Tuesday, October 2, 2012

ജനവിരുദ്ധതയ്ക്ക് വെള്ളപൂശുന്നവര്‍

പാവപ്പെട്ടവരോട് ഇനിയും മുണ്ടുമുറുക്കിയുടുക്കാന്‍ കല്‍പ്പിക്കുകയാണല്ലോ യുപിഎ സര്‍ക്കാര്‍. ധനക്കമ്മി കുറയ്ക്കാനും വളര്‍ച്ച ഉറപ്പാക്കാനുമെന്ന പേരില്‍ സാധാരണജനങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണപരമ്പരയ്ക്ക് ഊര്‍ജം പകരുംവിധത്തില്‍ ഇടയ്ക്കിടെ ചില റിപ്പോര്‍ട്ടുകളും പുറത്തുവരാറുണ്ട്. അത്തരമൊരു റിപ്പോര്‍ട്ടാണ് മുന്‍ ധനകമീഷന്‍ അധ്യക്ഷന്‍ കൂടിയായ ഡോ. വിജയ് എല്‍ കേല്‍ക്കര്‍ നേതൃത്വം നല്‍കിയ മൂന്നംഗ കമ്മിറ്റി സെപ്തംബര്‍ 28നു സമര്‍പ്പിച്ച റിപ്പോര്‍ട്ട്. 2012-13 സാമ്പത്തികവര്‍ഷത്തില്‍ ആവശ്യമായ ഇടക്കാല ഉത്സാഹിപ്പിക്കല്‍ റിപ്പോര്‍ട്ടാണിത്. സബ്സിഡി സംവിധാനത്തെ മുഖാമുഖം ആക്രമിക്കാന്‍ തങ്ങള്‍ നിര്‍ദേശിക്കുന്നുവെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നതു തന്നെ അതിന്റെ ജനവിരുദ്ധത തുറന്നുകാട്ടുന്നുണ്ട്.

സെപ്തംബര്‍ മൂന്നിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് സെപ്തംബര്‍ 28നാണ്. സെപ്തംബര്‍ മൂന്നിനും 28നുമിടയില്‍ വലിയ സംഭവവികാസങ്ങളുണ്ടായി. സെപ്തംബര്‍ 14ന് ഡീസലിന് അഞ്ചുരൂപ വര്‍ധിപ്പിച്ചു. സബ്സിഡി ആനുകൂല്യമുള്ള പാചകവാതക സിലിണ്ടറിന്റെ എണ്ണം ആറായി ചുരുക്കി. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപമാകാമെന്ന് തീരുമാനിച്ചു. ഈ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തില്‍, കടുത്ത നടപടികളെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതാണെന്ന് ബോധ്യപ്പെടുത്താനാണ് കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടുതല്‍ ആത്മാര്‍ഥതയോടെ യുപിഎ സര്‍ക്കാര്‍ നടപ്പാക്കി.

ഡീസല്‍വില ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍, സര്‍ക്കാര്‍ അഞ്ചുരൂപ കൂട്ടി. പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടണമെന്നതാണ് സമിതിയുടെ ശുപാര്‍ശ. ഫലത്തില്‍ 200 രൂപ കൂട്ടി. സബ്സിഡി സിലിണ്ടറിന്റെ എണ്ണം ആറായി ചുരുക്കിയതുവഴി ഒരു സിലിണ്ടറിനുണ്ടാകുന്ന അധികച്ചെലവ് 200 രൂപയാണ്. യൂറിയ വില പത്തു ശതമാനം കൂട്ടണമെന്നും ഭക്ഷ്യസുരക്ഷയ്ക്കായി സര്‍ക്കാര്‍ സാമ്പത്തികബാധ്യത ഏറ്റെടുക്കരുതെന്നും ശുപാര്‍ശകളിലുണ്ട്. ആരോടൊക്കെയാണ് സാമ്പത്തിക അച്ചടക്കത്തെയും സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പറ്റി സമിതി ചര്‍ച്ച ചെയ്തത്. അതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേന്ദ്ര ധനവകുപ്പിലെയും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരോട്. സാമ്പത്തിക നടപടികളുടെ ഇരകളാകുന്ന ജനങ്ങളോടോ അവരുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കുന്ന ജനപ്രതിനിധികളോടോ ഒരു കാര്യവും ചോദിച്ചിട്ടില്ല. സബ്സിഡി കുറയ്ക്കണം, കൂടുതല്‍ സാമ്പത്തികബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കണം, സര്‍ക്കാരിന്റെ സാമൂഹ്യബാധ്യത ക്രമേണ ഇല്ലാതാക്കണം. ഇതാണ് ലക്ഷ്യം. അതിന് ഒരക്ഷരം എതിരു പറയാത്ത ഉദ്യോഗസ്ഥരെ മാത്രം കണ്ട് ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച ധനക്കമ്മി 5.1 ശതമാനമാണ്. സാമ്പത്തികവര്‍ഷത്തെ ഇടക്കാല തിരുത്തല്‍ നടപടികള്‍ അടിയന്തരമായി കൈക്കൊണ്ടില്ലെങ്കില്‍ ധനക്കമ്മി 6.1 ശതമാനമായി ഉയരുമെന്നതാണ് റിപ്പോര്‍ട്ടില്‍ ഭീതിദമായ അവസ്ഥയായി ചിത്രീകരിച്ചിരിക്കുന്നത്. ധനക്കമ്മിയും സര്‍ക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്തവും തമ്മിലുള്ള സംഘര്‍ഷം പുതിയതൊന്നുമല്ല. ധനക്കമ്മി നിയന്ത്രിക്കേണ്ടതാണ്. പക്ഷേ, അത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിക്കൊണ്ടാകരുത്. നെഹ്റു മുതല്‍ ഇന്ദിരാഗാന്ധി വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഒരു പരിധി വരെ ഈ സാമൂഹ്യബാധ്യതയാണ് ധനക്കമ്മി കുറയ്ക്കുന്നതിനേക്കാള്‍ ഉയര്‍ത്തിപ്പിടിച്ചത്. നരസിംഹറാവു മുതല്‍ ഇങ്ങോട്ടുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ക്ക് ഈ സാമൂഹ്യ, രാഷ്ട്രീയ ബോധം ഇല്ലാതായി. പകരം അമേരിക്കന്‍ സാമ്രാജ്യത്വവും അവര്‍ നിയന്ത്രിക്കുന്ന ലോക സാമ്പത്തിക സ്ഥാപനങ്ങളും അടിച്ചേല്‍പ്പിക്കുന്ന കോര്‍പറേറ്റ് പ്രീണനയങ്ങള്‍ സ്ഥാനംപിടിച്ചു. മന്‍മോഹന്‍സിങ് ഈ നയങ്ങളുടെ സൈന്യാധിപനായി. നടപ്പു സാമ്പത്തികവര്‍ഷം വ്യാപാരക്കമ്മി 4.3 ശതമാനമായി ഉയരുമെന്നും കേല്‍ക്കര്‍ കമ്മിറ്റി പ്രവചിക്കുന്നു.

ധനക്കമ്മിയും വ്യാപാരക്കമ്മിയും ഉയരുന്നത് തുടര്‍ന്നാല്‍ സാമ്പത്തികവളര്‍ച്ച ഗണ്യമായി കുറയുമെന്നും രൂപയുടെ വിനിമയമൂല്യം വീണ്ടും കുറയാന്‍ ഇടവരുത്തുമെന്നും സമിതി വിലയിരുത്തുന്നു. ഇത് പരിഹരിക്കാനുള്ള നടപടികളായാണ് സബ്സിഡികള്‍ വീണ്ടും വെട്ടിക്കുറയ്ക്കുകയെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതിച്ചെലവ് കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനുമായി സമിതി കാണുന്നത് സാധാരണജനങ്ങള്‍ക്ക് ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന നാമമാത്രമായ സബ്സിഡികള്‍ കൂടി നിര്‍ത്തലാക്കുകയെന്നതും സര്‍ക്കാര്‍ വഴി നല്‍കുന്ന വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും വന്‍തോതില്‍ നിരക്ക് കൂട്ടുകയെന്നതുമാണ്.

എണ്ണ വിപണനക്കമ്പനികളുടെ സാമ്പത്തിക ആരോഗ്യമാണ് സമിതിക്ക് വല്ലാത്ത മനോവേദനയുണ്ടാക്കുന്ന കാര്യം. നിര്‍ദേശങ്ങളില്‍ അതിനാണ് ഊന്നല്‍. അണ്ടര്‍ റിക്കവറീസ് എന്ന പേരിലറിയപ്പെടുന്ന സാങ്കല്‍പ്പിക നഷ്ടം കുറച്ചില്ലെങ്കില്‍ രാജ്യത്തെ എണ്ണവിതരണം തന്നെ ഇല്ലാതാകുമെന്നും എണ്ണക്കമ്പനികളുമായി സാമ്പത്തികബന്ധം പുലര്‍ത്തുന്ന ബാങ്കിങ് സംവിധാനം തകരുമെന്നും സമിതി ഭീഷണിപ്പെടുത്തുന്നുണ്ട്. അതിനാല്‍ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് ശുപാര്‍ശ. ഡീസലിനും പാചകവാതകത്തിനും ഇന്ന് ലഭിക്കുന്ന പരിമിതമായ സബ്സിഡി കൂടി ഇല്ലാതാക്കണം, വിലനിയന്ത്രണം എടുത്തുകളയണം. ഇതാണ് എണ്ണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉന്നം. അതിനുള്ള ന്യായീകരണങ്ങളും നിര്‍ദേശങ്ങളും മറ്റൊരു ഏജന്‍സിയെ കൊണ്ട് പറയിക്കുക. അതിനാണ് ഈ ഇടക്കാല സാമ്പത്തിക അച്ചടക്ക നിര്‍ദേശങ്ങള്‍.

എണ്ണക്കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മാത്രമല്ല, ഭക്ഷ്യസബ്സിഡി നിര്‍ത്തലാക്കലും സമിതിയുടെ ലക്ഷ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഓരോ സാമ്പത്തിക നടപടിയും ജനങ്ങളുടെ പോക്കറ്റ് ശൂന്യമാക്കുകയാണ്. ചെലവ് അനുദിനം വര്‍ധിക്കുകയും വരുമാനം വന്‍തോതില്‍ കുറയുകയും ചെയ്യുന്ന തൊഴിലാളികളും കര്‍ഷകരും സാധാരണജനങ്ങളും ജീവിതം വലിയൊരു ഭാരമായി കൊണ്ടുനടക്കുകയാണ്. അവരെ ഇനിയും ആക്രമിക്കുകയെന്നതാണ് മന്‍മോഹന്‍സിങ്ങിന്റെ നയം. 90 ശതമാനം ജനങ്ങള്‍ക്കും ദുരിതം നല്‍കുന്ന നടപടികളെടുത്താണോ സാമ്പത്തികവളര്‍ച്ചയുണ്ടാക്കുന്നത്? മന്‍മോഹന്‍സിങ് വിഭാവന ചെയ്യുന്ന വളര്‍ച്ചയില്‍ സാധാരണ ജനങ്ങള്‍ ഉള്‍പ്പെടുന്നില്ല. വിദേശ കോര്‍പറേറ്റ് കമ്പനികളും സ്വദേശി കുത്തകകളും മാത്രമാണ് ഈ വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍. അവര്‍ക്കുവേണ്ടി രാജ്യത്തെ ജനകോടികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളുന്ന ഈ ഭരണത്തോട് സന്ധിയില്ലാ സമരമല്ലാതെ മറ്റൊരു മാര്‍ഗവും ജനങ്ങള്‍ക്ക് മുന്നിലില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 02 ഒക്ടോബര്‍ 2012

No comments: