Saturday, May 25, 2013

ഗുണ്ടാനിയമത്തിന്റെ ദുരുപയോഗം

ഗുണ്ടാനിയമം എന്ന് ചുരുക്കിവിളിക്കുന്ന കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ വകുപ്പുകളുടെ ദുരുപയോഗം അതീവ ഗുരുതര സാമൂഹ്യപ്രശ്നമായി മാറുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഈ നിയമംവച്ച് വേട്ടയാടുകയാണ്.

ഒരു നിയമം പാര്‍ലമെന്റോ നിയമസഭയോ പാസാക്കുമ്പോള്‍ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും കൃത്യമായി രേഖപ്പെടുത്താറുണ്ട്. അതനുസരിച്ച് 2007 സെപ്തംബര്‍ 4ന് കേരള നിയമസഭയില്‍ ഈ നിയമത്തിന് ആധാരമായ ബില്‍ പൈലറ്റ് ചെയ്യുമ്പോള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനകത്ത് നടക്കുന്ന സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഈ നിയമം എന്നാണത്.

വ്യാജ വാറ്റുകാര്‍, കള്ളനോട്ടു നിര്‍മാണം നടത്തുന്നവര്‍, പാരിസ്ഥിതിക വിധ്വംസകര്‍, ഡിജിറ്റല്‍ ഡാറ്റയും പകര്‍പ്പ് അവകാശവും അപഹരിക്കുന്നവര്‍, മയക്കുമരുന്ന് കുറ്റവാളികള്‍, സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഗുണ്ടാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, ഹവാല തട്ടിപ്പുകാര്‍, വാടകച്ചട്ടമ്പികള്‍, അസാന്മാര്‍ഗിക കുറ്റവാളികള്‍, വര്‍ഗീയ സംഘര്‍ഷവും വര്‍ഗീയ കലാപവും നടത്തുന്നവര്‍, ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്നവര്‍- ഇവരെ നേരിടുന്നതിനാണ് നിയമം. രാഷ്ട്രീയ പാര്‍ടികളുടെ പിക്കറ്റിങ്, പ്രകടനം, സര്‍വീസ് സംഘടനകളുടെ സമരം, വസ്തു തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കാരണവശാലും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ബില്‍ അവതരിപ്പിച്ചപ്പോള്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി.

തുടര്‍ന്ന് സംസാരിച്ച ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിനോടു യോജിച്ച് "രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഈ നിയമം ഉപയോഗിക്കരുത്" എന്നാണ് പറഞ്ഞത്. ബില്‍ നിയമസഭ വിശദമായി ചര്‍ച്ചചെയ്ത് ഭേദഗതികളോടെ നിയമമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആക്ഷേപരഹിതമായി നിയമം നടപ്പാക്കപ്പെട്ടു. ഈ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സ്വത്തുതര്‍ക്കം, കുടുംബതര്‍ക്കം എന്നിവയുടെ ഭാഗമായി കേസില്‍ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയില്‍പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകളില്‍ പ്രതികളാകുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തുന്നതിനെ തടയുന്ന വകുപ്പുകളുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ടി നടത്തുന്ന പൊതുവായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളിലെ പ്രതികളെ ഗുണ്ടാലിസ്റ്റില്‍പെടുത്തുന്നതും നിയമപ്രകാരം അനുവദനീയമല്ല. എന്നാല്‍, ഈ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ തകര്‍ക്കുന്ന നിലയിലാണ് തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് പെരുമാറിക്കൊണ്ടിരിക്കുന്നത്. അന്ന് നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി ഇങ്ങനെ വ്യക്തമാക്കി- നിയമം ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം വന്നാല്‍ ആക്ട് തന്നെ ഇല്ലാതാകുമെന്ന സാഹചര്യം ഉണ്ടാകും.

അങ്ങനെ നോക്കുമ്പോള്‍ നിയമംതന്നെ തകര്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉളവായിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഈ നിയമത്തിന്റെ നഗ്നമായ ദുരുപയോഗം ഉണ്ടായിരിക്കുന്നു. കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ കെ വിനീഷിന് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥിയുമായ എം ഷാജറിനെതിരെയും സമാനമായ നോട്ടീസ് പുറപ്പെടുവിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനംമാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ നടപടികളെന്ന് വ്യക്തമാണ്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ദേശീയ ഗെയിംസിന്റെ അവസരത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിനീഷ് അവിടെ ഉണ്ടാവില്ലെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല, പൊലീസിന്റെ ഭാഗത്തുനിന്ന് ഈ നിയമത്തിന്റെ ദുരുപയോഗത്തിനായുള്ള നീക്കം നടക്കുന്നതായി കലക്ടര്‍ക്ക് രേഖാമൂലം സിപിഐ എം പരാതി നല്‍കുകയുമുണ്ടായി. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 22ന് കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ തുടങ്ങിയ ജില്ലയിലെ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ട് കണ്ട് സംസാരിക്കുകയുംചെയ്തു. തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പും നല്‍കി. അതിനുശേഷമാണ് വിനീഷിന് നോട്ടീസ് അയച്ചത്. കൂടാതെ എസ്എഫ്ഐ നേതാവ് ഷാജറിനും സമാനമായ നോട്ടീസ് നല്‍കി. ചുരുക്കത്തില്‍, ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും അറിഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്താനുള്ള നീക്കം.

കോഴിക്കോട് ജില്ലയിലെ സിപിഐ എം നേതാക്കളായ മോഹനന്‍ മാസ്റ്ററുടെയും എംഎല്‍എ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനും നാടുകടത്തല്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോ പൊലീസ് സ്റ്റേഷനുകളിലും കൂടുതല്‍ കേസുകളില്‍ പ്രതികളായ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരുടെ ലിസ്റ്റ് ശേഖരിക്കാന്‍ ഉത്തരമേഖലാ ഐജി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യമാണ് ഐജി ഏറ്റെടുത്തിട്ടുള്ളത്. ഏതാനും ആഴ്ചകള്‍ക്കു ശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഐജി ജോസ് ജോര്‍ജ് രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശമനുസരിച്ചാണ് നടപടി കൈക്കൊള്ളുന്നത് എന്ന ആക്ഷേപം സാര്‍വത്രികമായി ഉയര്‍ന്നിട്ടുണ്ട്. സിപിഐ എമ്മിനും മറ്റും എതിരായി ഈ വിധം അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്ന പൊലീസ്, നാറാത്തുനിന്ന് പിടിച്ച പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികളോട് അഹിതമായ വാക്കുകള്‍പോലും പറഞ്ഞതായി അറിവില്ല.

ഒരു കേസ് അന്വേഷണത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റിയംഗം സുമേഷിനെ കണ്ണൂര്‍ സിറ്റി പൊലീസ് ലോക്കപ്പില്‍വച്ച് മലദ്വാരത്തില്‍ കമ്പികയറ്റിയ ഡിവൈഎസ്പി തന്നെയാണ് നാറാത്തെ മതതീവ്രവാദികളെയും കൈകാര്യംചെയ്തത്. മതതീവ്രവാദികള്‍ക്ക് വിഐപി പരിഗണന. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നേരെ അടിച്ചമര്‍ത്തല്‍ നടപടികളും. പിടിയിലായ മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ജനപ്രതിനിധിയായ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പൊലീസിനു മേല്‍ സമ്മര്‍ദം ചെലുത്തി എന്നാണ് വിവരം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയിലെ 136 ക്രിമിനല്‍ കേസുകളാണ് അധികാരം ഉപയോഗിച്ച് പിന്‍വലിച്ചത്. അതില്‍ 90 ശതമാനം കേസുകളും മുസ്ലിം ലീഗുകാര്‍ പ്രതികളായതാണ്. ഇക്കൂട്ടത്തില്‍ ലീഗുകാര്‍ പ്രതികളായ കവര്‍ച്ചാകേസുകളും ഉള്‍പ്പെടും.

ഗുണ്ടാനിയമം അനുസരിച്ചുള്ള നടപടികളില്‍ നിന്ന് സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള കേസുകളില്‍ പ്രതികളായ ലീഗ് ക്രിമിനലുകളെ ഒഴിവാക്കുകയാണ്. തളിപ്പറമ്പിലെ അംബികാ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ലീഗ് പ്രവര്‍ത്തകരായ റിവാജ്, പരിയാരം കോരന്‍പീടികയിലെ ലത്തീഫ്, അരിയില്‍ സ്വദേശി ജാഫര്‍ എന്നിവര്‍ക്കെതിരെ നടപടി കൈകൊള്ളുന്നതില്‍നിന്ന് പൊലീസിനെ വിലക്കുന്നത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളായ ഒരു എംപിയും എംഎല്‍എയുമാണ്. മാഫിയാ സംഘങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ദുരുപയോഗംചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും യുവജന-വിദ്യാര്‍ഥി വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതുന്ന പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. പൊലീസിലെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് നടത്തുന്ന ഈ രാഷ്ട്രീയക്കളി അങ്ങേയറ്റം അപകടകരമാണ്.


*****

പി ജയരാജന്‍

No comments: