Monday, May 13, 2013

തൊഴിലെടുക്കുന്ന സ്ത്രീകളും ട്രേഡ് യൂണിയനുകളും

രണ്ടു പതിറ്റാണ്ടിലധികംകാലം മുമ്പ് നവലിബറല്‍ ആഗോളവല്‍ക്കരണം നമ്മുടെ രാജ്യത്ത് നടപ്പാക്കിത്തുടങ്ങിയപ്പോള്‍, അതിന്റെ വൈതാളികര്‍ അന്ന് പറഞ്ഞിരുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളില്‍ വമ്പിച്ച കുതിച്ചുചാട്ടത്തിന് അതിടയാക്കും എന്നാണ്. ആ പ്രഖ്യാപനം സ്ത്രീകള്‍ക്കിടയില്‍ അളവറ്റ പ്രതീക്ഷ ജനിപ്പിക്കുകയും െ ചയ്തു. ""തൊഴിലിന്റെ വനിതാവല്‍ക്കരണം"" ഇതാ വരാന്‍പോകുന്നു എന്നാണ് അന്ന് പറഞ്ഞിരുന്നത്. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും, അതോടെ അവരുടെ വരുമാനം കൂടും, സ്ത്രീ ശാക്തീകരണം നടക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇരുപതുവര്‍ഷത്തിലധികം കാലം നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടതിനുശേഷമുള്ള യാഥാര്‍ത്ഥ്യമെന്താണ്? ഇന്ത്യയെ സംബന്ധിച്ചിടത്തോളം ""തൊഴിലിന്റെ വനിതാവല്‍ക്കരണം"" ഉണ്ടായിട്ടില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട് അനുസരിച്ച്, 1994നും 2010നും ഇടയ്ക്ക് സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വെറും 90 ലക്ഷം കണ്ടാണ് വര്‍ധിച്ചത്. പുരുഷന്മാര്‍ തൊഴിലെടുക്കുന്ന വ്യവസായങ്ങളിലും തൊഴില്‍ തുറകളിലും സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമായിരുന്നുവെങ്കില്‍, ഈ കാലയളവില്‍ ഈ പറഞ്ഞതിന്റെ ഏതാണ്ട് ഇരട്ടി സ്ത്രീകള്‍ക്കെങ്കിലും ജോലി ലഭിച്ചിട്ടുണ്ടാകുമായിരുന്നു എന്ന് അതേ റിപ്പോര്‍ട്ടുതന്നെ പ്രസ്താവിക്കുന്നു.

ഐടി കമ്പനികളിലും ഐടിഇഎസ് മേഖലയിലും വളരെ ഏറെ സ്ത്രീകള്‍ക്ക് ജോലി ലഭിക്കുന്നുവെന്ന് കൊട്ടിഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ഇന്നും ജോലിയെടുക്കുന്ന സ്ത്രീകളില്‍ 96 ശതമാനത്തിലധികംപേരും അസംഘടിത മേഖലകളില്‍ ദയനീയമായ പരിതഃസ്ഥിതികളില്‍ ജോലിചെയ്യുന്നവരാണ്. അവര്‍ക്ക് ജോലി സുരക്ഷിതത്വമില്ല; വരുമാനസുരക്ഷിതത്വമില്ല; സാമൂഹ്യ സുരക്ഷിതത്വമില്ല. സ്വന്തം നിലനില്‍പിനും കുടുംബത്തിന്റെ നിലനില്‍പിനും വേണ്ടി എന്തെങ്കിലും ജോലി നേടുന്നതിനുവേണ്ടി പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറാന്‍ നിര്‍ബന്ധിതരായിത്തീരുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക്, കൂലി വളരെ കുറഞ്ഞ ജോലികള്‍ മാത്രമാണ് ലഭിക്കുന്നത്. അവരില്‍ മിക്കവരും വീട്ടുവേലക്കാരായും കെട്ടിട നിര്‍മ്മാണത്തൊഴിലാളികളായും മറ്റും ജോലി നോക്കുന്നു. രാജ്യത്തെ തൊഴില്‍ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോള്‍തന്നെ വളരെ കുറവാണ്; അത് വീണ്ടും കുറയുന്നു എന്നതാണ് ഏറെ ആശങ്കാ ജനകമായ കാര്യം. 2013ലെ ""ആഗോള തൊഴില്‍ അവസര പ്രവണതകളെ സംബന്ധിച്ച (ഗ്ലോബര്‍ എംപ്ലോയ്മെന്റ് ട്രന്റ്സ്) ഐഎല്‍ഒ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ തൊഴില്‍ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തനിരക്ക് 2004-05ല്‍ 37 ശതമാനമായിരുന്നത് 2009-10 വര്‍ഷത്തില്‍ 29 ശതമാനമായി കുറഞ്ഞു.

2004-05നും 2009-10നും ഇടയില്‍ രാജ്യത്ത് വമ്പിച്ച സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നാണ് ഗവണ്‍മെന്റിന്റെ കണക്കെങ്കിലും, ഈ കാലയളവില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംഖ്യ 2.13 കോടി കണ്ട് കുറഞ്ഞുവെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വെ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. സ്ത്രീ തൊഴിലാളികളുടെ സംഖ്യയില്‍ ഉണ്ടായിട്ടുള്ള ഈ കുറവ് എല്ലാ പ്രായപരിധിയില്‍പെട്ടവരിലും എല്ലാ വിദ്യാഭ്യാസ നിലവാരത്തില്‍പെട്ടവരിലും കാണാം; ഗ്രാമീണ മേഖലയിലും പട്ടണപ്രദേശങ്ങളിലും കാണാം-അങ്ങനെയാണ് ഐഎല്‍ഒയുടെ കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ മൊത്തമുള്ള ഈ കുറവില്‍ 93 ശതമാനവും ഉണ്ടായത് ഗ്രാമീണ മേഖലയിലാണ്. തൊഴില്‍ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമായ 131 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ചുവട്ടില്‍നിന്ന് പതിനൊന്നാമത്തേതാണ്. സ്ത്രീകളുടെ പങ്കാളിത്തം കുറയുന്നതിന് പല കാരണങ്ങളുമുണ്ട്. തൊഴില്‍ അവസരങ്ങളില്‍ പൊതുവില്‍ കുറവുണ്ടായിട്ടുണ്ട്-പ്രത്യേകിച്ചും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍.

സ്ത്രീകളുടെ തൊഴിലിനോടുള്ള പുരുഷാധിപത്യ മനോഭാവം ശക്തമായി നിലനില്‍ക്കുന്നതുകാരണം ലഭ്യമായ ഏതാനും തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിനുള്ള മത്സരത്തില്‍ സ്വാഭാവികമായും സ്ത്രീകള്‍ പുരുഷന്മാരുടെ മുന്നില്‍ തോറ്റുപോകുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 84 ശതമാനത്തിലധികംപേരും ജോലിചെയ്യുന്നത് കാര്‍ഷികമേഖലയിലാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിനാല്‍, ആ മേഖലയില്‍ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ മിക്കവരും ചെന്നടിഞ്ഞുകൂടിയിട്ടുള്ള കൃഷി, വില്‍പ്പനമേഖല, പ്രാഥമിക സേവനങ്ങള്‍, കൈത്തൊഴിലുകള്‍ തുടങ്ങിയ വ്യവസായങ്ങളിലും ജോലിത്തുറകളിലും തൊഴിലവസരങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട് എന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഗവണ്‍മെന്റിെന്‍റ വിവിധ വകുപ്പുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത പദ്ധതികള്‍ക്കുകീഴില്‍ വിവിധ തരങ്ങളിലുള്ള ജോലികള്‍ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് സ്ത്രീകളെ ഗവണ്‍മെന്റുതന്നെ നിയമിക്കുന്നതും എന്നാല്‍ ആ വനിതാ തൊഴിലാളികള്‍ക്ക് തൊഴിലാളികള്‍ എന്ന പദവി നിഷേധിക്കുന്നതുമാണ്, ഈ കാലയളവില്‍ ദൃശ്യമായ മറ്റൊരു പ്രവണത. തൊഴിലാളികള്‍ എന്ന പദവി നിഷേധിച്ച്, അതിനുപകരം അവര്‍ക്ക്, ""സാമൂഹ്യ പ്രവര്‍ത്തകര്‍"", വളണ്ടിയര്‍മാര്‍"", ""സുഹൃത്തുക്കള്‍"", ""അതിഥികള്‍"", ""യശോദമാര്‍,"" ""മമതമാര്‍"", ""സന്നദ്ധ പ്രവര്‍ത്തകര്‍"" എന്നൊക്കെയുള്ള കൗതുകമുള്ള പേരുകള്‍ നല്‍കുകയും ചെയ്യുന്നു.

ഒരു ഏകദേശകണക്കനുസരിച്ച്, വിവിധ കേന്ദ്ര ഗവണ്‍മെന്റ് പദധതികളില്‍ ജോലിചെയ്യുന്ന ഇത്തരം തൊഴിലാളികളുടെ സംഖ്യ (അവരില്‍ മിക്കവരും സ്ത്രീകളാണുതാനും) ഒരു കോടി വരും. ജോലിസുരക്ഷിതത്വം, മിനിമംകൂലി, സാമൂഹ്യസുരക്ഷിതത്വം തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം അവര്‍ക്ക് നിഷേധിക്കുന്നതിനുവേണ്ടിയാണ്, ഇത്തരം വഞ്ചനാപരമായ നയം ഗവണ്‍മെന്റ് അവലംബിക്കുന്നത്. ""മാതൃകാ തൊഴില്‍ ദാതാവ്"" എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം തൊഴിലാളികളെ ചൂഷണംചെയ്യുന്ന കാര്യത്തില്‍ സ്വകാര്യ തൊഴിലുടമകളെ കടത്തിവെട്ടുന്നതിനാണ് ഗവണ്‍മന്റുതന്നെ ശ്രമിക്കുന്നത്. ഐഎല്‍ഒ തുടങ്ങിയ വിവിധ അന്തര്‍ദേശീയ-ദേശീയ വേദികളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധികളും പങ്കെടുത്ത്, ""മാന്യമായ ജോലി""യെപ്പറ്റിയും വേതനത്തെപ്പറ്റിയും മറ്റും വാചാലമായി പ്രസംഗിക്കാറുണ്ടെങ്കിലും, നവലിബറല്‍ ആഗോളവല്‍ക്കരണ വാഴ്ചയിന്‍കീഴില്‍ ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകളുടെ തൊഴില്‍ പരിതഃസ്ഥിതികളും ജീവിത പരിതഃസ്ഥിതികളും അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.

ട്രേഡ്യൂണിയനുകളുടെ സമ്മര്‍ദത്തിന്റെ ഫലമായി ഒന്നാം യുപിഎ ഗവണ്‍മെന്റ് 2009ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ""അസംഘടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച സാമൂഹ്യസുരക്ഷാനിയമം"" പാസാക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ത്തന്നെ നിലവിലുള്ള പത്ത് ക്ഷേമപദ്ധതികള്‍ (അവയില്‍ മിക്കവയും ബിപിഎല്‍ വിഭാഗങ്ങളെ മാത്രം ബാധിക്കുന്നവയാണുതാനും.) അതില്‍ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ വലിയ അളവില്‍ ഉള്‍ക്കൊള്ളുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ഗവണ്‍മെന്റ് പുതിയതായി ഒരൊറ്റ പദ്ധതിയും ആവിഷ്കരിക്കുകയുണ്ടായില്ല. ഉള്ളവയ്ക്കാകട്ടെ വേണ്ടത്ര ഫണ്ട് വകയിരുത്തിയതുമില്ല. സംഘടിത മേഖലയില്‍, പ്രത്യേകിച്ചും ഗവണ്‍മെന്റ് മേഖലയിലും പൊതുമേഖലയിലും ഉള്ള സ്ഥിരം തസ്തികകളില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് തുല്യവേതനം, പ്രസവകാലാനുകൂല്യം തുടങ്ങിയ ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവയാകട്ടെ, ട്രേഡ്യൂണിയന്‍ പ്രസ്ഥാനം നടത്തിയ സമരങ്ങളുടെ ഫലമായി നേടിയതുമാണ്. എന്നാല്‍ ഉദ്യോഗക്കയറ്റം, പ്രത്യേക ടോയ്ലെറ്റുകളുടെയും വിശ്രമമുറികളുടെയും ഭക്ഷണമുറിയുടെയും ക്രെഷെകളുടെയും മറ്റും അഭാവം തുടങ്ങി നിരവധി രീതിയില്‍ അവരും വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. സ്ഥിരം ജോലികള്‍ വെട്ടിക്കുറച്ചുകൊണ്ട്, നിലവിലുള്ള ആനുകൂല്യങ്ങള്‍തന്നെ വെട്ടിക്കുറയ്ക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. കോണ്‍ട്രാക്ട്, കാഷ്വല്‍, ടെമ്പററി, പാര്‍ട് ടൈം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് ഇപ്പോള്‍ കൂടുതലും ജോലിക്ക് വെയ്ക്കുന്നത്. അവരില്‍ മിക്കവരും സ്ത്രീകളാണുതാനും. അതിവിപുലമായ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കെന്നപോലെ ഈ തൊഴിലാളികള്‍ക്കും പ്രസവാനുകൂല്യം, ക്രെഷെ, ശിശുസംരക്ഷണസൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളൊന്നുംതന്നെ ലഭിക്കുന്നില്ല. പ്രസവാനുകൂല്യനിയമം, തുല്യവേതനനിയമം തുടങ്ങിയവയും മറ്റ് നിരവധി നിയമങ്ങളുടെ വകുപ്പുകളും ഭൂരിപക്ഷം തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും ബാധകമല്ല. അവ ബാധകമായിട്ടുള്ള ഇടങ്ങളില്‍ ആ നിയമങ്ങളും വകുപ്പുകളും എല്ലാം നഗ്നമായി ലംഘിക്കപ്പെടുകയും ചെയ്യുന്നു.

ഐടി, ഐടിഇഎസ് എന്നീ മേഖലകളിലും പ്രത്യേക സാമ്പത്തികമേഖലകളിലും വസ്ത്രനിര്‍മാണ ഫാക്ടറികളിലും മറ്റും ജോലിചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ യാതൊരു സംരക്ഷണവും ഗതാഗതസൗകര്യവും ലഭിക്കാതെ രാത്രി ഷിഫ്റ്റുകളില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. നവലിബറല്‍ വാഴ്ചയിന്‍കീഴില്‍ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. ലാഭമുണ്ടാക്കുന്നതിനുവേണ്ടി സ്ത്രീകളേയും സ്ത്രീ ശരീരത്തേയും വളരെ വൃത്തികെട്ടരീതിയില്‍ ഉപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതിയുടെ വിധിയും നിര്‍ദേശവും ഉണ്ടായിട്ടും 15 വര്‍ഷത്തിലധികം കാലം കഴിഞ്ഞിട്ടാണ് തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നിരോധിക്കുന്ന നിയമം, ഈയിടെ കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയത്. ഇരകളെത്തന്നെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത് എന്നതിനാല്‍ ഇത്തരം പീഡനങ്ങളെക്കുറിച്ച് ആവലാതിപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ വരെ കുറച്ചുപേരേ മുന്നോട്ടു വരികയുള്ളൂ. എന്നാല്‍ ട്രേഡ്യൂണിയനുകളും വനിതാ സംഘടനകളും എതിര്‍ത്തിട്ടും ആ നിയമത്തില്‍ തെറ്റായോ ദ്രോഹബുദ്ധിയോടുകൂടിയോ ആക്ഷേപം ഉന്നയിക്കുന്നുവെന്ന പേരില്‍ സ്ത്രീകളെ ശിക്ഷിക്കുന്നതിനുള്ള വകുപ്പ് ഗവണ്‍മെന്റ് ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.

തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് നിരവധി പ്രശ്നങ്ങളെ നേരിടേണ്ടിവരുന്നുണ്ടെങ്കിലും, ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തില്‍ അവരുടെ പങ്കാളിത്തം ഈ അടുത്തകാലംവരെ പേരിനുമാത്രമുളളതായിരുന്നു. അവരുടെ പ്രത്യേക പ്രശ്നങ്ങളില്‍ ശ്രദ്ധചെലുത്തുന്നതിനോ അവരെ മുഖ്യധാരാ ട്രേഡ്യൂണിയന്‍ സമരങ്ങളിലേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുന്നതിനോ ട്രേഡ്യൂണിയന്‍ പ്രസ്ഥാനം അധികം ശ്രദ്ധയൊന്നും കാണിക്കുകയുണ്ടായില്ല. ട്രേഡ്യൂണിയനുകള്‍ പുരുഷന്മാരുടെ തട്ടകമാണ്, സ്ത്രീകള്‍ക്ക് യൂണിയനുകളെ നയിക്കുന്നതിനുള്ള കഴിവില്ലാ എന്ന ധാരണ വ്യാപകമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ മുഴുവന്‍ യൂണിയനില്‍ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി, അധ്വാനിക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുകയും അവരുടെ പ്രത്യേക പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ട്രേഡ്യൂണിയനുകളില്‍ ചുമതലയേറ്റെടുക്കാന്‍ കഴിയത്തക്കവിധത്തില്‍ അവരെ വളര്‍ത്തിക്കൊണ്ടുവരികയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് ഊന്നിപ്പറയുന്ന സിഐടിയുവിന്റെ മാര്‍ഗദര്‍ശകമായ നിലപാട് കാരണം ഈ സ്ഥിതിയില്‍ ക്രമേണ മാറ്റം വന്നുകൊണ്ടിരിക്കുന്നുണ്ട്. ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പങ്കാളിത്തം ഇന്ന് വളരെ വ്യക്തമായും ദൃശ്യമാണ്. ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ്, സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍, കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍, ബിഎസ്എന്‍എല്‍ തുടങ്ങി വിവിധ മേഖലകളിലെ സ്ത്രീ ജീവനക്കാര്‍ പ്രകടനങ്ങളിലും റാലികളിലും പങ്കെടുക്കുന്നുണ്ട് എന്നു മാത്രമല്ല അവയുടെ ക്യാമ്പൈനുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. പല സ്ഥലങ്ങളിലും വിവിധ തലങ്ങളില്‍ അവര്‍ യൂണിയന്റെ നേതൃസ്ഥാനങ്ങളിലുമുണ്ട്.

സിഐടിയുവില്‍ അങ്കണവാടി തൊഴിലാളികള്‍, ആശാപ്രവര്‍ത്തകര്‍, ഉച്ചഭക്ഷണ നിര്‍മ്മാണത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് വനിതാ പ്രവര്‍ത്തകര്‍, തങ്ങളുടെ യൂണിയനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിക്കുന്നതായി കാണാം. എന്നു മാത്രമല്ല, സംസ്ഥാനതലങ്ങളിലും ജില്ലാതലങ്ങളിലും എത്രയോ സ്ത്രീ തൊഴിലാളികള്‍ സിഐടിയുവിന്റെ ഓഫീസ് ഭാരവാഹികളായി പ്രവര്‍ത്തിക്കുകയും മറ്റ് വിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹ്യമായി പിന്നോക്കംനില്‍ക്കുന്നവയെന്ന് കരുതപ്പെടുന്ന ഹരിയാന, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസഥാനങ്ങളില്‍പോലും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരായും ജനറല്‍സെക്രട്ടറിമാരായും മറ്റും സ്ത്രീ തൊഴിലാളികള്‍ സിഐടിയു ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്രപ്രദേശില്‍ 300 അധികം മണ്ഡലങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ മണ്ഡല്‍ പ്രസിഡന്റുമാരായോ ജനറല്‍സെക്രട്ടറിമാരായോ തിരഞ്ഞെടുക്കപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടകത്തിലും നിരവധി സ്ത്രീ തൊഴിലാളികള്‍ സിഐടിയുവിന്റെ ജില്ലാ കമ്മിറ്റികളിലേക്ക് പ്രസിഡന്റുമാരായും ജനറല്‍സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈയിടെ നടന്ന സിഐടിയുവിന്റെ പതിനാലാം സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 34 ദേശീയ ഓഫീസ് ഭാരവാഹികളില്‍ 8 പേര്‍ വനിതകളാണ്.

ഇത് സ്വാഗതാര്‍ഹമായ ഒരു വശമാണെങ്കില്‍തന്നെയും തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രത്യേക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തിലുള്ള ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യം വലിയതോതില്‍തന്നെ ഇപ്പോഴും തുടരുകയാണ്. കെട്ടിട നിര്‍മാണം, ബീഡി, ഹോട്ടല്‍ തുടങ്ങിയ നിരവധി വ്യവസായങ്ങളില്‍ തുല്യ ജോലിക്ക് സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലി സമ്പ്രദായം വ്യാപകമായിത്തന്നെ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ജോലിക്കു തുല്യവേതനം നല്‍കണമെന്ന ആവശ്യം തങ്ങളുടെ അവകാശ പ്രഖ്യാപനരേഖകളില്‍ വളരെ കുറച്ച് ട്രേഡ്യൂണിയനുകളേ ഉള്‍പ്പെടുത്തിയിട്ടുള്ളു. അതുപോലെതന്നെ, പ്രസവകാലാനുകൂല്യം, ക്രെഷെ, സ്ത്രീകള്‍ക്ക് പ്ര ത്യേക ടോയ്ലെറ്റ് തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ അവകാശ പ്രഖ്യാപനരേഖകളില്‍ ഉള്‍പ്പെടുത്തപ്പെടുത്തുന്നതേയില്ല. മാത്രമല്ല ഇത്തരം ആവശ്യങ്ങള്‍ യൂണിയന്‍ വേദികളില്‍ ഉന്നയിക്കേണ്ടത് ആവശ്യമാണെന്ന ബോധം പുരുഷന്മാരായ തൊഴിലാളികളില്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമംപോലും നടക്കുന്നില്ല. തൊഴിലെടുക്കുന്ന സ്ത്രീകളെ ലൈംഗികമായി ശല്യംചെയ്യുന്നതിന്റെ പ്രശ്നം, വളരെ കുറച്ച് യൂണിയനുകളേ ഉന്നയിക്കുകയും സ്ത്രീകളെ അണിനിരത്തുകയും ചെയ്യുന്നുള്ളു. പലപ്പോഴും അത് സ്ത്രീകളുടെ സംഘടനകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും ജോലിചെയ്യുന്ന മേഖലകളില്‍ സമരങ്ങളിലും പണിമുടക്കുകളിലും സ്ത്രീകളുടെ ഉജ്വലമായ പങ്കാളിത്തമുണ്ടെങ്കിലും മാനേജുമെന്റുമായിട്ടുള്ള ചര്‍ച്ചകളില്‍ മിക്കപ്പോഴും പുരുഷന്മാരേ പങ്കെടുക്കാറുള്ളു.

നവലിബറല്‍ വാഴ്ചയിന്‍കീഴില്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും ജീവിത പരിതഃസ്ഥിതികള്‍ക്കും തൊഴില്‍ പരിതഃസ്ഥിതികള്‍ക്കുംനേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന്റെ ഏറ്റവും വിപുലമായ ഐക്യം ആവശ്യമാണ്. ആ നയം തിരുത്തുന്നതിനായി വരുംനാളുകളില്‍ തൊഴിലാളിവര്‍ഗത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളുടെയും അഭൂതപൂര്‍വമായ ഐക്യത്തിനും രണ്ടുദിവസത്തെ അഖിലേന്ത്യാ പൊതു പണിമുടക്കിന് ലഭിച്ച വളരെ വമ്പിച്ച പ്രതികരണത്തിനുമാണ് ഈ അടുത്തകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചത്. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ സംഘടിത മേഖലയിലും അസംഘടിതമേഖലയിലും സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റ് മേഖലകളിലും വീട്ടുജോലിക്കാരായും ഉള്ള എല്ലാ വിഭാഗത്തിലുംപെട്ട തൊഴില്‍ചെയ്യുന്ന സ്ത്രീകളെ ഒന്നിച്ചുകൊണ്ടുവരുന്നത്, ട്രേഡ്യൂണിയന്‍ ഐക്യത്തെ പൂര്‍ത്തിയാക്കുകയും അതിന്റെ കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യും. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പൊതുവായ ആവശ്യങ്ങള്‍ മാത്രമല്ല അവരുടെ പ്രത്യേക ആവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുകയും അവരെ ഒന്നടങ്കം അണിനിരത്തുകയും സ്ത്രീകളെയും പുരുഷന്മാരേയും എല്ലാം ഈ ആവശ്യങ്ങള്‍ക്കു പിന്നില്‍ അണിനിരത്തുകയും ചെയ്യുന്നുവെങ്കില്‍ മാത്രമേ, ഇത് കഴിയുന്നത്ര വേഗത്തില്‍ നേടിയെടുക്കാന്‍ കഴിയൂ.
അധ്വാനിക്കുന്ന സ്ത്രീകളെക്കുറിച്ചും അവരെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലെനിന്‍ പറഞ്ഞത്, ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്. ""മുതലാളിത്തത്തിന്‍കീഴില്‍ മാനവരാശിയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ ഇരട്ട അടിച്ചമര്‍ത്തലിന് വിധേയമായിക്കൊണ്ടിരിക്കുന്നു. തൊഴിലാളികളായ സ്ത്രീകളും കൃഷിക്കാരായ സ്ത്രീകളും മുതലാളിമാരാല്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. എന്നാല്‍ അതിനൊക്കെ പുറമെ എല്ലാ ബൂര്‍ഷ്വാ റിപ്പബ്ലിക്കുകളിലുംവെച്ച് ഏറ്റവും ജനാധിപത്യപരമായ രാഷ്ട്രങ്ങളില്‍പോലും പുരുഷന്മാരോട് തുല്യത ലഭിക്കുന്നില്ല എന്ന കാരണത്താല്‍ സ്ത്രീകള്‍ക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേതാണ് അതിനേക്കാള്‍ പ്രധാനം. അവര്‍ കുടുംബത്തിലെ "അടിമകളായി" നിര്‍ബന്ധിതമായി കൂലിയില്ലാത്ത വേല ചെയ്യാന്‍ വിധിക്കപ്പെട്ടവരായി, കൂലി അടിമകളായി തുടരുകയാണ്. കാരണം ഏറ്റവും ഹീനവും ബുദ്ധിമുട്ടുള്ളതും നടുവൊടിക്കുന്നതും വൃത്തിഹീനവുമായ അടുക്കളയിലെ വിരസമായ വിടുപണിയുടെ അധ്വാനംകൊണ്ട് അവര്‍ക്ക് അമിതഭാരം ചുമക്കേണ്ടിവരുന്നു എന്നാണ് ലെനിന്‍ പറയുന്നത്.

സ്ത്രീകളെ ഉള്‍ക്കൊള്ളിക്കാതെ, യഥാര്‍ത്ഥത്തിലുള്ള ബഹുജന പ്രസ്ഥാനമൊന്നും സാധ്യമല്ല. സമത്വത്തെ കുറിച്ചുള്ള ഉദ്ഘോഷങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലുംശരി മുതലാളിത്ത സമൂഹത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സമത്വം മാത്രമല്ല, എല്ലാ മനുഷ്യരും തമ്മില്‍തമ്മിലുള്ള സമത്വവും ഉണ്ടാവുക സാധ്യമല്ല. എന്നുതന്നെയല്ല, ലെനിന്‍ പ്രസ്താവിക്കുന്നപോലെ, ""അടിച്ചമര്‍ത്തപ്പെട്ടവരും അടിച്ചമര്‍ത്തുന്നവരും തമ്മിലും, ചൂഷണം ചെയ്യപ്പെടുന്നവരും ചൂഷകരും തമ്മിലും സമത്വം ഇല്ല; ഉണ്ടാകാന്‍ സാധ്യമല്ല. പുരുഷന്മാര്‍ക്ക് നിയമപരമായുള്ള പ്രത്യേകാവകാശങ്ങള്‍ കാരണം സ്ത്രീകള്‍ ദൗര്‍ബല്യം അനുഭവിക്കുന്നിടത്തോളംകാലം, മൂലധനത്തിന്റെ നുകത്തിന്‍കീഴില്‍നിന്ന് തൊഴിലാളിക്ക് മോചനമില്ലാത്തിടത്തോളംകാലം, യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇല്ല; ഉണ്ടാവാന്‍ സാധ്യമല്ല.

മുതലാളിമാരുടെയും ജന്മിമാരുടെയും കച്ചവടക്കാരുടെയും നുകത്തിന്‍കീഴില്‍നിന്ന് അധ്വാനിക്കുന്ന കൃഷിക്കാരന് മോചനം ലഭിക്കുകയില്ല. തൊഴിലാളികളുടെയും മറ്റ് ജനവിഭാഗങ്ങളുടെയുംമേല്‍ കൂടുതല്‍ കൂടുതല്‍ ഭാരങ്ങള്‍ കെട്ടിയേല്‍പിച്ചുകൊണ്ട്, അവര്‍ ഏറെ പണിപ്പെട്ട് നേടിയ അവകാശങ്ങള്‍ക്കുനേരെ ആക്രമണം നടത്തിക്കൊണ്ട്, കോര്‍പ്പറേറ്റുകളുടെ ലാഭം പരമാവധിയാക്കിത്തീര്‍ക്കുന്നതിനുള്ള അത്യാര്‍ത്തി, നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്‍കീഴില്‍ പലയിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു; അത് മുതലാളിത്ത വ്യവസ്ഥയുടെ ഒരു ഉല്‍പന്നമാണ്.

ചൂഷക മുതലാളിത്ത വ്യവസ്ഥയെ ചവിട്ടിപ്പുറത്താക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ എല്ലാ ജന വിഭാഗങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട്, അവരെ നയിച്ചുകൊണ്ട്, തൊഴിലാളിവര്‍ഗം നവലിബറല്‍ നയങ്ങള്‍ തിരുത്തിക്കുന്നതിനായി സമരം ചെയ്യേണ്ടതുണ്ട്. തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുകയും രാജ്യത്തെ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തില്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം ഉറപ്പാക്കുകയും ചെയ്യേണ്ടത്. ഈ ലക്ഷ്യം നേടുന്നതില്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന കടമയാണ്.

*
ഡോ. ഹേമലത ചിന്ത വാരിക

No comments: