Wednesday, May 8, 2013

തുരുമ്പിക്കുന്ന നാലാംതൂണ്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പിറ്റേന്നത്തെ ഒരു വാര്‍ത്ത രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും കണ്ടതായി നടിച്ചില്ല. മറ്റു ചിലവയാവട്ടെ, അതു നല്‍കിയത് തികച്ചും അപ്രധാനമായും. തെരഞ്ഞെടുപ്പിനിടെ പണം കൊടുത്തു വാര്‍ത്ത നല്‍കിയ 42 കേസുകള്‍ കണ്ടെത്തിയെന്ന തെരഞ്ഞെടുപ്പു കമീഷന്റെ വെളിപ്പെടുത്തലാണ് മലയാളത്തിലേതടക്കം പ്രമുഖ മാധ്യമങ്ങളെല്ലാം മൂടിവച്ചത്. ബൂര്‍ഷ്വാരാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പണം പറ്റി വാര്‍ത്ത നല്‍കുന്നതില്‍ പങ്കാളികളായ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമീഷന്റെ ഈ വെളിപ്പെടുത്തല്‍ കാണുമ്പോഴുണ്ടാകുന്ന മനഃസാക്ഷിക്കുത്തും ജാള്യവും ഊഹിക്കാവുന്നതേയുള്ളൂ.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കരുതിവച്ച 21 കോടി രൂപയും 7.79 കോടി രൂപ വിലമതിക്കുന്ന 11 ലക്ഷം ലിറ്റര്‍ മദ്യവും കണ്ടെത്തിയെന്നും കമീഷന്‍ ഇതോടൊപ്പം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍ ഇതു വെളിപ്പെടുത്തിയ ദിവസംതന്നെയാണ്, പത്രങ്ങളിലും ചാനലുകളിലും വ്യാപകമാവുന്ന പെയ്ഡ് ന്യൂസ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തോടും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടത്.

ഇത് മഞ്ഞുമലയുടെ മുകളറ്റംമാത്രമാണെന്നും കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലെ പെയ്ഡ് ന്യൂസിന്റെയും തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞ കോടികളുടെയും ഒഴുക്കിയ മദ്യത്തിന്റെയും വൈപുല്യം ഇതിനേക്കാള്‍ ഭയാനകമാണെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. 2014ലെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പെയ്ഡ് ന്യൂസ് പ്രവണതയ്ക്കെതിരെ കര്‍ക്കശ നടപടി വേണമെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശത്തെ ജനാധിപത്യബോധമുള്ള ഒരു ഭരണസംവിധാനത്തിനും അവഗണിക്കാനാവില്ല. ജനാധിപത്യത്തിലെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമലോകത്തിന് സംഭവിച്ച ധാര്‍മികാപഭ്രംശത്തിന്റെ അത്യന്തം ഹീനമായ ഉദാഹരണമായാണ് മാധ്യമചിന്തകര്‍ പെയ്ഡ് ന്യൂസ് പ്രതിഭാസത്തെ കാണുന്നത്. നവലിബറല്‍ നയങ്ങളുടെ ഉപോല്‍പ്പന്നമെന്ന നിലയ്ക്ക് രാജ്യമൊട്ടുക്ക് സാര്‍വത്രികമായ അഴിമതിയില്‍ മാധ്യമസ്ഥാപന ഉടമകളും മാധ്യമപ്രവര്‍ത്തകരും ഭാഗഭാക്കായതിന്റെ ദയനീയചിത്രമാണ് പെയ്ഡ് ന്യൂസില്‍ തെളിയുന്നത്. മാധ്യമങ്ങളെമാത്രം മാറ്റിനിര്‍ത്തി വിചാരണചെയ്യേണ്ട വിഷയമല്ല ഇത്. നവലിബറല്‍ നയങ്ങള്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുമായി ചേര്‍ത്തുവേണം മാധ്യമലോകത്തിന്റെ ജീര്‍ണതയെ വായിക്കുവാന്‍.

വന്‍കിട കുത്തകകള്‍ക്കുവേണ്ടി കങ്കാണിപ്പണിയെടുക്കുന്ന തരത്തിലേക്ക് നവലിബറല്‍ കാലത്ത് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അധഃപതിച്ചുകഴിഞ്ഞു. യുപിഎ മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പു നിര്‍ണയിക്കുന്നതില്‍പ്പോലും രാഷ്ട്രീയ ഇടനിലക്കാരുമായി ചേര്‍ന്ന് ഈ മേഖലയിലെ പ്രമുഖര്‍ ഇടപെട്ടതിന്റെ രേഖകള്‍ ഉള്‍പ്പെടുന്ന റാഡിയ ടേപ്പിലെ പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന്റെ ഈ നാലാംതൂണിനേല്‍പ്പിച്ച പരിക്കുകള്‍ എളുപ്പം മാറ്റാനാവില്ല. 2009 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു മുതലാണ് പെയ്ഡ് ന്യൂസുകളുടെ യഥാര്‍ഥ ചിത്രം പുറത്തറിയാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ചവാനെ സ്തുതിക്കുന്ന വാര്‍ത്തകള്‍ പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ് എന്ന പേരിലായിരുന്നു ഇവ. ഒന്നില്‍പ്പോലും എതിര്‍സ്ഥാനാര്‍ഥിയുടെ പേര് പരാമര്‍ശിച്ചില്ല. മഹാരാഷ്ട്രയിലെ മൂന്നു പത്രങ്ങളില്‍ ചവാന്‍ സ്തുതികള്‍ പ്രസിദ്ധീകരിച്ചു. രണ്ടു പത്രങ്ങളില്‍ ഒരേ ദിവസം വന്നത് ഒരേ വാര്‍ത്ത. ഒരു കേന്ദ്രത്തില്‍ ചമച്ച വാര്‍ത്ത നല്‍കിയ വ്യത്യസ്ത പത്രങ്ങള്‍ സ്വന്തം ലേഖകരുടെ പേരു നല്‍കാനും ശ്രദ്ധിച്ചു.

ബൂര്‍ഷ്വാ നേതാക്കള്‍ക്ക് വിലയ്ക്കെടുക്കാന്‍ പാകത്തില്‍ പത്രക്കോളങ്ങള്‍ കമ്പോളത്തില്‍ തുറന്നുവച്ചിരിക്കുകയാണെന്ന് അന്ന് ലോകം ഞെട്ടലോടെ അറിഞ്ഞു. തൊട്ടടുത്ത വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തെഞ്ഞെടുപ്പിലും പല നേതാക്കളും പത്രമുതലാളിമാരും ഇതേ മാതൃക പരീക്ഷിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് പെയ്ഡ് ന്യൂസ് വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. പെയ്ഡ് ന്യൂസിന്റെ കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളാണെന്ന് ഓരോ തെരഞ്ഞെടുപ്പുകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

വാര്‍ത്തയെന്ന വ്യാജേന പരസ്യം നല്‍കുന്നത് വിജയകരമായി പരീക്ഷിച്ച അശോക് ചവാന്‍ ഇന്ന് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണക്കേസില്‍ നിയമനടപടി നേരിടുകയാണെന്ന വസ്തുതകൂടി മനസിലാക്കുമ്പോഴേ ചിത്രം പൂര്‍ണമാവൂ. നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട ഫയലുകള്‍ ചോര്‍ത്താന്‍ എത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഒരുദ്യോഗസ്ഥനെ സഹായിക്കാനും അയാളില്‍നിന്ന് സഹായം പറ്റാനും കേരളത്തിലെ മൂന്നു പ്രമുഖ പത്രങ്ങളിലെ ലേഖകരും ഉണ്ടായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരളത്തിലെ മാധ്യമലോകത്തിന്റെയും പുഴുക്കുത്തുകളാണ് തുറന്നു കാട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശങ്ങള്‍ ഏറെ പ്രസക്തമാവുകയാണ്. പെയ്ഡ് ന്യൂസ് പോലുള്ള പ്രവണതകള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് മാധ്യമലോകത്തിന്റെ വിശ്വാസ്യതയെ ശിഥിലമാക്കുക മാത്രമല്ല, ജനാധിപത്യത്തെ ശിഥിലമാക്കുകകൂടി ചെയ്യുമെന്ന് അധികാരികള്‍ ഓര്‍ക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 08 മേയ് 2013

No comments: