Wednesday, May 1, 2013

ശിവഗിരിയിലെ ഹുല്ലാദിയ ഹനുമാന്മാര്‍

രാമായണത്തിലെ ഹനുമാന്‍ രാമന്റെ സേവകനാണ്. രാമന്റെ അഭീഷ്ടമറിഞ്ഞു പ്രവര്‍ത്തിക്കുന്ന, രാമന്റെ വിജയത്തിനായി എന്തും ചെയ്യാന്‍ സന്നദ്ധനായിരിക്കുന്ന രാമഭക്തിയുടെ പ്രതീകമായിട്ടാണ് വാത്മീകി ഹനുമാനെ അവതരിപ്പിച്ചത്. ഗുജറാത്തിലെ രക്തപങ്കിലമായ കലാപങ്ങളില്‍ പിറന്നുവീണ കിരാതമൂര്‍ത്തിയായ ""ഹുല്ലാദിയ ഹനുമാന്‍"" ഹിന്ദുത്വത്തിനും ഹിന്ദുരാഷ്ട്രത്തിനും വേണ്ടി എന്ത് പൈശാചിക കൃത്യവും ചെയ്യാന്‍ മടിക്കാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ദൈവമാണ്. ഈ അഭിനവ രാമകഥയിലെ ""രാമന്‍"" മറ്റാരുമല്ല നരേന്ദ്രമോഡിയാണ്. ഇതിഹാസകവിയുടെ സഹാനുഭൂതിയുടെയും കരുണയുടെയും ദര്‍ശന സുവിശേഷങ്ങള്‍ക്ക് പകരം ക്രൂരതയെ ജീവിതമൂല്യമാക്കുവാന്‍ പഠിപ്പിക്കുന്ന വംശയുദ്ധത്തിന്റെയും വിദ്വേഷത്തിന്റെയും ആള്‍രൂപമാണ് നരേന്ദ്രമോഡി.
 
മഹാദര്‍ശനങ്ങളുടെയും ആശയങ്ങളുടെയും സന്ദേശപ്രചാരണങ്ങള്‍ക്കുള്ള കേന്ദ്രമെന്ന നിലയിലാണല്ലോ ശ്രീനാരായണഗുരു ശിവഗിരിമഠം സ്ഥാപിച്ചത്. മനുഷ്യര്‍ക്കിടയിലെ എല്ലാ ഭിന്നതകളെയും വിദ്വേഷ ചിന്തകളെയും നിര്‍മാര്‍ജനം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് ഗുരു ശിവഗിരി മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തത്. അതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത് ആരംഭിച്ചതും. പഠനക്ലാസുകളും പ്രഭാഷണങ്ങളും വഴി മാനവികതയുടെ വിശാല ചക്രവാളത്തിലേക്ക് മനുഷ്യമനസ്സുകളെ നയിക്കാനാണ് ശ്രീനാരായണന്‍ ശിവഗിരി താഴ്വരയില്‍ വിദ്യാദേവതയെ പ്രതിഷ്ഠിച്ചതും അവിടെ വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടികള്‍ നടത്തുവാന്‍ ഉപദേശിച്ചതും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് തുടങ്ങിയ ഗുരുവിന്റെ ദര്‍ശനങ്ങളെയാകെ നിരാകരിക്കുന്ന നടപടിയായേ മോഡിയെപ്പോലൊരു ഫാസിസ്റ്റിന് ശിവഗിരിയില്‍ വേദിയൊരുക്കുന്നതിനെ കാണാന്‍ കഴിയൂ. ഗുജറാത്തിലെ പൈശാചികമായ വംശഹത്യയുടെ രക്തക്കറ പുരണ്ട മോഡിയെ ധര്‍മ്മമീമാംസ പരിഷത്തില്‍ മുഖ്യപ്രഭാഷകനായി കൊണ്ടുവന്നത് ശ്രീനാരായണ ദര്‍ശനങ്ങളോട് കാണിച്ച കടുത്ത അവഹേളനമാണ്. നമ്മുടെ നവോത്ഥാന പാരമ്പര്യത്തോട് ശിവഗിരിമഠം ഭാരവാഹികള്‍ കാണിച്ച ക്രൂരമായൊരു വെല്ലുവിളിയാണത്. ജര്‍മന്‍ ഫാസിസത്തിന്റെ പ്രതീകമായ സ്വസ്തികപോലെ ഗുജറാത്തിലെ നരഹത്യകളുടെ ചോരച്ചാലുകളില്‍ നിന്നാണ് ഹിന്ദുത്വത്തിന്റെ പുതിയ പ്രതീകമായി ""ഹുല്ലാദിയ ഹനുമാന്‍"" ഉയര്‍ന്നുവന്നത്. ഹിന്ദുത്വത്തിനും ഗുജറാത്തിലെ അതിന്റെ പ്രയോഗരൂപമായ മോഡിയിസത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കിരാതമൂര്‍ത്തിയായിട്ടാണ് ""ഹുല്ലാദിയ ഹനുമാനെ"" ഓരോ ഹിന്ദുത്വവാദിയും സ്വയം ആവാഹിക്കുന്നത്. ന്യൂനപക്ഷ മതസമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും പണിയെടുക്കുന്ന വര്‍ഗങ്ങള്‍ക്കും അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കും നേരെ തേര്‍വാഴ്ച നടത്തുന്ന ഹിന്ദുത്വ ഭീകരതയുടെ ഈ ""ഹുല്ലാദിയ ഹനുമാന്മാര്‍"" സൈനിക, ധൈഷണികരംഗത്തും രാഷ്ട്രീയ സാമൂഹ്യ രംഗത്തുമെല്ലാം പ്രവര്‍ത്തനോത്സുകരാണ്. ഗുരു മുന്നോട്ട് വെച്ച മാനവികതയുടേതായ എല്ലാ ദര്‍ശനങ്ങളെയും നിന്ദിച്ചുകൊണ്ടാണ് നരാധമനായ നരേന്ദ്രമോഡിക്ക് സ്വാമി ഋതാംബരാനന്ദയും ഗുരുപ്രസാദും പ്രകാശാനന്ദയുമെല്ലാം ചേര്‍ന്ന് ശിവഗിരിയില്‍ വേദിയൊരുക്കിയത്.

നരേന്ദ്രമോഡിയുടെ ഹിന്ദുത്വ അജന്‍ഡക്ക് ശിവഗിരിപോലൊരു നവോത്ഥാനത്തിന്റെ ചരിത്രഭൂമിയില്‍ അവതരണാനുമതി നല്‍കിയതിനെ ന്യായീകരിക്കാനുള്ള സന്യാസിമാരുടെ ശ്രമങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണ്. ഋതാംബരാനന്ദയും ഗുരുപ്രസാദും പ്രകാശാനന്ദയും അവരോട് ചേര്‍ന്ന് വെള്ളാപ്പള്ളി നടേശനും മോഡിയുടെ വരവിനെ ന്യായീകരിക്കുകയായിരുന്നല്ലോ. അവരെല്ലാം മോഡിയിസത്തിന്റെ കേരളത്തിലെ ""ഹുല്ലാദിയ ഹനുമാന്മാ""രായി സ്വയം അധഃപതിക്കുകയാണെന്ന കാര്യം പറയാതിരിക്കുവാന്‍ വയ്യ. അവനവനാത്മ സുഖത്തിനായി ആചരിച്ചത് അപരന് സുഖത്തിനായ് വരേണം, ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് തുടങ്ങിയ ഉദ്ബോധനങ്ങളിലൂടെയാണ് ഗുരു, സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ നവോത്ഥാനത്തിന്റെ ഭൂമികുലുക്കുന്ന വിപ്ലവങ്ങളിലേക്ക് നയിച്ചത്.

സര്‍വമാന സാമൂഹ്യ ജീര്‍ണതകളും ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയാണെന്ന തിരിച്ചറിവായിരുന്നു ഗുരുദര്‍ശനങ്ങളുടെ ആത്മസത്ത. ചാതുര്‍വര്‍ണ്യത്തെയും വേദമാഹാത്മ്യത്തെയും നിഷേധിച്ച ബുദ്ധദര്‍ശനങ്ങളായിരുന്നു ശ്രീനാരായണന്റെ ജ്ഞാനമാര്‍ഗത്തെയെന്നപോലെ കര്‍മമാര്‍ഗത്തെയും നിര്‍ണയിച്ചത്. ശിവഗിരി തീര്‍ഥാടനം അംഗീകരിച്ച ഗുരു ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടെ അത് നിര്‍വഹിക്കാനാണ് ഉപദേശിച്ചത്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക്ശുദ്ധി, കര്‍മശുദ്ധി എന്നിവയാണല്ലോ ശ്രീബുദ്ധന്റെ പഞ്ചശുദ്ധി തത്വങ്ങള്‍. ചാതുര്‍വര്‍ണ്യത്തെയും വേദമാഹാത്മ്യത്തെയും ശ്രീബുദ്ധനെപ്പോലെ ഗുരുവും ശക്തമായി നിഷേധിച്ചു. അറിവും അധികാരവും കൈക്കലാക്കിയ വൈദിക മാഹാത്മ്യത്തെ ഗുരു നിരന്തരം ധിക്കരിച്ചു. ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കുന്ന ബൗദ്ധികക്കസര്‍ത്തുകളെ കളിയാക്കിക്കൊണ്ടാണ് ഗുരു ""ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കുവാന്‍ ശ്രീശങ്കരന്‍ ബുദ്ധികൊണ്ട് പറന്നു""വെന്ന് പ്രസ്താവിച്ചത്. ശൂദ്രന് ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് സമര്‍ഥിക്കുവാന്‍ ശങ്കരാചാര്യര്‍ കൂട്ടുപിടിച്ചത് മനുസ്മൃതിയെ തന്നെയായിരുന്നല്ലോ. മനുസ്മൃതിയെ ധര്‍മശാസ്ത്രമായി അംഗീകരിക്കുന്ന അദൈ്വതവേദാന്തമല്ല ശ്രീനാരായണന്റേതെന്ന് മോഡിയോടും പി പരമേശ്വരനോടും വിശദീകരിച്ചുകൊടുക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ ശിവഗിരിയില്‍ മോഡിയുടെയും പരമേശ്വരന്റെയും സ്റ്റഡിക്ലാസ്സ് നടത്തി ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ദഹനാഗ്നി ഒരുക്കുന്ന ഹുല്ലാദിയ ഹനുമാന്മാരായി പെരുമാറുകയാണ്.

അവനവനാത്മസുഖത്തിനായി ആചരിപ്പത് അപരന് സുഖത്തിനായ് വരേണമെന്ന ഗുരുദര്‍ശനവും ഹിന്ദുത്വവാദവും തമ്മിലെന്ത് ബന്ധമാണുള്ളത്. ധര്‍മമീമാംസ പരിഷത്തില്‍ മോഡിയെ കൊണ്ടുവന്നവര്‍ ഒരു നിമിഷമെങ്കിലും ഇതൊക്കെയാലോചിച്ചിട്ടുണ്ടോ? നാനൂറ് വര്‍ഷത്തിലേറെക്കാലം അയോധ്യയിലെ മുസ്ലിങ്ങള്‍ തലമുറകളായി നിസ്കരിച്ചുപോന്ന ബാബറി മസ്ജിദ് തങ്ങളുടെ ആത്മസുഖത്തിനായി തകര്‍ത്ത മോഡിക്കും ഹിന്ദുത്വവാദികള്‍ക്കും ഗുരുദര്‍ശനങ്ങളുമായി എന്തു ബന്ധമാണുള്ളതെന്ന് സ്വാമി ഋതാംബരാനന്ദയെപ്പോലുള്ളവര്‍ ആലോചിക്കേണ്ടതല്ലേ. മതദ്വേഷമില്ലാത്ത സമൂഹസൃഷ്ടിക്ക് വേണ്ടിയാണ് ഗുരു ജീവിതം മുഴുവന്‍ കര്‍മനിരതനായതെന്ന കാര്യം അരുവിപ്പുറം പ്രതിഷ്ഠയും അവിടെ നടത്തിയ വാവൂട്ടു സദ്യയും ക്ഷേത്രങ്ങള്‍ക്ക് പകരം വിദ്യാലയങ്ങള്‍ തുടങ്ങാനുള്ള ആഹ്വാനവുമെല്ലാം വഴി ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്്. 1992ല്‍ ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ പങ്കെടുത്ത ഒരു കര്‍സേവകനായിരുന്നു നരേന്ദ്രമോഡിയെന്ന കാര്യം ശിവഗിരിയിലെ സന്ന്യാസിമാര്‍ക്കറിയാത്തതാണെന്ന് കരുതാനാവില്ലല്ലോ.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വിജയസ്മാരകമായി അയോധ്യയില്‍നിന്ന് പൊളിച്ചെടുത്ത ഇഷ്ടികക്കഷ്ണം ഗുജറാത്തില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടിയ ആര്‍എസ്എസ് പ്രചാരകനാണ് മോഡി. 2002ല്‍ ഗോദ്ര സംഭവത്തെതുടര്‍ന്ന് 12,000ത്തി ലേറെ മനുഷ്യരെ കശാപ്പ് ചെയ്ത ഭീരതയുടെ നേതാവാണ് മോഡിയെന്ന കാര്യവും ശിവഗിരിയിലെ സന്ന്യാസിമാര്‍ മറന്നുകളയാന്‍ പാടില്ലായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ മാതാവിന്റെ വയര്‍ പിളര്‍ന്ന് ശൂലത്തില്‍ കുത്തിയെടുത്ത് പെട്രോളൊഴിച്ച് തീയിടുന്ന പൈശാചികതയെ വികസനമന്ത്രം ഉരുവിട്ടു മായ്ച്ചുകളയുവാന്‍ കഴിയുമോയെന്നാണ് ഹിന്ദുത്വവാദികളും അവരുടെ ഹുല്ലാദിയ ഹനുമാന്മാരായി അധഃപതിച്ചവരും ശ്രമിച്ചുനോക്കുന്നത്. അതിനായി ശ്രീനാരായണന്റെ സന്യാസജീവിതം കൊണ്ടും സമാധിസ്ഥാനം കൊണ്ടും വിശുദ്ധമായ ശിവഗിരിയെ ഉപയോഗിച്ചത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാ‍ഭിമാനി വാരിക

1 comment:

Unknown said...

നല്ല തുട്ടു വാങ്ങുന്നതല്ലേ ദേശാഭിമാനിയിൽ നിന്നും ..... നമ്മൾ അത് മനസിലാക്കുന്നു ...... ഇത്രയെങ്ങിലും എഴുതി സഹായിക്കണമല്ലോ ..... ഒരു വകക്ക് കൊള്ളാത്ത ലേഖനം.