Sunday, May 12, 2013

ആമേനിലെ കാഴ്ചയുടെ രാഷ്ട്രീയം - ഒരു പ്രതികരണം

2013 ഏപ്രില്‍ 21 (ലക്കം 48) വാരികയില്‍ "ആമേനിലെ കാഴ്ചയുടെ രാഷ്ട്രീയം" എന്ന ശീര്‍ഷകത്തില്‍ രതീഷ് ശങ്കര്‍ പൊന്മള എഴുതിയ നിരൂപണമാണ് ഈ പ്രതികരണത്തിനാധാരം. നിരൂപണത്തിലെ സൗന്ദര്യശാസ്ത്രപരമായ വിലയിരുത്തലിനോട് പൂര്‍ണമായി യോജിക്കുന്നുവെങ്കിലും രാഷ്ട്രീയ വിലയിരുത്തലിനോട് ചില വിയോജിപ്പുകളുമുണ്ട്. ലേഖനത്തില്‍നിന്ന്.... ""ഫ്യൂഡല്‍ ഗൃഹാതുരതകളേയും താരാധീശത്വത്തേയും നിരാകരിച്ചുകൊണ്ട് ബഹുലവും നാഗരികവുമായ ജീവിതാഭിമുഖ്യങ്ങളുടെ ന്യൂജനറേഷന്‍ പുറംപൂച്ചില്‍ മലയാള സിനിമ അടയാളപ്പെടുന്ന ഈ കാലത്തിന്റെ തന്നെ ഒരു പുതുസമീപനമാണ് "ആമേന്‍".

സംഗീതമാണ് കഥയെന്ന് പ്രഖ്യാപിക്കുകയും ദൃശ്യാധീശത്വത്തില്‍ സംഗീതം വിലയം പ്രാപിക്കുകയും ചെയ്തതിന്റെ ന്യൂജനറേഷന്‍ ഫലമാണ് ആമേന്‍"". ....""കലാപരമായ ഏതു പ്രവര്‍ത്തനത്തിനും അതിന്റേതായ ഏകവഴികളില്ല എന്നും ദൃശ്യസാങ്കേതികോപകരണങ്ങളുടെ പരിജ്ഞാനത്തിലൂടെയും ഉപയോഗത്തിലൂടെയും മാത്രമേ കലയും സാഹിത്യവുമൊക്കെ സാംസ്കാരികവല്‍ക്കരിക്കപ്പെടൂവെന്നുമുള്ള പുതിയ സത്യത്തിന്റെ തിരിച്ചറിവുകളിലാണ് ആമേന്റെ സ്ഥാനവും നിര്‍ണയിക്കപ്പെടുന്നത്"". ...

""കുമരംകരി എന്ന ഗ്രാമത്തിലെ ബാന്റ് സംഘങ്ങളുടെ മത്സരത്തിന്റെ കഥ എഴുപതുകളുടെ പശ്ചാത്തലമാക്കി പറയുകയാണ് ആമേന്‍"". ....""സിനിമ ആദ്യന്തം വാദ്യഘോഷങ്ങള്‍കൊണ്ട് മുഖരിതമാണ്. സംഗീതത്തെ ജയാപചയങ്ങളുടെയും മാത്സര്യത്തിന്റെയും ദേശപ്പെരുമയുടെയും കണ്‍കാഴ്ചയായി രൂപപ്പെടുത്തുക തന്നെയാണ് ആമേന്‍"". ....

""മധ്യവര്‍ഗ ഹിന്ദു പുരുഷന്‍, കര്‍ണാടിക്/ഹിന്ദുസ്ഥാനി സംഗീത പശ്ചാത്തലം, വിട്ടൊഴിയാത്ത ബ്രാഹ്മണീകത, ക്ഷേത്രകലാപ്രകടനങ്ങള്‍ തുടങ്ങിയവയൊക്കെക്കൊണ്ട് കേരളീയത പ്രതിഷ്ഠിക്കാന്‍ നിരന്തരം ശ്രമിച്ച മലയാള സിനിമയുടെ ഹൈന്ദവാധീശങ്ങളില്‍ നിന്നുള്ള പൂര്‍ണമായ പുറത്തുകടക്കലാണ് ആമേന്‍"". ....""ക്ഷേത്രമതില്‍ക്കെട്ടിനകത്തും തറവാട്ടു സദസ്സുകളിലും മുഴങ്ങിക്കേട്ട വരേണ്യസംഗീത പ്രകടനങ്ങള്‍ക്ക് ബദലായി ആള്‍ക്കൂട്ടങ്ങളിലെ നിയന്ത്രണാതീതമായ പെരുമ്പാട്ട് സംസ്കൃതിയാണ് ആമേന്‍ വീണ്ടെടുക്കുന്നത്"".

ഇത്രയും വിശകലനങ്ങളിലൂടെ ആമേന്റെ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും ലേഖകന്‍ കൃത്യമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്്. അതോടൊപ്പം തന്നെ സിനിമയില്‍ ഉടനീളം തുളുമ്പിനില്‍ക്കുന്ന ഹാസ്യത്തെക്കൂടി വിശകലനവിധേയമാക്കേണ്ടിയിരുന്നു. അമേദ്ധ്യബന്ധിതഹാസ്യ (Scatological Humour)ത്തില്‍ നിന്നാണ് തുടക്കമെങ്കിലും അതിലെ കൂടിയ ഹാസ്യവും നേരിയ ചെടിപ്പും ക്രമേണ "വെള്ളത്തിലിറങ്ങിനിന്ന് വളിവിട്ട് കുമിള പൊട്ടിക്കുന്ന" വഴികളിലൂടെ സഞ്ചരിച്ച് സിനിമയുടെ അവസാനമെത്തുമ്പോഴേക്കും ചെടിപ്പലിഞ്ഞ് തീരെ ഇല്ലാതാവുകയും ഗ്രാമ്യശുദ്ധഹാസ്യത്തിന്റെ ഉത്തുംഗത്തില്‍ പ്രേക്ഷകനെ എത്തിക്കുന്നുമുണ്ട് ആമേന്‍.

ഇനി വിയോജിപ്പുകളിലേക്ക്. ലേഖനത്തില്‍ ഒരിടത്ത് ഇങ്ങനെ കാണുന്നു. ......""ഇതര മതപരമായ ചിഹ്നങ്ങളെ അപൂര്‍ണതയില്‍ കാഴ്ചപ്പെടുത്താനുള്ള ഒരബോധ (ബോധ)പൂര്‍വശ്രമം പലപ്പോഴായി ആമേനിലുണ്ട്. ക്ലാരനെറ്റ് കലാകാരനും പരിശീലകനുമായ പാപ്പന്‍ (കലാഭവന്‍ മണി) രാത്രിയില്‍ ഹൈന്ദവ ഭക്തിഗാനം ക്ലാരനെറ്റുകൊണ്ട് വായിക്കാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ അതിനെ അതിശയിക്കുന്നതരത്തില്‍ സോളമന്‍ തന്റെ പ്രൗഢമായ വാദനം വീണ്ടെടുക്കുന്നുണ്ട്. നായകനെ തല്ലിയൊതുക്കാന്‍ ഇറക്കുമതിചെയ്ത വാര്‍പ്പുമാതൃകയിലുള്ള പരിഹാസ്യരായ പരദേശി ഇതര മതസ്ഥഗുണ്ടകളെ നായിക തന്നെയാണ് കൈകാര്യം ചെയ്തെടുക്കുന്നത്"". .....""ഇത്തരം പ്രതിനിധാനങ്ങള്‍ ഏതുവിധത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് കണ്ടുതന്നെ അറിയണം"". മേല്‍വിവരിക്കുന്ന സിനിമയിലെ ഈ സീനില്‍നിന്ന് ""ഇതര മതപരമായ ചിഹ്നങ്ങളെ...."" ലേഖകന്‍ എന്തിന്, എങ്ങനെ അടര്‍ത്തിയെടുത്ത് കണ്ടെത്തുന്നുവെന്നത് ആശ്ചര്യകരം തന്നെ.

പ്രസ്തുത സീനിലെ നിലാവുപൂത്ത ആ മനോഹര രാത്രിയില്‍ ലൂയി പാപ്പന്റെയും സോളമന്റെയും തോണികളില്‍നിന്നുതിരുന്ന ക്ലാരനെറ്റ് സംഗീതം, സോളമന്റെ മരിച്ചുപോയ അപ്പന്‍ പണ്ട് ലൂയി പാപ്പനൊപ്പം കായല്‍പ്പരപ്പില്‍ തോണിയില്‍ സഞ്ചരിക്കുമ്പോഴുണ്ടായ അപകടസമയത്ത് വായിച്ചുകൊണ്ടിരുന്ന മുറിഞ്ഞുപോയ നടയുടെ (വായനയുടെ) തുടര്‍ച്ചയായാണ് പ്രേക്ഷകന്‍ അനുഭവിക്കുന്നത്. അന്ന് ആ അപകടത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് (പ്രസ്തുത സീനില്‍) പാപ്പന്‍ വായിച്ച ആ നടയുടെ മറുനട എസ്തപ്പനാശാന്‍ (സോളമന്റെ അപ്പന്‍) വായിക്കുമായിരുന്നു. അച്ഛന്റെ ആ മുറിഞ്ഞുപോയ നട മകന്‍ സോളമനാണ് മറുനടയായി പൂരിപ്പിച്ചതെന്ന് മനസ്സിലാക്കിയപ്പോഴാണ് സോളമനിലെ സംഗീതജ്ഞനെ പാപ്പന്‍ തിരിച്ചറിയുന്നത്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍നിന്ന് പാപ്പന്‍ വായിച്ചത് ഹൈന്ദവ ഭക്തിഗാനമാണെന്ന ലേഖകന്റെ കണ്ടെത്തല്‍ (അത് അങ്ങനെത്തന്നെയായിരിക്കാം) "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം" എന്ന് കവി പാടിയപോലെയാണ്. നിരൂപണത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെട്ട നമ്മുടെ പല ഇടതുപക്ഷ നിരൂപകരിലും ഇന്നും അലിഞ്ഞുതീര്‍ന്നിട്ടില്ലാത്ത വരട്ടുതത്വവാദത്തിന്റെ അംശം ലേഖകനിലും അബോധപൂര്‍വം ഒരു പ്രേതമായി ഇപ്പോഴും പിന്‍തുടരുന്നുവെന്നതിന്റെ തെളിവാണ് ഈ കണ്ടുപിടുത്തം.

ഗുണ്ടകളുടെ കാര്യത്തിലും അവരുടെ മതത്തിന് പ്രാധാന്യം കാണുന്നത് ലേഖകന്റെ ഈ കാകദൃഷ്ടിയാണ്. ഇനി മറ്റൊരു പരാമര്‍ശം നോക്കാം. ....""കുമരംകരിയിലെ പുരാതന ക്രിസ്ത്യന്‍ പള്ളിയുടെ നിലനില്‍പിനും ഗ്രാമ്യനന്മകള്‍ക്കും പുണ്യാളന്‍തന്നെ വന്നേ പറ്റൂവെന്ന നിലപാടിലുള്ള ആമേനും ആശയപരമായി അത്തരം അവതാരസിനിമകളുടെ തുടര്‍ച്ചയാണ്"". ഈ പ്രസ്താവത്തിലും മേല്‍പ്പറഞ്ഞ കുറവു തന്നെയാണ് നിരൂപണത്തിന് സംഭവിച്ചിട്ടുള്ളത്. എഴുപതുകളിലെ കുമരംകരിയിലെ ക്രിസ്തീയ ഗ്രാമവും അവരിലെ വിശ്വാസവുമാണ് സിനിമ പറയുന്നത്. ആ വിശ്വാസത്തെ ആ കാലഘട്ടത്തിനോട്, ആ ഗ്രാമത്തിന്റെ മിത്തിനോട് ചേര്‍ത്ത് വായിക്കാതെ അവരുടെ വിശ്വാസത്തെ അപകടപരമായി കാണുന്നതിലാണ് അപകടം പതിയിരിക്കുന്നത്. സാംസ്കാരികരംഗത്ത് ശരിയായ മൂല്യങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള ഇടപെടല്‍ സൂക്ഷ്മമായ അര്‍ഥത്തില്‍ രാഷ്ട്രീയ ഇടപെടലാണ്.

വിശ്വാസത്തെ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുതകുംവിധം സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തി പല തരത്തിലുള്ളവരുടെ കഥ ഒരേപോലെ പറയുന്ന രീതി ഉപയോഗപ്പെടുത്തിയതിനാല്‍ ആമേന്‍ ആശയപരമായി പുരോഗമന പക്ഷത്താണ്. മാത്രമല്ല പരമ്പരാഗതമായ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ പുനരുജ്ജീവനവാദത്തിലേക്കാനയിക്കുന്ന മതാന്ധതയും മതതീവ്രവാദത്തിനുമെതിരെ നവോത്ഥാനമൂല്യങ്ങളെ (സത്യം, നീതി, നന്മ, മതനിരപേക്ഷത) കണ്ടെത്താനുള്ള ഇടതുപക്ഷ അന്വേഷണങ്ങള്‍ക്ക് ആമേനിലും ലേഖകന്‍ സൂചിപ്പിച്ച "നന്ദന"ത്തിലും മറ്റും തപ്പിയാല്‍ ചില ഉത്തരങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും. അവസാനമായി ലേഖനത്തില്‍ പറയുന്നത് സിനിമയിലെ സ്ത്രീവിരുദ്ധതയാണ്. ....""

ആമേനിലെ ഗ്രാമവ്യഥകള്‍ തീര്‍ത്തുകൊടുക്കുന്ന ഫാദര്‍ വിന്‍സെന്റ് വട്ടോളിയും ഇടക്കാല മലയാള സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന പുരുഷദൈവക്കോയ്മയെ ഭദ്രമാക്കാന്‍ വന്ന ദൈവദൂതനാണ്. അത്യന്തം സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളെ സ്ത്രീപുരുഷ ഭേദമെന്യേ യഥോചിതം പരിഹരിക്കുക ആണുങ്ങളെക്കൊണ്ടു മാത്രം പറ്റുന്ന പണിയാണെന്ന സ്ത്രീവിരുദ്ധ പാരമ്പര്യം ശക്തമായി അവകാശപ്പെടുന്ന സിനിമ കൂടിയാണ് ആമേന്‍"". ഇവിടെയും നിരൂപകന് അടിതെറ്റുന്നുണ്ട്. സിനിമയെ സമഗ്രമായെടുത്ത് പരിശോധിക്കാന്‍ അദ്ദേഹം മിനക്കെടുന്നില്ല. സോളമനുമായുള്ള പ്രണയത്തിനുവേണ്ടി ശോശന്ന തന്റെ സഹോദരനോട് ധീരമായേറ്റുമുട്ടുന്നത്, ഗുണ്ടകളെ കൈകാര്യം ചെയ്യുന്നത്, എല്ലാറ്റിനുമുപരി സോളമനിലെ ആണത്തത്തെ കണ്ടെടുക്കുന്നതിനുപോലും അനിതരസാധാരണമായ തന്റേടം കാണിക്കുന്ന ശോശന്ന എന്ന കഥാപാത്രത്തെ ലേഖകന്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്. ....."" എടാ നിനക്ക് സെമിനാരീപ്പോയി അച്ചനാകണോ അതോ എന്റെ കൊച്ചുങ്ങളുടെ ശരിക്കുള്ള അച്ഛനാകണോ?"" എന്ന ശോശന്നയുടെ സോളമനോടുള്ള ചോദ്യം നിലവിലുള്ള ക്രിസ്തീയ പൗരോഹിത്വത്തോടും സോളമന്റെ ആണത്തത്തോടുമുള്ള വെല്ലുവിളിയാണ് പ്രേക്ഷകമനസ്സില്‍ ആഞ്ഞുതറയ്ക്കുന്നത്.

കുളപ്പുള്ളി ലീലയുടെ കള്ളുകച്ചവടക്കാരിയായ കഥാപാത്രത്തിന്റെ ചിത്രീകരണം, നൊമ്മേനി മാര്‍ത്താമറിയം ബാന്റ് സംഘത്തിന് ഡേവീസിനെ സംഘത്തലവനാക്കാതെ അയാളുടെ ഭാര്യയെ നേതാവാക്കിയത് എന്നതെല്ലാം നിരൂപണ വിധേയമാക്കിയാല്‍ ആമേന്‍ ഫാദര്‍ വിന്‍സെന്റ് വട്ടോളിയില്‍ മാത്രം കേന്ദ്രീകൃതമായ ചിത്രമല്ലെന്നും എല്ലുറപ്പുള്ള സ്ത്രീകഥാപാത്രങ്ങളുടെ കൂടി കൂട്ടായ്മയുടെ ചിത്രമാണെന്നും ലേഖകന് തിരുത്തേണ്ടി വരും. നാടോടിസാഹിത്യവും മിത്തും ഫോക്ലോറും ഒരു ക്രൈസ്തവഗ്രാമത്തിന്റെ തനതു സംസ്കാരവുമായി സംയോജിപ്പിച്ച് ആധുനിക സാങ്കേതികവിദ്യ വിദഗ്ധമായുപയോഗപ്പെടുത്തി, ഹാസ്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് സുഖശീതളമായ ഗ്രാമ്യഭാഷയില്‍, സംഗീതത്തില്‍ ചാലിച്ചെടുത്ത ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ തൊട്ടുമുമ്പിറങ്ങിയ "സെല്ലുലോയ്ഡി"നെപ്പോലെ ഇനിയും ചര്‍ച്ച ചെയ്യപ്പെടും.

*
പി കെ ജയരാജന്‍ ദേശാഭിമാനി വാരിക

No comments: