Wednesday, May 1, 2013

അക്ഷയതൃതീയയും ബാലികാവധുമാരും

"അക്ഷയതൃതീയ" - അടുത്തകാലം വരെ നമുക്ക് സുപരിചിതമായ ആചാരമോ അനുഷ്ഠാനമോ ആഘോഷമോ ഒന്നും ആയിരുന്നില്ല ഇത്. അതേ സമയം ശകവര്‍ഷത്തിലെ വൈശാഖമാസത്തില്‍ വരുന്ന ശുക്ലപക്ഷതൃതീയ ദിവസം (ഇംഗ്ലീഷ് കലണ്ടറനുസരിച്ച് മെയ്മാസത്തില്‍) ഏതാണ്ട് എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു വിശേഷാവസരമാണ്. അന്നു ചെയ്യുന്ന ദാനാദികര്‍മങ്ങളുടെ ഫലം ക്ഷയിക്കുകയില്ല എന്നാണ് പാരമ്പര്യ വിശ്വാസം. എന്നാല്‍ കേരളത്തിലും ഇപ്പോള്‍ "അക്ഷയതൃതീയ" കൊണ്ടാടപ്പെടുന്നുണ്ട്. പക്ഷേ അത് ദാനാദികര്‍മങ്ങളിലൂടെ അല്ല എന്നു മാത്രം. "അക്ഷയതൃതീയ" യെ ആര്‍പ്പുവിളികളോടെ വരവേറ്റുകൊണ്ട് മാധ്യമങ്ങളില്‍ സ്വര്‍ണാഭരണവില്‍പനക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ നിറയുമ്പോഴാണ് ഈ ദിനത്തെക്കുറിച്ച് നമുക്കിന്നു "മുന്നറിയിപ്പ്" ലഭിക്കുന്നത്. ഉത്തരേന്ത്യക്കാരാവട്ടെ ഇന്ന് ഈ ദിനത്തിന്റെ അര്‍ഥതലം തന്നെ മാറ്റിയെഴുതിയിരിക്കുന്നു. ദാനധര്‍മാധികള്‍ക്കുവേണ്ടി മാറ്റി വച്ച ദിവസമല്ല ഇപ്പോള്‍ അവിടെ അക്ഷയതൃതീയ. ഈ ദിനം ഒരു "ശുഭദിന"മാണ് - അഥവാ വിവാഹത്തിനു വേണ്ടിയുള്ള ശുഭമുഹൂര്‍ത്തം. വിവാഹം ബാലികാ-ബാലന്മാര്‍ തമ്മിലായിരിക്കും എന്നുമാത്രം. ലോകത്തില്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നും അത്തരം വിവാഹങ്ങളില്‍ 99 ശതമാനവും നടക്കുന്നത് അക്ഷയതൃതീയയിലാണെന്നും സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു.

സാമൂഹ്യമായും സാമ്പത്തികമായും ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരി. 10 പഞ്ചായത്ത് യൂണിയനുകളിലായി 750 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന ഈ ജില്ലയിലെ ജനങ്ങള്‍ക്ക്, ഒരു കൊല്ലം പൊതുവേ അശുഭമാസമായോ ദിവസമായോ കണക്കാക്കുന്നവ ഒഴിച്ചുള്ളതെല്ലാം അക്ഷയതൃതീയ നടത്താനുള്ള അവസരമാണ്. അതായത് കൊല്ലത്തില്‍ മിക്ക ദിവസവും ഇവിടെ ബാല്യവിവാഹങ്ങള്‍ സാധാരണം- വധുവിന് എട്ടു മുതല്‍ 12 വയസ്സുവരെയേ പ്രായമുണ്ടായിരിക്കുകയുള്ളൂ. വരന് 15 മുതല്‍ എത്രവേണമെങ്കിലും- അറുപതോ എണ്‍പതോ ആവാം. പെണ്‍കുട്ടികള്‍ക്ക്/യുവതികള്‍ക്ക് /സ്ത്രീകള്‍ക്ക് ഒരു കാരണവശാലും പുനര്‍വിവാഹം അനുവദനീയവുമല്ല. ലോകത്തില്‍ ഒരു മതവും ബാല്യവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിലെ ഹിന്ദു പുരാണകഥകളിലും "കാമസൂത്രം" പോലുള്ള ചില താത്വികഗ്രന്ഥങ്ങളിലും ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ കാണാമെങ്കിലും വേദ കാലഘട്ടം മുതലേ (ക്രിസ്തുവിനുമുമ്പ് 2500 നും 1500 നും ഇടയ്ക്ക്) ഇവിടെ മുതിര്‍ന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമേ നിലവിലുണ്ടായിരുന്നുള്ളൂ എന്ന് ജയാ സഗദേയെപ്പോലുള്ള പ്രശസ്ത സാമൂഹ്യ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു ("ചൈല്‍ഡ് മാര്യേജസ് ഇന്‍ ഇന്ത്യ" എന്ന കൃതി, ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2005). ഏതാണ്ട് ഏഴാം നൂറ്റാണ്ടുവരെ ഈ സ്ഥിതി തുടര്‍ന്നു. പിന്നീട് പിതൃതന്ത്രാത്മക സാമൂഹ്യവ്യവസ്ഥ  നിലവില്‍ വന്നതോടെ ഇതിനു മാറ്റമുണ്ടായി. ബാല്യവിവാഹം അംഗീകരിക്കപ്പെട്ടു. അത് പാരമ്പര്യത്തിന്റെ ഭാഗമായി.

പ്രായപൂര്‍ത്തിയാകാത്തവര്‍ (18 വയസ്സ് തികയാത്ത സ്ത്രീയും 21 തികയാത്ത പുരുഷനും) തമ്മിലുള്ള വിവാഹം ഇന്ത്യയില്‍ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളില്‍ 53.3 ശതമാനം 18 വയസ്സിനുമുമ്പേ വരണമാല്യം അണിഞ്ഞവരായിരുന്നു. രാജസ്ഥാനും മധ്യപ്രദേശും ഉത്തര്‍പ്രദേശും ആയിരുന്നു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അവിടെ 10 ഉം 14 ഉം വയസ്സിനുമിടയില്‍ മാത്രം വധുക്കളായിത്തീരുന്നവരുടെ ശതമാനം യഥാക്രമം 13.2, 8.5, 7.1 എന്നിങ്ങനെയായിരുന്നു. കേരളത്തിലെ ബാല്യവിവാഹിതരുടെ എണ്ണം പൊതുവേ കുറവാണെങ്കിലും (മൊത്തം വിവാഹിതരില്‍ 9.1 ശതമാനം മാത്രം) ഇവിടെ കോടതി കയറിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് എന്ന് ഓര്‍ക്കണം (ഉദാഹരണം: മുന്‍ മന്ത്രി എം പി ഗംഗാധരന്റെ മകളുടെ വിവാഹത്തിനെതിരെ അന്തരിച്ച "നവാബ്" രാജേന്ദ്രന്‍ കൊടുത്ത കേസ്). പ്രധാനമായും നാലു കാരണങ്ങളാലാണ് ഇന്ത്യയില്‍ ഇന്നും ബാല്യവിവാഹം നിലനില്‍ക്കുന്നതെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു. പാരമ്പര്യം, പാര്‍ശ്വവല്‍ക്കരണം, പാരദേശീയം, പാമരത്വം എന്നിവയാണവ. ഇവയില്‍ ചിലതിനു ഉപവിഭാഗങ്ങളോ, ബന്ധപ്പെട്ട മറ്റു നിമിത്തങ്ങളോ ഉണ്ട്. പാരമ്പര്യം "തിരുവായക്ക് എതിര്‍വായില്ല" എന്നു പറഞ്ഞതുപോലെയാണ് മിക്ക കുടുംബങ്ങളുടെയും കാര്യം. ഇന്ത്യയിലെന്നല്ല, ലോകത്തിലെവിടെയും ഇതുതന്നെ സ്ഥിതി. ""നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി"" (സ്ത്രീക്ക് സ്വാതന്ത്ര്യമില്ല) എന്നു ഇന്ത്യക്കാരെ പണ്ടേക്കുപണ്ടേ പറഞ്ഞു പഠിപ്പിച്ചിട്ടുമുണ്ട്. സ്ത്രീ വിമോചനപ്രസ്ഥാനങ്ങളും സംഘടനകളും ഒക്കെ ഉണ്ടെങ്കിലും "പെണ്ണെഴുത്ത്", "പെണ്‍കാഴ്ചകള്‍" എന്നൊക്കെ പേരിടാനാണ് നമുക്ക് ഇഷ്ടം. ജാതിയും മതവും ഒന്നും പുരുഷമേധാവിത്വത്തിനു ഇവിടെ തടസ്സമാവുന്നില്ല. തമിഴ്നാട്ടിലെ കൃഷ്ണഗിരി ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. ഹരിയാണയിലെ മേവത്, ജില്ലയാവട്ടെ മുസ്ലിം ഭൂരിപക്ഷ പ്രദേശവും. ന്യൂഡല്‍ഹിയില്‍നിന്നു വെറും 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ മിയോസ് എന്നു വിളിക്കപ്പെടുന്നതും പൊതുവേ അംഗീകാരമില്ലാത്തതുമായ ഒരു പ്രത്യേക മുസ്ലിം മതവിഭാഗമാണ് വസിക്കുന്നത്. 14-ാം നൂറ്റാണ്ടില്‍ ഒരു സൂഫിവര്യനാല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ഇവര്‍ പക്ഷേ ജാതിവ്യവസ്ഥ, സ്ത്രീധനസമ്പ്രദായം തുടങ്ങിയ ഹിന്ദു പാരമ്പര്യ ആചാരങ്ങള്‍ മിക്കതും വച്ചുപുലര്‍ത്തുന്നു; കൂടെ ബാല്യവിവാഹവും. മേവതിലെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹപ്രായം എട്ടു വയസ്സ് ആണ്, ഗര്‍ഭധാരണംമൂലമുള്ള മരണനിരക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നത് ഇവിടെയത്രെ. ഏഴു നൂറ്റാണ്ടു പഴക്കമുള്ള ഒരു പാരമ്പര്യത്തിന്റെ പാപഭാരം, ഏഴു നൂറ്റാണ്ടിനുശേഷവും മേവതിലെ പെണ്‍കുട്ടികള്‍ ഇപ്പോഴും ചുമക്കുന്നു. പാര്‍ശ്വവല്‍ക്കരണം "പതിനഞ്ചാമത്തെ വയസ്സില്‍ അമ്മമാര്‍; 30-ാമത്തെ വയസ്സില്‍ മുത്തശ്ശിമാര്‍; 45-ാമത്തെ വയസ്സില്‍ മുതുമുത്തശ്ശിമാര്‍", പ്രചാരമുള്ള ഒരു ഇംഗ്ലീഷ് വാരികയില്‍ മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളുടെ ജീവിതപ്രാരബ്ധങ്ങളെപ്പറ്റിയുള്ള ഒരു ലേഖനം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. കേരളമൊട്ടാകെ എടുക്കുമ്പോള്‍ 18 വയസ്സു തികയുന്നതിനുമുമ്പേ വിവാഹിതരാവുന്ന സ്ത്രീകളുടെ ശതമാനം 9.1 മാത്രമാണെങ്കിലും അത് മലപ്പുറത്ത് 36 ശതമാനമാണെന്നതില്‍ പരിതപിക്കാനും അവിടത്തെ സ്ത്രീകളുടെ ദുഃസ്ഥിതിയെക്കുറിച്ച് വിലപിക്കാനും ലേഖനം വിസ്മരിച്ചതുമില്ല ("ഔട്ട്ലുക്ക്", 10.6.2002). പക്ഷേ ലേഖനം തയ്യാറാക്കിയ വ്യക്തി പരിചയസമ്പന്നയായ ഒരു സ്ത്രീ ആയിരുന്നുതാനും. ഒരു കാര്യം ബോധപൂര്‍വമോ അല്ലാതെയോ അവഗണിച്ചു. മുസ്ലിങ്ങളുടെ ഇടയ്ക്കു മാത്രമല്ല, ഹിന്ദുക്കളുടെ ഇടയ്ക്കും 18 വയസ്സിനു താഴെയുള്ള സ്ത്രീകളുടെ വിവാഹം സാമൂഹ്യപരമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് എന്നതാകുന്നു അത്. പെണ്‍കിടാങ്ങള്‍ യൗവനാരംഭം അറിയിച്ചു കഴിഞ്ഞാല്‍ അവരെ വിവാഹം കഴിച്ചയക്കുന്നതില്‍ ഒരപാകതയുമില്ലെന്നത് ഒരു വസ്തുതയാണ്. ഇത് ഒരുവശം മാത്രം.

പഴയ ഏറനാടിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും അതിന്റെ സമീപപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്നത്തെ മലപ്പുറം ജില്ല ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിനു എത്രയെത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളത്തില്‍ ഏറ്റവുമധികം സാമൂഹികനാചാരങ്ങളും (തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മ മുതല്‍ പലതും) സാമ്പത്തികാസമത്വങ്ങളും (മേലാളന്മാരും അടിയാളന്മാരും) വിളയാടിയിരുന്ന പ്രദേശമായിരുന്നു എന്നു ചരിത്രപണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു "ഫിക്ഷന്‍" രംഗത്ത് അതിനു തെളിവു വേണമെങ്കില്‍, മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതത്തെ അധികരിച്ച് സി രാധാകൃഷ്ണന്‍ എഴുതിയ നോവലിലൂടെയോ, മാപ്പിള ലഹള എന്ന ബ്രിട്ടീഷുകാര്‍ മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ച മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ടി ദാമോദരന്‍ തിരക്കഥ രചിച്ച്, ഐ വി ശശി സംവിധാനം ചെയ്ത "1921" എന്ന ചിത്രത്തിലൂടെയോ കടന്നുപോയാല്‍ മതി. സാമൂഹ്യമായും സാമ്പത്തികമായും മേലാളവര്‍ഗം പുലര്‍ത്തിയിരുന്ന അതിരില്ലാത്ത തേര്‍വാഴ്ചയുടെ അനന്തരഫലമാണ് ഇന്നത്തെ ദുരവസ്ഥ എന്നതിനുനേരെ നമ്മുടെ ചരിത്രകാരന്മാര്‍ കണ്ണടച്ചിരിക്കുകയാണ്. ഈ തേര്‍വാഴ്ചയുടെ അനന്തരഫലമത്രെ ദാരിദ്ര്യം.

ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയിലാണ് ബാല്യവിവാഹം ഏറ്റവും കൂടുതല്‍ ഇന്നു നടക്കുന്നത്, അഥവാ അവരാണ് അതിനു നിര്‍ബന്ധിതരാകുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ സംശയലേശമന്യേ തെളിയിക്കുന്നു. യുനിസെഫ് ഇന്ത്യയടക്കമുള്ള ഒട്ടേറെ മൂന്നാംലോക രാഷ്ട്രങ്ങളില്‍ നടത്തിയ പഠനങ്ങളും ഇത് ശരിവച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉണ്ടാവുന്നത് ഒരു സാമ്പത്തിക ബാധ്യതയായിട്ടാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും കരുതുന്നത്. അതുകൊണ്ട് അവരെ എത്രയും വേഗം "ഒഴിവാക്കി" കിട്ടുക എന്നതിലാണ് അവര്‍ക്കു താല്‍പര്യം. പെണ്‍കുട്ടിയാണെന്നു തോന്നിയാല്‍ ഗര്‍ഭഛിദ്രത്തിനോ ശിശുഹത്യക്കോ പലരും വൈമുഖ്യം പ്രകടിപ്പിക്കാതിരിക്കുന്നേടത്തോളം എത്തിയിട്ടുമുണ്ട് ഇന്നത്തെ അവസ്ഥ. പാരദേശീയം എ ഡി പത്താംനൂറ്റാണ്ടോടുകൂടിയാണ് ഇന്ത്യ വിപുലമായ തോതില്‍ വിദേശാക്രമണങ്ങള്‍ക്കു വിധേയമായിത്തുടങ്ങുന്നത്. അതിനുമുമ്പ് ഇവിടെ നിരവധി ഗോത്രങ്ങളും രാജവംശങ്ങളും ഉണ്ടായിരുന്നു. അവര്‍ നിരന്തരം പോരാടിക്കൊണ്ടുമിരുന്നു. ആദ്യം മുഗളന്മാരും (ഉത്തരേന്ത്യയില്‍) പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍രും എല്ലാ പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഇന്ത്യ എന്ന സങ്കല്‍പത്തിനു രൂപം നല്‍കിയെങ്കിലും വിവിധ പ്രദേശങ്ങള്‍ തമ്മിലും വര്‍ഗങ്ങള്‍ തമ്മിലും ജാതി-മതങ്ങള്‍ തമ്മിലും പരസ്പരസ്പര്‍ധ എന്നും നിലനിന്നുപോന്നിരുന്നു. ഇപ്പോഴും അത് അസ്തമിച്ചു എന്നു പറയാനായിട്ടില്ല. നാട്ടിനകത്തും പുറത്തുനിന്നുമുള്ള ഈ സ്പര്‍ധയുടെ ഫലമായി കാലാകാലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരുന്ന ആക്രമണങ്ങള്‍ക്ക് പ്രധാനമായും ഇരയായിട്ടുള്ളത് സ്ത്രീകളായിരുന്നു. അവരെ ചൂഷണത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ വേണ്ടി കണ്ടുപിടിച്ച ഒരുപാധി കൂടിയായിരുന്നു ബാല്യവിവാഹം.

കരുത്തനായ, വീരനായ ഒരു വ്യക്തിക്ക് (അത് ഗോത്രത്തലവനോ രാജാവോ ഒക്കെ ആവാം) മകളെ കഴിയുന്നത്ര ചെറുപ്രായത്തില്‍ തന്നെ വിവാഹം ചെയ്തുകൊടുക്കുന്നത് അവള്‍ക്ക് എക്കാലത്തേക്കും ഒരു രക്ഷാകവചമായിരിക്കുമെന്ന് പലരും കരുതി. പാമരത്വം ദേശീയ സാക്ഷരതാമിഷന്‍ അവകാശപ്പെടുന്നത് ഇന്ത്യയിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാവുന്നുണ്ട് എന്നാണ്. 1991ലെ സെന്‍സസ് പ്രകാരം എഴുത്തും വായനയും അറിയാവുന്ന സ്ത്രീകള്‍ വെറും 39 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2001ല്‍ അത് 54 ശതമാനമായി. പക്ഷേ ഈ 54 ശതമാനത്തില്‍ പകുതിയിലേറെപ്പേരും മാമൂലുകളെ ധിക്കരിക്കാന്‍ അധൈര്യപ്പെടുന്നവരാണെന്ന് സാക്ഷരതാമിഷന്‍ തന്നെ സമ്മതിക്കുന്നു. അതിനര്‍ഥം വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും. അതിനനുസരിച്ചുള്ള പുരോഗതി അഥവാ പരിവര്‍ത്തനം സാമൂഹ്യരംഗത്ത് ദൃശ്യമാകുന്നില്ല എന്നാണ്. ഈ നവോത്ഥാനം സംഭവിക്കാതിരിക്കുന്നേടത്തോളം കാലം ബാല്യവിവാഹത്തിന്റെ കഥകള്‍ നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍നിന്നു അപ്രത്യക്ഷമാവുകയില്ല. കുടുംബപരവും സാമൂഹ്യവുമായ സമ്മര്‍ദങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അച്ഛനമ്മമാര്‍ എന്നെന്നും വിധേയരായി നിലകൊള്ളേണ്ടി വരുകയും ചെയ്യും. പെണ്‍കിടാവ് വയസ്സറിയിച്ചാലും 18 വയസ്സിനു മുമ്പേ അവള്‍ ഗര്‍ഭം ധരിക്കുന്നത്, പല കാരണങ്ങളാലും യുക്തിസഹമല്ലെന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞതാണെങ്കിലും. കൊല്ലം 80 കഴിഞ്ഞിട്ടും... ഇന്ത്യയില്‍ ബ്രിട്ടീഷ് അധിനിവേശക്കാലത്ത് 1881 മുതല്‍ എല്ലാ ദശകാരംഭത്തിലും രാജ്യത്താകമാനമുള്ള ജനങ്ങളെ എണ്ണിത്തിട്ടപ്പെടുത്താനുള്ള "കാനേഷുമാരി" പ്രക്രിയ (സെന്‍സസ്) ആരംഭിച്ചിരുന്നുവെങ്കിലും ദാമ്പത്യജീവിതം, ശിശുക്കളുടെ എണ്ണം തുടങ്ങിയ സ്ത്രീകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ അതിലുള്‍പ്പെടുത്തുന്നത് 1921ല്‍ ആണ്. 1921ലെ ആ സെന്‍സസ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുകൊണ്ടുവന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു വയസ്സുപോലും തികയാത്ത 600ല്‍ ഏറെ പെണ്‍കുട്ടികള്‍ വിവാഹിതരായി ജീവിക്കുന്നുണ്ട് എന്നുള്ളതായിരുന്നു. ഇതിനെത്തുടര്‍ന്ന് അന്ന് കേന്ദ്ര നിയമനിര്‍മാണസഭയില്‍ (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) അംഗമായിരുന്ന ഹര്‍വിലാസ് ശര്‍ദ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം ആണ്‍കുട്ടികളുടെത് 21 ഉം ആക്കി നിശ്ചയിച്ചുകൊണ്ട് ഒരു നിയമം 1929ല്‍ പാസാക്കി എടുത്തു. "ശര്‍ദ ആക്ട്" എന്ന് ഇന്നും അറിയപ്പെടുന്ന ഇതിനു വിവാഹം തടയുവാനേ കഴിയുമായിരുന്നുള്ളു; വിവാഹം നടന്നുകഴിഞ്ഞാല്‍ നിയമത്തിന് ഒരു സാധുതയുമില്ലായിരുന്നു. "ചൈല്‍ഡ് മാര്യേജ് റിസ്ട്രൈന്‍ഡ് ആക്ട്" എന്ന ഔദ്യോഗികപ്പേരുള്ള ഈ നിയമം 1978ല്‍ ഭേദഗതി ചെയ്യപ്പെട്ടു. അതുപ്രകാരം ഇതിനെതിരായുള്ള എല്ലാ നടപടികളും കുറ്റകരമാക്കി. ഇതുകൊണ്ടും ഫലമില്ലാതെ വന്നപ്പോഴാണ് മൂന്നു വര്‍ഷംമുമ്പ് കേന്ദ്രഗവണ്‍മെന്റ് എല്ലാ വിവാഹങ്ങളും റജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്ട്രേഷന്‍ സമയത്ത് ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള കല്‍പന പുറപ്പെടുവിച്ചത്. ഇതുപ്രകാരം പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അസാധുവായിരിക്കുമെന്ന ഉത്തരവുമുണ്ടായി. നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് ക്ഷാമമില്ല; അതുപോലെ നിയമങ്ങളിലെ പഴുതുകള്‍ക്കും. "ശര്‍ദാ ആക്ടി"ന്റെ സ്ഥിതിയും മറ്റൊന്നല്ല.

*
കെ വത്സല ദേശാഭിമാനി വാരിക

No comments: