Wednesday, May 1, 2013

ഇങ്ങനെയൊക്കെയാണ് ഫാഷിസം കടന്നു വരുന്നത്

സാമൂഹിക നരവംശശാസ്ത്രജ്ഞനാണ് പ്രൊഫ. ശിവ വിശ്വനാഥന്‍. ഡല്‍ഹി സ്ക്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഏറെക്കാലം അധ്യാപകനായിരുന്നു. ധീരുഭായ് അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലും അദ്ദേഹം ഫാക്കല്‍റ്റിയായിരുന്നിട്ടുണ്ട്. കൂടംകുളം ആണവനിലയം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍, മണിപ്പൂരിലെ ഇറോം ശര്‍മിള ഉയര്‍ത്തിയ മനുഷ്യാവകാശ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ശിവ വിശ്വനാഥിന്റെ സമകാലീന പഠനമേഖലയാണ്. ദക്ഷിണാഫ്രിക്കന്‍ സര്‍വകലാശാല, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, എന്നിവിടങ്ങളിലെല്ലാം ശിവ വിശ്വനാഥന്‍ വിസിറ്റിങ് പ്രൊഫസറായിരുന്നിട്ടുണ്ട്.  ജനാധിപത്യം, വികസനം, നരേന്ദ്രമോഡി എന്ന വിഷയത്തില്‍ ഏപ്രില്‍ 13 ന് സെക്കുലര്‍ കലക്റ്റീവ് സംഘടിപ്പിച്ച പ്രഭാഷണത്തിനുവേണ്ടി കോഴിക്കോട്ടെത്തിയപ്പോള്‍ നടത്തിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ഭരണകൂടവും ഫാഷിസവും, ഇടതുപക്ഷത്തിന്റെ പ്രധാന്യം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ അവതരിപ്പിക്കുന്നു:

? താങ്കളുടെ അന്വേഷണങ്ങളില്‍ ഗുജറാത്ത് എങ്ങനെയാണ് ഒരു വിഷയമായിത്തീര്‍ന്നത്.

ബി ടി കോട്ടണ്‍, ജൈവസാങ്കേതികവിദ്യ, കാര്‍ഷിക പ്രതിസന്ധി എന്നിവയുമായി ബന്ധപ്പെട്ട പുതിയ സംവാദങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായാണ് ഞാന്‍ ആദ്യമായി ഗുജറാത്തിലെത്തുന്നത്. കച്ച് മേഖലയില്‍ നടക്കുന്ന ഭൂകമ്പപുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഏര്‍പ്പെടാനും അക്കാലത്ത് എനിക്കവസരം ലഭിച്ചു. സാമാന്യം തിരക്കേറിയ സമയമായതിനാല്‍ അഹമ്മദാബാദിലുള്ള "മോത്തി മാനറി"ലാണ് താമസിക്കാനുള്ള മുറി തരപ്പെട്ടത്. പുലര്‍ച്ചെ കച്ചിലേക്കു പുറപ്പെടുമ്പോള്‍ ആവശ്യമുള്ള ഭക്ഷണം കരുതിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താറുണ്ടായിരുന്ന ആ ഹോട്ടലിന്റെ ഉടമ റഹ്മാന്‍ ഭായിയെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു പ്രതിസന്ധിഘട്ടത്തില്‍ നാടിനെ സഹായിക്കാനെത്തിയവര്‍ക്കു തന്നാലാവുന്ന സഹായം ചെയ്യാന്‍ ഗുജ്റാത്തി എന്നതില്‍ സ്വയം അഭിമാനിച്ചിരുന്ന ആ മനുഷ്യന്‍ ആത്മാര്‍ഥമായും ഉത്സാഹിച്ചിരുന്നു. ആ സമയത്താണ് 2002 ലെ കൂട്ടക്കുരുതി അരങ്ങേറുന്നത്. ആദ്യഘട്ടത്തില്‍ തന്നെ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളില്‍ ഒന്ന് "മോത്തി മാനറാ"യിരുന്നു. ഒരു ഭീകര അനുഭവമായിരുന്നു എനിക്കത്. എന്താണു സംഭവിച്ചത് എന്ന് തുടര്‍ന്നുനടത്തിയ അന്വേഷണങ്ങളില്‍ ബോധ്യപ്പെട്ടു. ഗുജറാത്തില്‍ നടന്ന ഭീകരതാണ്ഡവം കേവലം ഒരു കലാപമായിരുന്നില്ല മറിച്ച് വളരെ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഭീകരപ്രവര്‍ത്തനംതന്നെയായിരുന്നു.

? നരേന്ദ്ര മോഡിയെ എന്തുകൊണ്ടാണ് ലക്ഷണമൊത്ത ഫാഷിസ്റ്റ് എന്നു താങ്കള്‍ വിശേഷിപ്പിക്കുന്നത്

= ബഹുഭൂരിപക്ഷം ഫാഷിസ്റ്റ് ഭരണാധികാരികളെപ്പോലെ താന്‍ മാത്രമാണ് സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്നത് എന്നും ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയില്‍ മറ്റൊരാളും (അധികാര രൂപവും) പാടില്ല എന്നും മോഡിയും കരുതുന്നു. ഗുജറാത്തിലേക്കുള്ള ഏകവഴി താനാണെന്ന് വാശിപിടിക്കുക മാത്രമല്ല മറ്റേതൊരു സാധ്യതയേയും (മാധ്യമികത) ചെറുക്കുകയും ചെയ്യുന്നു. താനാണ് രാഷ്ട്രം, താനാണ് ജനങ്ങളുടെ നാവ് (സന്ദേശവാഹകന്‍) എന്ന രീതിയില്‍ ആത്മാരാധന നടത്തുന്നവന്‍ കൂടിയായിരിക്കും ഏതൊരു ഫാഷിസ്റ്റ് ഭരണാധികാരിയും. അത്യാധുനിക പ്രചാരവേലയുടെയും കോര്‍പറേറ്റ് മൂലധന സഹായത്തിന്റെയും ഒരു സമ്മിശ്ര ഘടനയിലൂടെയാണ് ഇത് സാധിച്ചെടുക്കുന്നത്. നരേന്ദ്ര മോഡിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ തന്നെ ചില വ്യാകുല സങ്കല്പ്പനത്തിന്റെ മുഖംമൂടിയാണ് ജനങ്ങള്‍. വര്‍ഗീയതയെക്കാളും നാശകാരിയാണ് ഫാഷിസം. മതത്തിന്റെ വ്യാകരണങ്ങളാല്‍ നയിക്കപ്പടുന്നതാണ് വര്‍ഗീയത, എന്നാല്‍ എല്ലാതരം വ്യാകരണ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താണ് ഫാഷിസത്തിന്റെ പ്രവര്‍ത്തനപഥം. ഫാഷിസം എല്ലാ അര്‍ഥത്തിലും സ്വേച്ഛാധിപത്യപരമാണ്.

? വംശഹത്യക്കുശേഷവും ഗുജറാത്തില്‍ മോഡി അധികാരത്തിലെത്തി. അതൊരു വ്യാജ തെരെഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു എന്ന് താങ്കള്‍ കരുതുന്നുവോ.

= മോഡി അധികാരത്തില്‍ വരുന്നു എന്നതിനപ്പുറം അദ്ദേഹത്തിനു വോട്ടുചെയ്ത മനുഷ്യരെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും. ആധിപത്യസ്വഭാവമുള്ള മധ്യവര്‍ഗ-ഹിന്ദു പ്രത്യാശയുടെ ആവിഷ്കാരമാണ് യഥാര്‍ഥത്തില്‍ മോഡി. ഒരു സാങ്കേതിക വികസന വിചാരകന്‍ എന്ന നിലയില്‍ ജനങ്ങള്‍ തങ്ങളുടെ ജൈവികവും സാംസ്കാരികവുമായ വൈവിധ്യം വെടിഞ്ഞ് മുഖ്യധാരയെ പിന്തുണയ്ക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ട് കേവലം മോഡി അധികാരത്തിലെത്തുക എന്നതിനപ്പുറം, മുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ടവരെയും, വംശവൈവിധ്യങ്ങളെയും പരിഗണിക്കാത്ത പുരോഗതി ലക്ഷ്യമാക്കുന്ന ഒരു മേല്‍ക്കോയ്മാ ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യ മാറണോ എന്നതാണ് പ്രശ്നം. എന്നാലും ആ ലക്ഷ്യത്തി ലേക്കെത്താന്‍ മോഡിക്ക് ഇനിയും ഒരുപാടുദൂരം പോവേ ണ്ടതുണ്ട്. പ്രധാനമന്ത്രിപദത്തി ലേക്ക് ഒരു സ്വേച്ഛാധിപതി നിര്‍ദേശിക്കപ്പെടുന്നത് തെറ്റായ പ്രവണതയാണ്, അങ്ങനെയുള്ള ഒരാള്‍ തീര്‍ച്ചയായും ബഹുജന നേതാവാ യിരിക്കണം.

? ഫാഷിസം നിലകൊ ള്ളുന്നത് എല്ലായ്പ്പോഴും ഒരു പ്രത്യേക മതത്തിനു വേണ്ടിയായിരിക്കും. ഹിന്ദുത്വ മുന്നണിയില്‍ മതത്തിന്റെ സ്വാധീനം എത്രമാത്രം രൂഢമൂലമാണ്.

= ആദ്യമേ വ്യക്തമാക്കട്ടെ, ഹിന്ദു ഫാഷിസം നേരിടുന്ന പ്രധാന പ്രതിസന്ധി ഹിന്ദുമതംതന്നെയാണ്. മോഡി ഒരു ഹിന്ദുവാണ്, തന്റെ വര്‍ഗീയ പക്ഷഭേദങ്ങളെ ടെക്നോക്രാറ്റ് മൂടുപടത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച പരിശീലനം നേടിയ പ്രചാരകന്‍, ഒരു ലക്ഷണമൊത്ത ഹിന്ദുത്വവാദി. എന്നാല്‍ സത്യത്തില്‍ അദ്ദേഹം മതത്തെ ഒരു ഉപകരണം എന്ന നിലയില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഗുജറാത്തില്‍ തന്റെ സ്വേച്ഛാധികാരം ഉപയോഗിച്ച് വെറും ചുരുങ്ങിയ ദിവസംകൊണ്ട് 620 അമ്പലങ്ങളാണ് നഗരവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി മോഡി തകര്‍ത്തത്. ഒരു പുതിയ ലീ കോന്‍ യു (30 വര്‍ഷം നേരിട്ടും 20 വര്‍ഷം പരോക്ഷമായും അധികാരത്തിലിരുന്ന സ്വേച്ഛാധിപതിയായ സിങ്കപ്പൂര്‍ പ്രധാനമന്ത്രി) ആണ് താനെന്നാണു മോഡി സ്വയം കരുതുന്നത്. വാസ്തവത്തില്‍ അധികാരത്തോട് ആര്‍ത്തിയുള്ള മനുഷ്യനാണദ്ദേഹം. അധികാരമാണ് അദ്ദേഹത്തിന്റെ മതം.

? ഗുജറാത്തിലെ മോഡി മോഡല്‍ വികസനത്തെയും വന്‍കിട കുത്തക മുതലാളിത്ത കാഴ്ചപ്പാടിലുള്ള വികസനത്തെയും എങ്ങനെയാണ് വിലയിരുത്തുന്നത്

= കോര്‍പറേറ്റുകള്‍ക്കു വീര്യം പകരുകയാണ് എല്ലാ അര്‍ഥത്തിലും മോഡി. കമ്പോളവും വിദേശകുത്തക്ക കമ്പനികളുമാണ് അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള വികസനത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഒരു ബഹുത്വാധിഷ്ഠിത സിവില്‍ സമൂഹത്തെ പ്രാഥമികമായും ഇത് നശിപ്പിക്കുന്നു. ഭൂമിയില്‍ കണ്ണുംനട്ടാണ് കുത്തക മുതലാളിത്തത്തിന്റെ വരവ്. വ്യവസായത്തിനുവേണ്ടി കാര്‍ഷികഭൂമിയും, കടല്‍ പ്രവേശനാനുമതിയും അവര്‍ക്കു വേണം. സ്വന്തമായി തുറമുഖങ്ങള്‍ നിര്‍മി ക്കാന്‍ ആദാനി ഗ്രൂപ്പിനു വേണ്ട കടല്‍തീരങ്ങളും, കാര്‍ ഫാക്ടറി നിര്‍മിക്കാന്‍ ടാറ്റക്ക് ആവശ്യമായ ഭൂമിയും മോഡി യഥേഷ്ടം ദാനമായി നല്‍കുകയാണ്. അവര്‍ക്കാവശ്യം തുച്ഛമായ സംഖ്യക്കുള്ള ഭൂമി ഏറ്റെടുക്കലുകളാണ്, മറ്റൊന്ന് പലിശരഹിത വായ്പകളാണ് (മുതലുപോലും പിന്നീട് എഴുതിത്തള്ളും). ഇതു രണ്ടും വാരിക്കോരി നല്‍കാന്‍ മോഡി തയ്യാറാണ്. ഗുജറാത്തില്‍ ജലനിരപ്പു താഴ്ന്ന് ഗ്രാമങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുമ്പോള്‍ വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഒരുക്കിക്കൊടുക്കുകയാണ് മോഡി.

? മാധ്യമങ്ങളെ എങ്ങനെയാണ് ഗുജറാത്തില്‍ മോഡി നിശ്ശബ്ദരാക്കിത്തീര്‍ക്കുന്നത്. ഈ അനുഭവത്തില്‍നിന്ന് നാലാം തൂണിനെക്കുറിച്ച് എന്തു പാഠമാണ് നമുക്കു പഠിക്കാനുള്ളത്

= പ്രധാനമായും ഇംഗ്ലീഷ് മാധ്യമങ്ങളാണ് മോഡിയെ വിമര്‍ശിക്കാന്‍ അല്‍പ്പമെങ്കിലും ഇടം മാറ്റിവയ്ക്കുന്നത്. അകം പുറം എന്ന തരത്തില്‍ വേര്‍തിരിച്ചുകൊണ്ടുള്ള ഒരു യുക്തിയാണ് ഇവിടെ മോഡി പ്രയോഗിക്കുന്നത്. ഇംഗ്ലീഷ് ഭാഷ, ഡല്‍ഹി, അതേപോലെ അദ്ദേഹത്തെ എതിര്‍ക്കുന്നവരും പുറം പരികല്പനയില്‍ പെടും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗൂജറാത്തിനകത്തെ രാഷ്ട്രീയത്തെ പൂര്‍ണമായും സ്വജാതിവല്‍ക്കരിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. എതിര്‍ശബ്ദം ദ്രുതഗതിയില്‍ അടിച്ചൊതുക്കും. വിമര്‍ശനം തീരെ അനുവദിക്കില്ല. ഇതിനര്‍ഥം വ്യക്തിഗത മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനരംഗത്ത് തീരെ ഇല്ല എന്നല്ല. തീര്‍ച്ചയായും അവരില്‍നിന്നും നമുക്ക് ഒരുപാട് അറിയാനുണ്ട്.

? ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കളില്‍ താങ്കള്‍ക്കു പ്രതീക്ഷയുണ്ടോ. 

= സിവില്‍ സമൂഹം പ്രത്യേകിച്ചും മത സംഘടനകള്‍ അവിടെ വളരെ സജീവമാണ്. പക്ഷേ എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്ക് മോഡി പലതരത്തില്‍ വിഘാതം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല എന്‍ജിഒ കള്‍ അധികവും വിദേശ ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്നവരാണ്. അവരില്‍നിന്ന് ഏറെ പ്രതീക്ഷിക്കാനാവില്ല. ഇത് സിവില്‍ സമൂഹത്തിന്റെ പ്രതീക്ഷ കെടുത്തുന്നു. അദ്ദേഹത്തിന്റെ സുശക്തമായ ഉദ്യോഗസ്ഥ ശ്രേണീ വ്യവസ്ഥക്കെതിരെയുള്ള പോരാട്ടം ഏറെ ശ്രമകരമാണ്.

? ബിജെപി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും എന്‍ഡിഎ യിലെ മറ്റു ഘടകകക്ഷികള്‍ ഇതില്‍ തൃപ്തരല്ല. മോഡിയുടെ പ്രധാനമന്ത്രി പ്രവേശം തടയാന്‍ ഇവര്‍ക്ക് കെല്‍പ്പുണ്ട് എന്നു താങ്കള്‍ വിചാരിക്കുന്നുണ്ടോ.

= അവരാഗ്രഹിച്ചാലും ഇല്ലെങ്കിലും മോഡിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനു ശേഷമേ മുന്നണി സമാവാക്യങ്ങളുടെ രൂപരേഖ തെളിയൂ. ധാരാളം അവകാശവാദങ്ങള്‍ ഉണ്ടാകാം എന്നുറപ്പാണ്, എങ്കിലും മോഡി പ്രസ്തുത അധികാരക്കസേരയ്ക്കുവേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബഹുരാഷ്ട്ര കുത്തകകളും കോര്‍പറേറ്റ് മാധ്യമങ്ങളും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

? രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍, താങ്കള്‍ കരുതുന്നുണ്ടോ വരുന്ന തെരഞ്ഞെടുപ്പില്‍ യുപിഎയെ പരാജയപ്പെടുത്തി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന്.

= മുന്നണി സമവാക്യങ്ങളില്‍ തന്നെ മാറ്റമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രാദേശിക പാര്‍ടികള്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്. തെരഞ്ഞെടുപ്പിലെ ശിഥിലമായ വിധിയെഴുത്ത് രാഷ്ട്രത്തിന്റെ തന്നെ ശിഥിലീകരണത്തിലേക്ക് നയിച്ചേക്കാം.

? വാജ്പേയിയുടെ നേതൃത്വത്തില്‍ നേരത്തെയുണ്ടായിരുന്ന എന്‍ഡിഎ മന്ത്രിസഭയുമായി താരതമ്യത്തിനു മുതിര്‍ന്നാല്‍ മോഡിയുടെ നേതൃത്വം എന്തുമാത്രം വ്യത്യസ്തമാവാനാണ് സാധ്യത.

 = വാജ്പേയ് കുറേക്കൂടി സാര്‍വലൗകിക കാഴ്ചപ്പാടുള്ള മനുഷ്യനായിരുന്നു. അതിന്റെ ആഴത്തിലും പരപ്പിലും അദ്ദേഹം ഒരു നെഹ്രൂവിയനായിരുന്നു. എന്നാല്‍ മോഡി സങ്കുചിത സ്വഭാവമുള്ള ഒരുഗ്രന്‍ പ്രചാരക് ആണ്. നിങ്ങള്‍ എന്തൊക്കെ നാമവിശേഷണങ്ങള്‍ ചേര്‍ത്തു പുകഴ്ത്തിയാലും അദ്ദേഹത്തിനൊരുപാട് പ്രാദേശികമായ പരിമിതികളുണ്ട്. വൈവിധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു വാജ്പേയ്. മോഡിയാണെങ്കിലോ അതിനെയെല്ലാം തുടച്ചുനീക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

? എന്താണ് മതേതരത്വം. രാഷ്ട്രീയത്തില്‍നിന്ന് മതത്തെ വേര്‍പ്പെടുത്തലാണോ അതോ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന മതസൗഹാര്‍ദ്ദത്തിന്റെ രാഷ്ട്രീയമാണോ അത് മുന്നോട്ടുവയ്ക്കുന്നത്.

= മതേതരത്വത്തിനു അനേകം വ്യാഖ്യാനങ്ങളുണ്ട്. മതേതരത്വത്തിന്റെ പടിഞ്ഞാറന്‍ ഭാഷ്യം എന്നുപറയുന്നത്, സമൂഹത്തിന്റെ ഇതര വ്യവഹാരങ്ങളില്‍നിന്ന് മതസങ്കല്‍പ്പനങ്ങളെ തീര്‍ത്തും ഉന്മൂലനം ചെയ്യലാണ്. ഭരണകൂടത്തില്‍നിന്ന് സഭയുടെ വിടുതലാണ് അതാവശ്യപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ ബഹുസ്വരമായ വ്യവഹാരതലത്തിലാണ് ഇന്ത്യന്‍ മതേതരത്വം പ്രവര്‍ത്തിക്കുന്നത്. അത് പരസ്പര സഹകരണത്തിലും കൂടിച്ചേരലിലും അധിഷ്ഠിതമാണ്. പൗരോഹിത്യ നിയന്ത്രണം, സാഹചര്യങ്ങളുടെ മതാത്മക വ്യാഖ്യാനങ്ങള്‍ എന്നിവയില്‍ അത് തീരെ കാര്‍ക്കശ്യസ്വഭാവം വച്ചുപുലര്‍ത്തുന്നില്ല. മതത്തിനും ശാസ്ത്രത്തിനും ഇടയില്‍ പരസ്പര കൂടിക്കലരലിന്റെ ഇടം സൃഷ്ടിക്കാന്‍ അത് യത്നിക്കും. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവയ്ക്കിടയിലുള്ള സ്നേഹസംവാദത്തിന് കളമൊരുക്കുകയും ചെയ്യും.

? ജനാധിപത്യ-മതേതര സങ്കല്‍പ്പങ്ങളെ സംരക്ഷിക്കാന്‍ മഹാത്മാഗാന്ധിയില്‍ നിന്ന് നമുക്കെത്രമാത്രം പ്രചോദനം ഉള്‍ക്കൊള്ളാനാവും. 

= ഗാന്ധി വളരെ പ്രധാനമാണ് എന്നു ഞാന്‍ കരുതുന്നു. പ്രതിരോധത്തിന്റെ മാതൃകയും ആദര്‍ശത്തിന്റെ പ്രതീകവുമാണ് ഗാന്ധി. ഇന്നു നമുക്കു കൈമോശം വന്ന നീതിബോധവുമായി നിരന്തരമുള്ള പരീക്ഷണമാണത്. ആ കാലഘട്ടത്തിലെ തീക്ഷ്ണമായ നീതിബോധത്തിലേക്ക് നാം തിരിച്ചുപോകേണ്ടിയിരിക്കുന്നു. അദ്ദേഹം ജീവിതംകൊണ്ടു നടത്തിയ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നാം തുടരേണ്ടതുണ്ട്. സാമൂഹിക ശാക്തീകരണത്തിനായി ഗാന്ധി മുന്നോട്ടുവച്ച ഓഷ്യാനിക് സര്‍ക്കിള്‍ എന്ന ആശയത്തിന്റെ തുടര്‍ പ്രവര്‍ത്തനം ഇന്ന് ആവശ്യമായി വന്നിരിക്കുന്നു.

? ഇന്ത്യയുടെ മതേതര ജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍ ശക്തമായ സാന്നിധ്യമായിത്തീരാന്‍ എന്തുകൊണ്ടാണ് ഇടതുപക്ഷത്തിനു സാധിക്കാത്തത്.

= സാംസ്കാരിക ഇടതുപക്ഷം, ഔദ്യോഗിക പാര്‍ടി എന്നിങ്ങനെ അത് വേര്‍പിരിഞ്ഞു നില്‍ക്കണം. ഇവയുടെ രണ്ടിനുമിടയിലെ സംഘര്‍ഷങ്ങളാണ് ഇടതുപക്ഷത്തെ ക്രിയാത്മകമാക്കുന്നത്. ഇതില്‍ ഔദ്യോഗിക പാര്‍ടി മേധാവിത്തം ആരംഭിക്കുന്ന നിമിഷത്തില്‍ തന്നെ രംഗം സ്റ്റാലിനിസം കൈയടക്കും. കര്‍ക്കശമായ ഈ നിലപാടുകളാണ് അതിനെ മേധാവിത്വസ്വഭാവത്തിലേക്കും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിലേക്കും സൈദ്ധാന്തിക പാപ്പരത്തത്തിലേക്കും ക്രമേണ സമ്പൂര്‍ണ ശിഥിലീകരണത്തിലേക്കും നയിക്കുന്നത്. ഇടതിനു നവഭാവനയും, പുതിയ വര്‍ഗീകരണ കാഴ്ച്ചപ്പാടുകളും(ജാതി, ലിംഗം, ന്യൂനപക്ഷം മുതലായ) പുത്തന്‍ പരീക്ഷണങ്ങളും ആവശ്യമാണ്. പഴയ സങ്കല്‍പ്പനങ്ങളെ അത് പുനരാലോചനയ്ക്ക് വിധേയമാക്കണം. ഇടതിനെക്കുറിച്ചുള്ള പുതിയ സംവാദങ്ങള്‍ തന്നെ നാം രൂപപ്പെടുത്തിയെടുക്കണം. ഇടതുമനോഭാവമുള്ള പുതിയ തലമുറയ്ക്ക് മൂര്‍ത്തമായ യാഥാര്‍ഥ്യങ്ങളെയാണു അഭിസംബോധനചെയ്യാനുള്ളത്. കേവല വാചാടോപത്തിനപ്പുറം ജോലി, പ്രകൃതി, ശരീരം, സാങ്കേതികവിദ്യ തുടങ്ങി ചുറ്റുമുള്ള അനുഭവങ്ങളോട് സംവദിച്ചുകൊണ്ട് കാര്യങ്ങളെ വിലയിരുത്താന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടും. ജനാധിപത്യ സങ്കല്‍പ്പത്തിന്റെ തന്നെ ഒരു ഭാഗമായിട്ടായിരിക്കും അത് സംഭവിക്കുന്നത്.

? ഗുജറാത്തില്‍ ബഹുരാഷ്ട്ര കുത്തകശക്തികളും ഫാഷിസ്റ്റ് ഭരണകൂടവും തമ്മിലുള്ള ദൃഢബന്ധത്തെക്കുറിച്ച് താങ്കള്‍ സൂചിപ്പിക്കുകയുണ്ടായി. അങ്ങനെയാണെങ്കില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടവും വര്‍ഗ സമരവും പരസ്പരം സഹകരിച്ചു മുന്നേറാനുള്ള സാധ്യതയെ എങ്ങനെയാണ് വിലയിരുത്തുന്നത്.

= താങ്കളുടെ ചോദ്യത്തില്‍ത്തന്നെ ഒരു മുന്‍വിധിയുണ്ട്. ലോകചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ഒരു ഗ്രാമീണ നാടോടിനാഗരികതയെ എങ്ങനെയാണ് നമുക്ക് വര്‍ഗസങ്കല്‍പ്പ കാഴ്ചപ്പാടിലൂടെ വിലയിരുത്താനാവുക. രണ്ടാമതായി, നഗരങ്ങളെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങള്‍ക്കകത്ത് വര്‍ഗപരികല്‍പനയുടെ പ്രയോഗം തന്നെ അസാധ്യമാണ്. വര്‍ഗസമരം മാത്രമാണ് ജനാധിപത്യാവകാശ സംസ്ഥാപനത്തിനുള്ള ഒരേ ഒരു മാര്‍ഗം എന്ന അനുമാനവും ശരിയല്ല. വര്‍ഗ വിഭജനം ഇന്ന് ജാതി, സമുദായം, വംശം, ലിംഗം മുതലായ വര്‍ഗീകരണത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വര്‍ഗം എന്നതിന് പുതിയ ഭാഷാപ്രയോഗം ആവശ്യമായിവന്നിരിക്കുന്നു. ഉല്‍പ്പാദനം എന്നതുപോലെ ഇന്ന് ഉപഭോഗവും പ്രധാനമായിത്തീര്‍ന്നിട്ടുണ്ട്, സമത്വ സങ്കല്‍പ്പം നേരിടുന്ന ഇത്തരം പുതിയ വെല്ലുവിളികളെ കാണാതിരുന്നുകൂടാ, അത് വിതരണത്തിന്റെ രംഗത്തും നിലനില്‍പ്പിന്റെ മേഖലയിലും എല്ലാം പ്രകടമാണ്. നീതിയെക്കുറിച്ചുള്ള പുതിയ അവബോധം ആവശ്യമായിവന്നിരിക്കുന്നു.

? ഹിന്ദുത്വ ഫാഷിസത്തെ തുടച്ചുനീക്കുന്നതിന് ഭാരതീയ സംസ്കാരത്തിനു ആന്തരികമായ കരുത്തുണ്ട് എന്ന് തോന്നുന്നുണ്ടോ.

= തീര്‍ച്ചയായും നമ്മുടെ സംസ്കാരത്തിനു അതിനുള്ള കെല്‍പ്പുണ്ട്. എന്നാല്‍ തുടച്ചുനീക്കുക എന്ന പ്രയോഗം അതിരുകടന്നതായിപ്പോകും. പരസ്പരം ഇടകലര്‍ന്ന ബഹുസ്വര സംസ്കാരമാണ് നമ്മുടേത്. വൈവിധ്യസംപുഷ്ടമാണത്. ഭാഷയുടെയും തൊഴിലിന്റെയും വംശത്തിന്റെയും വിജ്ഞാനത്തിന്റെയും വൈവിധ്യത്തെ നാം ആഘോഷിക്കുന്നിടത്തോളം കാലം അതില്‍നിന്ന് വര്‍ഗീയതയ്ക്കെതിരായ ഒരു ഉത്തരം നമുക്ക് കണ്ടെടുക്കാനാകും. അതുകൊണ്ടാണ് ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ ശത്രു ഹിന്ദുയിസം തന്നെയാണ് എന്നു പറയുന്നത്. ഹിന്ദുത്വ എന്നതിനു സെമിറ്റിക് സ്വഭാവമാണുള്ളത്. ഏകഭാഷണത്തിനുള്ള ഒരന്വേഷണമാണത്. ബഹുസ്വരതയെ അത് ഭയപ്പെടുന്നു.

? ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിഘടന ഫാഷിസ്റ്റ് ഭീഷണിയെ താങ്ങിനിര്‍ത്തുന്നതില്‍ എത്രമാത്രം പങ്കുവഹിക്കുന്നുണ്ട്.

= നേരിട്ട് അത്തരമൊരുബന്ധം നിലനില്‍ക്കുന്നുണ്ട് എന്നു പറയാനാവില്ല അതേസമയം പരമ്പരാഗതവും ആധുനികവുമായ അധികാര പരിസരത്ത് ജാത്യാധിപത്യ ധ്രുവീകരണം സ്വാച്ഛാധിപത്യത്തിനു വഴിതെളിക്കും. അത്തരം ഒരു ശക്തിയുടെ ഉദാഹരണമാണ് ബീഹാറിലെ രണ്‍ബീര്‍സേന.

? ബൗദ്ധിക മണ്ഡലം ഒരുതരം നിരാശാജനകമായ സന്ദര്‍ഭത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു താങ്കള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ.

= റൊമൈന്‍ റോളാണ്ടില്‍നിന്ന് വരുന്ന ഒരുതരം ഗ്രാംഷിയന്‍ സങ്കല്‍പ്പനമാണിത്. ഇച്ഛാശക്തിയുടെ ശുഭാപ്തി ബോധത്തിനാണ് നാം ഊന്നല്‍ കൊടുക്കേണ്ടത്. ഓര്‍ക്കുക ബൗദ്ധികമണ്ഡലത്തിന്റെ നൈരാശ്യം എന്നത് കേവലം സന്ദേഹവാദപരമാണ്. അല്ലാതെ ദോഷാനുദര്‍ശനം എന്ന നിലയിലല്ല. രാഷ്ട്രീയം എന്നു പറയുന്നത് എപ്പോഴും പ്രതീക്ഷയുടെ ഇടപെടലാണ്.

പ്രൊഫ. ശിവ വിശ്വനാഥന്‍ അനില്‍ ചേലേമ്പ്ര, സമീര്‍ കാവാഡ്

*
ദേശാഭിമാനി വാരിക

No comments: