Thursday, May 2, 2013

കുടിവെള്ളത്തിനും വിലക്ക്

പ്രകൃതിവിഭവങ്ങളുടെ മേല്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ടാകുക- അവസരസമത്വവും സ്വത്തിന്റെ നീതിപൂര്‍വമായ വിതരണവും ഉറപ്പാക്കുക എന്ന ക്ഷേമരാഷ്ട്ര കാഴ്ചപ്പാടില്‍ നിന്ന്, പ്രകൃതിവിഭവങ്ങള്‍ വിലനല്‍കി വാങ്ങാന്‍ കഴിയുന്നവര്‍ക്ക് മാത്രമെന്ന മന്‍മോഹനോമിക്സിലേക്കുള്ള ചുവടുമാറ്റത്തിന് ഉദാഹരണമാണ് 2013 ഏപ്രില്‍ ഒന്നിന് കേരള നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ബില്‍. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ജലവിഭവ നിയന്ത്രണ അധികാരി. കുടിവെള്ളം നല്‍കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന് ചെയ്യാവുന്നത് അത് നിയന്ത്രിക്കുക എന്നതുതന്നെയാണ്. അതുകൊണ്ട് യുഡിഎഫ് ഇത്തരമൊരു നിയമം കൊണ്ടുവന്നതില്‍ അത്ഭുതമില്ല.

അവതരണ വേളയില്‍ ബില്ലിന്റെ ഭരണഘടനാ വിരുദ്ധതയും അതിലടങ്ങിയിരിക്കുന്ന ചതിക്കുഴികളും ഈ ലേഖകന്‍ സഭയില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്രത്യേകിച്ച്, പരിമിതമായ തോതിലെങ്കിലും കുടിവെള്ളം സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വിതരണം ചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം. അപ്പോള്‍ പതിവു കാപട്യത്തോടെ മുഖ്യമന്ത്രി സഭയെ അറിയിച്ചത് വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കാനോ കുടിവെള്ള വിതരണത്തില്‍നിന്ന് പിന്‍മാറി വില്‍പ്പനച്ചരക്കാക്കാനോ ഒരുദ്ദേശ്യവുമില്ലെന്നാണ്. എന്നാല്‍, ജലവിഭവ മന്ത്രി പി ജെ ജോസഫ് ഖണ്ഡിതമായി പറഞ്ഞത്, കുടിവെള്ള വിലനിയന്ത്രണം വാട്ടര്‍ അതോറിറ്റിയില്‍നിന്ന് പുതിയ ജലനിയന്ത്രണ അതോറിറ്റിക്ക് കൈമാറണമെന്ന 13-ാം ധനകാര്യ കമീഷന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഈ നിയമം അവതരിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ്. താന്‍ പ്രതിനിധാനം ചെയ്യുന്നുവെന്നവകാശപ്പെടുന്ന കര്‍ഷക ജനവിഭാഗത്തിന്റെ എതിര്‍പ്പിനെ ഭയന്നോ, അല്ലെങ്കില്‍ തന്റെ വകുപ്പിന്റെ ഉദകക്രിയ തന്നെക്കൊണ്ടുതന്നെ ചെയ്യിക്കുന്ന കോണ്‍ഗ്രസിന്റെ കാപട്യത്തില്‍ പ്രതിഷേധിച്ചിട്ടോ ആകാം മന്ത്രി ഇങ്ങനെ തുറന്നടിച്ചത്. സര്‍ക്കാര്‍ നിലപാട് സഭയില്‍ തുറന്നുകാട്ടപ്പെട്ടതോടെയാണ് ഈ ബില്ലിന്മേലുള്ള തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്കു മാത്രം നിര്‍ത്തിവച്ചത്. ഇതാണ് വസ്തുത എന്നിരിക്കെ, ഹരിതവാദികള്‍ എന്ന് സ്വയം പ്രചരിപ്പിക്കുന്നവര്‍ തങ്ങളുടെ ഇടപെടലുകൊണ്ടാണ് ഈ അപകടം ഒഴിവായതെന്ന് അവകാശപ്പെടുന്നതില്‍ കഴമ്പില്ല.

പ്രതിപക്ഷം ബില്ലിന്റെ പിന്നിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാണിച്ചപ്പോഴെല്ലാം അവര്‍ നിശബ്ദരായിരുന്നു. സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്നാണ് ഭരണപക്ഷം നിശബ്ദത ഭഞ്ജിക്കാന്‍ നിര്‍ബന്ധിതരായത്. ജനദ്രോഹബില്ലിന് സമ്പൂര്‍ണ പിന്തുണ നല്‍കിയാണ് വി ഡി സതീശന്‍ സംസാരിച്ചു തുടങ്ങിയതുതന്നെ. "പൊതു ടാപ്പുകള്‍ വഴി ധാരാളം വെള്ളം നഷ്ടപ്പെടുന്നുവെന്നും പൊതുടാപ്പുകള്‍ ഇല്ലാതായാല്‍ പഞ്ചായത്തുകളുടെ വരുമാനനഷ്ടം കുറയുമെന്നും" പറയുകവഴി പൊതുടാപ്പിനെതിരെയുള്ള യുഡിഎഫിന്റെ പ്രഖ്യാപിത നയം അവതരിപ്പിക്കുകയാണുണ്ടായത്. കുടിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ റഗുലേറ്ററി അതോറിറ്റിക്ക് സമ്പൂര്‍ണ അധികാരം നല്‍കിയാല്‍, അത് ടെലികോം മേഖലയിലെ റഗുലേറ്ററി അതോറിറ്റിയുടെ സേവനത്തെപ്പോലെ ജനോപകാരപ്രദമാകുമെന്ന് ഉദാഹരിക്കാനും അദ്ദേഹം മടിച്ചില്ല. സ്പെക്ട്രം വിറ്റ് കേന്ദ്രഭരണാധികാരികള്‍ കോടികള്‍ കോഴ കൊയ്തതിന്റെ ആവേശത്തിലാകാം "ദീപസ്തംഭം മഹാശ്ചര്യം" എന്നദ്ദേഹം പ്രഖ്യാപിച്ചത്. കേന്ദ്രം സ്പെക്ട്രം വില്‍ക്കുമ്പോള്‍ കേരളം ജലംതന്നെ വില്‍ക്കണമല്ലോ? എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം വാട്ടര്‍ അതോറിറ്റിയെ ജനസേവന സ്ഥാപനമാക്കി മാറ്റാനുള്ള ശക്തമായ ഇടപെടലുകള്‍ നടത്താറുണ്ട്. അതുകൊണ്ടാണ് ശുദ്ധജല വിതരണത്തിന് ഓരോ 1000 ലിറ്ററിനും 12 രൂപ വീതം ചെലവു വരുമ്പോള്‍, കേവലം 4 രൂപ 20 പൈസ മാത്രം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യാസം വരുന്ന തുക വാട്ടര്‍ അതോറിറ്റിക്കു നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോഴെല്ലാം ഈ ബാധ്യത കൃത്യമായി ഏറ്റെടുക്കാറുണ്ട്. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഗ്രാന്റ് നല്‍കാതെ വാട്ടര്‍ അതോറിറ്റിയെ ശ്വാസംമുട്ടിച്ച് സ്വകാര്യവല്‍ക്കരണത്തിന് കളമൊരുക്കുകയാണ് ചെയ്യുന്നത്. 2008ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജലനയത്തില്‍ "ജലലഭ്യത ഒരു മനുഷ്യാവകാശമായി പ്രഖ്യാപിക്കുകയും അതിന്റെ നീതിപൂര്‍വമായ വിതരണം" വിഭാവനം ചെയ്യുകയും ചെയ്തു. പ്രകൃതി വിഭവമായ ജലത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നും ഇതു സ്വന്തമാക്കാതെ എല്ലാവര്‍ക്കും അനുഭവിക്കാനുള്ള അവകാശവും ഉറപ്പാക്കി. എന്നാല്‍, 2012 ലെ കേന്ദ്ര ജലനയത്തിലൂടെ ജലത്തെ ഒരു ഉല്‍പ്പന്നമായി കാണുകയും വിലനിയന്ത്രണത്തിലൂടെ ഇതിന്റെ ആവശ്യകത ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുമാണുണ്ടായത്. ഇതിന്റെ ഭാഗമായാണ് ജലവിഭവ നിയന്ത്രണ അതോറിറ്റികള്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഈ നയത്തോടുള്ള സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. ഇത് നിയമസഭയില്‍ വകുപ്പ് മന്ത്രി പലതവണ വ്യക്തമാക്കിയതാണ്.

കുടിവെള്ള വിതരണത്തില്‍നിന്ന് കുടിവെള്ള വില്‍പ്പനയിലേക്ക് മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വ്യക്തം. ഇതിന്റെ ഭാഗമായാണ് 2012 ഡിസംബര്‍ 31ന് കേരള ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ കുടിവെള്ള വില്‍പ്പന കമ്പനി രൂപീകരിക്കാന്‍ ഉത്തരവിറക്കിയത്. 2013 ജലസഹകരണ വര്‍ഷമായി യുഎന്‍ പ്രഖ്യാപിച്ചതുകൊണ്ടാകാം ഡിസംബര്‍ 31ന് തന്നെ ഉത്തരവിറക്കാന്‍ യുഡിഎഫ് തിടുക്കം കാണിച്ചത്! വിചിത്രമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉത്തരവ്. നാലുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ ജലവിതരണത്തിന്റെ നോഡല്‍ ഏജന്‍സിയാകുമെന്ന് പ്രഖ്യാപിക്കുന്ന ഈ കമ്പനിക്ക് വെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയായിരിക്കുമെന്നും അതില്‍നിന്ന് ലഭിക്കുന്ന വരുമാനം (ലാഭമല്ല) കമ്പനിയുമായി പങ്കുവയ്ക്കണമെന്നും പറയുന്നു. അതായത്, സര്‍ക്കാരില്‍ നിക്ഷിപ്തമായ കുടിവെള്ള സ്രോതസ്സുകള്‍ ചെലവില്ലാതെ ഉപയോഗിച്ച് കമ്പനിക്ക് ലാഭം കൊയ്യാം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജലസ്രോതസ്സുകളുടെ മേലുള്ള അധികാരാവകാശങ്ങള്‍ പുതിയ നോഡല്‍ ഏജന്‍സിക്കാകും. കമ്പനി വെള്ളം വില്‍ക്കുന്ന വിലയ്ക്കുതന്നെ വെള്ളം വില്‍ക്കാന്‍ അനുവദിച്ചാല്‍ വാട്ടര്‍ അതോറിറ്റിക്ക് സ്വകാര്യ പങ്കാളിത്തമില്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന വാഗ്ദാനം സര്‍ക്കാര്‍ തള്ളുകയും കമ്പനി ഈടാക്കുന്ന വില വാട്ടര്‍ അതോറിറ്റിക്കും ബാധകമാക്കുമെന്നും ഉത്തരവില്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് 2013 ഏപ്രില്‍ 15ന്, മുമ്പിറക്കിയ ഉത്തരവില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ജനദ്രോഹകരമായ വ്യവസ്ഥകള്‍ നിലനിര്‍ത്തി.

കുടിവെള്ളം ടാങ്കറിലും കുപ്പിയിലും ജാറുകളിലുമാക്കി വില്‍ക്കുന്നതില്‍ കമ്പനിയുടെ പ്രവര്‍ത്തനം ഒതുക്കിയെന്ന് പറയുമ്പോള്‍ പോലും ജലസ്രോതസ്സുകള്‍ കമ്പനിക്ക് സ്വന്തമാക്കാന്‍ അവകാശം നല്‍കിയിരിക്കുന്നു; ഛത്തീസ്ഗഢിലെ ശിവനാഥ് നദി വിറ്റതിന്റെ മറ്റൊരു രൂപം. അതുപോലെ വെള്ളത്തിന്റെ വില നിയന്ത്രിക്കുന്നത് കമ്പനിയായിരിക്കും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗജന്യമായി പായ്ക്കറ്റ് വെള്ളം വിതരണം ചെയ്യുന്നതിന് പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ച അരുവിക്കരയിലെ കുടിവെള്ള ബോട്ട്ലിങ് പ്ലാന്റ് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ കാരണം വേറെ അന്വേഷിക്കേണ്ടതില്ല. 100 ശതമാനം പൊതുമേഖലയിലായിരുന്ന എല്‍ഐസിയും ദേശസാല്‍കൃത ബാങ്കുകളും നവരത്ന കമ്പനികളും ചുളുവിലയ്ക്ക് വിറ്റവര്‍ കുടിവെള്ള വിതരണ കമ്പനിയില്‍ സര്‍ക്കാരിനും ജല അതോറിറ്റിക്കും യഥാക്രമം 26, 23 ശതമാനം പങ്കാളിത്തമുണ്ടാകുമെന്നു പറയുന്നത് ആരും മുഖവിലയ്ക്കെടുക്കില്ല.

*
എ കെ ബാലന്‍ ദേശാഭിമാനി

No comments: