Friday, May 3, 2013

വൈദ്യുതിയുടെ രാഷ്ട്രീയം

കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ഉദാരീകരണനയവും സംസ്ഥാന യുഡിഎഫ് സര്‍ക്കാരിന്റെ ദാസ്യമനോഭാവത്തോടെയുള്ള അതിന്റെ നടപ്പാക്കലും ചേര്‍ന്ന് ജനജീവിതത്തെ ദുരന്തമാക്കിത്തീര്‍ക്കുന്നതിന്റെ പുതിയ ദൃഷ്ടാന്തമാണ് ദുസ്സഹമായ വൈദ്യുതിനിരക്ക് വര്‍ധന. ഇടയ്ക്കിടെയുള്ള വൈദ്യുതിനിരക്കുവര്‍ധനാപരമ്പര ഇവിടെ അവസാനിക്കുന്നില്ല; ഇതേക്കാള്‍ വലിയ ആഘാതം സൃഷ്ടിച്ച് തുടരാന്‍ പോവുകയാണ്; വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുകയാണ്. സ്വകാര്യ വൈദ്യുതി കമ്പോളത്തിന് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കുകയും ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിരക്കിലാക്കുകയും ചെയ്ത് ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കേന്ദ്രം ആവിഷ്കരിച്ച നയങ്ങളും അവയെ എതിര്‍പ്പുകൂടാതെ നടപ്പാക്കുകയും ആഭ്യന്തര വൈദ്യുതോല്‍പ്പാദനം ഏതാണ്ട് പാടേ ഉപേക്ഷിക്കുകയുംചെയ്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളുമാണ് വൈദ്യുതിരംഗത്തെ ഈ വിധത്തിലാക്കിയത്.

2003ല്‍ കേന്ദ്രം ഒരു വൈദ്യുതി നിയമമുണ്ടാക്കി. ഓരോ വര്‍ഷത്തെയും വരവും ചെലവും കണക്കാക്കി കമ്മി നികത്താന്‍ പാകത്തില്‍ നിരക്കുവര്‍ധിപ്പിക്കുക, മുന്‍വര്‍ഷ കമ്മിയുണ്ടെങ്കില്‍ അതും നിരക്ക് വര്‍ധിപ്പിച്ച് നികത്തിക്കൊള്ളുക. ഇതാണ് കേന്ദ്രനിയമം നിഷ്കര്‍ഷിക്കുന്നത്. ഈ നിയമം ഒരുവശത്ത് പാസാക്കിയെടുത്തിട്ട് മറുവശത്ത് സംസ്ഥാന വൈദ്യുതിബോര്‍ഡുകളെ കരകയറാനാകാത്ത കമ്മിയിലേക്ക് തുടരെ തള്ളാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കി. ഇറക്കുമതി ഇന്ധനവില ക്രമാതീതമായി ഉയര്‍ത്തുക, സ്വകാര്യ സംരംഭകരെ കൊഴുപ്പിക്കാന്‍പാകത്തില്‍ കല്‍ക്കരി വില അനിയന്ത്രിതമായി ഉയര്‍ത്തി നിശ്ചയിക്കുക തുടങ്ങിയവയാണ് നടപടികള്‍. ഉല്‍പ്പാദനച്ചെലവുമായി ഒരു താരതമ്യവുമില്ലാത്തവിധത്തില്‍ വൈദ്യുതിയുടെ വില്‍പ്പന വില നിശ്ചയിച്ചത് ഇതിന്റെ ഭാഗമാണ്. യൂണിറ്റിന് മൂന്നുരൂപയില്‍ താഴെമാത്രം ഉല്‍പ്പാദനച്ചെലവുള്ള താപവൈദ്യുതിയുടെ വില പതിനാറിനും പതിനെട്ടിനുമിടയിലാക്കി ഉയര്‍ത്തി നിശ്ചയിച്ചു. വൈദ്യുതി വാങ്ങേണ്ട സംസ്ഥാന ബോര്‍ഡുകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കി. സ്വകാര്യ കമ്പോളക്കാരായ അദാനി, ടാറ്റ, ജിഎംആര്‍, ലാന്‍കോ, റിലയന്‍സ് തുടങ്ങിയവയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍വേണ്ടിയാണത് ചെയ്തത്. ഇത്തരം നടപടികളാണ് വൈദ്യുതിബോര്‍ഡിന്റെ കമ്മി തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്.

അടുത്ത വര്‍ഷത്തേക്ക് 8496 കോടിയുടെ വരവും 9546 കോടിയുടെ ചെലവുമാണ് കണക്കാക്കിയിട്ടുള്ളത്. അതായത് 1050 കോടിയുടെ കമ്മി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായുള്ള 1737 കോടിയുടെ കമ്മി വേറെ. ഇപ്പോള്‍ 642 കോടി രൂപ അധികമായി സംഭരിക്കാന്‍ പാകത്തിലുള്ള വൈദ്യുതിനിരക്ക് വര്‍ധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ധനയ്ക്കുശേഷവും 2145 കോടിയുടെ കമ്മി അവശേഷിക്കുമെന്നര്‍ഥം. അതായത് ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ പല മടങ്ങായി വൈദ്യുതി നിരക്കുവര്‍ധന തുടരും. ആ പ്രക്രിയയിലാണ് വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുക. കേന്ദ്രത്തിന്റെ നയവ്യതിയാനവും ആ വികലനയം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ചേര്‍ന്നാണ് ഈ അവസ്ഥയുണ്ടാക്കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷമുണ്ടായതാണ് ഈ കമ്മി എന്നതും ഓര്‍മിക്കണം. ഇറക്കുമതി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനവില അന്താരാഷ്ട്ര വിലയുമായി ചേര്‍ന്നുപോകുന്നതരത്തിലാക്കാനെന്ന പേരില്‍ രൂക്ഷമായി വര്‍ധിപ്പിച്ചു. സ്വകാര്യസംരംഭകരുടെ ആവശ്യം മുന്‍നിര്‍ത്തി കല്‍ക്കരിവില ഉയര്‍ത്തി നിശ്ചയിച്ചു. ഒരു വൈദ്യുതി കമ്പോളം നിലവില്‍കൊണ്ടുവരികയും അവിടെ ഉല്‍പ്പാദനച്ചെലവുമായി ബന്ധമില്ലാത്തവിധം വൈദ്യുതി വില കൂട്ടി നിശ്ചയിക്കുകയും ചെയ്തു.

കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്ന് ഈ കമ്പോളത്തില്‍നിന്നാണ് വാങ്ങേണ്ടത്. കമ്പോളത്തെയോ സ്വകാര്യ ഉല്‍പ്പാദകരെയോ നിയന്ത്രിക്കാനല്ല, മറിച്ച് അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍പാകത്തില്‍ ഉയര്‍ന്ന വില നല്‍കാന്‍ സംസ്ഥാന വൈദ്യുതി സംവിധാനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്രംചെയ്തത്. അതുകൊണ്ടുണ്ടാവുന്ന താങ്ങാനാവാത്ത ചെലവ് ഉപഭോക്താക്കളെ പിഴിഞ്ഞ് ഉണ്ടാക്കിക്കൊള്ളണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഓരോ വര്‍ഷവും വൈദ്യുതിനിരക്ക് കൂട്ടിക്കൊള്ളാന്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയില്‍ മുതല്‍ സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍വരെ പറയുന്നുണ്ട്. ഈ നയങ്ങളെല്ലാം കല്‍പ്പിക്കും മുമ്പുതന്നെ നടപ്പാക്കുന്ന വിധേയത്വ രാഷ്ട്രീയമാണ് യുഡിഎഫ് മന്ത്രിസഭയെ നയിക്കുന്നത്. സംസ്ഥാനത്തെ തകര്‍ക്കുകയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ് ഈ നയങ്ങളെന്ന് ഒരിക്കല്‍പോലും യുഡിഎഫ് മന്ത്രിസഭ കേന്ദ്രത്തോട് പറഞ്ഞില്ല.

കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെയടക്കം കേന്ദ്രസര്‍ക്കാരിന്റെ നയത്തിലെ ഉള്ളിലിരുപ്പ് വ്യക്തമായിക്കഴിഞ്ഞശേഷവും എതിര്‍ത്തില്ല. എന്നുമാത്രമല്ല, ഈ വികലനയങ്ങള്‍ മത്സരിച്ച് നടപ്പാക്കുകകൂടി ചെയ്തു. സ്ഥിതി കൂടുതല്‍ വഷളാക്കാനെന്നോണം പുതിയ ജലവൈദ്യുതപദ്ധതികള്‍ ഏറ്റെടുക്കാതെയിരുന്നു; നിലവിലുള്ളത് മുന്‍ഗണന നല്‍കി നടപ്പാക്കാതെയുമിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത് ഊര്‍ജിതമായിരുന്ന പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, തോട്ടിയാര്‍, മാങ്കുളം തുടങ്ങിയ പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. 250 മെഗാവാട്ട് വരുന്ന ഒട്ടേറെ പദ്ധതികള്‍ ഉപേക്ഷിച്ച നിലയിലായി. കേന്ദ്രം സൃഷ്ടിച്ച വിനാശകാരിയായ വൈദ്യുതികമ്പോളത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ 1000 മെഗാവാട്ട് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞാല്‍ മതിയായിരുന്നു. ഇതിനായി ഒഡിഷയില്‍ ഒരു കല്‍ക്കരിപ്പാടം വാങ്ങി അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് എത്തിക്കാനുള്ള പദ്ധതി എല്‍ഡിഎഫ് ഭരണം തുടങ്ങിവച്ചു. യുഡിഎഫ് അതും ഉപേക്ഷിച്ചു. അതേത്തുടര്‍ന്ന് കേന്ദ്രം ആ പാടം തിരികെയെടുത്തു. സൗരോര്‍ജംപോലുള്ള പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ഇനി കനത്ത മഴ കിട്ടിയാല്‍പോലും കേരളത്തിന് വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറാനാവില്ല എന്നതാണ് സ്ഥിതി. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ വിലയ്ക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ മന്ത്രിമാരുടെ ഒരു ഉന്നതാധികാരസമിതിയുണ്ട് കേന്ദ്രത്തില്‍. എ കെ ആന്റണിയാണ് അതിന്റെ അധ്യക്ഷന്‍. ആ സമിതി ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ ഒട്ടൊരു മാറ്റമുണ്ടാക്കാം. എന്നാല്‍, ആ സമിതിയും പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിന്റെ മുമ്പില്‍ ഒന്നേ വഴിയുള്ളൂ. പൊതുമേഖലയെ ശക്തിപ്പെടുത്തി സ്വന്തം നിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. അങ്ങനെ വൈദ്യുതി കമ്പോളത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷനേടുക. പക്ഷേ, കേന്ദ്രനയങ്ങളെ അന്ധമായി പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ നേര്‍വിപരീതദിശയിലൂടെയാണ് നീങ്ങുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 03 മെയ് 2013

No comments: