Thursday, May 2, 2013

നിയമപഴുതുകള്‍ പീഡകര്‍ക്ക് തുണയാകുമ്പോള്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും നിയമപഴുതുകളിലൂടെ രക്ഷപ്പെടുന്ന പ്രതികള്‍ കുറവല്ല. ക്രൂരമായ പീഡനകേസുകളില്‍പ്പോലും കോടതി സാങ്കേതികവാദങ്ങളില്‍ കുടുങ്ങിയാല്‍ പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പൊലീസിനോട് പറയാന്‍ മറന്ന കാര്യം കോടതിയില്‍ കൂട്ടിച്ചേര്‍ത്ത സാക്ഷിയെ കോടതി അവിശ്വസിച്ചത് ഒരു സ്ത്രീധനമരണ കേസില്‍ പ്രതികള്‍ക്ക് രക്ഷയായി. മരിച്ച യുവതിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴിയാണ് സെഷന്‍സ് കോടതി അവിശ്വസിച്ചത്. ഇതോടെ കേസില്‍ തെളിവില്ലാതായി. പ്രതികളുടെ ശിക്ഷ ഉറപ്പാകാന്‍ കേസ് ഒടുവില്‍ സുപ്രീംകോടതിയില്‍ എത്തേണ്ടിവന്നു. കീഴ്ക്കോടതികളുടെ ഇത്തരം സമീപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയത്.

മൊഴിയിലെ കൂട്ടിച്ചേര്‍ക്കലിന്റെ പേരില്‍മാത്രം സാക്ഷികളെ അവിശ്വസിക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഹരിയാനയില്‍നിന്നായിരുന്നു കേസ്. സോംവീറിന്റെ സഹോദരി രജ്വന്തിയാണ് മരിച്ചത്. വിവാഹംകഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ രജ്വന്തി സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവും അയാളുടെ വീട്ടുകാരും സ്ത്രീധനമായി ധാന്യം പൊടിക്കുന്ന യന്ത്രവും ഇലക്ട്രിക് മോട്ടോറും കൊയ്ത്ത് യന്ത്രവും ആവശ്യപ്പെടുന്നതായി പരാതിപ്പെട്ടു. രജ്വന്തിയുടെ വീട്ടുകാര്‍ ഇതെല്ലാം വാങ്ങിനല്‍കി പ്രശ്നം തീര്‍ത്തു. കുറച്ചുനാള്‍ കഴിഞ്ഞ് രജ്വന്തി വീണ്ടും വീട്ടിലെത്തി. ഇക്കുറി ഫ്രിഡ്ജും കൂളറും ടിവിയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്നെന്ന് പരാതിപ്പെട്ടു. അത് നല്‍കേണ്ടെന്ന് രജ്വന്തിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. അതുകൂടി നല്‍കിയാല്‍ ഇനി ആവശ്യങ്ങള്‍ കൂടുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. സോംവീര്‍ രജ്വന്തിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി ഇനി ആവശ്യങ്ങള്‍ ഉന്നയിക്കരുതെന്ന് അഭ്യര്‍ഥിക്കുകയുംചെയ്തു. എന്നാല്‍, ഒരു മാസത്തിനുള്ളില്‍ രജ്വന്തിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് കേസെടുത്തു. ഭര്‍ത്താവും വീട്ടുകാരും പ്രതികളായി. കേസ് സെഷന്‍സ് കോടതിയിലെത്തി. എന്നാല്‍, പ്രതികളെ കുറ്റക്കാരായി കാണാനാകില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിഗമനം. രണ്ടു കാരണമാണ് കോടതി മുഖ്യമായി പറഞ്ഞത്.

പ്രഥമവിവരറിപ്പോര്‍ട്ട് (എഫ്ഐആര്‍) തയ്യാറാക്കാന്‍ 51 മണിക്കൂറിന്റെ താമസം വന്നതാണ് ഒരു കാരണം. ഇത് കൃത്രിമ തെളിവുണ്ടാക്കി നിരപരാധികളെ കേസില്‍ കുടുക്കാന്‍ ആയിരുന്നെന്നു സംശയിക്കാം. രണ്ടാമത്തെ കാരണമായി കോടതി പറഞ്ഞത് സാക്ഷികളുടെ മൊഴിയിലെ മാറ്റമാണ്. പൊലീസിനോട് പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ മരിച്ച രജ്വന്തിയുടെ സഹോദരനും അമ്മയും കോടതിയില്‍ പറഞ്ഞെന്നും അതുകൊണ്ട് അവരെ വിശ്വസിക്കാനാകില്ലെന്നുമാണ് സെഷന്‍സ് കോടതി തീരുമാനിച്ചത്. രജ്വന്തിയുടെ വീട്ടുകാര്‍ ഹരിയാന ഹൈക്കോടതിയിലെ അപ്പീല്‍ നല്‍കി സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി പ്രതികള്‍ക്ക് ശിക്ഷനല്‍കി. ഈ വിധി ചോദ്യംചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയിലെത്തിയത്. ഹൈക്കോടതിയുടെ നിഗമനങ്ങളോട്, യോജിച്ചുകൊണ്ട് സെഷന്‍സ് കോടതിയുടെ നിഗമനങ്ങള്‍ സുപ്രീംകോടതിയും തള്ളി. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം സ്ത്രീധനമായി പലതും ആവശ്യപ്പെട്ടിരുന്നുവെന്നത് വ്യക്തമാണെന്ന് സാക്ഷിമൊഴികള്‍ വിശദമായി പരിശോധിച്ച് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരുതവണ ഉന്നയിച്ച ആവശ്യം രജ്വന്തിയുടെ വീട്ടുകാര്‍ അംഗീകരിക്കുകയും സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ആവശ്യത്തിന്റെ പേരില്‍ രജ്വന്തി പീഡനത്തിന് ഇരയായിരുന്നെന്നും മനസ്സിലാക്കാം. പ്രശ്നം തീര്‍ക്കാന്‍ സഹോദരന്‍ സോംവീര്‍ രജ്വന്തിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി എന്നതും വസ്തുതയാണ്. അധികം വൈകാതെയാണ് മരണം നടന്നത്. രജ്വന്തിയുടെ അമ്മയുടെ മൊഴിയിലാണ് സെഷന്‍സ് കോടതി പ്രശ്നം കണ്ടത്. രജ്വന്തിയെ മര്‍ദിച്ചിരുന്നതായും ഒരു മുറിയില്‍ അടച്ചിട്ടിരുന്നതായും മകന്‍ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയാന്‍ വിട്ടു. അത് കോടതിയില്‍ പറയുകയുംചെയ്തു. മൊഴിയില്‍ ഇത്തരത്തില്‍ മാറ്റം വന്നു എന്നത് ശരിയാണെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടി. സഹോദരന്‍ സോംവീറിന്റെ മൊഴിയില്‍ മര്‍ദനം സംബന്ധിച്ച് കൃത്യമായി പറഞ്ഞിട്ടുമുണ്ട്. മൊഴിയിലെ വൈരുധ്യം തെളിവിന്റെ കാര്യത്തില്‍ പ്രധാനംതന്നെയാണ്. ഒരു കാര്യം പറയാന്‍ വിട്ടുപോയി എന്നത് സാക്ഷിയെത്തന്നെ അവിശ്വസിക്കാന്‍ കാരണമാക്കണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്.

ഇവിടെ മരിച്ച രജ്വന്തിയുടെ സഹോദരന്‍ സോംവീറിന്റെ മൊഴിയും അമ്മയുടെ മൊഴിയും അതിന്റെ സമഗ്രതയില്‍ കാണണം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും ഇതിന്റെ പേരില്‍ രജ്വന്തിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചിരുന്നതായും സോംവീര്‍ പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്. ഇതു പരിഗണിക്കുമ്പോള്‍ മരണത്തിനു തൊട്ടുമുമ്പ് ഈ ആവശ്യങ്ങളുടെ പേരില്‍ രജ്വന്തി പീഡിപ്പിക്കപ്പെട്ടെന്ന നിഗമനംതന്നെയാണ് ശരി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വിലയിരുത്തലാണ് സ്വീകാര്യം. അതുകൊണ്ട് സ്ത്രീധനനിരോധന നിയമപ്രകാരവും ഭര്‍തൃവീട്ടിലെ പീഡനത്തിനെതിരായ നിയമപ്രകാരവും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ ശരിവയ്ക്കുകയാണെന്ന് ജസ്റ്റിസ് എ കെ പട്നായ്ക്കും ജസ്റ്റിസ് സുധാംശു ജ്യോതി മുഖോപാധ്യായയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 2013 മാര്‍ച്ച് 13നായിരുന്നു സുപ്രീംകോടതി വിധി.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: