Monday, October 1, 2012

പ്രക്ഷോഭദിനത്തിന്റെ പ്രസക്തി

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അന്ധാളിച്ചുനിന്ന ലോകതൊഴിലാളി ഫെഡറേഷന്‍, മാറിവന്ന ലോക സാഹചര്യങ്ങള്‍ക്കൊത്ത് സ്വയം നവീകരിച്ചത് 2005 ലെ ഹവാന കോണ്‍ഗ്രസോടെയാണ്. അതിനുശേഷം വര്‍ഗബോധമുള്ള തൊഴിലാളികള്‍ക്കാകെ മാര്‍ഗനിര്‍ദേശം നല്‍കത്തക്കവിധം യഥാര്‍ഥ ലോക തൊഴിലാളിപ്രസ്ഥാനമായി മാറുകയാണ് ഡബ്ല്യുഎഫ്ടിയു.
 

 2011 ല്‍ ഏഥന്‍സില്‍ ചേര്‍ന്ന 16-ാം കോണ്‍ഗ്രസ് ഉടമവര്‍ഗത്തിന്റെ ആക്രമണങ്ങള്‍ക്കെതിരെ ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ചു. ശാക്തിക ബലാബലത്തില്‍ വന്ന മാറ്റം ഉടമവര്‍ഗത്തിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ലോകത്തെങ്ങും സാമൂഹിക സുരക്ഷാപദ്ധതികള്‍ തകര്‍ത്തെറിയുന്നു.കൂട്ടായി വിലപേശാനുള്ള അവകാശം നിഷേധിക്കുന്നു. കരാര്‍വല്‍ക്കരണം വ്യാപകമാവുകയും തൊഴില്‍ സുരക്ഷിതത്വത്തിനു നേരെ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി 2011 ഒക്ടോബര്‍ മൂന്ന് ലോകവ്യാപകമായി പ്രക്ഷോഭദിനമായി ആചരിക്കപ്പെട്ടു.

തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത 19-ാം നൂറ്റാണ്ടിലേതില്‍നിന്ന് അനേകമടങ്ങ് വര്‍ധിച്ചു. അതിന്റെ നേട്ടമത്രയും മുതലാളിമാരുടെ കീശയിലാണ് പോകുന്നത്. ശാസ്ത്രസാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ നേട്ടങ്ങള്‍ തൊഴിലാളിക്കു കൂടി അര്‍ഹതപ്പെട്ടതാണ്. അതുകൊണ്ടാണ് ആഴ്ചയില്‍ 5 ദിവസം, ദിവസം 7 മണിക്കൂര്‍ എന്ന മുദ്രാവാക്യം 2011 ഒക്ടോബര്‍ 3 മുന്നോട്ടു വച്ചത്.

ഈ ഒക്ടോബര്‍ മൂന്നിന് ഡബ്ല്യുഎഫ്ടിയു ലോകത്തെങ്ങുമുള്ള സാധാരണ മനുഷ്യരെയാകെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഏറ്റെടുക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വൈദ്യസഹായം, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നതാണ് മുദ്രാവാക്യം. ഈ ആവശ്യങ്ങളാകട്ടെ, ചെന്നു തറയ്ക്കുക ബഹുരാഷ്ട്രകുത്തകക്കമ്പനികളുടെ താല്‍പ്പര്യത്തിന്റെ ചങ്കിനുനേരെയാണ്. സമസ്തമേഖലകളിലും പിടിമുറുക്കിയ ബഹുരാഷ്ട്രകുത്തകകള്‍ക്കെതിരെയുള്ള പ്രക്ഷോഭനിര വളര്‍ത്തിയെടുക്കുകയാണ് ഇക്കാലത്ത് വര്‍ഗവീക്ഷണമുള്ള ഒരന്താരാഷ്ട്ര തൊഴിലാളിസംഘടനയുടെ മുഖ്യകടമ.

എല്ലാവര്‍ക്കും ആഹാരം

 
 
വന്‍കിട ബഹുരാഷ്ട്ര കുത്തകക്കമ്പനികളും അവയുടെ ഊഹക്കച്ചവടവും ലോകത്തെ ഭക്ഷ്യമേഖലയെ ആകെ തകരാറിലാക്കി. പട്ടിണി പെരുകുന്നു, വില കുത്തനെ കയറുന്നു. ലോക ഭക്ഷ്യസംഘടന  ഭക്ഷ്യവിലസൂചിക തയ്യാറാക്കിത്തുടങ്ങിയ 1990 നു ശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ വിലക്കുതിപ്പാണ് 2011 ജനുവരിയില്‍ കണ്ടുതുടങ്ങിയത്. ഭക്ഷ്യമേഖലയില്‍ കുത്തകക്കമ്പനികള്‍ പിടിമുറുക്കിയതോടെ കൃഷിയുടെ സ്വഭാവത്തില്‍ മാറ്റം വന്നു. അതു മറ്റൊരു ബിസിനസായി മാറി. ജനിതക ശാസ്ത്രത്തിലെ പുതിയ കുതിച്ചുചാട്ടത്തോടെ ഭക്ഷ്യമേഖലയിലും വന്‍നേട്ടങ്ങള്‍ ഉണ്ടാക്കാനായി. എന്നാല്‍, അതത്രയും കുത്തകക്കമ്പനികളുടെ കൈപ്പിടിയിലാണ്. മൊണ്‍സാന്റോവിന്റെ ലാഭം രണ്ടു മാസംകൊണ്ട് 144 കോടി ഡോളറില്‍നിന്ന് 222 കോടി ഡോളറായി ഉയര്‍ന്നത് 2008ലാണ്.ഭഭക്ഷ്യക്കമ്പോളത്തില്‍ ഊഹക്കച്ചവടസാധ്യത പെരുകിയതോടെ അതും ഉപയോഗപ്പെടുത്തി ലാഭം കുന്നുകൂട്ടുകയാണ് ഇത്തരം കമ്പനികള്‍.

ഇതിനു പുറമെയാണ് ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ എണ്ണയുല്‍പ്പാദനത്തിനായി ഉപയോഗിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുപയോഗിച്ച് എണ്ണയുണ്ടാക്കുന്നവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 730 കോടി ഡോളര്‍ വരും. സര്‍ക്കാരുകളുടെ ഭക്ഷ്യസംരക്ഷണത്തിനും പൊതുവിതരണ സമ്പ്രദായത്തിനും എതിര്‍നില്‍ക്കുന്ന വ്യവസ്ഥകള്‍ അന്താരാഷ്ട്രകൂടിയാലോചനാവേദികളില്‍ അടിച്ചേല്‍പ്പിക്കാനും ഈ കമ്പനികള്‍ക്ക് കഴിയുന്നു. ഭക്ഷ്യധാന്യ ഉല്‍പ്പാദനശേഷി വന്‍തോതില്‍ വര്‍ധിച്ച ഒരുകാലത്ത് അനേകം കോടികള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നു. 85 കോടി ജനങ്ങളാണ് പട്ടിണിയിലേക്കോ പോഷകാഹാരക്കുറവിലേക്കോ തള്ളപ്പെടുന്നത്.

എല്ലാവര്‍ക്കും കുടിവെള്ളം88.5 കോടി ജനങ്ങളാണ് ശുദ്ധജലം കിട്ടാതെ വിഷമിക്കുന്നത്. പ്രതിവര്‍ഷം 15 ലക്ഷം കുട്ടികളാണ് (അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍) ശുദ്ധജലം കിട്ടാതെ മരിക്കുന്നത്. ലോകത്ത് 46 കോടി ജനങ്ങളും ജലവിതരണത്തിനായി ഇന്ന് സ്വകാര്യ കമ്പനികളെയാണ് ആശ്രയിക്കുന്നത്. 1990ല്‍ ഇത് അഞ്ചുകോടി മാത്രമായിരുന്നു. ശുദ്ധജലമേഖലയില്‍ പിടിമുറുക്കിയത് 10 വന്‍ കമ്പനികളാണ്. ഇറാഖിനെ പുനര്‍നിര്‍മിക്കാന്‍ ജലവിതരണക്കരാര്‍ തട്ടിയെടുത്ത ബെഷ്തെല്‍ ഇക്കൂട്ടത്തില്‍ ഒന്നാണ്. യുദ്ധാനന്തര ഇറാഖില്‍ ഒറ്റ മാസത്തേക്ക് 68 കോടി ഡോളറിന്റെ ജലവിതരണക്കരാറാണ് ഈ കമ്പനി നേടിയത്. 100 കോടി യൂറോ ലാഭമുണ്ടാക്കിയ വിയോലിയയും ലോകത്താകെ പതിനായിരത്തിലധികം റിഫൈനറികളുള്ള സൂയസുമൊക്കെ ഈ മേഖല കീഴടക്കിക്കഴിഞ്ഞു. സൂയസിനു 36 ശതമാനം ലാഭം ഉറപ്പു നല്‍കിയുള്ള സമ്മതപത്രം ഒപ്പുവച്ചാല്‍മാത്രമേ വായ്പ അനുവദിക്കൂ എന്നാണ് ചിലിയോട് ലോകബാങ്ക് കല്‍പ്പിച്ചത്. ഐഎംഎഫും ലോകബാങ്കും ജലസ്വകാര്യവല്‍ക്കരണത്തിനായി ദേശരാജ്യങ്ങളെ നിര്‍ബന്ധിക്കുന്നു. ചിലിയിലും അര്‍ജന്റീനയിലും നൈജീരിയയിലും മെക്സിക്കോയിലും മലേഷ്യയിലും ഓസ്ട്രേലിയയിലും ഫിലിപ്പീന്‍സിലും ഇന്ത്യയിലുമൊക്കെ ജലസ്വകാര്യവല്‍ക്കരണം നടപ്പായിത്തുടങ്ങി. വെള്ളത്തിന്റെ കാര്യത്തില്‍ നടന്ന വിജയകരമായ ചെറുത്തുനില്‍പ്പുകളുടെ കൂട്ടത്തില്‍ പ്രഥമഗണനീയമായി മാറിയ ബൊളീവിയയിലെ കൊച്ചബാംബ പ്രക്ഷോഭത്തിന്റെ തുടര്‍ച്ച വരുംനാളുകളില്‍ ലോകവ്യാപകമാവും.

എല്ലാവര്‍ക്കും വിദ്യാഭ്യാസം


വിദ്യാഭ്യാസമേഖല കച്ചവടച്ചരക്കായിത്തീരുമ്പോള്‍ അറിവ് സ്വകാര്യസ്വത്തായി മാറുന്നു. തലമുറകളിലൂടെ കൈമാറിവന്ന അങ്ങേയറ്റം സാമൂഹികസ്വഭാവമുള്ള ഒന്നാണ് അറിവ്. മനുഷ്യരാശി അനേകമായിരമാണ്ടുകളിലൂടെ നേടിയെടുത്ത വിജ്ഞാനമാണ് കുത്തകക്കമ്പനികള്‍ സ്വകാര്യസ്വത്താക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കുന്ന കുത്തകകള്‍ അതിന്റെ സാമൂഹിക സ്വഭാവമാകെ തകര്‍ത്തെറിഞ്ഞ് വില്‍പ്പനച്ചരക്കാക്കി മാറ്റുന്നു. ഏഷ്യനാഫ്രിക്കന്‍ നാടുകളില്‍നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. ഏഴരക്കോടിയിലേറെയാണ് അവിടെ നിരക്ഷരര്‍. കുത്തകകള്‍ പിടിമുറുക്കുന്നതോടെ, സര്‍ക്കാരുകള്‍ പിന്‍വാങ്ങുന്നതോടെ വിദ്യാഭ്യാസച്ചെലവ് പലമടങ്ങ് പെരുകുന്നു. ഫീസ് വര്‍ധനയ്ക്കും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനും എതിരായി ലോകത്തെങ്ങും നടക്കുന്ന പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുക മാത്രമല്ല, വിദ്യാഭ്യാസപ്രശ്നം പ്രഥമവും പ്രധാനവുമായ സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നാണെന്ന് കണ്ട് അതിനെ ഏറ്റെടുക്കണമെന്ന് ഡബ്ല്യുഎഫ്ടിയു ട്രേഡ് യൂണിയനുകളോട് ആവശ്യപ്പെടുന്നു.

എല്ലാവര്‍ക്കും വൈദ്യസഹായം


മരുന്നും ലാഭവര്‍ധനയ്ക്കായി ഉപയോഗപ്പെടുത്തേണ്ട ഒരു ചരക്കാണ് മുതലാളിത്തത്തിന്. കുത്തകകള്‍ ഔഷധരംഗവും കീഴടക്കുന്നു. തങ്ങള്‍ക്കിണങ്ങുംവിധം ലോകത്തെങ്ങുമുള്ള പേറ്റന്റ് നിയമങ്ങള്‍ ഭേദഗതിചെയ്യിച്ച് പൊതുഅറിവിനെ, ആദിമ നാടോടിവിജ്ഞാനത്തെപ്പോലും സ്വകാര്യസ്വത്താക്കുന്നു. ആരോഗ്യമേഖലയിലെ ഗവേഷണവും ഔഷധങ്ങളുടെ നിയന്ത്രണവും വളരെ കാര്യക്ഷമമായി ഏറ്റെടുക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാവണമെന്ന് ഡബ്ല്യുഎഫ്ടിയു ആവശ്യപ്പെടുന്നു. സാങ്കേതികവിദ്യയുടെയും ജനിതക ശാസ്ത്രത്തിന്റെയും പുരോഗതി ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുതകുംവിധം ഉപയോഗപ്പെടുത്തുന്നതിന് തടസ്സം നില്‍ക്കുകയാണ് കുത്തകകള്‍. ഈ അവസരത്തില്‍ ആരോഗ്യരംഗത്തെ സര്‍ക്കാര്‍ ഇടപെടല്‍ വഴി സാധാരണക്കാര്‍ക്ക് വൈദ്യശുശ്രൂഷ എത്തിക്കണമെന്നാണ് ഡബ്ല്യുഎഫ്ടിയു ആവശ്യപ്പെടുന്നത്.

എല്ലാവര്‍ക്കും പാര്‍പ്പിടം


ലോകത്ത് 160 കോടിയിലേറെ ജനങ്ങള്‍ തരംതാണ പാര്‍പ്പിടങ്ങളിലാണ് കഴിയുന്നത്. പാര്‍പ്പിടമെന്നത് കച്ചവടച്ചരക്കാവരുത്. ഓരോ തൊഴിലാളിയുടെയും അവകാശമാണത്. പൊതു പാര്‍പ്പിടങ്ങള്‍ തകര്‍ത്തെറിയുന്നു. തലമുറകളായി കഴിഞ്ഞുപോന്ന പാര്‍പ്പിടങ്ങളില്‍ നിന്ന് പാവപ്പെട്ട തൊഴിലാളികളെയാകെ ആട്ടിയകറ്റുന്നു. കെട്ടിട നിര്‍മാണത്തിലെ അരാജകത്വപ്രവണത കാരണം പ്രകൃതി പ്രതിഭാസങ്ങളുടെ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുകയാണ് ജനങ്ങളെ. അമിതജനസാന്ദ്രതയുള്ള പട്ടണങ്ങള്‍, അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നീങ്ങിനില്‍ക്കാനുള്ള പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നത്, ജനവാസകേന്ദ്രങ്ങള്‍ തിങ്ങി നിറയുന്നത്, താണ നിലവാരത്തിലുള്ള, സുരക്ഷാ സംവിധാനങ്ങളില്ലാത്ത പണിയിടങ്ങള്‍- പ്രശ്നങ്ങള്‍ ഏറെയാണ്.

മനുഷ്യാവകാശത്തെപ്പറ്റിയുള്ള സാര്‍വലൗകികപ്രഖ്യാപനത്തിന്റെ 25-ാം പട്ടികപ്രകാരം പാര്‍പ്പിടത്തിനുള്ള അവകാശം ജനങ്ങള്‍ക്കാകെ ഉറപ്പാക്കേണ്ടതാണ്. ഈ അടിസ്ഥാനാവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ എതിര്‍ നില്‍ക്കുന്നത് ബഹുരാഷ്ട്ര കുത്തകക്കമ്പനികളാണ്. 70 കളില്‍ ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലി നിര്‍ദേശിച്ചതനുസരിച്ച് ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ക്കായി ഒരു പെരുമാറ്റച്ചട്ടവും അത് ഉറപ്പ് വരുത്താനുള്ള പരിശോധനാ സംവിധാനവും രൂപപ്പെടുത്തിയതാണ്. എന്നാല്‍ 80 കളുടെ മധ്യത്തോടെ ഇതിനെയാകെ തകിടം മറിക്കാന്‍ കുത്തകക്കമ്പനികള്‍ക്കായി. അന്താരാഷ്ട്ര സ്ഥാപനങ്ങളെയാകെ വരുതിയില്‍ നിര്‍ത്താന്‍ അവയ്ക്ക് കഴിഞ്ഞു. എന്നാല്‍, അതങ്ങനെ വിട്ടുകൊടുക്കാനാവില്ല എന്നാണ് ഡബ്ല്യുഎഫ്ടിയു പ്രഖ്യാപിക്കുന്നത്.

സാമ്രാജ്യത്വ കാലഘട്ടത്തില്‍ മുതലാളിത്തം കൂടുതല്‍ അക്രമാസക്തമാകുമെന്നും അതിനെതിരെ പരമാവധി ജനങ്ങളെ അണിനിരത്തി പോരാടുകയല്ലാതെ മാര്‍ഗമില്ലെന്നും ലോക തൊഴിലാളി സംഘടന തിരിച്ചറിയുകയാണ്. മുതലാളിത്ത വ്യവസ്ഥയെത്തന്നെ കടപുഴക്കി എറിഞ്ഞുമാത്രമേ തങ്ങളുടെയും സാമാന്യ ജനങ്ങളുടെയും ദുരിതങ്ങള്‍ക്ക് അറുതി വരുത്താനാവൂ എന്ന് പണിയെടുക്കുന്നവരെ മുഴുവന്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രചാരണ പ്രക്ഷോഭങ്ങളാണ് ലോകത്തെങ്ങുമായി നടക്കാന്‍ പോകുന്നത്. ഒക്ടോബര്‍ മൂന്ന് അന്താരാഷ്ട്ര പ്രക്ഷോഭദിനമായി ആചരിക്കണമെന്നും തൊഴിലാളികളെയും പാവപ്പെട്ട കൃഷിക്കാരെയും ആദിവാസി ജനവിഭാഗങ്ങളെയും പൊതു പ്ലാറ്റ്ഫോം വഴി യോജിപ്പിച്ചണിനിരത്തണമെന്നും ഡബ്ല്യുഎഫ്ടിയു ആവശ്യപ്പെടുന്നു. പണിയെടുക്കുന്നവരിലാകെ ഈ സന്ദേശം എത്തിക്കുന്നതിനായി വന്‍ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന ഡബ്ല്യുഎഫ്ടിയു അഭ്യര്‍ഥന ഏറെ ആവേശത്തോടെയാണ് തൊഴിലാളികള്‍ ഏറ്റെടുക്കുന്നത്.


*****

എ കെ രമേശ്,  ദേശാഭിമാനി
Posted on: 30-Sep-2012 10:50 PM

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അന്ധാളിച്ചുനിന്ന ലോകതൊഴിലാളി ഫെഡറേഷന്‍, മാറിവന്ന ലോക സാഹചര്യങ്ങള്‍ക്കൊത്ത് സ്വയം നവീകരിച്ചത് 2005 ലെ ഹവാന കോണ്‍ഗ്രസോടെയാണ്. അതിനുശേഷം വര്‍ഗബോധമുള്ള തൊഴിലാളികള്‍ക്കാകെ മാര്‍ഗനിര്‍ദേശം നല്‍കത്തക്കവിധം യഥാര്‍ഥ ലോക തൊഴിലാളിപ്രസ്ഥാനമായി മാറുകയാണ് ഡബ്ല്യുഎഫ്ടിയു.