Wednesday, October 31, 2012

പൊതുവിദ്യാലയങ്ങള്‍ക്കെതിരെ വിധിയെഴുതുമ്പോള്‍

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്നതുമായ വിധിപ്രഖ്യാപനമാണ് സിബിഎസ്ഇ- ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം നല്‍കുന്നതു സംബന്ധിച്ച് കഴിഞ്ഞമാസം ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍- എയ്ഡഡ് മേഖലകളിലായി കേരള സിലബസില്‍ അധ്യയനം നടത്തുന്ന വിദ്യാലയങ്ങള്‍, സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളുടെ അത്ര നിലവാരമുള്ളവയല്ലെന്നും കൂടുതല്‍ ബുദ്ധിശാലികളും പ്രതിഭാശാലികളുമായ കുട്ടികള്‍ സിബിഎസ്ഇ-ഐസിഎസ്ഇ സ്ഥാപനങ്ങളില്‍ പഠിക്കുമ്പോള്‍, വൈഭവം കുറഞ്ഞ കുട്ടികളാണ് കേരളാ സിലബസ് സ്കൂളില്‍ ചേരുന്നതെന്നും കോടതി പരാമര്‍ശിക്കുന്നു. സിബിഎസ്ഇ- ഐസിഎസ്ഇ സിലബസുള്ള വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ പരിമിതവും നിയന്ത്രിതവുമായ അവസരംമാത്രമേ ലഭ്യമാവുന്നുള്ളൂവെന്നതിനാല്‍ ഇത്തരം കൂടുതല്‍ വിദ്യാലയങ്ങള്‍ വേണമെന്ന മുറവിളി ന്യായമാണെന്ന് കോടതി നിരീക്ഷിക്കുന്നു.

2007 ജൂണ്‍ 13ന് സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അംഗീകാരത്തിന് അപേക്ഷിക്കാനുള്ള അവസരം അഞ്ച് വടക്കന്‍ ജില്ലകളിലായി പരിമിതപ്പെടുത്തി. ഇതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പ്രത്യേകാനുമതി ഹര്‍ജി സര്‍ക്കാരിന്റെ വിശദീകരണത്തെതുടര്‍ന്ന് അനുവദിക്കപ്പെട്ടില്ല. 2011ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സിബിഎസ്ഇ - ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് ചുരുങ്ങിയത് മൂന്ന് ഏക്കര്‍ ഭൂമി വേണമെന്നും 300 വിദ്യാര്‍ഥികള്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥവച്ചു. സര്‍ക്കാര്‍ ഉത്തരവിലെ ഈ വ്യവസ്ഥകളെല്ലാം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദുചെയ്തു. സ്വാശ്രയ- സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം നല്‍കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടത് അതതു പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യകത മാത്രമാണെന്ന് കോടതി നിരീക്ഷിക്കുന്നു. സ്കൂള്‍ നിലനില്‍ക്കുന്ന പ്രദേശം, സ്കൂളിന്റെ സ്വഭാവം, നിലവാരം, വിദ്യാര്‍ഥികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കാതെ മൂന്ന് ഏക്കര്‍ ഭൂമി വേണമെന്ന് നിഷ്കര്‍ഷിക്കുന്നത് വിവേചനപരവും അമിതാധികാര പ്രയോഗവുമാണെന്നാണ് കോടതിഭാഷ്യം. സ്ഥലവ്യവസ്ഥ നിര്‍ബന്ധമാക്കിയാല്‍ പുതിയ സ്കൂളുകള്‍ തുടങ്ങുന്നതിന് തടസ്സമാവുകയും നിലവിലുള്ള സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ ലഭ്യമാവാതെ പോവുകയും ചെയ്യും.

സര്‍ക്കാര്‍ യുക്തിസഹവും പ്രായോഗികവും യാഥാര്‍ഥ്യപൂര്‍ണവുമായ നിലപാട് സ്വീകരിച്ച് പുതിയ സംരംഭകരെ ആകര്‍ഷിക്കണമെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സെന്റിന് അഞ്ചുലക്ഷം മുതല്‍ 20 ലക്ഷം വരെ നിലവിലുള്ള കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള സ്ഥല ലഭ്യതാവ്യവസ്ഥ അപ്രായോഗികമാണെന്നാണ് കോടതി നിരീക്ഷണം. അതുകൊണ്ട് സിബിഎസ്ഇ അഫിലിയേഷന്‍ വ്യവസ്ഥയില്‍ പറയുന്നതുപോലെ ഒരേക്കര്‍മുതല്‍ രണ്ടേക്കര്‍വരെ സൗകര്യപ്രദമായി ഭൂമി ലഭ്യമായ സ്ഥലത്ത് ബഹുനില കെട്ടിടം പണിത് ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പരിസ്ഥിതി മലിനീകരണം, ശബ്ദശല്യം എന്നിവ കൂടാതെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് അവസരമൊരുക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് ആരംഭിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം തേടാന്‍ ചുരുങ്ങിയത് മൂന്ന് ഏക്കര്‍ സ്ഥലംവേണമെന്ന മാനദണ്ഡം കോടതി അസാധുവായി പ്രഖ്യാപിച്ചു. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന കേരളസര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. ഇത് സര്‍ക്കാരിന്റെ അധികാര പരിധിക്കു പുറത്താണെന്നും സിബിഎസ്ഇ-ഐസിഎസ്ഇ വ്യവസ്ഥയനുസരിച്ചുള്ള വിഷയങ്ങള്‍ക്കുപുറമെ മറ്റൊരു വിഷയം ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക വാദങ്ങളില്ലെന്ന് കോടതി നിരീക്ഷിക്കുകയുംചെയ്തു. അഫിലിയേഷന്‍ ഘട്ടത്തില്‍ പ്രാഥമിക വിദ്യാലയത്തില്‍ ചുരുങ്ങിയത് 300 കുട്ടികള്‍ വേണമെന്ന കേരളസര്‍ക്കാര്‍ വ്യവസ്ഥ സിബിഎസ്ഇ നിയമാവലിക്ക് വിരുദ്ധമാണെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. മാനേജ്മെന്റിന് ലഭ്യമാകുന്ന കുട്ടികളുടെ എണ്ണത്തിന്റെ അനുപാതം അനുസരിച്ചുള്ള ഡിവിഷനുകള്‍ ആരംഭിച്ച് ആ കുട്ടികള്‍ ആറാംതരത്തില്‍ എത്തുമ്പോള്‍ അഫിലിയേഷന് അപേക്ഷിച്ചാല്‍ മതിയെന്നും അപ്പോള്‍ 180 കുട്ടികള്‍ മതിയാവുമെന്നും കോടതി നിര്‍ദേശിക്കുന്നു. 10-ാം ക്ലാസിലെത്തുമ്പോള്‍മാത്രം 300 എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. വിദ്യാര്‍ഥികള്‍ക്ക് യുഐഡി നിര്‍ബന്ധമാക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടേതിന് സമാനമായ വേതനവ്യവസ്ഥ ഏര്‍പ്പെടുത്തേണ്ടതുണ്ടെങ്കിലും വിദ്യാര്‍ഥികളിലും മാനേജ്മെന്റിലും അമിതഭാരം ഏല്‍പ്പിച്ച് സ്കൂളുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിവിശേഷം ഉണ്ടാക്കരുതെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ പുനരാലോചന വേണം. സിബിഎസ്ഇ വിദ്യാലയങ്ങള്‍ ഇല്ലാതാക്കി നിലവാരം കുറഞ്ഞ സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനിടയാക്കുന്ന തരത്തിലാവരുത് വേതന വര്‍ധന. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ ചെലവ് സര്‍ക്കാരോ തദ്ദേശസ്ഥാപനങ്ങളോ ഏറ്റെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളെക്കുറിച്ച് സര്‍ക്കാരിനുള്ള ഉല്‍ക്കണ്ഠ സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളോടുമുണ്ടാവണം. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അനുമതിപ്പത്രം നല്‍കുമ്പോള്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളുടെ ലഭ്യത പരിഗണിക്കേണ്ടതില്ലെന്നും സമീപത്തെ സിബിഎസ്ഇ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെയും നിലനില്‍പ്പിനെയും ബാധിക്കാതെ നോക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ നിലവാരമുള്ളതാക്കാന്‍ അവയില്‍ സിബിഎസ്ഇ-ഐസിഎസ്ഇ വിഭാഗത്തിന് പ്രവര്‍ത്തന സാധ്യത ഒരുക്കണമെന്നും ഗ്രാമങ്ങളിലെല്ലാം വ്യാപകമായ തോതില്‍ സ്വകാര്യ-സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുകയുമാണ് ചെയ്യേണ്ടതെന്നും വിധിപ്രസ്താവത്തിലൂടെ കോടതി നിര്‍ദേശിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ നിലവാരം, പഠിക്കുന്ന കുട്ടികളുടെ ബുദ്ധിശക്തി, ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളുടെ മികവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തുന്ന നിരീക്ഷണങ്ങള്‍ വസ്തുതകളുമായി ബന്ധമില്ലാത്തതും ഏകപക്ഷീയവും സ്വാശ്രയ-സ്വകാര്യ വിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതുമാണ്. അനുമതിപ്പത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ കോടതി നിരീക്ഷണങ്ങള്‍ മുന്‍വിധികളോടെയും വരേണ്യപക്ഷപാതിത്വത്തോടുകൂടിയവയുമാണ്.

കേരളത്തിലങ്ങോളമിങ്ങോളം സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന കോടതി പൊതുവിദ്യാലയങ്ങളുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നതിനെ അപഹസിക്കുകയുംചെയ്യുന്നു. കേരളത്തിലെ സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ റദ്ദാക്കുകയും പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സിബിഎസ്ഇ-ഐസിഎസ്ഇ വിഭാഗം ആരംഭിച്ച് ആകര്‍ഷകമാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തതിലൂടെ കോടതി മാതൃഭാഷാപഠനം നിരുത്സാഹപ്പെടുത്തുകയാണ്. കേരളത്തിന്റെ സാമൂഹികരംഗത്തു വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ കോടതിവിധിക്കെതിരെ ശക്തമായ ബഹുജനാഭിപ്രായമുയരണം. കോടതി വിധി റദ്ദാക്കുന്നതിന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണം.


*****

എം ഷാജഹാന്‍
 

(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: