Saturday, May 25, 2013

വധശിക്ഷയും പരിഷ്കൃതസമൂഹവും

ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്ള വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ നിലപാട് എടുക്കുന്ന ആദ്യ ദേശീയകക്ഷിയാണ് സിപിഐ എം. എന്തുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കേണ്ടത്? ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കിവരുന്നത്. പലപ്പോഴും രാഷ്ട്രീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരാളുടെ ജീവനാണ് അറുതിവരുത്തപ്പെടുന്നത്. നീതിപൂര്‍വകമല്ല വധശിക്ഷ നടപ്പാക്കിയതെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുകയുമില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ദരിദ്രരും വേണ്ടത്ര വിഭവങ്ങളില്ലാത്തവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. സ്വയം പ്രതിരോധിക്കാനാവശ്യമായ നിയമപരമായ പിന്‍ബലം ഇല്ലാത്തതിനാലാണിത്.

ബ്രിട്ടീഷ് കൊളോണിയല്‍കാലം മുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും ഇത് മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നിരുന്നാലും 1980ല്‍ സുപ്രീംകോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി മാത്രമേ നല്‍കാറുള്ളൂ. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി ശിക്ഷ.

കഴിഞ്ഞ വര്‍ഷം മൂന്നു കേസുകളില്‍ തീരുമാനമെടുക്കുന്ന വേളയില്‍, നേരത്തെയുള്ള ഏഴു കേസുകളില്‍ വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമായാണെന്ന് പരമോന്നത കോടതിതന്നെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷംമാത്രം 14 റിട്ടയേഡ് ജഡ്ജിമാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 13 കുറ്റവാളികളുടെ ശിക്ഷ ഭരണഘടനയിലെ 72-ാം ഖണ്ഡിക നല്‍കുന്ന അധികാരം ഉപയോഗിച്ച് ജീവപര്യന്തമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രത്യേകമായി കത്തെഴുതുകയുണ്ടായി. തെറ്റായ രീതിയിലാണ് 13 പേര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് സുപ്രീംകോടതിയെത്തന്നെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു. ഇതില്‍ കുറ്റം ചുമത്തപ്പെട്ട രണ്ടു പേരെ രാജസ്ഥാനില്‍ തെറ്റായ രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും 1996ലും 1998ലുമായി തൂക്കിക്കൊല്ലുകയും ചെയ്തതായി ഇവര്‍ രാഷ്ട്രപതിയെ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നീതിഭംഗമാണ് ഇതെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. ഈ അഭിപ്രായം പറഞ്ഞതില്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരും വിവിധ ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസുമാരും റിട്ടയേഡ് ജഡ്ജിമാരുമുണ്ട്.

രാഷ്ട്രീയ പരിഗണനവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാത്തത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിന്റെ കൊലയാളിയുടെയും സ്ഥിതി. ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം വധശിക്ഷയും കാത്ത് കഴിയുകയാണ് ഇയാള്‍. ഭുല്ലറിന്റെ വധശിക്ഷയും പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല.

മേല്‍പ്പറഞ്ഞ ചില കേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനുശേഷം കുറ്റവാളിയോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ വിധി വന്നിട്ടുമില്ല. എന്നാല്‍, ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനുശേഷം ഉടന്‍തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. മറ്റ് കേസുകളിലെന്നതുപോലെ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍പോലും അഫ്സല്‍ ഗുരുവിനെ അനുവദിച്ചില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചതുമില്ല. വധശിക്ഷ നടപ്പാക്കിയതിനുശേഷമാണ് വിവരം കൈമാറിയത്. നിയമപ്രക്രിയയുടെ നഗ്നമായ ലംഘനമാണിത്.

കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും ഈ വധശിക്ഷ നടപ്പക്കുന്നതിന് എതിരായിരുന്നു. എന്നിട്ടും കേന്ദ്രം ഈ വധശിക്ഷ നടപ്പാക്കിയത് ബിജെപി ഇതില്‍നിന്ന് ഒരു രാഷ്ട്രീയനേട്ടവും കൊയ്യരുതെന്ന ലക്ഷ്യംവച്ചാണ്. ബിജെപിയും നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള നേതാക്കളും അഫ്സല്‍ ഗുരുവിനെ വധിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രചാരണം നടത്തിവരികയായിരുന്നു. അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേതെന്നതുപോലെ കശ്മീരിലെ ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന സന്ദേശമാണ് കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കുണ്ടായത്. കശ്മീരിലെ ജനങ്ങളെ രാജ്യത്തുനിന്ന് കൂടുതല്‍ അകലാന്‍മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ. മാത്രമല്ല, കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവമനുസരിച്ച് കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകളായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970കളുടെ മധ്യത്തില്‍ തൂക്കിക്കൊന്ന കാര്യം ഞാനോര്‍ക്കുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അലി അഹമ്മദിനെ മറ്റ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കൊപ്പം ഞാനും പോയി കണ്ടിരുന്നു. എന്നാല്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും പിന്നീട് അവരെ തൂക്കിക്കൊല്ലുകയും ചെയ്തു. ബിഹാറിലോ മറ്റു സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുവായ രീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്.

വധശിക്ഷ നടപ്പാക്കുന്നതിന് മൊറട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മൂന്നു തവണ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2007, 2008, 2010 വര്‍ഷങ്ങളിലാണ് യുഎന്‍ പ്രമേയം പാസാക്കിയത്. 2010ലെ പ്രമേയത്തിന് അനുകൂലമായി 109 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു. 41 രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 36 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. മൂന്നു തവണയും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വധശിക്ഷയ്ക്ക് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് ഒരു ശിക്ഷ എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിനു പകരം മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണം. പൊതുവെ 14 മുതല്‍ 16 വര്‍ഷംവരെ തുടരുന്ന ജീവപര്യന്തം തടവിന് പുറത്തായിരിക്കണം ഇത്. നീതിന്യായ വ്യവസ്ഥയെ കുറ്റവിമുക്തമാക്കാനും പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും വധശിക്ഷ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ പ്രായോഗികതകൂടിയാണിത്.


*****

പ്രകാശ് കാരാട്ട്

No comments: