Wednesday, October 10, 2012

കുടുംബശ്രീ സമരം സര്‍ക്കാരിന് നല്ല പാഠം

ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യവുമായി 1998 മെയ് 17ന് ഇ കെ നായനാര്‍ സര്‍ക്കാരാണ് കുടുംബശ്രീ പദ്ധതി കേരളത്തില്‍ ആവിഷ്കരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 14 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജാതിമത- രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ പകുതിയിലേറെ കുടുംബങ്ങളുടെ പങ്കാളിത്തം കുടുംബശ്രീ ഉറപ്പാക്കി. 38 ലക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അടയാളമായി കുടുംബശ്രീ മാറി. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ വര്‍ഷംതോറും കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഈ പ്രസ്ഥാനം ഏറ്റെടുത്തു. അതുവഴി സ്ത്രീകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാനും സ്വതന്ത്രമായി നില്‍ക്കാനും ഭരണതലങ്ങളില്‍ മുന്നേറാനും സാഹചര്യമുണ്ടായി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് കുടുംബശ്രീയിലൂടെ മികച്ച രീതിയില്‍ മുന്നേറുന്നു. 1041 കോടി രൂപ നിക്ഷേപവും 4591 കോടി രൂപ ആഭ്യന്തരവായ്പയും 970 കോടി രൂപ ബാങ്ക് ലിങ്കേജും 26 കോടി രൂപയുടെ മാച്ചിങ് ഗ്രാന്റും കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും കുടുംബശ്രീക്ക് കൈമുതല്‍. സമൂഹത്തിന്റെ താഴേത്തട്ടിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങള്‍. അബലകളെന്നും ചപലകളെന്നുമൊക്കെ വിളിച്ച് പലരും അധിക്ഷേപിച്ച് അഗണ്യകോടിയില്‍ തള്ളിയ പാവപ്പെട്ട സ്ത്രീകള്‍ സ്വന്തമായ കഴിവും കരുത്തും പ്രകടിപ്പിച്ച് യഥാര്‍ഥ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാണ് തലസ്ഥാന നഗരമായ അനന്തപുരിക്ക് കാണിച്ചുകൊടുത്തത്. കേരളത്തിന്റെ വെളിച്ചമായി മാറിയ ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ ശ്രമിക്കുന്നത്. ഫണ്ട് നിഷേധത്തിലൂടെയും അവഗണനയിലൂടെയും ബദല്‍ തട്ടിപ്പ് കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കിയും കുടുംബശ്രീയെ ചരമഗതിയിലാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കത്തിനെതിരായ പ്രതിഷേധത്തിന്റെ ആളിക്കത്തലാണ് ആവേശോജ്വലമായ സമരമുന്നേറ്റമായി തലസ്ഥാന നഗരിയില്‍ എട്ടുനാള്‍ ദൃശ്യമായത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അതീവരഹസ്യമായി കോണ്‍ഗ്രസിന്റെ കറക്കുകമ്പനിയായ "ജനശ്രീ മിഷനു" കൈമാറാനുള്ള നീക്കം കുടുംബശ്രീ പ്രവര്‍ത്തകരെമാത്രമല്ല പൊതുസമൂഹത്തെയാകെ ഞെട്ടിച്ചു. കുടുംബശ്രീയെ സംരക്ഷിക്കണമെന്ന വികാരം കേരളത്തിലെ ഓരോ ഭവനങ്ങളിലുമുയര്‍ന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിനാണ് കുടുംബശ്രീ സമരം ആരംഭിച്ചത്. രാപ്പകല്‍ഭേദമില്ലാതെ സമരസേനാനികള്‍ സംസ്ഥാനഭരണത്തിന്റെ സിരാകേന്ദ്രമായ സര്‍ക്കാര്‍ കാര്യാലയത്തിനു മുമ്പില്‍ മുദ്രാവാക്യം മുഴക്കിയും പടപ്പാട്ടുപാടിയും നൃത്തംചവിട്ടിയും സമരത്തില്‍ പങ്കാളികളായി. രാത്രിസമയത്ത് ആയിരക്കണക്കിന് കുടുംബശ്രീ അംഗങ്ങള്‍ റോഡില്‍ കിടന്നുറങ്ങി. തിരുവനന്തപുരം നഗരിയെ ബാധിച്ച ഡെങ്കിപ്പനിയും കോളറയും പോരാളികളെ ഭയപ്പെടുത്തിയില്ല. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യമായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ മനസ്സില്‍ നിറയെ. വിജയംകണ്ടേ സമരം തീരൂ എന്നവര്‍ വിളിച്ചുപറഞ്ഞു. ഓരോ ദിവസവും കടന്നുപോയപ്പോള്‍ നിരാശയല്ല, ദൃഢനിശ്ചയമാണ് അവരുടെ മുഖത്ത് പ്രതിഫലിച്ചത്. ദിവസംകഴിയുന്തോറും സമരവളന്റിയര്‍മാരുടെ എണ്ണം കൂടിവന്നു. വര്‍ഗ-ബഹുജനസംഘടനാ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി രാവുംപകലും ആവേശപൂര്‍വം സമരസേനാനികളെ അഭിവാദ്യംചെയ്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ബഹുജനസംഘടനാ നേതാക്കളും രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകരും അവരെ അഭിവാദ്യംചെയ്ത് പ്രോത്സാഹിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സമരത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സമരം കാണെക്കാണെ അതുല്യമായ ബഹുജന മുന്നേറ്റമായി ഉയരുകയായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമരം വിജയിപ്പിക്കാന്‍ ഭക്ഷണം തയ്യാറാക്കിയും വിഭവങ്ങള്‍ ശേഖരിച്ചും അവശ്യ സൗകര്യങ്ങളൊരുക്കിയും സമരവളന്റിയര്‍മാര്‍ക്ക് കാവലിരുന്നും അര്‍പ്പണമനോഭാവത്തോടെ ആദ്യാവസാനം അധ്വാനിച്ചു. സ്ത്രീകളുടെ സമരം സ്വയം കെട്ടടങ്ങുമെന്ന് കണക്കുകൂട്ടി നിസ്സംഗത നടിച്ച് കാഴ്ചക്കാരായി നോക്കിനിന്ന ഭരണാധികാരികള്‍ തികച്ചും നിരാശരായി. സമരത്തിന്റെ ഏഴാംനാളിലാണ് ഒത്തുതീര്‍പ്പ് സംഭാഷണം ആരംഭിച്ചത്. എട്ടാം ദിവസം ഒത്തുതീര്‍പ്പായി. കുടുംബശ്രീ ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കതും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു.

സഹനസമരത്തിന്റെയും സംഘശക്തിയുടെയും ബഹുജനപിന്തുണയുടെയും കരുത്താണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സാഹചര്യം ഒരുക്കിയത്. ജനകീയ സമരങ്ങളെയും ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളെയും അവഗണിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള പാഠവുംകൂടിയാണ് ഈ സമരത്തിന്റെ വിജയം. അവഗണനയുടെയും അവഹേളനത്തിന്റെയും പുച്ഛത്തിന്റെയും കല്ലേറാണ് അത്തരം മാധ്യമങ്ങളില്‍നിന്ന് ഈ സമരത്തിന് ലഭിച്ചത്. തങ്ങള്‍ നിശ്ചയിക്കുന്നതാണ് വാര്‍ത്ത; അതാണ് ജനങ്ങള്‍ ഏറ്റെടുക്കുക എന്ന മാധ്യമ അഹന്ത ഈ സമരത്തില്‍ ഒരിക്കല്‍കൂടി തിരുത്തപ്പെട്ടു. അത്തരം മാധ്യമങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ആവശ്യങ്ങളും അതുസംബന്ധിച്ച വാര്‍ത്തകളും തമസ്കരിച്ചിട്ടും; തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ അനേകമനേകം വേദികള്‍ ഒരുക്കിയിട്ടും സമരം തളരുകയല്ല കരുത്താര്‍ജിക്കുകയാണുണ്ടായത്.

തിരുവനന്തപുരം നഗരത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം സ്ത്രീകള്‍ പങ്കാളികളായ, രാപ്പകല്‍ തുടര്‍ച്ചയായി സമരരംഗത്തുറച്ചുനിന്ന ഒരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. അതിമഹത്തായ ഈ സമരത്തില്‍ ക്ലേശപൂര്‍വം അണിനിരന്ന സമരസേനാനികളെയും സഹായിച്ചവരെയും പ്രോത്സാഹനം നല്‍കിയവരെയും ഞങ്ങള്‍ അനുമോദിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രഖ്യാപിച്ച സമര സമാപനവേദിയില്‍, ആ ഉറപ്പുകളില്‍ ഏതെങ്കിലുമൊന്ന് ലംഘിക്കപ്പെട്ടാല്‍ പതിന്മടങ്ങ് കരുത്തോടെ തങ്ങള്‍ തിരിച്ചെത്തും എന്ന പ്രഖ്യാപനമാണ് ആയിരക്കണക്കിന് കണ്ഠങ്ങളില്‍നിന്നുയര്‍ന്നത്. ജനവഞ്ചക സര്‍ക്കാരിനും ജനവിരുദ്ധ നയങ്ങളുടെ സംരക്ഷകര്‍ക്കുമുള്ള മുന്നറിയിപ്പാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 10 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യവുമായി 1998 മെയ് 17ന് ഇ കെ നായനാര്‍ സര്‍ക്കാരാണ് കുടുംബശ്രീ പദ്ധതി കേരളത്തില്‍ ആവിഷ്കരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 14 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജാതിമത- രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ പകുതിയിലേറെ കുടുംബങ്ങളുടെ പങ്കാളിത്തം കുടുംബശ്രീ ഉറപ്പാക്കി. 38 ലക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അടയാളമായി കുടുംബശ്രീ മാറി. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ വര്‍ഷംതോറും കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഈ പ്രസ്ഥാനം ഏറ്റെടുത്തു. അതുവഴി സ്ത്രീകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാനും സ്വതന്ത്രമായി നില്‍ക്കാനും ഭരണതലങ്ങളില്‍ മുന്നേറാനും സാഹചര്യമുണ്ടായി.