഭീകരമായ പ്രയോഗമാണ് നടത്തിയത്.

ലേഖകന്‍ ഗുജറാത്ത് സംഭവങ്ങളെ ഗൗരവമായി എടുക്കേണ്ടെന്നും അതിനെ പെരുപ്പിച്ച് കാട്ടേണ്ടെന്നുമാണല്ലോ എഴുതി വച്ചിരിക്കുന്നത്. മോഡിയുടെ വംശഹത്യയെ മാത്രമല്ല കോണ്‍ഗ്രസ് കാപാലികര്‍ 1984ല്‍ സിക്കുകാര്‍ക്ക് നേരെ നടത്തിയ കൂട്ടക്കൊലയെയും പിന്തുണച്ച ചരിത്രമാണല്ലോ ആര്‍എസ്എസിന് ഉള്ളത്. ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ സിക്കുകാരെ കൂട്ടക്കൊല ചെയ്യുവാന്‍ ഹിന്ദുവര്‍ഗീയ വികാരം ഉണര്‍ത്തിയെടുത്തത് ആര്‍എസ്എസിന്റെ സഹായത്തോടുകൂടിയായിരുന്നല്ലോ. 1984 ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് രാജീവ്ഗാന്ധിക്കാണല്ലോ പരസ്യമായി വോട്ട് പിടിച്ചത്! ഇപ്പോഴും നുണപ്രചാരണത്തിനും ഇരട്ടനാക്കുകൊണ്ടുള്ള സംസാരത്തിലും കാപട്യത്തിലുമാണ് ആര്‍എസ്എസ് ബുദ്ധിജീവികള്‍ അഭിരമിക്കുന്നത്. ഹിന്ദു വര്‍ഗീയത വളര്‍ത്തുവാന്‍ ഏത് വൃത്തികെട്ട വേഷവും കെട്ടാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. ഇവരുടെ ആദര്‍ശമെന്നതുതന്നെ ആത്മവഞ്ചനയും ഇരട്ടനാക്കുകൊണ്ടുള്ള വാചകമടിയുമല്ലാതെ മറ്റൊന്നുമല്ല.

ഹിന്ദുത്വവാദത്തിന്റെ ചരിത്രം തന്നെ അധികാരത്തിനും താല്‍ക്കാലിക ലാഭത്തിനും വേണ്ടി ഏത് വൃത്തികെട്ട വേഷവും കെട്ടിയാടിയിട്ടുള്ളതാണ്. ക്വിറ്റ് ഇന്ത്യാ സമരം, 62ലെ ഇന്തോ -ചൈനായുദ്ധം എന്നിവയിലെടുത്ത നിലപാടുകള്‍ കമ്യൂണിസ്റ്റുകാരെ ദേശീയ ധാരയില്‍നിന്ന് അകറ്റിയെന്ന പതിവ് ആക്ഷേപവും ഉയര്‍ത്തുന്ന ലേഖകന്‍ ആര്‍എസ്എസിന്റെ ദേശീയ വിരുദ്ധപാരമ്പര്യത്തെ ഇപ്പോഴും താലോലിക്കുക തന്നെയാണ്. 1925ലാണല്ലോ ആര്‍എസ്എസ് രൂപീകരിക്കുന്നത്. 1947വരെയുള്ള ബ്രിട്ടീഷ് ആധിപത്യകാലത്ത്, ഇന്ത്യന്‍ ജനതയാകെ ദേശാഭിമാന ബോധത്താല്‍ പ്രചോദിതരായി സാമ്ര്യാജ്യത്വ വിരുദ്ധ സമരപാതയില്‍ കുതിച്ചെത്തിയിരുന്നു. കൊളോണിയല്‍ സമരചരിത്രത്തിന്റെ സമരാഗ്നിയില്‍ രാജ്യമാകെ ജ്വലിച്ചുനിന്ന ആ കാലത്ത് ആര്‍എസ്എസ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ധര്‍ണാസമരംപോലും നടത്തിയിട്ടില്ല. ഓരോ സ്വാതന്ത്ര്യസമരമുന്നേറ്റത്തെയും ഹിന്ദു-മുസ്ലിം ലഹളകളഴിച്ചുവിട്ട് ശിഥിലീകരിക്കുകയെന്ന ബ്രിട്ടീഷ് അജന്‍ഡയുടെ നിര്‍വാഹകരായിരുന്നു അവര്‍.

ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ ഇന്റലിജന്‍സ് വിഭാഗങ്ങളും എങ്ങനെയാണ് ആര്‍എസ്എസിനെ കണ്ടിരുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് പൊളിറ്റിക്കല്‍ ഇന്റലിജന്റ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന ബവറിജിന്റെ റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിനെ ബ്രിട്ടീഷ് വാഴ്ചക്കാവശ്യമായ സംഘടനയായാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കണ്ടിരുന്നത്. 1948ല്‍ ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡക്ക് ഭീഷണിയാണെന്ന് വന്നപ്പോഴാണല്ലോ മഹാത്മ ഗാന്ധിയെ അവര്‍ വധിച്ചത്. ലേഖകന്‍ "അച്ഛന്‍ പത്തായത്തിലില്ലെന്ന്" പറയുന്നതുപോലെ ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ദയനീയമായി വാദിക്കുന്നുണ്ടല്ലോ. നാഥുറാം വിനായക് ഗോഡ്സേ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ സന്തത സഹചാരിയായിരുന്നു. ഇന്ത്യാവിഭജനത്തെതുടര്‍ന്ന് ഹിന്ദു മുസ്ലിം കലാപങ്ങള്‍ ആളിക്കത്തിയപ്പോള്‍ അത് ഇല്ലാതാക്കുവാന്‍ ഗാന്ധി നടത്തിയ ശ്രമങ്ങള്‍ ആര്‍എസ്എസിനെ പ്രകോപിപ്പിച്ചു എന്നതാണ് സത്യം. ഗാന്ധിവധം ആര്‍എസ്എസിനെതിരായി ജനവികാരമുയര്‍ത്തിയപ്പോളാണ് ഗോഡ്സേ ഹിന്ദു മഹാസഭക്കാരനാണെന്ന് പറഞ്ഞ് ആര്‍എസ്എസ് കൈകഴുകിയത്.

ബാബറി മസ്ജിദ് തകര്‍ത്തതിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്നിട്ടുള്ളതുമായ വര്‍ഗീയ കലാപങ്ങളിലും ആര്‍എസ്എസിന്റെ പങ്ക് സുവ്യക്തമായിരുന്നു. ലിബാര്‍ഹാന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകവൃത്തികളിലേക്കും നരഹത്യകളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്. 1969 ലെ അഹമ്മദാബാദ് കലാപം അന്വേഷിച്ച ജസ്റ്റിസ് ജഗ്മോഹന്‍ റെഡ്ഡി കമീഷനും 1970 ലെ ഭീവണ്ടി കലാപമന്വേഷിച്ച ജസ്റ്റിസ് ഡി പി മദന്‍ കമീഷനും ഇങ്ങ് കേരളത്തില്‍ 1971 ലെ തലശ്ശേരി കലാപമന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷനും 82ലെ കന്യാകുമാരി കലാപമന്വേഷിച്ച ജസ്റ്റിസ് വേണുഗോപാലന്‍ കമീഷനുമെല്ലാം ആര്‍എസ്എസിന്റെ വര്‍ഗീയ കലാപങ്ങളിലുള്ള പങ്ക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആര്‍എസ്എസ് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ചില കമീഷനുകള്‍ വിശദമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. മാലേഗാവ്, സംഝോത എക്സ്പ്രസ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം തുടങ്ങിയവയെല്ലാം സംഘപരിവാര്‍ ആസൂത്രണം ചെയ്ത വന്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള നീചമായ ഗൂഢാലോചനകളായിരുന്നല്ലോ.

കേസരി ലേഖകന്‍ കേരളത്തില്‍ ആര്‍എസ്എസും സിപിഐ എമ്മും അടുക്കുകയാണ് എന്ന് കാണിക്കുവാന്‍ വസ്തുതകളുമായി ബന്ധമില്ലാത്ത ചില സംഭവങ്ങള്‍ ലേഖനത്തില്‍ ഉദാഹരിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ ആര്‍എസ്എസ്-സിപിഐ എം പ്രവര്‍ത്തകര്‍ തമ്മില്‍ വ്യത്യാസം പോലുമില്ലാതായിരിക്കുന്നു എന്നാണ് ലേഖകന്‍ തട്ടിവിടുന്നത്. മൂത്ത സ്കിസോഫ്രീനിയ ബാധിതര്‍ക്കേ ഇങ്ങനെയൊക്കെ വിളിച്ചുപറയാന്‍ കഴിയൂ. കൂത്തുപറമ്പില്‍ അടിയറപ്പാറ മദ്രസയെച്ചൊല്ലി നടന്ന പ്രശ്നത്തില്‍ സിപിഐ എമ്മും ആര്‍എസ്എസും ഹിന്ദു കുടുംബവേദി രൂപീകരിച്ച് രൂക്ഷമായ പ്രക്ഷോഭം തന്നെ നടത്തിയെന്നാണ് ലേഖകന്‍ വച്ചുകാച്ചുന്നത്. മദ്രസകള്‍ മതപഠനങ്ങള്‍ക്കുള്ള പാഠശാലകളാണല്ലോ. അടിയറ പാറയിലെ മദ്രസയെ നിസ്കാരകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് ആ പ്രദേശത്തുണ്ടായ തര്‍ക്കത്തെ വര്‍ഗീയവല്‍ക്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തിയ കുത്സിതനീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തത് സിപിഐ എമ്മായിരുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഹിന്ദു കുടുംബവേദിയുമായി സിപിഐ എമ്മിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. 14 വര്‍ഷത്തെ തര്‍ക്കചരിത്രമുള്ള അടിയറപ്പാറ മദ്രസ പ്രശ്നത്തെ സമുദായസൗഹൃദം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ ഉറച്ച നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.    

 സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെ കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പി ജയരാജന്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്നു. തലയും വാലുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നാണ് ആര്‍എസ്എസുകാര്‍ കരുതുന്നത്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൊലചെയ്യപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ലീഗുകാരുടെയും ബിജെപിക്കാരുടെയും വീടുകളില്‍ മരണംപോലുള്ള ദുരന്തങ്ങളുണ്ടാവുമ്പോള്‍ പാര്‍ടി നേതാക്കള്‍ സന്ദര്‍ശിക്കുന്നത് പതിവ് രീതിയാണ്. ഇതില്‍ രാഷ്ട്രീയം കണ്ടെത്തുന്ന കേസരി ലേഖകന്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത തന്റെ മനോവിലാസങ്ങള്‍ക്ക് വെറുതെ അടിസ്ഥാനമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു മനോരോഗലക്ഷണമാകാം.    

പയ്യന്നൂരിലെ ലീഗ് - യുഡിഎഫ് ഗുണ്ടകള്‍ തകര്‍ത്ത ഏരിയാകമ്മിറ്റി ഓഫീസ് ബിജെപി ജില്ലാ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിലും ഒരു അസ്വാഭാവികതയുമില്ല. അടിയന്തരാവസ്ഥയില്‍ സിപിഐ എം പ്രവര്‍ത്തകരെപ്പോലെ ജയിലിലും ഒളിവിലും കഴിയേണ്ടിവന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നാണ് ലേഖകന്‍ പറഞ്ഞുവയ്ക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ നിരന്തരം പോരാടി രക്തസാക്ഷികളെ സംഭാവനചെയ്ത പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നെല്ലാം ലേഖകന്‍ എന്തടിസ്ഥാനത്തിലാണ് വീരവാദം മുഴക്കുന്നത്. അടിയന്തരാവസ്ഥയെ ആദ്യം എതിര്‍ത്തുപോന്ന ആര്‍എസ്എസ് മേധാവി ജയിലില്‍നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തിലൂടെ 20 ഇന പരിപാടിക്കും 5 ഇന പരിപാടിക്കും പിന്തുണ നല്‍കുകയായിരുന്നല്ലോ.    

നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സുദീര്‍ഘമായ സമരചരിത്രമുള്ള അധ്വാനിക്കുന്ന വര്‍ഗത്തിന്റെ സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവും സിപിഐ എമ്മും. വ്യത്യസ്ത മത സമൂഹങ്ങളും ജാതികളും ഗോത്രവിഭാഗങ്ങളും ഭാഷാസമൂഹങ്ങളുമുള്ള ഇന്ത്യയില്‍ കറകളഞ്ഞ മതനിരപേക്ഷ നിലപാടുകളും ഫെഡറല്‍ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. സിപിഐ എമ്മിന്റെ സമരോജ്വലവും ത്യാഗനിര്‍ഭരവുമായ ചരിത്രം കറകളഞ്ഞ മതനിരപേക്ഷനിലപാടുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രംകൂടിയാണ്. അതിനെ കളങ്കപ്പെടുത്താമെന്ന് ഹിറ്റ്ലറുടെ ജാരസന്തതികളും വലതുപക്ഷ രാഷ്ട്രീയക്കാരും വ്യാമോഹിക്കേണ്ടതില്ല.


*****

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് :ദേശാഭിമാനി വാരിക

No comments: