Showing posts with label ഉമ്മൻ‌ചാണ്ടി സർക്കാർ. Show all posts
Showing posts with label ഉമ്മൻ‌ചാണ്ടി സർക്കാർ. Show all posts

Saturday, May 25, 2013

ഗുണ്ടാനിയമത്തിന്റെ ദുരുപയോഗം

ഗുണ്ടാനിയമം എന്ന് ചുരുക്കിവിളിക്കുന്ന കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ വകുപ്പുകളുടെ ദുരുപയോഗം അതീവ ഗുരുതര സാമൂഹ്യപ്രശ്നമായി മാറുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഈ നിയമംവച്ച് വേട്ടയാടുകയാണ്.

ഒരു നിയമം പാര്‍ലമെന്റോ നിയമസഭയോ പാസാക്കുമ്പോള്‍ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും കൃത്യമായി രേഖപ്പെടുത്താറുണ്ട്. അതനുസരിച്ച് 2007 സെപ്തംബര്‍ 4ന് കേരള നിയമസഭയില്‍ ഈ നിയമത്തിന് ആധാരമായ ബില്‍ പൈലറ്റ് ചെയ്യുമ്പോള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനകത്ത് നടക്കുന്ന സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഈ നിയമം എന്നാണത്.

വ്യാജ വാറ്റുകാര്‍, കള്ളനോട്ടു നിര്‍മാണം നടത്തുന്നവര്‍, പാരിസ്ഥിതിക വിധ്വംസകര്‍, ഡിജിറ്റല്‍ ഡാറ്റയും പകര്‍പ്പ് അവകാശവും അപഹരിക്കുന്നവര്‍, മയക്കുമരുന്ന് കുറ്റവാളികള്‍, സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഗുണ്ടാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, ഹവാല തട്ടിപ്പുകാര്‍, വാടകച്ചട്ടമ്പികള്‍, അസാന്മാര്‍ഗിക കുറ്റവാളികള്‍, വര്‍ഗീയ സംഘര്‍ഷവും വര്‍ഗീയ കലാപവും നടത്തുന്നവര്‍, ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്നവര്‍- ഇവരെ നേരിടുന്നതിനാണ് നിയമം. രാഷ്ട്രീയ പാര്‍ടികളുടെ പിക്കറ്റിങ്, പ്രകടനം, സര്‍വീസ് സംഘടനകളുടെ സമരം, വസ്തു തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കാരണവശാലും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ബില്‍ അവതരിപ്പിച്ചപ്പോള്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി.

തുടര്‍ന്ന് സംസാരിച്ച ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിനോടു യോജിച്ച് "രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഈ നിയമം ഉപയോഗിക്കരുത്" എന്നാണ് പറഞ്ഞത്. ബില്‍ നിയമസഭ വിശദമായി ചര്‍ച്ചചെയ്ത് ഭേദഗതികളോടെ നിയമമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആക്ഷേപരഹിതമായി നിയമം നടപ്പാക്കപ്പെട്ടു. ഈ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സ്വത്തുതര്‍ക്കം, കുടുംബതര്‍ക്കം എന്നിവയുടെ ഭാഗമായി കേസില്‍ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയില്‍പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകളില്‍ പ്രതികളാകുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തുന്നതിനെ തടയുന്ന വകുപ്പുകളുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ടി നടത്തുന്ന പൊതുവായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളിലെ പ്രതികളെ ഗുണ്ടാലിസ്റ്റില്‍പെടുത്തുന്നതും നിയമപ്രകാരം അനുവദനീയമല്ല. എന്നാല്‍, ഈ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ തകര്‍ക്കുന്ന നിലയിലാണ് തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് പെരുമാറിക്കൊണ്ടിരിക്കുന്നത്. അന്ന് നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി ഇങ്ങനെ വ്യക്തമാക്കി- നിയമം ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം വന്നാല്‍ ആക്ട് തന്നെ ഇല്ലാതാകുമെന്ന സാഹചര്യം ഉണ്ടാകും.

അങ്ങനെ നോക്കുമ്പോള്‍ നിയമംതന്നെ തകര്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉളവായിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഈ നിയമത്തിന്റെ നഗ്നമായ ദുരുപയോഗം ഉണ്ടായിരിക്കുന്നു. കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ കെ വിനീഷിന് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥിയുമായ എം ഷാജറിനെതിരെയും സമാനമായ നോട്ടീസ് പുറപ്പെടുവിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനംമാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ നടപടികളെന്ന് വ്യക്തമാണ്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ദേശീയ ഗെയിംസിന്റെ അവസരത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിനീഷ് അവിടെ ഉണ്ടാവില്ലെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല, പൊലീസിന്റെ ഭാഗത്തുനിന്ന് ഈ നിയമത്തിന്റെ ദുരുപയോഗത്തിനായുള്ള നീക്കം നടക്കുന്നതായി കലക്ടര്‍ക്ക് രേഖാമൂലം സിപിഐ എം പരാതി നല്‍കുകയുമുണ്ടായി. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 22ന് കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ തുടങ്ങിയ ജില്ലയിലെ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ട് കണ്ട് സംസാരിക്കുകയുംചെയ്തു. തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പും നല്‍കി. അതിനുശേഷമാണ് വിനീഷിന് നോട്ടീസ് അയച്ചത്. കൂടാതെ എസ്എഫ്ഐ നേതാവ് ഷാജറിനും സമാനമായ നോട്ടീസ് നല്‍കി. ചുരുക്കത്തില്‍, ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും അറിഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്താനുള്ള നീക്കം.

കോഴിക്കോട് ജില്ലയിലെ സിപിഐ എം നേതാക്കളായ മോഹനന്‍ മാസ്റ്ററുടെയും എംഎല്‍എ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനും നാടുകടത്തല്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോ പൊലീസ് സ്റ്റേഷനുകളിലും കൂടുതല്‍ കേസുകളില്‍ പ്രതികളായ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരുടെ ലിസ്റ്റ് ശേഖരിക്കാന്‍ ഉത്തരമേഖലാ ഐജി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യമാണ് ഐജി ഏറ്റെടുത്തിട്ടുള്ളത്. ഏതാനും ആഴ്ചകള്‍ക്കു ശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഐജി ജോസ് ജോര്‍ജ് രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശമനുസരിച്ചാണ് നടപടി കൈക്കൊള്ളുന്നത് എന്ന ആക്ഷേപം സാര്‍വത്രികമായി ഉയര്‍ന്നിട്ടുണ്ട്. സിപിഐ എമ്മിനും മറ്റും എതിരായി ഈ വിധം അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്ന പൊലീസ്, നാറാത്തുനിന്ന് പിടിച്ച പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികളോട് അഹിതമായ വാക്കുകള്‍പോലും പറഞ്ഞതായി അറിവില്ല.

ഒരു കേസ് അന്വേഷണത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റിയംഗം സുമേഷിനെ കണ്ണൂര്‍ സിറ്റി പൊലീസ് ലോക്കപ്പില്‍വച്ച് മലദ്വാരത്തില്‍ കമ്പികയറ്റിയ ഡിവൈഎസ്പി തന്നെയാണ് നാറാത്തെ മതതീവ്രവാദികളെയും കൈകാര്യംചെയ്തത്. മതതീവ്രവാദികള്‍ക്ക് വിഐപി പരിഗണന. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നേരെ അടിച്ചമര്‍ത്തല്‍ നടപടികളും. പിടിയിലായ മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ജനപ്രതിനിധിയായ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പൊലീസിനു മേല്‍ സമ്മര്‍ദം ചെലുത്തി എന്നാണ് വിവരം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയിലെ 136 ക്രിമിനല്‍ കേസുകളാണ് അധികാരം ഉപയോഗിച്ച് പിന്‍വലിച്ചത്. അതില്‍ 90 ശതമാനം കേസുകളും മുസ്ലിം ലീഗുകാര്‍ പ്രതികളായതാണ്. ഇക്കൂട്ടത്തില്‍ ലീഗുകാര്‍ പ്രതികളായ കവര്‍ച്ചാകേസുകളും ഉള്‍പ്പെടും.

ഗുണ്ടാനിയമം അനുസരിച്ചുള്ള നടപടികളില്‍ നിന്ന് സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള കേസുകളില്‍ പ്രതികളായ ലീഗ് ക്രിമിനലുകളെ ഒഴിവാക്കുകയാണ്. തളിപ്പറമ്പിലെ അംബികാ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ലീഗ് പ്രവര്‍ത്തകരായ റിവാജ്, പരിയാരം കോരന്‍പീടികയിലെ ലത്തീഫ്, അരിയില്‍ സ്വദേശി ജാഫര്‍ എന്നിവര്‍ക്കെതിരെ നടപടി കൈകൊള്ളുന്നതില്‍നിന്ന് പൊലീസിനെ വിലക്കുന്നത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളായ ഒരു എംപിയും എംഎല്‍എയുമാണ്. മാഫിയാ സംഘങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ദുരുപയോഗംചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും യുവജന-വിദ്യാര്‍ഥി വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതുന്ന പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. പൊലീസിലെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് നടത്തുന്ന ഈ രാഷ്ട്രീയക്കളി അങ്ങേയറ്റം അപകടകരമാണ്.


*****

പി ജയരാജന്‍

പൊലീസിന് മാനദണ്ഡം ജാതിയും രാഷ്ട്രീയവും

കേരളത്തിലെ പൊലീസ് ഭരണം, പൊലീസിന്റെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ രണ്ട് പ്രമുഖരില്‍നിന്ന് ലഭിച്ചിരിക്കുന്നു. രണ്ടും ഒരുപോലെ പറയുന്നത് ജാതിയാണ് മുഖ്യപരിഗണന എന്നാണ്. "സവര്‍ണര്‍" എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്ന സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഒരു നീതി; "അവര്‍ണര്‍" എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിട്ടുള്ളവര്‍ക്ക് മറ്റൊരു നീതി. രാഷ്ട്രീയ ഭരണാധികാരികള്‍ പൊലീസ് വകുപ്പില്‍ നടത്തുന്നതും സമൂഹത്തില്‍ പൊലീസ് നടത്തുന്നതും ഈ വിധത്തിലുള്ള ഇരട്ടത്താപ്പാണത്രെ. പറഞ്ഞത് പ്രതിപക്ഷത്തുള്ളവരാരെങ്കിലുമല്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും "രാഷ്ട്രീയപ്രേരിതമായ ആരോപണം" എന്ന എതിര്‍വാദത്തിന്റെ പരിചകൊണ്ട് ചെറുക്കാവുന്നതല്ല ഇത്.

"വെളുത്ത"വരെ സല്യൂട്ടുചെയ്യുകയും "കറുത്ത"വരെ ആക്രമിക്കുകയും ചെയ്യുന്ന നീതിനടത്തിപ്പാണ് പൊലീസില്‍ നിലവിലുള്ളതെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറാണ് പറഞ്ഞത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് ഐപിഎസ് റാങ്ക് നിഷേധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞതാകട്ടെ, കോണ്‍ഗ്രസ് നേതാവുകൂടിയായ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ്. രണ്ട് പ്രസ്താവങ്ങളും കേരളത്തിലെ പൊലീസ് ഭരണത്തിന്റെ നിറുകയിലാണ് ചെന്നുകൊള്ളുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരാണ് ഇതുപറയുന്നത് എന്നതുകൊണ്ട് ഈ അവസ്ഥ എങ്ങനെയുണ്ടായി എന്ന് വീശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബാധ്യസ്ഥരാവുന്നുണ്ട്. ജാതി മാത്രമല്ല, മറ്റൊന്നുകൂടി പൊലീസിന്റെ നീതിനടത്തിപ്പില്‍ മാനദണ്ഡമാവുന്നുണ്ട് എന്നത് കാണാതിരിക്കേണ്ട കാര്യമില്ല. അത് രാഷ്ട്രീയമാണ്.

ഭരണ രാഷ്ട്രീയക്കാരനാണെങ്കില്‍ ഒരു നീതി. പ്രതിപക്ഷത്താണെങ്കില്‍, പ്രത്യേകിച്ച് സിപിഐ എം കൂടിയാണെങ്കില്‍ മറ്റൊരു നീതി. ഇത് സ്ഥിരീകരിക്കുന്ന ഒരു വാര്‍ത്തകൂടി മന്ത്രി, എഡിജിപി എന്നിവരുടെ പ്രസ്താവങ്ങള്‍ വന്ന അതേദിവസത്തെ പത്രത്തില്‍ കണ്ടു. അത് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നുവെന്നതാണ്. ഐപിസിയിലെ 134, 147, 283, 149, 294 ബി എന്നിവയും കേരള പൊലീസ് നിയമത്തിലെ 117ഇയും അനുസരിച്ചാണ് കേസ്. കണ്ണില്‍കണ്ട വകുപ്പുകളൊക്കെയനുസരിച്ച് കേസെടുക്കാന്‍മാത്രം പി ജയരാജന്‍ എന്താണ് കുറ്റം ചെയ്തത്? അദ്ദേഹം പ്രസംഗത്തിനിടെ ഒരു പൊലീസ് ഓഫീസറെ ഒന്ന് വിമര്‍ശിച്ചുപോയി. പഴയ ഈ കോണ്‍ഗ്രസുകാരന്‍ ഇപ്പോഴും കോണ്‍ഗ്രസിനുവേണ്ടി പൊലീസിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞുവത്രെ. താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിനിടയിലാണ് പി ജയരാജന്‍ പൊലീസിനെ വിമര്‍ശിച്ചത്. വിമര്‍ശിച്ചാലുടന്‍ കേസ്! വൈരനിര്യാതനത്തിന് ഇതില്‍ കവിഞ്ഞ ഉദാഹരണം വേണോ? പൊലീസ് ഓഫീസര്‍ക്ക് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാനുള്ളതാണോ ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകള്‍?

ഇത് സ്വതന്ത്ര ഇന്ത്യയാണെന്നും ഇവിടെ ഭരണഘടനാപരമായിത്തന്നെ അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് ഐജി തിരുവായ്ക്കെതിര്‍വായ മിണ്ടാനനുവദിക്കാത്ത പണ്ടത്തെ രാജാവ് ചമയാനാണ് ഭാവമെങ്കില്‍ ആ ശ്രമത്തില്‍ അയാളൊരു കോമാളിയാവുകയേയുള്ളൂവെന്നും ഈ ഐജിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഇത്തരം ഐജിമാരെ കയറൂരി വിടുന്നതല്ല പൊലീസ് ഭരണം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരെങ്കിലും പറഞ്ഞുകൊടുക്കണം. സിപിഐ എമ്മിന്റെയും ബഹുജനസംഘടനകളുടെയും നേതാക്കളെ നാടുകടത്തുക, സിപിഐ എം നേതാക്കളുടെ ഭാര്യയെയും മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക. ഇതിനെ പൊതുവേദിയില്‍ വിമര്‍ശിച്ചാലുടന്‍ കേസെടുക്കുക. ഇതിനൊക്കെ ഇയാള്‍ക്ക് ആര് അധികാരം കൊടുത്തു? പൊലീസ് വകുപ്പിനെ ഭരിക്കാന്‍ കെല്‍പ്പുള്ളയാളാണ് ആഭ്യന്തരമന്ത്രിയെങ്കില്‍ ഇത്തരം വേഷങ്ങള്‍ ഇളകിയാട്ടത്തിന് പുറപ്പെടില്ല എന്നുമാത്രം ഈ ഘട്ടത്തില്‍ പറയട്ടെ. ഇവിടെ പ്രശ്നം അതല്ല. ജാതിയും രാഷ്ട്രീയവുമാവുന്നു പൊലീസ് ഭരണത്തിന്റെ മാനദണ്ഡങ്ങള്‍ എന്നതാണ്. നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് ഇതു കാണിക്കുന്നത്. ഭരണഘടനാസ്വാതന്ത്ര്യങ്ങള്‍ ധ്വംസിക്കാനുള്ള ജനാധിപത്യവിരുദ്ധമായ അമിതാധികാര ത്വരയെയാണിത് കാണിക്കുന്നത്. ഇത് അനുവദിച്ചുകൊടുത്താല്‍ ജനാധിപത്യവും സ്വാതന്ത്ര്യവുമാവും നാളെ അപകടത്തിലാവുക. അതൊക്കെ പന്തുതട്ടിക്കളിക്കാനുള്ള അധികാരമല്ല പൊലീസ് ഓഫീസറുടെ യൂണിഫോമിലെ ചിഹ്നം.

ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് പരസ്യമായി പറഞ്ഞിട്ടും കെ സുധാകരനെതിരെ കേസില്ല. നാല്‍പ്പാടി വാസുവിനെ വധിച്ചതില്‍ കെ സുധാകരനുള്ള പങ്ക് അന്നത്തെ കൂട്ടാളിതന്നെ പരസ്യപ്പെടുത്തിയിട്ടും സുധാകരനെതിരെ കേസില്ല. കൊലപാതകത്തിന് പ്രസംഗത്തിലൂടെ പരസ്യമായി ആഹ്വാനംചെയ്താലും പി കെ ബഷീറിനെതിരെ കേസില്ല. കാരണം; ഇവരൊക്കെ ഭരണകക്ഷിക്കാര്‍. അതേസമയം പൊതുപ്രസംഗത്തില്‍ പൊലീസിനെ വിമര്‍ശിച്ചാല്‍ എളമരം കരീം മുതല്‍ പി ജയരാജന്‍വരെയുള്ളവര്‍ക്കെതിരെ ഉടനടി കേസ്. കാരണം ഇവരൊക്കെ സിപിഐ എംകാര്‍. ഈ ഇരട്ടത്താപ്പാണ് പൊലീസ് നടപടികളില്‍ തുടരെ തെളിയുന്നത്. ഇതിന് പുതിയ മാനം നല്‍കിയിരിക്കുകയാണ് എഡിജിപിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഒരു അഡീഷണല്‍ ഡിജിപിതന്നെ ഉയര്‍ത്തിയിട്ടുള്ള ചോദ്യം അനാഥമായിക്കൂടാ. കേരളത്തിന്റെ മനഃസാക്ഷിയില്‍ മുഴങ്ങേണ്ട ചോദ്യമാണിത്.

കേരളത്തിലെ പൊലീസ് ഭരണത്തിന്റെ വികലമായ മനോഭാവത്തിലേക്കാണത് വെളിച്ചംവീശുന്നത്. പൊലീസ് വകുപ്പിലെതന്നെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുകയും അവരോട് വിവേചനം കാട്ടുകയും ചെയ്യുന്നതിന് തെളിവുണ്ട് എന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. പരിശോധിക്കപ്പെടേണ്ട കാര്യമാണിത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുംതന്നെ വിശദീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമബാഹ്യമായ ഘടകങ്ങളാണ് മാനദണ്ഡങ്ങളാവുന്നത് എന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിത്യേനയെന്നോണം ജനങ്ങള്‍ക്ക് നിയമനടത്തിപ്പിലെ വിവേചനം നിരവധിയായ സംഭവങ്ങളിലൂടെ ബോധ്യപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പൊലീസിന്റെയും പൊലീസ് ഭരണത്തിന്റെയും വിശ്വാസ്യത ചോര്‍ന്നുപോവുകയാണ്. പൊലീസിന്റെ വിശ്വാസ്യത സര്‍ക്കാര്‍തന്നെ വിവേചന നടപടികളിലൂടെ ചോര്‍ത്തിയാല്‍ സമൂഹത്തില്‍ അരാജകാവസ്ഥയുണ്ടാവാന്‍ വേറൊന്നും വേണ്ട. കേരളത്തെ അത്തരം ആപത്തുകളിലേക്ക് നയിക്കുകയാണ് യുഡിഎഫ് ഭരണം. ആശങ്കാജനകമായ സ്ഥിതിവിശേഷമാണിത്.

Tuesday, May 21, 2013

ബഹുദൂരം പിന്നിലേക്ക്

അധികാരവികേന്ദ്രീകരണരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷംതോറും അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ഈ രംഗത്ത് മാതൃകാപരമായ സ്ഥാനമുറപ്പിച്ച് കേരളമാണ് ദീര്‍ഘനാളായി ഒന്നാംസ്ഥാനം നേടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മേഖലയില്‍ നിര്‍ണായകമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസ്ഥാനം ബഹുദൂരം പിറകോട്ടുപോയിരിക്കുന്നു എന്നതാണ് വാസ്തവം. അധികാരമേറ്റ് രണ്ടുവര്‍ഷംകൊണ്ട് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാനും വികേന്ദ്രീകൃത ആസൂത്രണം വഴിപാടാക്കാനും യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരം തിരിച്ചെടുക്കാനും അവയ്ക്കുള്ള ധനസ്രോതസ്സുകള്‍ കുറയ്ക്കാനും ശ്രമിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരുകളും എന്നും ചെയ്തിട്ടുള്ളത്.

1994ല്‍ ആണ് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധികാരം നല്‍കി പഞ്ചായത്തിരാജ്, നഗരസഭാ നിയമങ്ങള്‍ ഉണ്ടായത്. എന്നാല്‍, ബജറ്റ് വിഹിതത്തിന്റെ 35 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി അവയെ പ്രവര്‍ത്തനക്ഷമമാക്കിയത് 1996ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരാണ്. കാര്‍ഷികമേഖലയടക്കമുള്ള ഉല്‍പ്പാദനമേഖലകളിലും പ്രാദേശിക വികസനത്തിന്റെ സമസ്തമേഖലകളിലും നേതൃപരമായ പങ്കുവഹിച്ച് പ്രാദേശിക സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താനാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. അടിസ്ഥാനസൗകര്യം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിങ്ങനെ എല്ലാ മേഖലകളിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഒമ്പതാം പദ്ധതിക്കാലത്തുണ്ടായത്. പഞ്ചായത്ത് പ്രദേശത്ത് ലഭ്യമായ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയും പ്രാദേശിക ജനസമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ കണക്കിലെടുത്തും പ്രാദേശിക ആസൂത്രണത്തിന് ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കപ്പെട്ടു. 2001ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം ഇല്ലായ്മചെയ്യാനാണ് ശ്രമിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങളില്‍ ചിലതെങ്കിലും തിരിച്ചുപിടിക്കാനും ശ്രമിച്ചു. സാമ്പത്തികവിഹിതം കുറവുചെയ്തു. ശക്തമായ ജനകീയ പ്രതിരോധംമൂലം അധികാരവികേന്ദ്രീകരണ പരീക്ഷണത്തിന് കൂടുതല്‍ അപകടംവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം ഏല്‍പ്പിച്ച ആഘാതങ്ങള്‍ മാറ്റിയെടുക്കുകയായിരുന്നു 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. കര്‍മസമിതികള്‍, ഗ്രാമസഭ, സന്നദ്ധസാങ്കേതിക സംവിധാനം എന്നിവയെ പുനരുജ്ജീവിപ്പിച്ചു. കാര്‍ഷികമേഖലയ്ക്കുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചു. പട്ടികവിഭാഗങ്ങളുടെ പദ്ധതിവിഹിതം ദുരുപയോഗം ചെയ്തതിന് പരിഹാരവകയിരുത്തല്‍ നടത്തി. ജനകീയാസൂത്രണത്തെതുടര്‍ന്നുണ്ടായ ഭരണസംവിധാനങ്ങളെയും ആസൂത്രണനിര്‍വഹണരീതികളെയും സ്ഥായീകരിക്കുക എന്നതായിരുന്നു ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രധാനമായും ചെയ്തത്. കുടുംബശ്രീ, കില, ശുചിത്വമിഷന്‍ തുടങ്ങിയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അവയെ തദ്ദേശസ്ഥാപനങ്ങളുടെ സഹായഹസ്തങ്ങളാക്കി മാറ്റുകയുമാണ് ചെയ്തത്. ഒരേ രംഗത്ത് സമാന്തരപ്രവര്‍ത്തനം നടത്തുന്ന സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയുംചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനുതകുന്ന ഇത്തരം സംവിധാനങ്ങളെയെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ദുര്‍ബലമാക്കി.

പഞ്ചായത്തുതലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ത്രിതല പഞ്ചായത്തുകളും കേന്ദ്രാവിഷ്കൃതപദ്ധതികള്‍ നടപ്പാക്കുന്ന ഗ്രാമവികസനവകുപ്പും തമ്മില്‍ ഏകോപിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളെയെല്ലാം ഒരൊറ്റ വകുപ്പിനു കീഴിലാക്കിയും പ്രവര്‍ത്തിച്ചുവന്ന സംവിധാനത്തെ മൂന്നു മന്ത്രിമാരുടെ കീഴിലാക്കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയത്. വികേന്ദ്രീകൃത ആസൂത്രണം സുഗമമാക്കുന്നതിനുണ്ടായിരുന്ന ഏകോപനസംവിധാനവും പ്രവര്‍ത്തനക്ഷമമല്ലാതായി. ഏകോപനമില്ലായ്മ പദ്ധതിപ്രവര്‍ത്തനത്തിന്റെ താളംതെറ്റിച്ചു. വര്‍ഷാവസാനം 60 ശതമാനം ചെലവാക്കിയാലും തുക ലാപ്സാകില്ല എന്നുപറഞ്ഞ് തദ്ദേശസ്ഥാപനങ്ങളെ സമാശ്വസിപ്പിച്ചു. ഈ വര്‍ഷം എന്തൊക്കെ പദ്ധതികള്‍ എങ്ങനെ നടന്നുവെന്ന് അറിയാത്ത അവസ്ഥയായി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി ഗ്രാമവികസനവകുപ്പുദ്യോഗസ്ഥരെ നടത്തിപ്പുകാരാക്കി. ജനകീയതലം പൂര്‍ണമായും നഷ്ടമായി. പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെട്ടതുമില്ല.

കേന്ദ്രാവിഷ്കൃതപദ്ധതികളുടെ നടത്തിപ്പ് എന്‍ജിഒകളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ ഉജ്വല സമരമാണ് കുടുംബശ്രീ സംവിധാനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. എന്നിട്ടും രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍നിന്ന് നല്ലൊരു വിഹിതം ജനശ്രീക്ക് നല്‍കി. തദ്ദേശസ്ഥാപനങ്ങള്‍വഴി നടത്തേണ്ട പദ്ധതിക്കാണ് സ്വന്തംപോക്കറ്റ് സംഘടനയെ ഉപയോഗിക്കുന്നത്. ദേശീയ ഉപജീവന്‍ പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്. അത് ഒഴിവാക്കാന്‍ ഗ്രാമവികസനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറിശ്രമവും പരാജയപ്പെട്ടു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായിട്ടും തുടങ്ങാന്‍കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വസ്തുത.

ഉല്‍പ്പാദനമേഖലയില്‍ പഞ്ചായത്തുകളുടെ പദ്ധതിപ്രവര്‍ത്തനം അനിവാര്യമാക്കുകയും അതുവഴി പ്രാദേശിക ഉല്‍പ്പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ച് പ്രദേശത്തിന്റെ സമഗ്രവികസനത്തിന്റെ നേതൃത്വം പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. ഇത് പദ്ധതിപ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകമാക്കാന്‍ രണ്ടാംഘട്ട ജനകീയാസൂത്രണത്തില്‍ സാധിക്കുകയുംചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയിലൂടെ പഞ്ചായത്തുകളുടെ ഉല്‍പ്പാദനമേഖലയിലെ ഇടപെടലിനുള്ള അവസരം ഇല്ലാതാക്കി. റോഡ്, കലുങ്ക്, പരിസര ശുചീകരണം എന്നീ പരമ്പരാഗത ചുമതലകള്‍ നിറവേറ്റാനുള്ള പഴഞ്ചന്‍ സംവിധാനത്തിന്റെ തലത്തിലേക്ക് പഞ്ചായത്തു സംവിധാനത്തെ തളര്‍ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത് അധികാരവികേന്ദ്രീകരണം സംബന്ധിച്ച എല്ലാ ധാരണകള്‍ക്കും വിരുദ്ധമാണ്. പഞ്ചായത്തുകള്‍ പ്രാദേശിക സര്‍ക്കാരുകളായി വളരുന്നതിന് സഹായകവുമല്ല.

ജില്ലാ ആസൂത്രണസമിതികള്‍ക്ക് സെക്രട്ടറിയറ്റ് ഉണ്ടാക്കുകയും അവയ്ക്ക് സ്വന്തം ആസ്ഥാനമന്ദിരങ്ങള്‍ നിര്‍മിക്കുകയുംചെയ്ത് ജില്ലാ ആസൂത്രണസമിതികളെ ശക്തമാക്കുകയും പ്രാദേശിക ആസൂത്രണത്തിന്റെ കേന്ദ്രസ്ഥാനം ഏറ്റെടുക്കാന്‍ അവയെ പ്രാപ്തമാക്കാനുമുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. ഡിപിസികള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിനുണ്ടായിരുന്ന സംവിധാനംപോലും വേണ്ടെന്നുവച്ചു. വാര്‍ഷികപദ്ധതികളുടെ അംഗീകാരം ഉദ്യോഗസ്ഥ സംവിധാനത്തെ ഏല്‍പ്പിച്ച് പ്രാദേശിക ആസൂത്രണം പൂര്‍ണമായും ഉദ്യോഗസ്ഥവല്‍ക്കരിച്ചു. ഇതോടൊപ്പം കര്‍മസമിതികള്‍ അപ്രസക്തമാവുകയും ഗ്രാമസഭകള്‍ നിര്‍ജീവമാകുകയുംകൂടി ചെയ്തപ്പോള്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം പൂര്‍ണമായും നഷ്ടപ്പെട്ടു.

ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ് കില. അതിന്റെ ഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. പരിശീലനപരിപാടികള്‍ സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കപ്പെട്ടു.

കുടിവെള്ള വിതരണത്തിന് സ്വകാര്യ പങ്കാളിത്തമുള്ള കമ്പനി നിലവില്‍വന്നുകഴിഞ്ഞു. മാലിന്യസംസ്കരണവും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നു. ചുമതലകള്‍ ഒന്നൊന്നായി സ്വകാര്യകമ്പനികളെയും സര്‍ക്കാരിതര സംഘടനകളെയും ഏല്‍പ്പിച്ച് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി അധികാരവികേന്ദ്രീകരണരംഗത്ത് കേരളം നേടിയ നേട്ടങ്ങളെല്ലാം ഇല്ലായ്മചെയ്യാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. രണ്ടുവര്‍ഷംകൊണ്ട് അവര്‍ കുറെയൊക്കെ ചെയ്തുകഴിഞ്ഞു. ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുനല്‍കി കേരളത്തെ ഭവനരഹിത കുടുംബങ്ങളില്ലാത്ത സംസ്ഥാനമാക്കാന്‍ രൂപംകൊടുത്ത, ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. തദ്ദേശസ്ഥാപനങ്ങളും അവയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന സംവിധാനങ്ങളും ഒരൊറ്റ വകുപ്പിനു കീഴിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഈ പൊതുസര്‍വീസ് വേണ്ടെന്ന് വച്ചിരിക്കുകയാണ്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ചിട്ടയായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയ്ക്കനുസൃതമായിമാത്രം സ്ഥലംമാറ്റം നടത്തുകയുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ചെയ്തത്.

ഇന്നാകട്ടെ, മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി കോഴിവാങ്ങി സ്ഥലംമാറ്റം നടക്കുന്ന അവസ്ഥ പതിവായി. പട്ടികവിഭാഗങ്ങള്‍ക്കുള്ള വികസനഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെയും ജനങ്ങള്‍ക്ക് അനിവാര്യമായ മേഖലകളില്‍ ഉപയോഗിക്കാത്തതിന്റെയുംകൂടി ഫലമാണ് ആദിവാസിമേഖലയിലെ പോഷകാഹാരക്കുറവും ശിശുമരണവുമെല്ലാം. പഞ്ചായത്തുകള്‍ ഒന്നുംചെയ്യാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുന്ന അവസ്ഥ വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ ഇന്നത്തെ സ്ഥിതി പ്രകടമാക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണലോബികള്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനിര്‍മാണചട്ടങ്ങള്‍ ഭേദഗതി ചെയ്തും വന്‍കിടക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനികുതി ചട്ടങ്ങള്‍ ഭേദഗതിചെയ്തും യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ സമ്പന്നവര്‍ഗപക്ഷപാതിത്വം പ്രകടമാക്കുകയാണ്. ഒന്നരപതിറ്റാണ്ടുകൊണ്ട് അധികാരവികേന്ദ്രീകരണരംഗത്ത് നേടിയ നേട്ടങ്ങളില്‍ നല്ലപങ്കും രണ്ടുകൊല്ലംകൊണ്ട് അവര്‍ നശിപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളവര്‍ ഇതിനെതിരെ പ്രതിഷേധിക്കണം.

*****

പാലോളി മുഹമ്മദ്കുട്ടി

എന്തിനീ കണ്ണില്‍ പൊടിയിടല്‍

ജനാധിപത്യവ്യവസ്ഥയില്‍ അധികാരമേറ്റ സര്‍ക്കാര്‍ അതിന്റെ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞകാല നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതും തികച്ചും സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുമെന്നു കാണാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരല്ല, യുഡിഎഫിനെ നയിക്കുന്നതെന്നും ഏവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

അധികാരമേറ്റ നാള്‍മുതല്‍ "അതിവേഗം ബഹുദൂരം" തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ലെന്നതാണ് ജനങ്ങള്‍ക്കുണ്ടായ അനുഭവം. അതെല്ലാം ഒളിച്ചുവച്ച് ഇനി സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നു പറഞ്ഞ് പുതിയ "പദ്ധതി" പ്രഖ്യാപിച്ചത് ശരിക്കും ജനങ്ങളെ ഞെട്ടിച്ചുകളഞ്ഞു. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യചികിത്സ ഉറപ്പാക്കുന്ന "ആരോഗ്യ കിരണം" പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് "പുതുതായി" പ്രഖ്യാപിച്ചത്. ഇത് 2009ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ പദ്ധതിയാണെന്ന് അറിയാത്തവരല്ല, ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. 2009ല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി തുടങ്ങിയ പദ്ധതി 2010ല്‍ വിപുലീകരിച്ച് "താലോലം" എന്ന പേരില്‍ എല്ലാ മാരകരോഗങ്ങള്‍ക്കുമുള്ളതാക്കിയതാണ്.

എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ വരുമാനനികുതി അടയ്ക്കാത്ത എല്ലാവര്‍ക്കും അന്നുമുതല്‍ പദ്ധതി മുഖേന സൗജന്യ ചികിത്സ നല്‍കിവരുന്നുണ്ട്. മാതൃകാപരമെന്ന് എതിരാളികള്‍പോലും വിശേഷിപ്പിച്ച ആ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ സജീവമായ താല്‍പ്പര്യംകൊണ്ടാണ് അതിവേഗം പ്രാവര്‍ത്തികമായതും നിരാലംബരായ അനേകം കുട്ടികള്‍ക്ക് ആശ്വാസമായതും. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷവും പദ്ധതി തുടരുന്നുണ്ട്. നൂറുകണക്കിനു കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരികയാണ്. ഈ പദ്ധതിയാണ് ഇപ്പോള്‍ നൂതന പദ്ധതിയെന്ന രൂപത്തില്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്. കേന്ദ്രാവിഷ്കൃതപദ്ധതിയായ ജനനി സുരക്ഷാ യോജന പേര് മാറ്റി "അമ്മയും കുഞ്ഞും" പദ്ധതിയാക്കിയതും ഈ സര്‍ക്കാരിന്റെ പുതിയ പദ്ധതിയെന്ന വ്യാജേന പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് ഈ പദ്ധതി മാതൃകാപരമായി പുനരാരംഭിച്ചത്. അതും പേര് മാറ്റി യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാക്കി. ഭാവനാദാരിദ്ര്യവും നിസ്സംഗതയും മറയ്ക്കാന്‍ കാപട്യപൂര്‍ണമായ വഴികള്‍ തേടുകയാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചനയും കാപട്യവുമാണ് ഇതിലൂടെ ഒരിക്കല്‍കൂടി പുറത്തുവന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ ഒന്നുപോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. കാര്‍ഷിക-വ്യാവസായിക മേഖലയിലെ തകര്‍ച്ച, പോഷകാഹാരക്കുറവുമൂലം ആദിവാസികുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുവീഴുന്നത്, വൈദ്യുതിമേഖലയിലെ പ്രതിസന്ധി, കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കെത്തിയത്- ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍കാരണം മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ആരോഗ്യമേഖലയെവച്ച് തട്ടിപ്പ് നടത്താനൊരുമ്പെടുന്നത്. ആരോഗ്യമേഖലയില്‍ മുന്‍സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഓരോന്നായി തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍വരെ മരുന്നുവിതരണം കാര്യക്ഷമമാക്കിയ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നോക്കുകുത്തിയാക്കി. ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയില്ല. എന്‍ആര്‍എച്ച്എം മുഖേന നടന്ന അടിസ്ഥാന സൗകര്യ വികസനപദ്ധതികളാകെ നിലച്ചു. പകരം തഴച്ചുവളരുന്നത് അഴിമതിയാണ്. സര്‍ക്കാരാശുപത്രികള്‍ സാധാരണക്കാരന് അഭയകേന്ദ്രമാകുന്ന അവസ്ഥ അട്ടിമറിക്കപ്പെടുന്നു. കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍, അതിനുമെത്രയോ മുമ്പ് പകര്‍ച്ചവ്യാധികള്‍ നാടിനെ കീഴടക്കിക്കഴിഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, കോളറ എന്നിവയും പലയിനം പകര്‍ച്ചപ്പനിയും കേരളത്തെ പനിക്കിടക്കയിലാക്കി. മഴക്കാലം എത്തുംമുമ്പേ അത്യന്തം സ്ഫോടനാത്മകമായ സാഹചര്യമുണ്ടായിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. അട്ടപ്പാടിയില്‍ ഉള്‍പ്പെടെ പിഞ്ചുകുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം പിടഞ്ഞുമരിക്കുകയാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലാണ് സര്‍ക്കാരും മന്ത്രിമാരും. അവര്‍ക്ക് ഇപ്പോള്‍ ആശ്രയം തട്ടിപ്പുപ്രഖ്യാപനങ്ങള്‍മാത്രം. മാധ്യമപ്പരസ്യങ്ങളിലൂടെയും വാഗ്ദാനപ്പെരുമഴ പെയ്യിച്ചും ജനങ്ങളോടുള്ള കടമ മറന്ന് ആഭാസഭരണം നടത്തുന്നവരുടെ സഹജമായ രീതിയാണിത്. മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതും പാതിവഴിയിലെത്തിനില്‍ക്കുന്നതുമായ വന്‍കിടപദ്ധതികള്‍ക്കുപോലും യുഡിഎഫിന്റെ "ഫ്ളാഗ്ഷിപ്" പദ്ധതികളെന്ന് ഓമനപ്പേരുനല്‍കി മേനിനടിക്കാന്‍ മടിക്കാത്ത മുഖ്യമന്ത്രിയില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കണം.

Tuesday, November 20, 2012

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിബോര്‍ഡ്

വൈദ്യുതിബോര്‍ഡ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതിക്കമ്മിയും സാമ്പത്തികപ്രതിസന്ധിയും സ്ഥാപനത്തെ ബാധിക്കുന്നുണ്ട്. രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍വീതം ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ് കൊണ്ടുമാത്രം ഈ പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത ഉയര്‍ത്തിയും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകൂ. എന്നാല്‍, അതിനുള്ള ഇച്ഛാശക്തി വൈദ്യുതിബോര്‍ഡിനില്ല. പ്രവര്‍ത്തനസ്തംഭനവും കാര്യക്ഷമതാരാഹിത്യവും സ്ഥാപനത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. ഉല്‍പ്പാദന- പ്രസരണ- വിതരണ മേഖലകളെല്ലാം സ്തംഭനാവസ്ഥയിലാണ്.

ഇഴയുന്ന പദ്ധതികള്‍

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ നാം നടപ്പാക്കിവന്ന ഒട്ടുമിക്ക പദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുകയോ ആണ്. ജീവനക്കാരുടെയോ ഓഫീസര്‍മാരുടെയോ വീഴ്ചയല്ല ഇതിനു കാരണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോര്‍ഡ് തലത്തിലുണ്ടാകുന്ന കാലതാമസവും ചിലഘട്ടങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കലുമാണ് പദ്ധതികള്‍ മുടങ്ങാന്‍ കാരണം. പള്ളിവാസല്‍ എക്സ്റ്റന്‍ഷനിലെ ടണല്‍ നിര്‍മാണം മണ്ണിടിച്ചില്‍മൂലം മുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇത് പരിഹരിക്കാന്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ തീരുമാനമുണ്ടാകാത്തത് പദ്ധതിപ്രവര്‍ത്തനം നിശ്ചലമാക്കി. പുതിയ ഉല്‍പ്പാദനപദ്ധതികള്‍ കണ്ടെത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും സ്തംഭനത്തിലാണ്. കുറെ പ്രകൃതിവാതകനിലയങ്ങളുടെ പേര് പറയുന്നതല്ലാതെ ജലവൈദ്യുതപദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനോ ബൈഥരണി കല്‍ക്കരിപ്പാലം വികസിപ്പിക്കലടക്കം പുതിയ സാധ്യതകള്‍ തേടുന്നതിനോ ഒരു ശ്രമവും ബോര്‍ഡിന്റെ ഭാഗത്തുനിന്നില്ല.

പ്രസരണരംഗത്തും സ്തംഭനം

പ്രസരണ- വിതരണ മേഖലകളിലും ഇതേ അവസ്ഥയാണ്. പ്രസരണമേഖലയില്‍ 2012-13 സാമ്പത്തികവര്‍ഷത്തില്‍ ലക്ഷ്യമിട്ട ഒരു പദ്ധതിപോലും പൂര്‍ത്തിയാകില്ലെന്ന സ്ഥിതിയാണ്. 2011-12 കാലത്ത് പൂര്‍ത്തിയാകേണ്ട സബ്‌സ്റ്റേഷനുകളുടെ നിര്‍മാണംപോലും എങ്ങുമെത്തിയില്ല. ടാര്‍ജറ്റ് അനുസരിച്ച് പണി പൂര്‍ത്തിയാക്കുന്നതിന് ഒട്ടേറെ മാതൃക നാം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ആ നേട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്ന സ്ഥിതിയാണ് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് സംജാതമായത്. ഒന്നരവര്‍ഷത്തിനിടയില്‍ പണിപൂര്‍ത്തിയായത് 13 സബ്‌സ്റ്റേഷനാണ്. ഇതാകട്ടെ, 2011 മാര്‍ച്ചില്‍ പൂര്‍ത്തിയായി തെരഞ്ഞൈടുപ്പായതിനാല്‍ ഉദ്ഘാടനം നടക്കാതിരുന്ന നാല് സബ്‌സ്റ്റേഷന്‍ ഉള്‍പ്പെടെയാണ്. ഇടതുമുന്നണി ഭരണകാലത്ത് പ്രതിവര്‍ഷം ശരാശരി 19 സബ്‌സ്റ്റേഷന്‍വീതം കമീഷന്‍ ചെയ്തിരുന്നു.

തകരുന്ന വിതരണരംഗം

ഉപഭോക്താക്കളുടെ സംതൃപ്തി കൈവരിക്കുന്നതിന് ഒട്ടേറെ നൂതന ആശയങ്ങള്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞിരുന്നു. ബില്ലിങ് കംപ്യൂട്ടറൈസേഷന്‍, മോഡല്‍ സെക്ഷന്‍, വോള്‍ട്ടേജ് അദാലത്ത്, 24 മണിക്കൂറും വാഹനസൗകര്യത്തോടെയുള്ള ബ്രേക്ക്ഡൗണ്‍ ടീം... ഇങ്ങനെ നിരവധി പദ്ധതികളിലൂടെയാണ് പരാതിരഹിത വൈദ്യുതിബോര്‍ഡ് സങ്കല്‍പ്പത്തിലേക്ക് നാം എത്തിയത്. സമ്പൂര്‍ണ വൈദ്യുതീകരണം, സിഎഫ്എല്‍ വിതരണം, ഊര്‍ജ സംരക്ഷണക്യാമ്പയിനുകള്‍, ജനകീയ അദാലത്തുകള്‍ തുടങ്ങിയ ഒട്ടേറെ ഇടപെടലുകള്‍ക്ക് വൈദ്യുതിബോര്‍ഡ് നേതൃത്വം നല്‍കി. എന്നാല്‍, സൗജന്യ വൈദ്യുതി കണക്ഷന്‍ എടുത്തുകളഞ്ഞതടക്കം ഈയടുത്തകാലത്ത് വൈദ്യുതിബോര്‍ഡ് സ്വീകരിച്ച നടപടികളെല്ലാം ഉപയോക്താക്കളെ ബോര്‍ഡിന് എതിരാക്കുന്നവയാണ്. മോഡല്‍ സെക്ഷന്‍ സങ്കല്‍പ്പംപോലും ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. വാഹന ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉപഭോക്തൃസേവനം താറുമാറാക്കി. മാത്രമല്ല, സെക്ഷനുകളുടെ ചുമതല നിര്‍വഹിക്കേണ്ട അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തിക പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്.

തൊഴിലവകാശങ്ങള്‍ നിഷേധിക്കുന്നു

ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഡിഎ കുടിശ്ശിക അനുവദിക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതനുസരിച്ച് വൈദ്യുതിബോര്‍ഡിലും ഡിഎ കിട്ടും എന്നതിന് ഉറപ്പില്ലെന്ന് ബോധ്യപ്പെടുത്തുന്നതായി ഈ കാലതാമസം. സാധാരണനിലയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട ജനറല്‍ ട്രാന്‍സ്ഫര്‍ പരമാവധി ജൂണ്‍വരെ നീണ്ടുപോയ ചരിത്രമാണുള്ളത്; അതും തെരഞ്ഞെടുപ്പുപോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍. എന്നാല്‍, ഇത്തവണ ഉത്തരവുകള്‍ വന്നുതുടങ്ങിയത് ജൂലൈ അവസാനത്തിലാണ്. അത് ഇനിയും പൂര്‍ത്തിയായിട്ടില്ല. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് ഇങ്കുബേറ്ററില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡങ്ങളുടെ ലംഘനം അനവധിയാണ്. അവ തിരുത്തുന്നതിന് നടപടിയുണ്ടാകുന്നില്ല. നികത്താത്ത ഒഴിവുകള്‍ ഒഴിവുകള്‍ നികത്തപ്പെടാതെ പ്രൊമോഷനുകള്‍ അനിശ്ചിതമായി നീളുകയാണ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരിലേക്കുള്ള പ്രൊമോഷന് അഞ്ചു മാസത്തോളം കാലതാമസം വന്നെങ്കില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികയിലേക്ക് വീണ്ടും നാലഞ്ച് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. നൂറില്‍പ്പരം സെക്ഷന്‍ ഓഫീസുകളില്‍ എഇഒമാരില്ല. സബ് എന്‍ജിനിയര്‍മാരില്‍നിന്നുള്ള പ്രൊമോഷന്‍ അനിശ്ചിതമായി നീളുന്നതാണ് കാരണം. സെക്ഷനുകളിലെ റവന്യൂ പ്രവര്‍ത്തനങ്ങളുടെ തലവന്‍ സീനിയര്‍ സൂപ്രണ്ടാണ്. ഈ തസ്തികയിലും നിരവധി ഒഴിവുകളാണ്.

സ്വകാര്യവല്‍ക്കരണ സമ്മര്‍ദം

രാജ്യമാകെ വൈദ്യുതി വിതരണമേഖല കടുത്ത പ്രതിസന്ധിയിലാണ്. മിക്കവാറും യൂട്ടിലിറ്റികള്‍ കടക്കെണിയിലാണ്. ഇത് പരിഹരിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക രക്ഷാപാക്കേജ് ഈ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധിതമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ബോര്‍ഡിന്റെ വിഭജനവും സ്വകാര്യവല്‍ക്കരണവും ലക്ഷ്യംവച്ചുള്ള ശക്തമായ സമ്മര്‍ദമാണ് കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്നത്. വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടന കാലതാമസമില്ലാതെ നടപ്പാക്കണമെന്ന നിലപാട് സംസ്ഥാനസര്‍ക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. പൊതുമേഖലയില്‍ ഒറ്റസ്ഥാപനം എന്ന മുന്‍സര്‍ക്കാരിന്റെ സമീപനം തുടരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്്. എന്നാല്‍, വിതരണമേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയെടുത്ത തീരുമാനം കേരളത്തിന്റെ നിലപാടുകളെയും ഗുരുതരമായി ബാധിക്കുമെന്നത് കാണിക്കാതിരിക്കാനാകില്ല. ബോര്‍ഡിന്റെ കൂപ്പുകുത്തല്‍ വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടന അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദങ്ങളെ ഒരു ബദല്‍നയത്തിന്റെ അടിസ്ഥാനത്തില്‍ ചെറുത്തുനിന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതിബോര്‍ഡിനെ രാജ്യത്തിനാകെ മാതൃകയാക്കി മാറ്റിയത്. ജീവനക്കാരെയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുത്ത് ഉല്‍പ്പാദന-വിതരണ-പ്രസരണ മേഖലകളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാനും ഇക്കാലത്ത് ബോര്‍ഡിനായി.

കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിവിഹിതം കുറഞ്ഞതടക്കമുള്ള കടുത്ത പ്രതിസന്ധിയിലും ഊര്‍ജ സംരക്ഷണപ്രവര്‍ത്തനങ്ങളും ഫലപ്രദമായ ഊര്‍ജ മാനേജ്മെന്റ് മുഖാന്തരവും പ്രതിസന്ധികളെ അതിജീവിക്കുന്നതിന് നമുക്ക് കഴിഞ്ഞു. വൈദ്യുതി താരിഫ് വര്‍ധിപ്പിക്കാതെ ബോര്‍ഡിന്റെ കടബാധ്യത 4500 കോടി രൂപയില്‍നിന്ന് 1100 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇതേകാലത്തുതന്നെ 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, ഈ സ്ഥിതിയാകെ മാറി. വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം മറികടക്കുന്നതിനുപോലും ക്രിയാത്മകമായി ഇടപെടാന്‍ ബോര്‍ഡിന് കഴിയുന്നില്ല. ലോഡ് ഷെഡിങ്, പവര്‍കട്ട് എന്നിവയിലൂടെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുക, സാമ്പത്തികബാധ്യത താരിഫിലൂടെ ഈടാക്കുക എന്നീ മാര്‍ഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബോര്‍ഡ് ആരായുന്നത്. ഊര്‍ജസംരക്ഷണ ക്യാമ്പയിനുകള്‍പോലും അനാവശ്യചെലവാണ് എന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യവല്‍ക്കരണ അജന്‍ഡയ്ക്ക് ന്യായം ഉണ്ടാക്കാനുള്ള ശ്രമമാണോ ഇന്നത്തെ വൈദ്യുതിബോര്‍ഡിന്റെ പോക്ക് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതിബോര്‍ഡിനെ രക്ഷിക്കാന്‍ ജനങ്ങളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

*****

എം ജി സുരേഷ്കുമാര്‍

Friday, November 9, 2012

പൊലീസിനെ തട്ടിക്കളിക്കുന്നു

ഭരണകക്ഷി നേതാക്കളുടെ മഞ്ചല്‍ചുമട്ടുകാരും ചെരുപ്പുനക്കികളുമായി പൊലീസ് സേനയെ മാറ്റാനുള്ള നീക്കം സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്. സത്യസന്ധമായും നീതിപൂര്‍വമായും ക്രമസമാധനപാലനവും കുറ്റാന്വേഷണവും നടത്താന്‍ പൊലീസിന് കഴിയുന്നില്ല. കൊടുംകുറ്റവാളികളായ ഭരണക്കാരെ രക്ഷിക്കാനും ഭരണപക്ഷത്തിന് അനഭിമതരായ നിരപരാധികളെപ്പോലും കുറ്റവാളികളായി ചിത്രീകരിക്കാനുമുള്ളവരായി പൊലീസ് സേന മാറിയിരിക്കുന്നു. യുഡിഎഫ് ഭീകരതയാണ് പൊലീസിനുനേരെയും പൊലീസിലൂടെ ജനങ്ങള്‍ക്കുനേരെയും നടത്തുന്നത്.

സമീപകാലത്ത് വാര്‍ത്താ പ്രാധാന്യം നേടിയ കേസുകളുടെ അന്വേഷണരീതിയും മാഫിയാ പ്രവര്‍ത്തങ്ങള്‍ക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടികളെ നിര്‍വീര്യമാക്കിയ രീതിയും വിശകലനംചെയ്താല്‍ ഇത് സംശയരഹിതമായി ബോധ്യപ്പെടും. ഷുക്കൂര്‍ വധവും ടി പി ചന്ദ്രശേഖരന്‍ വധവും സിപിഐ എം എന്ന പ്രസ്ഥാനത്തെ കേരളത്തില്‍നിന്ന് തുടച്ചുനീക്കാനുള്ള ആയുധമാക്കാനാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. കേസന്വേഷണത്തിന്റെ ദിശ എങ്ങനെയാകണമെന്ന് യുഡിഎഫ് നേതാക്കള്‍ നിശ്ചയിച്ചുകൊടുത്തു. ഭരണനേതൃത്വം രചിച്ച തിരക്കഥയ്ക്കനുസരിച്ച് കേസന്വേഷണനാടകമാടി സിപിഐ എം നേതാക്കളെ അന്യായമായി പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച വിനീതവിധേയരായ പൊലീസ് ഓഫീസര്‍മാരുണ്ട്. ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാതിരിക്കാന്‍ പാമൊലിന്‍ കേസ് വഴിതിരിച്ചുവിടുന്നതും ഇങ്ങനെ ചിലര്‍തന്നെ.

മാഫിയ- ക്രിമിനല്‍ ബന്ധമുള്ള അനുയായികളെയും നേതാക്കളെയും രക്ഷപ്പെടുത്തുന്നതിന്, പൊലീസുദ്യോഗസ്ഥരെയും പൊലീസ് സ്റ്റേഷന്‍തന്നെയും ആക്രമിക്കാന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന ജുഗുപ്സാവഹമായ അനുഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മണല്‍കടത്തുകാരെ വിട്ടയക്കണമെന്ന ആവശ്യം തള്ളിയതിന്റെ പേരില്‍ കെ സുധാകരന്‍ എംപിയുടെ അതിക്രമത്തിന് ഇരയായ വളപട്ടണം എസ്ഐ വി കെ സിജുവിനെ കൃത്യനിര്‍വഹണത്തിലെ അവധാനതയുടെ പേരില്‍ അഭിനന്ദിക്കാനല്ല, സുധാകരന്റെ ഭീഷണിക്കു വഴങ്ങി സ്ഥലംമാറ്റാനാണ് സര്‍ക്കാര്‍ തയ്യാറായത്. ഈ എസ്ഐ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സുധാകരനോട് മാന്യമായാണ് പെരുമാറിയതെന്നും, മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും ഐജി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആ റിപ്പോര്‍ട്ടനുസരിച്ച് സുധാകരനാണ് കുറ്റക്കാരന്‍. ജനപ്രതിനിധി എന്ന പദവി ദുരുപയോഗംചെയ്ത് പൊലീസ്സ്റ്റേഷനില്‍ അതിക്രമം കാണിച്ച സുധാകരനെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. എന്നാല്‍, സുധാകരനെ വെള്ളപൂശാന്‍ ഐജിയുടെ റിപ്പോര്‍ട്ട് വളച്ചൊടിച്ചു. പൊതുപ്രസംഗത്തില്‍ പൊലീസതിക്രമത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നവരാണ്, സുധാകരനെ സ്നേഹാലിംഗനംചെയ്യുന്നത്.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ സ്വീകരിക്കാന്‍ ചെന്നത് മണല്‍കടത്തുകേസുകളിലെ കുപ്രസിദ്ധ പ്രതിയാണ്. തെക്കന്‍ കേരളത്തില്‍ പൊലീസ് പ്രമുഖനെ കൊലപ്പെടുത്താന്‍ മണല്‍മാഫിയ തയ്യാറായി എന്നാണ് വാര്‍ത്ത. കണ്ണൂരില്‍ വളപട്ടണം എസ്ഐയെ സ്ഥലംമാറ്റിയതിലൂടെ മണല്‍മാഫിയയെ സംരക്ഷിക്കുന്ന സുധാകരന് സര്‍ക്കാര്‍ പൂര്‍ണമായി കീഴടങ്ങുകയാണുണ്ടായത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസ് ഓഫീസുകളാക്കി മാറ്റിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുള്‍പ്പെടെയുള്ള ഭരണകക്ഷിനേതാക്കള്‍ പൊലീസിനെ രണ്ടുചേരിയാക്കി. അതിലൂടെ സംസ്ഥാനത്തെ ക്രമസമാധാനില തകര്‍ത്തു. ഇടതുഭരണകാലത്തെ അഞ്ചുവര്‍ഷവും ക്രമസമാധാനപാലനത്തില്‍ ഒന്നാംസ്ഥാനത്തായിരുന്നു കേരള പൊലീസ്. ഇന്ന് അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി പരണത്തുവച്ചു. പൊലീസിനെ ജനവിരുദ്ധസേനയാക്കി കേരളത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കണ്ണൂരില്‍ പൊലീസ് ഭരണം നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ അനുയായികളായ രണ്ടുപേരാണ് എന്നുകാണാം. അതിനെതിരെ സുധാകരനും അനുയായികളായ ഏതാനും പൊലീസുദ്യോഗസ്ഥരും ഇടപെടുന്നു. ഇവര്‍ തമ്മിലുള്ള മത്സരം പൊലീസ് സേനയെ പലതട്ടിലാക്കുന്നു; സേനയിലെ പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്നു.

ചട്ടം ലംഘിച്ച് പോസ്റ്റര്‍ പതിച്ച പൊലീസുകാരെ സസ്പെന്‍ഡുചെയ്തതിന് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം എസ്പിയുടെ വീടിനുമുന്നില്‍ കോലം കത്തിച്ച അനുഭവം കണ്ണൂരിലാണുണ്ടായത്. അത് തടയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നിരവധി പരിഷ്കരണ നടപടികള്‍ തകിടംമറിച്ചും പൊലീസുകാരെ അമിതജോലിഭാരത്തിലേക്ക് തള്ളിവിട്ടും ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഇരകളാക്കിയും പൊലീസിന്റെ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും ഗ്രൂപ്പുവല്‍ക്കരണത്തിന്റെയും അജന്‍ഡ വിജയകരമായി നടപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. അതിന്റെ പ്രകടരൂപമാണ് സുധാകരന്റെ വിളയാട്ടത്തെത്തുടര്‍ന്ന് അരങ്ങേറുന്നത്. ഇത് അപകടകരമായ പോക്കാണ്. അവസാനിപ്പിച്ചേ തീരൂ.


****


ദേശാഭിമാനി മുഖപ്രസംഗം 09-11-12

താളംതെറ്റുന്ന ജനറിക് ഔഷധവിതരണം

വന്‍ പത്രപരസ്യങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്ത, സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ജനറിക് മരുന്ന് നല്‍കാനുള്ള പരിപാടി തുടക്കത്തിലേ താളംതെറ്റിയെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. 952 ഇനം ജനറിക് മരുന്ന് വിതരണം ചെയ്യാനുദ്ദേശിച്ചാണ് പരിപാടി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 828 ഇനം മരുന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ ആശുപത്രികളിലും അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. മറ്റ് ജില്ലാ ആശുപത്രികളിലും 15 ജനറല്‍ ആശുപത്രികളിലും അടുത്തഘട്ടത്തിലും തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും ജനറിക് മരുന്ന് നല്‍കാനാണ് പരിപാടി തയ്യാറാക്കിയത്.

ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടും ഡോക്ടര്‍മാരുടെ നിസ്സഹകരണവുംമൂലം പരിപാടി തുടക്കത്തിലേ പാളി. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ വെയര്‍ഹൗസുകളില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുകയാണെങ്കിലും അവ ആശുപത്രികളില്‍ എത്തിച്ച് രോഗികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ ഒരു താല്‍പ്പര്യവും കാട്ടുന്നില്ല. മരുന്നു സൂക്ഷിക്കേണ്ട വെയര്‍ഹൗസുകളില്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഓരോ ആശുപത്രികളിലേക്കും ആവശ്യമായ മരുന്നുകള്‍ ഏതൊക്കെയെന്നും എത്രത്തോളം വേണമെന്നും മരുന്ന് വിതരണംചെയ്യേണ്ട മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെ അറിയിച്ചിട്ടില്ല. ഇതിന്റെയെല്ലാം ഫലമായി ജനപ്രിയമെന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റൊരു പൊതുജന കബളിപ്പിക്കല്‍ പരിപാടിയായി സൗജന്യമരുന്നുവിതരണവും മാറി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്യക്ഷമതയോടെ നടപ്പാക്കിയ നിരവധി പരിപാടികളിലൂടെ സര്‍ക്കാര്‍ ആശുപത്രികളിലെ അവശ്യമരുന്നുക്ഷാമം വലിയൊരളവ് പരിഹരിച്ചിരുന്നു. തമിഴ്നാട് മാതൃകയില്‍ കേരളത്തിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ രൂപീകരിച്ചാണ് ഔഷധമേഖലയില്‍ ഇടതുസര്‍ക്കാര്‍ ഫലവത്തായി ഇടപെട്ടു തുടങ്ങിയത്. കൊള്ളലാഭം ഈടാക്കി വന്ന വന്‍കിട മരുന്നുവിതരണ ഏജന്‍സികളെ ഒഴിവാക്കി, സുതാര്യമായ ടെന്‍ഡര്‍ രീതിയിലൂടെ മരുന്നുകമ്പനികളില്‍നിന്ന് അവശ്യമരുന്നുകള്‍ മിതമായ വിലയ്ക്ക് നേരിട്ട് വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടപടി സ്വീകരിച്ചു. ആദ്യഘട്ടമായി 512 ഇനം മരുന്നുകളാണ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്തത്. വിലകൂടിയ മരുന്നുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായും, ക്യാന്‍സര്‍ ചികിത്സയ്ക്കും കുട്ടികളുടെ രോഗങ്ങള്‍ക്കുമുള്ള പ്രത്യേക ചികിത്സാ പദ്ധതികളുടെ ഭാഗമായും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി. നീതി മെഡിക്കല്‍ സ്റ്റോറുകളുടെ വലിയൊരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, സ്വകാര്യ ആശുപത്രികളില്‍ പോകേണ്ടവര്‍ക്കും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആശ്വാസമായി. പൊതുമേഖലാ ഔഷധ നിര്‍മാണക്കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെഎസ്ഡിപി) പുനരുജ്ജീവിപ്പിച്ചതാണ് ഇടത് സര്‍ക്കാരിന്റെ മറ്റൊരു സുപ്രധാന നേട്ടം. ഇടത് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 40 കോടിയോളം രൂപയുടെ ഔഷധങ്ങളാണ് കെഎസ്ഡിപി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിവന്നത്.

1996-2001ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഡോക്ടര്‍മാര്‍ക്ക് മരുന്നുകളെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി പ്രസിദ്ധീകരിച്ചത്. പിന്നീട് അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ഡ്രഗ് ഫോര്‍മുലറി പരിഷ്കരിച്ച് പ്രസിദ്ധീകരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഔഷധ ഫോര്‍മുലറി പുതുക്കി പ്രസിദ്ധീകരിച്ചു. അവശ്യമരുന്ന് ലഭ്യതയുടെ കാര്യത്തില്‍ വിസ്മയകരമായ മാറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യം പോകട്ടെ, മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാട്ടുന്ന താല്‍പ്പര്യംപോലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം. തമിഴ്നാട്, കേരള മാതൃക പിന്തുടരുകയാണെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2011 ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി മരുന്ന് വിതരണംചെയ്യുന്നതിനുള്ള പരിപാടി ആരംഭിച്ചു. രാജസ്ഥാന്‍ സര്‍ക്കാരും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ രൂപീകരിച്ച് മരുന്നുകമ്പനികളില്‍നിന്ന് നേരിട്ട് മരുന്നുകള്‍ വാങ്ങി വിതരണം ചെയ്തു. ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കലിന്റെ കീഴില്‍ രാജസ്ഥാനിലുണ്ടായിരുന്ന രാജസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. 80 കോടി രൂപയുടെ മരുന്നുകളാണ് ഈ കമ്പനി ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്നത്.

ബ്രാന്‍ഡ് ഔഷധങ്ങളേക്കാള്‍ വലിയ വിലക്കുറവില്‍ ജനറിക് ഔഷധങ്ങള്‍ വാങ്ങാനും അതുവഴി ആരോഗ്യചെലവ് കുറയ്ക്കാനും കഴിയും. എന്നാല്‍, അങ്ങനെചെയ്യുമ്പോള്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടിവരും. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഇപ്പോള്‍ ഏഴോളം സ്വകാര്യ ലാബുകളെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അപര്യാപ്തമാണെന്നും മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലാബുകള്‍ തുടങ്ങണമെന്നും പ്രതാപന്‍ കമ്മിറ്റി ശുപാര്‍ശചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ജനറിക് മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് ഡോക്ടര്‍മാരുടെ സമീപനമാണ്. മരുന്നുകമ്പനികളുമായുള്ള അവിഹിത സാമ്പത്തിക ബന്ധംമൂലവും ജനറിക് മരുന്നുകളുടെ ഫലപ്രാപ്തിയെയും ഗുണനിലവാരത്തെയും പറ്റിയുള്ള തെറ്റിദ്ധാരണമൂലവുമാണ് ഡോക്ടര്‍മാര്‍ ജനറിക് ഔഷധം നിര്‍ദേശിക്കാന്‍ മടിക്കുന്നത്. ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കാതെയും ഉചിതമായ പരിശീലനം നല്‍കാതെയും പരിപാടി ആരംഭിച്ചത് ജനറിക് മരുന്നുവിതരണം തുടക്കത്തിലേ പരാജയപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് അവശ്യമരുന്നുകളെയും ജനറിക് ഔഷധങ്ങളെയും സംബന്ധിച്ച് അറിവ് നല്‍കിക്കൊണ്ടാണ് ഈ പ്രശ്നത്തെ നേരിടേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി കാണുന്നില്ല.

കഴിഞ്ഞസ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍, ഇന്ത്യയിലെ മുഴുവന്‍ ദരിദ്രര്‍ക്കും ജനറിക് ഔഷധങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഇതിലേക്കായി വര്‍ഷംതോറും 5500 കോടി രൂപ മാറ്റിവയ്ക്കണമെന്ന് 12 -ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വിദഗ്ധ സമിതി ശുപാര്‍ശചെയ്തിരുന്നു. ഇതിലൂടെ 52 ശതമാനം ജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കാനാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍, പന്ത്രണ്ടാം പദ്ധതിയുടെ ആദ്യവര്‍ഷം കേവലം 100 കോടി മാത്രമാണ് നീക്കിവച്ചത്. ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇപ്പോള്‍ ഈ തുക 1350 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും തീര്‍ത്തും അപര്യാപ്തമാണെന്ന് പറയേണ്ടതില്ലല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ഔഷധനയം ജനവിരുദ്ധമായി തുടരുന്നിടത്തോളം കാലം മിതമായ വിലയ്ക്ക് മരുന്നു നല്‍കാനുള്ള പരിപാടികളൊന്നും വിജയിക്കാന്‍ പോകുന്നില്ല.

ജനതാ സര്‍ക്കാരിന്റെ കാലത്ത് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചിരുന്നു. മരുന്നുകമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍വരുന്ന മരുന്നുകളുടെ എണ്ണം പലതവണയായി കുറച്ച് ഇപ്പോള്‍ 74 മരുന്നുകള്‍ക്കായി പരിമിതപ്പെടുത്തി. ഉല്‍പ്പാദനച്ചെലവ് കണക്കാക്കി മരുന്നിന്റെ വില നിശ്ചയിക്കുന്നതിനു പകരം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ വിലയുടെ അടിസ്ഥാനത്തില്‍ കമ്പോളാധിഷ്ഠിത വില നിശ്ചയിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ മരുന്നുകളുടെ വില കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍നീക്കം ഔഷധവില ഇനിയും കുതിച്ചുയരാന്‍ കാരണമാകും. കേരളത്തില്‍ പ്രഖ്യാപിച്ച ജനറിക് ഔഷധ വിതരണം പഴുതുകളടച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ഔഷധനയം മാറ്റിയെടുക്കാനും 12-ാം പദ്ധതിയില്‍ ആവശ്യമായ തുക സൗജന്യമരുന്നുവിതരണ പരിപാടിക്ക് വകകൊള്ളിക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.


*****

ഡോ. ബി ഇക്ബാല്‍, കടപ്പാട്:ദേശാഭിമാനി

Wednesday, November 7, 2012

ബഹിഷ്കരണത്തിന്റെ ആവിഷ്കരണം

തിരുവനന്തപുരത്ത് നടന്ന വിശ്വമലയാള മഹോത്സവം വിവാദങ്ങളാലാണ് ശ്രദ്ധേയമായത്. സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടക്കത്തിലേ ഈ പരിപാടിയുടെ നിറംകെടുത്തി. അക്കാദമി നിര്‍വാഹകസമിതിയംഗങ്ങള്‍ ഒരു വശത്തും പ്രസിഡന്റും സെക്രട്ടറിയും സര്‍ക്കാരുമായി ചേര്‍ന്നുനിന്നും പ്രാരംഭദശയില്‍തന്നെ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു. ഈ വൈരുധ്യങ്ങള്‍ അങ്ങേയറ്റം സംസ്കാരരാഹിത്യ വിളംബരമായത്, മഹോത്സവത്തിന്റെ വിളംബര (വിളംബിതവും) പരിപാടികളിലും പ്രചാരണ പരിപാടികളിലുമാണ്. സഹൃദയത്വത്തിന്റെയും ആവിഷ്കരണത്തിന്റെയും ശ്രേഷ്ഠമായ ചരിത്രം പേറുന്ന അനന്തപുരിക്ക് സാംസ്കാരിക പരിപാടികളോ, കലാസംഗമങ്ങളോ പുത്തരിയല്ല. എന്നാല്‍ "സമൃദ്ധമായ" വേദിയും "പരമദാരിദ്ര്യത്തിന്റെ" വിളിച്ചോതലായ സദസ്സുമായാണ് വിളംബര പരിപാടികള്‍ ആവിഷ്കരിക്കപ്പെട്ടത്. ഇത് സാമാന്യജനങ്ങളുടെ ബഹിഷ്കരണത്തിന്റെ ആവിഷ്കരണംതന്നെയായിരുന്നു. അത്രമേല്‍ ശുഷ്കമായിരുന്നു ബഹുജനപങ്കാളിത്തം.

ഈ സാംസ്കാരികസംഗമത്തിന്റെ നടത്തിപ്പിലെ അനവധാനത ഏറ്റവും പ്രകടമായത്, പ്രചാരണത്തിന് സ്ഥാപിച്ച പരസ്യപ്പലകകളിലും സ്തൂപങ്ങളിലുമായിരുന്നു. അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ നല്‍കേണ്ട അടിക്കുറിപ്പുകള്‍ സത്യവിരുദ്ധമായും വസ്തുതകളുടെ കണികപോലുമില്ലാതെയും നല്‍കിയ നടപടി ലജ്ജാകരവും അക്ഷരകേരളത്തിന് അപമാനവുമായി. ഇവന്റ് മാനേജ്മെന്റിന്റെ സ്വാഭാവിക പിഴവുകളായി ലളിതവല്‍ക്കരിച്ചു കാണേണ്ടതല്ല ഇത്തരം വസ്തുതാവിരുദ്ധവും അബദ്ധജടിലങ്ങളുമായ പ്രഖ്യാപനങ്ങള്‍. ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന നൊബേല്‍ ജേതാവായ ഭൗതികശാസ്ത്രജ്ഞന്‍, മലയാളഭാഷയിലെ ഒന്നാം തലമുറ ആഖ്യായികാകാരനും നോവലിസ്റ്റുമായ, സി വി രാമന്‍പിള്ളയെന്ന പേരില്‍ "രണ്ടാം ജന്മമെടുക്കുന്" കാഴ്ച കണ്ട് കേരളം ഞെട്ടി! യുവാവായിരിക്കെ അകാലചരമമടഞ്ഞ മലയാളത്തിന്റെ കാല്‍പ്പനിക കവി ചങ്ങമ്പുഴ വൃദ്ധവേഷത്തില്‍ "പ്രതിമ"യായി! അടിക്കുറിപ്പുകളാകട്ടെ, വികലവാക്യപ്പെരുമഴയുമായിരുന്നു. കേരളത്തിന്റെ പൊതുചരിത്രത്തോടും സാഹിത്യചരിത്രത്തോടും പുറംതിരിഞ്ഞു നില്‍ക്കുകയും കൊഞ്ഞനം കുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ വേണ്ടുവോളമുണ്ട് കുറിപ്പുകളില്‍. ഇത്രയും, വിശ്വമലയാള സമ്മേളനത്തിന്റെ പ്രാഥമികതലത്തിലാണ് നടന്നതെങ്കില്‍ 30-ാം തീയതിയിലെ ഉദ്ഘാടനദിന പരിപാടി ഓര്‍ക്കുക. ഇന്ത്യന്‍ പ്രസിഡന്റ് ഉദ്ഘാടകനായെത്തിയ പരിപാടിയിലെ വേദിയില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, വിവിധ മന്ത്രിമാര്‍, ഭരണമുന്നണി നേതാക്കള്‍ തുടങ്ങി രാഷ്ട്രീയമേഖലയിലെ വലിയവര്‍ ഒത്തിരിയെത്തി. അക്ഷരകേരളത്തിന്റെ സൂര്യതേജസ്സുകളായ എം ടിയും ഒ എന്‍ വിയും വേദിയിലുണ്ടായിരുന്നു. സര്‍ഗാത്മകതയുടെയും എഴുത്തിന്റെയും അനുഭവ പരിസരം മാനദണ്ഡമായെടുത്താല്‍ അവര്‍ക്കപ്പുറം പ്രതിഭയുള്ളവരാരും ആ വേദിയില്‍ ഉണ്ടായിരുന്നില്ല. പറഞ്ഞിട്ടെന്താ... രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന നമ്മുടെ "വിശ്വമലയാള"ക്കാര്‍ക്ക് എം ടിക്കും ഒ എന്‍ വിക്കും രണ്ടുവാക്ക് സംസാരിക്കാനാവസരം നല്‍കാന്‍ തോന്നിയില്ല! തോന്നുന്നതെങ്ങനെ, ഭാഷയുടെ ഉന്നമനമോ, അതിലൂടെ സാധ്യമാകേണ്ട സാംസ്കാരിക പരിപ്രേക്ഷ്യത്തിന്റെ വിപുലനമോ ഒന്നുമല്ലല്ലോ വകുപ്പുകളുടെ ലക്ഷ്യം.

രണ്ട്- രണ്ടരക്കോടിയോളം രൂപ "രണ്ടുനാലു ദിനം കൊണ്ടങ്ങനെ" ചെലവഴിക്കാം എന്നതില്‍ ഗവേഷണ കുതുകികളായ സംഘാടകര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഭരണപക്ഷം നിറഞ്ഞാടിയ വേദിയില്‍ സാംസ്കാരിക കേരളത്തിന്റെ ദീപസ്തംഭങ്ങളായ രണ്ട് എഴുത്തുകാര്‍, ജ്ഞാനപീഠ പുരസ്കൃതര്‍ "ഒതുക്കപ്പെട്ടു". പ്രതിപക്ഷനേതാവിന്റെ ബഹിഷ്കരണം എത്രമേല്‍ അര്‍ഥവത്തായി. ഇനി സമ്മേളന നടത്തിപ്പിലെ സത്യസന്ധതയും ഭരണകൂട നിലപാടും എന്താണെന്നന്വേഷിക്കുക. മലയാളം, ഒന്നാംഭാഷയായും പ്രാഥമിക വിദ്യാഭ്യാസ പ്രക്രിയയില്‍ ഒരു നിര്‍ബന്ധഭാഷയായും പരിഗണിക്കപ്പെടും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ട് വര്‍ഷം ഒന്നായി. പ്രഖ്യാപനം, ഇപ്പോഴും ഏട്ടിലെ പശുതന്നെ. "എമര്‍ജിങ് കേരള" പോലെ ഒരു തട്ടുപൊളിപ്പന്‍ കാര്‍ണിവലാണ്, ഈ പരിപാടി നടത്തിപ്പിലൂടെയും ഭരണാധികാരികളുടെ ഉള്ളിലിരിപ്പെന്ന് വ്യക്തം.

വരേണ്ടുന്ന നിക്ഷേപത്തെക്കുറിച്ചും മൂലധനത്തെക്കുറിച്ചും സംസാരിക്കുന്നവര്‍, "സാംസ്കാരിക മൂലധനം" (cultural capital) എന്ന പരികല്‍പ്പനയെക്കുറിച്ച് ധാരണയുള്ളവരാണോ എന്നത് സംശയകരമാണ്. പിയറി ബോര്‍ഡ്യുവിനെ (Pierrie Bordieu) പോലുള്ള സാമൂഹ്യചിന്തകര്‍ സൂചിപ്പിച്ചതുപോലെ, ഭാഷയും സംസ്കാരവും ഈടുറ്റ മൂലധനങ്ങളാണെന്ന് നമ്മുടെ ഭരണകൂടത്തിന് അഭിപ്രായമില്ല. ഓരോ ഭാഷയും ഓരോ സംസ്കാരികമുദ്രണമാണ് (Cultural Registration). സംസ്കാരമാകട്ടെ, വായു, വെള്ളം, മണ്ണ്, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുമായി ഇഴപിരിക്കാനാവാത്ത ബന്ധമുള്ള ഒരു അന്യ പ്രതിഭാസവുമാണ്. അതുകൊണ്ടാണ് ഭരണമുഖ്യന്‍ "അശ്വത്ഥാമാ ഹതഃ" എന്ന് ഉച്ചത്തിലും "കുഞ്ജര" എന്ന് സ്വരം താഴ്ത്തിയും പറയുംപോലെ ഉറക്കെ ഭാഷയ്ക്കുവേണ്ടിയും സ്വരം താഴ്ത്തി അതിനെതിരായും പ്രവര്‍ത്തിക്കുന്നത്. പ്രഖ്യാപനങ്ങളില്‍ കാലവിളംബം വരുത്തുന്നത് ഒളിച്ചോട്ടത്തിന്റെ ലക്ഷണംതന്നെയാണ്. വിശ്വമലയാളമഹോത്സവത്തിന്റെ പരിപാടികളില്‍ നടന്ന ഒരു "എലിമിനേഷന്റെ"യും മറ്റൊരു "സബ്സ്റ്റിറ്റ്യൂഷന്റെ"യും കാര്യംകൂടി സൂചിപ്പിക്കാം. പരിപാടിയുടെ ഭാഗമായി കനകക്കുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏര്‍പ്പാടു ചെയ്തിരുന്ന "ചിത്രോദകം" എന്ന ചിത്രപ്രദര്‍ശനം അവസാനമാണ് മാറ്റിവച്ചത്. രാജ്യത്തിനകത്തും പുറത്തുമായി നടന്ന വിവിധ പ്രദര്‍ശനങ്ങളില്‍ പണ്ഡിത-പാമര ഭേദമെന്യേ പുകഴ്ത്തപ്പെട്ട പ്രദര്‍ശനമാണ് ചിത്രോദകം. വിനോദ് പട്ടാണിപ്പാറയെന്ന സാഹിത്യപ്രേമിയുടെ ഈ പരിപാടി ആദ്യംമുതല്‍തന്നെ ബ്രോഷറില്‍ ഇടം നേടി. വിവിധ തലമുറകളിലെ പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ സചിത്രവിവരണം പെയിന്റിങ്ങിലൂടെ പ്രതിനിധാനംചെയ്ത ഈ പരിപാടി മാറ്റിവച്ചതിന്റെ യുക്തി, കലാസ്നേഹികള്‍ക്കാര്‍ക്കും പിടികിട്ടിയിട്ടില്ല.

വിശ്വമലയാള മഹോത്സവത്തിന്റെ അവസാനദിനത്തിലെ ""നാളത്തെ കേരളം- വികസന കാഴ്ചപ്പാട്"" എന്ന സെമിനാറിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് സുഗതകുമാരിയെ ഒഴിവാക്കിയത്, ഇക്കൂട്ടരുടെ ധൈര്യമില്ലായ്മയുടെയും സാംസ്കാരികരാഹിത്യത്തിന്റെയും പ്രഖ്യാപനമാണ്. പിടിപ്പുകേടിന്റെ "മിടുക്ക്" പ്രസ്തുത സെമിനാറിന്റെ മാറ്റിവയ്ക്കലിലാണ് കലാശിച്ചത്. നമ്മുടെ സംസ്കൃതിയുടെ പ്രോജ്വല പ്രതീകങ്ങളായ സാഹിത്യപ്രതിഭകളെ അപമാനിക്കുക വഴി, ഭാഷയെത്തന്നെ അപമാനിച്ചവര്‍ക്കെതിരെ പ്രതികരണം ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ട്.


*****

എന്‍ കെ സുനില്‍കുമാര്‍

Tuesday, November 6, 2012

കോണ്‍ഗ്രസിന്റെ സ്വന്തം മണല്‍മാഫിയ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ രാമകൃഷ്ണന്‍ അന്തരിച്ചപ്പോള്‍ കണ്ണൂരില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന കെ സുധാകരന്‍ മണല്‍കടത്തുകാരെ വിടുവിക്കാന്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിയത് നിമിഷങ്ങള്‍ക്കകമാണ്. കണ്ണൂര്‍ജില്ലയില്‍ അനുമതിയുള്ള 78 മണല്‍സംഭരണ കടവുകളാണുള്ളത്. എന്നാല്‍, 200ല്‍ അധികം കേന്ദ്രങ്ങളില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്ന മാഫിയാസംഘങ്ങളുണ്ട്. അംഗീകൃത കടവുകളില്‍നിന്ന് പാസില്ലാതെ കടത്തുന്നതും ഈ സംഘംതന്നെയാണ്. ഇ-മണല്‍ സംവിധാനമുണ്ടായിട്ടും യഥേഷ്ടം മണല്‍കള്ളക്കടത്ത് നടക്കുന്നു. ഇത്തരത്തില്‍ കടത്തുന്ന മണലിനാകട്ടെ, വന്‍ തുകയാണ് ഈടാക്കുന്നത്. രൂക്ഷമായ മണല്‍ക്ഷാമമാണ് മാഫിയാസംഘത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഘടകം. പൊലീസിന്റെയും ഭരണക്കാരുടെയും ഒത്താശയോടെ മാത്രമേ മണല്‍കടത്ത് സാധ്യമാകൂ. പൊലീസ് പിടികൂടിയാല്‍ വന്‍ തുകപിഴ ഈടാക്കും എന്നുമാത്രമല്ല, വാഹനം തിരിച്ചുകിട്ടാനും എളുപ്പമല്ല.

പുഴയില്‍നിന്ന് മണല്‍ ശേഖരിച്ച് ഏതെങ്കിലും വ്യക്തിയുടെ സ്ഥലത്ത് സംഭരിച്ചാല്‍ ആ സ്ഥലമുടമയും കേസില്‍ പ്രതിയാകും. ഇപ്പോള്‍ പൊലീസ് പിടികൂടിയ രണ്ടുപേര്‍ മണല്‍ കള്ളക്കടത്തിന് നേതൃത്വം കൊടുത്തത് സുധാകരനെപ്പോലുള്ള ഭരണകക്ഷിക്കാരുടെ ശക്തമായ പിന്‍ബലംകൊണ്ടുമാത്രമാണ്. 2012 ആഗസ്ത് അഞ്ചിനാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് മണല്‍ കള്ളക്കടത്തുകാരായ ലീഗ് ക്രിമിനലുകള്‍ സിപിഐ എം അനുഭാവി രാജുവിനെ കൊലപ്പെടുത്തിയത്. മണല്‍ കള്ളക്കടത്തുകാര്‍ സമാന്തരമായി ഒരു അധോലോകംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. വളപട്ടണം സംഭവത്തിന്റെ തുടക്കം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. പാപ്പിനിശേരിയില്‍നിന്നുള്ള മണല്‍ കള്ളക്കടത്ത് പിടികൂടാനാണ് എസ്ഐ രാജന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന ആരംഭിച്ചത്. പാസില്ലാതെ എത്തിയ ഒരു ലോറി എസ്ഐയെ ഇടിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. ലോറിയിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാള്‍ യൂത്ത് കോണ്‍ഗ്രസ്് അഴീക്കോട് മണ്ഡലം പ്രസിഡന്റ് കല്ലിക്കാടന്‍ രാഗേഷിനെ സമീപിച്ചു. ഭരണകക്ഷി നേതാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ മാഫിയാസംഘത്തെ വിട്ടയക്കുമെന്നായിരുന്നു പ്രതീക്ഷ. അത് നടക്കാതെ വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ എസ്ഐയെ കൈയേറ്റംചെയ്യാന്‍ തുടങ്ങി. അങ്ങനെ, പ്രിന്‍സിപ്പല്‍ എസ്ഐയെ കൈയേറ്റംചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് രാഗേഷിനെ ലോക്കപ്പിലടച്ചത്. തന്നെ പൊലീസ് മര്‍ദിച്ചെന്ന് ലോക്കപ്പില്‍നിന്ന് രാഗേഷ് സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചറിയിച്ചു. ക്ഷുഭിതനായെത്തിയ എംപിയുടെ ഡയലോഗുകള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കേരളം കേട്ടതാണ്. മണല്‍മാഫിയക്കാരെ സംരക്ഷിക്കാനാണ് സുധാകരനായാലും രാഗേഷായാലും സ്റ്റേഷനിലെത്തിയത്. അല്ലാതെ, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനല്ല.

അതുകൊണ്ടുതന്നെ, വളപട്ടണം സംഭവം മറ്റൊന്നിനോട് താരതമ്യപ്പെടുത്താനാകില്ല. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുകമാത്രമല്ല, ഗ്രൂപ്പുവല്‍ക്കരിക്കുകയും ചെയ്തെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒമ്പതു മാസമായി കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഗ്രൂപ്പുതര്‍ക്കമാണ് കാരണം. നിലവിലുണ്ടായിരുന്ന എ ഗ്രൂപ്പുകാരനായ പ്രസിഡന്റിനെ പുകച്ച് പുറത്തുചാടിച്ചു. പകരം വന്നയാള്‍ തന്റെ വിശ്വസ്തനായിരിക്കണമെന്ന നിര്‍ബന്ധം സുധാകരാദികള്‍ക്കുണ്ട്. തിരുവഞ്ചൂരാകട്ടെ, സുധാകരന്റെ ഈ മോഹം അനുവദിക്കില്ലെന്ന പിടിവാശിയിലുമാണ്. അതാണ് വളപട്ടണം സംഭവത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തെരുവുയുദ്ധത്തിലേക്ക് എത്തിച്ചത്. പരസ്പരം പഴിചാരുന്ന പോസ്റ്റര്‍യുദ്ധം ആരംഭിച്ചു. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വിരട്ടി കാര്യങ്ങള്‍ നേടാമെന്ന് നോക്കേണ്ട എന്ന ചുട്ടമറുപടി തിരുവഞ്ചൂരില്‍നിന്ന് വന്നു. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് കാട്ടുനീതിയെന്നു പറയുന്നത് മറ്റാരുമല്ല സ്വന്തം അനുയായികളാണ്. ഇതേ അനുയായികളാണ് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പടമുള്ള ബോര്‍ഡുകള്‍ നശിപ്പിച്ചത്. ധിക്കാരവും അധികാരത്തിന്റെ മത്തും തലയ്ക്കുപിടിച്ച്, മണല്‍ മാഫിയകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും മാനസപുത്രന്മാരായി വിലസുന്ന സുധാകരാദികളെ ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് ഗാന്ധിയന്‍ പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. എംപിയുടെ പേരില്‍ 117-ാം വകുപ്പുപ്രകാരമാണ് കേസെടുത്തത്. 5000 രൂപവരെ പിഴവിധിക്കാവുന്ന കുറ്റംമാത്രമാണത്.

എന്നാല്‍, സ്റ്റേഷനില്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വീക്ഷിച്ച ഏതൊരാള്‍ക്കും അത് ഗൗരവമായ കുറ്റകൃത്യങ്ങളായി മാത്രമേ കാണാനാകൂ. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക (ഐപിസി 332), പൊതുസ്ഥലത്തുവച്ച് പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുക (ഐപിസി 294 ബി), ഭീഷണിപ്പെടുത്തുക (ഐപിസി 506(2), അതിക്രമിച്ച് പൊലീസ് സ്റ്റേഷനില്‍ കടന്നുകയറുക (ഐപിസി 452) തുടങ്ങിയ കുറ്റകൃത്യങ്ങളാണ് വളപട്ടണത്ത് അരങ്ങേറിയത്. എംപി മാത്രമല്ല, രണ്ട് യുഡിഎഫ് എംഎല്‍എമാരും വളപട്ടണം സ്റ്റേഷനിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളാണ്. ഹരിത എംഎല്‍എ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രചരിപ്പിച്ചയാളുടെ മുഖംമൂടി അഴിഞ്ഞുവീണതിനും ഈ സംഭവത്തിലൂടെ ജനം സാക്ഷിയായി. കണ്ണൂരില്‍ ക്രിമിനല്‍രാഷ്ട്രീയം വളര്‍ത്തിയത് സുധാകരന്‍തന്നെയാണ്. മുമ്പ് ഡിസിസി ഓഫീസിലായിരുന്നു ബോംബ് നിര്‍മാണം.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ മലയാളികളെ ഞെട്ടിച്ചതാണ്. അതുകൊണ്ടുതന്നെ വളപട്ടണം സംഭവത്തിന്റെ പശ്ചാത്തലത്തില്‍, മണല്‍ മാഫിയാസംഘത്തെയും മണല്‍ മാഫിയകളില്‍ നിന്ന് മാസപ്പടി പറ്റുന്ന സംരക്ഷകരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഐജിയുടെ അന്വേഷണം മണല്‍മാഫിയകളുടെ രക്ഷകനെ സംരക്ഷിക്കാനാകരുത്. മണല്‍മാഫിയയുടെ സംരക്ഷകരായി അവിടെയെത്തിയ ഭരണകക്ഷി ജനപ്രതിനിധികളെ രാഷ്ട്രീയ കാരണത്താല്‍ കുറ്റവിമുക്തമാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൊലീസ് നിയമവിരുദ്ധമായി ബലപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. കമ്പിപ്രയോഗവും ലാത്തിപ്രയോഗവും നടത്തി മൂന്നാംമുറയില്‍ വൈദഗ്ധ്യം തെളിയിച്ചതും കസ്റ്റഡിയിലിരിക്കെ കൊലപാതകം നടത്താന്‍ മികവ് കാട്ടിയവരുമായ പൊലീസുകാരുടെമേല്‍പോലും നടപടിയെടുക്കാന്‍ മുതിരാതിരുന്ന ഭരണമാണ് യുഡിഎഫിന്റേതെന്ന് ഓര്‍ക്കുക.


*****

എം വി ജയരാജന്‍ , കടപ്പാട് : ദേശാഭിമാനി

Friday, November 2, 2012

ജാതിപ്പിശാചിന്റെ അസ്ഥിപഞ്ജരം

മതനിരപേക്ഷമായ ഭരണഘടന നിലവിലിരിക്കുന്ന ഒരു രാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനത്തിലെ നിയമസഭ, മതത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനിര്‍മാണ പ്രക്രിയയില്‍ അംഗങ്ങള്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. മതത്തിലും ദൈവത്തിലുമുള്ള വിശ്വാസമാണ് നിയമനിര്‍മാണത്തിനുള്ള മാനദണ്ഡമെങ്കില്‍ ക്രിസ്ത്യാനിയായ മുഖ്യമന്ത്രി അധ്യക്ഷംവഹിച്ച മന്ത്രിസഭയ്ക്ക് ദേവസ്വം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാനും ഗവര്‍ണറോട് അംഗീകരിക്കണമെന്ന് ശുപാര്‍ശചെയ്യാനും എന്താണധികാരം? ആ മന്ത്രിസഭയിലെ ക്രിസ്ത്യാനിക്കും മുസ്ലിമിനും എന്താണധികാരം?

എച്ച് ആര്‍ ഭരദ്വാജിന്റെ സ്ഥാനത്ത് ഒരു മുസല്‍മാനായിരുന്നു ഗവര്‍ണറെങ്കില്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹത്തിന് എന്താണധികാരം? ഈ ചോദ്യം മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ആരും ഉന്നയിക്കുകയില്ല. കാരണം ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണാധികാരത്തില്‍ മതവിശ്വാസവും ഈശ്വരവിശ്വാസവും പ്രതിബന്ധങ്ങളല്ലായെന്ന ഭരണഘടനാതത്വം അവര്‍ അംഗീകരിക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ ഭരണഖണ്ഡങ്ങള്‍ക്ക് കീഴിലായിരുന്ന മലയാളികളെ ഏകീകരിച്ച് കേരള സംസ്ഥാനമായി തീര്‍ന്നതിന്റെ 56-ാം വാര്‍ഷികാഘോഷവേളയില്‍ മലയാളികളെ ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും നിരീശ്വരവാദിയുമായി ഛിന്നഭിന്നമാക്കുന്ന ഭരണമാണ് യുഡിഎഫിന്റേത്. ആദ്യം നിയമസഭയിലെ എംഎല്‍എമാര്‍ തമ്മില്‍ ചോദിക്കും- ഹിന്ദുവാണോയെന്ന്, പിന്നെ ചോദിക്കും ഈശ്വരവിശ്വാസിയാണോയെന്ന്. പിന്നീട് സര്‍ക്കാരുദ്യോഗസ്ഥര്‍ ഈ ചോദ്യം ആവര്‍ത്തിക്കും. പിന്നീട് മലയാളികളാകെയും. പിന്നീടിവിടെ കേരളീയരുണ്ടാവില്ല; ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും നായരും ഈഴവനും പുലയനും മറ്റും മാത്രമേ ഉണ്ടാകൂ; കേരളമുണ്ടാകില്ല, ഭ്രാന്താലയമേ ഉണ്ടാകൂ. നവോത്ഥാന നായകന്മാര്‍ കുഴിച്ചുമൂടിയ ജാതിപ്പിശാചിന്റെ അസ്ഥിപഞ്ജരം കുഴിമാടത്തില്‍നിന്ന് തോണ്ടിയെടുത്ത് ആഭിചാരക്രിയയിലൂടെ ജീവന്‍വയ്പിച്ച് കേരളീയന്റെ മാനവികതയുടെ ചോര കുടിക്കാന്‍ അയക്കുകയാണ് യുഡിഎഫ് ഭരണം.

തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ സ്വത്തും പണവും അപഹരിക്കപ്പെടുന്നുവെന്ന വ്യാപകമായ ആക്ഷേപം വന്നപ്പോള്‍, ദിവാനായിരുന്ന ജോണ്‍ മണ്‍റോ 348 ക്ഷേത്രങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയും അവയുടെ സ്വത്ത് കണ്ടുകെട്ടി രാഷ്ട്രത്തിന്റേതാക്കുകയുംചെയ്തു. ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവിന്റെയും ഭരണത്തിന്റെയും കാര്യങ്ങള്‍ നോക്കുന്നതിന് ദേവസ്വംവകുപ്പും രൂപീകരിച്ചു. ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരിന്റെ ചുമതലയായി. എന്നാല്‍, പൂജാദി കാര്യങ്ങളിലോ ആചാരാനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ ഇടപെട്ടില്ല. മണ്‍റോ കൊച്ചിയില്‍ ദിവാനായിരുന്നപ്പോള്‍ അവിടെയും 117 ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സ്വത്ത് സര്‍ക്കാരിന്റേതാക്കുകയുംചെയ്തു. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തിരുവിതാംകൂറില്‍ അവര്‍ണര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ലഭിച്ചത് മണ്‍റോ ഏറ്റെടുത്ത് സര്‍ക്കാരിന്റേതാക്കിയ ക്ഷേത്രങ്ങളില്‍മാത്രമാണ്. മറ്റു ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനാനുമതി ലഭിച്ചില്ല എന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് ക്ഷേത്രത്തിന്റെ ചെലവ് നിര്‍വഹിച്ചപ്പോള്‍ ആ ഖജനാവിലേക്ക് നികുതിയിനത്തില്‍ പണം നിറച്ചിരുന്നത് അവര്‍ണനും അവിശ്വാസിയും അഹിന്ദുക്കളുമായ പ്രജകളും കൂടിയായിരുന്നു എന്ന കാര്യവും ഓര്‍ക്കുക. അതായത്, ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന അവര്‍ണന്റെയും അഹിന്ദുവിന്റെയും അധ്വാനമിച്ചംകൂടിയെടുത്താണ് വിശ്വാസികളുടെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിച്ചത് എന്ന്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1949 ജൂലൈയില്‍ തിരുക്കൊച്ചി സംയുക്ത സംസ്ഥാനം നിലവില്‍വന്നു. രണ്ടു രാജാക്കന്മാരും തമ്മിലുണ്ടാക്കിയ കരാര്‍- കവനന്റ് അനുസരിച്ചാണ് ലയനം പൂര്‍ണമായത്. കരാറില്‍ സാക്ഷിയായി ഒപ്പിട്ടത് ഭാരതസര്‍ക്കാരിന്റെ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറിയായിരുന്ന വാപ്പാല പങ്കുണ്ണിമേനോന്‍. ഈ കവനന്റ് പ്രകാരമാണ് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് രൂപീകൃതമായത്. തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശക്ഷേത്രവും തിരുവനന്തപുരത്തെ പത്മനാഭ സ്വാമിക്ഷേത്രവും പ്രത്യേക ഭരണസമിതിയുടെ കീഴിലാക്കിയതും ഇതേ കവനന്റ് പ്രകാരമാണ്. രണ്ടു ദേവസ്വം ബോര്‍ഡും 1950ല്‍ നിലവില്‍വന്നു. മലബാറിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലായിരുന്നതിനാല്‍ അവിടെ ദേവസ്വംബോര്‍ഡ് രൂപീകരിക്കേണ്ടതായി വന്നില്ല. ഭഗവാന്റെ സ്വത്ത് ഭരിക്കാനാണ് ദേവസ്വം ബോര്‍ഡ് എന്ന ഭരണ സമിതിയെ ചുമതലപ്പെടുത്തിയത്. അല്ലാതെ ബോര്‍ഡ് അംഗങ്ങള്‍ ശാന്തിക്കാരാവുന്നില്ല. സ്വത്ത് എന്ന ഭൗതികവസ്തുവിന്റെ ഭരണം ഭൗതികമായിട്ടേ നിര്‍വഹിക്കാനാവൂ. അതിനുള്ള അധികാരം ഭരണകൂടത്തിനാണ്. അവിടെ വിശ്വാസവും അവിശ്വാസവും പരിഗണനാ വിഷയങ്ങളാകാന്‍ പാടില്ല. നിയുക്ത ദേവസ്വം നിയമത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമെന്താണ്? മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൂടി കേരളഭരണത്തെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നുതന്നെ ആക്ഷേപമുയര്‍ന്നു. പ്രതിഷേധമെന്നോണം ഭൂരിപക്ഷ ജാതികളായ നായരും ഈഴവരും സംയോജിക്കണമെന്ന ആഹ്വാനമുയരുന്നു. ചിലര്‍, ക്രിസ്ത്യാനിക്കും മുസല്‍മാനുമെതിരെ ഹിന്ദുവിന്റെ ഐക്യം എന്ന സമവാക്യമുയര്‍ത്തുന്നു. ഹിന്ദുക്കള്‍ യുഡിഎഫില്‍നിന്ന് അകലുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ തിരിച്ചുപിടിക്കാനുള്ള ചൂണ്ടയില്‍ കോര്‍ത്ത ഇരയാണ് ആ അര്‍ഥത്തില്‍ ദേവസ്വംനിയമം.

രാഷ്ട്രീയ സൃഗാലബുദ്ധിയാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. പ്രതിപക്ഷത്തുള്ളവര്‍ ഇതിനെ എതിര്‍ക്കുമെന്നതുകൊണ്ട് ഹിന്ദുക്കളെ അവര്‍ക്കെതിരായിത്തീര്‍ക്കുകയും ചെയ്യാം. എമര്‍ജിങ് കേരളയുടെ മറവില്‍ കേരളത്തിന്റെ വിഭവങ്ങളെ വിദേശ കോര്‍പറേറ്റുകള്‍ക്ക് വിറ്റ് കമീഷന്‍ വാങ്ങാനുള്ള നീക്കം ദേവസ്വം നിയമത്തിനെതിരെയുള്ള സമരത്തിന്റെ മറവില്‍ ശ്രദ്ധിക്കാതെ പോകുമെന്നും ഭരണനേതൃത്വം കണക്കുകൂട്ടുന്നുണ്ട്. വിശ്വാസ സംരക്ഷണത്തിനായി അരയും തലയും മുറുക്കി മുറവിളി കൂട്ടുമ്പോള്‍ വയലും തണ്ണീര്‍ത്തടങ്ങളും കാവുകളും കുളങ്ങളും ടൂറിസം വികസനത്തിന്റെ മറവില്‍ ഭൂമാഫിയകള്‍ അപഹരിക്കുന്നത് അറിയുകയേ ഇല്ല. മണ്ണും വെള്ളവും വായുവും പോയാലെന്ത്, വിശ്വാസം അതല്ലേ എല്ലാം. ഇവിടെ വിശ്വാസവും അവിശ്വാസവുമല്ല പ്രശ്നം; പട്ടിണിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. ഹിന്ദുവിനും അഹിന്ദുവിനും നാസ്തികനും പട്ടിണി ഒരുപോലെതന്നെയാണ്. പട്ടിണിക്കാരെ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാകില്ല.


*****

വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട് :ദേശാഭിമാനി  

അഴിമതിക്ക് വഴിതുറക്കുന്ന ദേവസ്വം ഓര്‍ഡിനന്‍സ്

ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭായോഗം തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള ആലോചന നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു റിലീജിയസ് ആക്ടും മദ്രാസ് റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ടും ഭേദഗതിചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് തീരുമാനിച്ചു. ഈ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ വരാന്‍പോവുകയാണ്. അതിന്‍പ്രകാരം, ദൈവവിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്ന ഹിന്ദു എംഎല്‍എയ്ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകൂ. ബോര്‍ഡില്‍ നിലവിലുള്ള വനിതാസംവരണം എടുത്തുമാറ്റും.

ദേവസ്വം നിയമനങ്ങള്‍ പിഎസ്സിയിലൂടെ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനം കൊണ്ടുവരുമെന്ന് പറയുന്നത്. മാത്രമല്ല, ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കാനുള്ള നിര്‍ദേശവുമുണ്ട്. ഇത്തരമൊരു മാറ്റംവരുത്തുന്നതിനുപിന്നിലുള്ള താല്‍പ്പര്യം വളരെ വ്യക്തമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ, ദേവസ്വം ബോര്‍ഡിലേക്ക് തങ്ങളുടെ താല്‍പ്പര്യക്കാരെ തിരുകിക്കയറ്റുന്നതിനും വന്‍ അഴിമതിയുടെ വേദിയായി ബോര്‍ഡിനെ മാറ്റിയെടുക്കാനുമുള്ള തന്ത്രമാണ് ഇതിനുപിന്നില്‍. ദേവസ്വം ബോര്‍ഡ് നിയമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 1950ലാണ് ഇതുമായി ബന്ധപ്പെട്ട മൂലനിയമം ഉണ്ടാകുന്നത്: തിരു- കൊച്ചി ഹിന്ദുമത സ്ഥാപന ആക്ട്്. 40 വര്‍ഷത്തിലേറെക്കാലം ഈ ആക്ട് ഒരു ഭേദഗതിക്കും വിധേയമാകാതെ നിലനിന്നു. പട്ടം താണുപിള്ളയെയും പനമ്പിള്ളിയെയും പോലെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തലപ്പത്തിരുന്നിട്ടും ഈ നിയമത്തിന് ഭേദഗതി വരുത്തുന്നതിന് തയ്യാറായില്ല. 1994ല്‍ കെ കരുണാകരന്റെ കാലത്താണ് ക്ഷേത്രവിശ്വാസിയായി നില്‍ക്കുന്നവര്‍ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ വോട്ടവകാശം നല്‍കൂ എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഇടതുപക്ഷം ഈ നിയമത്തെ അതിശക്തമായി എതിര്‍ത്തു. എങ്കിലും ഭൂരിപക്ഷം ഉപയോഗിച്ച് നിയമം പാസാക്കിയെടുക്കാനാണ് അവര്‍ തുനിഞ്ഞത്.

1950ലെ മൂലനിയമത്തില്‍ മാറ്റംവരുത്തി നടത്തിയ ഈ ഇടപെടലിലൂടെ നിയമത്തിലുണ്ടായ കറുത്തപുള്ളി മാറ്റുന്നതിനുള്ള പരിശ്രമം പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നടന്നു. 1999 ഫെബ്രുവരി 19ന് അതിനുതകുന്ന നിയമഭേദഗതി നിയമസഭയില്‍ കൊണ്ടുവന്നു. ഭരണഘടനയെ ലംഘിക്കുന്ന, യുഡിഎഫ് കൊണ്ടുവന്ന നിയമത്തെ തിരുത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്തത്. ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ത്തുവെങ്കിലും നിയമം പാസായി. എംഎല്‍എ എന്നത് നിയമസഭയിലേക്കുള്ള ജനങ്ങളുടെ പ്രതിനിധിയാണ്. എല്ലാവരും വോട്ടുചെയ്താണ് എംഎല്‍എയെ തെരഞ്ഞെടുക്കുന്നത്. അതിന് ജാതി- മത വ്യത്യാസങ്ങളില്ല. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഹിന്ദുക്കള്‍ വേണമെന്ന് നിഷ്കര്‍ഷിക്കുന്ന നിലയുണ്ടായത്. ഹിന്ദു ആരാണ് എന്നത് പ്രതിജ്ഞയുടെയോ മറ്റോ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടാവുന്നതാണോ എന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. 1936 നവംബര്‍ 12ന് പ്രസിദ്ധപ്പെടുത്തിയ ക്ഷേത്രപ്രവേശന വിളംബരത്തില്‍ "ജനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും";എന്നാണ് ഹിന്ദുവിനെപ്പറ്റി വ്യവസ്ഥചെയ്തിരിക്കുന്നത്.

വിവേകാനന്ദന്‍ പറഞ്ഞത് മുക്കോടിമുപ്പത് ദേവതകളില്‍ നിങ്ങള്‍ വിശ്വസിച്ചാലും സ്വയം വിശ്വാസമില്ലെങ്കില്‍ ഒരാള്‍ ഹിന്ദു ആകില്ലെന്നാണ്. ഹിന്ദുമതത്തില്‍ വിശ്വാസത്തിനൊപ്പം അവിശ്വാസത്തിന്റെ പാരമ്പര്യവും ഉണ്ടെന്ന കാര്യം നാം മറന്നുപോകരുത്. ഭൗതികവാദ ദര്‍ശനത്തിന്റെ വക്താവായ ചാര്‍വാകന്റെയും കണികാസിദ്ധാന്തം മുന്നോട്ടുവച്ച കണാദമഹര്‍ഷിയുടെയുമൊക്കെ ദര്‍ശനങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമായാണ് പൊതുവില്‍ പരിഗണിക്കപ്പെടുന്നത്. ഇങ്ങനെ വ്യത്യസ്ത ധാരകളുടെ കൂടിച്ചേരല്‍ എന്നനിലയിലാണ് പൊതുവില്‍ ഹിന്ദുമതത്തെ കണ്ടുവരുന്നത്. ആ ഒരു കാഴ്ചപ്പാടിനെ അട്ടിമറിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇത് വിശ്വാസത്തിന്റെയും മറ്റും പ്രശ്നമാണെന്ന് ധരിക്കേണ്ടതില്ല. മറിച്ച്, ദേവസ്വം ബോര്‍ഡിന്റെ അധികാരം കൈപ്പിടിയിലാക്കുന്നതിനുള്ള കുറുക്കുവഴിമാത്രമാണ്. മാത്രമല്ല, ഇത്തരമൊരു ഭേദഗതി ഭരണഘടനാപരമായ കാഴ്ചപ്പാടുകളുടെ ലംഘനംകൂടിയാണ്. ഭരണഘടനയുടെ 188-ാംവകുപ്പ് മുന്നോട്ടുവയ്ക്കുന്നത് നിയമസഭാംഗങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള സത്യപ്രതിജ്ഞയാണ്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞചെയ്തോ സത്യപ്രതിജ്ഞചെയ്യാവുന്നതാണ്. എങ്ങനെ സത്യപ്രതിജ്ഞചെയ്താലും എംഎല്‍എ എന്നനിലയില്‍ തുല്യമായ അവകാശമാണ് ഉണ്ടാവുക. അതിന്റെ പേരില്‍ ഒരു വിവേചനവും ഉണ്ടാകില്ലെന്ന കാര്യവും ഭരണഘടന എടുത്തുപറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹിന്ദു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമാത്രമേ പറയുന്നുള്ളൂ. അല്ലാതെ, ഈശ്വരവിശ്വാസമുള്ള ഹിന്ദു എംഎല്‍എമാര്‍ക്കുമാത്രമേ വോട്ടവകാശം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നില്ല. 1999ല്‍ ഹൈക്കോടതിയുടെ അഞ്ചംഗബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചിട്ടുള്ളതാണ്. ദേവസ്വം ബോര്‍ഡ് എങ്ങനെ രൂപപ്പെട്ടുവന്നു എന്നതുകൂടി പരിശോധിക്കുമ്പോള്‍മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ. പണ്ട് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം രാജാവിനായിരുന്നു. രാജഭരണത്തിനുപകരം ജനാധിപത്യ ഭരണസംവിധാനം നിലവില്‍വന്നപ്പോള്‍ രാജാവിന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് വന്നു. അത്തരത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ക്ഷേത്രങ്ങളുടെ ഭരണത്തിനാണ് ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടത് എന്ന കാര്യം നാം മറന്നുപോകരുത്. ഇങ്ങനെ ഭരണഘടനയെയും ഹിന്ദുമതത്തെക്കുറിച്ചുള്ള പൊതുവിലുള്ള ധാരണയെയും അട്ടിമറിച്ച് പുതിയ ഓര്‍ഡിനന്‍സ് എന്തിന് കൊണ്ടുവരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്.

അഴിമതി നടത്താനും സ്വന്തക്കാരെ തിരുകിക്കയറ്റാനും എന്നതാണ് ആ ഉത്തരം. എല്ലാ ഹിന്ദു എംഎല്‍എമാര്‍ക്കും വോട്ട് അനുവദിച്ചാല്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമസഭയുടെ പ്രതിനിധി എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നാകും. അങ്ങനെ വന്നാല്‍, തങ്ങളുടെ ഇംഗിതംപോലെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. അത് തടയുക എന്നതാണ് ഈ ഭേദഗതിക്കുപിന്നിലുള്ള ലക്ഷ്യം. ഇതോടൊപ്പം നടപ്പാക്കപ്പെടുന്ന മറ്റു കാര്യങ്ങള്‍കൂടി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ്സിക്കുപകരം പ്രത്യേക റിക്രൂട്ട്മെന്റ് ഏജന്‍സിയിലൂടെ നടത്തണമെന്നാണ് പറയുന്നത്. നിയമനത്തിന്റെ പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നതിനുള്ള വഴികള്‍ തേടുകയാണ് ഇതിലൂടെ എന്നത് വ്യക്തമാണ്.

അതോടൊപ്പം, വനിതാസംവരണം എടുത്തുമാറ്റാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏത് ക്ഷേത്രം പരിശോധിച്ചാലും അവിടെ വരുന്ന ഭക്തരില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്ന് കാണാം. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുന്നതിനും ഭരണമേഖലകളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ജനാധിപത്യനീക്കങ്ങള്‍ക്കും തടസ്സംനില്‍ക്കുന്ന ഒന്നായി ഈ ഭേദഗതി മാറുകയാണ്. ഇത്തരത്തില്‍ അഴിമതിയുടെ കേന്ദ്രമാക്കി ദേവസ്വം ബോര്‍ഡിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ഓര്‍ഡിനന്‍സ് എന്നു കാണണം. അതുകൊണ്ടുതന്നെ, ശരിയായ രീതിയിലുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഈ ഓര്‍ഡിനന്‍സിനെ ഇല്ലാതാക്കുക എന്നത് ഏറെ പ്രധാനമാണ്. അതുകൊണ്ട് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ അഴിമതിക്കെതിരായുള്ള ഈ പോരാട്ടത്തില്‍ അണിനിരക്കേണ്ടതുണ്ട്.


*****

ടി ശിവദാസ മേനോന്‍, കടപ്പാട് :ദേശാഭിമാനി


Thursday, October 25, 2012

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം: പിണറായി

ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന, ഭരണഘടനാവിരുദ്ധമായ ദേവസ്വം ഓര്‍ഡിനന്‍സില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിക്ക് കളമൊരുക്കുന്നതും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഓര്‍ഡിനന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. നിയമഭേദഗതിക്ക് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണറെ പ്രതിപക്ഷം കാണുന്ന കാര്യം എല്‍ഡിഎഫ് ആലോചിച്ച് തീരുമാനിക്കും.

ദേവസ്വം ബോര്‍ഡിലേക്ക് എസ്സി, എസ്ടി വിഭാഗത്തില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശത്തിന് നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ ഈശ്വരവിശ്വാസിയാണെന്ന സത്യവാങ്മൂലം നല്‍കണമെന്ന നിയമഭേദഗതിയാണ് ഓര്‍ഡിനന്‍സില്‍. ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ സംവരണം വേണ്ടെന്നുവച്ചു. ജീവനക്കാരെ പിഎസ്സി മുഖേന തെരഞ്ഞെടുക്കാനുള്ള നിയമഭേദഗതിയും റദ്ദാക്കുന്നു. ഇതെല്ലാം തെറ്റായ നടപടികളാണ്. ഭരണഘടനയുടെ 188-ാം വകുപ്പുപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയെടുത്തോ നിയമസഭാംഗമാകാം. ഭരണഘടന നല്‍കിയ ഈ അവകാശത്തെ മറ്റൊരു നിയമംവഴി ഭേദഗതിചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്.

1999ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരായ നടപടിയാണിത്. വോട്ടുചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസിയാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തണമെന്നില്ലെന്നാണ് അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് വിധി. എന്നാല്‍, ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈശ്വരവിശ്വാസികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി, വഖഫ് കമ്മിറ്റി തുടങ്ങിയവയിലേക്കെല്ലാമുള്ള പ്രതിനിധികളെ നിയമസഭാംഗങ്ങള്‍ കൂട്ടായി തെരഞ്ഞെടുക്കുന്നുണ്ട്. അതിലൊന്നും കാണാത്ത മട്ടില്‍ ഹിന്ദുമതവിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഈശ്വരവിശ്വാസിയായാല്‍ മാത്രമേ ഹിന്ദുവാകൂ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. "ചാര്‍വാക" സിദ്ധാന്തക്കാരടക്കം നിരീശ്വരവാദികളായ വിഭാഗങ്ങളെ പുരാതനകാലംമുതല്‍ ഹിന്ദുമതത്തില്‍ കാണാം. ഇതൊന്നും മനസ്സിലാക്കാതെയും ഭരണഘടനയെ മാനിക്കാതെയും ഹൈക്കോടതി വിധി മറികടന്നും തെറ്റായ ഒരു നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിന് ആരാണ് ഉപദേശം നല്‍കിയത്? രാഷ്ട്രീയലാഭത്തിനായി നിയമത്തെയും ആശയസംഹിതയെയും തെറ്റായി വ്യാഖ്യാനിക്കരുതെന്ന് പിണറായി ഓര്‍മിപ്പിച്ചു. ക്ഷേത്രത്തില്‍ പോകുന്നവരില്‍ മഹാഭൂരിപക്ഷം സ്ത്രീകളാണ്. അതു പരിഗണിച്ചാണ് ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.

വിവിധ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്ന കാലഘട്ടത്തിലുള്ള സ്ത്രീ പ്രാതിനിധ്യംപോലും വേണ്ടെന്നുവച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണ്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വംബോര്‍ഡുകളിലേക്കുള്ള ഭരണവിഭാഗം ജീവനക്കാരുടെ നിയമനങ്ങള്‍ പിഎസ്സിക്കുവിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇനി പിഎസ്സിക്ക് നിയമന നടപടികളിലേക്ക് കടന്നാല്‍ മതി. ഈ ഘട്ടത്തിലാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് കൊണ്ടുവരുന്നത്. ഇത് ദുരുദ്ദേശപരമാണ്. യോഗ്യരായ അഭ്യസ്തവിദ്യര്‍ക്ക് മിടുക്കിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ നിയമനം കിട്ടുന്നതിനെ അട്ടിമറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഈ ഓര്‍ഡിനന്‍സിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും അതിശക്തമായ പ്രതിഷേധം ഉയരണം. ഓര്‍ഡിനന്‍സില്‍നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Wednesday, October 24, 2012

ചാരമാകാത്ത ചാരക്കേസ്

ലീഡര്‍ രണ്ടാമന്‍ കെ മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു അങ്കംകുറിച്ചിരിക്കുന്നു. തന്റെ പിതാവിനെ ചാരനും രാജ്യദ്രോഹിയുമാക്കിയ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പങ്കുണ്ടെന്നാണ് മുരളീധരന്റെ ആരോപണം. ജീവിച്ചിരിപ്പില്ലാത്ത നരസിംഹറാവുവിനു നേരെയാണ് മുരളീധരന്‍ അമ്പ് എയ്തിരിക്കുന്നതെങ്കിലും അത് ചെന്നുകൊള്ളുന്നത് ചാരവൃത്തിക്കേസ് കെട്ടിച്ചമയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉമ്മന്‍ചാണ്ടിയുടെയും മുഖ്യഗുണഭോക്താവായ എ കെ ആന്റണിയുടെയും നേരെയാണ്.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ എസ് നമ്പിനാരായണന്‍, ഡി ശശികുമാരന്‍ എന്നിവര്‍ മാലിവനിതകളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുമായി നടത്തിയ കുടിക്കാഴ്ചയാണ് സംശയകരമായ കേസിന് ആധാരം. ഐഎസ്ആര്‍ഒയിലെ ബഹിരാകാശ ശാസ്ത്രരഹസ്യങ്ങള്‍ മാലിയുവതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആക്ഷേപം. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇവരെ 1994 സെപ്തംബറില്‍ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

1994 ജൂണിലാണ് മുഖ്യമന്ത്രി കരുണാകരനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിപദം രാജിവച്ചത്. 1992ല്‍ എ കെ ആന്റണിയുടെ പരാജയത്തിന് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കൊടികുത്തിവാഴുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജിയോടെ ഗ്രൂപ്പിസം തെരുവുയുദ്ധമായി. കരുണാകരനെ താഴെയിറക്കാന്‍ പ്രതിജ്ഞയെടുത്ത ആന്റണിഗ്രൂപ്പ് ചാരവൃത്തിക്കേസ് മൂര്‍ച്ചയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി.

ചാരവൃത്തിക്കേസ് ചില പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടത്തിയ ഒരു ത്രിതല രാഷ്ട്രീയ ഗൂഢാലോചനയുടെ സന്തതിയാണ്. മാലിയുവതികള്‍ ശാസ്ത്രീയരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ്, ഔദ്യോഗികമായി കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ കണ്ടെത്തിയത്. ഐജി രമണ്‍ശ്രീവാസ്തവയ്ക്ക് മാലിയുവതിയുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. രമണ്‍ശ്രീവാസ്തവ മുഖ്യമന്ത്രി കരുണാകരന്റെ വിശ്വസ്തനായി അക്കാലത്ത് അറിയപ്പെട്ടിരുന്നു. രമണ്‍ശ്രീവാസ്തവയെ ചാരവൃത്തിക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റുചെയ്യണമെന്ന ആവശ്യത്തിന് കരുണാകരന്‍ വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിനും ഈ കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്.

കരുണാകരനെതിരെ ബഹുജനവികാരം ആളിക്കത്തിക്കുക എന്ന ആന്റണിഗ്രൂപ്പിന്റെ ലക്ഷ്യത്തിന് ചാരക്കേസ് ഒരു രാസത്വരകമായി തീര്‍ന്നു. ചാരമുഖ്യന്‍ രാജിവയ്ക്കുക എന്ന മുദ്രവാക്യംവരെ ഉയര്‍ത്തി. കേരളത്തില്‍ ഒരു മാധ്യമ സിന്‍ഡിക്കറ്റ് ആവിര്‍ഭവിക്കുന്നത് ചാരക്കേസുമായി ബന്ധപ്പെട്ടാണ്. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്കു വന്ന ഒരു കെപിസിസി ഭാരവാഹിയുടെ വാടക വീടായിരുന്നു ആന്റണിഗ്രൂപ്പിന്റെ ഗൂഢാലോചനാകേന്ദ്രം. ഉമ്മന്‍ചാണ്ടിമുതല്‍ ഈ ലേഖകന്‍ വരെയുള്ളവര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും തൊങ്ങലുംവച്ച് കരുണാകരനെതിരെ കഥകള്‍ പ്രചരിപ്പിച്ചത്. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ റാവു തയ്യാറാകുമെന്ന്, കരുണാകരന്‍ സ്വപ്നേപി കരുതിയിരുന്നില്ല. ചാരവൃത്തിക്കേസില്‍ കരുണാകരന് ഒരു പങ്കുമില്ലെന്ന് റാവുവിന് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഒരു ഘട്ടത്തിലും കരുണാകരനെ ന്യായീകരിച്ചില്ല. 1983ല്‍ ബോംബെയാത്രപോലെയുള്ള വിവാദപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ദിര ഗാന്ധി സഹായത്തിനെത്തിയ കാര്യം പിന്നീട് കരുണാകരന്‍ ലേഖകനോട് മനോവേദനയോടെ സൂചിപ്പിച്ചിരുന്നു.

ചാരവൃത്തിക്കേസ് സംബന്ധിച്ച കേരള പൊലീസിന്റെ അന്വേഷണത്തെ സിബിഐ തള്ളുകയാണുണ്ടായത്. കള്ളക്കേസ് കെട്ടിച്ചമച്ചതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സിബിഐ നിര്‍ദേശിച്ചിരുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ തള്ളി. സുപ്രീംകോടിതി വിധിവരെ കാത്തിരിക്കാനാണ് നായനാര്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റ് 43-ാം ദിവസമാണ് (2011 ജൂണ്‍ 29) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കി പ്രത്യേക ഉത്തരവിറക്കിയത്. ചാരവൃത്തി ആരോപിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ നിരപരാധിയാണെന്ന് നീതിപീഠം കണ്ടെത്തുകയും, ദേശീയ മനുഷ്യവകാശ കമീഷന്‍ വിധിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചാരക്കേസിന് പുതിയ രാഷ്ട്രീയമാനം കൈവന്നത്്.

കരുണാകരന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന ചോദ്യമാണ് മക്കളായ മുരളീധരനും പത്മജവേണുഗോപാലും ഉന്നയിച്ചത്. കരുണാകരനെ ചാരനും രാജ്യദ്രോഹിയുമായി ചിത്രീകരിച്ച രാഷ്ട്രീയ ഗൂഢാലോചനയിലെ മുഖ്യപ്രതികളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരണമെന്നാണ് മുരളീധരന്റെ ആവശ്യം. ചാരക്കേസ് സംബന്ധിച്ച് സിബിഐ ശിക്ഷാനടപടികള്‍ക്ക് വിധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുരളീധരന്റെ കത്തില്‍ മുഖ്യമന്ത്രി ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കത്ത് അവഗണിച്ചാല്‍ നിയമ നടപടിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നുമാണ് മുരളി പറയുന്നത്. ചാരക്കേസിനെ ചാരം മൂടാന്‍ ആരെയും അനുവദിക്കില്ലെന്നും കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നുമാണ് മുരളിയുടെ ഉറച്ചനിലപാട്. ഗൂഢാലോചനക്കേസിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുരളി പരാതി നല്‍കിയത് ഒരു വിരോധാഭാസമാണ്.

മുഖ്യമന്ത്രിയായ ഉടന്‍ ഉമ്മന്‍ചാണ്ടി സിബിഐ ആവശ്യം നിയമപരമല്ലെന്ന് ഉത്തരവിറക്കിയത് ഈ ഗൂഢാലോചനയില്‍ പങ്കാളിയായവരെയെല്ലാം രക്ഷിക്കാനാണ്. വയലാര്‍രവി, എം എം ജേക്കബ്, പി സി ചാക്കോ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മുരളിയുടെ നിലപാടിനെ ശരിവച്ചത് ഉമ്മന്‍ചാണ്ടിയെ ഉന്നംവച്ചാണ്. എ കെ ആന്റണി ഇപ്പോള്‍ മുരളിയുടെ രാഷ്ട്രീയ സംരക്ഷകനായതുകൊണ്ടാണ് ആന്റണിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് മുരളി പറയുന്നത്. കരുണാകരനെ താഴെയിറക്കാന്‍ തന്റെ അനുയായികള്‍ ചാരവൃത്തിക്കേസുമായി തെരുവിലിറങ്ങിയപ്പോള്‍ എ കെ ആന്റണി ആരെയും വിലക്കിയില്ല. പ്രത്യേക വിമാനത്തില്‍ ദില്ലിയില്‍നിന്ന് പറന്നുവന്ന് കരുണാകരനു പകരം മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനായപ്പോള്‍ അത് അധാര്‍മികമാണെന്ന് ആന്റണിക്ക് തോന്നിയില്ല. ഒന്നരവ്യാഴവട്ടം കഴിഞ്ഞിട്ടും ചാരവൃത്തിക്കേസില്‍ കരുണാകരന്‍ നിരപരാധിയണെന്നു പറയാത്ത ആന്റണിയെ ആര് വിശ്വസിക്കും?


*****

ചെറിയാന്‍ ഫിലിപ്പ്

Saturday, June 2, 2012

വിജയകരമായ ഒരു പിന്‍മാറ്റം

അങ്ങനെ ഓര്‍മ്മയില്‍ ആദ്യമായി പ്രൊഫഷണല്‍ കോളജു പ്രവേശനത്തിനുള്ള റാങ്കു ലിസ്റ്റ് തയാറാവുന്നതിനു മുന്‍പ് തന്നെ സര്‍ക്കാരും മാനേജുമെന്റുകളും തമ്മില്‍ വിദ്യാര്‍ഥി പ്രവേശനവും ഫീസ് നിരക്കും സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയായിരിക്കുന്നു. ആദ്യത്തെ നോട്ടത്തില്‍ വളരെ നല്ല കാര്യം തന്നെ. പക്ഷേ 'ചെറിയ അക്ഷരങ്ങള്‍' വായിക്കുമ്പോഴാണ് ചതിക്കുഴികള്‍ ശ്രദ്ധയില്‍ പെടുക. ഓസ്‌കാര്‍ വൈല്‍ഡ്  എന്ന സുപ്രസിദ്ധ സാഹിത്യകാരന്റെ രസകരമായ ഒരു പറച്ചിലുണ്ട്: 'എനിക്ക് പ്രലോഭനങ്ങളെ നേരിടാനുള്ള ഒരെളുപ്പവഴിയുണ്ട്, അവയ്ക്ക് കീഴടങ്ങിക്കൊടുക്കുക!' ഏതാണ്ടതുപോലെ തന്നെയാണ് ഈ സര്‍ക്കാരും മാനേജുമെന്റുകളെ നേരിട്ടത്: അവര്‍ പറയുന്നത് സമ്മതിക്കുക! പിന്നെ ധാരണ ഉണ്ടാക്കാനെന്താണ് വിഷമം?

എല്ലാ സ്വാശ്രയ മാനേജുമെന്റുകളുടെയും എക്കാലത്തെയും ഡിമാന്റ് വളരെ ലളിതമാണ്: മുടക്കുമുതലും ലാഭവും കിട്ടണം. പിന്നെ, കിട്ടുന്ന ലാഭം കച്ചവടത്തില്‍ തന്നെ മുടക്കുന്നവരും വീട്ടില്‍ കൊണ്ടുപോകുന്നവരും എന്ന ഒരു വേര്‍തിരിവ് ആണ് ഉള്ളത്. കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ പൊതുവെ ഒന്നാം തരക്കാരാണെങ്കില്‍ വ്യക്തിഗത മാനേജുമെന്റുകളും 'കൂട്ടുകൃഷിക്കാരും' രണ്ടാമത്തെ വിഭാഗത്തില്‍ പെടും. പിന്നെ ഒരു വേര്‍തിരിവുള്ളത് 'ന്യായവില' ഷോപ്പുകാരും കരിഞ്ചന്തക്കാരും തമ്മിലാണ്. സര്‍ക്കാര്‍ പറയുംപ്രകാരം, അല്ലെങ്കില്‍ കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന്, വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫീസ് പിരിച്ചു മുടക്കുമുതലും 'ന്യായമായ' ലാഭവും കിട്ടുമെങ്കില്‍ ഒരു കൂട്ടര്‍ അതിന് തയാറാണ്. അത് ന്യായവിലഷോപ്പ് കച്ചവടം. പക്ഷേ പലപ്പോഴും അത് നടക്കാറില്ല. റേഷന്‍ കടകളില്‍ പോലും അത് നടക്കുന്നില്ല, പിന്നെയല്ലേ ഡിഗ്രിക്കടകളില്‍! ഇത്രയും കാശുമുടക്കി കോളജു നടത്തിയിട്ട് അവിടെ നമുക്ക് 'വേണ്ടപ്പെട്ടവര്‍ക്ക്' നാല് സീറ്റ് കൊടുക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെന്തു കൃതം? അപ്പോള്‍ പ്രവേശനത്തില്‍ നമുക്ക് ഒരു പഴുത് വേണം. അതിന് മാനേജുമെന്റു ക്വാട്ട എന്നോ എന്‍ ആര്‍ ഐ ക്വാട്ട എന്നോ എന്തു പേര് വേണമെങ്കിലും പറഞ്ഞോട്ടെ. (അധ്യാപകരുടെ ശമ്പളം ഉള്‍പ്പെടെ സകല ചെലവും സര്‍ക്കാര്‍ വഹിക്കുന്ന എയിഡഡ്  കോളജുകളില്‍ പോലും ഈ സൗജന്യം സര്‍ക്കാര്‍ അറിഞ്ഞു ചെയ്തിട്ടുണ്ടല്ലോ, പിന്നെന്താ ഞങ്ങള്‍ക്ക് തന്നാല്‍ എന്നാണ് അവരുടെ ന്യായമായ ചോദ്യം.) ഈ ക്വാട്ട ഇമ്മിണി വലുതാണെങ്കില്‍ മറ്റു സീറ്റുകളുടെ ഫീസ് അല്‍പസ്വല്‍പം കുറവാണെങ്കിലും സാരമില്ല എന്ന വിട്ടുവീഴ്ച ചെയ്യാനും അവരില്‍ പലരും തയാറാകും. എന്തെന്നാല്‍ ഈ സീറ്റുകളില്‍ നല്ല കൊയ്ത്തിനു സാധ്യതയുണ്ട് എന്ന് അവര്‍ക്കറിയാം. ചോദിക്കുന്നത് കൊടുക്കാന്‍ തയാറായി പണചാക്കുകളുമായി ആളുകള്‍ ക്യൂ നില്‍ക്കുകയല്ലേ. അക്കാര്യത്തില്‍ ദൈവങ്ങള്‍ നടത്തുന്ന കോളജുകളും പുണ്യവാളന്മാരുടെ പേരില്‍ നടത്തുന്ന കോളജുകളും എല്ലാം കണക്ക് തന്നെ.  

ഇവിടെയാണ് സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള ചര്‍ച്ചകളുടെ രഹസ്യം കിടക്കുക. ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത്  സര്‍ക്കാര്‍ ക്വാട്ടയില്‍ കിട്ടുന്ന സീറ്റുകളിലെ ഫീസ് പരമാവധി കുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിലപേശുക. പാതി സീറ്റ് ഞങ്ങള്‍ക്ക് തന്നാല്‍ ബാക്കി പാതിയില്‍ നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന് ഞങ്ങള്‍ അന്വേഷിക്കില്ല എന്നതാണ് അടിസ്ഥാന പ്രമാണം. അതിന്റെ അടിസ്ഥാനത്തില്‍ മാനെജുന്റെു മനക്കണക്ക് കൂട്ടി വില പേശും. വ്യത്യസ്ത മാനേജുമെന്റുകള്‍ക്ക് വ്യത്യസ്ത കണക്കുകളാണല്ലോ ഉള്ളത്. പണ്ടാരോ പറഞ്ഞത് പോലെ തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും. അപ്പോള്‍ അതങ്ങനെ നീണ്ടുപോകും. അതിനിടെ കുറെയേറെപ്പേര്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉള്ള കോളജുകളില്‍ അഭയം തേടിയിരിക്കും. (അങ്ങനെ ചര്‍ച്ചകള്‍ നീട്ടിനീട്ടിക്കൊണ്ടുപോകാനായി അവിടത്തെ മാനേജുമെന്റുകള്‍ കാശുപിരിച്ചു ഇവിടെ ചിലരെ എല്‍പ്പിക്കുന്നുണ്ട് എന്നും ചില ദോഷൈകദൃക്കുകള്‍ ആരോപിക്കാറുണ്ട്.) ആ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ചര്‍ച്ചകള്‍ പൂര്‍വാധികം വേഗത്തില്‍ വിജയകരമായി പര്യവസാനിച്ചത് ശുഭോദര്‍ക്കം തന്നെ. അതിന്റെ രഹസ്യമാണ് ആദ്യമേ സൂചിപ്പിച്ച ഓസ്‌കാര്‍ വൈല്‍ഡ് സിദ്ധാന്തം: മനെജുമെന്റു ചോദിച്ചതെല്ലാം സര്‍ക്കാര്‍ സമ്മതിച്ചുകൊടുത്തു; അത്ര തന്നെ!

പക്ഷേ ധാരണയുടെ വിശദവിവരങ്ങള്‍ വായിച്ചാല്‍ ഇതൊന്നും മനസ്സിലാവില്ല. അവിടെ മുഴുവന്‍ ശതമാനക്കണക്കുകളുടെ കളിയാണ്. ആകെ സീറ്റിന്റെ 50 % സര്‍ക്കാരിന്. അതില്‍ 20 % ത്തിനു 25000 രൂപ ഫീസ്. പിന്നെ 25 %ത്തിനു ഒന്നര ലക്ഷം. പിന്നത്തെ 5%ത്തിന്റെ കാര്യം ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി തീരുമാനിക്കും (ഹാവൂ! അപ്പോള്‍ അങ്ങനെയൊരു കമ്മിറ്റിയുണ്ടെന്ന കാര്യം സര്‍ക്കാര്‍ മറന്നിട്ടില്ല!) ബാക്കിയുള്ള 50 ശതമാനത്തില്‍ 35 % മനെജുമെന്റു ക്വാട്ട  അതില്‍ ആറര ലക്ഷം ഫീസും അഞ്ച് ലക്ഷം ഡിപ്പോസിറ്റും. ഇതിനൊക്കെപ്പുറമേ എന്‍ ആര്‍ ഐ ക്വാട്ട എന്ന ശര്‍ക്കരഭരണിയില്‍ ഒന്‍പതര ലക്ഷം ഫീസ്. ഇതിലൊന്നും പെടാതെ വേറെ ചില കോളജുകള്‍.

 മാനെജുമെന്റു ക്വാട്ടയിലെക്കുള്ള പ്രവേശനത്തില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി കൈകടത്തരുത്, വേണമെങ്കില്‍ നോക്കിനിന്നുകൊള്ളട്ടെ, എന്ന തര്‍ക്കം പൂര്‍ണമായും തീര്‍ന്നോ എന്ന് ഉറപ്പില്ല. അതിലാണ് സംഗതികളുടെ ഹൃദയം. എന്തെന്നാല്‍ സുപ്രിം കോടതി ഇക്കാര്യത്തില്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള വിധികളില്‍ പല വൈരുധ്യങ്ങളും ഉണ്ടെങ്കിലും അവയിലെല്ലാം പകല്‍ പോലെ തെളിഞ്ഞുനില്‍ക്കുന്ന ഒരു തത്വം, കച്ചവടം ആകാം പക്ഷേ കരിഞ്ചന്ത യാതൊരു കാരണവശാലും പാടില്ല, എന്നതാണ്. അതായത് വിദ്യാര്‍ഥിപ്രവേശനം, ഏതു ക്വാട്ടയുടെ പേര് പറഞ്ഞായാലും, മെരിറ്റ് അടിസ്ഥാനത്തിലേ ആകാവൂ. കോളജു നടത്തുന്നവര്‍ക്ക് വേണമെങ്കില്‍ അവരുടെ സമുദായത്തില്‍ പെട്ടവര്‍ക്ക്, അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തില്‍ പെട്ടവര്‍ക്ക്, ഒരു ക്വാട്ട മാറ്റിവയ്ക്കാം; പക്ഷേ അവരില്‍ നിന്ന് മെരിറ്റ് അടിസ്ഥാനത്തിലേ  തിരഞ്ഞെടുക്കാവൂ. അല്ലാതെ സ്വേച്ഛപ്രകാരം പെറുക്കിയെടുക്കരുത്. അപ്പോള്‍ ഈ മെരിറ്റ് നിര്‍ണയിക്കാന്‍ സുതാര്യമായ ഒരു സംവിധാനം വേണം. അതിനാണ് എന്‍ട്രന്‍സ് പരീക്ഷ. അത് സര്‍ക്കാര്‍ നടത്തുന്നതോ, അല്ലെങ്കില്‍ മാനെജുമെന്റു സ്വന്തമായി നടത്തുന്നതോ ആകാം. അവര്‍ നടത്തുന്ന പരീക്ഷ ന്യായയുക്തം ആണ് എന്ന് ഉറപ്പുവരുത്താന്‍ ഒരു ഉന്നതാധികാരക്കമ്മിറ്റി  ഉണ്ടായിരിക്കണം. കേരളത്തില്‍ അതാണു ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി. വിപുലമായ അധികാരങ്ങളാണ് ഈ കമ്മിറ്റിക്ക് എല്ലാ സുപ്രിംകോടതി വിധികളും നല്‍കിയിരിക്കുന്നത്.

സുപ്രിം കോടതി വ്യക്തമാക്കിയ രണ്ടാമത്തെ കാര്യം ഓരോ കോളജിലെയും ചെലവ് കണക്കാക്കി ന്യായമായ ഫീസ് മാത്രമേ ചുമത്താവൂ എന്നതാണ്. മാനെജുമെന്റു നിശ്ചയിക്കുന്ന ഫീസ്  ന്യായമാണോ എന്ന് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര കമ്മിറ്റിയും വേണം. കേരളത്തില്‍ ആ ധര്‍മവും ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയാണ് നിര്‍വഹിക്കുന്നത്. ഒരേ കോളജില്‍ രണ്ടുതരം ഫീസുകള്‍ പാടില്ലാ, കുറേ കുട്ടികളില്‍ നിന്ന് അധിക ഫീസ് വാങ്ങി അതുപയോഗിച്ചു മറ്റുചിലരെ സൗജന്യമായി പഠിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. നമുക്കെത്ര ഇഷ്ടപെട്ടില്ലെങ്കിലും ഈ വിധി മാനിച്ചേ മതിയാവൂ. അപ്പോള്‍ നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസിളവു നല്‍കണമെങ്കില്‍ അത് സ്‌കോളര്‍ഷിപ് ആയി നല്‍കുകയെ നിര്‍വാഹമുള്ളൂ. അതിനുപകരം കുറുക്കുവഴികള്‍ തേടുമ്പോഴാണ് അതിനുവേണ്ടി പഴുതുകള്‍ ബോധപൂര്‍വം സൃഷ്ടിക്കേണ്ടിവരുന്നത്. ആ പഴുതുകളാണ് മാനേജുമെന്റുകള്‍ സമര്‍ഥമായി തന്നിഷ്ടപ്രകാരം മുതലെടുക്കുക. സര്‍ക്കാര്‍ അതില്‍ കൂട്ടുപ്രതികളാകാന്‍ നിര്‍ബന്ധിതരാകുന്നു.

പോംവഴി വളരെ ഋജുവാണ്. എല്ലാ സീറ്റുകളിലേക്കും (മാനെജുമെന്റു ക്വാട്ട ഉള്‍പ്പെടെ)  അതാതുവിഭാഗത്തില്‍ നിന്ന്  മെരിറ്റില്‍ തന്നെ പ്രവേശനം നല്‍കണം എന്ന് നിര്‍ബന്ധിക്കുക. ഓരോ കോളജിലെയും യഥാര്‍ഥ ചെലവ് കണക്കാക്കി ഫീസ് നിര്‍ണയിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് വേണ്ട ആളും അര്‍ഥവും നല്‍കി അതിനെ ശക്തിപ്പെടുത്തുക. മാനെജുമെന്റു ഒറ്റയ്‌ക്കോ കൂട്ടായോ പ്രവേശന പരീക്ഷ നടത്തിയാല്‍ അത് നിയമാനുസൃതവും ന്യായയുക്തവും ആണ് എന്ന് ഉറപ്പുവരുത്താന്‍ വേണ്ട സന്നാഹങ്ങള്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് നല്‍കുക. വേണ്ടിവന്നാല്‍ അതിനായി വേറിട്ടൊരു ഉന്നതാധികാര കമ്മിറ്റിയെ നിയമിക്കുക.

അങ്ങനെ മെരിറ്റില്‍ പ്രവേശനം കിട്ടുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പോ വായ്പയോ ലഭ്യമാക്കാനായി ഒരു ഉന്നതവിദ്യാഭ്യാസനിധിക്ക് രൂപം കൊടുക്കുക. അതില്‍ മനേജുമെന്റുകളുടെയും വ്യവസായങ്ങളുടെയും ധര്‍മസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണം.

ഉന്നത വിദ്യാഭ്യാസം ചെലവേറിയതാണ്. ആ ചെലവ് ആരെങ്കിലും വഹിച്ചേ മതിയാവൂ. അതിന് ന്യായമായ മാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ അന്യായമായ മാര്‍ഗങ്ങള്‍ താനേ തെളിഞ്ഞുവരും. ആ പഴുതുകള്‍ അടയ്ക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 30 മേയ് 2012

Monday, May 28, 2012

മുഖ്യമന്ത്രിയുടെ ഇന്ദ്രജാലം

ഉമ്മന്‍ചാണ്ടിയും അഴിമതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ചില കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരകര്‍ കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ നാണയത്തിന്റെ ഇരുവശംപോലെ അഭേദ്യബന്ധമുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസില്‍ ഒരു പക്ഷത്തായിരുന്നല്ലോ. ആദര്‍ശത്തിന്റെ ആള്‍രൂപമായി മാധ്യമസഹായത്തോടെ ഇവര്‍ അവതരിക്കുകയും ചെയ്തു. പ്രതിരോധവകുപ്പിലെ ആയുധക്കച്ചവടം, പാമൊലിന്‍- ടൈറ്റാനിയം- സൈന്‍ ബോര്‍ഡ് ഇടപാടുകള്‍ എന്നിവ രണ്ടുപേരെയും അഴിമതിയുടെ ആള്‍രൂപമാക്കി മാറ്റി. ഇപ്പോഴാകട്ടെ കേസുകള്‍ പിന്‍വലിപ്പിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും രക്ഷപ്പെടാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്.

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ഇടപാട് നടക്കുമ്പോള്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അക്കൗണ്ടന്റ് ജനറലും എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭാസമിതിയും വിജിലന്‍സും കണ്ടെത്തിയതാണ്. മന്ത്രിസഭയില്‍ ഫയല്‍ ധൃതിപിടിച്ച് കൊണ്ടുവന്നതാകട്ടെ ഉമ്മന്‍ചാണ്ടിയാണുതാനും. ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പിട്ടതുകൊണ്ടാണ് ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ ഒപ്പിട്ടതും. സര്‍ക്കാരിന് രണ്ടുകോടി രൂപ നഷ്ടമുണ്ടാക്കിയ ഇടപാടാണിത്. കുറഞ്ഞനിരക്കില്‍ ഓഫറുണ്ടായിട്ടും അത് സ്വീകരിക്കാതെ കൂടിയ നിരക്കില്‍ പാമൊലിന്‍ വാങ്ങാന്‍ നിര്‍ദേശിച്ചത് ധനവകുപ്പിന്റെ അനുമതിയോടെയാണ്. കരാറിലില്ലാത്ത സര്‍വീസ് ചാര്‍ജ് കൊടുക്കാന്‍ നിര്‍ദേശിച്ചതും ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് ജഡ്ജി നിര്‍ദേശിച്ചത്. യുഡിഎഫ് അധികാരത്തില്‍ വരാനിടയുണ്ടെന്ന് വ്യക്തമായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ നിരപരാധിയാണെന്ന് വിവരിച്ചപ്പോഴാണ് രണ്ടാമതും അന്വേഷിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് വ്യക്തം. ഉമ്മന്‍ചാണ്ടിയുടെ ദല്ലാളായ പി സി ജോര്‍ജുവഴി ജഡ്ജിയെ ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥര്‍ക്ക് പ്രലോഭനം നല്‍കിയും പാമൊലിന്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടി ഒഴിവായെങ്കിലും ജനങ്ങളുടെ മനസ്സില്‍ അപരാധിയായി തുടരുകയാണ്. അഴിമതിക്കേസുകളില്‍നിന്ന് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന സാഹചര്യം സംജാതമായതോടെ എന്ത് നെറികേടും ചെയ്യാന്‍ യുഡിഎഫ് ഭരണത്തില്‍ സാധിക്കുമെന്ന നിലയുണ്ടായി.

ടൈറ്റാനിയം കേസിലും ഇതേ അവസ്ഥയാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരു പദ്ധതി സമര്‍പ്പിക്കപ്പെട്ടു. കമ്പനിയുടെ മൂലധനത്തേക്കാള്‍ കൂടിയ തുകയാണ് പദ്ധതിച്ചെലവ്. മാലിന്യസംസ്കരണപദ്ധതിയുടെ അനിവാര്യത ചൂഷണംചെയ്താണ് കൂടിയ തുകയുടെ നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അംഗീകരിച്ചത്. ഭീമമായ തുകയുടെ പദ്ധതിയായതുകൊണ്ടും സുതാര്യമായ ഇടപാടല്ലാത്തതുകൊണ്ടും പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനോട് ആരോഗ്യമന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ വിയോജിച്ചു. രാമചന്ദ്രന്‍ മാറി എ സുജനപാല്‍ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ പദ്ധതിക്ക് അനുമതി നല്‍കി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ജൂണ്‍ 25നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഴിമതിരഹിതനാക്കി ഉമ്മന്‍ചാണ്ടിയെ മാറ്റുന്ന റിപ്പോര്‍ട്ടായിരിക്കും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുകയെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.

സൈന്‍ ബോര്‍ഡ് അഴിമതിക്കേസില്‍ ഒന്നാംപ്രതിയായ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി ഒരു ഹര്‍ജി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് ടൈറ്റാനിയം കേസ് രജിസ്റ്റര്‍ചെയ്യാതിരിക്കാന്‍വേണ്ടി കൂടിയാണ്. ഉമ്മന്‍ചാണ്ടിക്ക് പങ്കാളിത്തമുള്ള മൂന്നാമത്തെ അഴിമതിക്കേസാണ് സൈന്‍ ബോര്‍ഡ് ഇടപാട്. 500 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഈ ഇടപാടുസംബന്ധിച്ച് നിയമസഭയില്‍ ടി എം ജേക്കബ് 2005 ജൂലൈ 18ന് ഉന്നയിച്ചത്. നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറായാല്‍ തെളിവുകള്‍ നല്‍കാമെന്നും 500 കോടിയുടെ അഴിമതി തെളിയിക്കാമെന്നും ടി എം ജേക്കബ് വെല്ലുവിളിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും 500 കോടി രൂപയുടെ കൈക്കൂലിപ്പണത്തിന്റെ പങ്ക് അദ്ദേഹം കൈപ്പറ്റിയെന്നുമാണ് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി എം ജേക്കബ് അന്നു പറഞ്ഞത്. ടി എം ജേക്കബ്ബിന്റെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം നടത്താന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധമായില്ല. കൈ ശുദ്ധമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി അന്നതിന് തയ്യാറാകുമായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി എം ജേക്കബ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലന്‍സിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നതാണ് വിജിലന്‍സ് കേസ്. നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു, കരാറുകാരന്‍ ഹബീബ് റഹ്മാന്‍ എന്നിവരാണ് വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതികള്‍. കേസന്വേഷണം സത്യസന്ധമായി നടന്നാല്‍ ഒന്നാംപ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയാണ് വരേണ്ടത്. കരാറുകാരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍മാത്രമാണ് തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കരാര്‍ നല്‍കിയത്. അങ്ങനെ ഉത്തരവ് ഇറക്കിയതാകട്ടെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണവും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചില്ല. ഇതേരീതിയിലാണ് സംസ്ഥാനപാതയിലും കരാര്‍ നല്‍കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷപോലും കരാറുകാരനില്‍നിന്ന് വാങ്ങിയില്ല. പരമാവധി അഞ്ചുവര്‍ഷംവരെമാത്രമേ കരാര്‍ നല്‍കാവൂ എന്ന കേന്ദ്രനിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ ക്ഷണിക്കാതെ സ്വന്തക്കാര്‍ക്ക് കരാര്‍ നല്‍കുക എന്നത് യുഡിഎഫ് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്ന നിലപാടാണ്. പാമൊലിന്‍, ടൈറ്റാനിയം ഇടപാടുകളില്‍ ഇത് കാണാം. ഇവിടെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

2011 ജൂണ്‍ ഏഴിനായിരുന്നു പ്രതികളെ പ്രോസിക്യൂട്ടുചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാര്‍ അനുമതിക്കായി എഴുതിയത്. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കേവലം ഉദ്യോഗസ്ഥര്‍മാത്രം പ്രതിയായ ഒരു കേസിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരിക്കാന്‍ കാരണമെന്തെന്ന് യുഡിഎഫിന് വിശദീകരിക്കാനാകുന്നില്ല. സര്‍ക്കാരിന് വന്ന നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ബാലിശമായ ന്യായമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരത്തുന്നത്. 500 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായി എന്ന വിജിലന്‍സ് ഐജി സെന്‍കുമാര്‍ ഗുപ്തയുടെ റിപ്പോര്‍ട്ടുപോലും സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. കേവലം ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍മാത്രമല്ല, മുഖ്യമന്ത്രിയെക്കൂടി രക്ഷിച്ചെടുക്കലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്ന സര്‍ക്കാരിന്റെ ലക്ഷ്യം. ലാവ്ലിന്‍ കേസില്‍ വിജിലന്‍സ് പ്രോസിക്യൂഷന്‍ നടപടിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയപ്പോള്‍, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഇവിടെ അതുപോലും ചെയ്തില്ല. മുഖ്യമന്ത്രിതന്നെ നിയമോപദേശകനായി. ഫലത്തില്‍ താന്‍ പ്രതിയായ കേസ് താന്‍തന്നെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുന്ന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി. ജഡ്ജിയെ പുകച്ച് പുറത്തുചാടിച്ചവര്‍ക്ക് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനാണോ പ്രയാസം!

സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നതായി കോടതിയെ വിജിലന്‍സ് അറിയിച്ചപ്പോള്‍, നഗ്നമായി ഭരണസംവിധാനം ദുരുപയോഗംചെയ്യുന്ന മുഖ്യമന്ത്രിയെയാണ് കേരളീയര്‍ കണ്ടത്. സിപിഐ എം വിരുദ്ധ വാര്‍ത്താപ്രവാഹത്തില്‍ മുങ്ങിപ്പോയ സംഭവമാണ് സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ച സര്‍ക്കാര്‍നടപടി. അഴിമതി സ്വാഭാവികമായ ഒരു പ്രക്രിയയല്ല; പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ഭരണകൂടം അവസരം ഒരുക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. അത്തരം അവസരങ്ങളില്‍ പിടിക്കപ്പെട്ടാല്‍ കേസ് ഒഴിവാക്കുക എന്നതും വലതുപക്ഷഭരണത്തിന്റെ രീതിയാണ്. ഇത്തരം നടപടികള്‍മൂലമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം ആളറിയാതെ കടന്നുപോയത്. ആളെ അറിയിക്കാനാകട്ടെ ശുഭകരമായ കാര്യങ്ങളില്ലതാനും. തമ്മിലടിയും അഴിമതിയും മാത്രം. അഴിമതിക്കേസുകള്‍ ഒന്നൊന്നായി പിന്‍വലിക്കുന്നത് നേട്ടങ്ങളുടെ പട്ടികയില്‍ ആരും പെടുത്തുകയില്ലല്ലോ.

യുഡിഎഫിനെ സഹായിക്കുന്ന "മ"പത്രം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ഇപ്രകാരം എഴുതി: ""കഷ്ടിച്ച് കേവലഭൂരിപക്ഷം കൈമുതലുള്ള ഒരു സര്‍ക്കാരിന് ഒരുവര്‍ഷത്തെ ആയുസ്സുണ്ടായി എന്നതുപോലും പലര്‍ക്കും അത്ഭുതമായിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ ഈ ബലഹീനതകളെ മറികടന്ന് ഇന്ദ്രജാലം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ട്രാക്ക് റെക്കോഡ് തെളിയിക്കുന്നത്"". ഈ വിലയിരുത്തല്‍ തികച്ചും ശരിയാണ്. അക്ഷരാര്‍ഥത്തില്‍ ഭരണം നിലനിര്‍ത്താന്‍ ഇന്ദ്രജാലംതന്നെയാണ് മുഖ്യമന്ത്രി സൃഷ്ടിക്കുന്നത്. അഴിമതിക്കേസുകള്‍ ഒഴിവാക്കിയുള്ള ട്രാക്ക് റെക്കോഡുതന്നെയാണ് യുഡിഎഫിനുള്ളത്. അതാണ് സൈന്‍ ബോര്‍ഡ് കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം തെളിയിക്കുന്നത്.

*
എം വി ജയരാജന്‍ ദേശാഭിമാനി 28 മേയ് 2012

Thursday, April 12, 2012

അന്വേഷണങ്ങളെ ഭയക്കുന്ന സര്‍ക്കാര്‍

അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഏതറ്റംവരെയും പോകുന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് പത്തുമാസംകൊണ്ട് വ്യക്തമായിക്കഴിഞ്ഞു. പാമൊലിന്‍ കേസ് മുതല്‍ മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് വരെ തേച്ചുമാച്ചുകളയാന്‍ പതിനെട്ടടവും പയറ്റുകയാണ് യുഡിഎഫ് സര്‍ക്കാര്‍. 2005ല്‍ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുമുതല്‍ ഇക്കാര്യത്തില്‍ പ്രത്യേക വൈഭവംതന്നെ പ്രകടമായി.

1991ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരിക്കെ നടന്ന പാമൊലിന്‍ അഴിമതി സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചായിരുന്നു തുടക്കം. അന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും കേസ് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം അന്വേഷണം പുനരാരംഭിച്ചു. പുതുതായി ലഭിച്ച തെളിവുകളുടെയും പ്രതികളായ ടി എച്ച് മുസ്തഫ, സഖറിയാ മാത്യു തുടങ്ങിയവരുടെ സത്യവാങ്മൂലങ്ങളുടെയും വെളിച്ചത്തില്‍ ഇടപാടു കാലത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ആ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കോടതിയില്‍ സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാമെന്ന വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം മറികടന്ന് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയാകാന്‍ വഴി ശരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് 13ന് തിരക്കിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വന്ന ഉടന്‍ പ്രസ്തുത അഡീഷണല്‍ ഡയറക്ടറെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച് പ്രത്യുപകാരം ചെയ്യുകയുംചെയ്തു. അതുംപോരാഞ്ഞ് ഡെസ്മണ്ട് നെറ്റോവിന് റിട്ടയര്‍മെന്റിന് ശേഷം പുനര്‍നിയമനം നല്‍കി. എന്നാല്‍, അത് വിവാദമായതിനെത്തുടര്‍ന്ന് നെറ്റോ ജോലിയില്‍ പ്രവേശിച്ചില്ല.

ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം നെറ്റോ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നിരാകരിക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയുംചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകളില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാകുന്നതായി ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ജഡ്ജി തുടരന്വേഷണത്തിനുത്തരവിട്ടത്. വിധി പറഞ്ഞ ജഡ്ജിയെ ചീഫ് വിപ്പിനെയും മറ്റും ഉപയോഗിച്ച് ചീത്തവിളിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറ്റിച്ചു. മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകനായിരുന്ന കെ കെ രാമചന്ദ്രന്‍ ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പരസ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണ്. ഉമ്മന്‍ചാണ്ടിക്കുകൂടി പങ്കാളിത്തമുള്ള ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടിരുന്നു. ആദ്യം പാമൊലിന്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് ഭീഷണിപ്പെടുത്തി പിന്മാറ്റിക്കുന്നതില്‍ വിജയിച്ച സര്‍ക്കാര്‍ പിന്നീട് ചെയ്തത്, പാമൊലിന്‍ കേസിലെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കുകയാണ്. വിജിലന്‍സ് ജഡ്ജിയെ തിരുവനന്തപുരത്തുനിന്ന് സ്ഥലംമാറ്റിയതിനു പിന്നിലും ചില പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയില്ല.

പാമൊലിന്‍, ടൈറ്റാനിയം കേസുകള്‍ അട്ടിമറിക്കുന്നതിന് വിദഗ്ധമായി ചരടുവലിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലും വൈദഗ്ധ്യം തെളിയിക്കുകയാണ്. മലബാര്‍ സിമന്റ്സില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയത് സംബന്ധിച്ച കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മുന്‍ ചീഫ് സെക്രട്ടറികൂടിയായ ജോണ്‍ മത്തായി, ബോര്‍ഡ് അംഗങ്ങളായിരുന്ന കൃഷ്ണകുമാര്‍, പത്മനാഭന്‍നായര്‍ എന്നിവരെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രതികള്‍ ആവശ്യപ്പെട്ടു, വ്യവസായ വകുപ്പ് ശുപാര്‍ശചെയ്തു, അതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഏതാനും പ്രതികളെ ഒഴിവാക്കുന്നത് കേസ് ദുര്‍ബലമാക്കും എന്ന് വിജിലന്‍സ് തന്നെ ചൂണ്ടിക്കാട്ടിയിട്ടും അത് അവഗണിച്ച് ഉത്തരവിറക്കുകയായിരുന്നു. വിജിലന്‍സിനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ആരെയൊക്കെ പ്രതികളാക്കണമെന്നും ആരെയൊക്കെ ഒഴിവാക്കണമെന്നുമെല്ലാം സര്‍ക്കാര്‍ വിജിലന്‍സിന് രഹസ്യമായും പരസ്യമായും നിര്‍ദേശം നല്‍കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം മൂന്നുപേരെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് ആരായുകയും സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുകയാണ് ഹൈക്കോടതി.

മലബാര്‍ സിമന്റ്സില്‍ തീവെട്ടിക്കൊള്ളയ്ക്ക് തുടക്കംകുറിച്ചത് 2001-2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആ കാലത്ത് 400 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് സിഎജി റിപ്പോര്‍ട്ട് ചെയ്തതാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് 2005-2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. അന്നും ഇന്നും വ്യവസായമന്ത്രി ഒരേയാളാണ്. വ്യവസായമന്ത്രിയുടെ ബിനാമിയെന്ന് ആരോപിതനായ വി എം രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സിമന്റ്സിലെ കുംഭകോണങ്ങളെന്ന് പരക്കെ ആക്ഷേപമുള്ളതാണ്. ഇതുസംബന്ധിച്ച് നടന്നുവരുന്ന വിജിലന്‍സ് കേസുകളില്‍ രാധാകൃഷ്ണന്‍ പ്രതിയാണ്. കമ്പനിയിലെ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ച സെക്രട്ടറിയും ആഭ്യന്തര ഓഡിറ്ററുമായിരുന്ന ശശീന്ദ്രനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും വിജിലന്‍സിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ മൂന്നാംനാള്‍ പൈശാചികമായി കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിച്ചുവരികയാണ്. മരണത്തിനിടയാക്കിയ എല്ലാ സംഭവങ്ങളും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും മരണം സംബന്ധിച്ച അന്വേഷണംമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മലബാര്‍ സിമന്റ്സില്‍ ആവര്‍ത്തിക്കുന്ന അഴിമതികളും സിബിഐ അന്വേഷിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടില്ല. കാരണം, അഴിമതി അന്വേഷിച്ചാല്‍ സര്‍ക്കാര്‍ തന്നെ പ്രതിസ്ഥാനത്ത് വരും. മലബാര്‍ സിന്റ്സിലെ കൊലക്കേസിനോടൊപ്പം അഴിമതിവിഷയംകൂടി സിബിഐ അന്വേഷിക്കണമെന്ന വി എം സുധീരന്റെ കത്തുപോലും മുഖ്യമന്ത്രി ചവറ്റുകൊട്ടയിലാണ് തള്ളിയത്.

പാമൊലിന്റെയോ മലബാര്‍ സിമന്റ്സിന്റെയോ ടൈറ്റാനിയത്തിന്റെയോ കാര്യത്തില്‍ മാത്രമല്ല, മറ്റ് അഴിമതിക്കേസുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥരെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റിയും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളില്‍പോലും പുനരന്വേഷണത്തിന് നടപടി സ്വീകരിച്ചുമാണ് സര്‍ക്കാര്‍ ഈ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ചില ജഡ്ജിമാര്‍ക്ക് പണംകൊടുത്ത് സ്വാധീനിച്ചാണ് ഐസ്ക്രീം കേസ് അട്ടിമറിച്ചത് എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പുനരന്വേഷണത്തിലും അട്ടിമറിയുണ്ടായി. ഇതുസംബന്ധിച്ച് ഞാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ദുരൂഹമായ വിദേശയാത്ര നടത്തുകയും തീവ്രവാദികളുമായി ബന്ധപ്പെട്ടു എന്ന് സംശയിക്കപ്പെടുകയുംചെയ്യുന്ന ടോമിന്‍ തച്ചങ്കരിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ ഈ സര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത് എന്ന് ആദ്യം മറുപടി പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് തിരുത്തേണ്ടിവന്നു. എന്‍ഐഎയുടെ വിശദീകരണം പരസ്യമായപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിനായി വീണ്ടും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചെടുക്കാന്‍ അണിയറനീക്കം നടക്കുന്നു.

വാളകത്ത് അധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ഒടുവില്‍ സിബിഐ അന്വേഷണവുമില്ല, കേരള പോലീസിന്റെ അന്വേഷണവുമില്ല എന്ന നിലയിലായി, കാര്യങ്ങള്‍. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനക്കേസില്‍ ലീഗുകാര്‍ കുടുങ്ങുമെന്ന് വന്നപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. അന്വേഷിച്ച എസ്പിയെ നിരന്തരം സ്ഥലംമാറ്റി പീഡിപ്പിക്കുന്നു. കാസര്‍കോട്ട് ലീഗുകാര്‍ നടത്തിയ വര്‍ഗീയ അക്രമം അന്വേഷിച്ച നിസാര്‍ കമീഷനെ പിരിച്ചുവിട്ടു. ഇങ്ങനെ എല്ലാ കേസുകളും അട്ടിമറിക്കുകയാണ്. അന്വേഷണങ്ങളെ ഇത്രയധികം ഭയപ്പെടുന്ന, ഇത്രയധികം അന്വേഷണങ്ങള്‍ അട്ടിമറിച്ച ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഓരോ അന്വേഷണവും ചെന്നെത്തുന്നത് യുഡിഎഫ് നേതാക്കളിലാണ് എന്നതുതന്നെയാണ് കാരണം.

*
വി എസ് അച്യുതാനന്ദന്‍